Thursday, September 3, 2009

FIFA INDIA

ഫിഫയില്‍ ഇന്ത്യന്‍ നേട്ടം
സൂറിച്ച്‌: അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കരുത്തരായ സിറിയയെ പരാജയപ്പെടുത്തി നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ തേടി ലോക ഫുട്‌ബോള്‍ ഫെഡറേഷന്റെ അംഗീകാരവും... ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യ ഏഴ്‌ സ്ഥാനങ്ങള്‍ കയറി 149 ലെത്തി. കഴിഞ്ഞ റാങ്കിംഗില്‍ ഇന്ത്യ 156 ലായിരുന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ റാങ്കിംഗിലും ഇന്ത്യ കുതിച്ചുകയറ്റം നടത്തി. 46 രാജ്യങ്ങളുളള ഏഷ്യയില്‍ ഇന്ത്യയിപ്പോള്‍ 26-ാം സ്ഥാനത്താണ്‌. സമീപകാലത്ത്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഫിഫ റാങ്കിംഗിലും ഏ.എഫ്‌.സി റാങ്കിംഗിലും നടത്തുന്ന ഏറ്റവും വലിയ കുതിച്ചുകയറ്റമാണിത്‌. നെഹ്‌റു കപ്പില്‍ ഇന്ത്യ വിസ്‌മയ വിജയമാണ്‌ കരസ്ഥമാക്കിയത്‌. ആദ്യ മല്‍സരത്തില്‍ ലെബനോണ്‌ മുന്നില്‍ പരാജയപ്പെട്ട്‌ തുടങ്ങിയ ടീം അടുത്ത രണ്ട്‌ മല്‍സരത്തിലും തകര്‍പ്പന്‍ വിജയമാണ്‌ നേടിയത്‌. കിര്‍ഗിസ്ഥാനെതിരായ മല്‍സരത്തില്‍ 2-1 ന്‌ ജയിച്ച ഇന്ത്യ നിര്‍ണ്ണായക മല്‍സരത്തില്‍ ശ്രീലങ്കയെ 3-1ന്‌ തോല്‍പ്പിച്ചിരുന്നു. ഈ രണ്ട്‌ വിജയത്തോടെ ഫൈനല്‍ ഉറപ്പാക്കിയ ടീം അപ്രസക്തമായ ഗ്രൂപ്പ്‌ തലത്തിലെ അവസാന മല്‍സരത്തില്‍ സിറിയക്ക്‌ മുന്നില്‍ ഒരു ഗോളിന്‌ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനവുമായി കരുത്ത്‌ തെളിയിച്ച ഇന്ത്യ സഡന്‍ഡെത്തില്‍ 6-5 ന്റെ വിജയവും കിരീടവും സ്വന്തമാക്കിയാണ്‌ ലോക ഫുട്‌ബോള്‍ അധികാരികളെ തന്നെ ഞെട്ടിച്ചത്‌. ലോക റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ എത്രയോ ഉയരത്തിലുളള രാജ്യമാണ്‌ സിറിയ. അവരുടെ താരങ്ങള്‍ പലരും ഏഷ്യന്‍ ക്ലബ്‌ തലത്തിലും യൂറോപ്യന്‍ തലത്തിലും കളിക്കുന്നവരാണ്‌.
പുതിയ റാങ്കിംഗില്‍ സിറിയ 95 ല്‍ തന്നെയാണ്‌. അതേ സമയം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ നേരത്തെ പുറത്തായെങ്കിലും കിര്‍ഗിസ്ഥാന്‍ 17 സ്ഥാനങ്ങള്‍ കയറി 143 ല്‍ എത്തി. ലെബനോണ്‌ പക്ഷേ രണ്ട്‌്‌ സ്ഥാനങ്ങള്‍ നഷ്‌ടമായി 150 ലാണ്‌. നെഹ്‌റു കപ്പില്‍ കിരീടം സ്വന്തമാക്കുമെന്ന്‌ കരുതപ്പെട്ടവരാണ്‌ ലെബനോണ്‍. ആദ്യ മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇന്ത്യയെ തോല്‍പ്പിച്ച്‌ നല്ല തുടക്കം അവര്‍ നേടിയിരുന്നു. പക്ഷേ പിന്നീട്‌ ഒരു മല്‍സരത്തിലും ജയിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഇന്ത്യക്കും താഴെ 150 ലാണ്‌ ലെബനോണ്‍. ശ്രീലങ്കക്കും കനത്ത തിരിച്ചടി നേരിട്ടു. അവരിപ്പോള്‍ 159 ലാണ്‌. ലെബനോണെ 4-3ന്‌ തകര്‍ത്ത്‌ പ്രതീക്ഷ നല്‍കിയ ലങ്കക്കാര്‍ പിന്നീട്‌ തകരുകയായിരുന്നു. സിറിയയോട്‌ നാല്‌ ഗോള്‍ വാങ്ങിയ അവര്‍ ഇന്ത്യയോട്‌ മൂന്നും ഗോളും വാങ്ങിയിരുന്നു.
ഫിഫ റാങ്കിംഗിലെ നേട്ടം നിലനിര്‍ത്താന്‍ ഇന്ത്യക്കാവണമെങ്കില്‍ കൂടുതല്‍ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കണം. നെഹ്‌റു കപ്പ്‌ സമാപിച്ചതോടെ ദേശീയ ടീമിന്‌ അടുത്ത കാലത്ത്‌ മല്‍സരങ്ങളില്ല. ഇത്‌ പുതിയ റാങ്കിംഗ്‌ വരുമ്പോള്‍ ടീമിന ബാധിക്കും. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കലണ്ടര്‍ പ്രകാരം ഇനി നടക്കാനിരിക്കുന്നത്‌ ഐ.എഫ്‌.എ ഷീല്‍ഡും ഡ്യൂറാന്‍ഡ്‌ കപ്പ്‌ ഫുട്‌ബോളുമാണ്‌. ഈ രണ്ട്‌ ചാമ്പ്യന്‍ഷിപ്പുകളും ആഭ്യന്താരടിസ്ഥാനത്തില്‍ നടത്തപ്പെടുന്നവയാണ്‌. ഇതിന്‌ ശേഷം ഐ ലീഗ്‌ ഫുട്‌ബോളാണ്‌.
ബോബ്‌ ഹൂട്ടണ്‍ ദേശീയ ടീമിന്റെ അമരത്ത്‌ എത്തിയ ശേഷം റാങ്കിംഗില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍
ന്ന സ്ഥാനം കൂടിയാണിത്‌. 2006 ലാണ്‌ ഹൂട്ടണ്‍ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റത്‌. തുടക്കത്തില്‍ ദോഹ ഏഷ്യന്‍ ഗെയിംസിലാണ്‌ ഹൂട്ടണ്‍ പരിശീലിപ്പിച്ച സംഘം കളിച്ചത്‌. എന്നാല്‍ നല്ല തുട
ക്കം ലഭിച്ചില്ല. എന്നാല്‍ 2007 ല്‍ ടീം നെഹ്‌റു കപ്പ്‌ സ്വന്തമാക്കി. സിറിയയെ തോല്‍പ്പിച്ചായിരുന്നു ഈ കീരിട നേട്ടം. രാജ്യാന്തര തലത്തില്‍ ദീര്‍ഘകാലത്തിന്‌ ശേഷം ടീം നേടുന്ന ആദ്യ നേട്ടമായിരുന്നു ഇത്‌. 2008 ല്‍ ഏ.എഫ്‌.സി ചാലഞ്ച്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ ഒന്നാമതെത്തി. ആരും പ്രതീക്ഷിച്ചിരുന്നില്ല ഈ നേട്ടവും. ഏറ്റവും അവസാനത്തില്‍ നെഹ്‌റു കപ്പ്‌ ടീം നിലനിര്‍ത്തി. അതിന്‌ മുമ്പ്‌ ദുബായിലും ബാര്‍സിലോണയിലും ടീം പരിശീലനത്തിന്‌ പോയിരുന്നു. 2011 ല്‍ ദോഹയില്‍ നടക്കുന്ന ഏഷ്യാ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ യോഗ്യത സ്വന്തമാക്കിയതാണ്‌ ഇതില്‍ ഏറ്റവും വലിയ നേട്ടം. 1984 ലാണ്‌ അവസാനമായി ഇന്ത്യ വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചത്‌. യുദ്ധത്തില്‍ തകര്‍ന്ന ഇറാഖിനെ പോലുളളവര്‍ പോലും വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ മിടുക്ക്‌ തെളിയിച്ചപ്പോള്‍ ജനസംഖ്യയില്‍ രണ്ടാമതുള്ള ഇന്ത്യക്ക്‌ യോഗ്യതാ റൗണ്ട്‌ പോലും കടക്കാന്‍ കഴിയാത്തത്‌ വലിയ നാണക്കേടായിരുന്നു. പുതിയ സാഹചര്യത്തില്‍ പുതിയ പ്രതീക്ഷകളുമായാണ്‌ ഇനി ടീം മുന്നേറുക.

ബ്രസീല്‍ ഒന്നാമത്‌
സൂറിച്ച്‌: ഫിഫയുിടെ ലോക റാങ്കിംഗില്‍ ലാറ്റിമേരിക്കന്‍ ശക്തരായ ബ്രസീല്‍ തന്നെ ഒന്നാമത്‌. അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ മഞ്ഞപ്പടക്ക്‌ മൊത്തം 1604 പോയന്റുണ്ട്‌. രണ്ടാം സ്ഥാനത്തുള്ളത്‌ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനാണ്‌. 1588 പോയന്റാണ്‌ കാളപ്പോരിന്റെ നാട്ടുകാര്‍ നേടിയിരിക്കുന്നത്‌. ഹോളണ്ടാണ്‌ മൂന്നാമത്‌. അവര്‍ നേടിയിരിക്കുന്നത്‌ 1376 പോയന്റാണ്‌. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളിലും സൗഹൃദ മല്‍സരങ്ങളിലും മികവ്‌ പ്രകടിപ്പിച്ചാണ്‌ ഡുംഗെ പരിശീലിപ്പിക്കുന്ന ബ്രസീലിയന്‍ സംഘം മുന്നേറുന്നത്‌. ഇടകാലയളവില്‍ ബ്രസീല്‍ മങ്ങിയപ്പോള്‍ സ്‌പെയിന്‍ ഒന്നാം സ്ഥാനത്ത്‌ വന്നിരുന്നു. യൂറോപ്യന്‍ കിരീടം നേടിയതോടെ സ്‌പെയിനുകാരെ പിടിച്ചുകെട്ടാന്‍ ആരുമില്ലാതായി. എന്നാല്‍ ലാറ്റിനമേരിക്കയിലും ലോക തലത്തിലും ബ്രസീല്‍ പഴയ കരുത്ത്‌ തിരിച്ച്‌പിടിച്ചു. നിലവിലെ ലോക ചാമ്പ്യന്മാരായ ഇറ്റലി 1186 പോയന്റുമായി നാലാമതാണ്‌. ഡീയാഗോ മറഡോണ പരിശീലിപ്പിക്കന്ന അര്‍ജന്റീനിയന്‍
ടീം എട്ടിലാണ്‌ നില്‍ക്കുന്നത്‌. 1113 പോയന്റാണ്‌ അവര്‍ക്കുളളത്‌. അതേ സമയം ജര്‍മനി, റഷ്യ, ഇംഗ്ലണ്ട്‌ എന്നിവര്‍ അര്‍ജന്റീനക്ക്‌ മുകളിലുണ്ട്‌. ക്രൊയേഷ്യ ഒമ്പതിലും ഫ്രാന്‍സ്‌ പത്തിലും നില്‍ക്കുന്നു. അടുത്ത സ്ഥാനക്കാര്‍ ഇവരാണ്‌ : 11-അമേരിക്ക, 12-ഗ്രീസ്‌, 13-സെര്‍ബിയ, 14-ഓസ്‌ട്രേലിയ,15-സ്വിറ്റ്‌സര്‍ലാന്‍ഡ്‌, 16-ഡെന്മാര്‍ക്ക്‌, 17-പോര്‍ച്ചുഗല്‍,18-ചെക്‌ ഇപ്പബ്ലിക്‌, 19-ബള്‍ഗേറിയ, 20-ഐവറി കോസ്‌റ്റ്‌.
അമേരിക്ക പതിനൊന്നിലെത്തിയത്‌ വന്‍കരാ തലത്തില്‍ അവര്‍ പ്രകടിപ്പിച്ച മികവിലാണ്‌. കോണ്‍കാകാഫ്‌ സ്വര്‍ണ്ണ കപ്പ്‌ ഫുട്‌ബോളില്‍ മെക്‌സിക്കോക്ക്‌ മുന്നില്‍ തകര്‍ന്നതാണ്‌ അവര്‍ക്ക്‌ തിരിച്ചടിയായത്‌. ഏഷ്യയില്‍ ഒന്നാം സ്ഥാനക്കാര്‍ ഓസ്‌ട്രേലിയയാണ്‌.

സുര്‍കുമാര്‍ ബഗാനില്‍
കൊല്‍ക്കത്ത: നെഹ്‌റു കപ്പ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ സംഘത്തിലെ ഡിഫന്‍ഡര്‍ സുര്‍കുമാര്‍ സിംഗിനെ കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ ഈസ്‌റ്റ്‌ ബംഗാളിനായി കളിച്ച സുര്‍കുമാര്‍ പുതിയ സീസണില്‍ ഒരു ക്ലബുമായും കരാര്‍ ഒപ്പിട്ടിരുന്നില്ല. കരാര്‍ ഒപ്പിടാതെയാണ്‌ അദ്ദേഹം ദേശീയ ടീമിനൊപ്പം ദുബായിലും ബാര്‍സിലോണയിലും പരിശീലനത്തിന്‌ പോയത്‌. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സാല്‍ഗോക്കറാണ്‌ അദ്ദേഹത്തെ നോട്ടമിട്ടത്‌. എന്നാല്‍ നെഹ്‌റു കപ്പിന്റെ തിരക്കില്‍ ക്ലബ്‌ നീക്കം മാറ്റിവെച്ച ഡിഫന്‍ഡര്‍ രാജ്യത്തിനായി തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. ഈ പ്രകടനമാണ്‌ ബഗാനെ ആകര്‍ഷിച്ചത്‌. ഇന്നലെ മാധ്യമ ലോകത്തിന്‌ പോലും കാര്യമായ പിടി നല്‍കാതെയാണ്‌ സുര്‍കുമാര്‍ കൊല്‍ക്കത്തയിലെത്തി ബഗാനുമായി ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടത്‌. ഈ സീസണില്‍ ബൈജൂംഗ്‌ ബൂട്ടിയ ഉള്‍പ്പെടെ സീനിയര്‍ താരങ്ങളെ നഷ്‌ടമായ ബഗാന്‌ ആശ്വാസം നല്‍കുന്നതാണ്‌ സുര്‍കുമാറിനെ ലഭിച്ചത്‌. ബൂട്ടിയ വിഷയമാണ്‌ ശരിക്കും സുര്‍കുമാറിനെ ലഭിക്കാന്‍ ബഗാന്‌ അവസരമായത്‌. ബൂട്ടിയ ബഗാന്‍ വിട്ടത്‌ സംബന്ധമായി വിവാദം നിലനില്‍ക്കുകയാണ്‌. തനിക്കെതിരെ നീങ്ങിയ ക്ലബിനോട്‌ താല്‍പ്പര്യമില്ലെന്ന്‌ പരസ്യമായി പ്രഖ്യാപിച്ചാണ്‌ ബൂട്ടിയ കളം മാറിയത്‌. എന്നാല്‍ ബൂട്ടിയയെ വിട്ടുനല്‍കില്ലെന്ന നിലപാടാണ്‌ ബഗാന്‍ സ്വീകരിച്ചത്‌. തുടര്‍ന്ന്‌ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബഗാന്‍ സെക്രട്ടറി അഞ്‌ജന്‍ മിത്ര ഡല്‍ഹിയിലെത്തിയപ്പോഴാണ്‌ സുര്‍കുമാറുമായി കരാര്‍ ഉറപ്പിച്ചത്‌.

ലങ്ക വീണു
കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തില്‍ ന്യൂസിലാന്‍ഡിന്‌ ആദ്യ വിജയം. ആദ്യ 20-20 മല്‍സരത്തില്‍ മൂന്ന്‌ റണ്‍സിന്‌ ഡാനിയല്‍ വെട്ടോരിയുടെ ടീം ആതിഥേയരെ പരാജയപ്പെടുത്തി. പരമ്പരയിലെ ആദ്യ രണ്ട്‌ ടെസ്‌്‌റ്റിലും വലിയ തോല്‍വി രുചിച്ച കിവീസിനായി റോസ്‌ ടെയ്‌ലര്‍, ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി, ജേക്കബ്‌ ഓരം എന്നിവരാണ്‌ മിന്നിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസിനായി ടെയ്‌ലര്‍ 60 റണ്‍സുമായി ടീമിനെ തനിച്ച്‌ നയിക്കുകയായിരുന്നു. മുന്‍നിര തുടക്കത്തില്‍ തന്നെ തകര്‍ന്നപ്പോള്‍ ടെയ്‌ലര്‍ പതിനെട്ടാം ഓവര്‍ വരെ കരുത്തോടെ കളിച്ചു. എട്ട്‌ വിക്കറ്റിന്‌ 141 റണ്‍സാണ്‌ സന്ദര്‍ശകര്‍ നേടിയത്‌. എന്നാല്‍ ലങ്കക്കായി ഞെട്ടിക്കുന്ന തുടക്കം തിലകരത്‌നെ ദില്‍ഷാന്‍ നല്‍കിയപ്പോള്‍ 141 ല്‍ കാര്യമില്ലെന്ന്‌ തോന്നി. 28 പന്തില്‍ 57 റണ്‍സാണ്‌ ദില്‍ഷാന്‍ മിന്നല്‍ വേഗതയില്‍ നേടിയത്‌. ദീര്‍ഘകാലത്തിന്‌ ശേഷം രാജ്യാന്തര രംഗത്തേക്‌്‌ തിരിച്ചെത്തിയ ഷെയിന്‍ ബോണ്ടിനെ കശക്കിയാണ്‌ ദില്‍ഷാന്‍ തുടങ്ങിയത്‌. ആദ്യ പന്തിനെ ബഹുമാനിച്ച ദില്‍ഷാന്‍ ബോണ്ടിന്റെ അടുത്ത നാല്‌ പന്തുകള്‍ അതിര്‍ത്തി കടത്തി. ബോണ്ട്‌ രണ്ടാം ഓവറില്‍ ജയസൂര്യയെ പുറത്തായപ്പോള്‍ ദില്‍ഷാന്‍ കൈല്‍ മില്‍സിനെ നോട്ടമിട്ടു. വെട്ടോരി പന്തെടുത്തപ്പോള്‍ റണ്‍നിരക്ക്‌ കുറഞ്ഞു. മഹേല റണ്ണൗട്ടായതിന്‌ പിറകെ ജേക്കബ്‌ ഓരം ഹാട്രിക്കുമായി രംഗം വാണു.

ചെല്‍സിക്ക്‌ വിലക്ക്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ചെല്‍സിക്ക്‌ കനത്ത തിരിച്ചടി. 2011 ജനുവരി വരെ ചെല്‍സി പുതിയ താരങ്ങളെ കരാര്‍ ചെയ്യരുതെന്ന്‌ ഫിഫ വ്യക്തമാക്കി. ഫ്രഞ്ച്‌ ക്ലബായ ലെന്‍സ്‌ നല്‍കിയ പരാതിയിലാണ്‌ ഫിഫയുടെ നടപടി. ലെന്‍സിന്റെ താരമായ ഗായല്‍ കാകൂതയെ നിയമം ലംഘിച്ച്‌ കരാര്‍ ചെയ്‌തതാണ്‌ പ്രശ്‌നമായിരിക്കുന്നത്‌. 2007 ലാണ്‌ സംഭവം. പതിനെട്ടുകാരനായ കാകൂത ലെന്‍സിന്റെ താരമായിരുന്നു. എന്നാല്‍ കരാര്‍ ലംഘിച്ച താരത്തെ ചെല്‍സി സ്വാഗതം ചെയ്യുകയായിരുന്നു. നിയമം ലംഘിച്ചാണ്‌ ചെല്‍സി നീങ്ങിയതെന്ന്‌ അന്ന്‌ തന്നെ ലെന്‍സ്‌ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഫിഫയുടെ നീക്കത്തില്‍ പ്രശ്‌ന പരിഹാര സാധ്യതയുണ്ടെന്നാണ്‌ ഇത്‌ സംബന്ധിച്ച്‌ ചെല്‍സി മാനേജ്‌മെന്റ്‌്‌ വ്യക്തമാക്കിയിരിക്കുന്നത്‌. ഫിഫയുടെ വിധിക്കെതിരെ കോര്‍ട്ട്‌ ഓഫ്‌ ആര്‍ബിട്രേഷനില്‍ അപ്പീല്‍ നല്‍കാം.

ബോള്‍ട്ട്‌ 100 നില്ല
ബ്രസല്‍സ്‌: ഇന്ന്‌ ഇവിടെ നടക്കുന്ന ഗോള്‍ഡന്‍ ലീഗ്‌ മീറ്റ്‌ പരമ്പരയിലെ അവസാന മല്‍സരത്തില്‍ ലോക റെക്കോര്‍ഡുകാരന്‍ ഉസൈന്‍ ബോള്‍ട്ട്‌ 100 മീറ്ററില്‍ മല്‍സരിക്കുന്നില്ല. 200 മീറ്ററിലായിരിക്കും ഒളിംപിക്‌ ചാമ്പ്യന്റെ നോട്ടം. 100 മീറ്ററില്‍ അമേരിക്കയുടെ ടൈസണ്‍ ഗേയും ജമൈക്കയുടെ അസാഫ പവലും തമ്മിലായിരിക്കും പ്രധാന മല്‍സരം. 100 മീറ്റില്‍ പലവട്ടം ലോക റെക്കോര്‍ഡും ഒളിംപിക്‌ പട്ടവും ലോക ചാമ്പ്യന്‍ഷിപ്പ്‌ പട്ടവും സ്വന്തമാക്കിയ ബോള്‍ട്ടും ഗേയും തമ്മിലുളള ചൂടന്‍ പോരാട്ടത്തിനാണ്‌ കായിക ലോകം കാത്തുനിന്നത്‌. എന്നാല്‍ 200 മീറ്ററില്‍ കൂടുതല്‍ മികച്ച സമയത്തില്‍ ഫിനിഷ്‌ ചെയ്യുകയാണ്‌ ഇപ്പോള്‍ ലക്ഷ്യമെന്ന്‌ ബോള്‍ട്ട്‌ പറഞ്ഞു. 200 മീറ്ററിലെ ലോക റെക്കോര്‍ഡ്‌ ഇപ്പോള്‍ ബോള്‍ട്ടിന്റെ പേരിലാണ്‌. ബെര്‍ലിനില്‍ നടന്ന ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ 19.19 സെക്കന്‍ഡിനാണ്‌ അദ്ദേഹം ഫിനിഷ്‌ ചെയ്‌തത്‌

സാനിയ പുറത്ത്‌
ന്യൂയോര്‍ക്ക്‌:യു.എസ്‌ ഓപ്പണ്‍ ടെന്നിസ്‌ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയുടെ കഥ കഴിഞ്ഞു. ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഹൈദരാബാദുകാരി രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ പത്താം സീഡ്‌ താരം ഫ്‌ലാവിയ പെന്നീറ്റക്ക്‌ മുന്നില്‍ ദയനീയമായി തകര്‍ന്നു. ഒരു ഗെയിം പോലും രണ്ട്‌ സെറ്റിലും സ്വന്തമാക്കാന്‍ കഴിയാതെ സാനിയ പുറത്തായി. സ്‌ക്കോര്‍ 6-0, 6-0. ഒരു തരത്തിലും പൊരുതിനില്‍ക്കാന്‍ സാനിയക്കായില്ല. കേവലം 50 മിനുട്ട്‌ മാത്രമാണ്‌ മല്‍സരം ശേഷിച്ചത്‌. 12 ഗെയിം നിലനിന്ന മല്‍സരത്തില്‍ 28 അണ്‍ഫോഴ്‌സഡ്‌ എറേഴ്‌സാണ്‌ സാനിയ വരുത്തിയത്‌.
യു.എസ്‌ ഓപ്പണില്‍ ഇത്തവണ മിക്‌സഡ്‌ ഡബിള്‍സില്‍ ഇന്ത്യന്‍ താരം മഹേഷ്‌ ഭൂപതിക്കൊപ്പം സാനിയ കളിക്കുന്നില്ല. കാനഡയുടെ ഡാനിയല്‍ നെസ്റ്ററാണ്‌ സാനിയയുടെ മിക്‌സഡ്‌ പങ്കാളി. ഭൂപതിയുടെ കൂട്ടുകാരി അമേരിക്കയുടെ ലൈസല്‍ ഹൂബറാണ്‌. ഇവിടെ നിലവിലെ ജേതാക്കള്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സും സിംബാബ്‌വെയുടെ കാര ബ്ലാക്കുമാണ്‌. അവര്‍ ഇത്തവണയും മല്‍സരിക്കുന്നുണ്ട്‌. സാനിയയും മഹേഷും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പരുക്ക്‌ അലട്ടുന്നതിനല്‍ സാനിയക്ക്‌ മിക്‌സഡ്‌ ഡബിള്‍സില്‍ കളിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ്‌ മഹേഷ്‌ പുതിയ പങ്കാളിയെ കണ്ടെത്തിയത്‌.
യു.എസ്‌ ഓപ്പണ്‍ മല്‍സരങ്ങള്‍ പുരോഗമിക്കവെ സൂപ്പര്‍ താരങ്ങളെല്ലാം മുന്നേറുകയാണ്‌. ഒന്നാം സീഡ്‌ റോജര്‍ ഫെഡ്‌റര്‍, മൂന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ എന്നിവരെല്ലാം മൂന്നാം റൗണ്ടിലെത്തി. ജര്‍മനിയില്‍ നിന്നുള്ള സിമോണ്‍ ഗ്രുലിനെയാണ്‌ ഫെഡ്‌റര്‍ പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 6-3, 7-5, 7-5. അടുത്ത മല്‍സരത്തില്‍ ഫെഡ്‌ററുടെ പ്രതിയോഗി 2001 ലെ ചാമ്പ്യനായ ലെയ്‌ട്ടണ്‍ ഹെവിറ്റാണ്‌. ഓസ്‌ടല്രേിയക്കാരനായ ഹെവിറ്റ്‌ 6-3, 6-3, 6-4 എന്ന സ്‌ക്കോറിന്‌ അര്‍ജന്റീനയുടെ ജുവാന്‍ ഇഗ്നേസിയോ ചെലയെയാണ്‌ പരാജയപ്പെടുത്തിയത്‌. കാല്‍മുട്ടിലെ പരുക്ക്‌ കാരണം വിംബിള്‍ഡണ്‍ നഷ്ടമായ നദാല്‍ 6-2, 6-2,6-3 എന്ന സ്‌ക്കോറിന്‌ റിച്ചാര്‍ഡ്‌ ഗാസ്‌ക്കറ്റിനെ വീഴ്‌ത്തി. അതേ സമയം മറാത്ത്‌ സാഫിന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായി. ജുര്‍ഗന്‍ മെല്‍സറോടാണ്‌ സാഫിന്‍ തോറ്റത്‌. 2000 ത്തില്‍ ഇവിടെ കിരീടം സ്വന്തമാക്കിയ സാഫിന്‍ ഇനി ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ കളിക്കുന്നില്ല.

നാളെ ക്ലാസിക്‌
റോസാരിയോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ ക്ലാസിക്‌ പോരാട്ടം നാളെ റോസാരിയോയില്‍. ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീന ബ്രസീലുമായി കളിക്കുന്നു. നാല്‌ ടീമുകള്‍ക്ക്‌ നേരിട്ട്‌ ലോകകപ്പ്‌്‌ എന്‍ട്രിയുളള ലാറ്റിനമേരിക്കയില്‍ ഇപ്പോള്‍ ബ്രസീല്‍ ഒന്നാമതും അര്‍ജന്റീന നാലാമതുമാണ്‌. അര്‍ജന്റീനക്കും കോച്ച്‌ മറഡോണക്കും വളരെ നിര്‍ണ്ണായകമാണ്‌ ഈ പോരാട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നാളെ 20 ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളാണ്‌ നടക്കാന്‍ പോവുന്നത്‌. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്‌ അര്‍ജന്റീന-ബ്രസീല്‍ അങ്കമാണ്‌. മറ്റ്‌ മല്‍സരങ്ങള്‍ ഇപ്രകാരം: കൊളംബിയ-ഇക്വഡോര്‍, പെറു-ഉറുഗ്വേ, ഉക്രൈന്‍-അന്‍ഡോറ, പരാഗ്വേ-ബൊളീവിയ, മോള്‍ദോവ-ലക്‌സംബര്‍ഗ്ഗ്‌, റഷ്യ-ലൈഞ്ചസ്‌റ്റിന്‍, ഡെന്മാര്‍ക്ക്‌-പോര്‍ച്ചുഗല്‍, ഹംഗറി-സ്വീഡന്‍, അസര്‍ബെയ്‌ജാന്‍-ഫിന്‍ലാന്‍ഡ്‌, അര്‍മീനിയ-ബോസ്‌നിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്‌-ഗ്രീസ്‌, പോളണ്ട്‌-നോര്‍തേണ്‍ അയര്‍ലാന്‍ഡ്‌, സ്ലോവാക്യ-ചെക്ക്‌ റിപ്പബ്ലിക്‌, ക്രൊയേഷ്യ-ബെലാറൂസ്‌, ഇസ്രാഈല്‍-ലാത്‌വിയ, തുര്‍ക്കി-എസ്റ്റോണിയ, അര്‍ജന്റീന-ബ്രസീല്‍, ചിലി-വെനിസ്വേല, ബഹറൈന്‍-സൗദി അറേബ്യ, സ്‌പെയിന്‍-ബെല്‍ജിയം.

ഈസ്‌റ്റ്‌ ബംഗാളിന്‌ തോല്‍വി
ന്യൂഡല്‍ഹി: ഐ.എഫ്‌.എ ഷീല്‍ഡ്‌ ഫുട്‌ബോളില്‍ ശക്തരായ ഈസ്‌റ്റ്‌ ബംഗാളിന്‌ തോല്‍വി. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയാണ്‌ കരുത്തരെ 3-1ന്‌ മറിച്ചിട്ടത്‌. മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗും ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മിലുള്ള മല്‍സരം 1-1 ല്‍ അവസാനിച്ചു.

No comments: