Thursday, October 1, 2009

DHONI GUILTY

തേര്‍ഡ്‌ ഐ
ധോണിയാണ്‌ പ്രതി
ഒരു പരമ്പര പരാജയപ്പെടുമ്പോള്‍,അല്ലെങ്കില്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്താവുമ്പോള്‍ ക്യാപ്‌റ്റനെ കുറ്റം പറയുകയാണ്‌ പതിവ്‌. ക്രിക്കറ്റില്‍ നായകന്‌ മല്‍സരത്തിലുള്ള സ്വാധീനം കണക്കിലെടുത്താണ്‌ ഈ വിമര്‍ശനങ്ങള്‍. ആദ്യ ഇലവനെ നിശ്ചയിക്കുന്നത്‌ മുതല്‍ ടോസിലും ബൗളിംഗ്‌, ബാറ്റിംഗ്‌ ക്രമം നിശ്ചയിക്കുന്നതിലും ഫീല്‍ഡ്‌ ക്രമീകരണങ്ങളിലുമെല്ലാം നായകന്റെ തീരുമാനങ്ങള്‍ മല്‍സരത്തെ പ്രകടമായി സ്വാധീനിക്കാറുണ്ട്‌. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ കേവലം ഒരു വിജയവുമായി ഇന്ത്യ പുറത്തായതിലെ നഷ്‌ടം ചെറുതല്ല. ലോകകപ്പ്‌ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഏകദിന ചാമ്പ്യന്‍ഷിപ്പായി വിലയിരുത്തപ്പെടുന്നതാണ്‌ ചാമ്പ്യന്‍സ്‌ ട്രോഫി. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച (?)എട്ട്‌ ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ പങ്കെടുക്കാനെത്തിയത്‌ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായാണ്‌. തോറ്റ്‌ പുറത്താവുമ്പോള്‍ റാങ്കിംഗിലെ സ്ഥാനം മാത്രമല്ല, നിലവാരമില്ലാത്ത ടീമെന്ന അപഖ്യാതിയും വസീം അക്രമിനെ പോലുള്ളവര്‍ ഇന്ത്യക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. പാക്കിസ്‌താനെതിരായ ആദ്യ മല്‍സരത്തില്‍ രുചിച്ച വലിയ തോല്‍വിക്ക്‌ ശേഷം മഴ കാരണം ഭാഗ്യത്തിന്‌ ഓസ്‌ട്രേലിയയോട്‌ തോല്‍ക്കാതെ രക്ഷപ്പെട്ടു. വിന്‍ഡീസിന്റെ രണ്ടാം നിരക്കെതിരെ മാത്രമാണ്‌ ഇന്ത്യക്ക്‌ വിജയിക്കാനായത്‌.
ഇന്ത്യ മല്‍സരിച്ച ഓരോ കളിയും പരിശോധിച്ചാല്‍ ടീമിന്റെ ദയനീയതയും നായകന്‍ ധോണിയുടെ തെറ്റായ തീരുമാനങ്ങളും തിരിച്ചറിയാം. ധോണിയിലെ നായകന്‌ പഴയ ആ മീഡാസ്‌ ടച്ച്‌ നഷ്ടമായിരിക്കുന്നു എന്ന സത്യത്തിലേക്ക്‌ ക്രിക്കറ്റ്‌ ബോര്‍ഡും സെലക്ടര്‍മാരും തിരിച്ച്‌ വരേണ്ടിയിരിക്കുന്നു. ധോണിയെന്ന നായകന്‌ കീഴില്‍ ഇന്ത്യക്ക്‌ ഇത്‌ വരെ ഒരു ടെസ്‌റ്റ്‌ പരമ്പര നഷ്ടമായിട്ടില്ല. തുടര്‍ച്ചയായി ആറ്‌ ഏകദിന പരമ്പരകള്‍ വിജയിച്ചാണ്‌ ടീം ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കെത്തിയതെന്നതും സത്യം. പക്ഷേ ഇത്‌ തുടര്‍ച്ചയായ രണ്ടാം ഐ.സി.സി ചാമ്പ്യന്‍ഷിപ്പിലാണ്‌ ടീം തകര്‍ന്നടിയുന്നത്‌ എന്ന വസ്‌തുതയില്‍ ധോണിയിലെ നായകനെ വിലയിരുത്തണം. ഇംഗ്ലണ്ടില്‍ നടന്ന ഐ.സി.സി 20-20 ലോകകപ്പില്‍ ഇന്ത്യ നിലവിലെ ജേതാക്കളായിരുന്നു. ആ ചാമ്പ്യന്‍ഷിപ്പില്‍ എതിര്‍ ബൗളര്‍മാരുടെ ഷോട്ട്‌ പിച്ച്‌ പന്തുകള്‍ക്ക്‌ മുന്നില്‍ തകര്‍ന്നടിഞ്ഞ്‌ വലിയ നാണക്കേടുമായി പുറത്തായവരാണ്‌ ധോണിയുടെ സംഘം. പക്ഷേ അന്ന്‌ ധോണിയിലെ നായകനെ കുറ്റവിചാരണ ചെയ്‌തില്ല. അതിന്‌ ശേഷം വിന്‍ഡീസിലും പിന്നെ കോംപാക്ട്‌ കപ്പിലും ടീം കളിച്ചു. കോംപാക്ട്‌ കപ്പ്‌ സ്വന്തമാക്കിയെങ്കിലും ശ്രീലങ്കക്കെതിരായ ഗ്രൂപ്പ്‌ മല്‍സരത്തിലെ ദയനീയ തോല്‍വി മറക്കാനാവില്ല.
ചാമ്പ്യന്‍സ്‌ ട്രോഫിയിലേക്ക്‌ വന്നാല്‍ പാക്കിസ്‌താനെതിരെ ധോണിയുടെ ഒരു തീരുമാനമാണ്‌ ടീമിനെ ചതിച്ചതെന്ന്‌ പകല്‍ പോലെ വ്യക്തം. ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്റെ മുന്‍നിരയിലെ മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നഷ്ടമായ ശേഷം ഹര്‍ഭജന്‍സിംഗിനെ വിളിക്കുന്നതിന്‌ പകരം ധോണി പാര്‍ട്ട്‌ ടൈം സ്‌പിന്നര്‍മാരെയാണ്‌ വിളിച്ചത്‌. ഷുഹൈബ്‌ മാലിക്കും മുഹമ്മദ്‌ യൂസഫും ഈ അവസരം ഉപയോഗപ്പെടുത്തി 204 റണ്‍സിന്റെ റെക്കോര്‍ഡ്‌ സഖ്യമാണ്‌ ഉയര്‍ത്തിയത്‌. ഈ സഖ്യമാണ്‌ ഇന്ത്യയെ തകര്‍ത്തത്‌. ഇംറാന്‍ നസീറും കമറാന്‍ അക്‌മലും യൂനസ്‌ഖാനും പെട്ടെന്ന്‌ പുറത്തായ ഘട്ടത്തില്‍ പാക്കിസ്‌താന്‍ കനത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ആ ഘട്ടത്തില്‍ ഹര്‍ഭജനായിരുന്നു ഏറ്റവും നല്ല ഓപ്‌ഷന്‍. ഹര്‍ഭജനെ അവസാനമായാണ്‌ ധോണി വിളിച്ചത്‌. ലെഗ്‌ സ്‌റ്റംമ്പ്‌ ലൈനില്‍ ഹര്‍ഭജന്‍ തുടര്‍ച്ചയായി പന്തെറിഞ്ഞപ്പോള്‍ ധോണിയിലെ നായകന്‍ തന്റെ സ്‌പിന്നറോട്‌ ഒരു വാക്ക്‌ പോലും പറയാന്‍ മുതിര്‍ന്നില്ല. ഇന്ത്യ ബാറ്റ്‌ ചെയ്യുമ്പോള്‍ ഗാംഭീറും ദ്രാവിഡും റണ്ണൗട്ടായത്‌ മല്‍സരത്തെ സ്വാധീനിച്ചിരുന്നു. പക്ഷേ ഇതില്‍ ധോണിയെ കുറ്റം പറയാനാവില്ല. പക്ഷേ അദ്ദേഹം ബാറ്റ്‌ ചെയ്‌ത വിധം നോക്കുക. അഫ്രീദിയുടെ പന്തിനെ നടന്നു വന്ന്‌ പ്രഹരിക്കാന്‍ ശ്രമിച്ച്‌ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങുകയായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മല്‍സരത്തില്‍ ടീമിന്റെ ശരീരഭാഷ തന്നെ പരാജിതരുടേതായിരുന്നു. തന്റെ താരങ്ങളെ ഉന്മേഷവാന്മാരാക്കാന്‍ ധോണി ഒന്നും ചെയ്‌തില്ല. ഫാസ്റ്റ്‌ ബൗളര്‍മാര്‍ ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞപ്പോള്‍ വിക്കറ്റിന്‌ പിറകിലെ ധോണി മൗനിയായിരുന്നു. വിന്‍ഡീസിനെതിരായ മല്‍സരത്തിലാണ്‌ നായകന്‍ പമ്പര വിഡ്ഡിത്തം കാട്ടിയത്‌. പേസര്‍മാരെ തുണക്കുന്ന പിച്ചില്‍ ഇഷാന്ത്‌ ശര്‍മ്മ, ആര്‍.പി സിംഗ്‌ എന്നിവരെ കളിപ്പിച്ചില്ല. പകരം അഭിഷേക്‌ നായരെയും അമിത്‌ മിശ്രയെയുമാണ്‌ കളിപ്പിച്ചത്‌. പുതിയ താരങ്ങള്‍ക്ക്‌ അവസരം നല്‍കുന്നത്‌ തെറ്റല്ല. പക്ഷേ വിന്‍ഡീസിനെതിരായ മല്‍സരം വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ഇന്ത്യക്ക്‌ സെമി സാധ്യത അവശേഷിക്കുന്നുണ്ടായിരുന്നു. നെഹ്‌റയും പ്രവീണ്‍ കമാറും മൂന്ന്‌ വിക്കറ്റുകള്‍ നേടിയ മല്‍സരമാണിത്‌. ധോണിയിലെ മീഡിയം പേസര്‍ക്ക്‌ പോലും വിക്കറ്റ്‌ കിട്ടി. അപ്പോള്‍ ആലോചിക്കുക-ഇഷാന്തും ആര്‍.പിയും ഉണ്ടായിരുന്നെങ്കില്‍ വളരെ ചെറിയ സ്‌ക്കോറില്‍ വിന്‍ഡീസിനെ പുറത്താക്കാന്‍ കഴിയുമായിരുന്നു. ഈ മല്‍സരത്തിന്റെ തലേദിവസം ധോണി പത്രസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളും ഇന്ത്യന്‍ ദയനീയതക്ക്‌ തെളിവായി. പാക്കിസ്‌താന്‌ വേണ്ടി പ്രാര്‍ത്ഥിക്കാനാണ്‌ ധോണി ഇന്ത്യന്‍ ആരാധരോട്‌ അഭ്യര്‍ത്ഥിച്ചത്‌. ഇത്‌ വരെ ഒരു ഇന്ത്യന്‍ നായകനും പാക്കിസ്‌താന്‌ വേണ്ടി പരസ്യമായി രംഗത്ത്‌ വന്നിട്ടില്ല. പാക്കിസ്‌താന്റെ കാരുണ്യത്തില്‍ ഇന്ത്യ സെമി ഫൈനല്‍ പ്രവേശനം കാത്തപ്പോള്‍ യൂനസ്‌ഖാന്‍ പരിഹാസ രൂപേണയാണ്‌ ഇന്ത്യ-പാക്കിസ്‌താന്‍ ഫൈനിലെനെക്കുറിച്ച്‌ പറഞ്ഞത്‌.
ധോണിയിലെ നായകന്‍ ഇത്‌ വരെ ഭാഗ്യവാനായിരുന്നു. 2007 ലെ 20-20 ലോകകപ്പ്‌ മുതല്‍ പരിശോധിച്ചാല്‍ ധോണിക്കൊപ്പമുണ്ടായിരുന്ന ഭാഗ്യത്തെ പ്രകടമായി കാണാം. ആ ഭാഗ്യം ഇപ്പോള്‍ അകന്നിരിക്കുന്നു. ഇനി വിയര്‍ക്കണമെന്ന സത്യം ധോണി മനസ്സിലാക്കണം. ഓസ്‌ട്രേലിയക്കെതിരായ ഏഴ്‌ മല്‍സര ഏകദിനപരമ്പരയാണ്‌ ഇനി വരുന്നത്‌. കാര്യഗൗരവത്തില്‍ കളിയെ കാണാത്തപക്ഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അല്‍ഭുത നായകനു നേരെ കൂടുതല്‍ വിരലുകള്‍ ഉയരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
സേവാഗും യുവരാജും സഹീറുമില്ലാത്തതാണ്‌ തോല്‍വികള്‍ക്ക്‌ കാരണമെന്ന്‌ വേണമെങ്കില്‍ പറയാം. പക്ഷേ ഒരു നായകന്‍ ഏറ്റവും മികച്ച നേതാവാകുന്നത്‌ തനിക്ക്‌ ലഭിച്ച കരുത്തിനെ ഉപയോഗിക്കുമ്പോഴാണ്‌. ടീമില്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ ധോണിക്ക്‌ അത്‌ ആവശ്യപ്പെടാം. മുനാഫ്‌ പട്ടേലും റോബിന്‍ ഉത്തപ്പയും ശ്രീശാന്തും ഇര്‍ഫാന്‍ പത്താനുമെല്ലാം ഫോമിലാണ്‌.

ഇന്ന്‌ ആദ്യ സെമി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ന്‌ ആദ്യ സെമി ഫൈനല്‍. സെഞ്ചൂറിയനില്‍ നടക്കുന്ന പകല്‍ രാത്രി മല്‍സരത്തില്‍ പോരടിക്കുന്നത്‌ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനത്ത്‌ തിരിച്ചുവന്ന റിക്കി പോണ്ടിംഗിന്റെ ഓസ്‌ട്രേലിയയും ആന്‍ഡ്ര്യൂ സ്‌ട്രോസിന്റെ ഇംഗ്ലണ്ടും. ഇരുവരും തമ്മില്‍ രണ്ടാഴ്‌ച്ച മുമ്പ്‌ ഇംഗ്ലണ്ടില്‍ സമാപിച്ച സപ്‌തമല്‍സര ഏകദിന പരമ്പര ഓസ്‌ട്രേലിയ 6-1ന്‌ സ്വന്തമാക്കിയിരുന്നു. പക്ഷേ നാറ്റ്‌വെസ്റ്റ്‌ പരമ്പരയില്‍ കളിച്ച ഇംഗ്ലീഷ്‌ സംഘത്തെയല്ല ദക്ഷിണാഫ്രിക്കയില്‍ കണ്ടത്‌. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവരെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചവരാണ്‌ ഇംഗ്ലണ്ട്‌. വലിയ സ്‌ക്കോര്‍ അവരുടെ ബാറ്റ്‌സ്‌മാന്മാര്‍ സ്വന്തമാക്കുന്നു. ഒവൈസ്‌ ഷാ, പോള്‍ കോളിംഗ്‌വുഡ്‌, മോര്‍ഗന്‍ എന്നിവരെല്ലാം നല്ല ഫോമില്‍ കളിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍, സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡ്‌ എന്നിവര്‍ക്കാവുന്നു. ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തിലെ ദയനീയത മാറ്റിനിര്‍ത്തിയാല്‍ ഇംഗ്ലണ്ട്‌ മെച്ചപ്പെട്ട പ്രകടനമാണ്‌ ഇത്‌ വരെ നടത്തിയത്‌. ഓസ്‌ട്രേലിയക്ക്‌ പക്ഷേ ഈ ആത്മവിശ്വാസമില്ല. ഭാഗ്യത്തിന്‌ മാത്രം സെമിയിലെത്തിയവരാണവര്‍. വിന്‍ഡീസിന്റെ ദുര്‍ബല സംഘത്തിന്‌ മുന്നില്‍ ഒരു ഘട്ടത്തില്‍ മുക്ക്‌കൂത്തിയിരുന്നു പോണ്ടിംഗിന്റെ യുവസംഘം. ഭാഗ്യത്തിനാണ്‌ ആ മല്‍സരം ജയിച്ചത്‌. ഇന്ത്യക്കെതിരായ മല്‍സരം അപൂര്‍ണമായപ്പോള്‍ പാക്കിസ്‌താന്‍ ചെറിയ സ്‌ക്കോറിലും ഓസീസുകാരെ വെളളം കുടിപ്പിച്ചിരുന്നു. പാക്കിസ്‌താന്‍ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ 205 റണ്‍സ്‌ മാത്രമാണ്‌ നേടിയിരുന്നത്‌. ഈ സ്‌ക്കോറിലേക്ക്‌ അവസാന പന്തില്‍ എട്ട്‌ വിക്കറ്റും നഷ്ടപ്പെടുത്തി തപ്പിതടഞ്ഞാണ്‌ ഓസീസുകാര്‍ എത്തിയത്‌.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ മൂന്ന്‌ പ്രബലര്‍ പുറത്തായത്‌ ചാമ്പ്യന്‍ഷിപ്പിന്റെ ഗ്ലാമറിനെ ബാധിച്ചതിനാല്‍ ഇന്ന്‌ സെഞ്ചൂറിയനില്‍ ആളുകളെ നിറക്കാന്‍ സംഘാടകര്‍ പ്രയാസപ്പെടും. മല്‍സരത്തിന്റെ ടിക്കറ്റുകള്‍ക്ക്‌ കാര്യമായ തിരക്കില്ല. ബാറ്റിംഗാണ്‌ തനിക്ക്‌ ചെറിയ തലവേദന നല്‍കുന്നതെന്ന്‌ ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ പോണ്ടിംഗ്‌ പറഞ്ഞു. മൈക്കല്‍ ക്ലാര്‍ക്ക്‌ പരുക്ക്‌ കാരണം പുറത്തായത്‌ മധ്യനിരയെ ബാധിക്കാതെ നോക്കാന്‍ മൈക്‌ ഹസിക്ക്‌ കഴിയുന്നുണ്ട്‌. പക്ഷേ ഹസിയെ മാറ്റിനിര്‍ത്തിയാല്‍ ഫെര്‍ഗൂസണും നതാന്‍ ഹൗറിറ്റ്‌സും ടീം പെയിനെയുമെല്ലാം രാജ്യാന്തര അനുഭവം കുറഞ്ഞവരാണ്‌. ബൗളിംഗില്‍ ബ്രെട്ട്‌ ലീയും മിച്ചല്‍ ജോണ്‍സണും ഫോമിലാണ്‌. നതാന്‍ ബ്രാക്കന്റെ അഭാവം പ്രകടമാവുന്നുമുണ്ട്‌.
ഓസ്‌ട്രേലിയയുടെ ദൗര്‍ബല്യങ്ങളിലേക്കായിരിക്കും തന്റെ ടീം കളിക്കുകയെന്ന്‌ ആന്‍ഡ്ര്യ സ്‌ട്രോസും പറയുന്നു. ടോസ്‌ നിര്‍ണ്ണായകമാവുന്ന മല്‍സരത്തില്‍ രാത്രി ബാറ്റിംഗ്‌ ദുഷ്‌ക്കരമാണ്‌. മല്‍സരം വൈകീട്ട്‌ 5-45 മുതല്‍ സ്‌റ്റാര്‍ ക്രിക്കറ്റില്‍.

കരാര്‍
കൊല്‍ക്കത്ത: ഈസ്റ്റ്‌ ബംഗാളുകാര്‍ക്ക്‌ ഇന്നലെ സന്തോഷ ദിവസമായിരുന്നു. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയ ഈസ്റ്റ്‌ ബംഗാളുമായി പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നു. ഐ.എഫ്‌.എ ഷീല്‍ഡും ഡ്യൂറാന്‍ഡ്‌ കപ്പിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ടീം ബൂട്ടിയയുടെ വരവോടെ ശക്തി പ്രാപിക്കുമെന്നാണ്‌ ആരാധകര്‍ കരുതുന്നത്‌. സുഭാഷ്‌ ഭൗമിക്‌ എന്ന പരിശീലകന്‍ തപ്പിതടഞ്ഞ്‌്‌ നില്‍ക്കുമ്പോള്‍ എല്ലാ പ്രതീക്ഷകളും ബൂട്ടിയയിലാണ്‌. പ്രതീക്ഷകളും സമ്മര്‍ദ്ദങ്ങളും തനിക്ക്‌ പരിചയമുണ്ടെന്ന്‌ പറയുന്ന ബൂട്ടിയ ആരാധകരോട്‌ പറയുന്നത്‌ ഒന്ന്‌ മാത്രം-അല്‍പ്പം ക്ഷമിക്കണം. മോഹന്‍ ബഗാന്‍ വിട്ട്‌ ഈസ്‌റ്റ്‌ ബംഗാളിലെത്തിയ ബൂട്ടിയ എന്ത്‌ പറഞ്ഞാലും ആരാധകര്‍ സഹിക്കും ക്ഷമിക്കും....
മുങ്ങി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി ഐ.സി.സി അവാര്‍ഡ്‌ പ്രഖ്യാപനത്തിന്‌ നില്‍ക്കാതെ മുങ്ങി. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ നിന്നും ഇന്ത്യ പുറത്തായതിന്‌ പിറകെയാണ്‌ അധികമാരോടും പറയാതെ ക്യാപ്‌റ്റന്‍ മുങ്ങിയത്‌. ഇന്നലെ രാത്രയിലായിരുന്നു അവാര്‍ഡ്‌ ദാനം. ധോണിയും ഗൗതം ഗാംഭിറും യുവരാജ്‌ സിംഗും അവാര്‍ഡിന്‌ നോമിനേഷന്‍ ലഭിച്ചവരായിരുന്നു. ധോണിയോട്‌ നഗരത്തില്‍ തങ്ങാന്‍ ഐ.സി.സി ഉദ്യോഗസ്ഥാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അതിന്‌ നില്‍ക്കാതെയാണ്‌ അദ്ദേഹം മുങ്ങിയത്‌.

ആര്‍ക്ക്‌
കോപ്പന്‍ഹേഗന്‍: 2016 ലെ ഒളിംപിക്‌സ്‌ ഏത്‌ നഗരത്തിനായിരിക്കും ലഭിക്കുക..? അമേരിക്കന്‍ നഗരമായ ചിക്കാഗോ, സ്‌പാനിഷ്‌ ആസ്ഥാനമായ മാഡ്രിഡ്‌, ബ്രസീലിയന്‍ നഗരമായ റിയോഡിജനറോ, ജപ്പാന്റെ ആസ്ഥാനമായ ടോക്കിയോ എന്നിവരാണ്‌ രംഗത്ത്‌. ഇന്ന്‌ പുലര്‍ച്ചെ ഇവിടെ നടക്കുന്ന ഇന്റര്‍നാഷണല്‍ഒളിംപിക്‌ കമ്മിറ്റി യോഗത്തിലായിരിക്കും അന്തിമ തീരുമാനം. ചിക്കാഗോക്കാണ്‌ മുന്‍ത്തൂക്കം.

റയല്‍ തകര്‍ത്തു
മാഡ്രിഡ്‌: സ്‌പാനിഷ്‌ ലീഗിലെന്ന പോലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗിലും റയല്‍ മാഡ്രിഡ്‌ കുതിക്കുന്നു. ഇന്നലെ സ്വന്തം മൈതാനത്ത്‌ നടന്ന മല്‍സരത്തിലവര്‍ മൂന്ന്‌ ഗോളിന്‌ ഫ്രാന്‍സില്‍ നിന്നുള്ള ഒളിംപിക്‌ മാര്‍സലിയെ തോല്‍പ്പിച്ചു. ചെല്‍സി ഒരു ഗോളിന്‌ അപോല്‍ നിക്കോസ്യയെയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ 2-1ന്‌ വോള്‍ഫ്‌സ്‌ബര്‍ഗ്ഗിനെയും തോല്‍പ്പിച്ചപ്പോള്‍ ശക്തരായ ബയേണ്‍ മ്യൂണിച്ചും യുവന്തസും തമ്മില്‍ നടന്ന മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല. ഏ.സി മിലാനാവട്ടെ ഒരു ഗോളിന്‌ എഫ്‌.സി സൂറിച്ചിനോട്‌ തോല്‍ക്കുകയും ചെയ്‌തു. മറ്റ്‌ മല്‍സരഫലങ്ങള്‍ ഇപ്രകാരം: ബോറോഡോക്‌സ്‌ 1- മക്കാബി ഹൈഫ 0, സി.എസ്‌.കെ.എ മോസ്‌ക്കോ 2- ബെസ്‌കിറ്റാസ്‌ 1, എഫ്‌.സി പോര്‍ട്ടോ 2-അത്‌ലറ്റികോ മാഡ്രിഡ്‌ 0.

സമനിലയില്‍ തുടക്കം
മുംബൈ: വിരസമായ സമനിലയില്‍ ഐ ലീഗ്‌ ഫുട്‌ബോളിന്‌ തുടക്കം. ഇന്നലെ കൂപ്പറേജ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവയെ മഹീന്ദ്ര യുനൈറ്റഡ്‌ സമനിലയില്‍ തളച്ചു. ഇരുപത്തിയാറാം മിനുട്ടില്‍ സെറ്റ്‌സമര്‍ മിജിന്റെ ഗോളില്‍ ലീഡ്‌ നേടിയ മുംബൈ ടീമിനെ മുപ്പത്തിമൂന്നാം മിനുട്ടില്‍ ഡാന്‍ ഇറ്റോയുടെ ഗോളില്‍ ചര്‍ച്ചില്‍ ഒപ്പം പിടിച്ചു. സീസണില്‍ രണ്ട്‌ ആഭ്യന്തര കിരീടങ്ങള്‍ സ്വന്തമാക്കിയ ചര്‍ച്ചിലിനായിരുന്നു മുന്‍ത്തൂക്കം. ഐ.എഫ്‌. എ ഷീല്‍ഡിലും ഡ്യൂറാന്‍ഡ്‌ കപ്പിലും മുത്തമിട്ട മുസ്ലിംപവര്‍ ചര്‍ച്ചിലിനെ പ്രതിരോധത്തില്‍ ശ്രദ്ധിച്ചാണ്‌ മഹീന്ദ്ര നേരിട്ടത്‌. മഹീന്ദ്രയുടെ മുന്‍
നിരയില്‍ കളിച്ച കാസര്‍ക്കോട്ടുകാരന്‍ മുഹമ്മദ്‌ റാഫിക്ക്‌ രണ്ട്‌ മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. മറ്റൊരു മലയാളി താരമായ അജയന്‍ മധ്യനിരയില്‍ തിളങ്ങി. ചര്‍ച്ചിലിന്റെ ഗോള്‍വേട്ടക്കാരനായ മുന്‍നിരക്കാരന്‍ ഒഡാഫെ ഒനാകെ ഒകോലിക്ക്‌ ആദ്യ മല്‍സരത്തില്‍ കാര്യമായ മിന്നലാട്ടത്തിന്‌ കഴിഞ്ഞതുമില്ല. ശക്തമായ മാര്‍ക്കിംഗിലായിരുന്നു അദ്ദേഹം. ഗോള്‍ക്കീപ്പര്‍ അരിന്ദം ഭട്ടാചാര്യക്ക്‌ ലഭിച്ച മഞ്ഞകാര്‍ഡ്‌ അടുത്ത മല്‍സരങ്ങളില്‍ ചര്‍ച്ചിലിന്‌ വിനയാവുമ്പോള്‍ മഹീന്ദ്ര നിരയില്‍ മൂന്ന്‌ പേരാണ്‌ ബുക്ക്‌്‌ ചെയ്യപ്പെട്ടത്‌. ദേബപ്രത റോയിയും ഡെന്‍സില്‍ ഫ്രാങ്കോയും നിസ്‌താര്‍ ഖലിലുദ്ദിനും. ഇന്ന്‌ മല്‍സരങ്ങളില്ല. നാളെ മുന്ന്‌ കളികളുണ്ട്‌. കേരളത്തില്‍ നിന്നുള്ള വിവ കേരള സാല്‍ഗോക്കറുമായി ഫത്തോര്‍ഡയില്‍ കളിക്കുമ്പോള്‍ പൂനെ എഫ്‌.സി മുംബൈയില്‍ ഈസ്റ്റ്‌ ബംഗാളുമായും മുംബൈ എഫ്‌.സി ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവയെയും നേരിടും.
ജയിച്ചു മറഡോണയുടെ ടീം
കോര്‍ദോബ: അവസാനം ജയിച്ചിരിക്കുന്ന ഡിയാഗോ അര്‍മാന്‍ഡോ മറഡോണയുടെ അര്‍ജന്റിനിയന്‍ ടീം. തോല്‍പ്പിച്ചത്‌ ആഫ്രിക്കകാരായ ഘാനയെ. അതും രണ്ട്‌ ഗോളിന്‌. ഗോളുകള്‍ രണ്ടും സ്‌്‌ക്കോര്‍ ചെയ്‌തത്‌ വെറ്റന്‍ താരം മാര്‍ട്ടിന്‍ പലെര്‍മോ. മല്‍സരത്തിന്‌ ശേഷം മറഡോണ വലിയ പ്രഖ്യാപനവും നടത്തി. ഈ മാസം 10 നും 13 നുമായി നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള തന്റെ ടീമില്‍ പലെര്‍മോ ഉറപ്പാണ്‌. (നേരത്തെ പ്രഖ്യാപിച്ച ടീമില്‍ പലെര്‍മോ ഉണ്ടായിരുന്നില്ല) സമീപകാല ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളിലെ പരാജയത്തെ തുടര്‍ന്ന്‌ ഭാരം കുറക്കാനായി നാടുവിട്ട മറഡോണ കഴിഞ്ഞ ദിവസമാണ്‌ തിരിച്ചെത്തിയത്‌.
കോര്‍ദോബയിലെ മൈതാനത്ത്‌ 42, 000 പേര്‍ക്ക്‌ ഇരപ്പിടമുണ്ടായിട്ടും പതിനായിരത്തില്‍ താഴെ പേര്‍ മാത്രമാണ്‌ മറഡോണയുടെ സംഘത്തിന്റെ കളി കാണാന്‍ എത്തിയിരുന്നത്‌. അത്രമാതം ജനം വെറുത്തിരുന്നു ടീമിനെയും കോച്ചിനെയും. മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ സൂപ്പര്‍ താരം ലയണല്‍ മെസി, സെര്‍ജിയോ അഗ്വിറോ,ഹിഗ്വിന്‍ ഗോണ്‍സാലസ്‌്‌ എന്നിവര്‍ക്കൊപ്പം മുന്‍നിരയില്‍ പലെര്‍മോക്ക്‌ സ്ഥാനമുണ്ടാവുമെന്ന്‌ മറഡോണ പറഞ്ഞു. അവസാന രണ്ട്‌ മല്‍സരങ്ങളും വളരെ നിര്‍ണ്ണായകമാണ്‌. രണ്ട്‌ മല്‍സരത്തിലും കരുത്ത്‌ പ്രകടിപ്പിച്ച്‌ ജയിക്കാന്‍ തന്റെ ടീമിന്‌ കഴിയുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 10ന്‌ പെറുവിനെതിരെയാണ്‌ അര്‍ജന്റീന കളിക്കുന്നത്‌. 13 ന്‌ ശക്തരായ ഉറുഗ്വേക്കെതിരെ എവേ മല്‍സരമാണ്‌. രണ്ട്‌്‌ കളികളും ജയിച്ചാല്‍ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അര്‍ജന്റീനക്ക്‌ കുറഞ്ഞത്‌ അഞ്ചാം സ്ഥാനം ഉറപ്പാക്കണം. അത്‌ വഴി കോണ്‍കാകാഫിലെ നാലാം സ്ഥാനക്കാരുമായി പ്ലേ ഓഫിനും അവസരമുണ്ട്‌. ദൈവം അര്‍ജന്റീനക്കാരനാണെങ്കില്‍ ടീമിന്‌ പ്രയാസങ്ങളുണ്ടാവില്ലെന്നാണ്‌ മറഡോണ പറയുന്നത്‌. മൈതാനത്ത്‌ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പം ഭാഗ്യവുമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട്‌ ലോകകപ്പ്‌ മല്‍സരങ്ങള്‍ക്കുളള ടീമിനെ മറഡോണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജാവിയര്‍ സനേറ്റി, ജീസസ്‌ ഡറ്റാലോ, മാക്‌സി റോഡ്രിഗസ്‌, ജുവാന്‍ പാബ്ലോ കാരിസോ എന്നിവരെ തഴഞ്ഞപ്പോള്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയുടെ പാബ്ലോ സബലേറ്റ, ലിവര്‍പൂളിന്റെ എമിലോ ഇന്‍സുവ, ബെനഫിക്കയുടെ വെറ്ററന്‍ താരം പാബ്ലോ ഐമര്‍ എന്നിവര്‍ക്ക്‌ അവസരം നല്‍കിയിട്ടുണ്ട്‌.
ടീം ഇതാണ്‌: ഗോള്‍ക്കീപ്പര്‍മാര്‍. സെര്‍ജിയോ റോമിറോ, മരിയാനോ അന്‍ഡുജാര്‍. പ്രതിരോധം. ഫാബ്രിസിയോ കോളോസിനി, നിക്കോളാസ്‌ പരേജ, പാബ്ലോ സബലേറ്റ, എമിലിയോനോ ഇന്‍സുവ, ഗബ്രിയേല്‍ ഹൈന്‍സ്‌. മധ്യനിര. ജോനാസ്‌ ഗുട്ടിറസ്‌, ജാവിയര്‍ മസ്‌കരാനോ, ആഞ്ചല്‍ ഡി മേരിയ, പാബ്ലോ ഐമര്‍, സുലോ ഗോണ്‍സാലസ്‌. മുന്‍നിര. ലയണല്‍ മെസി, ഇലികില്‍ ലാസി, കാര്‍ലോസ്‌ ടെവസ്‌, ഡിയാഗോ മീലീഷ്യോ, സെര്‍ജിയോ അഗ്വിറോ, ഗോണ്‍സാലോ ഹിഗ്വിന്‍.

No comments: