മാലിക് സിന്ദാബാദ്
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഷുഹൈബ് മാലിക് എന്ന ഇന്ത്യയുടെ മരുമകന്‍ ഏകദിന ക്രിക്കറ്റില്‍ ആകെ നേടിയിരിക്കുന്നത് ഏഴ് സെഞ്ച്വറികളാണ്. അതില്‍ നാലും ഇന്ത്യക്കെതിരെ...! ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ അയല്‍ക്കാരുടെ പോരാട്ടത്തിലും അതിന് മാറ്റമുണ്ടായില്ല. മാലിക് കത്തിക്കയറിയപ്പോള്‍ പാക്കിസ്‌താന്‍ 302 റണ്‍സാണ് വാരിക്കൂട്ടിയത്. പലരും പറഞ്ഞിരുന്നു ഏകദിന ക്രിക്കറ്റിലെ മധ്യ ഓവറുകള്‍ ബോറിംഗാണെന്ന്. പക്ഷേ മാലിക്കും മുഹമ്മദ് യൂസഫും ചേര്‍ന്ന് മധ്യ ഓവറുകളില്‍ നേടിയ വിലപ്പെട്ട റണ്‍സാണ് പാക് ഇന്നിംഗ്‌സിന് കരുത്തായത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് എന്ന നിലയില്‍ ടീം തകര്‍ച്ചയെ നേരിടുമ്പോള്‍ ക്രിസില്‍ ഒത്തുചേര്‍ന്ന ഈ അനുഭവസമ്പന്നരുടെ ചേതോഹരമായ ഇന്നിംഗ്‌സിന് അന്ത്യമിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായില്ല. സ്‌പിന്നര്‍മാരെ സിംഗിളുകള്‍ക്കും ഡബിളുകള്‍ക്കും പ്രഹരിച്ച് ഇടക്കിടെ ലഭിക്കുന്ന മോശം പന്തുകളെ അതിര്‍ത്തി കടത്തി, കോപ്പി ബുക് ഷോട്ടുകളുമായി ഇരുവരും കളം നിറഞ്ഞ കാഴ്‌ച്ചയില്‍ എം.എസ് ധോണിയുടെ തന്ത്രങ്ങളും ഇന്ത്യന്‍ ബൗളര്‍മാരുടെ വിയര്‍പ്പും ഫലിച്ചില്ല. മനോഹരമായ സെഞ്ച്വറിക്കൊപ്പം ഏകദിന ക്രിക്കറ്റില്‍ 5,000 റണ്‍സും മാലിക് മറികടന്ന ദിനത്തല്‍ സഹീര്‍ഖാന്റെ അഭാവവും യുവരാജ് സിംഗ് ഫീല്‍ഡില്‍ ഇല്ലാത്തതും ഇന്ത്യ ശരിക്കുമറിഞ്ഞു.
നല്ല തുടക്കം പാക്കിസ്‌താന് ലഭിച്ചിരുന്നില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ ഓവറില്‍ വീറു കാട്ടി. മൂന്നാം ഓവര്‍ മുതല്‍ പിടി വിട്ടെങ്കിലും ഇംറാന്‍ നസീര്‍ എന്ന അപകടകാരിയെ പെട്ടെന്ന് പുറത്താക്കിയത് നന്നായി. കൂറ്റനടികള്‍ക്ക് മിടുക്കനായ നസീര്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ ഒരു വിക്കറ്റിന് 512 റണ്‍സായിരുന്നു. ഒമ്പത് തവണയാണ് ഈ ഏഴ് ഓവറിനിടെ പന്ത് അതിര്‍ത്തി കടന്നത്. എന്നാല്‍ അടുത്ത എട്ട് ഓവറുകളില്‍ ബൗണ്ടറികള്‍ പിറന്നില്ലെന്ന് മാത്രമല്ല ഇന്ത്യ വിലപ്പെട്ട രണ്ട് വിക്കറ്റും സ്വന്തമാക്കി. ഈ ഘട്ടത്തില്‍ എം.എസ് ധോണി തന്റെ പാര്‍ട്ട് ടൈമര്‍മാരെ ഇറക്കി തന്ത്രപൂര്‍വം നീങ്ങുകയും ചെയ്‌തു. പക്ഷേ ആര്‍.പി സിംഗ് എന്ന പ്രധാനിയായ ബൗളര്‍ നിരാശപ്പെടുത്തിയത് ധോണിക്ക് തിരിച്ചടിയായി. ഹര്‍ഭജനും വന്‍ പരാജയമായി.
മാലിക് തുടക്കത്തില്‍ തട്ടിമുട്ടിയാണ് നിന്നത്. 16 പന്തില്‍ 3 റണ്‍സ് എന്ന സ്‌ക്കോറിലും 31 പന്തില്‍ 10 റണ്‍സ് എന്ന സ്‌ക്കോറിലും 69 പന്തില്‍ 34 റണ്‍സ് എന്ന സ്‌ക്കോറിലും അദ്ദേഹം പാക്കിസ്‌താന്‍ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. മറുഭാഗത്താവട്ടെ മുഹമ്മദ് യൂസഫ് തന്റെ സില്‍ക്കി ടച്ചുമായി 45 പന്തില്‍ 35 റണ്‍സ് നേടിയിരുന്നു. മുപ്പത്തിരണ്ടാം ഓവറില്‍ യൂസഫ് പത്താന്റെ പന്തിനെ ബൗണ്ടറി കടത്തി ആക്രമണത്തിന് തുടക്കമിട്ടതും യൂസഫായിരുന്നു.
ഇഷാന്ത് ശര്‍മ്മ രണ്ടാം സ്‌പെല്ലിന് വന്നപ്പോള്‍ മൂന്ന് ബൗണ്ടറികളാണ് മാലിക് സ്വന്തമാക്കിയത്. താനും ഗിയര്‍ മാറ്റുകയെന്ന വ്യക്തമായ സൂചന മാലിക് നല്‍കിയപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യന്‍ നിയന്ത്രണത്തില്‍ നിന്നുമകന്നു. മല്‍സരം നാല്‍പ്പതാം ഓവറില്‍ എത്തിയപ്പോള്‍ മാലിക് 84 ല്‍ എത്തിയിരുന്നു.
യൂസഫായിരിക്കും ആദ്യ സെഞ്ച്വറി നേടുക എന്ന് തോന്നിയിരുന്നു. പക്ഷേ 100ന് 13 റണ്‍സ് അരികെ അദ്ദേഹം വീണു. ആശിഷ് നെഹ്‌റ എറിഞ്ഞ നാല്‍പ്പത്തിയാറാം ഓവറിലാണ് യൂസഫ് പുറത്തായത്. 188 പന്തുകളില്‍ നിന്നായി 206 റണ്‍സിന്റെ തകര്‍പ്പന്‍ പാര്‍ട്ട്‌ണര്‍ഷിപ്പിനാണ് ഇതോടെ അന്ത്യമായത്. അവസാന അഞ്ച് ഓവറില്‍ 41 റണ്‍സാണ് മാലികിന്റെ നേതൃത്ത്വത്തില്‍ പാക്കിസ്‌താന്‍ നേടിയത്. പ്രതീക്ഷിക്കപ്പെട്ടത് പോലെയാണ് രണ്ട് ടീമുകളും ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗിന്റെ സ്ഥാനത്ത് വീരാത് കോഹ്‌ലി വന്നു. ഹര്‍ഭജന്‍ സിംഗിനൊപ്പം രണ്ടാം സ്‌പിന്നറായി അമിത് മിശ്ര വരുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. നിലവിലുള്ള ടീം ഘടന മാറ്റുമ്പോള്‍ അത് സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന ധോണിയുടെ അഭിപ്രായത്തില്‍ ഏഴ് ബാറ്റ്‌സ്‌മാന്മാരും നാല് ബൗളര്‍മാരും എന്ന ഘടനയാണ് അംഗീകരിക്കപ്പെട്ടത്. പാക്കിസ്‌താന്‍ സംഘത്തില്‍ മിസ്‌ബാഹുല്‍ ഹഖിന്റെ സ്ഥാനത്ത് യൂനസ്‌ഖാനെത്തി. ടീമില്‍ മറ്റ് മാറ്റങ്ങളുണ്ടായിരുന്നില്ല. ടോസ് ഭാഗ്യം യൂനസിനായിരുന്നു. പരീക്ഷണങ്ങള്‍ക്കൊന്നും നില്‍ക്കാതെ അദ്ദേഹം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
2003 ന് ശേഷം സെഞ്ചൂറിയനില്‍ വീണ്ടുമൊരു ഇന്ത്യ-പാക്കിസ്‌താന്‍ അങ്കം ആസ്വദിക്കാന്‍ നിറയെ ജനക്കൂട്ടമായിരുന്നു. ഇരു രാജ്യങ്ങളുടെയും വലിയ പതാകകള്‍ വഹിച്ചുള്ള കൊച്ചുകുട്ടികള്‍ക്കൊപ്പമാണ് താരങ്ങള്‍ മൈതാനത്ത് എത്തിയത്. ദേശീയ ഗാനാലാപനത്തിന് ശേഷം പതാകകള്‍ ആചാരപരമെന്നോണം തിരികെ കൊണ്ടുപോയി.
സ്‌ക്കോര്‍ബോര്‍ഡ്
പാക്കിസ്‌താന്‍: ഇംറാന്‍ നസീര്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-20, കമറാന്‍ അക്‌മല്‍-ബി-നെഹ്‌റ-19, യുനസ്‌ഖാന്‍-സി-ധോണി-ബി-ആര്‍.പി സിംഗ്-20, ഷുഹൈബ് മാലിക്-സി-യൂസഫ്-ബി-ഹര്‍ജന്‍സിംഗ്-128, മുഹമ്മദ് യൂസഫ്-ബി-നെഹ്‌റ-87, അഫ്രീദി-സി-ധോണി-ബി-യൂസഫ്-4, ഉമര്‍ അക്‌മല്‍-സി-ധോണി-ബി-നെഹ്‌റ-0, റാണ നവീദ്-നോട്ടൗട്ട്-11, ഉമര്‍ ഗുല്‍-സി-റൈന-ബി-ഇശാന്ത്-0, മുഹമ്മദ് ആമിര്‍-സി-കോഹ്‌ലി-ബി-ശര്‍മ്മ-0, സയദ് അജ്‌മല്‍-നോട്ടൗട്ട്-0, എക്‌സ്‌ട്രാസ് 13, ആകെ ഒമ്പത് വിക്കറ്റിന് 302. വിക്കറ്റ് പതനം: 1-29 (നസീര്‍), 2-53 (കമറാന്‍), 3-65 (യൂനസ്), 4-271 (യൂസഫ്), 5-278 (അഫ്രീദി), 6-289 (ഉമര്‍), 7-300 (മാലിക്), 8-301 (ഗുല്‍), 9-302 (ആമിര്‍). ബൗളിംഗ്: നെഹ്‌റ 10-0-55-4, ആര്‍.പി സിംഗ് 9-1-59-1, ഇഷാന്ത് ശര്‍മ്മ 8-2-39-2, വിരാത് കോഹ്‌ലി 3-0-21-0, യൂസഫ് 10-0-56-1, ഹര്‍ഭജന്‍ 10-0-71-1.
സ്‌പാനിഷ് മഹാവിജയം
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20-20 ഫുട്‌ബോളില്‍ സ്‌പെയിനിന് തകര്‍പ്പന്‍ വിജയം. 90 മിനുട്ടും ഏകപക്ഷീയമായി നടന്ന മല്‍സരത്തിലവര്‍ താഹിതിയെ എട്ട് ഗോളിന് തരിപ്പണമാക്കി. ഒന്നാം പകുതിയില്‍ നാല് ഗോളിന് മുന്നിട്ട് കാളപ്പോരിന്റെ നാട്ടുകാര്‍ ഒരു ഘട്ടത്തിലും മല്‍സരത്തിലെ പിടി വിട്ടില്ല. അതേ സമയം യൂറോപ്യന്‍ കരുത്തരായ ഇറ്റലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ പരാഗ്വേ കരുത്ത് കാട്ടി. ഗോളുകള്‍ പിറക്കാതിരുന്ന മല്‍സരത്തില്‍ ഇറ്റലി ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. ഇന്നലെ നടന്ന മൂന്നാം മല്‍സരത്തില്‍ നൈജീരിയയുടെ പോരാട്ടവീര്യത്തെ ഒരു ഗോളിന് മറികടന്ന് വെനിസ്വേല മൂന്ന് പോയന്റ് നേടി. ഒരു ഗോളിനായിരുന്നു വെനിസ്വേലയുടെ ജയം. ഇന്ന് നാല് മല്‍സരങ്ങളുണ്ട്. ഗ്രൂപ്പ് ഇ യില്‍ കരുത്തരായ ബ്രസീലിന് മുന്നില്‍ കോണ്‍കാകാഫിന്റെ പ്രതിനിധികളായ കോസ്‌റ്റാറിക്ക വരുമ്പോള്‍ ചെക്ക് റിപ്പബ്ലിക്കും ഓസ്‌ട്രേലിയയും തമ്മിലുളള അങ്കവുമുണ്ട്. എഫ് ഗ്രൂപ്പിലെ മല്‍സരങ്ങളില്‍ യു.എ.ഇ ദക്ഷിണാഫ്രിക്കയെയും ഹോണ്ടുറാസ് ഹംഗറിയെയും എതിരിടും.
മിച്ചല്‍ റെസ്‌ക്യൂ
ജോഹന്നാസ്‌ബര്‍ഗ്ഗ്: വിന്‍ഡീസ് അത്ര മോശക്കാരല്ല...! ഇന്നലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയക്കാര്‍ പോലും വിന്‍ഡീസ് രണ്ടാം നിരക്കാരുടെ മുന്നില്‍ ഒരു വേള വിറച്ചിരുന്നു. പക്ഷേ വാലറ്റക്കാരന്‍ മിച്ചല്‍ ജോണ്‍സണ്‍ നടത്തിയ മിന്നല്‍ ഇന്നിംഗ്‌സിലാണ് ഓസീസുകാര്‍ മുഖം രക്ഷിച്ചത്. 50 റണ്‍സിന്റെ വിജയത്തിന് ഓസ്‌ട്രേലിയക്കാര്‍ മിച്ചലിനോട് നന്ദി പറയണം. ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ് 79 റണ്‍സ് സ്വന്തമാക്കിയിട്ടും ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് 171 റണ്‍സ് എന്ന നിലയില്‍ തളര്‍ന്നിരുന്നു. അവിടെ നിന്നുമാണ് മൂന്ന് സിക്‌സറും എട്ട് ബൗണ്ടറികളുമായി മിച്ചല്‍ കത്തിയത്. ഈ ഇന്നിംഗ്‌സില്‍ പിറന്ന 73 റണ്‍സിന്റെ മികവില്‍ എട്ട് വിക്കറ്റിന് 275 റണ്‍സാണ് അവര്‍ സ്വന്തമാക്കിയത് . മറുപടിയില്‍ വിന്‍ഡീസ് ആന്‍ഡ്ര്യൂ ഫ്‌ളെച്ചര്‍ (54), ട്രാവിസ് ഡൗണ്‍ലിന്‍ എന്നിവരുടെ മികവില്‍ പൊരുതിയെങ്കിലും രക്ഷപ്പെടാനായില്ല. തട്ടുതകര്‍പ്പന്‍ ഇന്നിംഗ്‌സ് വഴി മിച്ചല്‍ കളിയിലെ മാന്‍ ഓഫ് ദ മാച്ചുമായി. കളിച്ച രണ്ട് മല്‍സരങ്ങളിലും പരാജയപ്പെട്ട വിന്‍ഡീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ഇന്ത്യയുമായി ഒരു മല്‍സരം മാത്രമാണ് അവര്‍ക്ക് ബാക്കി.
No comments:
Post a Comment