Friday, September 11, 2009

POOR MARADONA, VERY POOR


kamals direct drive
അങ്ങാടിയില്‍ തോറ്റതിന്‌....
വിമര്‍ശനങ്ങളെ അധികമാരും ഇഷ്ടപ്പെടുകയില്ല-പ്രത്യേകിച്ച്‌ പ്രൊഫഷണലുകള്‍....! മുത്തൂറ്റ്‌ പോളിന്റെ കൊലപാതകത്തില്‍ പോലീസിന്റെയും ഭരണക്കൂടത്തിന്റെയും അന്യായമായ ഇടപെടലുകള്‍ മാധ്യമങ്ങള്‍ പുറത്ത്‌ കൊണ്ടുവന്നതിനെതിരെ പിണറായി വിജയന്‍ രംഗത്തിറങ്ങിയ അതേ ദിവസം തന്നെ സാക്ഷാല്‍ ഡിഗോ മറഡോണയും മാധ്യമങ്ങള്‍ക്കെതിരെ ചാടിപുറപ്പെട്ടിരിക്കുന്നു. പരാഗ്വേക്കെതിരായ ലോകകപ്പ്‌്‌ യോഗ്യതാ മല്‍സരത്തിലെ തോല്‍വിക്ക്‌ ശേഷം അര്‍ജന്റീനയുടെ ലോകകപ്പ്‌ സാധ്യതകളെ പരാമര്‍ശിച്ച്‌ പത്രങ്ങളും ചാനലുകളും നല്‍കിയ വിശദീകരണങ്ങളാണ്‌ മറഡോണയെ ചൊടിപ്പിച്ചിരിക്കുന്നത്‌. ആരെന്ത്‌ എഴുതിയാലും തനിക്ക്‌ പ്രശ്‌്‌നമില്ലെന്നും താനും ടീമും കളിക്കുന്നത്‌ മാധ്യമങ്ങള്‍ക്ക്‌ വേണ്ടിയല്ലെന്നും തന്റെ ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുമെന്നും അന്ന്‌ ആരും അഭിമുഖത്തിന്‌ വരരുതെന്നുമെല്ലാമാണ്‌ അദ്ദേഹത്തിന്റെ കോപാകുലമായ ജല്‍പ്പനങ്ങള്‍. ലോകം ആദരിക്കുന്ന ഫുട്‌ബോളറാണ്‌ മറഡോണ. മൈതാനത്ത്‌്‌ അദ്ദേഹത്തിന്റെ മാജിക്‌ മാധ്യമങ്ങള്‍ പോലും അല്‍ഭുതത്തോടെയാണ്‌ കണ്ടിട്ടുളളത്‌. പെലെയെക്കാളും മുകളില്‍ മറഡോണയെ അവരോധിച്ചതും മാധ്യമങ്ങളാണ്‌. മാധ്യമങ്ങള്‍ അര്‍ജന്റീനിയന്‍ ടീമിന്റെ ശൈലിയെയും കോച്ചിന്റെ തന്ത്രങ്ങളെയും വിമര്‍ശിക്കുമ്പോള്‍ അതിനെ സ്‌പോര്‍ട്ടിംഗ്‌ സ്‌പിരിറ്റില്‍ കാണാതെ മറഡോണ കോപാകുലനാവുന്നത്‌ അദ്ദേഹത്തിന്റെ സല്‍പ്പേരിനെ (?) തന്നെയാണ്‌ ബാധിക്കുക. പലവിധ വിഷയങ്ങളില്‍ മറഡോണ അകപ്പെട്ടപ്പോള്‍ അതൊന്നും വലിയ വാര്‍ത്തയാക്കാതെ ലോക മാധ്യമങ്ങള്‍ മാറിനിന്നത്‌ അതില്‍ വ്യക്തിഗത വിഷയമുളളത്‌ കൊണ്ടാണ്‌. ഇത്‌ അര്‍ജന്റീനയുടെ വിഷയമാണ്‌. ലോകത്തെമ്പാടും ആരാധകരുളള ടീമാണ്‌ അര്‍ജന്റീന. അടുത്ത വര്‍ഷം ലയണല്‍ മെസിയും കാര്‍ലോസ്‌ ടെവസുമെല്ലാം ലോകകപ്പില്‍കളിക്കുന്നത്‌ കാണാന്‍ കാത്തിരിക്കുന്നവരുടെ സംഘം ഇങ്ങ്‌ മലപ്പുറത്തും കോഴിക്കോട്ടും കണ്ണൂരിലുമെല്ലാമുണ്ട്‌. അര്‍ജന്റീന പരാഗ്വേയോട്‌ തോറ്റ ദിവസം എന്റെ മൊബൈല്‍ ഫോണിലേക്ക്‌ മാത്രം വന്നത്‌ ഇരുന്നുറോളം കോളുകളാണ്‌. എല്ലാവര്‍ക്കുമറിയേണ്ടത്‌ അര്‍ജന്റീനയുടെ ഇനിയുള്ള സാധ്യതകളെക്കുറിച്ചായിരുന്നു. അത്രമാത്രം വേവലാതി ഒരു ടീമിനെക്കുറിച്ചോര്‍ത്ത്‌ ആരാധകര്‍ക്കുണ്ട്‌. അവര്‍ വേദനയോടെ പറയുന്ന വാക്കുകള്‍ വിമര്‍ശനമായി കാണേണ്ടതില്ല.
ബ്രസീല്‍, പരാഗ്വേ എന്നിവര്‍ക്കെതിരായ മല്‍സരങ്ങള്‍ മാത്രമെടുത്താല്‍ എത്ര ഗോളവസരങ്ങള്‍ അര്‍ജന്റീനയുടെ മുന്‍നിര സൃഷ്ടിച്ചു എന്ന ചോദ്യത്തിന്‌ മറഡോണക്ക്‌ പോലും ഉത്തരമുണ്ടാവില്ല. എന്തായിരുന്നു ഡിഫന്‍സിന്റെ ജോലി...? ബൊളീവിയ എന്ന ദുര്‍ബലരോട്‌ ആറ്‌ ഗോളുകളാണ്‌ മറഡോണയുടെ സംഘം വാങ്ങിയത്‌. അത്‌ മറക്കും മുമ്പാണ്‌ ബ്രസീലുകാര്‍ മൂന്ന്‌ ഗോളുകള്‍ നിറച്ചത്‌. പരാഗ്വേയുടെ മുന്‍നിരക്കാര്‍ അര്‍ജന്റിനയുടെ പ്രതിരോധക്കാരെ നിഷ്‌പ്രഭരാക്കി. ഒരൊറ്റ ഗോളവസരമാണ്‌ പരാഗ്വേക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീനക്ക്‌ നേടാനായത്‌ എന്ന്‌ മനസ്സിലാവുമ്പോള്‍ ആ ടീമിന്റെ ദുര്‍ഗതി പ്രകടമാണ്‌. പരാഗ്വേ തുടര്‍ച്ചയായ അവസരങ്ങളുമായി അര്‍ജന്റീനിയന്‍ പെനാല്‍ട്ടി ബോക്‌സില്‍ വട്ടമിട്ടു പറന്നപ്പോള്‍ ലയണല്‍ മെസി എന്ന അപകടകാരിയായ മുന്‍നിരക്കാരന്‍ കേവലം കാഴ്‌ച്ചക്കാരനായിരുന്നു. രാജ്യാന്തര നിലവാരത്തിലുളള ഒരു പരിശീലകനാവാനുളള യോഗ്യത മറഡോണക്കില്ലെന്ന സത്യം മനസ്സിലാക്കുന്നതില്‍ പിഴച്ച അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ്‌ ടീമിന്റെ ദുരവസ്ഥയിലെ പ്രധാന പ്രതികള്‍. കൊക്കെയിനും സ്‌ത്രീകളുമായി നടന്ന, അച്ചടക്ക രാഹിത്യത്തിന്റെ ശക്തനായ വക്താവിനെ പിടിച്ച്‌ കോച്ചാക്കി. നല്ല കളിക്കാര്‍ പോലും പുറത്തായി- റിക്കല്‍മെ ഉള്‍പ്പെടെ. ടീമിലെ അംഗങ്ങള്‍ തന്നെ പറയുന്നു പരിശീലനം പോലും തോന്നിയ പോലെയാണെന്ന്‌. രാവിലെ എഴുന്നേല്‍ക്കുന്ന ശീലം കോച്ചിനില്ല. അപ്പോള്‍ കോച്ച്‌ ബെഡില്‍ നിന്നും എഴുന്നേല്‍ക്കുന്ന സമയത്താണ്‌ കോച്ചിംഗ്‌. പരാഗ്വേക്കെതിരായ മല്‍സരത്തില്‍ മറഡോണ തന്നെക്കാള്‍ വലുപ്പമുളള കുപ്പായത്തില്‍ കാട്ടിയ കോപ്രായങ്ങളില്‍ നിന്ന്‌ ഒരു കാര്യം വ്യക്തമാണ്‌-അദ്ദേഹം മാറിയിട്ടില്ല. പഴയ ആ കലാപകാരി തന്നെ. വെറോണിന്‌ റഫറി ചുവപ്പ്‌ കാര്‍ഡ്‌ കാട്ടിയപ്പോള്‍ കോച്ചിന്റെ വക തെറിയഭിഷേകമായിരുന്നു. കളി കഴിഞ്ഞപ്പോള്‍ അദ്ദേഹം പത്രക്കാര്‍ക്കെതിരെയും ഉറഞ്ഞുതുള്ളി....
മറഡോണ മനസ്സിലാക്കേണ്ട കാര്യമുണ്ട്‌. ബ്രസീലിന്റെ കോച്ചായി ഡുംഗെ വന്നപ്പോള്‍ ടീം നേരിട്ടത്‌ തോല്‍വികളായിരുന്നു. മാധ്യമങ്ങള്‍ ഉടന്‍ തന്നെ ഡുംഗെയുടെ ശൈലിയെ വിമര്‍ശിച്ചു. അദ്ദേഹം വിമര്‍ശനങ്ങളെ കാര്യമായെടുത്ത്‌ സ്വന്തം ശൈലിയില്‍ മാറ്റം വരുത്തി. അതിന്റെ ഫലം ടീമിന്‌ കിട്ടി. ഇംഗ്ലണ്ടുകാര്‍ രാജ്യാന്തര സോക്കറില്‍ ഇല്ലാതാവുന്ന സമയത്താണ്‌ ഫാബിയോ കാപ്പലോ എന്ന പരിശീലകന്‍ വന്നത്‌. അദ്ദേഹത്തിന്‌ കീഴില്‍ ഇംഗ്ലണ്ട്‌ വിജയങ്ങള്‍ മാത്രം നേടിയത്‌ പരിശീലകന്റെ മികവിലാണ്‌. മറഡോണ സ്വയം വിലയിരുത്തുക. ഒക്‌ടോബര്‍ പത്ത്‌ വരെ അതിന്‌ സമയമുണ്ട്‌.

സാഫ്‌ കപ്പ്‌ ബംഗ്ലാദേശില്‍
കൊല്‍ക്കത്ത: ആറാമത്‌ സാഫ്‌്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഈ വര്‍ഷം ഡിസംബര്‍ ഒന്ന്‌ മുതല്‍ 15 വരെ ബംഗ്ലാദേശിന്റെ ആസ്ഥാനമായ ധാക്കയില്‍ നടക്കും. ഇന്ത്യയില്‍ ചാമ്പ്യന്‍ഷിപ്പ്‌ നടത്താനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ പാക്കിസ്‌താന്‍ താരങ്ങള്‍ക്ക്‌ ഇന്ത്യ വിസ അനുവദിക്കുന്ന പ്രശ്‌നത്തില്‍ സംശയം നിലനില്‍ക്കുന്നതിനാല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പിന്‌ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇന്ത്യ പിന്മാറിയ സാഹചര്യത്തില്‍ ബംഗ്ലാദശും നേപ്പാളും ചാമ്പ്യന്‍ഷിപ്പില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മാലി ദ്വിപ്‌, കൂടുതല്‍ തവണ ചാമ്പ്യന്മാരായ ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍, ഭൂട്ടാന്‍, നേപ്പാള്‍, പാക്കിസ്‌താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നിവാരണ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. ലോകോത്തര നിലവാരത്തിലുളള സൗരകര്യങ്ങള്‍ ധാക്ക ഒരുക്കുമെന്ന്‌ ബംഗ്ലാദേശ്‌ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട്‌ ഖാസി സലാഹുദ്ദീന്‍ പറഞ്ഞു. ഒക്ടോബര്‍ മൂന്നിന്‌ ധാക്കയില്‍ നടക്കുന്ന സാഫ്‌ കോണ്‍ഗ്രസ്സില്‍ ഫിക്‌സ്‌ച്ചര്‍ നറുക്കെടുപ്പും നടത്തും.
ഫൈനല്‍
കൊല്‍ക്കത്ത: സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഇന്ന്‌ ഐ.എഫ്‌.എ ഷീല്‍ഡ്‌ ഫൈനല്‍. ആതിഥേയരായ മോഹന്‍ ബഗാനും ഗോവക്കാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മിലാണ്‌ ഷീല്‍ഡിനായുളള അങ്കം. കടലാസിലെ കരുത്ത്‌ ബഗാനാണ്‌. പക്ഷേ ചര്‍ച്ചിലിന്റെ നിരയിലെ മൂന്ന്‌ ആഫ്രിക്കന്‍ താരങ്ങള്‍ അപകടകാരികളാണ്‌. രണ്ട്‌ ടീമുകളും ഷൂട്ടൗട്ട്‌ വിജയങ്ങളുമായാണ്‌ ഫൈനലിന്‌ യോഗ്യത നേടിയത്‌. ബഗാന്‍ സ്വന്തം നാട്ടുകാരായ ചിരാഗ്‌ യുനൈറ്റഡിനെ തോല്‍പ്പിച്ചപ്പോള്‍ ചര്‍ച്ചില്‍ എയര്‍ ഇന്ത്യയെയാണ്‌ പരാജയപ്പെടുത്തിയിരുന്നത്‌.

തകര്‍പ്പന്‍ അങ്കങ്ങള്‍
ലണ്ടന്‍: പത്ത്‌ ദിവസത്തെ ഇടവേളക്ക്‌ ശേഷം യൂറോപ്പില്‍ ലീഗ്‌്‌ ഫുട്‌ബോളില്‍ ഇന്ന്‌ തകര്‍പ്പന്‍ മല്‍സരങ്ങള്‍. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ താരങ്ങളുടെ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും തമ്മിലുളള പോരാട്ടത്തിനാണ്‌ കാണികള്‍ കാതോര്‍ക്കുന്നത്‌. ഇന്നത്തെ മറ്റ്‌ മല്‍സരങ്ങളില്‍ ബ്ലാക്‌ബര്‍ണ്‍ വോള്‍വര്‍ഹാംപ്‌ടണെയും ലിവര്‍പൂള്‍ ബേര്‍ണിലിയെയും പോര്‍ട്‌സ്‌മൗത്ത്‌ ബോള്‍ട്ടണെയും സ്റ്റോക്‌ സിറ്റി ചെല്‍സിയെയും സുതര്‍ലാന്‍ഡ്‌ ഹള്‍ സിറ്റിയെയും ടോട്ടന്‍ഹാം മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെയും വിഗാന്‍ വെസ്‌റ്റ്‌ഹാമിനെയും എതിരിടും. ലീഗില്‍ മിക്ക ടീമുകളും നാല്‌ വീതം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 12 പോയന്റുമായി ചെവല്‍സി, ടോട്ടന്‍ഹാം എന്നിവരാണ്‌ ഒന്നാമത്‌. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും മാഞ്ചസ്‌റ്റര്‍ സിറ്റിയും ഒമ്പത്‌ പോയന്റുമായി പിറകിലുണ്ട്‌.
സ്‌പാനിഷ്‌ ലീഗില്‍ ഇന്ന്‌ നാല്‌ മല്‍സരങ്ങളുണ്ട്‌. കരുത്തരായ റയല്‍ മാഡ്രിഡും ചാമ്പ്യന്മാരായ ബാര്‍സയും ഇന്ന്‌ കളിക്കുന്നു. റയലിന്റെ പ്രതിയോഗികള്‍ എസ്‌പാനിയോളും ബാര്‍സയുടെ എതിരാളികള്‍ ഗറ്റാഫെയുമാണ്‌. രണ്ട്‌ കരുത്തരും എവേ മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ സ്വന്തം മൈതാനത്ത്‌ അത്‌ലറ്റികോ മാഡ്രിഡ്‌ റേസിംഗ്‌ സാന്‍ഡറിനെയും സെവിയെ റയല്‍ സരഗോസയെയും നേരിടും. ഇറ്റാലിയന്‍ ലീഗിലും തകര്‍പ്പന്‍ മല്‍സരങ്ങള്‍ ഇന്നുണ്ട്‌. ശക്തരായ യുവന്തസ്‌ ലാസിയോയെ എതിരിടുമ്പോള്‍ ഏ.സി മിലാന്‍ ലിവോര്‍ണോയുമായി കളിക്കും.


സ്‌ക്കോര്‍കാര്‍ഡ്‌
ന്യൂസിലാന്‍ഡ്‌: ബ്രെന്‍ഡന്‍ മക്കലം-എല്‍.ബി.ഡബ്ല്യൂ-ബി-നെഹ്‌റ-3, ജെസി റൈഡര്‍-എല്‍.ബി.ഡബ്ല്യൂ-ബി-നെഹ്‌റ-0, മാര്‍ട്ടിന്‍ ഗുപ്‌ടില്‍-സി-ദ്രാവിഡ്‌-ബി-യുവരാജ്‌-22, റോസ്‌ ടെയ്‌ലര്‍-സി-ധോണി-ബി-ആര്‍.പി സിംഗ്‌്‌-11, ഇലിയട്ട്‌-സി-ധോണി-ബി-യുവരാജ്‌-22, ജേക്കബ്‌ ഓരം- സി-ആന്‍ഡ്‌-ബി-ഇഷാന്ത്‌-24, ബ്രൂം-സി-റൈന-ബി-യുവരാജ്‌-21, വെട്ടോരി-ബി-ഇഷാന്ത്‌-25, കൈല്‍ മില്‍സ്‌-ബി-ആര്‍.പി സിംഗ്‌-6, ബട്‌ലര്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-6, ഷെയിന്‍ ബോണ്ട്‌-നോട്ടൗട്ട്‌-10, എക്‌സ്‌ട്രാസ്‌-5, ആകെ 46.3 ഓവറില്‍ 155. വിക്കറ്റ്‌ പതനം: 1-1 (റൈഡര്‍), 2-4 (മക്കലം), 3-19 (ടെയ്‌ലര്‍), 4-51 (ഗുപ്‌ടില്‍), 5-66 (ഇലിയട്ട്‌), 6-101 (ഓരം), 7-116 (ബ്രൂം), 8-134 (മില്‍സ്‌), 9-142 (വെട്ടോരി), 10-155 (ബട്‌ലര്‍). ബൗളിംഗ്‌: ആശിഷ്‌ നെഹ്‌റ 8.3-0-24-3, ആര്‍.പി സിംഗ്‌-8-2-22-2, ഇഷാന്ത്‌ 10-2-26-2, യുവരാജ്‌-10-0-31-3, ഹര്‍ഭജന്‍ 8-0-39-0, സുരേഷ്‌ റൈന 1-0-4-0, യൂസഫ്‌ പത്താന്‍ 1-0-5-0.
ഇന്ത്യ: ദിനേശ്‌ കാര്‍ത്തിക്‌-എല്‍.ബി.ഡബ്ല്യൂ-ബി-മില്‍സ്‌-4, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സി-ഗുപ്‌ടില്‍-ബി-വെട്ടോരി-46, രാഹുല്‍ ദ്രാവിഡ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ഓരം-14, യുവരാജ്‌ സിംഗ്‌-സി-ഗുപ്‌ടില്‍-ബി-വെട്ടോരി-8, എം.എസ്‌ ധോണി-നോട്ടൗട്ട്‌-35, സുരേഷ്‌ റൈന-നോട്ടൗട്ട്‌-45, എക്‌സ്‌ട്രാസ്‌-4, ആകെ 40.3 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 156. വിക്കറ്റ്‌ പതനം: 1-7 (കാര്‍ത്തിക്‌), 2-67 (ദ്രാവിഡ്‌), 3-71 (സച്ചിന്‍), 4-84 (യുവരാജ്‌). ബൗളിംഗ്‌: മില്‍സ്‌ 5.3-1-25-1, ബോണ്ട്‌ 10-3-30-3, ബട്‌ലര്‍ 4-0-25-0, വെട്ടോരി 10-0-33-2, ജേക്കബ്‌ ഓരം 7-1-19-1, ഇലിയട്ട്‌ 2-0-90-0, ഗുപ്‌ടില്‍ 2-0-12-0

ക്രിക്കറ്റ്‌
കൊളംബോ: ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്കുള്ള കുതിപ്പില്‍ ഇന്ത്യ ആദ്യ കടമ്പ പിന്നിട്ടു. കോംപാക്ട്‌ കപ്പ്‌ ത്രിരാഷ്‌ട്ര ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെ ആറ്‌ വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ എം.എസ്‌ ധോണിയും സംഘവും ഫൈനല്‍ ഉറപ്പാക്കി. ഇന്ന്‌ ഇന്ത്യ ശ്രീലങ്കയെ നേരിടും. ഈ മല്‍സരഫലം ചാമ്പ്യന്‍ഷിപ്പില്‍ പ്രസക്‌്‌തമല്ല. രണ്ട്‌ ടീമുകളും ഫൈനല്‍ ഉറപ്പാക്കിയവരാണ്‌. പക്ഷേ ഇന്ത്യക്ക്‌ ഈ മല്‍സരം ജയിക്കേണ്ടതുണ്ട്‌. കാരണം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്‌ വരാന്‍ ഈ ചാമ്പ്യന്‍ഷിപ്പിലെ മൂന്ന്‌ മല്‍സരവും ഇന്ത്യക്ക്‌ സ്വന്തമാക്കണം. മല്‍സരങ്ങള്‍ വിജയകരമായി പിന്നിടാനായാല്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഐ.സി.സി റാങ്കിംഗില്‍ ഇതാദ്യമായി ഇന്ത്യക്ക്‌ നമ്പര്‍ വണ്‍ സ്ഥാനം സ്വന്തമാക്കാം.
ഇന്നലെ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലാന്‍ഡ്‌ 155 റണ്‍സിന്‌ പുറത്തായപ്പോള്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ആശിഷ്‌ നെഹ്‌റ, യുവരാജ്‌ സിംഗ്‌ എന്നിവരുടെ മികച്ച ബൗളിംഗില്‍ കിവി ബാറ്റിംഗ്‌ നിരയെ നിയന്ത്രിച്ച ഇന്ത്യക്കായി ബാറ്റ്‌ കൊണ്ട്‌്‌ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണിയും സുരേഷ്‌ റൈനയുമാണ്‌ വിജയമൊരുക്കിയത്‌.
പ്രേമദാസ സ്‌റ്റേഡിയത്തിലെ പകല്‍-രാത്രി മല്‍സരത്തില്‍, നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ ഡാനിയല്‍ വെട്ടോരി ആഗ്രഹിച്ചത്‌ പോലെ തന്നെ ടോസ്‌ കിട്ടി. രാത്രി വെളിച്ചത്തില്‍ ബാറ്റിംഗ്‌ ദുഷ്‌ക്കരമാണെന്ന സത്യം അദ്ദേഹം ശ്രീലങ്കക്കെതിരായ മല്‍സരത്തില്‍ നിന്ന്‌ മനസ്സിലാക്കിയതിനാല്‍ ടോസിന്റെ വഴിയില്‍ ബാറ്റിംഗും തെരഞ്ഞെടുത്തു. ചാമ്പ്യന്‍ഷിപ്പില്‍ നിലനില്‍ക്കാന്‍ വിജയമല്ലാതെ മറ്റ്‌ വഴിയില്ലാത്ത ഘട്ടത്തില്‍ നല്ലൊരു ടോട്ടലായിരുന്നു നായകന്റെ മനസ്സില്‍. പക്ഷേ ഇന്നിംഗ്‌സ്‌ പതിനാല്‌ പന്തുകള്‍ മാത്രം പിന്നിട്ടപ്പോള്‍ മല്‍സരം ഇന്ത്യന്‍ വഴിയിലായി. ആശിഷ്‌ നെഹ്‌റയുടെ പേസാണ്‌ കിവി ബാറ്റിംഗ്‌ നിരയില്‍ വിള്ളലുണ്ടാക്കിയത്‌. യുവരാജ്‌ സിംഗിന്റെ ലെഫ്‌റ്റ്‌ ആം സ്‌പിന്‍ വന്നപ്പോള്‍ മധ്യനിരയും പാളി. ഒടുവില്‍ അമ്പത്‌ ഓവര്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ 155 ല്‍ ടീം പുറത്തായി.
പകല്‍-രാത്രി മല്‍സരത്തില്‍ 200 പ്ലസ്‌ സ്‌ക്കോര്‍ ഭദ്രമാണെന്ന്‌ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ലങ്ക തെളിയിച്ചിരുന്നു. ആ വഴിയെ സഞ്ചരിച്ചാല്‍ കിവി ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പിടിച്ചുനില്‍ക്കാനും കഴിയുമായിരുന്നു. പക്ഷേ പിച്ചിനെ പഠിക്കുന്നതിലും മുന്‍നിരക്ക്‌ പിഴച്ചപ്പോള്‍ മധ്യനിര സമ്മര്‍ദ്ദത്തിന്റെ പിടിയിലായി. നാല്‌ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ നല്ല തുടക്കം കിട്ടി. പക്ഷേ അവര്‍ക്കാര്‍ക്കും ഒരു സമരവീരയാവാന്‍ കഴിഞ്ഞില്ല. നെഹ്‌റയാണ്‌ ഇന്ത്യന്‍ ആക്രമണത്തിന്‌ തുടക്കമിട്ടത്‌. രണ്ടാം പന്തില്‍ തന്നെ അപകടകാരിയായ ജെസി റൈഡര്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി. ലെഗ്‌ സ്‌റ്റംമ്പിന്‌ മുന്നില്‍ വെച്ച്‌ പന്തിനെ പ്രതിരോധിച്ച ബാറ്റ്‌സ്‌മാന്‍ അപകടം ക്ഷണിച്ചു വരുത്തിയപ്പോള്‍ അതേ പാതയില്‍ ബ്രെന്‍ഡന്‍ മക്കലവും നടന്നകന്നു. നെഹ്‌റയുടെ രണ്ടാമത്തെ ഓവറില്‍ മക്കലവും എല്‍.ബിയില്‍ കുരുങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഉണര്‍വായി. നെഹ്‌റയുടെ ആദ്യ സ്‌പെല്‍ ഇപ്രകാരമായിരുന്നു 6-0-16-2. പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാതെയാണ്‌ നെഹ്‌റ പന്തെറിഞ്ഞത്‌. ഗുഡ്‌ ലെംഗ്‌ത്‌ പന്തുകളാണ്‌ അദ്ദേഹത്തിന്‌ നേട്ടമായത്‌. മറുഭാഗത്ത്‌ ആര്‍.പി സിംഗും വേട്ടയാടല്‍ തുടങ്ങിയപ്പോള്‍ റോസ്‌ ടെയ്‌ലര്‍ ആദ്യ ഇരയായി. രണ്ട്‌ ലെഫ്‌റ്റ്‌ ആം സീമര്‍മാര്‍ ചേര്‍ന്ന്‌ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ ധോണി പന്ത്‌ ലെഫ്‌റ്റ്‌ ആം സ്‌പിന്നര്‍ യുവരാജിന്‌ കൈമാറി. പൊരുതിനില്‍ക്കുകയായിരുന്ന മാര്‍ട്ടിന്‍ ഗുപ്‌ടില്‍ യുവരാജിന്റെ ആദ്യ ഓവറില്‍ തന്നെ വീണു. ഒന്നാം സ്ലിപ്പില്‍ രാഹുല്‍ ദ്രാവിഡിന്‌ ക്യാച്ച്‌. ഇന്ത്യയുടെ വിശ്വസ്‌തനായ സ്ലിപ്‌ ഫീല്‍ഡര്‍ ഇടവേളക്ക്‌ ശേഷം ടീമില്‍ തിരിച്ചെത്തി തന്റെ ഇഷ്‌ട പൊസിഷനില്‍ നിന്നപ്പോള്‍ ഭദ്രമായ ക്യാച്ച്‌. ഏകദിനങ്ങളില്‍ ദ്രാവിഡിന്റെ 194-ാമത്‌ ക്യാച്ചായിരുന്നു അത്‌. അമ്പയര്‍ കുമാര്‍ ധര്‍മസേനയുടെ പിഴവില്‍ ഇലിയട്ട്‌ പുറത്തായപ്പോള്‍ ആ വിക്കറ്റും യുവരാജിന്‌ സ്വന്തമായി. വാലറ്റത്തെ വീഴ്‌്‌ത്താന്‍ ധോണി ഇഷാന്തിനെയും നെഹ്‌റയെയും നിയോഗിച്ചപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. യുവരാജും നെഹ്‌റയും മൂന്ന്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ഇന്ത്യന്‍ ബൗര്‍ളര്‍മാരില്‍ നിരാശ സമ്മാനിച്ചത്‌ ഹര്‍ഭജന്‍സിംഗ്‌ മാത്രമായിരുന്നു. ക്യാമറാമാനെ അടിച്ച്‌ കൊളംബോയിലെത്തിയ ബാജിക്ക്‌ ഒമ്പത്‌്‌ ഓവറില്‍ ഒരു ഇരയെ പോലും കണ്ടെത്താനായില്ല.
രാത്രി വെളിച്ചത്തില്‍ ഇന്ത്യക്ക്‌ ബാറ്റിംഗ്‌ എളുപ്പമായിരുന്നില്ല. പ്രത്യേകിച്ച്‌ ഷെയിന്‍ ബോണ്ടിന്റെ തീപ്പാറുന്ന പേസിന്‌ മുന്നില്‍. ഗൗതം ഗാംഭീര്‍ പരുക്ക്‌ കാരണം പുറത്തായതിനെ തുടര്‍ന്ന്‌ ഓപ്പണറുടെ കുപ്പായത്തില്‍ സച്ചിനൊപ്പം കളിച്ച ദിനേശ്‌ കാര്‍ത്തിക്‌ വന്ന വഴിയില്‍ മടങ്ങി. പതിനൊന്ന്‌ പന്തില്‍ നാല്‌ റണ്‍സ്‌ മാത്രം നേടിയ തമിഴ്‌നാട്ടുകാരന്‍ കൈല്‍ മില്‍സിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി. അനുഭവസമ്പന്നരായ സച്ചിനും രാഹുല്‍ ദ്രാവിഡുമായിരുന്നു പിന്നെ ക്രീസില്‍. തിരക്കില്ലാത്ത പ്രകടനത്തില്‍ ഇരുവരും അനുഭവസമ്പത്തിന്റെ മൂല്യമാണ്‌ തെളിയിച്ചത്‌. പിന്തുടരാന്‍ ചെറിയ സ്‌ക്കോര്‍ മാത്രമായതിനാല്‍ രണ്ട്‌ പേരും ശ്രദ്ധയോടെയാണ്‌ കളിച്ചത്‌. സ്‌ക്കോര്‍ 67 ല്‍ എത്തിയപ്പോള്‍ ദ്രാവിഡ്‌ വീണു. ജേക്കബ്‌ ഓരമിന്റെ പന്തില്‍ ബാംഗ്ലൂര്‍കാരന്‍ വിക്കറ്റിന്‌ മുന്നില്‍ തളര്‍ന്നു. പ്രതീക്ഷയുമായി കളിച്ച സച്ചിന്റെ പുറത്താവലായിരുന്നു വേദനാജനകം. ആറ്‌ സുന്ദരമായ ബൗണ്ടറികള്‍ പായിച്ച സച്ചിന്‍ വെട്ടോരിയുടെ പന്തില്‍ ഗുപ്‌ടിലിന്‌ ക്യാച്ചിംഗ്‌ പ്രാക്ടീസ്‌ നല്‍കിയാണ്‌ മടങ്ങിയത്‌. സച്ചിന്‍ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡില്‍ 71 റണ്‍സ്‌. കിവി ക്യാമ്പില്‍ ചെറിയ പ്രതീക്ഷകള്‍ കൈവന്ന ഘട്ടത്തില്‍ അതാ യുവരാജും പുറത്ത്‌. വന്നയുടന്‍ രണ്ട്‌ ബൗണ്ടറികള്‍ പായിച്ച യുവി വെട്ടോരിയുടെ രണ്ടാമത്‌ ഇരയായി മാറി. 84 റണ്‍സായിരുന്നു അപ്പോള്‍ ടോട്ടല്‍. ധോണിക്കൊപ്പം സുരേഷ്‌ റൈന വന്ന ഘട്ടത്തില്‍ വെട്ടോരി ബോണ്ടിനെയും ജേക്കബ്‌ ഓരത്തെയും ആക്രമണത്തിന്‌ വിളിച്ചു. റൈന പക്ഷേ നല്ല ഫോമിലായിരുന്നു. വെട്ടോരിയുടെ പന്തില്‍ പായിച്ച സിക്‌സര്‍ പോലെ യുവതാരം കരുത്തിന്റെ പ്രതീകമായപ്പോള്‍ ധോണി പതിവ്‌ പോലെ നങ്കുരക്കാരനായി.

ടെന്നിസ്‌
മിക്‌സഡ്‌ ഡബിള്‍സില്‍ പോയ വര്‍ഷം സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താന്‍ ഇത്തവണ ലിയാന്‍ഡര്‍ പെയ്‌സ്‌-കാര ബ്ലാക്‌ സഖ്യത്തിന്‌ കഴിഞ്ഞില്ല. ഫൈനല്‍ വരെ മികച്ച പോരാട്ടം നടത്തിയ അവര്‍ അവസാന അങ്കത്തില്‍ കാര്‍ലി ഗുലിക്‌സണ്‍-ട്രാവിസ്‌ പാരട്ട്‌ സഖ്യത്തോട്‌ പരാജയപ്പെട്ടു. സ്‌ക്കോര്‍ 6-2, 6-4. നല്ല തുടക്കം ലഭിക്കാതിരുന്നതാണ്‌ പ്രശ്‌നമായതെന്ന്‌ മല്‍സര ശേഷം പെയ്‌സ്‌ പറഞ്ഞു. പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മിലാണ്‌ അങ്കം. പെയ്‌സ്‌-ലുകാസ്‌ ഡോള്‍ഫി സഖ്യം എതിരിടുന്നത്‌ ഇന്ത്യയുടെ മഹേഷ്‌ ഭൂപതി-മാര്‍ക്‌ നോളസ്‌ സഖ്യത്തെയാണ്‌. ഈ ഫൈനലില്‍ തോറ്റാലും തനിക്ക്‌ പ്രശ്‌നമില്ലെന്ന്‌ പെയ്‌സ്‌ പറഞ്ഞു. കാരണം കിരീടം എന്തായാലും ഇന്ത്യയിലേക്ക്‌ വരുമല്ലോയെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എസ്‌ ഓപ്പണ്‍ സിംഗിള്‍സ്‌ മല്‍സരങ്ങള്‍ ഇന്നലെ മഴ കാരണം വൈകി. പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നാം സീഡ്‌ റാഫേല്‍ നദാല്‍ ഒരു സെറ്റിന്‌ മുന്നിട്ട നില്‍ക്കവെയെത്തിയ മഴ മല്‍സരം തടസ്സപ്പെടുത്തി. വനിതാ വിഭാഗത്തില്‍ സറീന വില്ല്യംസ്‌-കിം ക്ലൈസ്റ്റേഴ്‌സ്‌ സെമിയും പുരുഷ വിഭാഗം ഡബിള്‍സ്‌ ഫൈനലും മഴയില്‍ വൈകിയിരിക്കയാണ്‌.

ഫോഴ്‌സ്‌ ഇന്ത്യ മിന്നുന്നു
മോന്‍സ (ഇറ്റലി): ബെല്‍ജിയന്‍ ഗ്രാന്‍ഡ്‌ പ്രിക്ക്‌ പിറകെ ഇറ്റാലിയന്‍ ഗ്രാന്‍ പ്രിയിലും ഫോഴ്‌സ്‌ ഇന്ത്യ മിന്നുന്നു. ഇന്നലെ നടന്ന രണ്ടാം പ്രാക്ടീസ്‌ സെഷനില്‍ ഫോഴ്‌സ്‌ ഇന്ത്യയുടെ അഡ്രിയാന്‍ സുതില്‍ ഏറ്റവും വേഗതയിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. ബെല്‍ജിയന്‍ ഗ്രാന്‍ഡ്‌ പ്രിയില്‍ ഫോഴ്‌സ്‌ ഇന്ത്യ ഡ്രൈവറായ ജിയാന്‍കാര്‍ലോ ഫിഷ്‌ചെലെ രണ്ടാമത്‌ വന്നിരുന്നു. ഇന്നലെ സുതില്‍ ലോകോത്ത താരങ്ങളെയെല്ലാമാണ്‌ പിറകിലാക്കിയത്‌.

മൂന്നാം ലോക യുദ്ധം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ബെര്‍ലിനില്‍ നടന്ന ലോക അത്‌ലറ്റിക്‌ മീറ്റില്‍ വനിതകളുടെ 800 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ കാസ്‌റ്റര്‍ സെമാനിയക്ക്‌ വേണ്ടി ദക്ഷിണാഫ്രിക്ക ശക്തമായി രംഗത്തിറങ്ങുന്നു. സെമാനിയ വനിതയാണോ എന്ന കാര്യത്തില്‍ ലോകം സംശയം പ്രകടിപ്പിച്ച സാഹചര്യത്തല്‍ താരം ലിംഗപരിശോധനക്ക്‌ വിധേയയായിരുന്നു. അതിന്റെ ഫലം ഇത്‌ വരെ വന്നിട്ടില്ല. ഫലം എന്തായാലും സെമാനിയയെ ഇനിയുളള ലോക മീറ്റുകളില്‍ നിന്ന്‌ വിലക്കിയാല്‍ മൂന്നാം ലോക മഹായുദ്ധം തന്നെ നടത്തുമെന്നാണ്‌ ദക്ഷിണാഫ്രിക്കന്‍ കായിക മന്ത്രി റെവാറന്‍ഡ്‌ മക്കന്‍സി സ്റ്റോഫൈല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. സെമാനിയ വനിത തന്നെയാണെന്ന വാദത്തില്‍ ദക്ഷിണാഫ്രിക്ക ഉറച്ചുനില്‍ക്കുകയാണ്‌. ഇതില്‍ മാറ്റമില്ല.

No comments: