Saturday, September 12, 2009

ONEDAY TIGERS, NEXT DAY CATS

ക്രിക്കറ്റ്‌
കൊളംബോ: ന്യൂസിലാന്‍ഡിനെ കശക്കി ഐ.സി.സി ലോക റാങ്കിംഗില്‍ ഒന്നാമത്‌ വന്ന ഇന്ത്യ ഒറ്റദിവസം കൊണ്ട്‌ കലമുടച്ചു. കോംപാക്ട്‌ കപ്പ്‌ ക്രിക്കറ്റിലെ രണ്ടാം മല്‍സരത്തില്‍ 139 റണ്‍സിന്‌ ശ്രീലങ്കയോട്‌ തോറ്റ എം.എസ്‌ ധോണിയും സംഘവും ഒറ്റനാള്‍ കൊണ്ട്‌ റാങ്കിംഗില്‍ രണ്ടാമതായി. ദക്ഷിണാഫ്രിക്ക തന്നെ ഇപ്പോള്‍ ഒന്നാമത്‌. ലങ്കന്‍ മണ്ണിലെ ഏറ്റവും വലിയ തോല്‍വിയില്‍ നാണംകെട്ട പ്രകടനമാണ്‌ ഇന്ത്യ നടത്തിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക 307 റണ്‍സ്‌ നേടിയപ്പോള്‍ 20 റണ്‍സിന്‌ ആറ്‌ വിക്കറ്റ്‌ നേടിയ സീമര്‍ ആഞ്ചലോ മാത്യൂസിന്‌ മുന്നില്‍ ഇന്ത്യ ഇല്ലാതായി. 37.2 ഓവറില്‍ 168 റണ്‍സിന്‌ ഇന്ത്യ പുറത്തായി. ലങ്കന്‍ മണ്ണില്‍ ഏറ്റവും മികച്ച ഏകദിന ബൗളിംഗ്‌ നടത്തിയ മാത്യൂസാണ്‌ കളിയിലെ കേമന്‍. ഫൈനല്‍ ഇതേ ടീമുകള്‍ തമ്മില്‍ നാളെ നടക്കും.
ന്യൂസിലാന്‍ഡ്‌ ബാറ്റ്‌സ്‌മാന്മാരെ വിറപ്പിച്ചവിട്ട ഇന്ത്യന്‍ ബൗളര്‍മാരെ നിലംപരിശാക്കുന്ന പ്രകട
നമാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക നടത്തിയത്‌. പ്രതേകിച്ച്‌ ഓപ്പണര്‍ സനത്‌ ജയസൂര്യയും യുവതാരം കന്‍ഡാബിയും. ആശിഷ്‌ നെഹ്‌റ, ആര്‍.പി സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ എന്നിവരായിരുന്നു കോംപാക്ട്‌ കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കായി മിന്നിയ ബൗളര്‍മാര്‍. ഈ മൂന്ന്‌ ബൗളര്‍മാരും ഇന്നലെ കാര്യമായ അടി വാങ്ങി. ന്യൂസിലാന്‍ഡിനെതിരെ മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടം നേടിയ നെഹ്‌റയെ എല്ലാവരും കശക്കി. കഴിഞ്ഞ ജനുവരി മുതല്‍ ഒരു അര്‍ദ്ധസെഞ്ച്വറി പോലും സ്വന്തമാക്കാന്‍ കഴിയാതെ സമ്മര്‍ദ്ദത്തിന്റെ മുനമ്പില്‍ കളിച്ച ജയസൂര്യക്ക്‌ മുന്നിലേക്ക്‌ അദ്ദേഹത്തിന്‌ കൈകള്‍ സ്വതന്ത്രമാക്കാന്‍ പാകത്തില്‍ ബൗളര്‍മാര്‍ പന്ത്‌ നല്‍കിയത്‌ രസകരമായ കാഴ്‌ച്ചയായിരുന്നു. എന്നെ വേണമെങ്കില്‍ തല്ലിക്കോ എന്ന പരുവത്തിലാണ്‌ ആര്‍.പി പന്തെറിഞ്ഞത്‌. യുവരാജ്‌ സിംഗിന്റെ ലെഫ്‌റ്റ്‌ ആം സ്‌പിന്നും യൂസഫ്‌ പത്താന്റെ ഓഫ്‌ സ്‌പിന്നും ഗുണം ചെയ്‌തില്ല. വിലപ്പെട്ട 98 റണ്‍സാണ്‌ സനത്‌ വാരിയത്‌. ഗ്യാലറികള്‍ക്കായി കളിച്ചിട്ടും അദ്ദേഹത്തെ പുറത്താക്കുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. സനത്‌ നല്‍കിയ തുടക്കമാണ്‌ കാന്‍ഡാംബിയെ സൂപ്പര്‍ ഫിനിഷിംഗിന്‌ പ്രേരിപ്പിച്ചത്‌.
തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും എം.എസ്‌ ധോണിക്ക്‌ ടോസ്‌ ഭാഗ്യമുണ്ടായിരുന്നില്ല. പകല്‍-രാത്രി മല്‍സരത്തില്‍ സങ്കക്കാര ബാറ്റിംഗ്‌ തീരുമാനിച്ചപ്പോള്‍ ക്രീസിലെത്തിയ സനതും തിലകരത്‌നെ ദില്‍ഷാനും സമ്മര്‍ദ്ദത്തിലായിരുന്നു. മല്‍സരത്തിന്‌ പ്രസക്തി ഇല്ലെങ്കിലും നല്ല തുടക്കം ലഭിച്ചാല്‍ കസറാമെന്ന മോഹത്തിലായിരുന്നു സനത്‌. അദ്ദേഹം ആഗ്രഹിച്ചത്‌ പോലെ ലക്കും ലഗാനുമില്ലാതെ ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ കാണികള്‍ ആഗ്രഹിച്ച വിരുന്നാണ്‌ ലഭിച്ചത്‌. വ്യക്തിഗത സക്കോര്‍ 13 ല്‍ ഇഷാന്തിന്റെ പന്തില്‍ സനത്‌ അവസരം നല്‍കിയിരുന്നു. പക്ഷേ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ സ്ലിപ്‌ ഫീല്‍ഡര്‍മാര്‍ക്കായില്ല. പിന്നെ ഒരു പിഴവുമില്ലാത്ത ഇന്നിംഗ്‌സാണ്‌ നാല്‍പ്പതുകാരനായ താരം കാഴ്‌ച്ചവെച്ചത്‌. ആദ്യ നാല്‌ ഓവര്‍ പിന്നിടുമ്പോള്‍ ലങ്കന്‍ സ്‌ക്കോര്‍ 34 റണ്‍സായിരുന്നു.
ദില്‍ഷാനാണ്‌ സാധാരണ ഗതിയല്‍ ആക്രമിക്കാറുളളത്‌. പക്ഷേ ഇന്നലെ അദ്ദേഹം ശാന്തനായിരുന്നു. അധികസമയം പിടിച്ചുനില്‍ക്കാനുമായില്ല. പത്താം ഓവറില്‍ ആര്‍.പി സിംഗിനെ മൂന്ന്‌ തവണയാണ്‌ സനത്‌ അതിര്‍ത്തി കടത്തിയത്‌. യൂസഫ്‌ പത്താന്റെ പന്തില്‍ മഹേല ജയവര്‍ദ്ധനയെ ധോണി സ്‌റ്റംമ്പ്‌ ചെയ്‌തത്‌്‌ സ്‌ക്കോറിംഗിനെ ബാധിച്ചില്ല. ഹര്‍ഭജന്റെ പന്തില്‍ സങ്കക്കാരയും പെട്ടെന്ന്‌ മടങ്ങി. യുവരാജിന്റെ പന്തില്‍ തുടര്‍ച്ചയായി രണ്ട്‌ ബൗണ്ടറികള്‍ പായിച്ച്‌ അര്‍ദ്ധശതകം പിന്നിട്ട സനത്‌ വിക്കറ്റിനിടയിലെ ഓട്ടത്തിലും മികവു കാട്ടി. 98 ല്‍ നെഹ്‌റയുടെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയാണ്‌ സനത്‌ പുറത്തായത്‌. തുടര്‍ന്ന്‌ കൂറ്റനടിക്കാരനായ ആഞ്ചലോ മാത്യൂസ്‌ വന്നെങ്കിലും ഗുണം ചെയ്‌തില്ല. ചമര കപ്പുഗുഡേര-കാന്‍ഡാംബി സഖ്യമാണ്‌ പക്ഷേ അപ്രതിക്ഷിതമായി ഇന്ത്യയെ തകര്‍ത്തത്‌. കൂറ്റനടികള്‍ക്ക്‌ മുതിരാതെ സിംഗിളുകളും ഡബിളുകളും യഥേഷ്‌ടം നേടിയാണ്‌ ഇവര്‍ സ്‌ക്കോര്‍ബോര്‍ഡ്‌ ചലിപ്പിച്ചത്‌.
308 റണ്‍സ്‌ എന്ന വലിയ ലക്ഷ്യം രാത്രി വെളിച്ചത്തില്‍ ഇന്ത്യക്ക്‌ അപ്രാപ്യം തന്നെയായിരുന്നു. ആരെങ്കിലുമൊരാള്‍ വലിയ ഇന്നിംഗ്‌സ്‌ കളിക്കാത്തപക്ഷം ഇന്ത്യ തകരുമെന്ന സത്യത്തെ ബാറ്റ്‌സ്‌മാന്മാര്‍ തന്നെ ന്യായീകരിച്ചു. രാഹുല്‍ ദ്രാവിഡിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും കാഴ്‌ച്ചക്കാരുടെ റോളിലായിരുന്നു. എന്തായാലും ഫൈനലില്‍ എത്തിയില്ലേ-ഇനിയെന്തിന്‌ വിയര്‍ക്കണം എന്ന മട്ടിലാണ്‌ ദിനേശ്‌ കാര്‍ത്തികും യുവരാജ്‌ സിംഗും, സുരേഷ്‌ റൈനയും യുസഫ്‌ പത്താനും ക്യാപ്‌റ്റന്‍ ധോണിയുമെല്ലാം കളിച്ചത്‌. ഗൗതം ഗാംഭീറിന്‌ പകരം ഓപ്പണറുടെ കുപ്പായം ലഭിച്ച കാര്‍ത്തിക്‌ തുഷാരക്ക്‌ വിക്കറ്റ്‌ നല്‍കി. സച്ചിനും ദ്രാവിഡും പൊരുതി നിന്നു. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ സച്ചിന്‍ പതിവ്‌ പോലെ കലമുടച്ചു. എളുപ്പത്തിലൊരു ക്യാച്ചും നല്‍കി തല താഴ്‌ത്തിയുള്ള മടക്കം. പിന്നെ വിക്കറ്റുകളുടെ പ്രവാഹമായിരുന്നു. ആഞ്ചലോ മാത്യൂസ്‌ എല്ലാവരെയും വെള്ളം കുടിപ്പിച്ചു. യുവരാജ്‌ സിംഗ്‌ പതിനാറിലും ധോണി എട്ടിലും യുസഫ്‌ ഒന്നിലും പുറത്തായി. വാലറ്റത്തില്‍ അല്‍പ്പസമയം ആര്‍.പി സിംഗും ഇഷാന്ത്‌ ശര്‍്‌മയും പിടിച്ചുനിന്നത്‌ മാത്രം മെച്ചം. അല്ലെങ്കില്‍ കഥ ഇതിലും ദയനീയമാവുമായിരുന്നു.
സ്‌ക്കോര്‍ബോര്‍ഡ്‌: ദില്‍ഷാന്‍-സി-ധോണി-ബി-ഇഷാന്ത്‌-23, സനത്‌ ജയസൂര്യ-എല്‍.ബി.ഡബ്ല്യൂ-ബി-നെഹ്‌റ-98, മഹേല ജയവര്‍ദ്ധനെ-സ്റ്റംമ്പ്‌ഡ്‌ ധോണി-ബി-യൂസഫ്‌-17, കുമാര്‍ സങ്കക്കാര-എല്‍.ബി.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍-5, ആഞ്ചലോ മാത്യൂസ്‌-സ്‌റ്റംമ്പ്‌ഡ്‌-ധോണി-ബി-ബി-റൈന-19, കാന്‍ഡാംബി-നോട്ടൗട്ട്‌-91, കപ്പുഗുഡേര-റണ്ണൗട്ട്‌-36, നവന്‍ കുലശേഖര-നോട്ടൗട്ട്‌-3, എക്‌സ്‌ട്രാസ്‌-15. ആകെ 50 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 307.
വിക്കറ്റ്‌ പതനം: 1-57 (ദില്‍ഷാന്‍), 2-94 (മഹേല), 3-102 (സങ്കക്കാര), 4-172 (ജയസൂര്യ), 5-176 (മാത്യൂസ്‌), 6-259 (കപ്പുഗുഡേര). ബൗളിംഗ്‌: നെഹ്‌റ 9-0-62-1, ആര്‍.പി സിംഗ്‌ 8-0-58-0, ഇഷാന്ത്‌ ശര്‍മ്മ 10-0-67-1, ഹര്‍ഭജന്‍ സിംഗ്‌ 10-1-37-1, യൂസഫ്‌ പത്താന്‍ 7-0-45-1, യുവരാജ്‌ സിംഗ്‌ 3-0-20-0, റൈന 3-0-14-1.
ഇന്ത്യ: ദിനേശ്‌ കാര്‍ത്തിക്‌-സി-സങ്കക്കാര-ബി-തുഷാര-16, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സി-മെന്‍ഡിസ്‌-ബി-കുലശേഖര-27, രാഹുല്‍ ദ്രാവിഡ്‌-ബി- മാത്യൂസ്‌-47, യുവരാജ്‌ സിംഗ്‌-സി-സങ്കക്കാര-ബി-മാലിങ്ക-16, സുരേഷ്‌ റൈന-സി-സങ്കക്കാര-ബി-മാത്യൂസ്‌-0, എം.എസ്‌ ധോണി-ബി-മാത്യൂസ്‌-8, യൂസഫ്‌ പത്താന്‍-സി-സങ്കക്കാര-ബി-മാത്യൂസ്‌-1, ഹര്‍ഭജന്‍-ബി-മാത്യൂസ്‌-4, ആര്‍.പി സിംഗ്‌-നോട്ടൗട്ട്‌-19,നെഹ്‌റ-ബി-മാത്യൂസ്‌-1, ഇഷാന്ത്‌-സി-സബ്‌-ബി-മെന്‍ഡിസ്‌-13, എക്‌സ്‌ട്രാസ്‌-16. കെ 37.2 ഓവറില്‍ 168. വിക്കറ്റ്‌ പതനം: 1-32 (കാര്‍ത്തിക്‌), 2-67 (സച്ചിന്‍), 3-105 (യുവരാജ്‌), 4-108 (റൈന), 5-126 (ദ്രാവിഡ്‌), 6-129 (ധോണി), 7-130 (യൂസഫ്‌), 8-135 (ഹര്‍ഭജന്‍),9-139 (നെഹ്‌റ), 10-168 (ഇഷാന്ത്‌). ബൗളിംഗ്‌: കുലശേഖര 8-1-35-1, തുഷാര 6-0-34-1, മാലിങ്ക 8-0-33-1, ദില്‍ഷാന്‍ 2-0-17-0, മാത്യൂസ്‌ 6-0-20-6, ജയസൂര്യ 2-0-5-0, മെന്‍ഡിസ്‌ 5.2-0-22-0
ചര്‍ച്ചില്‍ ചാമ്പ്യന്മാര്‍
കൊല്‍ക്കത്ത: ഐ.എഫ്‌.എ ഷീല്‍ഡ്‌ ഫുട്‌ബോള്‍ കിരീടം ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവക്ക്‌. ഇന്നലെ സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ ഫൈനല്‍ മല്‍സരത്തിലവര്‍ ആതിഥേയരായ മോഹന്‍ ബഗാനെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി. ഒന്നാം പകുതിയിലായിരുന്നു രണ്ട്‌ ഗോളുകളും. നാല്‍പ്പത്തിയൊന്നാം മിനുട്ടില്‍ വാഷും റൈസ്‌ഗമി ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ അനുഭവ സമ്പന്നനായ ഒഡാഫെ ഒനേകോ ഒകാലിയുടെ ബൂട്ടില്‍ നിന്നായിരുന്നു ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോള്‍. ഇതാദ്യമായാണ്‌ ഐ.എഫ്‌.എ ഷീല്‍ഡ്‌ ഒരു ഗോവന്‍ ടീം സ്വന്തമാക്കുന്നത്‌. നേപ്പാളുകാരനായ റഫറി ലാബ കാത്രി നിയന്ത്രിച്ച മല്‍സരത്തില്‍ ആവേശം കുറവായിരുന്നു. കാണികളുടെ പിന്തുണയില്‍ കളിച്ച ബഗാന്‌ ഷൂട്ടിംഗാണ്‌ പിഴച്ചത്‌. നിരവധി അവസരങ്ങള്‍ അവര്‍ നെയ്‌തെങ്കിലും ഗോവന്‍ പെനാല്‍ട്ടി ബോക്‌സ്‌ വരെയെത്തി മടങ്ങാനായിരുന്നു മുന്‍നിരക്ക്‌ കഴിഞ്ഞത്‌. ഷില്‍ട്ടണ്‍ പാല്‍ കാത്ത ബഗാന്‍ വലക്ക്‌ കരുത്ത്‌ പകരാന്‍ പ്രതിരോധ മികവുകാരായി സുര്‍കുമാര്‍ സിംഗ്‌, ദിപക്‌ കുമാര്‍ മണ്ഡല്‍ എന്നീ ഇന്ത്യന്‍ താരങ്ങളും രാകേഷ്‌ മാസിയും നല്ലപ്പന്‍ മോഹന്‍രാജുമെല്ലാമുണ്ടായിരുന്നു. പക്ഷേ ഗോവന്‍ കുതിപ്പില്‍ അവര്‍ പതറി. പത്താം നമ്പറില്‍ കളിച്ച നൈജീരിയക്കാരന്‍ ഒഡാഫെയായിരുന്നു വില്ലന്‍. കളിയുടെ തുടക്കത്തില്‍ തന്നെ കാടന്‍ പ്രകടനത്തിന്‌ മുതിര്‍ന്നതിന്‌ ബഗാന്റെ വിദേശതാരം മാര്‍ക്കോസ്‌ പെരേര മഞ്ഞകാര്‍ഡ്‌ കണ്ടപ്പോള്‍ അത്‌ ആതിഥേയരുടെ താല്‍പ്പര്യത്തെ ബാധിച്ചു. മുപ്പതാം മിനുട്ടില്‍ ബഗാന്‍ അപകടമുയര്‍ത്തിയിരുന്നു. സ്‌നേഹാഷിഷ്‌ ചക്രവര്‍ത്തിയെ ചര്‍ച്ചില്‍ ഡിഫന്‍സ്‌ മാരകമായി പെനാല്‍ട്ടി ബോക്‌സിനരികില്‍ വെച്ച്‌ ഫൗള്‍ ചെയ്‌തപ്പോള്‍ ബഗാന്‍ താരങ്ങളെല്ലാം പൈനാല്‍ട്ടിക്കായി വാദിച്ചു. എന്നാല്‍ റഫറി ഫ്രീകിക്ക്‌ മാത്രമാണ്‌ നല്‍കിയത്‌. ഐ ലീഗ്‌ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ മല്‍സരത്തിന്റെ നിയന്ത്രണം പിടിച്ചത്‌ നാല്‍പ്പത്തിയൊന്നാം മിനുട്ടിലായിരുന്നു. ഒഡാഫെയാണ്‌ ഗോള്‍നീക്കത്തിന്‌ തുടക്കമിട്ടത്‌. മധ്യവരക്കരികില്‍ നിന്നും പന്തുമായി കുതിച്ച ഒഡാഫെ മനോഹരമായ പാസില്‍ പന്ത്‌ വാഷൂമിന്‌ നല്‍കി. പന്ത്‌ കിട്ടിയതും 20 വാര അകലെനിന്നും വാഷു പായിച്ച ഷോട്ട്‌ നെറ്റ്‌ തുളച്ചുകയറി. ചര്‍ച്ചില്‍ ടീമിനെ നയിച്ച ഒഡാഫെ ഇഞ്ച്വറി ടൈമില്‍ നേടിയതും സുന്ദരമായ ഗോളായിരുന്നു. രണ്ട്‌ഡിഫന്‍ഡര്‍മാരെ ഓട്ടത്തില്‍ പിറകിലാക്കി തൊടുത്ത ഷോട്ടിന്‌ മുന്നിലും ബഗാന്‍ ഗോള്‍ക്കീപ്പര്‍ക്ക്‌ മറുപടിയുണ്ടായിരുന്നില്ല.

ഐ ലീഗിന്‌ അടുത്തമാസം തുടക്കം
വിവ സാല്‍ഗോക്കറുമായി
ന്യൂഡല്‍ഹി: ഐ ലീഗ്‌ ഫുട്‌ബോള്‍ 2009-10 സീസണിന്‌ ഒക്ടോബര്‍ ഒന്നിന്‌ തുടക്കം. രണ്ടാം ഡിവിഷനില്‍ നിന്നും പ്രൊമോഷന്‍ കരസ്ഥമാക്കിയ വിവ കേരള, ലാജോംഗ്‌ എഫ്‌.സി, പൂനെ എഫ്‌.സി, സാല്‍ഗോക്കര്‍ എന്നിവരുള്‍പ്പെടെ ഇത്തവണ പതിനാല്‌ ടീമുകളാണ്‌ ഐ ലീഗില്‍ മല്‍സരിക്കുന്നത്‌. ആദ്യ പതിമൂന്ന്‌ റൗണ്ടുകള്‍ക്കുളള ഫിക്‌സ്‌്‌ച്ചറിന്‌ താല്‍കാലികമായി രൂപം നല്‍കിയിട്ടുണ്ട്‌. പതിവ്‌ പോലെ എല്ലാ ടീമുകളും ഹോം, എവേ മല്‍സരങ്ങളില്‍ കളിക്കണം. ആകെ 26 റൗണ്ട്‌ മല്‍സരങ്ങളാണുള്ളത്‌. ഓരോ റൗണ്ടിലും ഏഴ്‌ മല്‍സരങ്ങള്‍ വീതം നടക്കും. ഉദ്‌ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ മുംബൈ മഹീന്ദ്രയുമായി കളിക്കും. വിവയുടെ ആദ്യ മല്‍സരം ഒക്ടോബര്‍ മൂന്നിന്‌ ഗോവയിലാണ്‌. പ്രതിയോഗികള്‍ സാല്‍ഗോക്കര്‍.
ഫിക്‌സ്‌ച്ചര്‍ ഇപ്രകാരം: റൗണ്ട്‌-1. മഹീന്ദ്ര യുനൈനറ്റഡ്‌- ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ (ഒക്‌-1), സാല്‍ഗോക്കര്‍-വിവ കേരള (ഒക്‌-3), പൂനെ എഫ്‌.സി-ഈസ്‌റ്റ്‌ ബംഗാള്‍ (ഒക്‌-3), മുംബൈ എഫ്‌.സി-ഡെംപോ എഫ്‌.സി (ഒക്‌-3), സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവ-എയര്‍ ഇന്ത്യ (ഒക്‌-4), ജെ.സി.ടി മില്‍സ്‌-ലാജോംഗ്‌ എഫ്‌.സി (ഒക്‌-4), ബഗാന്‍-ചിരാഗ്‌ (ഒക്‌-5)
രണ്ടാം റൗണ്ട്‌: ചര്‍ച്ചില്‍-വിവ (ഒക്‌-6), മഹീന്ദ്ര-ഈസ്‌റ്റ്‌ ബംഗാള്‍ (ഒക്‌-7), ഡെംപോ-സാല്‍ഗോക്കര്‍ (ഒക്‌-7), പൂനെ എഫ്‌.സി-എയര്‍ ഇന്ത്യ (ഒക്‌-8), ബഗാന്‍-ജെ.സി.ടി (ഒക്‌-8), സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌-ലാജോംഗ്‌ എഫ്‌.സി (ഒക്‌-8), ചിരാഗ്‌-മുംബൈ എഫ്‌.സി (ഒക്‌-9).
റൗണ്ട്‌ 3. ഈസ്‌റ്റ്‌ ബംഗാള്‍-ജെ.സി.ടി (ഒക്‌-11), ഡെംപോ-ലാജോംഗ്‌ എഫ്‌.സി (ഒക്‌-11), മോഹന്‍ ബഗാന്‍-വിവ കേരള (ഒക്‌-12), ചിരാഗ്‌ യുനൈറ്റഡ്‌- എയര്‍ ഇന്ത്യ (ഒക്‌-13), ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌-മുംബൈ എഫ്‌.സി (ഒക്‌-16), സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌-പൂനെ എഫ്‌.സി (ഒക്‌-17), സാല്‍ഗോക്കര്‍-മഹീന്ദ്ര (ഒക്‌-18).
റൗണ്ട്‌ 4. ലാജോംഗ്‌ എഫ്‌.സി-എയര്‍ ഇന്ത്യ (ഒക്‌-18), ഡെംപോ-മഹീന്ദ്ര (ഒക്‌-23), വിവ കേരള-ചിരാഗ്‌ യുനൈറ്റഡ്‌ (ഒക്‌-23), ജെ.സി.ടി-ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ (ഒക്‌-23), പൂനെ എഫ്‌.സി-മുംബൈ എഫ്‌.സി (ഒക്‌-24), സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ -സാല്‍ഗോക്കര്‍ (ഒക്‌-25), ഈസ്‌റ്റ്‌ ബംഗാള്‍-മോഹന്‍ ബഗാന്‍ (ഒക്‌-25)
റൗണ്ട്‌ 5. മഹീന്ദ്ര-ചിരാഗ്‌ (ഒക്‌-27), ജെ.സി.ടി മില്‍സ്‌-ഡെംപോ (ഒക്‌-28), ചര്‍ച്ചില്‍-പൂനെ എഫ്‌.സി (ഒക്‌-28), എയര്‍ ഇന്ത്യ-മുംബൈ എഫ്‌.സി (ഒക്‌-28), ലാജോംഗ്‌ എഫ്‌.സി മോഹന്‍ ബഗാന്‍ (ഒക്‌-29), വിവ കേരള-സ്‌പോര്‍ട്ടിംഗ്‌ ഗോവ (ഒക്‌-29), ഈസ്‌റ്റ്‌ ബംഗാള്‍-സാല്‍ഗോക്കര്‍ (ഒക്‌-29).
റൗണ്ട്‌ 6. ജെ.സി.ടി മില്‍സ്‌-മഹീന്ദ്ര യുനൈറ്റഡ്‌ (ഒക്‌-31), പൂനെ എഫ്‌.സി-ഡെംപോ (നവം-1), എയര്‍ ന്ത്യ-ചര്‍ച്ചില്‍ (നവം-1), വിവ കേരള-ഈസ്റ്റ്‌ ബംഗാള്‍ (നവം-2), ലാജോംഗ്‌ എഫ്‌.സി-സാല്‍ഗോക്കര്‍ (നവം-2), മോഹന്‍ ബഗാന്‍-മുംബൈ എഫ്‌.സി (നവം-2), സ്‌പോര്‍ട്ടിംഗ്‌ ക്ലബ്‌ ഗോവ-ചിരാഗ്‌ (നവം-2)
റൗണ്ട്‌ 7. മഹീന്ദ്ര-വിവ (നവം-6), ചിരാഗ്‌-സാല്‍ഗോക്കര്‍ (നവം-6), എയര്‍ ഇന്ത്യ-ഈസ്‌റ്റ്‌ ബംഗാള്‍ (നവം-7), സ്‌പോര്‍ട്ടിംഗ്‌ ഗോവ-മോഹന്‍ ബഗാന്‍ (നവം-7), മുംബൈ എഫ്‌.സി-ജെ.സി.ടി (നവം-8), പൂനെ എഫ്‌.സി-ലാജോംഗ്‌ (നവം-8), ചര്‍ച്ചില്‍-ഡെംപോ (നവം-8)
റൗണ്ട്‌ 8: എയര്‍ ഇന്ത്യ-ഹീന്ദ്ര (നവം-12), ഡെംപോ-വിവ (നവം-12), ഈസ്‌റ്റ്‌ ബംഗാള്‍-ലാജോംഗ്‌ എഫ്‌.സി (നവം-12), ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌-ചിരാഗ്‌ (നവം-13), പൂനെ എഫ്‌.സി-ബഗാന്‍ (നവം-13), സാല്‍ഗോക്കര്‍-ജെ.സി.ടി (നവം-14), മുംബൈ എഫ്‌.സി-സ്‌പോര്‍ട്ടിംഗ്‌ (നവം-15),
റൗണ്ട്‌ 9. മഹീന്ദ്ര-ലാജോംഗ്‌, ചിരാഗ്‌-ഡെംപോ, എയര്‍ ഇന്ത്യ-ബഗാന്‍, വിവ-ജെ.സി.ടി, മുംബൈ എഫ്‌.സി-ഈസ്‌റ്റ്‌ ബംഗാള്‍, ചര്‍ച്ചില്‍-സ്‌പോര്‍ട്ടിംഗ്‌, സാല്‍ഗോക്കര്‍-പൂനെ.
റൗണ്ട്‌ 10. മഹീന്ദ്ര-ബഗാന്‍, ചിരാഗ്‌-ജെ.സി.ടി, മുംബൈ എഫ്‌.സി-ലാജോംഗ്‌ എഫ്‌.സി, ഡെംപോ-സ്‌പോര്‍ട്ടിംഗ്‌, എയര്‍ ഇന്ത്യ-സാല്‍ഗോക്കര്‍, വിവ-പൂനെ എഫ്‌.സി, ഈസ്‌റ്റ്‌ ബംഗാള്‍-ചര്‍ച്ചില്‍
റൗണ്ട്‌ 11. മുംബൈ എഫ്‌.സി-മഹീന്ദ്ര, ജെ.സി.ടി-സ്‌പോര്‍ട്ടിംഗ്‌, സാല്‍ഗോക്കര്‍-ബഗാന്‍, പൂനെ എഫ്‌.സി-ചിരാഗ്‌, ലാജോംഗ്‌-ചര്‍ച്ചില്‍, ഡെംപോ-ഈസ്‌റ്റ്‌ ബംഗാള്‍, വിവ-എയര്‍ ഇന്ത്യ
റൗണ്ട്‌ 12. പൂനെ എഫ്‌.സി-മഹീന്ദ്ര, സാല്‍ഗോക്കര്‍-ചര്‍ച്ചില്‍, സ്‌പോര്‍ട്ടിംഗ്‌-ഈസ്‌റ്റ്‌ ബംഗാള്‍, മുംബൈ എഫ്‌.സി-വിവ, ജെ.സി.ടി-എയര്‍ ഇന്ത്യ, ഡെംപോ-ബഗാന്‍, ചിരാഗ്‌-ലാജോംഗ്‌.
റൗണ്ട്‌ 13. മഹീന്ദ്ര-സ്‌പോര്‍ട്ടിംഗ്‌, മുംബൈ എഫ്‌.സി-സാല്‍ഗോക്കര്‍, ജെ.സി.ടി-പൂനെ, ബഗാന്‍-ചര്‍ച്ചില്‍, ചിരാഗ്‌-ഈസ്റ്റ്‌ ബംഗാള്‍, ലാജോംഗ്‌-വിവ, എയര്‍ ഇന്ത്യ-ഡെംപോ.



മഴ വില്ലനാവുന്നു
ന്യൂയോര്‍ക്ക്‌: യു.എസ്‌ ഓപ്പണ്‍ ടെന്നിസില്‍ മഴ കനത്ത വില്ലനാവുന്നു. തകര്‍ത്തു പെയ്‌ത മഴയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും മല്‍സരങ്ങള്‍ കാര്യമായി നടന്നില്ല. ഫിക്‌സ്‌ച്ചര്‍ പ്രകാരം വനിതാ വിഭാഗം സിംഗിള്‍സ്‌ മല്‍സരങ്ങള്‍ ഇന്നലെ പൂര്‍ണ്ണമാവേണ്ടതാണ്‌. എന്നാല്‍ ഇത്‌ വരെ സെമി ഫൈനല്‍ മല്‍സരങ്ങള്‍ പോലും നടന്നിട്ടില്ല. ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ നിലവിലെ ജേത്രി സറീന വില്ല്യംസും വെറ്ററന്‍ താരം കിം ക്ലൈസ്‌റ്റേഴസും തമ്മിലുള്ള സെമിക്കാണ്‌ ടെന്നിസ്‌ ലോകം കാത്തുനില്‍ക്കുന്നത്‌. രണ്ട്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷം മല്‍സരം രംഗത്തേക്ക്‌ ശക്തമായി തിരിച്ചുവന്ന ക്ലൈസ്‌റ്റേഴ്‌സ്‌ വീനസ്‌ വില്ല്യംസ്‌ ഉള്‍പ്പെടെയുളള ശക്തരെ മറിച്ചിട്ടാണ്‌ സെമിയില്‍ എത്തിയിരിക്കുന്നത്‌. ഒന്നാം സെമി ഫൈനല്‍ കരോലിന വാസനിസ്‌ക്കിയും യാനീന വികിമെയറും തമ്മിലാണ്‌. പുരുഷ വിഭാഗം സെമി ഫൈനല്‍ മല്‍സരങ്ങളും നടക്കേണ്ടതുണ്ട്‌. മൂന്നാം സീഡ്‌ റാഫേല്‍ നദാലും ഫെര്‍ണാണ്ടോ ഗോണ്‍സാലസും തമ്മിലുളള ആദ്യ സെമി പകുതി പിന്നിട്ടപ്പോഴാണ്‌ മഴയെത്തിയത്‌. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സ്‌- ലുകാസ്‌ ഡോള്‍ഫി സഖ്യവും മഹേഷ്‌ ഭൂപതി -മാര്‍ക്‌ നോളസ്‌ സഖ്യവും തമിലുളള ഫൈനലും ദീര്‍ഘിക്കുകയാണ്‌.
വനിതാ ഫൈനല്‍ ഇന്നും പുരുഷ ഫൈനല്‍ നാളെയും നടത്താനാണ്‌ സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്‌. പക്ഷേ അടുത്ത രണ്ട്‌ ദിവസങ്ങളിലും കാലാവസ്ഥാ റിപ്പോര്‍ട്ട്‌ അനുകൂലമല്ല.

വിജേന്ദര്‍ വീണു
മിലാന്‍: ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ സ്വപ്‌ന തുല്യമായ യാത്ര നടത്തിയ ഇന്ത്യയുടെ ഒളിംപിക്‌സ്‌ മെഡലിസ്‌റ്റ്‌ വിജേന്ദര്‍ കുമാറിന്‌ സെമി ഫൈനലില്‍ തോല്‍വി. ഉസ്‌ബെക്കിസ്ഥാന്റെ അതോവ്‌ അബോസിനെതിരായ സെമിയിലാണ്‌ 3-7ന്‌ വിജേന്ദര്‍ തോല്‍വി വഴങ്ങിയത്‌. ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിജേന്ദര്‍ പക്ഷേ സെമിയില്‍ തീര്‍ത്തും മങ്ങിയിരുന്നു. ആദ്യ റൗണ്ടില്‍ വിജയം വരിച്ച ഇന്ത്യന്‍ താരത്തിന്‌ പക്ഷേ അടുത്ത ബൗട്ടുകളില്‍ പതറി. അതിനിടെ ഇന്ത്യന്‍ ബോക്‌സര്‍ കമേഴ്‌്‌സ്യല്‍ വിവാദത്തില്‍ കുരുങ്ങിയത്‌ വാര്‍ത്തയാവുന്നുണ്ട്‌. സാധാരണ ക്രിക്കറ്റര്‍മാരുടെ പിറകില്‍ ഓടാറുളള വന്‍കിട കമ്പനികാര്‍ ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ നേട്ടത്തെ തുടര്‍ന്ന്‌ വിജേന്ദറിന്‌ പിന്നാലെ വന്നിരുന്നു. അടുത്ത പത്ത്‌ വര്‍ഷത്തേക്ക്‌ ഇന്‍ഫിനിറ്റ്‌ ഓപ്‌റ്റിമല്‍ സൊലുഷ്യന്‍സ്‌ (ഐ.ഒ.എസ്‌) വിജേന്ദറുമായി പരസ്യ കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ഈ കരാര്‍ ലംഘിച്ച്‌ വിജേന്ദര്‍ ഇപ്പോള്‍ പെര്‍സെപ്‌റ്റ്‌ ഹോള്‍ഡിംഗ്‌സ്‌ എന്ന കമ്പനിയുമായി കരാര്‍ ചെയ്‌തിരിക്കയാണെന്നാണ്‌ ഐ.ഒ.എസ്‌ കുറ്റപ്പെടുത്തുന്നത്‌. വിജേന്ദറിനെതിരെ കോടതിയെ സമീപിക്കുമെന്നും കമ്പനി മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ തനിക്ക്‌ പെര്‍സെപ്‌റ്റ്‌സുമായാണ്‌ ബന്ധമെന്നാണ്‌ വിജേന്ദര്‍ പറയുന്നത്‌.

മക്‌ലാറന്‍ മുന്നില്‍
മോന്‍സ: ഇറ്റാലിയന്‍ ഗ്രാന്‍ഡ്‌ പ്രിയില്‍ ഫോഴ്‌സ്‌ ഇന്ത്യയില്‍ നിന്നും പോള്‍ പൊസിഷന്‍ മക്‌ലാറന്റെ ലൂയിസ്‌ ഹാമില്‍ട്ടണ്‍ പിടിച്ചെടുത്തു. ഇന്നാണ്‌ ശക്തമായ പോരാട്ടം. ഫോഴ്‌സ്‌ ഇന്ത്യ ടീമായിരുന്നു ട്രയല്‍സില്‍ കരുത്ത്‌്‌ പ്രകടിപ്പിച്ചത്‌. ഇന്നലെ പക്ഷേ ഹാമില്‍ട്ടണ്‍ മുന്നേറിയപ്പോള്‍ ഫോഴ്‌സ്‌ ഇന്ത്യയുടെ ഡ്രൈവറായ അഡ്രിയാന്‍ സുതില്‍ രണ്ടാം സ്ഥാനത്താണ്‌ വന്നത്‌.
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ തകര്‍പ്പന്‍ വിജയം. സൂപ്പര്‍ താരം അബിദേയറുടെ മികവില്‍ സിറ്റി 4-2ന്‌ കരുത്തരായ ആഴ്‌സനലിനെ തകര്‍ത്തു. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ ചെല്‍സി 2-1ന്‌ സ്റ്റോക്ക്‌ സിറ്റിയെ വീഴ്‌ത്തി ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ലിവര്‍പൂള്‍ നാല്‌ ഗോളിന്‌ ബേണ്‍ലിയെ തരിപ്പണമാക്കുകയും ചെയ്‌തു.

2 comments:

പിപഠിഷു said...

നിര്‍ണായക ഘട്ടത്തില്‍ കലമുടയ്ക്കുന്ന ആള്‍ അല്ലാത്തത് കൊണ്ടാണ് സച്ചിന്‍ സച്ചിന്‍ ആയത്...

എല്ലാ കളികളും ഒരു പോലെ കളിക്കാന്‍ ആര്‍ക്കും ആവില്ല.

സച്ചിന്റെ ഈ പ്രകടനത്തെ കുറിച്ചുള്ള എന്റെ പോസ്റ്റ്‌ കാണുക...

http://pipaddishu.blogspot.com/2009/09/blog-post_12.html

പിപഠിഷു said...

കമലേട്ടോ... സച്ചിന്റെ വിമര്‍ശകരെ പറ്റിയുള്ള എന്റെ സൈറ്റ് ആണ്... ഇതു കൂടി നോക്കണേ...

www.sachinandcritics.com