Tuesday, September 8, 2009

WORLD IS IN WQ...........

ഫൈനലില്‍
കൊല്‍ക്കത്ത: സാള്‍ട്ട്‌ലെക്ക്‌ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഐ.എഫ്‌.എ ഷീല്‍ഡ്‌ ആദ്യ സെമി ഫൈനല്‍ പോരാട്ടത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ഗോവ ഷൂട്ടൗട്ട്‌ പോരാട്ടത്തില്‍ എയര്‍ ഇന്ത്യയെ പരാജയപ്പെടുത്തി. നിശ്ചിത സമയ പോരാട്ടത്തില്‍ രണ്ട്‌ ടീമുകളും 1-1 സമനിലയിലായിരുന്നു. അധികസമയത്ത്‌ ഗോളുകള്‍ പിറന്നില്ല. ഷൂട്ടൗട്ടില്‍ ചര്‍ച്ചില്‍ നാല്‌ ഷോട്ടുകള്‍ ഗോളാക്കി മാറ്റിയപ്പോള്‍ എയര്‍ ഇന്ത്യക്ക്‌ രണ്ട്‌ ഷോട്ടുകള്‍ മാത്രമാണ്‌ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞത്‌. ഇന്ന്‌ നടക്കുന്ന രണ്ടാം സെമിയില്‍ കൊല്‍ക്കത്തയിലെ മോഹന്‍ ബഗാനും ചിരാഗ്‌ യുനൈറ്റഡും ഏറ്റുമുട്ടും. 12 നാണ്‌ ഫൈനല്‍.

യൂറോപ്പ്‌ തിളക്കുന്നു
ലണ്ടന്‍: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ പങ്കെടുക്കാന്‍ യൂറോപ്പില്‍ നിന്നും ഇത്‌ വരെ യോഗ്യത നേടിയ ഏക ടീം ഹോളണ്ടാണ്‌. അവര്‍ക്കൊപ്പം മേഖലയില്‍ നിന്നും അവശേഷിക്കുന്ന പന്ത്രണ്ട്‌ ബെര്‍ത്തുകള്‍ തേടി ഇന്ന്‌ 22 മല്‍സരങ്ങള്‍ നടക്കുമ്പോള്‍ ഇംഗ്ലണ്ടിനും സെര്‍ബിയക്കുമാണ്‌ കൂടുതല്‍ സാധ്യതകള്‍. ഇന്നത്തെ മല്‍സരങ്ങളില്‍ ഇംഗ്ലണ്ട്‌ ക്രൊയേഷ്യയെയും സെര്‍ബിയക്കാര്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെയുമാണ്‌ എതിരിടുന്നത്‌. ഈ മല്‍സരങ്ങളില്‍ ജയിക്കുന്നപക്ഷം രണ്ട്‌ പേര്‍ക്കും ടിക്കറ്റ്‌്‌ ഉറപ്പിക്കാം. ഇന്ന്‌ ജയിക്കുന്നപക്ഷം യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍, ഡെന്മര്‍ക്ക്‌, സ്ലോവാക്യ എന്നിവര്‍ക്കും സാധ്യതകളുണ്ട്‌. ഒമ്പത്‌ ഗ്രൂപ്പുകളിലായാണ്‌്‌ യൂറോപ്യന്‍ മല്‍സരങ്ങള്‍. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ സ്ഥാനം നേടുന്നവര്‍ നേരിട്ട്‌ യോഗ്യത നേടും. അവശേഷിക്കുന്ന നാല്‌ സ്ഥാനങ്ങള്‍ നിശ്ചയിക്കപ്പെടുക ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാരുടെ മികവ്‌ അളന്നിട്ടായിരിക്കും.
യൂറോപ്പിലും ലോകവും ഇന്ന്‌ കാതോര്‍ക്കുന്ന മല്‍സരം ബെല്‍ഗ്രേഡിലെ മരക്കാന സ്‌റ്റേഡിയത്തിലാണ്‌ നടക്കുന്നത്‌. ഇതാദ്യമായി സ്വന്തം നാമത്തില്‍ ലോകകപ്പ്‌ ഫൈനല്‍ തേടുന്ന സെര്‍ബുകള്‍ക്ക്‌ മുന്നില്‍ ശക്തരായ ഫ്രാന്‍സ്‌ വരുമ്പോള്‍ പോരാട്ടം കനക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മരക്കാന സ്‌റ്റേഡിയത്തിലെ 60,000 ഇരിപ്പിടങ്ങളിലും ഇന്ന്‌ നിറയുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്‌ വരെയുള്ള ഫോം പരിഗണിച്ചാല്‍ റഡോമിര്‍ അനാറ്റിക്‌ പരിശീലിപ്പിക്കുന്ന സെര്‍ബ്‌ സംഘത്തിനാണ്‌ വ്യക്തമായ സാധ്യതകള്‍. ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ ആരംഭിച്ചത്‌ മുതല്‍ ശക്തമായ പ്രകടനങ്ങളുമായി പ്രതിയോഗികളെ പോലും വിസ്‌മയിപ്പിച്ച പ്രകടനമാണ്‌ ഇത്‌ വരെ അവര്‍ നടത്തിയത്‌. ഇന്ന്‌ മൂന്ന്‌ പോയന്റ്‌്‌ നേടിയാല്‍ സെര്‍ബുകാര്‍ ടിക്കറ്റ്‌ നേടുമ്പോള്‍ ഫ്രാന്‍സിന്റെ വാതിലുകള്‍ അടയുകയും ചെയ്യും. സൈനുദ്ദിന്‍ സിദാന്‍ എന്ന ഇതിഹാസ താരം രാജ്യാന്തര ഫുട്‌ബോള്‍ വിട്ട ശേഷം തപ്പിതടയുന്ന ഫ്രാന്‍സിന്‌ ലോകോത്തര താരങ്ങളെ അണിനിരത്താന്‍ കഴിയും. പക്ഷേ ഇത്‌ വരെ തിയറി ഹെന്‍ട്രി ഉള്‍പ്പെടെയുളള വമ്പന്മാര്‍ നാട്ടുകാര്‍ക്കും സോക്കര്‍ പ്രേമികള്‍ക്കും വന്‍ നിരാശയാണ്‌ സമ്മാനിച്ചിട്ടുള്ളത്‌. ഫ്രാങ്ക്‌ റിബറി, നിക്കോളാസ്‌ അനേല്‍ക്ക തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഇന്ന്‌ കളിക്കുന്നുണ്ട്‌. ബെല്‍ഗ്രേഡിലെ അങ്കത്തില്‍ ജയിച്ചാലും ഫ്രാന്‍സിന്‌ ശ്വാസം നേരെ വിടാന്‍ കഴിയില്ല. സെര്‍ബുകാര്‍ അടുത്ത മല്‍സരങ്ങളില്ലെല്ലാം പരാജയപ്പെടുകയും ഫ്രാന്‍സ്‌ വിജയം തുടരുകയും ചെയ്‌താല്‍ മാത്രമാണ്‌ ഗ്രൂപ്പിലെ ആദ്യ സ്ഥാനവുമായി ഫ്രഞ്ചുകാര്‍ക്ക്‌ മുന്നേറാന്‍ കഴിയുക.
യൂറോപ്പ്‌ ഗ്രൂപ്പ്‌ ഒന്നില്‍ ഇത്‌ വരെ മികച്ച പ്രകടനം നടത്തിയവരാണ്‌ ഡെന്മാര്‍ക്ക്‌. പോര്‍ച്ചുഗലും സ്വീഡനുമെല്ലം കളിക്കുന്ന ഗ്രൂപ്പില്‍ നിന്ന്‌ വിജയങ്ങളുമായി കടന്നുകയറാന്‍ ഉജ്ജ്വല പോരാട്ടങ്ങള്‍ നടത്തിയവരുടെ ഇന്നത്തെ പ്രതിയോഗികള്‍ അല്‍ബേനിയക്കരാണ്‌. ഈ മല്‍സരം ജയിച്ചാല്‍ ഡാനിഷുകാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാവും. ഇതേ ഗ്രൂപ്പില്‍ ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ സ്വീഡന്‍ മാള്‍ട്ടയെയും ഹംഗറി പോര്‍ച്ചുഗലിനെയും നേരിടൂന്നുണ്ട്‌. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഹംഗറിയില്‍ നിന്നും വ്യക്തമായ നാല്‌ പോയന്റിന്റെ ലീഡ്‌ ഇപ്പോള്‍ ഡെന്മാര്‍ക്കിനുണ്ട്‌. സ്വീഡന്റെയും പോര്‍ച്ചുഗലിന്റെയും കാര്യമാണ്‌ കഷ്‌ടം. ഇരുവര്‍ക്കും എന്തെങ്കിലും സാധ്യത വേണമെങ്കില്‍ അല്‍ഭുതങ്ങള്‍ തന്നെ സംഭവിക്കണം.
ഗ്രൂപ്പ്‌ രണ്ടില്‍ സ്വിറ്റ്‌സര്‍ലാന്‍ഡാണ്‌ മുന്നേറുന്നത്‌. കഴിഞ്ഞ സെപ്‌തംബറില്‍ അപ്രതിക്ഷിതമായി ലക്‌സംബര്‍ഗ്ഗിന്‌ മുന്നില്‍ തോറ്റ ശേഷം നാടകീയമായി മാറിയ സ്വിസുകാര്‍ പിന്നെ തോല്‍വിയറിഞ്ഞിട്ടില്ല. ഇന്നത്തെ പ്രതിയോഗികള്‍ ദുര്‍ബലരായ ലാത്‌വിയയാണ്‌. ഈ മല്‍സരം ജയിച്ചാല്‍ സ്വിസുകര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാവും. ഗ്രൂപ്പില്‍ കാര്യമായി വെല്ലുവിളി ഉയര്‍ത്തുന്നത്‌ മുന്‍ വന്‍കരാ ചാമ്പ്യന്മാരായ ഗ്രീസാണ്‌.
ഗ്രൂപ്പ്‌ മൂന്നില്‍ നിന്നും സ്ലോവാക്യ കടന്നുകയറാനാണ്‌ സാധ്യതകള്‍. ഇന്ന്‌ ബെല്‍ഫാസ്‌റ്റില്‍ അവരുടെ എതിരാളികള്‍ ഉത്തര അയര്‍ലാന്‍ഡാണ്‌. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്ലോവേനിയയും പോളണ്ടും മല്‍സരിക്കുന്നുണ്ട്‌. ഈ മല്‍സരം സമനിലയില്‍ അവസാനിക്കുകയും സ്ലോവാക്യകാര്‍ക്ക്‌്‌ ലാത്‌വിയയെ പരാജയപ്പെടുത്താനും കഴിഞ്ഞാല്‍ അവര്‍ക്ക്‌ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ സ്വന്തമാക്കാം. ഈ ഗ്രൂപ്പില്‍ കളിക്കുന്ന ചെക്‌ റിപ്പബ്ലിക്‌ സാന്‍ മറീനോയുമായി കളിക്കുന്നുണ്ട്‌. ചെക്കുകാരെയും എഴുതിത്തള്ളാനാവില്ല.
ഗ്രൂപ്പ്‌ നാലില്‍ ജര്‍മനിയും റഷ്യയുമാണ്‌ മുന്നേറുന്നത്‌. ഇന്ന്‌ ജര്‍മനി അസര്‍ബെയ്‌ജാനെയും റഷ്യ വെയില്‍സിനെയുമാണ്‌ നേരിടുന്നത്‌. ജര്‍മനിയും റഷ്യയും തങ്ങളുടെ മല്‍സരം ജയിച്ചാല്‍ ഒക്ടോബര്‍ പത്തിന്‌ മോസ്‌ക്കോയില്‍ നടക്കുന്ന ജര്‍മനി-റഷ്യ അങ്കം നിര്‍ണ്ണായകമാവും.
ഗ്രൂപ്പ്‌ അഞ്ചില്‍ വ്യക്തമായ വിജയ റെക്കോര്‍ഡാണ്‌ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനുളളത്‌. കളിച്ച ഏഴ്‌ മല്‍സരങ്ങളില്‍ ഏഴിലും അവര്‍ ജയിച്ചു. എന്നിട്ടും ഇത്‌ വരെ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന്‌ എസ്റ്റോണിയയാണ്‌ എതിരാളികള്‍. ഈ മല്‍സരത്തില്‍ സ്‌പെയിന്‍ ജയിക്കുന്നതിനൊപ്പം തുര്‍ക്കി-ബോസ്‌നിയ ഹെര്‍സഗോവീന മല്‍സരം സമനിലയിലാവുകയും വേണം. എങ്കില്‍ കാളപ്പോരിന്റെ നാട്ടുകാര്‍ക്ക്‌ ടിക്കറ്റ്‌ ഉറപ്പിക്കാം.
ഗ്രൂപ്പ്‌ ആറില്‍ ഒന്നാം സ്ഥാനക്കാരുടെ കസേരയിലാണ്‌ ഇംഗ്ലണ്ട്‌. യൂറോ 2008 ന്‌ യോഗ്യത നേടുന്നതില്‍ നിന്നും പരാജയപ്പെട്ട ഇംഗ്ലണ്ടിന്‌ ലോകകപ്പ്‌ നിര്‍ബന്ധമാണ്‌. ഇന്നത്തെ അങ്കത്തില്‍ ക്രോട്ടുകാരെ പരാജയപ്പെടുത്താനായാല്‍ ടിക്കറ്റ്‌ ഉറപ്പാണ്‌്‌. ഫാബിയോ കാപ്പലോ ടീമിന്റെ ചുമതലയേറ്റ ശേഷം ഏഴ്‌ വിജയങ്ങളാണ്‌ ടീം നേടിയത്‌. ഇന്ന്‌ വെംബ്ലിയില്‍ നടക്കുന്ന പോരാട്ടത്തില്‍ തോറ്റാലും ഇംഗ്ലണ്ടിന്‌ പേടിക്കാനില്ല. ശേഷിക്കുന്ന രണ്ട്‌ ഗ്രൂപ്പ്‌ മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഫൈനല്‍ കളിക്കാം.
ഗ്രൂപ്പ്‌ എട്ടില്‍ ലോക ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പം അയര്‍ലാന്‍ഡുമുണ്ട്‌. ടൂറിനില്‍ ഇന്ന്‌ നടക്കുന്ന മല്‍സരത്തില്‍ ബള്‍ഗേറിയയാണ്‌ ഇറ്റലിയുടെ എതിരാളികള്‍. ഈ മല്‍സരം ജയിച്ചാല്‍ വ്യക്തമായ നാല്‌ പോയന്റ്‌ ലീഡ്‌ ഇറ്റലിക്ക്‌ നേടാനാവും. ഗ്രൂപ്പ്‌ ഒമ്പതില്‍ നിന്ന്‌ ഡച്ചുകാര്‍ യോഗ്യത നേടിയതിനാല്‍ പ്ലേ ഓഫ്‌ സാധ്യത മാത്രമാണ്‌ നിലനില്‍ക്കുന്നത്‌.

പേടിക്കാനില്ലെന്ന്‌ മറഡോണ
അസുന്‍സിയോണ്‍: ഡിയാഗോ അര്‍മാന്‍ഡോ മറഡോണ പറയുന്നു പേടിക്കാനില്ലെന്ന്‌.... മാന്ത്രികന്റെ വാക്കുകള്‍ വിശ്വസിച്ചിരിക്കുകയാണ്‌ അര്‍ജന്റീനക്കാര്‍. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ഇന്ന്‌ അസുന്‍സിയോണില്‍ പരാഗ്വേയുമായി കളിക്കുകയാണ്‌ അര്‍ജന്റീനക്കാര്‍. ഈ മല്‍സരത്തില്‍ മറഡോണക്ക്‌ ജയിച്ചേ പറ്റു... തോറ്റാല്‍ അത്‌ വലിയ നാണക്കേടാവുമെന്ന്‌ മാത്രമല്ല ബ്രസീലിനൊപ്പം പരാഗ്വേ ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റും സ്വന്തമാക്കും. റോസാരിയോയിലെ സ്വന്തം മൈതാനത്ത്‌ ബ്രസീലിനോട്‌ തോറ്റ ശേഷം ആരാധകര്‍ മറഡോണക്ക്‌ ഉറച്ച പിന്തുണയാണ്‌ നല്‍കിയത്‌. ഒരു കൂട്ടി പോലും ടീമിനെയോ താരങ്ങളെയോ കൂവിയിരുന്നില്ല. പക്ഷേ ഇന്നും തോറ്റാല്‍ ഇതായിരിക്കില്ല സ്ഥിതി. ടീമിന്‌ പുറത്തേക്കുള്ള വാതില്‍ തുറക്കും. അതോടെ ആരാധകരുടെ സ്വാഭാവവും മാറും. ഇത്‌ മറഡോണക്ക്‌ നന്നായി അറിയാം. ഒരു തോല്‍വി കൊണ്ട്‌ ലോകം അവസാനിക്കുന്നില്ല എന്നാണ്‌ അദ്ദേഹം പറയുന്നത്‌. ബ്രസിലിനോട്‌ ജയിക്കേണ്ട മല്‍സരമായിരുന്നു . അത്‌ തോറ്റു. എന്ന്‌ വെച്ച്‌ അര്‍ജന്റീനയുടെ ലോകകപ്പ്‌ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. ഇന്ന്‌ (ഇന്ത്യയില്‍ നാളെ രാവിലെ) നടക്കുന്ന മല്‍സരത്തില്‍ പരാഗ്വേയെ തോല്‍പ്പിക്കാന്‍ എന്റെ ടീമിനാവും. ഞങ്ങള്‍ തീര്‍ച്ചയായും ലോകകപ്പില്‍ കളിക്കും-കോച്ചിന്റെ വാക്കുകള്‍.
2007 ഒക്ടോബറില്‍ വെനിസ്വേലയെ തോല്‍പ്പിച്ച ശേഷം ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ആധികാരിക വിജയം നേടാന്‍ അര്‍ജന്റീനക്ക്‌ കഴിഞ്ഞിട്ടില്ല. എവേ മല്‍സരങ്ങളില്‍ മിക്കതിലും അവര്‍ പരാജയമായിരുന്നു. റോസാരിയോയിലെ മല്‍സരം സ്വന്തം മൈതാനത്തായിട്ടും ജയിക്കാന്‍ കഴിയാതെ പോയ ടീമിന്‌ ഇന്ന്‌്‌ അസുന്‍സിയോണില്‍ കാര്യങ്ങള്‍ എളുപ്പമല്ല. പരാഗ്വേ ശക്തരാണ്‌. റോക്കി സാന്ദാക്രൂസിനെ പോലുള്ള അനുഭവസമ്പന്നര്‍ കളിക്കുന്നുണ്ട്‌. ഇന്ന്‌ ജയിച്ചാല്‍ ടിക്കറ്ററുപ്പാണ്‌ എന്ന സത്യവും താരങ്ങള്‍ക്ക്‌ അറിയാം. അതിനാല്‍ ഏറ്റവും മികച്ച പ്രകടനത്തിന്‌ മാത്രമേ അര്‍ജന്റീനയെ രക്ഷിക്കാനാവു. ഇന്ന്‌ തോല്‍ക്കുന്നപക്ഷം മറഡോണയുടെ ടീം ആറാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെടുകയും ചെയ്യും. അത്തരമൊരു സാഹചര്യം വന്നാല്‍ പ്ലേ ഓഫ്‌ അവസരം പോലും ടീമിന്‌ നഷ്ടമാവും.
1994 ലെ ലോകകപ്പില്‍ ഇത്‌ പോലെ ഒരവസ്ഥ സംജാതമായ കാര്യമാണ്‌ മറഡോണ ഓര്‍ക്കുന്നത്‌. ആ ലോകകപ്പില്‍ നേരിട്ട്‌ യോഗ്യത നേടാന്‍ കഴിയാതിരുന്ന അര്‍ജന്റീന പ്ലേ ഓഫില്‍ ഓഷ്യാനയില്‍ നിന്നുള്ള ഓസ്‌ട്രേലിയക്കാരെ തോല്‍പ്പിച്ചാണ്‌ ടിക്കറ്റ്‌ നേടിയത്‌. നാല്‌ സ്ഥാനങ്ങളാണ്‌ ലാറ്റിനമേരിക്കയില്‍ നിന്നും ഫൈനല്‍ റൗണ്ടിനുള്ളത്‌. ഇതില്‍ ബ്രസീല്‍ ഒരു ടിക്കറ്റ്‌ നേടി. ഇന്ന്‌ ജയിച്ചാല്‍ പരാഗ്വേക്കും ചിലിക്കും ടിക്കറ്റ്‌ നേടാം. ചിലിയുടെ പ്രതിയോഗികള്‍ ശക്തരായ ബ്രസീലാണ്‌. അര്‍ജന്റീനക്കാരനായ കോച്ച്‌്‌ മാര്‍സിലോ ബിയല്‍സ പരിശീലിപ്പിക്കുന്ന ചിലി ആധികരിക പ്രകടനങ്ങളാണ്‌ യോഗ്യതാ റൗണ്ടില്‍ നടത്തിയിട്ടുളളത്‌.
വന്‍കരയില്‍ അവശേഷിക്കുന്നത്‌ മൂന്ന്‌ റൗണ്ട്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളാണ്‌. ഇതില്‍ പെറു ഒഴികെ എല്ലാവര്‍ക്കും സാധ്യത നില നില്‍ക്കുന്നതിനാല്‍ പോരാട്ടങ്ങള്‍ കേമമാവും.

അമേരിക്ക കാതോര്‍ക്കുന്നു
ന്യൂയോര്‍ക്ക്‌: കോണ്‍കാകാഫില്‍ ഇനി അവശേഷിക്കുന്നത്‌ മൂന്ന്‌ റൗണ്ട്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍. പക്ഷേ ഇത്‌ വരെ ആരും ദക്ഷിണാഫ്രിക്കയിലേക്ക്‌ ടിക്കറ്റ്‌ സ്വന്തമാക്കിയിട്ടില്ല. മൂന്ന്‌ ടീമുകള്‍ക്കാണ്‌ ഇവിടെ നേരിട്ട്‌ അവസരം. അമേരിക്ക, ഹോണ്ടുറാസ്‌ (രണ്ട്‌ ടീമിനും 13 പോയന്റ്‌്‌ വീതം), മെക്‌സിക്കോ, കോസ്‌റ്റാറിക്ക (രണ്ട്‌ ടീമിനും പന്ത്രണ്ട്‌ പോയന്റ്‌്‌ വീതം) എന്നിവരാണ്‌ ടിക്കറ്റിനായി ശക്തമായി രംഗത്തുള്ളത്‌. എല്‍സാവഡോര്‍, ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോ എന്നിവര്‍ക്ക്‌ സാധ്യതയില്ല. ഇന്ന്‌ വന്‍കരയില്‍ നടക്കുന്ന മല്‍സരങ്ങള്‍ക്കെല്ലാം പ്രാധാന്യമുണ്ട്‌. ഒപ്പത്തിനൊപ്പം നില്‍ക്കുന്നവരായ മെക്‌സിക്കോയും ഹോണ്ടുറാസും കളിക്കുമ്പോള്‍ മൈതാനത്ത്‌ തീപ്പാറും. അസ്റ്റെക സ്‌റ്റേഡിയത്തിലാണ്‌ വിലപ്പെട്ട കളി. കഴിഞ്ഞ രണ്ട്‌ തവണ ഇതേ എതിരാളികള്‍ ലോകകപ്പിന്റെ യോഗ്യതാ അങ്കത്തില്‍ വന്നപ്പോള്‍ ഹോണ്ടുറാസിനായിരുന്നു വിജയം. പക്ഷേ മെക്‌സിക്കോ ഗോള്‍ഡ്‌ കപ്പിലും കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ മല്‍സരത്തില്‍ ട്രിനിഡാഡിനെതിരെയും കരുത്ത്‌ തെളിയിച്ചിട്ടുണ്ട്‌. അമേരിക്ക, കോസ്‌റ്റാറിക്ക തുടങ്ങിയ വമ്പന്മാരെ മറിച്ചിട്ട പാരമ്പര്യവും ജാവിയര്‍ അഗ്വിറിന്റെ സംഘത്തിനുണ്ട്‌. കഴിഞ്ഞ ഏപ്രിലിലാണ്‌ ഗോരാന്‍ എറിക്‌സണില്‍ നിന്നും മെക്‌സിക്കന്‍ ടീമിന്റെ ചുമതല അഗിറോ ഏറ്റെടുത്തത്‌. സ്ഥാനമേറ്റ ശേഷം നടന്ന ആദ്യ മല്‍സരത്തില്‍ തന്നെ തോറ്റെങ്കിലും ഇപ്പോള്‍ എട്ട്‌ വിജയങ്ങളുമായി കോച്ച്‌ തന്റെ സാന്നിദ്ദ്യം തെളിയിച്ചിട്ടുണ്ട്‌.
ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റിനായി സജീവമായി രംഗത്തുളള അമേരിക്കക്ക്‌്‌ ലീഡ്‌ ഉറപ്പിക്കാന്‍ ഇന്നാവും. എതിരാളികള്‍ ദുര്‍ബലരായ ട്രിനിഡാഡാണ്‌. വന്‍കരയിലെ മറ്റൊരു മല്‍സരം കോസ്‌റ്റാറിക്കയും എല്‍സാവഡോറും തമ്മിലാണ്‌.

റിയാദില്‍ കനപ്പെട്ട മല്‍സരം
റിയാദ്‌: ഏഷ്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക്‌ ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിവര്‍ നേരിട്ട്‌ യോഗ്യത നേടിക്കഴിഞ്ഞു. ഇനി ഭാഗ്യമുണ്ടെങ്കില്‍ ഒരാള്‍ക്ക്‌ കൂടി അവസരമുണ്ട്‌. പ്ലേ ഓഫിന്റെ ആ വാതില്‍ തേടി കളിക്കുന്നത്‌ സൗദി അറേബ്യയും അയല്‍ക്കാരായ ബഹറൈനുമാണ്‌. പ്ലേ ഓഫ്‌ പോരാട്ടത്തിന്റെ ആദ്യ പാദത്തില്‍ സമനിലയില്‍ പിരിഞ്ഞ ഇരുവരും ഇന്ന്‌ വീണ്ടും കളിക്കുന്നത്‌ റിയാദിലെ കിംഗ്‌ ഫഹദ്‌ സ്‌റ്റേഡിയത്തില്‍. മനാമയില്‍ രണ്ട്‌ ദിവസം മുമ്പ്‌ നടന്ന മല്‍സരത്തല്‍ ഗോള്‍ക്കീപ്പര്‍ വാലിദ്‌ അലിയുടെ മികവില്‍ രക്ഷപ്പെട്ടവരാണ്‌ സൗദി. ഇന്ന്‌ സ്വന്തം മണ്ണില്‍ പരിശുദ്ധ റമസാനില്‍ കളിക്കുമ്പോള്‍ ടീമില്‍ സമ്മര്‍ദ്ദമുണ്ട്‌. 1994 ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പ്‌ മുതല്‍ ഏഷ്യയുടെ സ്ഥിരം പ്രതിനിധിയായി സൗദി എല്ലാ ലോകകപ്പും കളിച്ചിട്ടുണ്ട്‌. പക്ഷേ ഇത്തവണ കാര്യങ്ങള്‍ ടീമിന്‌ തുടക്കം മുതല്‍ അനുകൂലമായിരുന്നില്ല. ഓഷ്യാന വിട്ട്‌ ഓസ്‌ട്രേലിയക്കര്‍ ഏഷ്യയിലേക്ക്‌ വന്നത്‌ സൗദിയെയാണ്‌ കാര്യമായി ബാധിച്ചിരിക്കുന്നത്‌. പോര്‍ച്ചുഗീസുകാരനായ പരിശീലകന്‍ ജോസ്‌ പോസീറോ പറയുന്നത്‌ ഇന്നത്തെ മല്‍സരത്തില്‍ ജയിക്കുമെന്നാണ്‌. നായകന്‍ യാസര്‍ അല്‍ഖത്താനി കഴിഞ്ഞ മല്‍സരങ്ങളില്‍ ഫോമിലേക്ക്‌ വന്നിരുന്നില്ല. ഇതാണ്‌ ടീമിനെ ബാധിച്ചതെന്ന്‌ കോച്ച്‌ പറയുന്നു. ബഹറൈന്‍ ക്യാമ്പിലും പ്രശ്‌നങ്ങളുണ്ട്‌. സസ്‌പെന്‍ഷന്‍ കാരണം ക്യാപ്‌റ്റന്‍ മുഹമ്മദ്‌ സല്‍മീന്‍, മധ്യനിരക്കാരന്‍ അബ്ദുല്ല അല്‍ മര്‍സൂഖി എന്നിവര്‍ ഇന്ന്‌ കളിക്കുന്നില്ല.

ലങ്ക തകര്‍ത്തു
കൊളംബോ: ത്രിരാഷ്ട്ര കപ്പ്‌ ക്രിക്കറ്റിലെ ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ശ്രീലങ്കക്ക്‌ 97 റണ്‍സിന്റെ വന്‍വിജയം. തിലാന്‍ സമരവീരയുടെ സെഞ്ച്വറിയില്‍ (104) ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക ഏഴ്‌ വിക്കറ്റിന്‌ 216 റണ്‍സ്‌ നേടിയപ്പോള്‍ കിവിസ്‌ തുടക്കത്തില്‍ തന്നെ തകര്‍ന്നു. ലങ്കയെ താരതമ്യേന ചെറിയ സ്‌ക്കോറില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞപ്പോള്‍ ഡാനിയല്‍ വെട്ടോരിയുടെ സംഘത്തിന്‌ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ പുതിയ പന്തില്‍ നുവാന്‍ കുലശേഖരയും ലാസിത്‌ മാലിങ്കയും സന്ദര്‍ശകരെ ഇല്ലാതാക്കി. തന്റെ അഞ്ചാം ഓവറില്‍ കുലശേഖര രണ്ട്‌ വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ മാലിങ്കയുടെ വേഗതയില്‍ മൂന്ന്‌ പേര്‍ മടങ്ങി. ഇതോടെ ചിത്രം വ്യക്തമായിരുന്നു. 20-20 പരമ്പരയില്‍ മാന്‍ ഓഫ്‌ ദ സീരിസായി തെരഞ്ഞെടുക്കപ്പെട്ട ജെസി റൈഡറാണ്‌ ആദ്യം പുറത്തായത്‌. തിലാന്‍ തുഷാരയുടെ പന്തില്‍ റൈഡര്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയപ്പോള്‍ മാര്‍ടിന്‍ ഗുപ്‌ടില്‍ ഒരു റണ്ണുമായി മടങ്ങി. അശോക ഡിസില്‍വയുടെ പന്തില്‍ റോസ്‌ ടെയ്‌ലറും മടങ്ങിയതോടെ ടീമില്‍ സമ്മര്‍ദ്ദമായി. അവശേഷിക്കുന്നവരില്‍ പ്രതീക്ഷകള്‍ വിക്കറ്റ്‌കീപ്പര്‍ ബ്രെന്‍ഡമന്‍ മക്കലത്തിലായിരുന്നു. പക്ഷേ അദ്ദേഹത്തെയും മാലിങ്കയുടെ വേഗത തളര്‍ത്തി. നേരത്തെ ടെസ്റ്റ്‌ സ്‌പെഷ്യലിസ്റ്റായ സമരവീരയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സാണ്‌ ലങ്കയെ തുണച്ചത്‌. പതിനൊന്ന്‌ വര്‍ഷമായി ഏകദിന അരങ്ങേറ്റം നടത്തിയ സമരവീരക്ക്‌ തന്റെ കന്നി ഏകദിന സെഞ്ച്വറിക്കായി കാത്തുനില്‍ക്കേണ്ടി വന്നെങ്കിലും നിര്‍ണ്ണായക ഘട്ടത്തിലാണ്‌ അദ്ദേഹം അത്‌ നേടിയത്‌.

ഇന്നത്തെ മല്‍സരങ്ങള്‍:
ലാറ്റിനമേരിക്ക. ബൊളിവിയ-ഇക്വഡോര്‍, ഉറുഗ്വേ-കൊളംബിയ, പരാഗ്വേ-അര്‍ജന്റീന, വെനിസ്വേല-പെറു, ബ്രസീല്‍-ചിലി
ഏഷ്യ: സൗദി അറേബ്യ-ബഹറൈന്‍.
യൂറോപ്പ്‌: ചെക്ക്‌ റിപ്പബ്ലിക്‌-സാന്‍ മറീനോ, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌-സ്ലോവാക്യ, അല്‍ബേനിയ-ഡെന്മാര്‍ക്ക്‌, ഹംഗറി-പോര്‍ച്ചുഗല്‍, സ്ലോവേനിയ-പോളണ്ട്‌, ഇസ്രാഈല്‍-ലക്‌സംബര്‍ഗ്ഗ്‌, മോള്‍ദോവ-ഗ്രീസ്‌, ലാത്‌ വിയ-സ്വിറ്റ്‌സര്‍ലാന്‍ഡ്‌, ഫറോ ഐലാന്‍ഡ്‌സ്‌-ലിത്വാനിയ, മാള്‍ട്ട-സ്വീഡന്‍, ലൈഞ്ചസ്‌റ്റിന്‍-ഫിന്‍ലാന്‍ഡ്‌, സ്‌ക്കോട്ട്‌ലാന്‍ഡ്‌-ഹോളണ്ട്‌, വെയില്‍സ്‌-റഷ്യ, ബോസ്‌നിയ-തുര്‍ക്കി, ബെലാറൂസ്‌-ഉക്രൈന്‍, ഇംഗ്ലണ്ട്‌-ക്രൊയേഷ്യ,അന്‍ഡോറ-കസാക്കിസ്ഥാന്‍,മോണ്ടേിനിഗ്രോ-സൈപ്രസ്‌, നോര്‍വെ-മാസിഡോണിയ, ജര്‍മനി-അസര്‍ബെയ്‌ജാന്‍, റുമേനിയ-ഓസ്‌ട്രിയ, ഇറ്റലി-ബള്‍ഗേറിയ, അര്‍മീനിയ-ബെല്‍ജിയം, സെര്‍ബിയ-ഫ്രാന്‍സ്‌, സ്‌്‌പെയിന്‍-എസ്റ്റോണിയ
ആഫ്രിക്ക: കാമറൂണ്‍-ഗാബോണ്‍,
കോണ്‍കാകാഫ്‌: എല്‍സാവഡോര്‍-കോസ്‌റ്റാറിക്ക, ട്രിനിഡാഡ്‌-അമേരിക്ക, മെക്‌സിക്കോ-ഹോണ്ടുറാസ്‌,

No comments: