തേര്‍ഡ് ഐ
അട്ടിമറിയോടെയാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മാമാങ്കം ആരംഭിച്ചിരിക്കുന്നത്. ആദ്യ മല്‍സരത്തില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിനെയാണ് അഞ്ചാം സ്ഥാനക്കാര്‍ തോല്‍പ്പിച്ചിരിക്കുന്നത്. അതും രാജകീയമായി തന്നെ. ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യം ബാറ്റ് ചെയ്യാന്‍ നിയോഗിക്കപ്പെടുന്നു. 319 റണ്‍സെന്ന കൂറ്റന്‍ സ്‌ക്കോര്‍ സമ്പാദിച്ച് ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കുന്നു. സമ്മര്‍ദ്ദം നിലനിര്‍ത്തി വിജയിക്കുന്നു. ഈ ശ്രീലങ്കന്‍ ടീമിനെ കരുതിയിരിക്കുക. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പിലും ഈയിടെ ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പിലും ഇതേ പ്രകടനം നടത്തിയവരാണവര്‍. പക്ഷേ ആ രണ്ട് തവണയും ഫൈനല്‍ വരെയെത്തി അവിടെ കലമുടച്ച ദ്വീപുകാരുടെ സംഘം എല്ലാ തികഞ്ഞവരാണ് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. ആദ്യ മല്‍സരത്തില്‍ ജാക് കാലിസിനെ പുറത്താക്കാന്‍ ആഞ്ചലോ മാത്യൂസ് എടുത്ത ക്യാച്ച് മാത്രം ഉദാഹരിച്ചാല്‍ ലങ്കന്‍ ടീമിന്റെ അര്‍പ്പണം പ്രകടമാവും. ബൗളിംഗില്‍ ഇത്രമാത്രം ഡെപ്‌ത് ആര്‍ക്കുമില്ല. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ആറ് കരുത്തരായ ബൗളര്‍മാര്‍. ആറ് പേരും തികച്ചും വിത്യസ്‌തരാണ് എന്നതാണ് പ്രത്യേകത. നുവാന്‍ കുലശേഖരയെ നോക്കുക. ഒറ്റനോട്ടത്തില്‍ അപകടകാരിയല്ല. അതിവേഗതയില്ല. പന്തിനെ സ്വിംഗ് ചെയ്യിക്കാനും അത്ര കരുത്തില്ല. പക്ഷേ പന്തുകളെല്ലാം വിക്കറ്റിലേക്കാണ്. ബാറ്റ്‌സ്‌മാന് ഒരു തരത്തിലുമുള്ള സ്വാതന്ത്ര്യമില്ല. ഇന്നലെ അദ്ദേഹം ഏഴ് ഓവറില്‍ 44 റണ്‍സ് വഴങ്ങിയെങ്കിലും കഠിനാദ്ധ്വാനിയാണ് കുലശേഖര. ലാസിത് മാലിങ്കയുടെ ബൗളിംഗ് ആക്ഷന്‍ തന്നെ ബാറ്റ്‌സ്‌മാന്മാരെ ഭയപ്പെടുത്തും. ഒരു തരത്തിലും ബാറ്റ്‌സ്‌മാന്‍ കൈകള്‍ക്കുള്ളില്‍ ഒളിപ്പിച്ച പന്തിനെ കാണില്ല. മികച്ച സ്ലോ ബോളുകള്‍ പായിക്കാനും മാലിങ്കക്ക് കഴിയും. ആഞ്ചലോ മാത്യൂസ് റെഗുലര്‍ ബൗളറല്ല. പക്ഷേ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കി ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിക്കാന്‍ അദ്ദേഹത്തിനാവും. അജാന്ത മെന്‍ഡിസ് എന്ന സ്‌പിന്നറുടെ മികവ് ലോക ക്രിക്കറ്റ് കുറച്ച് കാലമായി കാണുന്നു. തികച്ചും രഹസ്യമൊളിപ്പിക്കുന്ന ഫിംഗര്‍ ബൗളറാണ് അദ്ദേഹം. ഇന്നലെ മൂന്ന് വിലപ്പെട്ട് വിക്കറ്റുകള്‍ വിലയേറിയ സമയത്ത് മെന്‍ഡിസ് വീഴ്‌്‌ത്തിയിരുന്നു. സ്‌പിന്നിനെ നന്നായി കളിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ പോലും മെന്‍ഡിസിന് മുന്നില്‍ തളര്‍ന്ന കാഴ്‌ച്ച കറാച്ചിയിലെ ഏഷ്യാ കപ്പ് ഫൈനലില്‍ കണ്ടതാണ്. മുത്തയ്യ മുരളീധരന്‍ എന്ന മാജിക് സ്‌പിന്നര്‍ ഇപ്പോഴും തികഞ്ഞ അപകടകാരിയാണ്. ഇടം കൈയ്യന്‍ സ്‌പിന്നറായി സനത് ജയസൂര്യയുമുണ്ട്. ഏത് കാലാവസ്ഥയിലും. പിച്ചിലും പന്തെറിയാന്‍ മിടുക്കനാണ് സനത്. ഈ ആറ് പേരുടെ ആക്രമണത്തെ അതിജയിക്കുക എളുപ്പമല്ല എന്ന സത്യത്തിലാണ് ലങ്കയുടെ കരുത്ത് കുടികൊള്ളുന്നത്. ബാറ്റിംഗില്‍ തിലകരത്‌നെ ദില്‍ഷാന്‍, ജയസൂര്യ, ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ദ്ധനെ, തിലാന്‍ സമരവീര, ആഞ്ചലോ മാത്യൂസ് , കാന്‍ഡാംബി, കപ്പുഗുഡേര തുടങ്ങിയവര്‍. ഫീല്‍ഡിംഗിലും മെച്ചപ്പെട്ട നിലവാരം. എല്ലാത്തിനുമുപരി താരങ്ങള്‍ പ്രകടിപ്പിക്കുന്ന അര്‍പ്പണം.
ഈ അര്‍പ്പണത്തിന് മുന്നിലാണ് ദക്ഷിണാഫ്രിക്കയെ പോലെ തികച്ചും പ്രൊഫഷണലുകളുടെ സംഘം മുട്ടുമടക്കിയത്. ആരെയും കൂസാത്ത പ്രകടനമാണ് എല്ലാവരും നടത്തുന്നത്. ദില്‍ഷാനെ കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ ഒരു പാവത്താനാണ്. ജയസൂര്യയെയാണ് എല്ലാ ബൗളര്‍മാരും പേടിക്കുക. ഇവിടെയാണ് ദില്‍ഷാനിലെ ബാറ്റ്‌സ്‌മാന്‍ വിജയിക്കുന്നത്. തനിക്കെതിരെ അനായാസം ബൗള്‍ ചെയ്യുന്നവരെ അതേ അനായാസതയില്‍ നേരിടാന്‍ അദ്ദേഹത്തിനാവുന്നു. ഒരു നായകന്റെ ഗുണഗണങ്ങള്‍ സങ്കക്കാരയില്‍ പൂര്‍ണ്ണമാണ്. ടീമില്‍ അടിപൊളി ബാറ്റ്‌സ്‌മാന്മാര്‍ ധാരാളമുള്ളതിനാല്‍ മധ്യനിരയുടെ നട്ടെല്ലായി വര്‍ത്തിക്കുക എന്ന പക്വമതിയുടെ ജോലിയാണ് അദ്ദേഹം നിര്‍വഹിക്കുന്നത്.
ഈ ടീമിനെ സൂക്ഷിക്കണം. അതിനിടെ ഇന്ത്യക്ക് കനത്ത ആഘാതമായി യുവരാജ് സിംഗ് പുറത്തായിട്ടുണ്ട്. പരിശീലനത്തിനിടെ സംഭവിച്ച പരുക്കില്‍ ചാമ്പ്യന്‍സ് ട്രോഫി യുവിക്ക് നഷ്‌ടമാവുമ്പോള്‍ അത് നമ്മുടെ ടീമിനുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. യുവരാജ് നല്ല ബാറ്റ്‌സ്‌മാന്മാണ്, പാര്‍ട്ട് ടൈം ലെഫ്‌റ്റ് ആം സ്‌പിന്നറാണ്, ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറാണ്-വൈസ് ക്യാപ്‌റ്റനുമാണ്. വിരേന്ദര്‍ സേവാഗ്, സഹീര്‍ഖാന്‍ എന്നീ കരുത്തര്‍ നിലവില്‍ പുറത്താണ്. ആ നഷ്ടത്തിനൊപ്പമാണ് ഇപ്പോള്‍ യുവിയും പുറത്തായിരിക്കുന്നത്. പകരം ടീമിലെത്തിയിരിക്കുന്നത് വിരാത് കോഹ്‌ലിയാണ്. കോഹ്‌ലിക്ക് ഇത് അവസരമാണ്. പക്ഷേ വലിയ ഒരു ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ മാത്രമുള്ള പക്വത കോഹ്‌ലിക്കുണ്ടോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്.
യുവി പുറത്ത്
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കനത്ത ആഘാതം...! യുവരാജ് സിംഗ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനില്ല....! ഇന്നലെ പരിശീലനത്തിനിടെ വലത് കൈയിലെ മധ്യവിരലിന് പരുക്കേറ്റ ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റന്‍ രണ്ട് മാസത്തോളം പുറത്തിരിക്കണം. ഇന്നലെയാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തായത്. ഫീല്‍ഡിംഗ് പരിശീലനത്തിനിടെ പന്ത് തടയുമ്പോള്‍ കൈകള്‍ പന്തിലും നിലത്തും തട്ടിയാണ് പരുക്കേറ്റിരിക്കുന്നത്. വിരലിന് പൊട്ടലുണ്ടെന്ന് സ്‌കാനിംഗില്‍ വ്യക്തമായിട്ടുണ്ട്. പകരം വിരാത് കോഹ്‌ലിയിലെ ടീമിലെടുത്തു. കോഹ്‌ലി ഇന്ന് പുറപ്പെടും. ശനിയാഴ്‌്‌ച പാക്കിസ്‌താനെതിരെയാണ്‌് ഇന്ത്യയുടെ ആദ്യ മല്‍സരം.
യുവി പുറത്താവുമ്പോള്‍ ഇന്ത്യക്ക് നഷ്‌ടമാവുന്നത് ശക്തനായ ഓള്‍റൗണ്ടറെയാണ്. സ്വന്തം കരുത്തില്‍ മല്‍സരം ജയിപ്പിക്കാന്‍ കരുത്തുള്ള താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. പരുക്ക് കാരണം സീനിയര്‍ താരങ്ങളായ വിരേന്ദര്‍ സേവാഗ്, സഹീര്‍ഖാന്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ ടീമില്ലില്ല. യുവിയും പുറത്താവുമ്പോള്‍ മിനിലോകകപ്പ് എന്ന് വിശേഷിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിന്റെ സാധ്യകള്‍ മങ്ങുകയാണ്. നിലവില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ദിവസം ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോട് വലിയ മാര്‍ജിനില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത്‌് വന്നിരിക്കുന്നത്. ഈ സന്തോഷ ദിവസത്തില്‍ തന്നെയാണ് വലിയ നഷ്ടവും ടീമിന് സംഭവിച്ചിരിക്കുന്നത്. നിലവില്‍ നല്ല ഫോമിലാണ് യുവരാജ് സിംഗ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ 20-20 ലോകകപ്പില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയത് അദ്ദേഹമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ക്രിസ് ബ്രോഡിന്റെ ഓരോവറിലെ ആറ് പന്തുകളും അദ്ദേഹം സിക്‌സറിന് പറത്തിയിരുന്നു. ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡറായ യുവിയുടെ ലെഫ്‌റ്റ് ആം സ്‌പിന്നും ടീമിന് ഉപകാരപ്രദമായിരുന്നു.
വലിയ ആഘാതമാണ് ടീമിന് സംഭവിച്ചിരിക്കുന്നതെന്ന് നായകന്‍ എം.എസ് ധോണി പറഞ്ഞു. പരുക്കുകളെ തടയാന്‍ മാര്‍ഗ്ഗമില്ല. യുവിയുടെ അഭാവത്തിലും ടീമിന് മികച്ച പ്രകടനം നടത്താനാവും. മധ്യനിരയില്‍ ശക്തരുണ്ട്. അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയില്‍ നടന്ന കോപാംക്ട് കപ്പ് ക്രിക്കറ്റിലും പകരക്കാരന്റെ റോളില്‍ കളിച്ചയാളാണ് കോഹ്‌ലി. ഗൗതം ഗാംഭീറിന് പരുക്കേറ്റപ്പോഴായിരുന്നു കോഹ്‌ലി പകരക്കാനായത്. ഒരു മല്‍സരത്തില്‍ കളിക്കുകയും ചെയ്‌തു.
യുവരാജ് പുറത്തായതോടെ ഇന്ത്യന്‍ മധ്യനിരയില്‍ സുരേഷ് റൈന, യൂസഫ് പത്താന്‍ എന്നിവര്‍ക്ക് ഭാരമേറും. സച്ചിനും ഗാംഭീറും ഇന്നിംഗ്‌സിന് തുടക്കമിടും. മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡും അടുത്ത നമ്പറില്‍ ധോണിയും കളിക്കും. അഞ്ചാം നമ്പറില്‍ റൈനയും ആറാം നമ്പറില്‍ യൂസഫും വരുമ്പോള്‍ ഏഴില്‍ ആരെ കളിപ്പിക്കണമെന്ന പ്രശ്‌നമുണ്ട്. അഭിഷേക് നായര്‍, ദിനേശ് കാര്‍ത്തിക്, പ്രവീണ്‍ കുമാര്‍, കോഹ്‌ലി എന്നിവരില്‍ ഒരാള്‍ക്കായിരിക്കും അവസരം.
ലങ്ക തകര്‍ത്തു
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ഗ്രൂപ്പ് ബി യിലെ മല്‍സരത്തിലെ വിധി നിശ്ചയിക്കപ്പെട്ടത് ഡെക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണെങ്കിലും ലങ്ക വിജയം അര്‍ഹിച്ചിരുന്നു. തിലകരത്‌നെ ദില്‍ഷാന്റെ സെഞ്ച്വറിയില്‍ ആദ്യം ബാറ്റ് ചെയ്‌ത ദ്വീപുകാര്‍ എട്ട് വിക്കറ്റിന് 319 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് മുപ്പത്തിയെട്ടാം ഓവറില്‍ മഴ കാരണം തടസ്സപ്പെട്ടു. തുടര്‍ന്നാണ് ഡെക്‌വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കിയത്. മഴ കളി തടസ്സപ്പെടുത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 206 റണ്‍സ് എന്ന നിലയില്‍ പരാജയമുഖത്തായിരുന്നു ആതിഥേയര്‍. ദില്‍ഷാനാണ് മാന്‍ ഓഫ് ദ മാച്ച്. 58 റണ്‍സ് നേടിയ നായകന്‍ ഗ്രയീം സ്‌മിത്തും 41 റണ്‍സ് നേടിയ ജാക് കാലിസും മാത്രമാണ് ആഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ പൊരുതി നിന്നത്. ഈ സഖ്യം നേടിയ 79 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ആര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ലങ്കക്ക് വേണ്ടി അജാന്ത മെന്‍ഡിസ് 30 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി.
സ്‌ക്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക: സ്‌മിത്ത്-ബി-മെന്‍ഡിസ്-58, ഹാഷിം അംല-ബി-മാത്യൂസ്-2, കാലിസ്-സി-മാത്യൂസ്-ബി-മെന്‍ഡിസ്-41, ഡി വില്ലിയേഴ്‌സ്-സി-മഹേല-ബി-മാലിങ്ക-24, ഡുമിനി-ബി-മെന്‍ഡിസ്-0, ബൗച്ചര്‍ -എല്‍.ബി.ഡബ്ല്യൂ-ബി-മാത്യൂസ്-26, മോര്‍ക്കല്‍-നോട്ടൗട്ട്-29, ജഹാന്‍ ബോത്ത-സി-മാത്യൂസ്-ബി-മാലിങ്ക-21, വാന്‍ഡര്‍ മര്‍-നോട്ടൗട്ട്‌്-3, എക്‌സ്‌ട്രാസ്-2, ആകെ 37.4 ഓവറില്‍ ഏഴ് വിക്കറ്റിന് 206. വിക്കറ്റ് പതനം: 1-9 (അംല), 2-90 (സ്‌മിത്ത്), 3-113 (കാലിസ്), 4-113 (ഡുമിനി), 5-142 ( ഡി വില്ലിയേഴ്‌സ്), 6-163 (ബൗച്ചര്‍), 7-198 (ബോത്ത). ബൗളിംഗ്: മാലിങ്ക 7.4-0-43-2, നുവാന്‍ കുലശേഖര 7-0-44-0, മാത്യൂസ് 8-1-43-2, മുരളി 8-0-46-0, മെന്‍ഡിസ് 7-0-30-3.
ഗാരിയുടെ പുതിയ മന്ത്രം
ജോഹന്നാസ്‌ബര്‍ഗ്ഗ്: ക്രിക്കറ്റ് വാര്‍ത്തകളില്‍ ഇന്നലെ സ്ഥാനം പിടിച്ചത് ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്‌റ്റന്റെ പുതിയ തിയറി....നല്ല സെക്‌സ് നല്ല പ്രകടനത്തിന് കാരണമാവുമെന്നാണ് ഇന്ത്യന്‍ കോച്ചിന്റെ പുതിയ സിദ്ധാന്തം. ഇത് വരെ സെക്‌സിനെക്കുറിച്ച് പരസ്യമായ വാദപ്രതിവാദം നടന്നിട്ടില്ല. കിര്‍സ്‌റ്റണ്‍ പറയുന്നത് മാസങ്ങളോളം താരങ്ങള്‍ സെക്‌സില്‍ നിന്നും വിട്ടുനിന്നാല്‍ അതവരുടെ പ്രകടനത്തെ ബാധിക്കുമെന്നാണ്. നല്ല ഭക്ഷണം, നല്ല വിശ്വാസം, നല്ല സ്‌നേഹം-ഇതെല്ലം നല്ലതാണെന്ന് കോച്ച് അഭിപ്രായപ്പെടുന്നു. ഇതിലൊന്നും തെറ്റില്ല. നന്നായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ അത് താരങ്ങളെ തളര്‍ത്തും. അത് മൈതാനത്ത് പ്രകടമാവുകയും ചെയ്യും. സെക്‌സില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല. പരസ്‌പരം താരങ്ങള്‍ സ്‌നേഹിക്കുന്നതും നല്ലതാണ്.
എതിരാളി റഷ്യ
ന്യൂഡല്‍ഹി: പതിനൊന്‌് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഡേവിസ് കപ്പ് ലോക റൗണ്ടില്‍ തിരിച്ചെത്തിയ ഇന്ത്യക്ക് എതിരാളികള്‍ കരുത്തരായ റഷ്യ. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്ക് ശക്തരായ പ്രതിയോഗികളെ ലഭിച്ചത്. അടുത്ത വര്‍ഷം മാര്‍ച്ച് അഞ്ച് മുതല്‍ ഏഴ് വരെ റഷ്യയിലാണ് കളി. യോഗ്യതാ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ലോക ഗ്രൂപ്പിലെത്തിയത്. നിലവില്‍ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് റഷ്യ. മറ്റ് ഫിക്‌സച്ചര്‍ ഇപ്രകാരം: സ്‌പെയിന്‍-സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി-ഫ്രാന്‍സ്, അര്‍ജന്റീന-സ്വീഡന്‍, ഇക്വഡോര്‍- ക്രൊയേഷ്യ, സെര്‍ബിയ-അമേരിക്ക, ചിലി-ഇസ്രാഈല്‍, ബെല്‍ജിയം-ചെക് റിപ്പബ്ലിക്.
അണ്ടര്‍ 20 ലോകകപ്പ്
കെയ്‌റോ: നാളെയുടെ ലോക ഫുട്‌ബോളര്‍മാരെ കണ്ടെത്തുന്ന ഫിഫ അണ്ടര്‍-20 ലോകകപ്പിന് ഇന്ന് ഈജിപ്‌ഷ്യന്‍ നഗരമായ അലക്‌സാണ്ടറിയയില്‍ തുടക്കം. ലയണല്‍ മെസിയെയും ജാവിയര്‍ സാവിയോളയെയുമെല്ലം ലോകത്തിന് സംഭാവന ചെയത് ചാമ്പ്യന്‍ഷിപ്പില്‍ ഇത്തവണ അര്‍ജന്റീനയില്ല. സീനിയര്‍ ടീം ലോകകപ്പനായി തപ്പിതടയുമ്പോള്‍ അണ്ടര്‍ 20 ടീം യോഗ്യത നേടിയിട്ടില്ല. ആറ് ഗ്രൂപ്പിലായി 24 ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്നത്. ഗ്രൂപ്പ് എ: ഈജിപ്‌ത്, ട്രിനിഡാഡ് ടുബാഗോ, പരാഗ്വേ, ഇറ്റലി. ഗ്രൂപ്പ് ബി: നൈജീരിയ, വെനിസ്വേല, സ്‌പെയിന്‍, താഹിതി. ഗ്രൂപ്പ് സി: അമേരിക്ക, ജര്‍മനി, കാമറൂണ്‍, കൊറിയ റിപ്പബ്ലിക്. ഗ്രൂപ്പ് ഡി: ഘാന, ഉസ്‌ബെക്കിസ്ഥാന്‍, ഇംഗ്ലണ്ട്, ഉറുഗ്വേ. ഗ്രൂപ്പ് ഇ: ബ്രസീല്‍, കോസ്‌റ്റാറിക്ക, ചെക്ക് റിപ്പബ്ലിക്, ഓസ്‌ട്രേലിയ. ഗ്രൂപ്പ് എഫ്: യു.എ.ഇ, ദക്ഷിണാഫ്രിക്ക, ഹോണ്ടുറാസ്, ഹംഗറി. ഉദ്‌ഘാടന മല്‍സരം ഈജിപ്‌തും ട്രിനിഡാഡും തമ്മിലാണ്.
ട്രാഫിക്
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി ആതിഥേയ നഗരമായ ഡല്‍ഹി ട്രാഫിക് കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടി വരും. ഗതാഗതം തന്നെയായിരിക്കും ഡല്‍ഹിക്ക് വലിയ വിലങ്ങെന്ന് കരുതപ്പെടുന്നു. ഈ കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് കോമണ്‍വെല്‍ത്ത്‌് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തലസ്ഥാന നഗരത്തില്‍ ഗതാഗത കുരുക്ക് പതിവ് സംഭവമാണ. ് ട്രാഫിക് മരണങ്ങളും കൂടുതലാണ്. ഗെയിംസിന് കനത്ത സുരക്ഷയും സംഘാടകര്‍ നല്‍കേണ്ടി വരും. എന്നാല്‍ ഒന്നിലും ഭയപ്പെടാനില്ലെന്നാണ് സംഘാടരക സമിതി ജനറല്‍ കണ്‍വീനര്‍ സുരേഷ് കല്‍മാഡി ആവര്‍ത്തിക്കുന്നത്.
ക്രിക്കറ്റ്
ജോഹന്നാസ്‌ബര്‍ഗ്ഗില്‍ മല്‍സരം കാണാന്‍ കാണികള്‍ തന്നെ കുറവായിരുന്നു. പാക്കിസ്‌താനും വിന്‍ഡിസിന്റെ രണ്ടാം നിരയും തമ്മില്‍ കളിക്കുമ്പോള്‍ വിജയം ആര്‍ക്കാണെന്ന് മനസ്സിലാക്കി തന്നെ കാണികള്‍ അകന്നത് പോലെ മൈതാനത്തും പോരാട്ടം ഏകപക്ഷീയമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് 34.3 ഓവറില്‍ 133 റണ്‍സിന് എല്ലാവരും പുറത്തായി. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 319 റണ്‍സാണ് നേടിയതെങ്കില്‍ അതിന് നേര്‍ വീപരിതമായിരുന്നു വിന്‍ഡീസ് പ്രകടനം. ഒമ്പതാം നമ്പറില്‍ വന്ന 51 റണ്‍സ് നേടിയ മില്ലര്‍ മാത്രമാണ് പൊരുതിയത്. ടോസ് വേളയില്‍ വിന്‍ഡീസ് നായകന്‍ ഫ്‌ളോയിഡ് റൈഫര്‍ പറഞ്ഞിരുന്നു കരിബീയന്‍ ആരാധകര്‍ക്കായി ഏറ്റവും മികച്ച പ്രകടനം തന്റെ ടീം നടത്തുമെന്ന്. പക്ഷേ അ പ്രകടനം വാക്കിലൊതുങ്ങി. പാക് ബൗളര്‍മാരായ മുഹമ്മദ് ആമിറും റാണ നവീദും ഉമര്‍ ഗുലും തുടക്കത്തില്‍ തന്നെ കസറിയപ്പോള്‍ നായകന്‍ ഷാഹിദ് അഫ്രീദിക്ക് കാര്യങ്ങള്‍ എളുപ്പമായി. ആദ്യമായി പാക്കിസ്‌താന്‍ ഏകദിന ടീമിനെ നയിക്കുന്ന അഫ്രീദിക്ക് വേവലാതിപ്പെടാനേ ഉണ്ടായിരുന്നില്ല. ആമിര്‍ പിച്ചിനെ ഉപയോഗപ്പെടുത്തിയപ്പോള്‍ റാണ നവീദ് പന്തിനെ സ്വിംഗ് ചെയ്യിച്ചു. ഗുല്‍ പതിവ് പോലെ റിവേഴ്‌സ് സ്വിംഗ് ആയുധമാക്കി. ഫ്‌ളഡ്‌ലൈറ്റുകള്‍ കണ്ണ് തുറക്കും മുമ്പ് തന്നെ വിന്‍ഡീസ് ഇന്നിംഗ്‌സ് അവസാനിച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഡെയില്‍ റിച്ചാര്‍ഡ്‌സിനെ ആമിര്‍ പുറത്താക്കി. ടീമിലെ വിലാസക്കാരനായ ബാറ്റ്‌സ്‌മാന്‍ ആന്‍ഡ്ര്യ ഫളെച്ചറും എളുപ്പം നടന്നകന്നു. ടീമിലെ അനുഭവസമ്പന്നനായ ഡിവോണ്‍ സ്‌മിത്തിനെ തിരിച്ചയച്ചാണ് ഗുല്‍ തുടങ്ങിയത്.
ദക്ഷിണാഫ്രിക്ക മരിക്കുമോ
ജോഹന്നാസ്‌ബര്‍ഗ്ഗ്: അകാലത്തില്‍ മരിക്കുമോ ദക്ഷിണാഫ്രിക്ക....? 2003 ല്‍ സ്വന്തം തട്ടകത്ത് ലോകകപ്പ് നടന്നപ്പോള്‍ മഴ നിയമത്തെ പഴിച്ച് കരയുന്ന ഷോണ്‍ പൊള്ളോക്കിന്റെ മുഖം ആരും മറന്നിട്ടില്ല. 2007 ല്‍ പ്രഥമ 20-20 ലോകകപ്പ് സ്വന്തം നാട്ടില്‍ നടന്നപ്പോള്‍ കരയുന്ന ഗ്രയീം സ്‌മിത്തിനെയും ആരും മറക്കില്ല. ഇതാ ഐ.സി.സിയുടെ മറ്റൊരു ചാമ്പ്യന്‍ഷിപ്പ് സ്വന്തം നാട്ടില്‍ നടക്കുമ്പോള്‍ തുടക്കത്തില്‍ തന്നെ ആതിഥേയര്‍ പുറത്തേക്കുള്ള വഴിയിലാണ്. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോട് പരാജയപ്പെട്ട സ്‌മിത്തിന്റെ ടീം ഇന്ന് രണ്ടാം മല്‍സരത്തില്‍ ന്യൂസിലാന്‍ഡുമായി സെഞ്ചൂറിയനില്‍ കളിക്കുന്നു. തോറ്റാല്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താവും. ലങ്കയുടെ ഓള്‍റൗണ്ട് മികവിന് മുന്നല്‍ നിഷ്‌പ്രഭമായിരുന്നു സ്‌മിത്തിന്റെ ടീം. ന്യൂസിലാന്‍ഡിനെയും പ്രവചിക്കാന്‍ കഴിയില്ല. ഡാനിയല്‍ വെട്ടോരി നയിക്കുന്ന ടീമില്‍ ശക്തരുണ്ട്. റോസ് ടെയ്‌ലര്‍, ജെസി റൈഡര്‍, ജേക്കബ് ഓരം, ബ്രെന്‍ഡന്‍ മക്കലം തുടങ്ങിയവരെല്ലാം വലിയ മല്‍സരര താരങ്ങളാണ്.
No comments:
Post a Comment