Wednesday, September 16, 2009

THE BAD GUY-KAMALS COLOUM


മറഡോണയുടെ മുങ്ങല്‍
ഒരിക്കലും ലോകത്തിന്‌ പിടികൊടുക്കാത്ത പ്രകൃതക്കാരനാണ്‌്‌ ഡിയാഗോ അര്‍മാന്‍ഡോ മറഡോണ. അദ്ദേഹത്തെ പ്രവചിക്കുക എന്നും അസാധ്യമായിരുന്നു. 1986 ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ അസാമാന്യ പ്രകടനം നടത്തിയ മറഡോണ ലോകത്തിന്റെ പ്രിയപുത്രനായിരുന്നു. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിവാദ ഗോളില്‍ രക്ഷപ്പെട്ടിട്ടും മറഡോണ ആദരിക്കപ്പെട്ടു. പക്ഷേ അടുത്ത ലോകകപ്പിലേക്ക്‌ വരുമ്പോള്‍ മറഡോണ വില്ലനായിരുന്നു. മയക്ക്‌ മരുന്നും കുടുംബ പ്രശ്‌നങ്ങളുമായി അദ്ദേഹം ഇറ്റാലിയ 90 ല്‍ നിറം മങ്ങി. 94 ലെ ലോകകപ്പില്‍ അദ്ദേഹം പുറത്താക്കപ്പെട്ടപ്പോള്‍ ലോകം നടുങ്ങി. മയക്ക്‌ മരുന്ന്‌ ഉപയോഗിച്ച കുറ്റത്തിനാണ്‌ അദ്ദേഹത്തെ ലോകകപ്പിനിടെ പുറത്താക്കിയത്‌. പിന്നെ പലവട്ടം ലോകം കണ്ടതാണ്‌്‌ മറഡോണയുടെ വഴി വിട്ട നീക്കങ്ങള്‍. ഉത്തേജകങ്ങളും മയക്ക്‌ മരുന്നുകളും സ്‌ത്രീകളുമെല്ലാം അദ്ദേഹത്തിന്റെ വഴിയില്‍ അപകടം വിതറിയിട്ടും അര്‍ജന്റീനയും ലോകവും അദ്ദേഹത്തിനൊപ്പം നിന്നു. ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോയുട അതിഥിയായി താമസിച്ചു. പ്രത്യേക ചികില്‍സ നടത്തി. ഒരു നാള്‍ അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി എല്ലാവരും പറഞ്ഞു. അവിടെ നിന്നും രക്ഷപ്പെട്ടാണ്‌ ബൊക്ക ജൂനിയേഴ്‌സ്‌ എന്ന തന്റെ പഴയ ടീമിനൊപ്പം പരിശീലകനായത്‌. ഏറ്റവുമൊടുവില്‍ അര്‍ജന്റീനയുട ദേശീയ പരിശീലകന്‍ വരെയായി കക്ഷി. താനാണോ വലുത്‌, താരങ്ങളാണോ വലുത്‌ എന്ന ചോദ്യത്തില്‍ തന്റെ ഇംഗീതം പൂര്‍ണ്ണമായും നടപ്പാക്കാന്‍ തുനിഞ്ഞപ്പോള്‍ ടീം തോല്‍വികള്‍ക്ക്‌ മുന്നില്‍ നാണം കെട്ടു. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന ഉണ്ടാവില്ലേ എന്ന സംശയമുനമ്പില്‍ അദ്ദേഹമിപ്പോള്‍ സുഖ ചികില്‍സക്ക്‌ പോയിരിക്കുന്നു....!
ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ രണ്ട്‌ മല്‍സരങ്ങള്‍ മാത്രമാണ്‌ ലാറ്റിനമേരിക്കയില്‍ അര്‍ജന്റിനക്ക്‌ ശേഷിക്കുന്നത്‌. അടുത്ത മാസം പത്തിന്‌ ഉറുഗ്വേക്കെതിരെ എവേ മല്‍സരം. അതിന്‌ ശേഷം 13 ന്‌ പെറുവുമായി അവസാന മല്‍സരം. ഈ രണ്ട്‌ മല്‍സരങ്ങളിലും ജയിച്ചാല്‍ യോഗ്യത നേടാന്‍ സാധ്യതയുെണ്ടന്നിരിക്കെയാണ്‌ ഭാരം കുറക്കാന്‍ എന്ന പേരില്‍ അദ്ദേഹം മുങ്ങിയിരിക്കുന്നത്‌. മറഡോണയെ പോലും പരിശീലിപ്പിച്ച കാര്‍ലോസ്‌ ബിലാര്‍ഡോയാണ്‌ പുതിയ പരിശീലകന്‍. അദ്ദേഹത്തിന്‌ കീഴില്‍ അര്‍ജന്റീനക്ക്‌്‌ തീര്‍ച്ചയായും ലോകകപ്പിന്‌ യോഗ്യത നേടാനാവും. കാരണം അത്രമാത്രം മിടുക്കുള്ള താരങ്ങള്‍ ടീമിലുണ്ട്‌. മറഡോണക്ക്‌ കീഴില്‍ ഗോളടിക്കാന്‍ പോലും കഴിയാത്ത ലയണല്‍ മെസി ബാര്‍സിലോണക്കായി കളിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന മിടുക്ക്‌ കണ്ടില്ലേ....സ്‌പാനിഷ്‌ ലീഗില്‍ ഈ സീസണില്‍ മാത്രം ഒന്നിലധികം ഗോളുകള്‍ നേടിക്കഴിഞ്ഞു. ജാവിയര്‍ മസ്‌കുരാനസും കാര്‍ലോസ്‌ ടെവസുമെല്ലാം മിടുക്കരായ താരങ്ങളാണ്‌. ഇവരെയൊന്നും ഉപയോഗപ്പെടുത്താന്‍ മറഡോണയിലെ ഈഗോക്ക്‌ കഴിഞ്ഞിരുന്നില്ല. ആദ്യ ഇലവനില്‍ ആരെ ഉള്‍പ്പെടുത്തണം, റിസര്‍വില്‍ ആരെല്ലാം വേണം എന്നെല്ലാം തീരുമാനിക്കുന്നത്‌ ടീം മാനേജ്‌മെന്റാണ്‌. പക്ഷേ മറഡോണയുള്ളപ്പോള്‍ എല്ലാംതീരുമാനിച്ചത്‌ മറഡോണയാണ്‌. സഹ പരിശീലകനായ ബിലാര്‍ഡോയോട്‌്‌ പോലും ഒന്നും ചോദിച്ചിരുന്നില്ല. 1986 ല്‍ ലോകകപ്പ്‌ സ്വന്തമാക്കിയ അര്‍ജന്റിനിയന്‍ സംഘത്തില്‍ സാക്ഷാല്‍ മറഡോണയെ തന്നെ പരിശീലിപ്പിച്ച വ്യക്തിയായിരുന്നു ബിലാര്‍ഡോ എന്നോര്‍ക്കണം.
ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ സ്വന്തം ബ്രാന്‍ഡ്‌ അംബാസിഡറായി പെലെയെ മാത്രം ഉപയോഗിക്കുന്നതില്‍ മറഡോണക്ക്‌ പണ്ട്‌്‌ മുതല്‍ പരാതിയുണ്ടായിരുന്നു. പെലെയെ മാത്രം ഉപയോഗപ്പെടുത്തുന്നത്‌ എന്ത്‌്‌ കൊണ്ടെന്ന്‌ ഫിഫക്ക്‌ ഇത്‌ വരെ വിശദീകരിക്കേണ്ടി വന്നിട്ടില്ല. മറഡോണയെ ഒരിക്കലും ഫുട്‌ബോളിന്റെ അംബാസിഡറായി വിശേഷിപ്പിക്കാന്‍ ഫിഫക്ക്‌ കഴിയുമായിരുന്നില്ല. വ്യക്തിഗതമായി അത്രമാത്രം മോശമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നാളെയിലെ ഫുട്‌ബോളര്‍മാരോട്‌ മറഡോണയെ ചൂണ്ടിക്കാട്ടി ഇങ്ങനെയാവാന്‍ പറയാന്‍ കഴിയില്ല. ഇപ്പോള്‍ തന്നെ നോക്കുക-ഒരു ടീമിനെ അനാഥമാക്കിയിട്ട്‌ അദ്ദേഹം മുങ്ങിയിരിക്കുന്നു. മറഡോണ മാന്യനാണെങ്കില്‍ ഇനിയുള്ള രണ്ട്‌ മല്‍സരങ്ങള്‍ കാത്തിരിക്കുമായിരുന്നു. പരാഗ്വേയോട്‌ തോറ്റ ദിവസം അദ്ദേഹം പറഞ്ഞത്‌ എന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തമുണ്ടെങ്കില്‍ അര്‍ജന്റീനയെ ലോകകപ്പിലെത്തിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു. ഒരു തുള്ളി രക്തമില്ലാതെയാണോ അദ്ദേഹമിപ്പോള്‍ പോയിരിക്കുന്നത്‌...
അര്‍ജന്റിന ലോകകപ്പില്‍ കളിക്കേണ്ടത്‌ മറഡോണയുടെ ആവശ്യമല്ല. ലോകമെമ്പാടുമുള്ള ആരാധകരാണ്‌ അര്‍ജന്റീനക്കായി പ്രാര്‍ത്ഥിക്കുന്നത്‌. അവരുടെ പ്രതീക്ഷകളാണ്‌ ഇപ്പോള്‍ സജീവമാവുന്നത്‌. മറഡോണക്ക്‌ കീഴില്‍ ലോകകപ്പ്‌ യോഗ്യത സാധ്യമാവില്ല എന്നുറച്ച്‌്‌ വിശ്വസിച്ചവര്‍ ഇപ്പോള്‍ ബിലാര്‍ഡോയുടെ വരവില്‍ സന്തോഷിക്കുന്നു. കാരണം മെസിക്കും ടെവസിനുമെല്ലാം മൈതാനത്ത്‌ മാത്രമല്ല മൈതാനത്തിന്‌ പുറത്തും സ്വാതന്ത്ര്യം ലഭിക്കും. ആ സ്വാതന്ത്ര്യം അവര്‍ ഉപയോഗപ്പെടുത്തിയാല്‍ ടീം ജയിക്കും.

വീണ്ടും പോണ്ടിംഗ്‌
നോട്ടിംഗ്‌ഹാം: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌്‌ ടീം വീണ്ടും ഐ.സി.സി റാങ്കിംഗില്‍ ഒന്നാം സ്‌ഥാനം നേടാനുള്ള കുതിപ്പിലാണ്‌. ആഷസ്‌ പരമ്പര നഷ്ടമായെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏഴ്‌ മല്‍സര ഏകദിന പരമ്പരയിലെ ആദ്യ അഞ്ച്‌ മല്‍സരങ്ങളും ആധികാരികമായി സ്വന്തമാക്കിയിരിക്കുന്നു കങ്കാരുപ്പട. കഴിഞ്ഞ ദിവസം നോട്ടിംഗ്‌ ഹാമില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ട്‌്‌ നല്‍കിയ കൂറ്റന്‍ ലക്ഷ്യം അനായാസം മറികടന്ന്‌ നാല്‌ വിക്കറ്റിനാണ്‌ ടീം ജയിച്ചത്‌. ടീമിലേക്ക്‌ തിരിച്ചുവന്ന നായകന്‍ പോണ്ടിംഗ്‌ രാജകീയമായി സെഞ്ച്വ്വറി സ്വന്തമാക്കി. അദ്ദേഹം തന്നെ കളിയിലെ കേമനുമായി. പരമ്പരയിലെ അവശേഷിക്കുന്ന രണ്ട്‌്‌ മല്‍സരങ്ങള്‍ സ്വന്തമാക്കിയാല്‍ ഐ.സി.സി റാങ്കിംഗില്‍ പോണ്ടിംഗിനും സംഘത്തിനും ഒന്നാമത്‌ വരാം. അടുത്തയാഴ്‌ച്ച ദക്ഷിണാഫ്രിക്കയില്‍്‌ ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യന്‍്‌സ്‌ ട്രോഫി ക്രിക്കറ്റില്‍ നമ്പര്‍ വണ്‍ ടീമായി കളിക്കാനാണ്‌ പോണ്ടിംഗിന്‌ താല്‍പ്പര്യം.

No comments: