Wednesday, September 30, 2009

POOR LIVER

ലിവര്‍ പാളി
ലണ്ടന്‍: ഇല്ല, ഇനി ഇങ്ങനെ ഞങ്ങള്‍ കളിക്കില്ല-ആരാധകരേ മാപ്പ്‌....! ലിവര്‍പൂളിന്റെ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ നടത്തിയ ഈ ഖേദ പ്രകടനത്തില്‍ എല്ലാമുണ്ട്‌. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഈ ആഘാതം ലിവര്‍പൂള്‍. അവര്‍ രണ്ട്‌ ഗോളിന്‌ ഇറ്റലിക്കാരായ ഫിയോറന്റീനയോട്‌ പരാജയപ്പെട്ടതാണ്‌ ചാമ്പ്യന്‍സ്‌ ലീഗിലെ രണ്ടാം റൗണ്ട്‌ മല്‍സരങ്ങളിലെ പ്രധാന വാര്‍ത്ത. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ റൂബിന്‍ കസാന്‍ 1-1 ല്‍ പിടിച്ചതും അല്‍ഭുതമായത്‌ മാറ്റിനിര്‍ത്തിയാല്‍ വന്‍കരാ ചാമ്പ്യന്‍
ഷിപ്പില്‍ കാര്യമായ കുഴപ്പങ്ങളുണ്ടായില്ല. ആഴ്‌സനല്‍ രണ്ട്‌ ഗോളിന്‌ ഒളിംപിയാക്കസിനെയും ബാര്‍സിലോണ ഇതേ മാര്‍ജനില്‍ ഡൈനാമോ കീവിനെയും സെവിയെ 4-1ന്‌ റേഞ്ചേഴ്‌സിനെയും ലിയോണ്‍ മറുപടിയില്ലാത്ത നാല്‌ ഗോളിന്‌ ഡെബ്രിസിനെയും പരാജയപ്പെടുത്തി.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ നല്ല ഫോമില്‍ തുടരുന്ന ലിവര്‍പൂള്‍ വലിയ വിജയം തേടിയാണ്‌ വന്നത്‌. സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ടായിരുന്നു. പക്ഷേ സ്വന്തം മൈതാനത്ത്‌ കാണികളുടെ പിന്തുണയില്‍ അവസരോചിതമായാണ്‌ ഫിയോറന്റീന കളിച്ചത്‌. പ്രത്യാക്രമണങ്ങളിലാണ്‌ അവര്‍ ഗോളുകള്‍ കണ്ടെത്തിയത്‌. രണ്ട്‌്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്‌ സ്‌റ്റീവന്‍ ജോവാന്റിക്‌. 28, 37 മിനുട്ടുകളിലായിരുന്നു യുവതാരത്തിന്റെ മിന്നല്‍ ഗോളുകള്‍. ഇറ്റാലിയന്‍ നഗരമായ ഫ്‌ളോറന്‍സ്‌ ലിവര്‍പൂളുകാര്‍ക്ക്‌ പരിചയമുണ്ടായിരുന്നില്ല. ജാവിയര്‍ മസ്‌കരാനോ എന്ന മധ്യനിരക്കാരന്‍ ലിവര്‍ സംഘത്തിലുണ്ടായിരുന്നില്ല. മധ്യഭാഗത്ത്‌ കളിയെ നിയന്ത്രിക്കാന്‍ ഇതോടെ കഴിയാതെ പോയതായിരുന്നു ലിവറിന്‌ വിനയായത്‌. ആദ്യ ഗോള്‍ ലിവര്‍ ഡിഫന്‍സിന്റെ ആലസ്യത്തില്‍ നിന്നായിരുന്നു. ജോവന്റിക്കിനെ ഓഫ്‌ സൈഡ്‌ കെണിയില്‍ കുരുക്കാമെന്ന്‌ കരുതിയാണ്‌ ഡിഫന്‍സ്‌ നീങ്ങിയത്‌. പക്ഷേ കാര്യമുണ്ടായില്ല. അതിവേഗം സ്ഥാനം മാറിയ താരം ഗോള്‍ക്കീപ്പര്‍ പെപ്പെ റൈനയെ നിസ്സഹായനാക്കി. രണ്ടാം ഗോള്‍ ഗോണ്‍സാലോ വാര്‍ഗസിന്റെ ക്രോസില്‍ നിന്നായിരുന്നു. ഇത്തവണയും ഫിയോ മുന്‍നിരക്കാരന്‍ സ്വതന്ത്രനായിരുന്നു. ഗോള്‍ക്കീപ്പറെയും പ്രതിരോധത്തെയും വേഗതയില്‍ പിറകിലാക്കാന്‍ അദ്ദേഹത്തിനായി. മല്‍സരത്തിന്‌ ശേഷം ക്ഷുഭിതനായി കണ്ട ലിവര്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസ്‌ സ്വന്തം താരങ്ങളെ കുറ്റം പറഞ്ഞില്ല. പക്ഷേ ഇങ്ങനെയൊരു ഗതിക്കേട്‌ ഇനി ഒരിക്കലുണ്ടാവരുതെന്ന്‌ അദ്ദഹം മുന്നറിയിപ്പ്‌ നല്‍കി. ആരാധകരോട്‌ മാപ്പ്‌ ചോദിക്കുകയും ചെയ്‌തു.
റഷ്യയിലെ ചാമ്പ്യന്‍ ക്ലബായ റൂബിന്‍സാന്‍ സ്വന്തം കരുത്താണ്‌ ഇന്റര്‍ മിലാനെതിരെ തെളിയിച്ചത്‌. പതിനൊന്നാം മിനുട്ടില്‍ അലക്‌സാണ്ടറോ ഡൊമിനിഗസ്‌ വഴി അതിമനോഹരമായ ഗോളും ലീഡുമായി അവര്‍ ഇന്ററിനെ വിറപ്പിച്ചിരുന്നു. നാല്‍പ്പത്‌ മീറ്ററോളം പന്തുമായി ഒറ്റക്ക്‌ കുതിച്ചാണ്‌ ഈ അര്‍ജന്റീനക്കാരന്‍ ചാമ്പ്യന്‍ഷിപ്പിലെ തന്നെ ഏറ്റവും മികച്ച സോളോ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഇറ്റാലിയന്‍ ഡിഫന്‍സില്‍ കളിച്ചിരുന്ന ബ്രസീലുകാരന്‍ ലൂസിയോയെയും വാള്‍ട്ടര്‍ സാമുവലിനെയും മോഹിപ്പിച്ചായിരുന്നു ഗോള്‍. ഇറ്റാലിയന്‍ ലീഗില്‍ തപ്പിതടയുകയായിരുന്ന ഇന്ററിന്‌ മുന്‍നിര തന്നെയാണ്‌ ഇത്തവണയും വിനയായത്‌. ഗോളടിക്കാന്‍ മറന്നുപോയ അവസ്ഥയിലായിരുന്നു അവരുടെ സൂപ്പര്‍ താരങ്ങള്‍.
ഗ്രൂപ്പ്‌ ഇയില്‍ നിന്ന്‌ ഫ്രഞ്ചുകാരായ ഒളിംപിക്‌ ലിയോണ്‍ ഹംഗറിയില്‍ നിന്നുള്ള ഡെബ്രിസിനെ കശാപ്പ്‌ ചെയ്‌തു. നാല്‌ ഗോളിനായിരുന്നു ലിയോണിന്റെ വിജയം. ഗ്രൂപ്പ്‌ എഫില്‍ ബാര്‍സിലോണക്ക്‌ മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ മാത്രമുളള കരുത്ത്‌ ഉക്രൈനുകാരായ ഡൈനാമോ കീവിനുണ്ടായിരുന്നില്ല. പ്ലേ മേക്കര്‍ ലയണല്‍ മെസിയുടെ മികവില്‍ ബാര്‍സ പ്രതീക്ഷിച്ച വിജയം നേടി. മെസിയും പെഡ്രോ റോഡ്രിഗസും ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. ഗ്രൂപ്പ്‌ ജിയില്‍ സ്‌പാനിഷുകാരായ സെവിയെ 4-1നാണ്‌ സ്‌ക്കോട്ട്‌്‌ലാന്‍ഡില്‍ നിന്നുമെത്തിയ ഗ്ലാസ്‌കോ റേഞ്ചേഴ്‌സിനെ തകര്‍ത്തത്‌. ആദ്യ പകുതിയില്‍ സെവിയെ ഗോളടിക്കാന്‍ മറന്നിരുന്നു. രണ്ടാം പകുതിയിലെ 24 മിനുട്ടിനിടെയാണ്‌ നാല്‌ ഗോളുകലും അവര്‍ സ്‌ക്കോര്‍ ചെയ്‌തത്‌.

മല്‍സരഫലങ്ങള്‍
ആഴ്‌സനല്‍ 2- ഒളിംപിയാക്കസ്‌ 0, എ.സെഡ്‌ 1- സ്റ്റാന്‍ഡേര്‍ഡ്‌ ലീഗ്‌ 1, ബാര്‍സിലോണ 2- ഡൈനാമോ കീവ്‌ 0, ഡെബ്രിസിന്‍ 0-ലിയോണ്‍ 4, ഫിയോറന്റീന 2- ലിവര്‍പൂള്‍ 0, റേഞ്ചേഴ്‌സ്‌ 1- സെവിയെ 4, റൂബിന്‍ കസാന്‍ 1- ഇന്റര്‍ മിലാന്‍ 1, ഉനിറിയ ഉര്‍സിസനി 1- വി.എഫ്‌.ബി സ്റ്റ്‌ട്ട്‌ഗര്‍ട്ട്‌ 1.

ക്രിക്കറ്റ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ജയിക്കാന്‍ പാക്കിസ്‌താന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌്‌ മോഹമുണ്ടായിരുന്നില്ല. പക്ഷേ അവരുടെ ബൗളര്‍മാര്‍ വിയര്‍ത്തുപൊരുതി. അവസാന പന്ത്‌ വരെ ആവേശം സമ്മാനിച്ച പോരാട്ടത്തില്‍ രണ്ട്‌്‌ വിക്കറ്റിന്റെ വിജയവുമായി ഓസ്‌ട്രേലിയ ഇന്ത്യയെ പിന്തള്ളി ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി സെമിയിലെത്തി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി പാക്കിസ്‌താനും സെമിയിലെത്തി. ഇന്ന്‌ മല്‍സരങ്ങളില്ല. നാളെ ആദ്യ സെമിയില്‍ ഓസ്‌ട്രേലിയ ഗ്രൂപ്പ്‌ ബി രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടുമായി കളിക്കും. പാക്കിസ്‌താന്‍-ന്യൂസിലാന്‍ഡ്‌ രണ്ടാം സെമി ഒക്ടോബര്‍ മൂന്നിന്‌ നടക്കും.
സെഞ്ചൂറിയന്‍ പാര്‍ക്കിലെ പിച്ച്‌ അസ്വാഭാവികമായിരുന്നു പ്രതികരിച്ചത്‌്‌ എന്നത്‌ സത്യം. ചിലപ്പോള്‍ പന്ത്‌ വളരെ താഴ്‌ന്ന്‌ വന്നു. മറ്റ്‌ ചിലപ്പോള്‍ വെട്ടിതിരിഞ്ഞു. ബാറ്റ്‌സ്‌മാന്‌ പന്തിനെ മുന്‍ധാരണയോടെ നേരിടുക പ്രയാസമായിരുന്നു. എങ്കിലും ആദ്യം ബാറ്റ്‌ ചെയ്‌ത പാക്കിസ്‌താന്‌ താരതമ്യേന ഭേദപ്പെട്ട സ്‌ക്കോര്‍ സ്വന്തമാക്കാമായിരുന്നു. അവരതിന്‌ തുനിഞ്ഞില്ല എന്നതാണ്‌ സത്യം. ആറ്‌ വിക്കറ്റിന്‌ 205 റണ്‍സാണ്‌ അവര്‍ നിശ്ചിത അമ്പത്‌ ഓവറില്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ഈ സ്‌ക്കോര്‍ എളുപ്പത്തില്‍ പിന്തുടരാന്‍ പക്ഷേ ഓസ്‌ട്രേലിയക്കായില്ല. നല്ല തുടക്കത്തിന്‌ ശേഷം അവര്‍ തപ്പിതടഞ്ഞു. വാലറ്റം തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ മോഹങ്ങള്‍ പൂവണിയുമെന്ന്‌ തോന്നി. പക്ഷേ ബ്രെട്ട്‌ ലീയും നതാന്‍ ഹൗറിറ്റ്‌സും ചേര്‍ന്ന്‌ ഓസീസ്‌ കപ്പല്‍ പ്രയാസപ്പെട്ടാണെങ്കിലും കരക്കടുപ്പിച്ചു.
പാക്കിസ്‌താനെക്കാള്‍ താല്‍പ്പര്യത്തില്‍ ഈ മല്‍സരത്തെ വീക്ഷിച്ചത്‌ ഇന്ത്യയായിരുന്നു. സെമി സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്‌താന്റെ വിജയമാണ്‌ ഇന്ത്യ ആഗ്രഹിച്ചത്‌. എം.എസ്‌ ധോണി പാക്കിസ്‌താന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഇന്ത്യന്‍ ആരാധകരോട്‌ പറയുകയും ചെയ്‌തിരുന്നു. ഇന്ത്യന്‍ ആരാധകര്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവാം. കൂടുതല്‍ റിസര്‍വ്‌ താരങ്ങള്‍ക്ക്‌ യൂനസ്‌ഖാന്‍ അവസരം നല്‍കിയിരുന്നില്ല. ഓപ്പണര്‍ ഇംറാന്‍ നസീറിന്‌ പകരം മിസ്‌ബാഹുല്‍ ഹഖും സീമര്‍ മുഹമ്മദ്‌ ആമിറിന്‌ പകരം വിവാദ സീമര്‍ മുഹമ്മദ്‌ ആസിഫുമിറങ്ങി. കമറാന്‍ അക്‌മലിനൊപ്പം ഷാഹിദ്‌ അഫ്രീദി ഓപ്പണറായി വന്നപ്പോള്‍ പാക്കിസ്‌താന്റെ ലക്ഷ്യം വലിയ സ്‌ക്കോറാണെന്ന്‌ തോന്നി. പക്ഷേ അഫ്രീദി നല്ല തുടക്കം പാഴാക്കി അച്ചടക്കത്തോടെ പന്തെറിഞ്ഞ മിച്ചല്‍ ജോണ്‍സണ്‌ വിക്കറ്റ്‌ നല്‍കി. പേസും ബൗണ്‍സുമുണ്ടായിരുന്ന പന്തിനെ പ്രഹരിക്കാനുളള അഫ്രീദിയുടെ ശ്രമം പാളി. ജെയിംസ്‌ ഹോപ്‌സ്‌ മികച്ച ക്യാച്ചില്‍ പാക്‌ ഓപ്പണറെ പുറത്താക്കി. വിക്കറ്റ്‌ നേടുന്നതിനേക്കാള്‍ റണ്‍സ്‌ വഴങ്ങാതിരിക്കുന്നതിലായിരുന്നു ജോണ്‍സണെ കൂടാതെ ബ്രെട്ട്‌ ലീയും (1ന്‌ 30), ഷെയിന്‍ വാട്ട്‌സണും (2ന്‌ 32) ശ്രദ്ധിച്ചത്‌. ആകെ ആറ്‌ എക്‌സ്‌ട്രാ റണ്‍സ്‌ മാത്രമാണ്‌ ഓസ്‌ട്രേലിയക്കാര്‍ നല്‍കിയത്‌. സാധാരണ ഗതിയില്‍ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കാറുണ്ട്‌ കമറാന്‍ അക്‌മല്‍. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ പക്ഷേ തളര്‍ന്ന മട്ടായിരുന്നു. പന്തിനെ പ്രവചിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ അദ്ദേഹം 63 പന്തില്‍ നിന്ന്‌ 44 റണ്‍സോടെ മടങ്ങിയത്‌ സ്‌ക്കോര്‍ ബോര്‍ഡിനെ ശരിക്കും ബാധിച്ചു. നായകന്‍ യൂനസ്‌ഖാന്‍ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ശൈലിയിലായിരുന്നു. 49 പന്തില്‍ നിന്ന്‌ 18 റണ്‍സാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌. ഇന്ത്യക്കെതിരെ മിന്നുന്ന സെഞ്ച്വറി സ്വന്തമാക്കിയ ഷുഹൈബ്‌ മാലികും മന്ദഗതിയിലായിരുന്നു. മുഹമ്മദ്‌ യൂസഫിനെയും വേഗത ബാധിച്ചിരുന്നു. താല്‍പ്പര്യമില്ലാത്ത ബാറ്റിംഗ്‌ പോലെയായിരുന്നു കാര്യങ്ങള്‍. ഓസീസ്‌ ബൗളര്‍മാരാവട്ടെ ഒരു തരത്തിലും വിട്ടുകൊടുത്തതുമില്ല. ഹോപ്‌സിന്റെ പന്തില്‍ മാലിക്‌ നേടിയ സിക്‌സറാണ്‌ ഇടക്ക്‌ ഗ്യാലറികളെ ഉണര്‍ത്തിയത്‌.
വിക്കറ്റുകള്‍ കൈവശമിരിക്കെ അവസാനത്തില്‍ പാക്കിസ്‌താന്‍ തകര്‍ക്കുമെന്നാണ്‌ പ്രതീക്ഷിച്ചത്‌. അതുമുണ്ടായില്ല. അവസാന അഞ്ച്‌ ഓവറുകളില്‍ അവര്‍ ബാറ്റിംഗ്‌ പവര്‍ പ്ലേ തെരഞ്ഞെടുത്തു. ഈ ഘട്ടത്തിലും സ്‌ക്കോര്‍ബോര്‍ഡ്‌ കാര്യമായി ചലിച്ചില്ല.
207 റണ്‍സിലേക്ക്‌ വളരെ തിടുക്കമില്ലാതെയാണ്‌ ഓസ്‌ട്രേലിയ അടുത്തത്‌. ആദ്യ വിക്കറ്റില്‍ ഷെയിന്‍ വാട്ട്‌സണും ടീം പെയിനെയും ചേര്‍ന്ന്‌ 44 റണ്‍സ്‌ നേടി. ഇന്ത്യക്കെതിരായ മല്‍സരത്തില്‍ അക്കൗണ്ട്‌ തുറക്കാന്‍ കഴിയാതിരുന്ന വാട്ട്‌സണ്‍ അഞ്ച്‌ ബൗണ്ടറികള്‍ സ്വന്തമാക്കി. 22 പന്തില്‍ നിന്ന്‌ 24 റണ്‍സ്‌ നേടിയാണ്‌ അദ്ദേഹം പുറത്തായത്‌. ഉമര്‍ ഗുലിനായിരുന്നു വുക്കറ്റ്‌. പിറകെ പെയിനെയും മടങ്ങി. ഷാഹിദ്‌ അഫ്രീദിയുടെ ലെഗ്‌ സ്‌പിന്നില്‍ വിക്കറ്റ്‌ കീപ്പര്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങുകയായിരുന്നു. രണ്ടാം വിക്കറ്റ്‌ വിഴുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 59 റണ്‍സായിരുന്നു. ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗും മൈക്‌ ഹസിയും ക്രീസില്‍ ഒരുമിച്ചത്‌ വ്യക്തമായ ലക്ഷ്യത്തിലായിരുന്നു. അമിതാക്രമണത്തിന്‌ മുതിരാതെയാണ്‌ പോണ്ടിംഗ്‌ കളിച്ചത്‌. 64 പന്തുകളില്‍ ഒരു ബൗണ്ടറി മാത്രം. പക്ഷേ ഹസി ഫോമിലായിരുന്നു. നേരിട്ട ആദ്യ പന്ത്‌ തന്നെ അതിര്‍ത്തി കടത്തി ഇടം കൈയ്യനാണ്‌ ഓസീസ്‌ ഇന്നിംഗ്‌സിന്‌ ദിശ നല്‍കിയത്‌. പോണ്ടിംഗ്‌്‌ നിര്‍ണ്ണായക ഘട്ടത്തില്‍ പുറത്തായത്‌ സ്‌ക്കോറിംഗിനെ ബാധിച്ചു.
പോണ്ടിംഗ്‌ പുറത്തായതിന്‌ പിറകെ 64 റണ്‍സുമായി ഹസി മടങ്ങിയത്‌ ചെറിയ തകര്‍ച്ചക്ക്‌ കാരണമായി. ഫെര്‍ഗൂസണ്‍ (7), ക്രെയിഗ്‌ വൈറ്റ്‌ (5), ജെയിംസ്‌ ഹോപ്‌സ്‌ (1) എന്നിവരാണ്‌ വേഗം പുറത്തായത്‌. പിന്നെ ജോണ്‍സണിലും ബ്രെട്ട്‌ ലീയിലും സമ്മര്‍ദ്ദമായി. ഈ ഘട്ടത്തില്‍ മല്‍സരം ഇന്ത്യന്‍ ആരാധകരിലും താല്‍പ്പര്യമുണര്‍ത്തി. മുഹമ്മദ്‌ ആസിഫും റാണ നവിദും ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അവസരങ്ങള്‍ നല്‍കിയില്ല. പക്ഷേ അവസാനം വരെ പൊരുതിയ ബ്രെട്ട്‌ ലീ അവസാന പന്തില്‍ ടീമിന്‌ രണ്ട്‌ വിക്കറ്റിന്റെ വിജയമൊരുക്കി.
സ്‌ക്കോര്‍ബോര്‍ഡ്‌
പാക്കിസ്‌താന്‍: കമറാന്‍ അക്‌മല്‍-ബി-വാട്ട്‌സണ്‍-44, ഷാഹിദ്‌ അഫ്രീദി-സി-ഹോപ്‌സ്‌-ബി-ജോണ്‍സണ്‍-15, യൂനസ്‌ഖാന്‍-സി-ജോണ്‍സണ്‍-ബി-ഹോപ്‌സ്‌-18, ഷുഹൈബ്‌ മാലിക്‌-സി-പോണ്ടിംഗ്‌-ബി-ജോണ്‍സണ്‍-27, മുഹമ്മദ്‌ യൂസഫ്‌-സി-വൈറ്റ്‌-ബി-ലീ-45, മിസ്‌ബാഹ്‌-ഹിറ്റ്‌ വിക്കറ്റ്‌-ബി-വാട്ട്‌സണ്‍-41, ഉമര്‍ അക്‌മല്‍-നോട്ടൗട്ട്‌-2, റാണ നവീദ്‌-നോട്ടൗട്ട്‌-7, എക്‌സ്‌ട്രാസ്‌ 6, ആകെ ആറ്‌ വിക്കറ്റിന്‌ 205. വിക്കറ്റ്‌ പതനം: 1-30 (അഫ്രീദി), 2-75 (അക്‌മല്‍), 3-89 (യൂനസ്‌), 4-123 (മാലിക്‌), 5-186 (യൂസഫ്‌), 6-198 (മിസ്‌ബാഹ്‌). ബൗളിംഗ്‌: ലീ 10-0-30-1, സിഡില്‍ 5-0-24-0, ജോണ്‍സണ്‍ 10-0-45-2, വാട്ട്‌സണ്‍ 8-0-32-2, ഹോപ്‌സ്‌ 10-0-50-1, ഹൗറിറ്റ്‌സ്‌ 7-1-24-0.
ഓസ്‌ട്രേലിയ: വാട്ട്‌സണ്‍-സി-അക്‌മല്‍-ബി-ഗുല്‍-24, പെയിനെ -എല്‍.ബി.ഡബ്ല്യൂ-ബി-അഫ്രീദി-29, പോണ്ടിംഗ്‌-സി-ഗുല്‍-ബി-മാലിക്‌-32, മൈക്‌്‌ ഹസി-ബി-റാണ നവീദ്‌-64, ഫെര്‍ഗൂസണ്‍-ബി-അജ്‌മല്‍-7, വൈറ്റ്‌-ബി-ആസിഫ്‌-5, ഹോപ്‌സ്‌-സി-യൂനസ്‌-ബി-ആസിഫ്‌-1, ജോണ്‍സണ്‍-ബി-അജ്‌മല്‍-9, ബ്രെട്ട്‌ ലീ-നോട്ടൗട്ട്‌-12, ഹൗറിറ്റ്‌സ്‌-നോട്ടൗട്ട്‌-9, എക്‌സ്‌ട്രാസ്‌-9, ആകെ എട്ട്‌ വിക്കറ്റിന്‌ 206. വിക്കറ്റ്‌ പതനം: 1-44 (വാട്ട്‌സണ്‍), 2-59 (പെയിനെ), 3-140 (പോണ്ടിംഗ്‌), 4-157 (ഫെര്‍ഗൂസണ്‍), 5-174 (ഹസി), 6-175 (ഹോപ്‌സ്‌), 7-176 (വൈറ്റ്‌), 8-187 (മിച്ചല്‍). ബൗളിംഗ്‌: ഗുല്‍ 9-1-38-1, ആസിഫ്‌ 8-0-34-2, അഫ്രീദി 10-0-47-1, റാാണ നവീദ്‌ 9-2-39-1, അജ്‌മല്‍ 10-1-31-2,മാലിക്‌ 4-0-16-1.

ഇന്ത്യന്‍ മോഹം വിഫലം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: രാവിലെ മുതല്‍ ടെലിവിഷന്‌ മുന്നിലായിരുന്നു ഇന്ത്യന്‍ താരങ്ങള്‍. സ്‌റ്റാര്‍ ക്രിക്കറ്റില്‍ പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ മല്‍സരം നടക്കുന്നതിനിടെയാണ്‌ ഉച്ചതിരിഞ്ഞ്‌ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി വിന്‍ഡീസിനെതിരെ ടോസിനിറങ്ങിയത്‌. പാക്കിസ്‌താനെ ഓസ്‌ട്രേലിയ ചെറിയ സ്‌ക്കോറില്‍ നിയന്ത്രിച്ചപ്പോള്‍ ധോണിയുടെ മുഖം വാടിയിരുന്നു. ഭക്ഷ്യവിഷ ബാധ കാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ കളിക്കാന്‍ കഴിയില്ല എന്ന റിപ്പോര്‍ട്ടും വന്നപ്പോള്‍ ഇന്ത്യക്ക്‌ വിന്‍ഡീസ്‌ മല്‍സരം ചടങ്ങ്‌ മാത്രമാവുമെന്ന്‌ തോന്നി. പക്ഷേ പാക്കിസ്‌താന്‍ ബൗളര്‍മാര്‍ ഓസീസ്‌ ബാറ്റിംഗ്‌ നിരയിലുടെ കയറിയിറങ്ങിയപ്പോള്‍ പ്രതീക്ഷകള്‍ തിരികെ വന്നു. വിന്‍ഡീസിനെതിരെ ബൗള്‍ ചെയ്യുമ്പോള്‍ ഓരോ ഓവറിലും സെഞ്ചൂിയനിലെ റിപ്പോര്‍ട്ടുകള്‍ ധോണിക്ക്‌ ലഭിക്കുന്നുണ്ടായിരുന്നു. വിന്‍ഡീസ്‌ ഇന്നിംഗ്‌സ്‌ 129 ല്‍ ഇന്ത്യ ചുരുട്ടികെട്ടിയപ്പോള്‍ സെഞ്ചൂറിയനില്‍ എട്ട്‌്‌ ഓസീസ്‌ വിക്കറ്റുകള്‍ നിലംപൊത്തിയിരുന്നു. ഭക്ഷണത്തിന്‌ പോലും നില്‍ക്കാതെ ധോണിയും സംഘവും ടെലിവിഷന്‌ മുന്നില്‍ നിലയുറപ്പിച്ചു. സെഞ്ചൂറിയനില്‍ ഉമര്‍ ഗുല്‍ അവസാന ഓവര്‍ എറിയുന്നു. ഓസീസിന്‌ ജയിക്കാന്‍ അഞ്ച്‌ റണ്‍.... ലീയും നതാന്‍ ഹൗറിറ്റ്‌സും ചേര്‍ന്ന്‌ ഓസീസിന അവസാന പന്തില്‍ കരകയറ്റിയ നിമിഷത്തില്‍ ഇന്ത്യന്‍ മുഖങ്ങള്‍ കറുത്തു.... ഓസ്‌ട്രേലിയയും പാക്കിസ്‌താനും സെമിയിലെത്തിയ സത്യത്തോട്‌ ധോണി താദാത്മ്യം പ്രാപിക്കുന്നതിനിടെ ക്രിസില്‍ ഇന്ത്യയുടെ രണ്ട്‌്‌ വിക്കറ്റുകള്‍ നിലം പൊത്തിയിരുന്നു. ഗൗതം ഗാംഭീറും രാഹുല്‍ ദ്രാവിഡും പുറത്ത്‌......
മെച്ചപ്പെട്ട പ്രകടനമാണ്‌ ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയത്‌. നെഹ്‌റയും പ്രവീണ്‍ കുമാറും പിച്ചില്‍ നിന്നുളള പിന്തുണ ഉപയോഗപ്പെടുത്തിയപ്പോള്‍ ധോണിയും ബൗളറായി. ഒരു വിക്കറ്റ്‌ നേടുകയും ചെയ്‌തു.
പരിചയമില്ലാത്ത വിന്‍ഡീസ്‌ ബാറ്റ്‌സ്‌മാന്മാര്‍ ഒന്നിന്‌ പിറകെ ഒന്നായി കൂടാരം കയറിയപ്പോള്‍ ഇന്ത്യക്ക്‌ കാര്യങ്ങള്‍ എളുപ്പമായിരുന്നു. സച്ചിനും ഇഷാന്തും പുറത്തിരുന്നപ്പോള്‍ ഇന്ത്യന്‍ സംഘത്തില്‍ അഭിഷേക്‌ നായര്‍ക്ക്‌ അവസരം കിട്ടി. പ്രവീണ്‍ എറിഞ്ഞ ആദ്യ ഓവര്‍ മനോഹരമായിരുന്നു. മൂന്ന്‌ ഔട്ട്‌്‌ സ്വിംഗറുകള്‍, രണ്ട്‌ ഇന്‍സ്വിംഗറുകള്‍, അവസാന പന്തില്‍ വിക്കറ്റും. നാലം ഓവറിലാണ വിന്‍ഡീസിന്‌ ബൗണ്ടറി നേടാനായത്‌. ആദ്യ എട്ട്‌ ഓവറുകള്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ മൂന്ന്‌ വിക്കറ്റിന്‌ 27 റണ്‍സായിരുന്നു. പതിനേഴാം ഓവറിലാണ്‌ ധോണി തന്റെ കീപ്പിംഗ്‌ ഗ്ലൗസുകള്‍ ദിനേശ്‌ കാര്‍ത്തിക്കിന്‌ നല്‍കി ബൗളറായി മാറിയത്‌. നെറ്റ്‌സില്‍ ധാരാളം പന്തെറിയാറുള്ള ധോണിയുടെ ആദ്യ രണ്ട്‌ പന്തുകള്‍ അതിര്‍ത്തി കടന്നു. എന്നാല്‍ നാലാം പന്തില്‍ വിക്കറ്റ്‌....
ആറാം വിക്കറ്റില്‍ ഡേവിഡ്‌ ബെര്‍നാര്‍ഡും ഡാരന്‍ സാമിയും ചേര്‍ന്ന്‌ നേടിയ 32 റണ്‍സ്‌ മാറ്റിനിര്‍ത്തിയാല്‍ വിന്‍ഡീസ്‌ ഇന്നിംഗ്‌സില്‍ കൂട്ടുകെട്ടുകളുണ്ടായിരുന്നില്ല.

ഭക്ഷ്യവിഷബാധ
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: പരുക്കില്‍ തളര്‍ന്ന ഇന്ത്യക്ക്‌ ഇന്നലെ അവസാന മല്‍സരത്തിലും ദുരന്തം... ഭക്ഷ്യ വിഷബാധ കാരണം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌ കളിക്കാന്‍ കഴിഞ്ഞില്ല. വിരേന്ദര്‍ സേവാഗ്‌, സഹീര്‍ഖാന്‍, യുവരാജ്‌ സിംഗ്‌ എന്നിവര്‍ പരുക്ക്‌ കാരണം നേരത്തെ തന്നെ പുറത്തായിരുന്നു. ഇന്നലെ സച്ചിന്‌ പകരം ദിനേശ്‌ കാര്‍ത്തിക്കിനാണ്‌ ഇന്ത്യ അവസരം നല്‍കിയത്‌.
ഇംഗ്ലീഷ്‌ നിരാശ
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20 ഫുട്‌ബോളില്‍ ഇംഗ്ലണ്ട്‌ നിരാശപ്പെടുത്തി. ഗ്രൂപ്പ്‌ ഡിയിലെ ആദ്യ മല്‍സരത്തില്‍ ഉറുഗ്വേയോട്‌ പരാജയപ്പെട്ട ഇംഗ്ലണ്ട്‌ ഇന്നലെ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തോല്‍വിയോടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായി. ഘാനയാണ്‌ ഇംഗ്ലണ്ടിനെ നാല്‌ ഗോളിന്‌ മുക്കിയത്‌. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഉറുഗ്വേ മൂന്ന്‌ ഗോളിന്‌ ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ചു. ഗ്രൂപ്പ്‌ സിയിലെ മല്‍സരങ്ങളില്‍ അമേരിക്ക 4-1 ന്‌ കാമറൂണിനെ തോല്‍പ്പിച്ചപ്പോള്‍ കൊറിയയും ജര്‍മനിയും തമ്മിലുളള മല്‍സരം 1-1 ല്‍ അവസാനിച്ചു. ഇന്ന്‌ ഗ്രൂപ്പ്‌ എ യില്‍ ട്രിനിഡാഡ്‌ ടുബാഗോ പരാഗ്വേയുമായും ഇറ്റലി ആതിഥേയരായ ഈജിപ്‌തുമായും കളിക്കും. ഗ്രൂപ്പ്‌ ബിയിലും ഇന്ന്‌ രണ്ട്‌്‌ മല്‍സരങ്ങളുണ്ട്‌. വെനിസ്വേല സ്‌പെയിനുമായി കളിക്കുമ്പോള്‍ താഹിതിക്ക്‌ മുന്നില്‍ നൈജീരിയ വരും.

സക്കോര്‍ബോര്‍ഡ്‌
വിന്‍ഡീസ്‌: ഫ്‌ളെച്ചര്‍-സി-ദ്രാവിഡ്‌-ബി-പ്രവീണ്‍-0, പവല്‍-സി-ധോണി-ബി-നെഹ്‌റ-5, സ്‌മിത്ത്‌-സി-ധോണി-ബി-നെഹ്‌റ-21, ഡൗണ്‍ലിന്‍-ബി-ധോണി-14, റൈഫര്‍-സി-കാര്‍ത്തിക്‌-ബി-പ്രവീണ്‍-1, ബെര്‍നാര്‍ഡ്‌-സി-ദ്രാവിഡ്‌-ബി-മിശ്ര-22, സാമി-സി-മിശ്ര-ബി-നെഹ്‌റ-23, കാര്‍ഡന്‍-ബി-ഹര്‍ഭജന്‍--5, മില്ലര്‍-നോട്ടൗട്ട്‌-17, റോച്ചെ-സി-ഗാംഭിര്‍-ബി-ഹര്‍ഭജന്‍-4, ടോംഗെ- സി ആന്‍ഡ്‌ ബി-പ്രവീണ്‍-5, എക്‌സ്‌ട്രാസ്‌ 12, ആകെ 36 ഓവറില്‍ 129. വിക്കറ്റ്‌ പതനം: 1-0 (ഫ്‌ളെച്ചര്‍), 2-26 (പവല്‍ ), 3-27 (സ്‌മിത്ത്‌), 4-31 (റൈഫര്‍), 5-57 (ഡൗണ്‍ലിന്‍), 6-89 (ബെര്‍നാര്‍ഡ്‌), 7-99 (സാമി), 8-102 (കാര്‍ഡന്‍), 9-122 (റോച്ചെ), 10-129 (ടോംഗെ). ബൗളിംഗ്‌: പ്രവീണ്‍ 9-3-22-3, നെഹ്‌റ 8-1-31-3, അഭിഷേക്‌ 3-0-17-0, ധോണി 2-0-14-1, ഹര്‍ഭജന്‍ 8-2-14-2, അമിത്‌ മിശ്ര 6-0-27-1.

ഇന്ത്യ:

ഇന്ന്‌ തുടക്കം
മുംബൈ: കൂപ്പറേജ്‌ സ്റ്റേഡിയത്തിലെ മഹീന്ദ്ര യുനൈറ്റഡ്‌- ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മല്‍സരത്തിലൂടെ ഐ ലീഗ്‌ ഫുട്‌ബോളിന്‌ ഇന്ന്‌ തുടക്കം. സീസണില്‍ രണ്ട്‌ കിരീടം സ്വന്തമാക്കിയവരായ ചര്‍ച്ചിലിനാണ്‌ മല്‍സരത്തില്‍ മുന്‍ത്തൂക്കം കല്‍പ്പിക്കപ്പെടുന്നത്‌. പക്ഷേ ആദ്യ ഹോം മല്‍സരത്തില്‍ നിരാശപ്പെടുത്തില്ലെന്ന്‌ മഹീന്ദ്ര ഉറപ്പ്‌ നല്‍കുന്നുണ്ട്‌. സീ സ്‌പോര്‍ട്‌സില്‍ മല്‍സരം വൈകീട്ട്‌ നാല്‌ മുതല്‍ തല്‍സമയം.

No comments: