Tuesday, October 20, 2009

PATEL INDIAN FOOTBALL


പ്രഫുല്‍ പട്ടേല്‍ ഇനി ഫുട്‌ബോള്‍ പട്ടേല്‍
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ പ്രസിഡണ്ടായി കേന്ദ്ര വ്യോമയാന മന്ത്രിയും എന്‍.സി.പി നേതാവുമായ പ്രഫുല്‍ പട്ടേലിനെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ ആല്‍ബെര്‍ട്ടോ കോളോസോ തുടരും. ഈ വര്‍ഷം ഡിസംബര്‍ 31 വരെ കോളോസോ തുടരുമ്പോള്‍ പുതിയ ജനറല്‍ സെക്രട്ടറിക്കായുള്ള ഇന്റര്‍വ്യൂ നവംബര്‍ നാല്‌ മുതല്‍ ഏഴ്‌ വരെ നടത്താനും ഇവിടെ ഇന്നലെ ചേര്‍ന്ന ഫെഡറേഷന്‍ ജനറല്‍ ബോഡി തീരുമാനിച്ചു. കോണ്‍ഗ്രസ്‌ നേതാവും കേന്ദ്ര മന്ത്രിയുമായ പ്രിയരഞ്‌ജന്‍ദാസ്‌ മുന്‍ഷിയായിരുന്നു ഇത്‌ വരെ ഏ.ഐ.എഫ്‌.എഫിന്റെ പ്രസിഡണ്ട്‌. ഏകദേശം ഒരു വര്‍ഷമായി അസുഖബാധിതനായി ചികില്‍സയില്‍ കഴിയുന്ന ദാസ്‌മുന്‍ഷിക്ക്‌ സജീവ ഫുട്‌ബോള്‍ സംഘാടനത്തിലേക്ക്‌ വരാന്‍ കഴിയാത്ത സാഹചര്യത്തിലാണ്‌ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്‌.
ഫെഡറേഷന്റെ സീനിയര്‍ വൈസ്‌ പ്രസിഡണ്ടായിരുന്നു ഇത്‌ വരെ പട്ടേല്‍. 1988 മുല്‍ പ്രസിഡണ്ട്‌ സ്ഥാനത്ത്‌ തുടരുന്ന ദാസ്‌ മുന്‍ഷി കഴിഞ്ഞ ഒക്ടോബറിലാണ്‌ ഹൃദയസ്‌തംഭനത്തെ തുടര്‍ന്ന്‌ ചികില്‍സയിലായത്‌. അന്ന്‌ മുതല്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ സീനിയര്‍ വൈസ്‌ പ്രസിഡണ്ടായ പട്ടേലിനായിരുന്നു. ഫെഡറേഷന്‍ ഭരണഘടനയുടെ മുപ്പത്തിരണ്ടാം വകുപ്പിലെ ആറാം ഉപവകുപ്പ്‌ പ്രകാരം പ്രസിഡണ്ടിന്‌ ദീര്‍ഘകാലം തല്‍സ്ഥാനത്ത്‌ ഏതെങ്കിലും കാരണത്താല്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പക്ഷം സീനിയര്‍ വൈസ്‌ പ്രസിഡണ്ടിന്‌ അധികാരം ഉപയോഗിക്കാമെന്ന വ്യവസ്ഥയുണ്ട്‌. ഈ വകുപ്പ്‌ പ്രകാരം തന്നെയാണ്‌ പട്ടേലിനെ ഇപ്പോള്‍ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്‌. ഇന്നലെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പട്ടേല്‍ മാത്രമാണ്‌ നോമിനേഷന്‍ നല്‍കിയത്‌. യോഗം ഇത്‌ അംഗീകരിക്കുകയും ചെയ്‌തു. കഴിഞ്ഞ ഡിസംബറിലാണ്‌ അവസാന വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത്‌. ആ സമയത്ത്‌ ദാസ്‌ മുന്‍ഷി ചികില്‍സയിലായിരുന്നിട്ടും അദ്ദേഹത്തെ തന്നെയാണ്‌ പ്രസിഡണ്ടായി തെരഞ്ഞെടുത്തിരുന്നത്‌.
രാജ്യത്ത്‌ ഫുട്‌ബോള്‍ വികസനത്തിനായി 25 കോടി രൂപ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ സംഭാവനയായി ലഭിക്കാന്‍ പ്രയത്‌നിച്ച പട്ടേലിന്‌ മുന്നില്‍ പ്രശ്‌നങ്ങളുടെ പട്ടിക തന്നെയുണ്ട്‌. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയാണ്‌ ഭാരിച്ച ദൗത്യം. സെക്രട്ടറി സ്ഥാനത്ത്‌ തുടരാന്‍ തനിക്ക്‌ താല്‍പ്പര്യമില്ലെന്ന്‌ നേരത്തെ തന്നെ കൊളോസോ അറിയിച്ചിട്ടുണ്ട്‌. ഈ സ്ഥാനത്തേക്ക്‌ പ്രമുഖരില്‍ നിന്നും അപേക്ഷ സ്വീകരിച്ച്‌ ഇന്റര്‍വ്യൂ വഴി നിയമനം നടത്താനും തീരുമാനമായിരുന്നു. പല പ്രമുഖരും അപേക്ഷ നല്‍കിയിട്ട്‌ മാസങ്ങളായെങ്കിലും ഇത്‌ വരെ ഇന്റര്‍വ്യൂവിന്‌ വിളിച്ചിട്ടില്ല. അപേക്ഷ നല്‍കിയ പലരും ഈ കാര്യത്തില്‍ ഫെഡറേഷനെതിരെ സംസാരിക്കുകയും ചെയ്‌തിരുന്നു. ഇന്നലെ ചേര്‍ന്ന ജനറല്‍ ബോഡി അടുത്ത മാസം തന്നെ ഇന്റര്‍വ്യു നടത്താന്‍ തീരുമാനിച്ചതോടെ പുതിയ വര്‍ഷം തുടക്കത്തില്‍ പുതിയ ജനറല്‍ സെക്രട്ടറി വരുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.
ദാസ്‌ മുന്‍ഷി കിടപ്പിലാവുകയും കൊളോസോ വിരമിക്കാന്‍ തുനിഞ്ഞതും വഴി ഫുട്‌ബോള്‍ ഭരണം കഴിഞ്ഞ ഒരു വര്‍ഷമായി മന്ദഗതിയിലായപ്പോള്‍ പല ചാമ്പ്യന്‍ഷിപ്പുകളും റദ്ദാക്കപ്പെട്ടിരുന്നു. ദേശീയ അണ്ടര്‍ 16, 19 ഫുട്‌ബോള്‍ ഇത്‌ വരെ എവിടെ നടത്തണമെന്ന്‌ പോലും തീരുമാനിച്ചിട്ടില്ല. ഫെഡറേഷന്‍ കപ്പ്‌ ഫുട്‌ബോള്‍ ഗോഹട്ടിയില്‍ നടത്താന്‍ ഓഗസ്‌റ്റ്‌ 30 ന്‌ ചേര്‍ന്ന്‌ ഫെഡറേഷന്‍ പ്രവര്‍ത്തകസമിതി തിരുമാനിച്ചിരുന്നു. എന്നാല്‍ ഫെഡറേഷന്‍ കപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ എവിടെ വെച്ച്‌ നടത്തുമെന്ന കാര്യത്തില്‍ ഇത്‌ വരെ തീരുമാനമായിട്ടില്ല.
ബൂട്ടിയക്ക്‌ ആദരം
ന്യൂഡല്‍ഹി: രാജ്യത്തിനായി 100 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയയെ ഇന്നലെ ഇവിടെ ചേര്‍ന്ന അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വാര്‍ഷിക യോഗം ആദരിച്ചു. ഇന്ത്യ കിരീടം സ്വന്തമാക്കിയ നെഹ്‌റു കപ്പിനിടെയായിരുന്നു ബൂട്ടിയയുടെ സെഞ്ച്വറി മല്‍സരം. സ്വന്തം രാജ്യത്തിന്‌ വേണ്ടി 100 രാജ്യാന്തര മല്‍സരങ്ങള്‍ കളിക്കുന്ന ഏഷ്യയിലെ 37-ാമത്തെ താരമാണ്‌ ബൂട്ടിയ. രാജ്യാന്തര തലത്തില്‍ 152 താരങ്ങള്‍ക്കാണ്‌ ഈ ഭാഗ്യമുണ്ടായത്‌. രാജ്യം നല്‍കിയ ആദരത്തില്‍ സന്തോഷമുണ്ടെന്ന്‌ പറഞ്ഞ ബൂട്ടിയ ഐ.പി.എല്‍ ക്രിക്കറ്റ്‌ പോലെ ഫുട്‌ബോളിലും രാജ്യാന്തര ലീഗ്‌ മല്‍സരങ്ങള്‍ വേണമെന്നും ഇത്‌ ഇന്ത്യയിലെ ഫുട്‌ബോളിനെ ഉണര്‍ത്തുമെന്നും പറഞ്ഞു.
പുതിയ വര്‍ഷം പുതിയ സെക്രട്ടറി
ഡല്‍ഹി:അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പുതിയ സെക്രട്ടറി പുതിയ വര്‍ഷം തുടക്കത്തില്‍ തന്നെ സ്ഥാനമേല്‍ക്കും. സ്ഥാനമൊഴിയാന്‍ തീരുമാനിച്ച നിലവിലെ സെക്രട്ടറി ആല്‍ബെര്‍ട്ടോ കോളോസോ താല്‍കാലികമായി 2009 ഡിസംബര്‍ വരെ തുടരും. പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ ക്ഷണിച്ച അപേക്ഷകളില്‍ അടുത്ത മാസം തുടക്കത്തില്‍ തന്നെ ഇന്റര്‍വ്യൂ നടത്തും. മലയാളിയായ ഡോ. ഷാജി പ്രഭാകരന്‍ ഉള്‍പ്പെടെ ആറ്‌ പേരാണ്‌ അപേക്ഷ നല്‍കിയവര്‍. ഷാജിക്കാണ്‌ വ്യക്തമായ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌.

ബെക്കാമിന്‌ വേണ്ടി സീഡ്രോഫിന്റെ ഫ്രീകിക്ക്‌
ലണ്ടന്‍: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളില്‍ ഡേവിഡ്‌ ബെക്കാം കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌ ടീം കോച്ച്‌ ഫാബിയോ കാപ്പലോയാണ്‌... 35 കാരനായ മധ്യനിരക്കാരന്റെ കാര്യത്തില്‍ കാപ്പലോ ഇത്‌ വരെ ഒന്നും തുറന്ന്‌ പറഞ്ഞിട്ടില്ല. പക്ഷേ ഏ.സി മിലാന്‍ താരം ക്ലിയറന്‍സ്‌ സീഡ്രോഫ്‌ തന്റെ തുറന്ന പിന്തുണയുമായി ബെക്കാമിന്‌ വേണ്ടി രംഗത്ത്‌ വന്നിരിക്കുന്നു. ലോകകപ്പില്‍ കളിക്കാനുളള ആരോഗ്യവും ഫിറ്റ്‌നസും ബെക്കാമിനുണ്ടെന്നും ഇംഗ്ലണ്ടിന്‌ വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ബെക്കാമിന്‌ കഴിയുമെന്നും സീഡ്രോഫ്‌ പറഞ്ഞു. ഏ.സി മിലാനില്‍ ബെക്കാമും സിഡ്രോഫും ഒരുമിച്ച്‌ കളിച്ചിട്ടുണ്ട്‌്‌. കഴിഞ്ഞ സീസണില്‍ അമേരിക്കന്‍ ക്ലബായ ലോസാഞ്ചലസ്‌ ഗ്യാലക്‌സിയില്‍ നിന്നും ലോണ്‍ അടിസ്ഥാനത്തില്‍ അല്‍പ്പമാസം ബെക്കാം ഇറ്റലിയിലെത്തി മിലാന്റെ കുപ്പായമണിഞ്ഞിരുന്നു. ഈ സമയത്തെ അടുത്ത ബന്ധത്തിലാണ്‌ സിഡ്രോഫ്‌ ബെക്കാമിന്‌ വേണ്ടി ഫ്രീകിക്ക്‌ പായിച്ചിരിക്കുന്നത്‌. അടുത്ത വര്‍ഷം ജനുവരിയിലും മിലാന്‌ വേണ്ടി ബെക്കാം രംഗത്ത്‌ വരുന്നുണ്ട്‌. ലോകകപ്പിനുളള ഇംഗ്ലീഷ്‌ ടീമില്‍ ബെക്കാമിന്‌ ഇടം ലഭിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അടുത്ത വര്‍ഷമാദ്യമുണ്ടാവും. മിലാന്‌ വേണ്ടി മികച്ച പ്രകടനം നടത്താനായാല്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനെ കാപ്പലോ ഉപയോഗപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ മല്‍സരങ്ങളില്‍ ബെക്കാം കളിച്ചിട്ടുണ്ട്‌. ഉക്രൈനെതിരെ പരാജയപ്പെട്ട മല്‍സരത്തില്‍ അദ്ദേഹമുണ്ടായിരുന്നില്ല. എന്നാല്‍ ബെലാറൂസിനെതിരെ മൂന്ന്‌ ഗോളിന്‌ ജയിച്ച മല്‍സരത്തില്‍ സബ്‌സ്‌റ്റിറ്റിയൂട്ടായി കളിച്ച ബെക്കാം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. യൂറോപ്പില്‍ കളിക്കാനായാല്‍ മാത്രമാണ്‌ ബെക്കാമിന്‌ ലോകകപ്പ്‌ അവസരം. അമേരിക്കന്‍ ലീഗില്‍ കളിക്കുന്ന അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്താന്‍ ആര്‍ക്കും കഴിയാത്ത സാഹചര്യമാണ്‌. ലോസാഞ്ചലസ്‌ ഗ്യാലക്‌സിയുമായുളള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ അത്‌ അവസാനിപ്പിച്ച്‌ യൂറോപ്പിലേക്ക്‌ പെട്ടെന്ന്‌ മടങ്ങാന്‍ ബെക്കാമിന്‌ കഴിയില്ല. കഴിഞ്ഞ സീസണില്‍ ഗ്യാലക്‌സിയില്‍ നിന്നും ലോണില്‍ മിലാനില്‍ എത്തിയതും അവിടെ കരാര്‍ ലംഘിച്ച്‌ കൂടുതല്‍ നാള്‍ നിന്നതും വലിയ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ പലവിധ പൊല്ലാപ്പുകളിലും അദ്ദേഹം ചെന്നു ചാടുകയും ചെയ്‌തിരുന്നു. എന്നാല്‍ സാഹചര്യം മാറിയെന്നും ഗ്യാലക്‌സിയുടെ സീസണ്‍ കഴിഞ്ഞാല്‍ തനിക്ക്‌ ഇറ്റലിയില്‍ കളിക്കുന്നതിന്‌ തടസ്സമില്ലെന്നുമാണ്‌ ബെക്കാം പറയുന്നത്‌.
ഇറ്റാലിയന്‍ ലീഗില്‍ ഇപ്പോള്‍ തട്ടിമുട്ടി മുന്നേറുകയാണ്‌ മിലാന്‍. കോച്ച്‌ കാര്‍ലോസ്‌ അന്‍സലോട്ടിയും സൂപ്പര്‍ താരം കക്കയും ക്ലബ്‌ വിട്ടതോടെ മല്‍സരവിജയം വലിയ തടസ്സമായി നില്‍ക്കുകയാണ്‌ ടീമിന്‌. ബെക്കാം തിരിച്ചെത്തിയാല്‍ ക്ലബിന്‌ ഉണരാനാവുമെന്നാണ്‌ സീഡ്രോഫ്‌ പറയുന്നത്‌.

പാച്ചപ്പ്‌
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡിയും, ഗെയിംസ്‌ സി.ഇ.ഒ മൈക്‌ ഹൂപ്പറും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന്‌ പരിഹാരം തേടിയുളള പാച്ചപ്പ്‌ ജോലികള്‍ കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്‍ ആരംഭിച്ചു. ആദ്യപടിയായി അദ്ദേഹം ഇന്നലെ രാവിലെ കല്‍മാഡിയുമായി കൂടിക്കാഴ്‌ച്ച നടത്തി. രാവിലെ മന്ത്രിയുടെ വസതിയിലെത്തിയ കല്‍മാഡി മണിക്കൂറുകളോളം പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. എന്നാല്‍ കല്‍മാഡിയുമായി ഗെയിംസിന്റെ ഒരുക്കങ്ങളാണ്‌ ചര്‍ച്ച ചെയ്‌തതെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച്‌ ഏറ്റവും മികച്ച ഗെയിംസ്‌ ലോകത്തിന്‌ സമ്മാനിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കല്‍മാഡിയുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഗെയിംസ്‌ ഫെഡറേഷന്‍ തലവന്‍ മൈക്‌ ഫെന്നിനുമായി ടെലഫോണില്‍ സംസാരിക്കുമെന്നും 28 ന്‌ ലണ്ടനില്‍ വെച്ച്‌ ഹൂപ്പറും കല്‍മാഡിയും ലണ്ടനില്‍ വെച്ച്‌ സംസാരിക്കുന്നുണ്ടെന്നും ഗില്‍ അറിയിച്ചു.
ഹാപ്പി യൂനസ്‌
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ യൂനസ്‌ഖാന്‍ രാജിക്കത്ത്‌ പിന്‍വലിച്ചു. ദേശീയ ടീമിന്റെ നായകനായി തുടരുമെന്നും രാജി നല്‍കിയതിന്‌ ശേഷം തനിക്ക്‌ ലഭിച്ച പിന്തുണയിലും സഹകരണത്തിലും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.സി.ബി ചെയര്‍മാനും ബോര്‍ഡ്‌ അംഗങ്ങളും തന്നിലര്‍പ്പിച്ചിരിക്കുന്ന വിശ്വാസം പ്രധാനമാണെന്നും രാജ്യം ഒന്നടങ്കം തനിക്കൊപ്പം നിന്നതില്‍ സന്തോഷമുണ്ടെന്നും വ്യക്തമാക്കിയ യൂനസ്‌ പക്ഷേ വിവാദചോദ്യങ്ങളില്‍ നിന്നും അകന്നുമാറി. യൂനസ്‌ മുന്‍വെച്ച ഉപാധികള്‍ അംഗീകരിച്ചാണ്‌ അദ്ദേഹത്തിന്റെ രാജിക്കത്ത്‌ പി.സി.ബി സ്വീകരിക്കാതിരുന്നതെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. ടീമിലെ പടലപിണക്കങ്ങളും യൂനസിനെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച പിന്തുണയില്‍ ആഹ്ലാദമുണ്ടെന്നും 2011 ലെ ലോകകപ്പ്‌ വരെ ടീമിനെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ തനിക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
സെമി ഇന്ന്‌ മുതല്‍
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ടീമുകളെല്ലാം പുറത്തയതിനാല്‍ നിറം മങ്ങിയ പ്രഥമ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്രിക്കറ്റിന്റെ ആദ്യ സെമിഫൈനല്‍ ഇന്ന്‌ ഫിറോസ്‌ ഷാ കോട്‌ലയില്‍ നടക്കും. രാത്രി എട്ടിന്‌ ആരംഭിക്കുന്ന മല്‍സരത്തില്‍ ന്യൂസൗത്ത്‌ വെയില്‍സും വിക്ടോറിയയുമാണ്‌ ഏറ്റുമുട്ടുന്നത്‌. നാളെ ഹൈദരാബാദില്‍ നടക്കുന്ന രണ്ടാം സെമിയില്‍ കേപ്‌ കോബ്രാസ്‌ ട്രിനിഡാഡുമായി കളിക്കും. ഐ.പി.എല്‍ ചാമ്പ്യന്മാരായ ഡക്കാന്‍ ചാര്‍ജേഴ്‌സ്‌, റണ്ണേഴ്‌സ്‌ അപ്പായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌ എന്നീ ടീമുകളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നത്‌. ഇവരില്‍ ഡക്കാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ നിര്‍ഭാഗ്യമാണ്‌ ഡല്‍ഹിയെ ചതിച്ചത്‌. അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ കോബ്രാസിനെ വീഴ്‌ത്താന്‍ അവര്‍ക്കായെങ്കിലും കഴിഞ്ഞ മല്‍സരങ്ങളിലെ തകര്‍ച്ച വിനയായി.

ജയം എളുപ്പമല്ലെന്ന്‌ പോണ്ടിംഗ്‌
മുംബൈ: ഇന്ത്യക്കെതിരായ ഏഴ്‌ മല്‍സര ഏകദിന പരമ്പരക്കുളള ഓസ്‌ട്രേലിയന്‍ ടീം ഇവിടെയെത്തി. പരമ്പരയില്‍ വിജയം എളുപ്പമായിരിക്കില്ലെന്ന്‌ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ അഭിപ്രായപ്പെട്ടു. മുഖ്യ താരങ്ങളുടെ പരുക്ക്‌ ടീം സെലക്ഷനില്‍ പ്രശ്‌നം സൃഷ്ടിക്കുമെന്ന്‌ നായകന്‍ പറഞ്ഞു. പുറം വേദന കാരണം വൈസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്‌ പരമ്പരയിലെ ആദ്യ മല്‍സരങ്ങള്‍ നഷ്ടമാവും. ബാറ്റ്‌സ്‌മാന്‍ കലം ഫെര്‍ഗൂസണ്‌ കാല്‍മുട്ടിലെ പരുക്ക്‌ കാരണം അടുത്ത ഒരു വര്‍ഷം കളിക്കാനാവില്ല. ഇന്ത്യന്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട്‌ കളിക്കുക എളുപ്പമായിരിക്കില്ലെന്നും എന്നാല്‍ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ വിജയം ടീമിന്‌ പ്രതീക്ഷ നല്‍കുന്നതായും പോണ്ടിഗ്‌ പറഞ്ഞു. മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യന്‍ ടീമിനെ അവരുടെ നാട്ടില്‍ നേരിടുമ്പോള്‍ അനുഭവസമ്പത്താണ്‌ പ്രധാനമെന്നും പോണ്ടിംഗ്‌ അഭിപ്രായപ്പെട്ടു. നിലവില്‍ ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്‌ പോണ്ടിംഗിന്റെ ടീം. 25 നാണ്‌ പരമ്പര ആരംഭിക്കുന്നത്‌. ഓസീസ്‌ ടീം ഇന്ന്‌ മുംബൈയില്‍ പരിശീലനം നടത്തും. ഇന്ത്യന്‍ ടീം ഇവിടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. പരമ്പര 5-2ന്‌ സ്വന്തമാക്കിയാല്‍ ഇന്ത്യക്ക്‌ ഐ.സി.സി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടാനാവും.
്‌അതേ സമയം പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും രാഹുല്‍ ദ്രാവിഡിനെ തഴഞ്ഞതില്‍ മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലി അല്‍ഭുതം പ്രകടിപ്പിച്ചു. സെലക്ടര്‍മാരുടെ പരീക്ഷണമാണോ ഇതെന്നറിയില്ലെന്നും എന്നാല്‍ ഓസ്‌ട്രേലിയയെ പോലെ ശക്തരായ പ്രതിയോഗികള്‍ക്കെതിരെ പരീക്ഷണത്തിന്റെ സമയമല്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിനെ തെരഞ്ഞെടുക്കുന്നത്‌ സെലക്ടര്‍മാരാണ്‌. അവരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ദാദ പറഞ്ഞു.
ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ എട്ട്‌ മല്‍സരങ്ങള്‍. ഗ്രൂപ്പ്‌ സിയില്‍ നടക്കുന്ന റയല്‍ മാഡ്രിഡ്‌-ഏ.സി മിലാന്‍ മല്‍സരത്തിലേക്കാണ്‌ ലോകം ഉറ്റുനോക്കുന്നത്‌. മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടക്കുന്ന മല്‍സരത്തില്‍ റയലിന്റെ നിരയില്‍ സൂപ്പര്‍താരം കൃസ്റ്റിയാനോ റൊണാള്‍ഡോ പരുക്ക്‌ കാരണം കളിക്കുന്നില്ല. പക്ഷേ റൗള്‍ ഗോണ്‍സാലസിന്റെ സംഘത്തില്‍ കക്ക, കരീം ബെന്‍സാമ, നിസ്‌റ്റര്‍റൂയി തുടങ്ങിയ പ്രബലരെല്ലാമുണ്ട്‌. മിലാന്‍ സംഘത്തില്‍ റൊണാള്‍ഡിഞ്ഞോ, ക്ലിയറന്‍സ്‌ സിഡ്രോഫ്‌ ഉള്‍പ്പെടെയുളള വെറ്ററന്‍ താരങ്ങളാണ്‌ കളിക്കുന്നത്‌. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങള്‍ ഇവയാണ്‌: ബോറോഡോക്‌സ്‌-ബയേണ്‍ മ്യൂണിച്ച്‌, ചെല്‍സി-അത്‌ലറ്റികോ മാഡ്രിഡ്‌, സി.എസ്‌.കെ.ഇ മോസ്‌ക്കോ-മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, എഫ്‌.സി പോര്‍ട്ടോ-അപോല്‍ നികോഷ്യ, എഫ്‌.സി സൂറിച്ച്‌-ഒളിംപിക്‌ മാര്‍സലി, യുവന്തസ്‌-മക്കാബി ഹൈഫ, വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌-ബെസികിറ്റാസ്‌.

No comments: