Thursday, September 24, 2009
PARNEL VICTORY
ദക്ഷിണാഫ്രിക്കക്ക് ലൈഫ്
ജോഹന്നാസ്‌ബര്‍ഗ്ഗ്:ദക്ഷിണാഫ്രിക്കക്ക് ഓക്‌സിജന്‍...! ന്യസിലാന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് വിജയവുമായി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആതിഥേയര്‍ ആദ്യ വിജയം കരസ്ഥമാക്കി. ആദ്യം ബൗളിംഗിലും പിന്നെ ബാറ്റിംഗിലും ആധികാരികത പുലര്‍ത്തിയായിരുന്നു ഗ്രയീം സ്‌മിത്തും സംഘവും വിജയിച്ചത്. പാര്‍നല്‍ എന്ന യുവസീമര്‍ ഏകദിന ക്രിക്കറ്റിലെ തന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ കിവീസ് 214 ല്‍ പുറത്തായി. സെഞ്ചൂറിയനിലെ ഉറച്ച ബാറ്റിംഗ് ട്രാക്കില്‍ ഈ ടോട്ടല്‍ ഭദ്രമായിരുന്നില്ല. സ്‌മിത്ത് നേരത്തെ പുറത്തായെങ്കിലും ജാക് കാലിസും ഹാഷിം അംലയും എബി ഡി വില്ലിയേഴ്‌സുമെല്ലാം(70 നോട്ടൗട്ട്) ചേര്‍ന്ന് കാര്യങ്ങള്‍ എളുപ്പമാക്കി. ഇന്ന് ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലാണ് മല്‍സരം. ജയിച്ചാല്‍ ലങ്കക്ക് സെമി ഉറപ്പിക്കാനാവും.
ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ലങ്കയില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്നും ദക്ഷിണാഫ്രിക്ക പാഠം പഠിച്ചിരുന്നു. രണ്ടാം മല്‍സരത്തിലും ആലസ്യം പ്രകടിപ്പിച്ചാല്‍ വീട്ടിലിരിക്കേണ്ടി വരുമെന്ന സത്യം മനസ്സിലാക്കിയാണ് ഫീല്‍ഡില്‍ അവര്‍ പുലികളായത്. ബൗളര്‍മാര്‍ ഒരു തരത്തിലും വിട്ടുകൊടുത്തില്ല. ഫീല്‍ഡര്‍മാരാവട്ടെ പന്തിനെ പിടിക്കാനുളള മല്‍സരത്തിലായിരുന്നു. അതിനിടെ റോസ് ടെയ്‌ലര്‍ മാത്രം ചില മികച്ച ഷോട്ടുകള്‍ പായിച്ചു. 106 പന്തില്‍ നിന്നും ടെയ്‌ലര്‍ 72 റണ്‍സ് നേടിയെങ്കിലും കാര്യമായ കൂട്ടുകെട്ടുകള്‍ പിറന്നില്ല. ടെയ്‌ലറും-ഗ്രാന്‍ഡ് ഇലിയട്ടും നാലാം വിക്കറ്റില്‍ പൊരുതി നിന്നത് മാത്രമാണ് ഇന്നിംഗ്‌സിന് അല്‍പ്പമെങ്കിലും ദിശ നല്‍കിയത്. ടോസ് ലഭിച്ചപ്പോള്‍ സ്‌മിത്തിന് സംശയമുണ്ടായിരുന്നു. ലങ്കയെ ബാറ്റിംഗിന് അയച്ചത് പോലെ ദുരന്തമാവുമോയെന്ന ആശങ്കയിലും മാനത്ത് കണ്ട് കാര്‍മേഘങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് അദ്ദേഹം കിവിക്കാരെ ബാറ്റിംഗിന് ക്ഷണിച്ചു. പാര്‍നല്‍ തുടക്കത്തില്‍ രണ്ട് വിക്കറ്റ് നേടി ക്യാപ്‌റ്റന് ആശ്വാസമേകി. മക്കലം തകര്‍പ്പനടികള്‍ പായിക്കുന്നതിനിടെയും വിക്കറ്റുകള്‍ വീണു. വാന്‍ഡര്‍ മെര്‍വ് എന്ന സ്‌പിന്നറുടെ പന്തുകള്‍ അപകടകരമായി മാറിയപ്പോള്‍ റണ്‍ നിയന്ത്രിക്കപ്പെട്ടു. ഇലിയട്ടിനെയും നീല്‍ ബ്രൂമിനെയും വാന്‍ഡര്‍ മെര്‍വ് ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വാലറ്റത്തിന്റെ കഥ കഴിക്കാന്‍ പാര്‍നലിന്റെ പേസിനായി. പാര്‍നലാണ് കളിയിലെ കേമന്‍.
സ്‌ക്കോര്‍ബോര്‍ഡ്
കിവീസ്: മക്കലം-സി-ഡുമിനി-ബി-ബോത്ത-44, റൈഡര്‍-സി-വാന്‍ഡര്‍ മെര്‍വ്-ബി-പാര്‍നല്‍-8, ഗുപ്‌ടില്‍-സി-അംല-ബി-പാര്‍നല്‍-21, ടെയ്‌ലര്‍-എല്‍.ബി.ഡബ്ല്യൂ-ബി-പാര്‍നല്‍-72, ഇലിയട്ട്-ബി-വാന്‍ഡര്‍ മെര്‍വ്-30, ബ്രൂം-എല്‍.ബി.ഡബ്ല്യൂ-ബി-വാന്‍ഡര്‍ മെര്‍വ്-1, ഹോപ്‌കിന്‍സ്-സി-ഡുമിനി-ബി-പാര്‍നല്‍-13, മില്‍സ്-സി-ഡി വില്ലിയേഴ്‌സ്-ബി-സ്റ്റെന്‍-0, വെട്ടോരി-നോട്ടൗട്ട്-1, ടഫി-സി-ഡുമിനി-ബി-പാര്‍നല്‍-4, ബോണ്ട്-സി-ഡി വില്ലിയേഴ്‌സ്-ബി-സ്‌റ്റെന്‍-0, എക്‌സ്‌ട്രാസ് 11, ആകെ 47.5 ഓവറില്‍ 214. വിക്കറ്റ് പതനം: 1-12 (റൈഡര്‍), 2-58 (ഗുപ്‌ടില്‍), 3-92 (മക്കലം), 4-163 (ഇലിയട്ട്), 5-171 (ബ്രൂം), 6-203 (ഹോപ്‌കിന്‍സ്), 7-204 (മില്‍സ്), 8-209 (ടെയ്‌ലര്‍), 9-213 (ടഫി), 10-214 (ബോണ്ട്). ബൗളിംഗ്: സ്‌റ്റെന്‍ 9.5-1-32-2, പാര്‍നല്‍ 8-0-57-5, കാലിസ് 8-0-24-0, മോര്‍ക്കല്‍ 3-0-13-0, ബോത്ത 9-1-44-1, വാന്‍ഡര്‍ മെര്‍വ് 10-1-35-2. ദക്ഷിണാഫ്രിക്ക: സ്‌മിത്ത്-സി-വെട്ടോരി-ബി-ടഫി-7, അംല-എല്‍.ബി.ഡബ്ല്യൂ-ബി-വെട്ടോരി-38, കാലിസ്-സി-മക്കലം-ബി-ബോണ്ട്-36, ഡി വില്ലിയേഴ്‌സ്-നോട്ടൗട്ട്-70, ഡുമിനി-സി-മക്കലം-ബി-മില്‍സ്-11, ബൗച്ചര്‍-സി-മക്കലം-ബി-ടഫി-28, മോര്‍ക്കല്‍-നോട്ടൗട്ട്-19, എക്‌സ്‌ട്രാസ് 8, ആകെ 41.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 217. വിക്കറ്റ് പതനം: 1-22 (സ്‌മിത്ത്), 2-74 (കാലിസ്), 3-108 (അംല), 4-138 (ഡുമിനി), 5-180 (ബൗച്ചര്‍). ബൗളിംഗ്: മില്‍സ് 8.1-0-45-1, ബോണ്ട് 10-0-51-1, ടഫി 9-1-52-2, വെട്ടോരി 10-1-34-1, റൈഡര്‍ 2-0-15-0, ഗുപ്‌ടില്‍ 1-0-13-0, ഇലിയട്ട് 1-0-5-0.
പി.എ ഹംസ സെക്രട്ടറി
കോഴിക്കോട്: 2010 ല്‍ കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ പ്രവര്‍ത്തന പുരോഗതിയില്‍ കേരളാ ഒളിംപിക് അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിച്ചു. ഗെയിംസ് അരികിലെത്തി നില്‍ക്കവെ ഒരുക്കങ്ങള്‍ക്ക് ഗതിവേഗമില്ലെന്ന് അസോസിയേഷന്‍ യോഗം കുറ്റപ്പെടുത്തി. ഗെയിംസ് വിജയകരമായി നടത്താനുള്ള നടപടി ക്രമങ്ങള്‍ക്കായി പ്രസിഡണ്ട് എം.എം അബ്ദുള്‍റഹ്‌മാന്‍, സെക്രട്ടറി പി.എ ഹംസ എന്നിവരെ യോഗം ചുമതലപ്പെടുത്തി. അടുത്ത ദേശീയ ഗെയിംസ് നടക്കേണ്ടത് താര്‍ഖണ്ഡിലാണ്. ഈ ഗെയിംസില്‍ പങ്കെടുക്കുന്ന കേരളാ സംഘത്തിന്റെ തയ്യാറെടുപ്പിലും യോഗത്തിന് ആശങ്കയുണ്ട്. കോഴിക്കോട് കേന്ദ്രമായി ഒളിംപിക് ജേര്‍ണല്‍ പ്രസിദ്ധീകരിക്കാനും യോഗത്തില്‍ തീരുമാനമായതായി സെക്രട്ടറി അറിയിച്ചു. പി.എ ഹംസക്ക് തന്നെയാണ് ജേര്‍ണലിന്റെ ചുമതല. കേരളത്തിന്റെ കായിക കരുത്തിന് സഹായകമാവുന്ന തരത്തില്‍ കേരളാ ഗെയിംസും ജില്ലാ ഗെയിംസും നടത്തുന്ന കാര്യം ആലോചിക്കും. ട്രാവന്‍കൂര്‍ മാരത്തോണിന്റെ മാതൃകയില്‍ കോഴിക്കോട് കേന്ദ്രമാക്കി മലബാര്‍ മാരത്തോണ്‍ നടത്താനും തീരുമാനിച്ചു. അസോസിയേഷന്റെ പ്രസിഡണ്ടായി അബ്ദുള്‍റഹ്‌മാനും സെക്രട്ടറിയായി പി.എ ഹംസയും തുടരും. റീജിയണല്‍ സ്‌പോര്‍ട് സെന്ററില്‍ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ നിരീക്ഷകന്‍ ആനന്ദ് രാജു മേല്‍നോട്ടം വഹിച്ചു. ജി.ശ്രീകുമാരകുറുപ്പാണ് പുതിയ ട്രഷറര്‍.
ഷഹീം പ്രതീക്ഷയേകുന്നു
വടകര: ഇന്ത്യന്‍ വോളിബോളിന്റെ പുതിയ പ്രതീക്ഷയാവുകയാണ് വടകരക്കാരനായ കെ.പി ഷഹീം. ലോക തലത്തില്‍ ഇന്ത്യന്‍ വോളിബോള്‍ ടീം ശ്രദ്ധിക്കപ്പെടുമ്പോള്‍ യുവതാരത്തിന്റെ മികവിനെ പരിശീലകര്‍ വാഴ്‌ത്തുന്നു. ഫിലിപ്പൈന്‍സിന്റെ ആസ്ഥാനമായ മനിലയില്‍ നടക്കുന്ന പതിനഞ്ചാമത് ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ അംഗമായ ഷഹീം രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനമാണ് വാഗ്‌ദാനം ചെയ്യുന്നത്. ലോക വോളിബോള്‍ ലീഗില്‍ ഇന്ത്യക്കായി കളിച്ച ഷഹീം തകര്‍പ്പന്‍ പ്രകട
നം നടത്തിയിരുന്നു. ഈ മികവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുളള ടീമില്‍ അംഗമാക്കിയത്. ഒരു കാലത്ത് ഇന്ത്യന്‍ വോളിബോള്‍ ടീമെന്നാല്‍ കേരളമായിരുന്നെങ്കില്‍ ഇന്ന് മലയാള പ്രാതിനിധ്യം ഹാഷിമില്‍ ഒതുങ്ങി നില്‍ക്കുകയാണ്. രാജ്യത്തിന്റെ പ്രതീക്ഷ നിലനിര്‍ത്തുന്ന പ്രകടനം ഉറപ്പ് നല്‍കിയാണ് ഷഹീം മനിലയിലേക്ക് പുറപ്പെട്ടത്. കടമേരിയിലെ സി.സി പീടികയില്‍ കല്ലുള്ളപറമ്പത്ത് അമ്മദ് ഹാജിയുടെയും കുഞ്ഞാമിയുടേയും മകനാണ് ഷഹീം. സഹോദരങ്ങളായ ഹാഷിം, റഫീഖ്, ഫൈസല്‍ എന്നിവരും വോളിബോള്‍ താരങ്ങളാണ്.
റൊ കസറുന്നു
മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഗോള്‍ വേട്ട നടത്തിയ കൃസ്‌റ്റിയാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗീസുകാരന്‍ റയല്‍ മാഡ്രിഡിലും പ്രതിയോഗികളുടെ വല മാത്രം ലക്ഷ്യമാക്കി കുതിക്കന്നു. സുന്ദരമായ ഗോളുകള്‍ സ്വന്തമാക്കുന്ന യുവപ്രതിഭ ഇന്നലെ സ്‌പാനിഷ് ലീഗില്‍ വില്ലാ റയലിനെതിരെ നേടിയ ഗോള്‍ മനോഹരമായിരുന്നു. റൊണാള്‍ഡോയും ടീമിലെ മറ്റൊരു സൂപ്പര്‍താരം കക്കയും സ്വന്തമാക്കിയ ഗോളുകളില്‍ റയല്‍ വില്ലാ റയലിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്‌പാനിഷ് ലീഗില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. റയലിന് വേണ്ടി ലീഗില്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും റൊണാള്‍ഡോ ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് ഗോളുകളാണ് ഇതിനകം സൂപ്പര്‍ താരത്തിന്റെ സമ്പാദ്യം. എല്ലാ ഗോളുകളും ഒന്നിനൊന്ന് വിത്യസ്‌തവുമായിരുന്നു. ബാര്‍സിലോണയുടെ സൂപ്പര്‍ മുന്‍നിരക്കാരന്‍ ലയണല്‍ മെസിയും വലന്‍സിയയുടെ മുന്‍നിരക്കാരന്‍ ഡേവിഡ് വിയയും അഞ്ച് വീതം ഗോളുകള്‍ ഇത് വരെ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ ഇത്തവണ സ്‌പാനിഷ് ലീഗില്‍ റെക്കോര്‍ഡ് ഗോള്‍വേട്ട നടക്കുമെന്നാണ് കരുതപ്പെടുന്നത്. ലോക സോക്കറില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച മുന്‍നിരക്കാരാണ് മെസിയും റൊണാള്‍ഡോയും. രണ്ട് പേരും സ്‌പാനിഷ് ലീഗിലാണ് കളിക്കുന്നതും. ഇന്നലെ മല്‍സരത്തിന്റെ ആദ്യ മിനുട്ടിലായിരുന്നു സൂപ്പര്‍ താരത്തിന്റെ സോളോ ഗോള്‍. പന്തുമായുളള കുതിപ്പില്‍ ഒറ്റയടിക്ക് പിറകിലാക്കിയത് രണ്ട് പേരെ. പിന്നെ ഗോള്‍ക്കീപ്പറെ മാത്രം മുന്നില്‍ നിര്‍ത്തി ത്രസിപ്പിക്കുന്ന ഷോട്ട്. പന്ത് വലയുടെ ഇടത് കോര്‍ണറില്‍...!
ഈ ഗോളിന്റെ മറ്റൊരു മഹത്വം വില്ലാ റയലിന്റെ മൈതാനത്താണ് കളി നടന്നത് എന്നതാണ്. എല്‍ മാഡ്രിഗലാണ് വില്ലാ റയലിന്റെ ഹോം മൈതാനം. ഇവിടെ പ്രതിയോഗികള്‍ക്ക് എളുപ്പം സ്‌ക്കോര്‍ ചെയ്യാനും ജയിക്കാനും കഴിയാറില്ല. ഈ പാരമ്പര്യമാണ് കിക്കോഫില്‍ തന്നെ റൊണാള്‍ഡാ തകര്‍ത്തത്. കക്ക റയലിന് വേണ്ടി സ്വന്തമാക്കിയ ആദ്യ ഗോളിന് പക്ഷേ വിവാദത്തിന്റെ ടച്ചുണ്ട്. പെനാല്‍ട്ടി കിക്കില്‍ നിന്നാണ് ബ്രസീലുകാരന്‍ വല ചലിപ്പിച്ചത്. പെനാല്‍ട്ടി അനുവദിച്ച റഫറിയുടെ നിലപാടിനെ വില്ലാ റയല്‍ ചോദ്യം ചെയ്‌തിരുന്നു. തന്റെ പുതിയ ടീമിന് കളിച്ച എല്ലാ മല്‍സരങ്ങളിലും വിജയം സമ്മാനിക്കാന്‍ കഴിഞ്ഞതിലും എല്ലാ മല്‍സരങ്ങളിലും ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞതിലും റൊണാള്‍ഡോ സന്തോഷം പ്രകടിപ്പിച്ചു. പുതിയ ടീമുമായി വേഗത്തില്‍ താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞതാണ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ സഹായകമായിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
റയലിന്റെ പുതിയ കോച്ച് മാനുവല്‍ പെലിഗ്രിനിക്കും വിജയത്തില്‍ പ്രത്യേക സന്തോഷമുണ്ട്. കാരണം വില്ലാ റയലിനെ തുടര്‍ച്ചയായി അഞ്ച് വര്‍ഷം പരിശീലിപ്പിച്ചയാളാണ് അദ്ദേഹം. റയലിന്റെ ക്യാപ്‌റ്റനായ റൗള്‍ ഗോണ്‍സാലസും ഈ മല്‍സരം മറക്കില്ല. അദ്ദേഹത്തിന്റെ ലീഗിലെ 504-ാമത് മല്‍സരമായിരുന്നു ഇത്. റയലിനായി കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച മനാലോ സാഞ്ചസിന്റെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ റൗള്‍ എത്തിയിരിക്കുന്നത്.
തുടര്‍ച്ചയായി ഇത് രണ്ടാം മല്‍സരത്തിലാണ് ആദ്യ മിനുട്ടില്‍ തന്നെ റൊണാള്‍ഡോ സ്‌ക്കോര്‍ ചെയ്യുന്നത്. സിറോക്‌സിനെതിരെ നേടിയ അഞ്ച് ഗോള്‍ വിജയത്തിലെ ആദ്യ ഗോള്‍ ആദ്യ മിനുട്ടിലായിരുന്നു. ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ അല്‍ മേരിയ 2-2 ല്‍ തളച്ചപ്പോള്‍ ഗറ്റാഫെ 3-1ന് ശക്തരായ വലന്‍സിയയെ ഞെട്ടിച്ചു. ഡേവിഡ് വിയയുടെ ഗോളില്‍ തുടക്കത്തില്‍ വലന്‍സിയ ലീഡ് നേടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് അവര്‍ മൂന്ന് ഗോളുകള്‍ വഴങ്ങി. ടെനറിഫിനെ ഒരു ഗോളിന് തോല്‍പ്പിച്ച് അത്‌ലറ്റികോ ബീല്‍ബാവോ ക്ലീന്‍ റെക്കോര്‍ഡ് നിലനിര്‍ത്തിയപ്പോള്‍ ഡിപ്പോര്‍ട്ടീവോ മൂന്ന് ഗോളിന് സിറെക്‌സിനെ തകര്‍ത്തു.
ഗുസ്‌തിയിലും വെങ്കലം
ന്യൂഡല്‍ഹി: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജേന്ദര്‍ കുമാര്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചതിന് പിറകെ ലോക ഗുസ്‌തിയിലും ഇന്ത്യക്ക് മെഡല്‍നേട്ടം. 74 കിലോഗ്രം വിഭാഗത്തില്‍ രമേഷ് കുമാറാണ് ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയത്. ഡെന്മാര്‍ക്കിലെ ഹെര്‍ണിംഗില്‍ നടക്കുന്ന ലോക ചാമ്പ്യന്‍്യഷിപ്പിലാണ് രമേഷ് തകര്‍പ്പന്‍ പ്രകടനം നടത്തിയത്. അമേരിക്കന്‍ പ്രതിയോഗി ഡസ്‌റ്റിന്‍ ഷാറ്റ്‌ലറെയും, ബ്രിട്ടന്റെ മൈക്കല്‍ ഗ്രുന്‍ഡിയെയും പരാജയപ്പെടുത്തിയാണ് 27 കാരനായ രമേഷ് കരുത്ത് പ്രകടിപ്പിച്ചത്. 32 വര്‍ഷത്തിന് ശേഷം ലോക ഗുസ്‌തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. അതേ സമയം ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന് 66 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഇനത്തില്‍ പിഴച്ചു. ജപ്പാനിസ് പ്രതിയോഗിക്ക് മുന്നില്‍ തളര്‍ന്ന സുശീലിന് മെഡലില്ല.
അടി
മുംബൈ: രാജസ്ഥാന്‍ ക്രിക്കറ്റിലെ അടി പരസ്യമാവുന്നു. മുന്‍ പ്രസിഡണ്ട് ലളിത് മോഡിയും പുതിയ പ്രസിഡണ്ട് സഞ്‌ജയ് ദീക്ഷിതുമാണ് അങ്കക്കളത്തില്‍. രണ്ട് പേരും തമ്മിലുള്ള പോരാട്ടത്തില്‍ ജയ്‌പ്പൂര്‍ നഗരത്തിന് അടുത്ത മാസം നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ മല്‍സരം നഷ്ടമായി. ജയ്‌പ്പൂരില്‍ നിശ്ചയിച്ചിരുന്ന മല്‍സരം ബറോഡയില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന ക്രിക്കറ്റ് ബോര്‍ഡ് യോഗം തീരുമാനിച്ചു. ഐ.പി.എല്‍ ചെയര്‍മാനായ മോഡി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാടകീയമായി തോറ്റിരുന്നു. ഈ നിരാശയില്‍ പുതിയ പ്രസിഡണ്ടിനെ ഇല്ലാതാക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
കാര്‍ലിംഗ് കപ്പ്
ലണ്ടന്‍: കാര്‍ലിംഗ് കപ്പ് ഫുട്‌ബോളില്‍ പ്രീമിയര്‍ ലീഗിലെ കരുത്തര്‍ മുന്നേറുന്നു. ഇന്നലെ വിജയം വരിച്ചവരുടെ പട്ടികയില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, എവര്‍ട്ടണ്‍, ആസ്റ്റണ്‍ വില്ല, ചെല്‍സി, ടോട്ടന്‍ഹാം, മാഞ്ചസ്‌റ്റര്‍ സിറ്റി എന്നിവരെല്ലാമുണ്ട്. ബ്രസീലിയന്‍ ഫുള്‍ബാക്ക് ഫാബിയോയുടെ ഗോളില്‍ യുനൈറ്റഡ് വോള്‍വ്‌സിനെ തോല്‍പ്പിച്ചപ്പോള്‍ ആസ്‌റ്റണ്‍വില്ല ഒരു ഗോളിന് കാര്‍ഡിഫിനെയും ചെല്‍സി ഇതേ മാര്‍ജിനില്‍ ക്യൂ.പി.ആറിനെയും എവര്‍ട്ടണ്‍ നാല് ഗോളിന് ഹള്‍ സിറ്റിയെയും ടോട്ടന്‍ഹാം 5-1ന് പ്രിസ്റ്റണെയും മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് ഫുള്‍ഹാമിനെയും തോല്‍പ്പിച്ചു.
തേര്‍ഡ് ഐ
ടിനോ ബെസ്‌റ്റ് എന്ന വിന്‍ഡീസ് സീമര്‍ എറിഞ്ഞ ബീമറിന്റെ വേദനയില്‍ ഉമര്‍ അക്‌മല്‍ എന്ന പത്തൊമ്പതുകാരന്‍ ഒരു വേള ആശങ്ക നല്‍കിയിരുന്നു. പക്ഷേ വളരെ പെട്ടെന്ന് തന്റെ ദൗത്യം പൂര്‍ണ്ണമായിട്ടില്ലെന്ന് തിരിച്ചറിഞ്ഞ യുവതാരത്തിന്റെ പക്വത എല്ലാവരെയും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു- നിശ്ചയം ഉമര്‍ നാളെയുടെ താരമാണ്. പാക്കിസ്‌താനും വിന്‍ഡീസും തമ്മിലുളള ചാമ്പ്യന്‍സ് ട്രോഫി മല്‍സരത്തിന് ആരും പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. വിന്‍ഡീസിന്റെ രണ്ടാം നിരയെ പാക്കിസ്‌താന്‍ എളുപ്പം തകര്‍ക്കുമെന്നാണ് കരുതപ്പെട്ടത്. വിന്‍ഡീസ് ആദ്യം ബാറ്റ് ചെയ്‌ത് 133 ല്‍ പുറത്തായപ്പോള്‍ മൈതാനത്ത് ഫ്‌ളഡ്‌ലൈറ്റുകള്‍ പോലും തെളിഞ്ഞിരുന്നില്ല. പക്ഷേ ഗവിന്‍ ടോംഗെ എന്ന സീമറുടെ കരുത്തില്‍ വിന്‍ഡീസ് തിരിച്ചടിച്ചപ്പോള്‍ പാക്കിസ്‌താന്‍ സമ്മര്‍ദ്ദത്തിലായി. ഈ ഘട്ടത്തിലാണ് ഉമര്‍ എന്ന കേവലം അഞ്ച് രാജ്യാന്തര മല്‍സരങ്ങള്‍ മാത്രം പരിചയമുള്ള കളിക്കാരന്‍ മൈതാനത്തെത്തിയതും ടീമിനെ കരകയറ്റിയതും. ഇംറാന്‍ നസീര്‍, കമറാന്‍ അക്‌മല്‍, മുഹമ്മദ് യൂസഫ,്‌ഷുഹൈബ് മാലിക്, മിസ്‌ബാഹുല്‍ ഹഖ് എന്നീ അനുഭവസമ്പന്നര്‍ വലിയ സംഭാവനകള്‍ നല്‍കാതെ മടങ്ങിയ വേളയില്‍ ഉമര്‍ അഞ്ചലനായി കളിച്ചു. കമറാന്റെ സഹോദരനെന്ന പേരിലായിരുന്നു തുടക്കത്തില്‍ ഉമര്‍ അറിയപ്പെട്ടത്. പക്ഷേ ആദ്യ രാജ്യാന്തര പര്യടനത്തില്‍ തന്നെ-ശ്രീലങ്കക്കെതിരെ അദ്ദേഹം സ്വന്തമായി മേല്‍വിലാസമുണ്ടാക്കി. ആ പരമ്പരയില്‍ നേടിയ സെഞ്ച്വറിയും ചേതോഹരമായ ഇന്നിംഗ്‌സുകളും വഴി ടീമിലെ സ്ഥാനം ഉറപ്പിച്ച ഉമറാണിപ്പോള്‍ പാക്കിസ്‌താന്റെ നട്ടെല്ല്. ബാറ്റിംഗില്‍ വിശ്വസ്‌തനായി അറിയപ്പെട്ടിരുന്ന മുഹമ്മദ് യൂസഫിന് പോലും പിഴക്കുമ്പോള്‍ സ്ഥിരതയുടെ പര്യായമാവുകയാണ് ഉമര്‍. നാളെ ഇന്ത്യ ഭയപ്പെടേണ്ടതും ഈ കൊച്ചു താരത്തെയാണ്. എല്ലാ ഷോട്ടുകളും ഉമറിന്റെ കൈവശമുണ്ട്. സച്ചിന്‍ ശൈലിയിലുളള ഫ്‌ളിക്കുകള്‍, ഓഫ് സ്‌റ്റംമ്പിന് പുറത്ത്‌് വരുന്ന പന്തുകളെ തകര്‍പ്പന്‍ ഡ്രൈവുകളിലുടെ പറത്തുന്ന സേവാഗിയന്‍ ശൈലിയും ഉമറിനറിയാം. രാഹല്‍ ദ്രാവിഡിന്റെ പ്രതിരോധ മികവും ഉമറിനുണ്ട്-പാദങ്ങള്‍ മുന്നോട്ട് ചലിപ്പിച്ചുളള ഡിഫന്‍സീവ് തന്ത്രത്തിനൊപ്പം ഉമറിനുളള മറ്റൊരു സവിശേഷത സാധാരണ പാക്കിസ്‌താനികളെ പോലെ ക്രോസ് ബാറ്റ് ഷോട്ടിന് ശ്രമിക്കുന്നില്ല. പാക്കിസ്‌താന്‍ ടീം ഇന്ന് നന്നായി കളിച്ചാല്‍ നാളെ അതേപടി തകരാറുണ്ട്. ഇന്ന് സെഞ്ച്വറിയടിച്ചാല്‍ മിസ്‌ബാഹുല്‍ ഹഖും യൂസഫുമെല്ലാം അടുത്ത ഇന്നിംഗ്‌സില്‍ നിരാശപ്പെടുത്തുക പതിവാണ്. പക്ഷേ ഉമര്‍ വിത്യസ്‌തനാണ്. ചെറിയ പ്രായത്തില്‍ അദ്ദേഹം പക്വമതിയാണ്. ശരിക്കും പാക്കിസ്‌താന്റെ സച്ചിന്‍. ടിനോ ബെസ്‌റ്റ് വെറുതെയല്ല ബീമര്‍ പായിച്ചത്. സച്ചിന്‍ ചെറിയ പ്രായത്തില്‍ കളിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കറാച്ചിയില്‍ വെച്ച് വഖാര്‍ യൂനസ് ബീമര്‍ പായിച്ചതാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത്. ബീമറുകളിലും വിരട്ടലുകളിലും പതറാത്ത ഇവനെ സൂക്ഷിക്കുക....
Subscribe to:
Post Comments (Atom)
No comments:
Post a Comment