Thursday, October 1, 2009

I LEAGUE-A SOCCER MISTAKE




ഡയരക്ട്‌ ഡ്രൈവ്‌
കമാല്‍ വരദൂരിന്റെ ജനപ്രിയ കോളം

ഐ ലീഗ്‌
ഇന്ത്യന്‍ ഫുട്‌ബോളിനെ ഇല്ലാതാക്കുന്ന ചാമ്പ്യന്‍ഷിപ്പാണ്‌ ഐ ലീഗെന്ന്‌ പരസ്യമായി കുറ്റപ്പെടുത്താന്‍ ധൈര്യം കാട്ടിയത്‌ നമ്മുടെ ദേശീയ കോച്ച്‌ ഡേവ്‌ ഹൂട്ടണാണ്‌. ആറ്‌ മാസത്തോളം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പ്‌. രാജ്യത്തെ എല്ലാ പ്രമുഖ ടീമുകളും താരങ്ങളും ഈ ആറ്‌ മാസം കെട്ടിയിട്ടപ്പെട്ട നിലയിലാണ്‌. മറ്റൊരു ടൂര്‍ണ്ണമെന്റിലും അവര്‍ പങ്കെടുക്കരുത്‌. താരങ്ങള്‍ക്കും അനങ്ങാന്‍ കഴിയില്ല. ഇങ്ങനെയൊരു ചാമ്പ്യന്‍ഷിപ്പ്‌ കൊണ്ട്‌ എന്ത്‌ ഫലമെന്ന ഹൂട്ടന്റെ ചോദ്യം പ്രസക്തമാണ്‌. ഇത്തവണ പതിനാല്‌ ടീമുകള്‍ കളിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മല്‍സരങ്ങള്‍ നടക്കുന്നു. ഇത്‌ വരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഐ ലീഗിന്റെ കരുത്ത്‌ വിദേശ താരങ്ങളാണ്‌. എല്ലാ മല്‍സരങ്ങിലും ഗോളടിക്കുന്നത്‌ അവര്‍ തന്നെ. ടോപ്‌ സ്‌ക്കോറര്‍ പട്ടം ദീര്‍ഘകാലമായി വിദേശികള്‍ തന്നെയാണ്‌ സ്വന്തമാക്കുന്നത്‌. റാന്‍ഡി മാര്‍ട്ടിനസും ഒഡാഫെ ഒക്കോലിയും ചിദ്ദി എദ്ദെയും ധാരാളം ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുന്നത്‌ കൊണ്ട്‌ ഇന്ത്യന്‍ ഫുട്‌ബോളിന്‌്‌ മെച്ചമില്ല. കാണികള്‍ക്ക്‌ നല്ല ഗോളുകള്‍ കാണാം. അതിലപ്പുറം നമ്മുടെ ഫുട്‌ബോളിന്‌ ഐ ലീഗ്‌ നല്‍കുന്ന സംഭാവന വട്ടപൂജ്യമാണ്‌.
ഒ.എന്‍.ജി.സി എന്ന വലിയ കമ്പനിയുടെ സഹകരണത്തിലാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ മുടക്കമില്ലാതെ നടക്കുന്നത്‌. സീ സ്‌പോര്‍ട്‌സ്‌ എന്ന ചാനലിന്റെ സഹകരണവും മറക്കാന്‍ കഴിയില്ല. സമീപകാലത്തായി ഇന്ത്യന്‍ ഫുട്‌ബോളിന്‌ രാജ്യാന്തര തലത്തില്‍ സല്‍പ്പേരുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ന്യൂഡല്‍ഹിയിലെ അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന നെഹ്‌റു കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ കിരീടം നേടിയത്‌ രാജ്യാന്തര തലത്തില്‍ വലിയ വാര്‍ത്തയായില്ല. പക്ഷേ ഫിഫ റാങ്കിംഗില്‍ ഇന്ത്യക്കാള്‍ ഉയരത്തിലുളള ടീമായ സിറിയയെയാണ്‌ ഫൈനലില്‍ തോല്‍പ്പിച്ചത്‌. അതും ആവേശകരമായ പോരാട്ടത്തില്‍. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയില്‍ അവസാനിച്ച മല്‍സരം ഷൂട്ടൗട്ടിലും തുല്യതയിലായിരുന്നു. ഒടുവില്‍ സഡന്‍ഡെത്തില്‍ സബ്രതോ പാല്‍ എന്ന ഗോള്‍ക്കീപ്പറുടെ അത്യൂജജ്വല മികവിലാണ്‌ ഇന്ത്യ ജയിച്ചത്‌. ഇന്ത്യന്‍ ഫുട്‌ബോളിന്‌ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന മല്‍സരമാണിത്‌. കാരണം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ലെബനോണ്‌ മുന്നില്‍ തോറ്റ ശേഷമാണ്‌ ബൂട്ടിയയും സംഘവും കരുത്തോടെ തിരിച്ചെത്തിയത്‌. കിര്‍ഗിസ്ഥാനെയും ശ്രീലങ്കയെയും വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിക്കാനായി. പ്രാഥമിക ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ സിറിയക്ക്‌ മുന്നില്‍ തോറ്റത്‌ ഫൈനില്‍ കാര്യമാക്കിയില്ല. ബൂട്ടിയ, സുനില്‍ ചേത്രി, സ്‌റ്റീവന്‍ ഡയസ്‌, എന്‍.പി പ്രദീപ്‌, സുബ്രതോ പാല്‍, ക്ലൈമാക്‌സ്‌ ലോറന്‍സ്‌, മഹേഷ്‌ ഗാവ്‌ലി തുടങ്ങിയവരുടെ പ്രകടനം മറക്കാനാവില്ല. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയതിന്‌ ശേഷം ഫിഫ റാങ്കിംഗിലും മാറ്റം വന്നു. നെഹ്‌റു കപ്പ്‌്‌ ഇന്ത്യ സ്വന്തമാക്കിയിട്ട്‌ മാസങ്ങളായി. അതിന്‌ ശേഷം ദേശീയ ടീമിന്‌ മല്‍സരങ്ങളുണ്ടായിട്ടില്ല. ഈ സത്യം മുന്നില്‍ നില്‍ക്കുമ്പോഴാണ്‌ ഐ ലീഗ്‌ ആരംഭിക്കുന്നത്‌. നമ്മുടെ ദേശീയ ടീമിലെ എല്ലാവരും വിവിധ ടീമുകള്‍ക്കായി കളിക്കുന്നുവെങ്കിലും ദേശീയ ടീം കളിക്കുമ്പോഴുളള ഐക്യവും ആവേശവും ഐ ലീഗ്‌ മല്‍സരങ്ങള്‍ നല്‍കുന്നില്ല എന്നതാണ്‌ കാലം തെളിയിച്ച വസ്‌തുത.
ഗോവക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സും സാല്‍ഗോക്കറും സെംപോ സ്‌പോര്‍ട്‌സ്‌ ക്ലബും സ്‌പോര്‍ട്ടിംഗും കൊല്‍ക്കത്തയില്‍ നിന്ന്‌ മോഹന്‍ ബഗാനും ഈസ്‌റ്റ്‌ ബംഗാളും ചിരാഗ്‌ യുനൈറ്റഡും മുംബൈയില്‍ നിന്ന്‌ എയര്‍ ഇന്ത്യയും മഹീന്ദ്ര യുനൈറ്റഡുമെല്ലാം ഐ ലീഗില്‍ കളിക്കുന്നുണ്ട്‌. എല്ലാ ടീമിലും വിദേശ താരങ്ങള്‍ക്കാണ്‌ മുഖ്യ പരിഗണന. വലിയ സാധ്യത കല്‍പ്പിക്കപ്പെടുന്ന ചര്‍ച്ചില്‍ സീസണില്‍ ഇത്‌ വരെ രണ്ട്‌ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. രണ്ടും വിദേശികളുടെ പിന്‍ബലത്തിലാണ്‌. ഐ.എഫ്‌.എ ഷീല്‍ഡിലും ഡ്യൂറാന്‍ഡ്‌ കപ്പിലും ഒഡാഫെ എന്ന നൈജീരിയക്കാരനാണ്‌ ഗോവക്കാരെ രക്ഷിച്ചത്‌. ഡെംപോ ഒരു സീസണിന്‌ മുമ്പ്‌ ഐ ലീഗ്‌ നേടിയത്‌ റാന്‍ഡി മാര്‍ട്ടിനസിന്റെ മികവിലാണ്‌. ബഗാന്റെ നിരയില്‍ ബ്രസീലുകാരന്‍ ജോസ്‌ റാമിറസ്‌ ബരാറ്റോയാണ്‌ ദീര്‍ഘകാലമായി തുരുപ്പുചീട്ട്‌. ഇന്ത്യന്‍ നായകന്‍ ബൂട്ടിയയുടെ സേവനമുണ്ടായിട്ടും ബരാറ്റോയായിരുന്നു ടീമിന്റെ ചാട്ടൂളി. ഏത്‌ ടീമിനെ പരിശോധിച്ചാലും വിജയഘടകം വിദേശികളാണ്‌.
ഇവിടെയാണ്‌ ഐ ലീഗ്‌ ഇന്ത്യന്‍ ഫുട്‌ബോളിന്‌്‌ എന്താണ്‌ നല്‍കുന്നത്‌ എന്ന ചോദ്യം പ്രസക്തമാവുന്നത്‌. ബൂട്ടിയയും സുനില്‍ ചേത്രിയും പ്രദീപും സ്‌റ്റീന്‍ ഡയസുമെല്ലാം കളിക്കുന്നുണ്ട്‌. ഇവരെല്ലാം പല ടീമുകള്‍ക്കായാണ്‌ പന്ത്‌ തട്ടുന്നത്‌. ദേശീയ ലീഗ്‌ എന്ന്‌ ആശയത്തിന്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രൂപം നല്‍കിയത്‌ യൂറോപ്യന്‍ ലീഗിനെ മുന്നില്‍ കണ്ടാണ്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗും സ്‌പാനിഷ്‌ ലീഗിലുമെല്ലാം രാജ്യത്തെ പ്രധാപ്പെട്ട ഫുട്‌ബോള്‍ ടീമുകള്‍ പരസ്‌പരം കളിക്കന്നു. വലിയ ടെലിവിഷന്‍ കവറേജും വിപണനവുമായി ഫുട്‌ബോളിനെ ശരിക്കും ആഘോഷമാക്കാന്‍ യൂറോപ്യന്‍ ലീഗിന്‌ കഴിയുന്നുണ്ട്‌. ഈ ലീഗില്‍ കളിക്കുന്ന വിദേശ സൂപ്പര്‍ താരങ്ങള്‍ ലോകത്തിന്‌ നല്‍കുന്നത്‌ വിരുന്നാണെങ്കില്‍ നമ്മുടെ ഐ ലീഗ്‌ വിരസമാണ്‌. ഫുട്‌ബോളിന്റെ ആസ്വാദ്യതലത്തില്‍ ഐ ലീഗിലെ മല്‍സരങ്ങള്‍ പരിശോധിച്ചാല്‍ മാര്‍ക്കിടുക പ്രയാസകരമായിരിക്കും. നമ്മുടെ താരങ്ങള്‍ക്കും കളി കാണുന്നവര്‍ക്കും ഗുണകരമല്ലാത്ത ഒരു ചാമ്പ്യന്‍ഷിപ്പിനെ പ്രോല്‍സാഹിപ്പിക്കുമ്പോള്‍ അത്‌ കൊണ്ട്‌ മെച്ചമൊന്നുമില്ല എന്ന വസ്‌തുത അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തിരിച്ചറിയണം.
ഗോവയിലും കൊല്‍ക്കത്തയിലും മാത്രമായി ഐ ലീഗ്‌ മാറിയിട്ട്‌ കാലങ്ങളായി. ഗോവയിലെ പ്രധാന മല്‍സരവേദി ഫത്തോര്‍ഡയിലെ നെഹ്‌റു സ്‌റ്റേഡിയമാണ്‌. ഇവിടെ നടക്കുന്ന മല്‍സരങ്ങള്‍ക്ക്‌ കാര്യമായ പിന്തുണ ലഭിക്കുന്നില്ല. സാല്‍ഗോക്കര്‍ കളിക്കുമ്പോള്‍ അവരുടെ ആരാധകരുണ്ടാവും. ഡെംപോ കളിക്കുമ്പോള്‍ അവരുടെ ആരാധകരുണ്ടാവും. അല്ലാതെ ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന സാധാരണക്കാരെ കാണാനാവില്ല. ഈ മല്‍സരങ്ങളുടെ ടെലിവിഷന്‍ റേറ്റിംഗ്‌ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാവും.
അല്‍പ്പം ഗൗരവത്തില്‍ ചിന്തിക്കേണ്ട വിഷയമാണിത്‌. ഇന്ത്യന്‍ ദേശീയ ടീമിന്‌ വലിയ മല്‍സരങ്ങള്‍ വരാനിരിക്കുന്നു. ഖത്തറില്‍ 2011 ല്‍ നടക്കുന്ന ഏഷ്യാ കപ്പിനുളള ഒരുക്കത്തില്‍ സമയ ബന്ധിതമായ ഒരുക്കമാണ്‌ നിര്‍ബന്ധം.ലോക തലത്തില്‍ ദീര്‍ഘകാലമായി നമ്മള്‍ കാഴ്‌ച്ചക്കാരാണ്‌. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ്‌ നടക്കുന്നു. യൂറോപ്യന്‍ ലീഗുകളും മേജര്‍ ചാമ്പ്യന്‍ഷിപ്പുകളും കലണ്ടര്‍ വര്‍ഷത്തില്‍ ഇടതടവില്ലാതെ നടക്കുമ്പോള്‍ പതിവ്‌ കാഴ്‌ച്ചക്കാരാവാനാണ്‌ ഫെഡറേഷന്‌ താല്‍പ്പര്യമെങ്കില്‍ രണ്ട്‌ വര്‍ഷത്തില്‍ ഒരിക്കലുളള നെഹ്‌റു കപ്പ്‌ ദേശീയ ടീമിന്‌ ധാരാളമാണ്‌. സിറിയയെയും കിര്‍ഗിസ്ഥാനെയുമെല്ലാം വിളിച്ച്‌ തട്ടിക്കൂട്ട്‌്‌ ചാമ്പ്യന്‍ഷിപ്പ്‌ നടത്തിയാല്‍ ഒന്നുണ്ട്‌-ഫിഫ റാങ്കിംഗിലെ സ്ഥാനം നിലനിര്‍ത്താം. അങ്ങനെ സ്വന്തം സ്ഥാനങ്ങള്‍ സംരക്ഷിക്കാനാണ്‌ താല്‍പ്പര്യമെങ്കില്‍ കാര്യം എളുപ്പമാണ്‌......

നേരെയാവുമോ...
ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇ്‌പ്പോഴും മേല്‍വിലാസമുള്ള ഏക താരം ബൈജൂംഗ്‌ ബൂട്ടിയ എന്ന സിക്കിമുകാരനാണ്‌.... വര്‍ഷങ്ങളായി ഇന്ത്യന്‍ ഫുട്‌ബോളിന്റെ അവിഭാജ്യ ഘടകമായ ബൂട്ടിയ ഈയിടെ അകപ്പെട്ട വിവാദക്കയത്തില്‍ നിന്നും ഇനിയും മുക്തനായിട്ടില്ല. പക്ഷേ ഐ ലീഗ്‌ ഫുട്‌ബോളില്‍ അദ്ദേഹം ഈസ്‌റ്റ്‌ ബംഗാളിനായി കളിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്‌. ബഗാന്റെ താരമായിരുന്ന ബൂട്ടിയ ക്ലബ്‌ മാനേജ്‌മെന്റുമായി ഒരു റിയാലിറ്റി ഷോയുടെ പേരില്‍ ഉടക്കിയതോടെയാണ്‌ കാര്യങ്ങള്‍ പുകയാന്‍ തുടങ്ങിയത്‌. ക്ലബിന്റെ മല്‍സരങ്ങളേക്കാള്‍ ബൂട്ടിയക്ക്‌ താല്‍പ്പര്യം ടെലിവിഷന്‍ ഷോയാണെന്ന്‌ ബഗാന്‍ സെക്രട്ടറി അഞ്‌ജന്‍ മിത്ര തുറന്നടിച്ചു. ബൂട്ടിയ ഉടന്‍ തന്നെ പരസ്യമായി പിണക്കം അറിയിച്ച്‌ ബഗാന്‌ വേണ്ടി കളിക്കില്ലെന്ന പ്രഖ്യാപനം നടത്തി. ഉടന്‍ തന്നെ അദ്ദേഹം ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ പോവുകയും ചെയ്‌തു. ഈസ്‌റ്റ്‌ ബംഗാളിനായി കരാര്‍ ഒപ്പുവെക്കാനുള്ള നീക്കവും നടത്തിയപ്പോള്‍ ബഗാന്‍ ഇടപെട്ടു. ആദ്യം ഫെഡറേഷന്‌ പരാതി നല്‍കി. പരാതിയില്‍ തീര്‍പ്പ്‌ കല്‍പ്പിക്കാന്‍ ഫെഡറേഷന്‍ നിയോഗിച്ച മധ്യസ്ഥന്‍ പലവട്ടം ചര്‍ച്ച നടത്തിയിട്ടും ബഗാന്‍ വഴങ്ങിയില്ല. ഒടുവിലാണ്‌ താല്‍കാലികമായി ബൂട്ടിയക്ക്‌ കളിക്കാനുള്ള അവസരം നല്‍കി മധ്യസ്ഥന്‍ പ്രശ്‌നത്തിന്‌ അയവ്‌ വരുത്തിയത്‌. ഡ്യൂറാന്‍ഡ്‌ കപ്പില്‍ കളിക്കാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ നായകന്‍ എന്തായാലും ഐ ലീഗില്‍ ഈസ്റ്റ്‌ ബംഗാളിന്റെ കുപ്പായത്തിലുണ്ടാവും. ഈസ്റ്റ്‌ ബംഗാളിനിപ്പോള്‍ കഷ്ടകാലമാണ്‌. കളിക്കുന്ന മല്‍സരങ്ങളെല്ലാം തോല്‍ക്കുന്നു. ബൂട്ടിയ വരുന്നതോടെ എല്ലാം നേരെയാവുമെന്നാണ്‌ ഈസ്‌റ്റ്‌ ബംഗാളിന്റെ ആരാധകര്‍ കരുതുന്നത്‌.

No comments: