Wednesday, September 9, 2009

KIM-THE MOTHER KIM


ക്ലൈസ്റ്റേഴ്‌സ്‌-സറീന സെമി
ന്യൂയോര്‍ക്ക്‌: യു.എസ്‌ ഓപ്പണ്‍ ടെന്നിസില്‍ കിം ക്ലൈസ്റ്റേഴ്‌സ്‌ സ്വപ്‌നയാത്ര തുടരുന്നു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ചൈനയുടെ ലി നയെ 6-2, 6-4ന്‌ പരാജയപ്പെടുത്തി ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം സെമി ഫൈനലിലെത്തി. അമേരിക്കന്‍ സൂപ്പര്‍ താരം സറീന വില്ല്യംസാണ്‌ സെമിയില്‍ ക്ലൈസ്റ്റേഴ്‌സിന്റെ പ്രതിയോഗി. 2007 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‌ ശേഷം ഗ്രാന്‍ഡ്‌സ്ലാമിനോടും ടെന്നിസിനോടും വിട പറഞ്ഞ്‌ കുടുംബിനിയായി മാറിയ ക്ലൈസ്‌റ്റേഴ്‌സ്‌ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ വീനസ്‌ വില്ല്യംസിനെ അനായാസം തോല്‍പ്പിച്ചിരുന്നു. അതേ മികവാണ്‌ അവര്‍ ക്വാര്‍ട്ടറിലും ആവര്‍ത്തിച്ചത്‌. ആദ്യ സെറ്റില്‍ ലി ചിത്രത്തില്‍ തന്നെയുണ്ടായിരുന്നില്ല. രണ്ടാം സെറ്റിലാണ്‌ പോരാട്ടം അല്‍പ്പമെങ്കിലും ആവേശകരമായത്‌.
സറീന ഇറ്റലിയുടെ ഫ്‌്‌ളാവിയ പെന്നറ്റയെയാണ്‌ തോല്‍പ്പിച്ചത്‌. സ്‌ക്കോര്‍ 6-4, 6-3. സറീനയെ വെല്ലുവിളിക്കുന്നതില്‍ വിജയിച്ച പെന്നറ്റ മികച്ച പോരാട്ടവീര്യമാണ്‌ പ്രകടിപ്പിച്ചത്‌. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല.
സെമി ഫൈനലില്‍ ക്ലൈസ്റ്റേഴ്‌സിനെതിരായ പോരാട്ടം ആവേശകരമായിരിക്കുമെന്ന്‌ സറീന പറഞ്ഞു. മികച്ച പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന താരമാണ്‌ ക്ലൈസ്‌റ്റേഴ്‌സ്‌. അവള്‍ക്ക്‌ നല്ലത്‌ മാത്രമേ എനിക്ക്‌ ആശംസിക്കാനുളളു-സറീന പറഞ്ഞു. ഇവിടെ വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രിയയാണ്‌ ക്ലൈസ്റ്റേഴ്‌സ്‌ എത്തിയത്‌. കഴിഞ്ഞ വര്‍
ഷം വിംബിള്‍ഡില്‍ വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രിയായി വന്ന്‌ സെമി വരെ കളിച്ചിരുന്നു ചൈനയുടെ ഷെംഗ്‌ ജി. ആ നേട്ടത്തിന്‌ ശേഷം ഒരു ഗ്രാന്‍ഡ്‌ സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ വൈല്‍ഡ്‌ കാര്‍ഡ്‌ എന്‍ട്രിയായി വന്ന്‌ സെമി യോഗ്യത നേടിയ താരമാണ്‌ ക്ലൈസ്‌റ്റേഴ്‌സ്‌. 2007 മെയിലാണ്‌ ക്ലൈസ്‌റ്റേഴ്‌സ്‌ മല്‍സര രംഗം പൂര്‍ണ്ണമായും വിട്ടത്‌. തുടര്‍ന്ന്‌ വിവാഹിതയായ അവര്‍ ഒരു പെണ്‍കുഞ്ഞിനും ജന്മം നല്‍കിയിരുന്നു. ഈ വര്‍ഷം ഓഗസ്‌റ്റില്‍ മാത്രമാണ്‌ വീണ്ടും മല്‍സര രംഗത്തേക്ക്‌ തിരിച്ചുവന്നത്‌. ഇവിടെ വീനസ്‌ വില്ല്യംസ്‌, മരിയ ബര്‍ത്തോലി എന്നീ സീഡിംഗ്‌ താരങ്ങളെ തോല്‍പ്പിച്ചതോടെ പുതിയ ലോക റാങ്കിംഗില്‍ ആദ്യ അമ്പതില്‍ തന്നെ ക്ലൈസ്റ്റേഴ്‌സ്‌ വരും. ഗ്രാന്‍ഡ്‌ സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ മികച്ച ഫോമില്‍ കളിക്കാന്‍ കഴിയുന്നത്‌ വലിയ നേട്ടമാണെന്ന്‌ അവര്‍ പറഞ്ഞു. ഈ ഫോം തുടരാന്‍ കഴിയണമെന്നും 29 കാരി പറഞ്ഞു.
പുരുഷ വിഭാഗത്തില്‍ മൂന്നാം റാങ്കുകാരനായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മുന്നേറ്റം തുടരുന്നു. പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ ഗായല്‍ മോന്‍ഫിസിനെ പരാജയപ്പെടുത്തി റോജര്‍ ഫെഡ്‌റര്‍ക്ക്‌ കനത്ത വെല്ലുവിളിയാണ്‌ ഉയര്‍ത്തിയിരിക്കുന്നത്‌. തകര്‍പ്പന്‍ സര്‍വുകള്‍ നടത്തിയ നദാല്‍ 6-7, (3-7),6-3,6-1,6-3 എന്ന സ്‌്‌കോറിനാണ്‌ ജയിച്ചത്‌.

ഫാസ്‌ പുതിയ പ്രതീക്ഷ
കോഴിക്കോട്‌: മുഹമ്മദ്‌ ഫാസ്‌ എന്ന പതിമൂന്നുകാരന്‍ ഹൈജംമ്പില്‍ പുതിയ പ്രതീക്ഷ നല്‍കുന്നു. ദോഹയിലെ എം.ഇ.എസ്‌ സ്‌ക്കൂളിലെ എട്ടാം സ്‌റ്റാന്‍ഡേര്‍ഡുകാരനായ ഫാസ്‌ ചെറിയ പ്രായത്തില്‍ പിന്നിട്ടിരിക്കുന്നത്‌ 1.80 മീറ്റര്‍. ഈയിടെ ലക്‌നൗവില്‍ നടന്ന ഇന്റര്‍സോണ്‍ അത്‌ലറ്റിക്‌ മീറ്റില്‍ മികച്ച പ്രകടനവുമായി രണ്ടാം സ്ഥാനം നേടിയ ഫാസ്‌ ദോഹയിലെ അല്‍സാദ്‌ ക്ലബിന്റെ താരമാണിപ്പോള്‍. സ്‌ക്കൂള്‍ തലത്തില്‍ ഫാസ്‌ പ്രകടിപ്പിച്ച മികവ്‌ കണ്ടറിഞ്ഞാണ്‌ അല്‍ സാദ്‌ ടീനേജറെ സ്വന്തമാക്കിയത്‌. ഉയര്‍ന്ന പരിശീലനം വഴി രണ്ട്‌ മീറ്റര്‍ തനിക്ക്‌ പിന്നിടാന്‍ കഴിയുമെന്നാണ്‌ അബ്ദുള്‍ സാജിദ്‌-റിസ്‌വാന ദമ്പതികളുടെ മകനായ ഫാസ്‌ പറയുന്നത്‌. സംസഥാന, ദേശീയ തലത്തില്‍ നിരവധി മെഡലുകള്‍ ഇതിനകം സ്വന്തമാക്കിയ ഫാസിന്‌ കരുത്തേകുന്നത്‌ ബന്ധുവും ഖത്തര്‍ ഒളിംപിക്‌ കമ്മിറ്റി അംഗവുമായ റിയാസ്‌ ബാബുവാണ്‌. സംസ്ഥാന യൂത്ത്‌ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്ന റിയാസിന്റെ കായിക പാരമ്പര്യമാണ്‌ പുതുതലമുറക്കാരനായ ഫാസ്‌ ഉയര്‍ത്തുന്നത്‌.
ബാജി ഷോ
ബാംഗ്ലൂര്‍: രോഷം പ്രകടിപ്പിക്കാന്‍ മടിയില്ലാത്ത ക്രിക്കറ്ററാണ്‌ ഹര്‍ഭജന്‍സിംഗ്‌. ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ പ്രകോപിപ്പിച്ചും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരത്തിനിടെ ശ്രീശാന്തിനെ മുഖത്തടിച്ചും അച്ചടക്ക നടപടി ചോദിച്ചുവാങ്ങിയ ഓഫ്‌ സ്‌പിന്നര്‍ ഇന്നലെ തിരിഞ്ഞത്‌ ഒരു ക്യാമറാമാന്‌ നേരെ. ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര കപ്പ്‌ ക്രിക്കറ്റില്‍ പങ്കെടുക്കാനായി കൊളംബോയിലേക്കുളള യാത്രക്കായി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ടീം എത്തിയ സമയത്തായിരുന്നു സംഭവം. കാറില്‍ നിന്നുമിറങ്ങി തന്റെ ലഗ്ഗേജുമായി വിമാനത്താവളത്തിലേക്ക്‌ കയറുകയായിരുന്ന ബാജിയുടെ തലയില്‍ ഏ.എന്‍.ഐ ക്യാമറാമാന്‍ ലക്ഷ്‌മി നാരായണന്റെ ക്യാമറ ചെറുതായി തട്ടി. ഉടന്‍ തന്നെ ക്ഷുഭിതനായ ബാജി ക്യാമറാമാനെ തള്ളിമാറ്റി ക്യാമറക്കൊരു കുത്തും കൊടുത്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പെട്ടെന്ന്‌ എത്തി പ്രശ്‌നം പരിഹരിച്ചു. പക്ഷേ 29 കാരനായ ക്രിക്കറ്റ്‌ അംബാസിഡറുടെ ഇത്തരം നടപടികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അസംതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്‌.

ബഗാനും ഫൈനലില്‍
കൊല്‍ക്കത്ത: സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഐ.എഫ്‌. എ ഷീല്‍ഡിന്റെ രണ്ടാം സെമി ഫൈനലിലും ഷൂട്ടൗട്ട്‌്‌. ചിരാഗ്‌ യുനൈറ്റഡിനെ 4-5ന്‌ പരാജയപ്പെടുത്തി മോഹന്‍ ബഗാനാണ്‌ കലാശക്കളിക്ക്‌ ടിക്കറ്റ്‌ സ്വന്തമാക്കിയിരിക്കുന്നത്‌. ശനിയാഴ്‌ച്ച നടക്കുന്ന ഫൈനലില്‍ ബഗാന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നരിടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയില്‍ എയര്‍ ഇന്ത്യയെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ്‌ ചര്‍ച്ചില്‍ പരാജയപ്പെടുത്തിയത്‌. ഇന്നലെയും നിശ്ചിതസമയ മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല. അധികസമയത്തും വല ചലിച്ചില്ല. ഷൂട്ടൗട്ടില്‍ മാര്‍ക്കോസ്‌ പെരേര, രാകേഷ്‌ മാസി, സ്‌നേഹാഷിഷ്‌ ചക്രവര്‍ത്തി, സുര്‍കുമാര്‍ സിംഗ്‌, ജെയിംസ്‌ സിംഗ്‌ എന്നിവര്‍ ബഗാന്‌ വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ചിരാഗിന്റെ ജയന്ത സെന്നിന്റെ ഷോട്ട്‌ ബഗാന്‍ ഗോള്‍ക്കീപ്പര്‍ സംഖ്രാം മുഖര്‍ജി കുത്തിയകറ്റി.

സ്വര്‍ണ്ണം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലിംഗ പരിശോധനാ ഫലം എന്തായാലും ദക്ഷിണാഫ്രിക്കന്‍ ഓട്ടക്കാരി കാസ്‌റ്റര്‍ സെമാനിയക്ക്‌ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ ലഭിച്ച സ്വര്‍ണ്ണം നഷ്ടമാവില്ല. 18 കാരിയായ താരത്തെ ചൊല്ലിയുള്ള വിവാദം അത്‌ലറ്റിക്‌ രംഗത്ത്‌ ബഹളമുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ലിംഗ പരിശോധനക്ക്‌ ഇന്റര്‍നാഷണല്‍ അത്‌ലറ്റിക്‌സ്‌ അസോസിയേഷന്‍ ഉത്തരവിട്ടത്‌. പരിശോധനാഫലം ഇത്‌ വരെ വന്നിട്ടില്ല. ഫലം എന്തായാലും സെമാനിയയില്‍ നിന്നും സ്വര്‍ണ്ണം തിരിച്ചുവാങ്ങിയാല്‍ അത്‌ പ്രശ്‌നമാവുമെന്ന്‌ സംഘാടകര്‍ മനസ്സിലാക്കുന്നുണ്ട്‌. സംഘാടകരുടെ അനുമതിയോട്‌ കൂടിയാണ്‌ സെമാനിയ മല്‍സരിച്ചത്‌. മല്‍സരത്തില്‍ ജയിച്ച്‌ സ്വര്‍ണ്ണം നേടിയ ശേഷം അത്‌ തിരിച്ച്‌ വാങ്ങിയാലുണ്ടാവുന്ന നിയമകുരുക്ക്‌ മനസ്സിലാക്കിയാണ്‌ ഇപ്പോള്‍ സംഘാടകര്‍ നീങ്ങുന്നത്‌. സെമാനിയ പെണ്‍കുട്ടി തന്നെയാണെന്ന വാദത്തില്‍ ദക്ഷിണാഫ്രിക്ക ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു വടംവലിക്ക്‌ സംഘാടകര്‍ ഒരുങ്ങില്ല.

കപ്പടിച്ചാല്‍ നമ്പര്‍ വണ്‍
കൊളംബോ: ത്രിരാഷ്‌ട്ര കപ്പ്‌ ക്രിക്കറ്റില്‍ പങ്കെടുക്കാനായി മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യന്‍ ടീം ഇവിടെയെത്തി. നാളെ ന്യൂസിലാന്‍ഡിനെതിരെയാണ്‌ ഇന്ത്യയുടെ ആദ്യ ല്‍സരം. രണ്ടാം മല്‍സരം ശ്രീലങ്കയുമായാണ്‌. രണ്ട്‌ മല്‍സരങ്ങളും ജയിച്ചാല്‍ ഫൈനല്‍ കളിക്കാം. ചാമ്പ്യന്‍ഷിപ്പ്‌ ഇന്ത്യ സ്വന്തമാക്കുന്ന പക്ഷം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്‌ എത്തുകയും ചെയ്യാം. ദക്ഷിണാഫ്രിക്കയാണ്‌ നിലവിലെ ഒന്നാം സ്ഥാനക്കാര്‍. ഇവരെ പിന്തള്ളാന്‍ മൂന്ന്‌ വിജയങ്ങള്‍ ഇന്ത്യയെ സഹായിക്കും. ഈ കപ്പ്‌ സ്വന്തമാക്കിയാല്‍ കുറഞ്ഞ ദിവസത്തേക്കെങ്കിലും ഇന്ത്യക്ക്‌ ഒന്നാം സ്ഥാനക്കാരാവാം. ഈ മാസാവസാനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ മികവ്‌ പ്രകടിപ്പിച്ചാല്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യാം.
ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സംഘടിപ്പിച്ച കോര്‍പ്പറേറ്റ്‌ ട്രോഫി മല്‍സരങ്ങളില്‍ പങ്കെടുത്താണ്‌ ഇന്ത്യന്‍ ടീം ലങ്കയിലെത്തിയിരിക്കുന്നത്‌. അതിനാല്‍ മാച്ച്‌ പ്രാക്ടീസിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. രണ്ട്‌ മാസത്തോളമായി ഇന്ത്യന്‍ ടീം വിശ്രമത്തിലായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പിനും വിന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരക്കും ശേഷം ടീമിന്‌ മല്‍സരങ്ങളുണ്ടായിരുന്നില്ല. അടുത്ത എട്ട്‌ മാസത്തെ തിരക്കേറിയ ഷെഡ്യൂള്‍ മുന്‍നിര്‍ത്തിയാണ്‌ ടീമിന്‌ അല്‍പ്പം ദീര്‍ഘിച്ച വിശ്രമാവസരം നല്‍കിയത്‌. കഴിഞ്ഞ ജനുവരിയില്‍ ലങ്കയില്‍ നടന്ന ഏകദിന പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞതാണ്‌ ഈ പരമ്പരയില്‍ കരുത്താവുകയെന്ന്‌ കിര്‍സ്റ്റണ്‍ പറഞ്ഞു. ലങ്കയെ അവരുടെ മണ്ണില്‍ വെച്ച്‌ തോല്‍പ്പിക്കുക എളുപ്പമല്ല. പക്ഷേ ഇന്ത്യന്‍ ടീം മികച്ച ഫോം നിലനിര്‍ത്തുന്നതിനാല്‍ വിജയങ്ങള്‍ നേടാനാവും. എന്നാല്‍ കഴിഞ്ഞകാല നേട്ടത്തില്‍ അഹങ്കരിച്ചാല്‍ ടീമിന്‌ പ്രതീക്ഷിച്ച ജയം നേടാനാവില്ലെന്നും താരങ്ങള്‍ക്കെല്ലാം ഈ കാര്യമറിയാമെന്നും ദക്ഷിണാഫ്രിക്കക്കാരനായ പരിശീലകന്‍ പറഞ്ഞു.
ബാറ്റിംഗ്‌ നിരയിലാണ്‌ കോച്ചിന്‌ പ്രതീക്ഷ. മികച്ച യുവതാരങ്ങള്‍ ടീമിലുണ്ട്‌്‌. അവര്‍ക്ക്‌ വഴികാട്ടാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. ക്യാപ്‌റ്റന്‍ ധോണി, വൈസ്‌ ക്യാപ്‌റ്റന്‍ യുവരാജ്‌ സിംഗ്‌, സുരേഷ്‌ റൈന, രാഹുല്‍ ദ്രാവിഡ്‌, ഗൗതം ഗാംഭീര്‍ എന്നിവരുടെ ബാറ്റിംഗിനൊപ്പം ബൗളിംഗില്‍ ആര്‍.പി സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ എന്നിവരിലും കോച്ചിന്‌ കാര്യമായ പ്രതീക്ഷയുണ്ട്‌. 2011 ലെ ലോകകപ്പ്‌ മുന്‍നിര്‍ത്തി മികച്ച ടീമിനെ വാര്‍ത്തെടുക്കാനാണ്‌ പരിപാടി. അതിന്റെ തുടക്കമായിരിക്കും ത്രിരാഷ്ട്ര കപ്പെന്നും കോച്ച്‌ പറഞ്ഞു. ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റുകയെന്നതാണ്‌ കിര്‍സ്‌റ്റന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ച്‌ ഏകദിന പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്‌. അടുത്ത എട്ട്‌ മാസത്തില്‍ നിറയെ മല്‍സരങ്ങളാണ്‌. ഈ മല്‍സരങ്ങളില്‍ കരുത്ത്‌ പ്രകടിപ്പിച്ചാല്‍ തീര്‍ച്ചയായും ലോകത്തെ ഒന്നാം നമ്പര്‍ ടീമായി മാറാനാവും. പരുക്ക്‌ കാരണം വീരേന്ദര്‍ സേവാഗ്‌ ഇല്ലാത്തത്‌ വലിയ നഷ്ടമാണെന്ന്‌ പറഞ്ഞ കിര്‍സ്റ്റണ്‍ ഗൗതം ഗാംഭീറിനൊപ്പം ആരായിരിക്കും ഇന്നിംഗ്‌സിന്‌ തുടക്കമിടുക എന്ന്‌ വ്യക്തമാക്കിയില്ല. സേവാഗിന്‌ പകരം ആരെ ഓപ്പണറാക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം മല്‍സരദിവസം രാവിലെ മാത്രമേ ഉണ്ടാവു. ദീര്‍ഘകാലത്തിന്‌ ശേഷം രാഹുല്‍ ദ്രാവിഡ്‌ ടീമില്‍ തിരിച്ചെത്തുന്നത്‌ വലിയ നേട്ടമാണെന്ന്‌്‌ കോച്ച്‌ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റില്‍ ഇത്രയേറെ അനുഭവസമ്പത്തുളള ഒരു താരത്തിന്റെ സാന്നിദ്ധ്യം മറ്റുളളവര്‍ക്ക്‌ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും കോച്ച്‌ പറഞ്ഞു.
സമരം ടീമിനെ ബാധിച്ചു
ചെന്നൈ: ജെറ്റ്‌ എയര്‍വേയ്‌സ്‌ പൈലറ്റുമാരുടെ പണിമുടക്ക്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെയും ബാധിച്ചു. ഇവിടെ നിന്നും ജെറ്റ്‌ എയര്‍വേയ്‌സില്‍ കൊളംബോയിലേക്ക്‌ തിരിക്കാനായിരുന്നു ടീമിന്റെ പരിപാടി. എന്നാല്‍ പൈലറ്റുമാര്‍ പെട്ടെന്ന്‌ പണിമുടക്ക്‌ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ ഇവിടെയുണ്ടായിരുന്ന ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയും യുവരാജ്‌ സിംഗും സുരേഷ്‌ റൈനയും ആര്‍.പി സിംഗും ഹര്‍ഭജന്‍ സിംഗും പ്രത്യേക വിമാനത്തില്‍ ബാംഗ്ലൂരിലെത്തി. ഇവിടെ നിന്നുമാണ്‌ എല്ലാവരും എയര്‍ ഇന്ത്യയുടെ ചാര്‍ട്ടേണ്ട്‌ ഫ്‌ളൈറ്റില്‍ യാത്രയായത്‌.

മാതൃകയായി സിദാന്‍
പാരീസ്‌: ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ഫ്രാന്‍സ്‌ തപ്പിതടയുമ്പോള്‍ ഫ്രഞ്ചുകാര്‍ക്ക്‌ പറയാനുളളത്‌ സൈനുദ്ദീന്‍ സിദാനെകുറിച്ച്‌ മാത്രം. സിദാന്റെ സുവര്‍ണ്ണനാളുകളില്‍ ലോകത്തോളം ഉയരത്തിലായിരുന്നു ഫ്രാന്‍സ്‌. 1998 ല്‍ രാജ്യത്തിന്‌ സ്വന്തം മികവില്‍ ലോകകപ്പ്‌ സമ്മാനിച്ച സിദാന്‍ കഴിഞ്ഞ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെയെത്തിച്ചു. നിര്‍ഭാഗ്യകരമായ മാര്‍ക്കോ മറ്റരാസിയുടെ പരാമര്‍ശവും തുടര്‍ന്നുളള വഴക്കുമായി വേദനയോടെ ലോക സോക്കറിനോട്‌ വിടപറയാന്‍ നിര്‍ബന്ധിതനായ ആരാധകരുടെ സിസു ഒഴിച്ചിട്ട കസേരയില്‍ ഇരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലാണ്‌ ഇപ്പോള്‍ ഫ്രഞ്ച്‌ ഫുട്‌ബോള്‍. കോച്ച്‌ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെക്ക്‌ പറയാനുളളത്‌ സിസുവിനെക്കുറിച്ച്‌ മാത്രമാണ്‌. സിസു ഉണ്ടായിരുന്നപ്പോള്‍ ടീമിനെ ഒന്നടങ്കം പ്രചോദിപ്പിക്കാന്‍ അദ്ദേഹം മാത്രം മതിയായിരുന്നുവെന്നും അത്തരത്തിലുള്ള ഒരു മഹാതാരത്തിന്റെ അഭാവമാണ്‌ ടീമിനെ ബാധിച്ചതെന്നും കോച്ച്‌ സമ്മതിക്കുന്നു. ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ സെര്‍ബിയ പോലുള്ള എതിരാളികള്‍ക്ക്‌ മുന്നിലാണ്‌ ഫ്രാന്‍സ്‌ വിറച്ചുനില്‍ക്കുന്നത്‌. അല്‍ഭുതങ്ങള്‍ക്ക്‌ മാത്രമാണ്‌ ഇനി ടീമിനെ രക്ഷിക്കാനാവുക. അടുത്ത വര്‍ഷം ഫ്രാന്‍സ്‌ ദക്ഷിണാഫ്രിക്കയില്‍ കളിക്കുമെന്ന്‌ ഉറച്ച്‌ വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ്‌ സിദാന്‍. തിയറി ഹെന്‍ട്രിയും ഫ്രാങ്ക്‌ റിബറിയുമെല്ലാം വലിയ മല്‍സരങ്ങള്‍ സ്വന്തമാക്കാന്‍ കരുത്തുള്ളവരാണെന്ന്‌ സിസു പറയുന്നു.
നാളെയുടെ ഫ്രഞ്ച്‌ ഫുട്‌ബോളിനായി പുതിയ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ നിര്‍മ്മിക്കുന്ന തിരക്കിലാണിപ്പോള്‍ സിദാന്‍. ഐക്‌സ്‌ പ്രവിശ്യയിലെ മില്‍സ്‌ പട്ടണത്തിലാണ്‌ സിദാന്റെ സ്വപ്‌ന ഫുട്‌ബോള്‍ കോംപ്ലക്‌സ്‌ വരുന്നത്‌. ഫ്രാന്‍സിന്റെ തെരുവുകളില്‍ വളരുന്ന ഫുട്‌ബോള്‍ പ്രതിഭകള്‍ക്ക്‌ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി അവരില്‍ നിന്നും കരുത്തുറ്റ ടീമിനെ വാര്‍ത്തെടുക്കുകയാണ്‌ സൂപ്പര്‍ താരത്തിന്റെ ലക്ഷ്യം. തന്റെ സ്വന്തം നഗരമായ മാര്‍സലിയില്‍ കോംപ്ലക്‌സ്‌ ആരംഭിക്കാനായിരുന്നു സിദാന്റെ പരിപാടി. എന്നാല്‍ അനുയോജ്യമായ സ്ഥലം ലഭിച്ചില്ല. രാജ്യത്തെ ഫുട്‌ബോള്‍ യുവതക്ക്‌ എല്ലാ സഹായവും നല്‍കേണ്ടതുണ്ടെന്നും അതിന്‌ താന്‍ എന്നും മുന്‍പന്തിയിലുണ്ടാവുമെന്നും സിദാന്‍ പറഞ്ഞു.

ഗ്യാലറി
നമ്പര്‍ വണ്‍
കായിക വാര്‍ത്തകളില്‍ ഇന്ന്‌ നമ്പര്‍ വണ്‍ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയാണ്‌. മാധ്യമ ലോകം മുഴുവന്‍ ക്രിക്കറ്റിന്‌ പിറകെ ഓടുമ്പോള്‍ എല്ലാ കായിക മല്‍സരങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കിയാണ്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രിക പ്രസിദ്ധീകരിക്കുന്നത്‌. ഇതിന്‌ വലിയ തെളിവാണ്‌ പങ്കജ്‌ അഡ്വാനി ലോക ബില്ല്യാര്‍ഡ്‌സ്‌ കിരീടം നേടിയപ്പോള്‍ അത്‌ പ്രധാന വാര്‍ത്തയാക്കിയത്‌. നെഹ്‌റു കപ്പ്‌ ഫുട്‌ബോളിന്‌ വലിയ കവറേജ്‌ നല്‍കിയത്‌ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയായിരുന്നു. ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ വിശേഷങ്ങള്‍ അതത്‌ സമയത്ത്‌ അവസരോചിതമായി അവതരിപ്പിക്കുന്നതും മറ്റാരുമല്ല. കമാല്‍ വരദൂരിന്റെ തേര്‍ഡ്‌ ഐ ഇന്ന്‌ മലയാള മാധ്യമ ലോകത്തെ ഏറ്റവും മികച്ച കായിക അപഗ്രഥനമാണ്‌. ലോകകപ്പ്‌ മുന്‍നിര്‍ത്തി പഴയകാല ഫുട്‌ബോള്‍ താരങ്ങളെ ഉള്‍പ്പെടുത്തി മല്‍സര വിശകലനം ഉള്‍പ്പെടുത്തിയാല്‍ നന്നാവും
അനസ്‌ കണ്ടത്തില്‍, സിദ്ദിഖ്‌ ചക്കര ബ്ലേസ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ തളങ്കര, കാസര്‍ക്കോട്‌

No comments: