
പങ്കജ് ലോക ചാമ്പ്യന്‍
മുംബൈ: ഇന്ത്യന്‍ കായിക ലോകത്തിന് സുവര്‍ണ്ണകാലം...! ഫോര്‍മുല വണിലും നെഹ്‌റു കപ്പ് ഫുട്‌ബോളിലും ലോക യൂത്ത് വോളിയിലും മികവ് കാട്ടിയ ഇന്ത്യക്കിന്നലെ ബില്ല്യാര്‍ഡ്‌സ് ദിനമായിരുന്നു. ബ്രിട്ടനിലെ ലീഡ്‌സില്‍ നടന്ന ലോക പ്രൊഫഷണല്‍ ബില്ല്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സുവര്‍ണ്ണതാരം പങ്കജ് അഡ്വാനി കിരീടം സ്വന്തമാക്കി. ഒമ്പത് തവണ കിരീടം സ്വന്തമാക്കിയ ലോക ജേതാവ് മൈക് റസലിനെയാണ് അഡ്വാനി നിര്‍ണ്ണായക ഫൈനലില്‍ തോല്‍പ്പിച്ചത്. സ്‌ക്കോര്‍ 2020-1253. ഇടവേള സമയത്ത് എണ്ണൂറിലധികം പോയന്റിന് മുന്നിലായിരുന്നു ഇന്ത്യന്‍ താരം.
139 വര്‍ഷം പഴക്കമുളള ലോകത്തെ ഏറ്റവും പഴക്കം ചെന്ന ബില്ല്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കാരന്റെ കിരീടനേട്ടം ഇത് രണ്ടാം തവണയാണ്. 2006 ല്‍ ഗിത് സേഥി ഈ കിരീടം സ്വന്തമാക്കിയിരുന്നു. 27 കാരനായ അഡ്വാനി ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കത്തില്‍ ആധികാരികമായി മുന്നേറിയിരുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പിന് ഒരാഴ്‌ച്ച മുമ്പ്‌് യോര്‍ക്ക്‌ഷെയറില്‍ നടന്ന ഇ.ബി.ഒ.എസ് ചാമ്പ്യന്‍ഷിപ്പില്‍ റോക്‌സ്‌റ്റണ്‍ ചാപ്‌മാന് മുന്നില്‍ ഇന്ത്യന്‍ താരം പരാജയപ്പെട്ടപ്പോള്‍ മുന്നോട്ടുള്ള പാത ദുഷ്‌ക്കരമായിരുന്നു. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ മുംബൈക്കാരന്‍ ഫോമിലെത്തി. പ്രൊഫഷണല്‍ ബില്ല്യാര്‍ഡ്‌സ് രംഗത്തെ ആദ്യ ലോക നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും രാജ്യത്തിന് ഈ വലിയ കിരീടം സമ്മാനിക്കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തി അഡ്വാനിക്കൊപ്പം സേഥിയുമുണ്ടായിരുന്നു. എന്നാല്‍ സേഥിയെ തോല്‍പ്പിച്ചാണ് റസല്‍ ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയത്.
മാനസികമായി നടത്തിയ മുന്നൊരുക്കമാണ് ശക്തനായ പ്രതിയോഗിയെ പരാജയപ്പെടുത്താന്‍ അഡ്വാനിയെ സഹായിച്ചത്. അദ്ദേഹത്തിന്റെ ഒ.എന്‍.ജി.സി സഹതാരമായ ധ്രുവ് സിത്‌വാല നല്‍കിയ പിന്തുണയും കരുത്തുറ്റതായി. ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച അഡ്വാനിയെ രാഷ്‌ട്രപതി പ്രതിഭാ പാട്ടില്‍ അഭിനന്ദിച്ചു. പങ്കജ് അഡ്വാനി ലോക കിരീടം സ്വന്തമാക്കിയെന്നത് മാത്രമല്ല ഈ പട്ടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹമെന്നത് കൂടുതല്‍ അഭിമാനത്തിന് വക നല്‍കുന്നതായി രാഷട്രപതി പറഞ്ഞു.
പതിനൊന്നാം വയസ്സ് മുതല്‍ അഡ്വാനി മല്‍സര രംഗത്തുണ്ട്. തുടക്കത്തില്‍ തന്നെ പരാജയപ്പെടുത്തിയത് മൂത്ത സഹോദരന്‍ ശ്രീയെയായിരുന്നു. 1997 ലായിരുന്നു ഈ നേട്ടം. ബാംഗ്ലൂരില്‍ നടന്ന ബി.എസ് സമ്പത്ത് മെമ്മോറിയല്‍ ചാമ്പ്യന്‍ഷിപ്പിലെ നേട്ടത്തെ തുടര്‍ന്ന് കര്‍ണ്ണാടക സംസ്ഥാന ബില്ല്യാര്‍ഡ്‌സ് അസോസിയേഷന്‍ സ്വന്തമായി അഡ്വാനിക്ക് കോച്ചിനെ തന്നെ നല്‍കി. തുടര്‍ന്ന് ഇന്ത്യ ദര്‍ശിച്ച മികച്ച ബില്ല്യാര്‍്‌ഡ്‌സ്-സ്‌നൂക്കര്‍ താരമായിരുന്ന അരവിന്ദ് സാവൂര്‍ അഡ്വാനിയെ പരിശീലിക്കാനെത്തി. ഈ രണ്ട് പരിശീലകരുടെ പിന്തുണയാണ് ചെറിയ പ്രായത്തില്‍ തന്നെ അഡ്വാനിക്ക് കരുത്തായത്. 2003 ലാണ് അഡ്വാനിയുടെ നാമം ലോകം അറിയുന്നത്. ആ വര്‍ഷം നടന്ന ഐ.ബി.എസ്.എഫ് ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ (അമേച്വര്‍) അദ്ദേഹം കിരീടം സ്വന്തമാക്കിയിരുന്നു. ഐ.ബി.എസ്.എഫ് ലോക ബില്ല്യാര്‍ഡ്‌സ് (അമേച്വര്‍) ) കിരീടവും അഡ്വാനി നേടിയതോടെ ബാംഗ്ലൂര്‍കാരനെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.
അഡ്വാനി ലോക കിരീടം സ്വന്തമാക്കിയ വാര്‍ത്ത സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ചാണ് അദ്ദേഹത്തിന്റെ ആദ്യകാല പരിശീലകന്‍ സാവൂര്‍ അറിഞ്ഞത്. സത്യമായി പറഞ്ഞാല്‍ തനിക്ക് ആ നേട്ടത്തെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ലെന്ന്‌് അദ്ദേഹം പറഞ്ഞു. ആധുനിക യുഗത്തിലെ ഏറ്റവും മികച്ച ബില്ല്യാര്‍ഡ്‌ഡ് താരമാണ് മൈക് റസല്‍. അദ്ദേഹത്തെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോല്‍പ്പിക്കുക എളുപ്പമല്ല. ലോക കിരീടം നേടിയതിനേക്കാള്‍ തന്നെ ഇപ്പോഴും അല്‍ഭുതപ്പെടുത്തുന്നത് അഡ്വാനി റസലിനെ തോല്‍പ്പിച്ചതിലാണ്-കോച്ചിന്റെ വാക്കുകള്‍. ഗീത് സേഥിയെ നിരന്തരം തോല്‍പ്പിച്ചാണ് അഡ്വാനി ലോകതലത്തില്‍ ഖ്യാതി നേടിയത്. എന്നാലും സേഥിയെ തോല്‍പ്പിക്കുന്ന മികവില്‍ റസലിനെ പോലെ ഒരാളെ വീഴ്‌ത്താന്‍ കഴിയുമെന്ന് സവൂര്‍ കരുതിയിരുന്നില്ല. രാജ്യാന്തര തലത്തില്‍ തുടക്കത്തില്‍ നല്ല മികവ് പ്രകടിപ്പിച്ച ശേഷം ഇടക്കാലയളവില്‍ ആ ഫോം നിലനിര്‍ത്താന്‍ അഡ്വാനിക്ക് കഴിഞ്ഞിരുന്നില്ലെന്ന് സവൂര്‍ പറഞ്ഞു. അതിന് പ്രധാന കാരണം ലോക തലത്തില്‍ മല്‍സരങ്ങള്‍ കുറഞ്ഞതായിരുന്നെന്നും സവൂര്‍ പറഞ്ഞു.
യുവ പോരാളി
ബാംഗ്ലൂര്‍: 1985 ല്‍ മഹാരാഷ്‌ട്രയിലെ പൂനെയില്‍ ജനിച്ച പങ്കജ് അഡ്വാനിയുടെ അങ്കത്തട്ട് ചെറുപ്പം മുതല്‍ ഉദ്യാന നഗരമായ ബാംഗ്ലൂരായിരുന്നു. കര്‍ണ്ണാടക സംസഥാന ബില്ല്യാര്‍ഡ്‌സ് അസോസിയേഷന്‍ നല്‍കിയ ശക്തമായ പിന്തുണയിലാണ് അദ്ദേഹം വളര്‍ന്നത്. ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹത്തിന് വലിയ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് സംസ്ഥാന അസോസിയേഷന്‍ നല്‍കിയ പിന്തുണയിലാണ്. 2003ല്‍ ചൈനയില്‍ നടന്ന ഐ.ബി.എസ്.എഫ് ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ അഡ്വാനി കിരീടം നേടിയപ്പോള്‍ ഇന്ത്യ അല്‍ഭുതപ്പെട്ടു. മാള്‍ട്ടയില്‍ 2005 ല്‍ നടന്ന ഐ.ബി.എസ്.എഫ് ലോക ബില്ല്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പിലും അഡ്വാനി ഒന്നാമനായി. നാട്ടുകാരനായ ദേവേന്ദ്ര ജോഷിയെ തോല്‍്‌പ്പിച്ചായിരുന്നു ആ നേട്ടം. ബാംഗ്ലൂരില്‍ ചെറിയ പ്രായം മുതല്‍ അഡ്വാനിക്ക് പരിശീലനം നല്‍കിയ അരവിന്ദ് സവൂറിനോടാണ് സൂപ്പര്‍ താരത്തിന് കടപ്പാട്. പത്ത് വര്‍ഷത്തോളം സവൂറിന് കിഴീലായിരുന്നു അഡ്വാനി. 2005 ല്‍ ഐ.ബി.എസ്.എഫ് ലോക സ്‌നൂക്കര്‍ കിരീടവും ബില്ല്യാര്‍ഡ്‌സ് കിരീടവും സ്വന്തമാക്കി അപൂര്‍വ്വ ലോക റെക്കോര്‍ഡിന് ഉടമയായ അഡ്വാനി 2008 ല്‍ സ്വന്തം നാട്ടില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നടന്നപ്പോഴും ആ ഡബിള്‍ ആവര്‍ത്തിച്ചു. 2006 ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന് ഇംഗ്ലീഷ് ബില്ല്യാര്‍ഡ്‌സ് സിംഗിള്‍സില്‍ സ്വര്‍ണ്ണം സമ്മാനിച്ച അഡ്വാനിയെ 2005 ല്‍ തന്നെ കായിക ഇന്ത്യ രാജീവ് ഗാന്ധി ഖേല്‍രത്‌ന നല്‍കി ആദരിച്ചിരുന്നു.മാള്‍ട്ടയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലെ ഇരട്ട നേട്ടത്തിനായിരുന്നു രാജ്യത്തെ പരമോന്നത കായിക പുരസ്‌ക്കാരം നല്‍കിയത്. 2009 ല്‍ പത്മശ്രീയും അദ്ദേഹത്തിന് നല്‍കി. ഇപ്പോഴിതാ പ്രൊഫഷണല്‍ ബില്ല്യാര്‍ഡ്‌സ് രംഗത്തെ ഏറ്റവും വലിയ കിരീടവും അഡ്വാനി നേടിയിരിക്കുന്നു.
ബ്രസീലിനൊപ്പം ആരെല്ലാം
ലണ്ടന്‍: ലാറ്റിനമേരിക്കയില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന് യോഗ്യത സ്വന്തമാക്കിയിരിക്കുന്ന ആദ്യ ടീമാണ് ബ്രസീല്‍. അഞ്ച് തവണ ലോക കിരീടം സ്വന്തമാക്കിയ ബ്രസീലിനൊപ്പം വന്‍കരയില്‍ നിന്ന് മറ്റ് മൂന്ന് ടീമുകള്‍ക്ക് കൂടി അവസരമുണ്ട്. മൂന്ന് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ ബ്രസീല്‍ 30 പോയന്റാണ് നേടിയിരിക്കുന്നത്. തൊട്ട് പിറകെ 27 പോയന്റുമായി ചിലിയും പരാഗ്വേയുമുണ്ട്. ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ ചിലിയാണ് രണ്ടാമത്. പരാഗ്വേ മൂന്നാമതും. ഈ രണ്ട് ടീമുകള്‍ക്കും ഇനി മൂന്ന് മല്‍സരങ്ങള്‍ കളിക്കാനുണ്ട്. ഇതില്‍ ഒരു മല്‍സരം ജയിച്ചാല്‍ ഫൈനല്‍ റൗണ്ട് ഉറപ്പാണ്. നാലാം സ്ഥാനത്ത് നില്‍ക്കുന്നത് ഡിയാഗോ മറഡോണയുടെ അര്‍ജന്റീനയാണ്. 22 പോയന്റാണ് അവര്‍ക്കുളളത്. മൂന്ന് മല്‍സരങ്ങള്‍ ബാക്കിനില്‍ക്കുന്നു. ഈ മൂന്ന് മല്‍സരങ്ങളിലും ജയിച്ചാല്‍ അര്‍ജന്റീനക്കും ടിക്കറ്റുറപ്പാണ്. പക്ഷേ മൂന്ന് മല്‍സരങ്ങളില്‍ രണ്ടും എവേ അങ്കങ്ങളാണ് എന്നത് മറഡോണയെ കുഴക്കുന്നുണ്ട്. 20 പോയന്റ്‌് വീതം നേടി കൊളംബിയയും ഇക്വഡോറും അര്‍ജന്റീനക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഉറുഗ്വേ, വെനിസ്വേല എന്നിവര്‍ക്ക് 18 പോയന്റുണ്ട്. ബൊളിവിയ 12 ഉം, പെറു 10 ഉം പോയന്റാണ് നേടിയിരിക്കുന്നത്. ഇവര്‍ക്ക്‌് സാധ്യതയില്ല.
വന്‍കരയില്‍ നിന്ന് അഞ്ചാം സ്ഥാനം നേടുന്നവര്‍ക്ക് പ്ലേ ഓഫ് സാധ്യതയുണ്ട്. ഓഷ്യാനയിലെ ചാമ്പ്യന്മാരുമായാണ് പ്ലേ ഓഫ് വരുക.
ലാറ്റിനമേരിക്കയില്‍ അടുത്ത റൗണ്ട് മല്‍സരങ്ങള്‍ നാളെയാണ് നടക്കുന്നത്. അന്ന് അഞ്ച് മല്‍സരങ്ങളുണ്ട്. ഇതില്‍ അസുന്‍സിയോണില്‍ നടക്കുന്ന പരാഗ്വേ-അര്‍ജന്റീന മല്‍സരമാണ് പ്രധാനം. അസുന്‍സിയോണ്‍ പരാഗ്വേക്കാരുടെ പ്രിയ വേദിയാണ്. ഇവിടെ നടന്ന മല്‍സരങ്ങളിലൊന്നും അവര്‍ തോറ്റ ചരിത്രമില്ല. പക്ഷേ മറഡോണക്കും സംഘത്തിനും ഇവിടെ തോല്‍വി മരണത്തിന് തുല്യമാവും. സാല്‍വഡോറില്‍ നടക്കുന്ന ബ്രസീല്‍-ചിലി മല്‍സരത്തിലും മറഡോണ കണ്ണ് വെക്കും. കാരണം ഇവിടെ ചിലി തോറ്റാല്‍ അത് ചിലപ്പോള്‍ അര്‍ജന്റീനക്ക് തുണയാവും. മോണ്ടിവീഡിയോയില്‍ നടക്കുന്ന ഉറുഗ്വേ-കൊളംബിയ മല്‍സരത്തിലേക്കും അര്‍ജന്റീന നോക്കേണ്ടി വരും. അര്‍ജന്റീന തോല്‍ക്കുന്ന പക്ഷം ഉറുഗ്വേ-കൊളംബിയ മല്‍സര വിജയികള്‍ക്ക് സാധ്യത വര്‍ദ്ധിക്കും.
ഒക്ടോബറിലാണ് അടുത്ത റൗണ്ട് മല്‍സരങ്ങള്‍. പത്താം തിയ്യതി നടക്കുന്ന മല്‍സരത്തില്‍ അര്‍ജന്റീന പെറുവുമായാണ് കളിക്കുന്നത്. ഈ മല്‍സരം സ്വന്തം മൈതാനത്താണ് നടക്കുന്നത് എന്നത് അര്‍ജന്റീനക്ക് ഗുണകരമാണ്. പെറുവാകട്ടെ ഗ്രൂപ്പിലെ ദുര്‍ബലരുമാണ്. അവസാന റൗണ്ട് മല്‍സരം ഒക്ടോബര്‍ 13 നാണ് നടക്കുന്നത്.
മറഡോണയാവും പ്രതി....
അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന് അര്‍ജന്റീന യോഗ്യത നേടാത്തപക്ഷം തീര്‍ച്ചയായും ഒന്നാം പ്രതി ടീമിന്റെ പരിശീലകനായ ഡിയാഗോ മറഡോണയായിരിക്കും. ഒരു വര്‍ഷം മുമ്പ് ദേശീയ ടീമിന്റെ അമരക്കാരനായി ചുമതലയേറ്റ സൂപ്പര്‍ താരത്തിന്റെ വഴികള്‍ ദുഷ്‌ക്കരമായിരുന്നു എന്ന സത്യം മനസ്സിലാക്കിയാലും അദ്ദേഹത്തെ കുറ്റം പറയാനാവും ഫുട്‌ബോള്‍ ലോകം ശ്രമിക്കുക. ആല്‍ഫിയോ ബേസില്‍ എന്ന മുന്‍ കോച്ച് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായത് ടീമിന്റെ ദയനീയത മൂലമായിരുന്നു. ബേസിലിന് കീഴില്‍ ടീം കളിച്ച അവസാന ഏഴ് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് അര്‍ജന്റീന ജയിച്ചത്. അപ്പോള്‍ തന്നെ മുന്നോട്ടുള്ള പാത ദുഷ്‌ക്കരമായിരുന്നു. മറഡോണ വന്നപ്പോള്‍ താരതമ്യേന വലിയ മല്‍സരങ്ങളാണ് ടീമിനെ കാത്തിരുന്നത്. സൂപ്പര്‍ കോച്ച് എന്ന സ്ഥാനത്തിനൊപ്പം ടീമിന്റെ വലിയ ഭാരം മുഴുവന്‍ താങ്ങേണ്ടി വന്ന മറഡോണ പെലെയെ പോലുളളവരുമായി വെറുതെ വാഗ്വാദം നടത്തി ടെന്‍ഷന്‍ ഇരട്ടിപ്പിച്ചത് അദ്ദേഹത്തെ തന്നെ തിരിഞ്ഞ് കുത്തും എന്ന കാര്യത്തില്‍ സംശയമില്ല.
നാളെ യോഗ്യതാ റൗണ്ടിലെ നിര്‍ണ്ണായക മല്‍സരത്തില്‍ മറഡോണ പരാഗ്വേയുമായി കളിക്കുകയാണ്. റോക്കി സാന്ദാക്രൂസിനെ പോലുള്ള ശക്തരായ മുന്‍നിരക്കാര്‍ കളിക്കുന്ന പരാഗ്വേയും ദുര്‍ബലമായ അര്‍ജന്റീനിയന്‍ ഡിഫന്‍സും കളിക്കുമ്പോള്‍ മറഡോണക്ക് തല ഉയര്‍ത്താനുള്ള അവസരം കുറവായിരിക്കും. പക്ഷേ റോസാരിയോയില്‍ നടന്ന മല്‍സരത്തില്‍ ബദ്ധവൈരികളായ ബ്രസീലിന് മുന്നില്‍ തകര്‍ന്നിട്ടും സ്‌റ്റേഡിയം തിങ്ങിനിറഞ്ഞ ആരാധകര്‍ മറഡോണക്കെതിരെ ഒരു വാക്ക് പോലും ഉപയോഗിച്ചിരുന്നില്ല. ഇപ്പോഴും നാട്ടുകാരുടെ പ്രതീക്ഷയെല്ലാം പഴയ ഇതിഹാസ താരത്തിലാണ്. ദക്ഷിണാഫ്രിക്കയില്‍ ടീമിനെയെത്തിക്കാന്‍ മറഡോണക്ക് കഴിയുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.
ടീമില്‍ സൂപ്പര്‍ താരങ്ങള്‍ പലരുമുണ്ട്. ലയണല്‍ മെസി മുതല്‍ എല്ലാവരും വലിയ മല്‍സരങ്ങള്‍ മാത്രം കളിച്ച് പരിചയമുള്ളവരാണ്. പക്ഷേ വലിയ തലവേദന ഡിഫന്‍സും മധ്യനിരയുമാണ്. റോബര്‍ട്ടോ അയാല എന്ന ഡിഫന്‍ഡറെ അര്‍ജന്റീനക്ക് നഷ്ടമായത് രണ്ട് വര്‍ഷം മുമ്പാണ്. കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പോടെവിരമിച്ച അയാലക്ക് പകരം നില്‍ക്കാന്‍ ഇന്നുള്ള ടീമിലെ ആര്‍ക്കുമാവുന്നില്ല. ബ്രസീലിനെതിരായ മല്‍സരത്തില്‍ അത് പകല്‍ പോലെ ദൃശ്യമായിരുന്നു. മധ്യനിരയില്‍ ജുവാന്‍ റോമന്‍ റിക്കല്‍മെ എന്ന മാന്ത്രികന്റെ അസ്സാന്നിദ്ധ്യവും മുഴച്ച് നില്‍ക്കുന്നു. മറഡോണയുമായുളള അഭിപ്രായവിത്യാസത്തെ തുടര്‍ന്ന് ദേശീയ ടീം വിട്ടതാണ് റിക്കല്‍മെ. മധ്യനിരയില്‍ അദ്ദേഹത്തെ പോലെ ഒരു കലാകാരന്‍ ഉണ്ടായിരുന്നെങ്കില്‍ മെസിക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുമായിരുന്നു. റിക്കല്‍മെക്ക് പകരം അനുഭവസമ്പന്നയാ ജുവാന്‍ വെറോണാണ് മധ്യനിരക്ക് നേതൃത്ത്വം നല്‍കിയത്. ബ്രസീലിനെതിരായ മല്‍സരത്തിന്റെ തുടക്കത്തില്‍ വെറോണ്‍ കരുത്ത് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അദ്ദേഹം തളര്‍ന്നപ്പോള്‍ അത് മെസിയെയും ടെവസിനെയുമെല്ലാം ബാധിച്ചു. മധ്യനിരയില്‍ കരുത്തനായ ഒരു പ്ലേ മേക്കര്‍ ഉണ്ടെങ്കില്‍ അത് മല്‍സര ഫലത്തെയും ഗെയിമിനെയും എത്രമാത്രം സ്വാധീനിക്കുമെന്നതിന് വലിയ തെളിവാണ് മറഡോണ. മധ്യനിരയിലെ മികവ് കൊണ്ട് ലോകം കിഴടക്കിയ താരമായിരുന്നു അദ്ദേഹം. സൈനുദ്ദിന്‍ സിദാന്‍ എന്ന മാന്ത്രികന്‍ ഫ്രാന്‍സിന് ലോകകപ്പ് സമ്മാനിച്ചത് മറ്റൊരു ഉദാഹരണം.
വെറോണിന് റിക്കല്‍മെയുടെ കരുത്തില്ലെന്ന് അര്‍ജന്റീന-കൊളംബിയ മല്‍സരത്തില്‍ തന്നെ പ്രകടമായിരുന്നു. ആ മല്‍സരത്തില്‍ ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. പക്ഷേ വെറോണും മധ്യനിരയില്‍ കളിച്ച ജീസസ് ഡറ്റാലോയും മാക്‌സി റോഡ്രിഗസും പൊരുതാന്‍ ഊര്‍ജ്ജമില്ലാത്തവരായിരുന്നു. ബ്രസീലിയന്‍ മധ്യനിരയിലെ എല്ലാവരും ഊര്‍ജ്ജസ്വലരായിരുന്നു. ഇലാനോ,. ഗില്‍ബെര്‍ട്ടോ സില്‍വ, ആന്ദ്രെ സാന്‍ഡോസ്, ഫെലിപ്പെ മെലോ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് നടത്തിയത്. മെസിയും ടെവസും അപകടകരമായി മുന്നേറിയ സന്ദര്‍ഭങ്ങളില്ലെല്ലാം ബ്രസീല്‍ ഡിഫന്‍സ് ഉറച്ചുനിന്നു. അവരെ സഹായിക്കാന്‍ മധ്യനിരക്കാര്‍ ഇറങ്ങി വന്നു. എന്നാല്‍ അര്‍ജന്റീനിയന്‍ ഡിഫന്‍ഡര്‍മാരില്‍ നിലവാരം കാത്തത് നിക്കോളാസ് ഓറ്റാമെന്‍ഡി മാത്രമായിരുന്നു. അനുഭവസമ്പന്നരായ ഡിഫന്‍ഡര്‍മാര്‍-വാള്‍ട്ടര്‍ സാമുവലും ഗാബി മിലീഷ്യയും പരുക്ക് മൂലം പുറത്താണ്.
ആക്രമണമായിരുന്നു തുടക്കം മുതല്‍ മറഡോണയുടെ പ്ലാന്‍. പക്ഷേ ഡുംഗെയുടെ പ്രത്യാക്രമണ തന്ത്രത്തില്‍ അര്‍ജന്റീന തളരുകയായിരുന്നു. ഇവിടെ ഡിഫന്‍സാണ് പ്രതി. പക്ഷേ വിരല്‍ നീളുന്നത് കോച്ചിന് നേരെയാണ്. ഡുംഗെയുടെ ബ്രസീല്‍ കോപ്പ അമേരിക്ക കിരീടവും കോണ്‍ഫെഡറേഷന്‍ കപ്പ്‌ും സ്വന്തമാക്കിയത് വീരവാദം മുഴക്കിയല്ല. കളിച്ച് മാത്രമായിരുന്നു. പ്രത്യാക്രമണമായിരുന്നു വലിയ മല്‍സരങ്ങളിലെ ഡുംഗെയുടെ ആയുധം. സ്വന്തം താരങ്ങളെ പ്രചോദിപ്പിക്കുന്നതിലും ഡുംഗെ ഒന്നാമനായിരുന്നു. കക്കയിലെ മികവിനെ ചൂഷണം ചെയ്‌താണ് ഡുംഗെ സമീപകാലത്ത് വിജയിച്ചത്. ആ തന്ത്രം പക്ഷേ മറഡോണ പ്രയോഗിക്കുന്നില്ല. പെപ് ഗുര്‍ഡിയോള എന്ന ബാര്‍സ കോച്ചിന് കീഴില്‍ മെസി അപകടകാരിയാണ്. എന്നാല്‍ അതേ അപകടകാരിയായ മെസി ദേശീയ ടീമിനായി കളിക്കുമ്പോള്‍ പതറുന്നു. മറഡോണക്ക് ഇനി ചെയ്യാനുളളത് രണ്ട് കാര്യങ്ങള്‍ മാത്രം-ആക്രമണ മുദ്രാവാക്യം അവസാനിപ്പിച്ച് ഭദ്രമായി കളിക്കുക. മെസിയെ ചൂഷണം ചെയ്യുക. ഈ രണ്ട് കാര്യങ്ങളില്‍ വിജയിച്ചാല്‍ തീര്‍ച്ചയായും അര്‍ജന്റീനക്ക്‌് ദക്ഷിണാഫ്രിക്കയില്‍ കളിക്കാം.
പുറത്താവും
ന്യൂഡല്‍ഹി: ഐ.എഫ്.എ ഷീല്‍ഡിലെ രണ്ട് മല്‍സരങ്ങളില്‍ നിന്നായി ഈസ്റ്റ് ബംഗാള്‍ വാങ്ങിയത് ഏഴ് ഗോളുകളും രണ്ട് തോല്‍വിയും. കൊല്‍ക്കത്തയിലെ പ്രബലര്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായിരിക്കുന്നു. തോല്‍വികളില്‍ കോച്ച് സുഭാഷ് ഭൗമിക്കിന്റെ തല ഉരുളാനാണ് സാധ്യതകള്‍. ഈസ്‌റ്റ് ബംഗാള്‍ ക്ലബിന്റെ പ്രസിഡണ്ട് ഇപ്പോള്‍ തന്നെ കോച്ചിനെതിരാണ്. സീസണിന്റെ തുടക്കമാണിത്. തുടക്കത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ടീം ഗോളുകള്‍ വാങ്ങുമ്പോള്‍ ഡ്യൂറാന്‍ഡ് കപ്പും ഐ ലീഗുമെല്ലാം പ്രശ്‌നമാവുമെന്നാണ് ക്ലബ് മാനേജ്‌മെന്റ് പറയുന്നത്. മുമ്പ് കൊല്‍ക്കത്ത ഫുട്‌ബോളില്‍ വലിയ സ്വാധീനമുള്ള പരിശീലകനായിരുന്നു ഭൗമിക്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അഴിമതിക്ക് പിടിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ഗുഡ്‌വില്‍ തകര്‍ന്നിട്ടുണ്ട്.
അമ്മ വിജയം
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നിസില്‍ ബെല്‍ജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്‌സ് തകര്‍ക്കുന്നു. ഒരു കുട്ടിയുടെ മാതാവായ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്നലെ നടന്ന മല്‍സരത്തില്‍ അമേരിക്കന്‍ സൂപ്പര്‍ താരം വീനസ് വില്ല്യംസിനെ തകര്‍ത്തു. സ്‌ക്കോര്‍ 6-0, 0-6, 6-4. രണ്ട് വര്‍ഷമായി കളത്തിന് പുറത്തായിരുന്നു ക്ലൈസ്റ്റേഴ്‌സ്. വിവാഹവും ഗര്‍ഭധാരണയുമെല്ലാമായി വിട്ടനില്‍ക്കുകയായിരുന്നു ബെല്‍ജിയന്‍ പെണ്‍കൊടി ഗ്രാന്‍ഡ്‌സ്ലാമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പഴയ ആവേശം അതേ പടി പകര്‍ത്തി. ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും വീനസിന് നല്‍കാതെ കളിച്ച ക്ലൈസ്‌റ്റേഴ്‌സിന് രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടി നേരിട്ടു. എന്നാല്‍ നിര്‍ണ്ണായകമായ മൂന്നാം സെറ്റില്‍ വര്‍ദ്ധിത വീര്യത്തോടെ ക്ലൈസ്‌റ്റേഴ്‌സ് കളിച്ചപ്പോള്‍ വീനസ് പതറി. 2005 ല്‍ ഇതേ മൈതാനത്ത് വെച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് പേരും പോരടിച്ചിരുന്നു. അന്ന് വിജയം കരസ്ഥമാക്കിയത് അമേരിക്കന്‍ താരമായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഡാനിയേല ഹനുച്ചോവയെ പരാജയപ്പെടുത്തി സറീന വില്ല്യംസ് അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്. സ്‌ക്കോര്‍ 6-2, 6-0. നിലവിലെ ജേതാവായ സറീയനയുടെ അടുത്ത മല്‍സരത്തിലെ പ്രതിയോഗി ഫ്‌ളാവിയ പെന്നേറ്റയാണ്. പുരുഷ വിഭാഗത്തില്‍ പരുക്ക് അലട്ടിയിട്ടും മൂന്നാം സീഡ് റാഫേല്‍ നദാല്‍ സ്വന്തം നാട്ടുകാരനായ നിക്കോളാസ് അല്‍ മാഗ്രോയെ വീഴ്‌ത്തി. സ്‌ക്കോര്‍ 7-5, 6-4, 6-4. കാല്‍മുട്ടിലെ വേദന കാരണം ഈ വര്‍ഷം വിംബിള്‍ഡണ്‍ കളിക്കാതിരുന്ന നദാല്‍ കടുത്ത വേദനയിലാണ് ഇവിടെ കളിക്കുന്നത്. ജുവാന്‍ കാര്‍ലോസ് ഫെരേര, ഫെര്‍ണാണ്ടോ ഗോണ്‍സാലസ്, മാരിന്‍ സിലിക്, ആന്‍ഡി മുറെ എന്നിവരും അടുത്ത റൗണ്ടിലെത്തിയിട്ടുണ്ട്.
No comments:
Post a Comment