Tuesday, September 15, 2009

BEFORE CHAMPIONS TROPHY-KAMALS DRIVE



തേര്‍ഡ്‌ ഐ-കമാല്‍ വരദൂര്‍
നേട്ടത്തിലും ഓര്‍ക്കാനുളളത്‌
രാജ്‌സിംഗ്‌ ദുംഗാര്‍പ്പൂര്‍ എന്ന ശക്തനായ ക്രിക്കറ്റ്‌ ഭരണാധികാരിക്ക്‌ സമര്‍പ്പിക്കപ്പെട്ട കോപാംക്ട്‌ കപ്പ്‌ ഇന്ത്യന്‍ ക്രിക്കറ്റിനും നായകന്‍ എം.എസ്‌ ധോണിക്കും പുതിയ ഊര്‍ജ്ജം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല. ദക്ഷിണാഫ്രിക്കയില്‍ 22 ന്‌ ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ആത്മവിശ്വാസത്തോടെ ഇന്ത്യക്ക്‌ കളിക്കാം. 26 വരെ ഇന്ത്യക്ക്‌ സമയമുണ്ട്‌. അന്നാണ്‌ ഇന്ത്യയുടെ ആദ്യ മല്‍സരം. വിരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, സഹീര്‍ഖാന്‍ തുടങ്ങിയ പ്രബലര്‍ ഇല്ലാതിരുന്നിട്ടും ഇന്ത്യ മൂന്ന്‌ മല്‍സരം മാത്രം ദൈര്‍ഘ്യമുണ്ടായിരുന്ന കോപാംക്‌ട്‌ കപ്പ്‌ സ്വന്തമാക്കിയത്‌ വലിയ നേട്ടമായി കാണാനാവുന്നത്‌ ഇന്ത്യ കളിച്ച സാഹചര്യം പരിഗണിക്കുമ്പോഴാണ്‌. 2000 ത്തിന്‌ ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നടന്ന വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ 21 തവണ ഇന്ത്യ ഫൈനല്‍ കളിച്ചു. പക്ഷേ ഇത്‌ നാലാം തവണ മാത്രമാണ്‌ ഇന്ത്യക്ക്‌ കിരീടം ലഭിക്കുന്നത്‌. 1998 ന്‌ ശേഷം ആദ്യമായാണ്‌ ലങ്കയില്‍ ഇന്ത്യക്കൊരു കിരീടം ലഭിക്കുന്നത്‌. അത്‌ നേട്ടം തന്നെ. പക്ഷേ കോംപാക്ട്‌ കപ്പ്‌ നല്‍കുന്ന പാഠങ്ങള്‍ മറന്നാല്‍ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യ വിയര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ബൗളിംഗും ഫീല്‍ഡിംഗുമാണ്‌ വേവലാതി നല്‍കുന്ന ഘടകങ്ങള്‍. ആശിഷ്‌ നെഹ്‌റ, ആര്‍.പി സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ എന്നിവരായിരുന്നു പേസ്‌ ആക്രമണത്തിന്‌ നേതൃത്ത്വം നല്‍കിയത്‌. മൂന്ന്‌്‌ പേരും മൂന്ന്‌ മല്‍സരങ്ങളും കളിച്ചു. പക്ഷേ മൂന്ന്‌ പേരെയും വിശ്വസിക്കാന്‍ കഴിയില്ല എന്ന സത്യമാണ്‌ പ്രേമദാസ സ്‌റ്റേഡിയം നല്‍കിയത്‌. നെഹ്‌റക്ക്‌ നല്ല തുടക്കം ലഭിച്ചാല്‍ മാത്രമാണ്‌ താളം കണ്ടെത്താന്‍ കഴിയുന്നത്‌. ആര്‍.പിക്ക്‌ പങ്കാളിയായ ബൗളര്‍ പെര്‍ഫോം ചെയ്യാത്തപക്ഷം ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. വേഗതയാണ്‌ ഇഷാന്തിന്റെ കൈമുതല്‍. പക്ഷേ അദ്ദേഹത്തിന്‌ വേഗതയില്‍ ബാറ്റ്‌സ്‌മാന്മാരെ കബളിപ്പിക്കാന്‍ കഴിയുന്നില്ല. മൂന്ന്‌ മല്‍സരങ്ങളിലെയും കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്‌ വ്യക്തമാവും. ഇന്ത്യക്ക്‌ കപ്പ്‌ സമ്മാനിച്ചത്‌ പേസര്‍മാരായിരുന്നില്ല. സ്‌പിന്നര്‍മാരായ ഹര്‍ഭജനും യൂസഫ്‌ പത്താനും യുവരാജ്‌ സിംഗും സുരേഷ്‌ റൈനയുമെല്ലാം ചേര്‍ന്നായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചതും സ്‌പിന്‍ മികവില്‍ തന്നെ. ചാമ്പ്യന്‍സ്‌്‌ ട്രോഫിയില്‍ കളിക്കാന്‍ സഹിര്‍ഖാനില്ല. ഈ മൂന്ന്‌ പേരും തന്നെയായിരിക്കും പന്തെറിയേണ്ടി വരുക. പ്രവീണ്‍ കുമാറിന്റെ മീഡിയം പേസിന്‌ ദക്ഷിണാഫ്രിക്കയില്‍ സ്വാധീനമുണ്ടാവില്ല. ഇര്‍ഫാന്‍ പത്താന്‍, ശ്രീശാന്ത്‌ എന്നിവരുടെ അസാന്നിദ്ധ്യം ഇവിടെയാണ്‌ പ്രകടമാവുക. ഫീല്‍ഡിംഗ്‌ കാര്യത്തില്‍ റോബിന്‍ സിംഗിന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിനെ സഹായിച്ചിരുന്നു. പക്ഷേ ലങ്കയില്‍ മല്‍
സരങ്ങള്‍ പകലും രാത്രിയിലുമായതിനാലാവാം ക്യാച്ചുകള്‍ പലതും നിലത്തിട്ടു. പക്ഷേ റണ്ണൗട്ട്‌ അവസരങ്ങള്‍ തുടര്‍ച്ചയായി പാഴാക്കുന്നത്‌ കണ്ടു. ക്രിക്കറ്റിലെ അടിസ്ഥാന പാഠങ്ങള്‍ പോലും ഫീല്‍ഡര്‍മാര്‍ മറക്കുന്നു. ബൗളിംഗും ഫീല്‍ഡിംഗും പരസ്‌പരം ബന്ധപ്പെട്ടതാണ്‌. ഫീല്‍ഡര്‍മാര്‍ക്ക്‌ പിഴച്ചാല്‍ ബൗളര്‍മാരുടെ ആവേശം ചോരുമെന്ന സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. യുവരാജും റൈനയും കോഹ്‌ലിയുമെല്ലാം നല്ല ഫീല്‍ഡര്‍മാരാണ്‌. പക്ഷേ വലിയ അനുഭവസമ്പത്തുളള ഇവരെല്ലാം സമ്മര്‍ദ്ദഘട്ടത്തില്‍ പതറുന്നു. ഓവര്‍ ത്രോകള്‍ പലവട്ടം കണ്ടു. ഈ പിഴവുകളെ തിരുത്താന്‍ ഇനിയുളള ദിവസങ്ങളില്‍ കഴിഞ്ഞാല്‍ ചാമ്പ്യന്‍സ്‌്‌ ട്രോഫിയില്‍ ഇന്ത്യക്ക്‌ മികവ്‌ കാട്ടാനാവും. കോംപാക്ട്‌ കപ്പിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യ ലങ്കയോട്‌ തകര്‍ന്നത്‌ മാത്രം ഉദാഹരിച്ചല്‍ നമ്മുടെ അസ്ഥിരതയും ആലസ്യവും പ്രകടമാണ്‌. ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ കളിക്കുന്നത്‌ ലോക ക്രിക്കറ്റിലെ ശക്തരായ എട്ട്‌ ടീമുകളാണ്‌. ഇന്ത്യയാവട്ടെ മരണ ഗ്രൂപ്പിലും. പിഴവുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സമചിത്തതയുളള നിലപാടുകള്‍ നിര്‍ബന്ധമാണ്‌.


ക്രിക്കറ്റിലും
അഹമ്മദാബാദ്‌: ഇര്‍ഫാന്‍ പത്താനെയും യൂസഫ്‌ പത്താനെയുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്‌ സമ്മാനിച്ച ഗുജറാത്തിന്റെ ക്രിക്കറ്റ്‌ തലവനായി വന്നിരിക്കുന്നത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി. നിലവില്‍ ഗുജറാത്ത്‌ ക്രിക്കറ്റ്‌ അസോസിയേഷന്റെ പ്രസിഡണ്ടായ നര്‍ഹാരി അമീന്‌ പകരമാണ്‌ മോഡി തലവനായിരിക്കുന്നത്‌. അമീനെതിരെ ഈയിടെ സാമ്പത്തികാരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജിവെച്ചപ്പോള്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത്‌ ഷാ ക്രിക്കറ്റ്‌ അസോസിയേഷന്‍ തലനാവുമെന്നാണ്‌ കരുതിയത്‌. പക്ഷേ അവസാന നിമിഷത്തിലാണ്‌ മോഡി സ്വയം സന്നദ്ധനായി രംഗത്ത്‌ വന്നത്‌. അടുത്ത ദിവസം തന്നെ അസോസിയേഷന്‍ യോഗം ചേരുമെന്നും ഭാവി തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതി
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍നിരക്കാരന്‍ ഇമാനുവല്‍ അബിദേയറിനെതിരെ ഇംഗ്ലീഷ്‌ എഫ്‌.എ നടപടി സ്വീകരിക്കും. ആഴ്‌സനലിനെതിരായ പ്രീമിയര്‍ ലീഗ്‌ മല്‍സരത്തിനിടെയുണ്ടായ രണ്ട്‌ സംഭവങ്ങളില്‍ സിറ്റി മുന്‍നിരക്കാരന്‍ പ്രതിയാണെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലാണ്‌ നടപടി. ആഴ്‌സനലിന്റെ മുന്‍ താരമായ അബിദേയര്‍ ഗണ്ണേഴ്‌സ്‌ താരം റോബിന്‍ വാന്‍ പര്‍സിയുമായി കൂട്ടിയിടിച്ചിരുന്നു. ഈ സംഭവത്തില്‍ ബോധപൂര്‍വമായ പ്രകോപനം അബിദേയര്‍ നടത്തിയിട്ടുണ്ട്‌. സിറ്റിക്കായി ഗോള്‍ നേടിയ ശേഷം അദ്ദേഹം ആഴ്‌സനല്‍ ആരാധകര്‍ക്ക്‌ മുന്നില്‍ വന്ന്‌ നൃത്തം ചവിട്ടിയതും കുറ്റമാണ്‌. ശിക്ഷ എന്താണെന്ന്‌ ഉടനറിയാം.

പരുക്ക്‌്‌
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഡേവിസ്‌ കപ്പ്‌ മല്‍സരത്തില്‍ നിന്ന്‌്‌ പരുക്ക്‌ കാരണം ഇന്ത്യന്‍ താരം ലിയാന്‍ഡര്‍ പെയ്‌സ്‌ പിന്മാറി. കഴിഞ്ഞ ദിവസം യു.എസ്‌ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ ലുകാസ്‌ ഡോള്‍ഫിക്കൊപ്പം കിരീടം സ്വന്തമാക്കിയ പെയ്‌സിന്‌ കാലിലെ വേദന കാരണം കളിക്കാന്‍ കഴിയില്ലെന്നാണ്‌ ഇന്ത്യന്‍ ടീമിന്റെ വക്താവ്‌ പറഞ്ഞു. പെയ്‌സ്‌ പിന്മാറുന്നത്‌ ഡേവിസ്‌ കപ്പില്‍ ഇന്ത്യക്ക്‌ കനത്ത തിരിച്ചടിയാവും. ഡേവിസ്‌ കപ്പില്‍ എന്നും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്‌ കൊല്‍ക്കത്തക്കാരന്‍. ഡേവിസ്‌ കപ്പില്‍ പെയ്‌സും മഹേഷ്‌ ഭൂപതിയും ഡബിള്‍സില്‍ കളിക്കാനിരിക്കയായിരുന്നു.
സമനില
ന്യൂഡല്‍ഹി: നിലവിലെ ചാമ്പ്യന്മാരായ മഹീന്ദ്ര യുനൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച്‌ പുതിയ ഐ ലീഗ്‌ ടീമായ ലാജോംഗ്‌ എഫ്‌.സി കരുത്ത്‌ കാട്ടി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഡെംപോ ഗോവ 4-1ന്‌ എയര്‍ ഇന്ത്യയെ തകര്‍ത്തിരുന്നു. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ മോഹന്‍ ബഗാന്‍ ഒ.എന്‍.ജി.സി മുംബൈയെയും ഈസ്‌റ്റ്‌ ബംഗാള്‍ ലാജോംഗ്‌ എഫ്‌.സിയെയും നേരിടും.

ഡെല്‍ പോട്രോ ചാമ്പ്യന്‍
ന്യൂയോര്‍ക്ക്‌: ഡിയാഗോ മറഡോണയെയും സംഘത്തെയും കുറിച്ചോര്‍ത്ത്‌ വേദനിക്കുന്ന അര്‍ജന്റീനക്കിതാ പുതിയ സൂപ്പര്‍താരം-ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ......! ലോക ടെന്നിസിനെ ഭരിക്കന്ന സ്വിറ്റ്‌സര്‍ലാന്‍ഡുകാരന്‍ റോജര്‍ ഫെഡ്‌ററെ യു.എസ്‌ ഓപ്പണില്‍ അട്ടിമറിച്ച്‌ കിരീടം സ്വന്തമാക്കിയിരുന്നു ഈ അല്‍ഭുത അര്‍ജന്റീനക്കാരന്‍. വനിതാ സിംഗിള്‍സില്‍ കിം ക്ലൈസ്റ്റേഴ്‌സ്‌ എന്ന വെറ്ററന്‍ താരം കിരീടം സ്വന്തമാക്കിയത്‌ പോലെ പുരുഷ വിഭാഗത്തില്‍ ഫ്‌ളെഷിംഗ്‌ മെഡോ ഫെഡ്‌റര്‍ക്ക്‌ അുകൂലമായി കനിയുമെന്ന്‌ കരുതിയ തിങ്കളാഴ്‌ച്ച ദിവസത്തിലാണ്‌ ഡെല്‍പോട്രോ അല്‍ഭുതമായത്‌. തുടര്‍ച്ചയായി 40 മല്‍സരങ്ങളാണ്‌ ഫ്‌ളെഷിംഗ്‌ മെഡോയില്‍ ഫെഡ്‌റര്‍ നേടിയത്‌. നാല്‍പ്പത്തിയൊന്നാം വിജയവും കിരീടവും സ്വന്തമാക്കി ഇറങ്ങിയ സൂപ്പര്‍ താരത്തെ നാല്‌ സെറ്റ്‌ ദീര്‍ഘിച്ച പോരാട്ടത്തിലാണ്‌ ഡെല്‍ പോട്രോ തോല്‍പ്പിച്ചത്‌. സ്‌ക്കോര്‍ 3-6, 7-6, 4-6, 7-6, 6-2. സാധാരണ ഞായര്‍ ദിവസങ്ങളില്‍ നടക്കാറുള്ള യു.എസ്‌ ഓപ്പണ്‍ ഫൈനല്‍ ഇത്തവണ മഴ കാരണമാണ്‌ തിങ്കളിലേക്ക്‌ മാറ്റിയത്‌. ഈ ആനുകൂല്യവും തന്റെ ഉയരക്കൂടുതലും ഉപയോഗപ്പെടുത്തിയാണ്‌ ഡെല്‍ പോട്രോ പുതിയ ചാമ്പ്യനായിരിക്കുന്നത്‌. നാല്‌ മണിക്കൂര്‍ ദീര്‍ഘിച്ച പോരാട്ടത്തില്‍ ഫെഡ്‌റര്‍ മിന്നുന്ന ഫോമിലായിരുന്നില്ല. പലപ്പോഴും അദ്ദേഹം ഡബിള്‍ ഫാള്‍ട്ടുകള്‍ വരുത്തി. ഇതിനകം 15 ഗ്രാന്‍ഡ്‌ സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഫെഡ്‌റര്‍ പതിനാറാം കിരീടം ഉറപ്പാക്കിയാണ്‌ ഫൈനലിനിറങ്ങിയത്‌. പക്ഷേ പ്രതീക്ഷിച്ച പോലെ പെര്‍ഫോം ചെയ്യാന്‍ തനിക്കായില്ലെന്ന്‌ മല്‍സരത്തിന്‌ ശേഷം അദ്ദേഹം പറഞ്ഞു. 1977 ല്‍ ഗുലെര്‍മോ വിലാസിന്‌ ശേഷം യു.എസ്‌ ഓപ്പണില്‍ കിരീടം നേടുന്ന ആദ്യ ലാറ്റിനമേരിക്കക്കാരനാണ്‌ ഡെല്‍ പോട്രോ.
സച്ചിന്‍ നമ്പര്‍ 7
ദുബായ്‌: കോംപാക്ട്‌ കപ്പ്‌ ഇന്ത്യക്ക്‌ സമ്മാനിച്ച മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐ.സി.സിയുടെ പുതിയ ഏകദിന റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. ഏകദിന കരിയറിലെ നാല്‍പ്പത്തിനാലാമത്‌ സെഞ്ച്വറി സ്വന്തമാക്കിയ സച്ചിന്‍ ഇപ്പോള്‍ റാങ്കിംഗില്‍ ഏഴാമതാണ്‌. കഴിഞ്ഞ പത്ത്‌ മാസമായി സച്ചിന്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ വന്നിരുന്നില്ല. പക്ഷേ ലങ്കയില്‍ ഇന്ത്യ കളിച്ച മല്‍സരങ്ങളില്ലെല്ലാം മെച്ചപ്പെട്ട ബാറ്റിംഗ്‌ പ്രകടനം സച്ചിന്‍ നടത്തിയിരുന്നു. ഫൈനല്‍ മല്‍സരത്തിലെ മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടവും മാന്‍ ഓഫ്‌ ദ സീരിസ്‌പട്ടവും സച്ചിനായിരുന്നു. പരമ്പരയില്‍ മൊത്തം 211 റണ്‍സാണ്‌ മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ നേടിയത്‌. ഇംഗ്ലണ്ടിനെതിരെ നവംബറില്‍ നടന്ന ഏകദിന പരമ്പര സമയത്താണ്‌ സച്ചിന്‍ ആദ്യ പത്തില്‍ നിന്ന്‌ പുറത്തായത്‌. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്ന്‌ മല്‍സരങ്ങളില്‍ സച്ചിന്‍ കളിച്ചിരുന്നില്ല.

തകര്‍പ്പന്‍ അങ്കം
മിലാന്‍: ഇന്നത്തെ ദിവസത്തില്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ വിലയുള്ള ഒരു പോരാട്ടമുണ്ട്‌-ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനും സ്‌പാനിഷ്‌ ചാമ്പ്യന്മാരായ ബാര്‍സിലോണയും തമ്മില്‍. അല്ലെങ്കില്‍ സാമുവല്‍ ഇറ്റോയും ലയണല്‍ മെസിയും തമ്മില്‍. കഴിഞ്ഞ സീസണില്‍ ബാര്‍സയുടെ താരമായിരുന്ന ഇറ്റോ ഇപ്പോള്‍ മിലാനിലാണ്‌. ബാര്‍സയില്‍ തനിക്കൊപ്പം കളിച്ച മെസിക്കെതിരെ കാമറൂണുകാരന്‍ കളിക്കുമ്പോള്‍ മല്‍സരത്തിന്‌ ആവേശമുണ്ടാവും. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങള്‍ ഇപ്രകാരം: ഡൈനാമോ കീവ്‌-റൂബിന്‍ കസാന്‍, ലിവര്‍പൂള്‍-ഡിബ്രിസിന്‍, ലിയോണ്‍-ഫിയോറന്റീന, ഒളിംപിയാക്കസ്‌-ഏ.സെഡ്‌, സെവിയെ-യുനിറിയ, സ്റ്റാന്‍ഡേര്‍ഡ്‌ ലീഗ്‌-ആഴ്‌സനല്‍, വി.എഫ്‌.ബി സ്റ്റട്‌ഗര്‍ട്ട്‌-റേഞ്ചേഴ്‌സ്‌.

ഐ.സി.സി നോമിനേഷനില്‍ നാല്‌ ഇന്ത്യക്കാര്‍
ദുബായ്‌: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ വാര്‍ഷിക പുരസ്‌ക്കാരത്തിനുളള നോമിനേഷന്‍ പട്ടികയില്‍ നാല്‌ ഇന്ത്യന്‍ താരങ്ങള്‍. ക്രിക്കറ്റര്‍ ഓഫ്‌ ദ ഇയര്‍ വിഭാഗത്തില്‍ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണിയും ഗൗതം ഗാംഭീറുമുണ്ട്‌. മികച്ച ടെസ്‌റ്റ്‌ താരത്തിന്റെ പട്ടികയിലും ഗാംഭീറുണ്ട്‌. മികച്ച ഏകദിന താരത്തിനുള്ള പട്ടികയില്‍ ധോണി,യുവരാജ്‌, സേവാഗ്‌ എന്നിവരാണുള്ളത്‌. നോമിനേഷന്‍ ഇപ്രകാരം: ക്രിക്കറ്റര്‍ ഓഫ്‌ ദ ഇര്‍-എം.എസ്‌ ധോണി, ഗൗതം ഗാംഭീര്‍, മിച്ചല്‍ ജോണ്‍സണ്‍, ആന്‍ഡ്ര്യൂ സ്‌ട്രോസ്‌. ടെസ്‌റ്റ്‌ പ്ലെയര്‍-ഗൗതം ഗാംഭീര്‍, മിച്ചല്‍ ജോണ്‍സണ്‍, തിലാന്‍ സമരവീര, ആന്‍ഡ്ര്യ സ്‌ട്രോസ്‌, ഏകദിന താരം-ശിവനാരായണ്‍ ചന്ദര്‍പോള്‍, എം.എസ്‌ ധോണി, യുവരാജ്‌, സേവാഗ്‌. മികച്ച യുവതാരം-ബിന്‍ ഹില്‍ഫാന്‍ഹസ്‌, ഗ്രഹാം ഒനിയന്‍സ്‌, ജെസി റൈഡര്‍, പീറ്റര്‍ സിഡില്‍. മികച്ച 20-20 താരം-ഷാഹിദ്‌ അഫ്രീദി, തിലകരത്‌നെ ദില്‍ഷാന്‍, ക്രിസ്‌ ഗെയില്‍. വനിതാ ക്രിക്കറ്റര്‍-ഷാര്‍ലറ്റ്‌ എഡ്‌വാര്‍ഡ്‌സ്‌, ഷെല്ലി നിഷ്‌കെ, ക്ലെയര്‍ ടെയ്‌ലര്‍. അമ്പയര്‍-അലീം ദര്‍, ടോണി ഹില്‍, ആസാദ്‌ റൗഫ്‌, സൈമണ്‍ ടഫല്‍. ക്രിക്കറ്റ്‌ സ്‌പിരിറ്റ്‌-ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലാന്‍ഡ്‌, ശ്രീലങ്ക.

No comments: