
പാക്കിസ്‌താന് തകര്‍പ്പന്‍ തുടക്കം
ബെനോണി (ദക്ഷിണാഫ്രിക്ക): 20-20 ലോക ചാമ്പ്യന്മാരായ പാക്കിസ്‌താന്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കായി തകര്‍പ്പനൊരുക്കം തുടങ്ങി. ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന വാം അപ്പ് മല്‍സരത്തില്‍ 108 റണ്‍സിനാണ് പാക്കിസ്‌താന്‍ ജയിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ 26 ന് ഇന്ത്യയുമായാണ് പാക്കിസ്‌താന്റെ ആദ്യ മല്‍സരം. വില്ലിമോര്‍ പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്‌താന്‍ നിശ്ചിത അമ്പത് ഓവറില്‍ 306 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ ലങ്കയുടെ പത്ത് ബാറ്റ്‌സ്‌മാന്മാര്‍ ചേര്‍ന്ന് 198 റണ്‍സാണ് നേടിയത്. അക്‌മല്‍ സഹോദരന്മാരായിരുന്നു പാക് ഇന്നിംഗ്‌സിലെ താരങ്ങള്‍. ഓപ്പണറായി പാഡണിഞ്ഞ കമറാന്‍ അക്‌മല്‍ 78 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയപ്പോള്‍ അനുജന്‍ ഉമര്‍ 63 പന്തില്‍ 67 റണ്‍സ് സ്വന്തമാക്കി. നല്ല തുടക്കമായിരുന്നില്ല പാക്കിസ്‌താന് ലഭിച്ചത്. തട്ടുപൊളിപ്പന്‍ ഓപ്പണറായ ഇംറാന്‍ നസീര്‍ 12 ലും നായകന്‍ യൂനസ്‌ഖാന്‍ 9 ലും മുഹമ്മദ് യൂസഫ് റണ്‍ നേടാതെയും പുറത്തായിരുന്നു. പക്ഷേ കമറാനും മിസ്‌ബാഹുല്‍ ഹഖും ചേര്‍ന്നുളള സഖ്യം ലങ്കന്‍ കടന്നുകയറ്റം തടഞ്ഞു. രണ്ട് പേരും മനോഹരമായി കളിച്ചു. മൂന്ന് വിക്കറ്റിന് 64 റണ്‍സ് എന്ന നിലയില്‍ കമറാനൊപ്പം ചേര്‍ന്ന മിസ്‌ബ സ്‌ക്കോര്‍ 135 വരെയെത്തിച്ചു. പതിനൊന്ന് മനോഹരമായ ബൗണ്ടറികളും രണ്ട് കൂറ്റന്‍ സ്‌ട്രെയിറ്റ് സിക്‌സറുകളുമായി കളം വാണ കമറാനെ മുത്തയ്യ മുരളീധരന്‍ പുറത്താക്കിയ ശേഷമാണ് അനുജന്‍ ഉമര്‍ ക്രീസിലെത്തിയത്. പിന്നെ ഉമറിന്റെ ആധിപത്യമായിരുന്നു. ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും പിടികൊടുക്കാതെയുളള ചേതോഹരമായ ഇന്നിംഗ്‌സ് 63 മിനുട്ട് ദീര്‍ഘിച്ചു. അതിനിടെ എട്ട് അതിര്‍ത്തി ഷോട്ടുകളിലുടെ പാക്കിസ്‌താന്‍ സ്‌ക്കോര്‍ 200 കടന്നിരുന്നു. 20-20 ലോകകപ്പിലെ ഹീറോ ഷാഹിദ് അഫ്രീദി ഏഴാം നമ്പറില്‍ വന്ന് ആറ് ബൗണ്ടറികള്‍ പായിച്ചപ്പോള്‍ സ്‌ക്കോര്‍ 300 കടന്നു. 24 പന്തില്‍ നിന്ന് അഫ്രീദി പുറത്താവാതെ 36 റണ്‍സ് സ്വന്തമാക്കി. കോംപാക്‌ട് കപ്പ് ത്രിരാഷ്‌ട്ര കപ്പില്‍ കളിക്കാതിരുന്ന മുത്തയ്യ മുരളീധരനും നുവാന്‍ കുലശേഖരയും മാത്രമാണ് ലങ്കന്‍ ബൗളര്‍മാരില്‍ മികവു കാട്ടിയത്. എട്ട് ഓവറില്‍ 43 റണ്‍സിന് മുരളി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കുലശേഖര 46 റണ്‍സിന് മൂന്ന് പേരെ മടക്കി. ലങ്കന്‍ മറുപടിയില്‍ തുടക്കം തന്നെപാളി. നേരിട്ട രണ്ടാം പന്തില്‍ തന്നെ തിലകരത്‌നെ ദില്‍ഷാന്‍ പുറത്ത്. മുഹമ്മദ് ആമിറിനായിരുന്നു വിക്കറ്റ്. അപകടകാരിയായ സനത് ജയസൂര്യയെ റാണ നവീദ് ഹസനും പറഞ്ഞയച്ചു. ഇന്നിംഗ്‌സ്‌് കെട്ടിപടുക്കാനുളള ശ്രമത്തില്‍ കുമാര്‍ സങ്കക്കാരയും (121), മഹേല ജയവര്‍ദ്ധനെയും (18) അദ്ധ്വാനിച്ചുവെങ്കിലും പാളി. ഇന്ത്യക്കെതിരായ കോംപാക്ട് കപ്പ് ഫൈനലില്‍ പൊരുതി കളിച്ച കാന്‍ഡാംബി 12 റണ്‍സാണ് നേടിയത്. തകര്‍ച്ചയുടെ നടുവില്‍ നിന്ന് കപ്പുഗുഡേരയും (59), ആഞ്ചലോ മാത്യൂസും (49 ) പൊരുതിയത് മാത്രമാണ് ആശ്വാസമായത്. 41 റണ്‍സ് മാത്രം നല്‍കി അഞ്ച് വിക്കറ്റുകള്‍ നേടിയ റാണ നവീദിന് മുന്നിലാണ് ലങ്കക്കാര്‍ തകര്‍ന്നത്.
ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ നിലംപരിശാക്കി
പോച്ചസ്‌ട്രോം, ദക്ഷിണാഫ്രിക്ക: വിന്‍ഡീസിന്റെ രണ്ടാം നിരക്കാരെ 188 റണ്‍സിന് നിലംപരിശാക്കി ആതിഥേയരായ ദക്ഷിണാഫ്രിക്ക ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രതിയോഗികള്‍ക്കെല്ലാം ശക്തമായ മുന്നറിയിപ്പ് നല്‍കി. പകല്‍ രാത്രി വാം അപ്പ് മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 388 റണ്‍സാണ് വാരിക്കൂട്ടിയത്. മറുപടിയില്‍ വിന്‍ഡീസിന് 200 റണ്‍സ് മാത്രമാണ് നേടാനായത്. ക്രിസ് ഗെയില്‍ ഉള്‍പ്പെടെ സീനിയര്‍ താരങ്ങളെല്ലാം വിന്‍ഡീസ് ക്രിക്കറ്റ ബോര്‍ഡുമായുളള ശീതസമരത്തില്‍ വിട്ടുനില്‍ക്കുന്നതിനാല്‍ രണ്ടാ നിരക്കാരെയാണ് വിന്‍ഡീസ് പറഞ്ഞയച്ചിരിക്കുന്നത്. ഹര്‍ഷല്‍ ഗിബ്‌സും ഗ്രയീം സ്‌മിത്തും തമ്മിലുളള ഒന്നാം വിക്കറ്റ് സഖ്യം സ്‌ക്കോര്‍ 79 ല്‍ എത്തിച്ചപ്പോള്‍ നാഭിവേദന കാരണം ഗിബ്‌സ് മടങ്ങി. തുടര്‍ന്ന് ജാക് കാലിസായിരുന്നു സ്‌മിത്തിന് കൂട്ട്. ഇവര്‍ സ്‌ക്കോര്‍ 194 വരെയെത്തിച്ചു. 74 പന്തില്‍ 83 റണ്‍സ് നേടിയ സ്‌മിത്താണ് ആദ്യം പുറത്തായത്. കാലിസ് 90 പന്തില്‍ 86 റണ്‍സ് നേടി. എബി ഡി വില്ലിയേഴ്‌സ് മാത്രമാണ് ബാറ്റിംഗില്‍ പതറിയത്. ഡി വില്ലിയേഴ്‌സ് 16 ല്‍ പുറത്തായി. ജെ.പി ഡുമിനിയുടേതായിരുന്നു മിന്നല്‍ ഇന്നിംഗ്‌സ്. 46 പന്തില്‍ നിന്ന് അദ്ദേഹം പുറത്താവാതെ 80 റണ്‍സാണ് നേടിയത്. അഞ്ച് സിക്‌സറുകളും നാല് ബൗണ്ടറികളും ഡുമിനിയുടെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ മാര്‍ക്ക് ബൗച്ചര്‍ ഒമ്പത് ബൗണ്ടറിയോടെ 55 റണ്‍സ് നേടി. പത്ത് ഓവറില്‍ 88 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ടിനോ ബെസ്‌റ്റ് മാത്രമായിരുന്നു കരീബിയന്‍ നിരയില്‍ ശരാശരി കാത്ത സീമര്‍. വിന്‍ഡീസിന് ഫ്‌ളെച്ചറും (35), റിച്ചാര്‍ഡ്‌സും (41) ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. പക്ഷേ പിന്നീട് വന്നവരെല്ലാം പതറി. ഡി.ജെ സാമി 52 റണ്‍സുമായി ടോപ് സ്‌ക്കോററായി.
കിവിസിനും തോല്‍വി
പ്രിട്ടോറിയ:കൊളംബോയില്‍ നടന്ന കോംപാക്ട് കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ മല്‍സരങ്ങളിലും പരാജയപ്പെട്ട ന്യൂസിലാന്‍ഡിന് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മല്‍സരത്തിലും തോല്‍വി. രണ്ട് വിക്കറ്റിനവര്‍ ദക്ഷിണാഫ്രിക്കന്‍ ക്ലബ് സംഘമായ വാരിയേഴ്‌സിനോട് പരാജയപ്പെട്ടു. 237 റണ്‍സാണ് ഡാനിയല്‍ വെട്ടോരിയുടെ ടീം നേടിയത്. വാരിയേഴ്‌സ് ഒരു ഓവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. നല്ല പാര്‍ട്ട്‌ണര്‍ഷിപ്പുകളില്ലാതിരുന്നതായിരുന്നു കോംപാക്ട് കപ്പില്‍ കിവീസിനെ ചതിച്ചത്. ഇവിടെയും കുട്ടുകെട്ടുകള്‍ പിറന്നില്ല. രണ്ടാം വിക്കറ്റില്‍ മാര്‍ട്ടിന്‍ ഗുപ്‌ടിലും റോസ് ടെയ്‌ലറും ചേര്‍ന്ന് 95 റണ്‍സ് നേടിയ ശേഷം ടീം തകരുകയായിരുന്നു.
മാഞ്ചസ്‌റ്റര്‍ ഡെര്‍ബി
ഓള്‍ഡ് ട്രാഫോഡ്: ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്‌ബോളിലിന്ന് മാഞ്ചസ്‌റ്റര്‍കാരുടെ അങ്കം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി കളിക്കുന്നു. മല്‍സരത്തിന് മുമ്പ് തന്നെ രണ്ട് പരിശീലകരും തമ്മില്‍ വാക്ക്‌്‌യുദ്ധം ആരംഭിച്ചിട്ടുണ്ട്. സിറ്റിയുടെ മികച്ച മുന്‍നിരക്കാരനായ ഇമാനുവല്‍ ്‌അബിദേയര്‍ സസ്‌പെന്‍ഷന്‍ കാരണം പുറത്ത് നില്‍ക്കുന്നതിനാല്‍ ടീമിനെ കാര്യമാക്കുന്നില്ലെന്ന് യുനൈറ്റഡിന്റെ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസണ്‍ തുറന്നടിച്ചതിന് മറുപടിയായി കൃസ്റ്റിയാനോ റൊണാള്‍ഡോയും കാര്‍ലോസ് ടെവസുമില്ലാതെ യുനൈറ്റഡിനെ പരാജയപ്പെടുത്താന്‍ പ്രയാസമില്ലെന്ന് സിറ്റി കോച്ച് മാര്‍ക് ഹ്യൂഗ്‌സ് പറഞ്ഞ് കഴിഞ്ഞു. സിറ്റി നിരയിലെ സുപ്പര്‍ താരങ്ങളില്‍ രണ്ട് പേര്‍ ഇന്ന് കളിക്കില്ല. അബിദേയര്‍ മൂന്ന് മല്‍സര സസ്‌പെന്‍ഷനിലാണ്. യുനൈറ്റഡിന്റെ താരമായിരുന്ന ടെവസാവട്ടെ പരുക്കിലുമാണ്‌്. ടെവസ് കളിച്ചാലും ഇല്ലെങ്കിലും സിറ്റിയുടെ ഏറ്റവും മികച്ച താരം കളിക്കില്ല എന്ന കാര്യത്തില്‍ തനിക്കുറപ്പുണ്ടെന്ന് ഫെര്‍ഗ്ഗി പറഞ്ഞു. അബിദേയറിനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ കമന്റ്‌്. ആഴ്‌സനലിനെതിരായ മല്‍സരത്തിനിടെ നടത്തിയ മോശം പെരുമാറ്റത്തിനാണ് അബിദേയര്‍ പിടിക്കപ്പെട്ടതും സസ്‌പെന്‍ഷന്‍ ലഭിച്ചതും. കഴിഞ്ഞ സീസണില്‍ യുനൈറ്റഡിനൊപ്പമുണ്ടായിരുന്ന അര്‍ജന്റീനക്കാരന്‍ ടെവസിനെ ഫെര്‍ഗൂസണ്‍ കാര്യമാക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. ടെവസിന്റെ കരുത്തും ദൗര്‍ബല്യങ്ങളും ഫെര്‍ഗ്ഗിക്ക് നന്നായി അറിയാം. സിറ്റിയിലെത്തിയ ശേഷം ഇത് വരെ ഒരു ഗോള്‍ സ്‌ക്കോര്‍ ചെയ്യാന്‍ ടെവസിനായിട്ടില്ല. അതേ സമയം ആഴ്‌സനലില്‍ നിന്നും സിറ്റിയിലെത്തിയ ശേഷം കളിച്ച എല്ലാ മല്‍സരങ്ങളിലും അബിദേയര്‍ സ്‌ക്കോര്‍ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ സീസണിലെ കരുത്ത് യുനൈറ്റഡിന് ഇല്ലെന്നാണ് ഹ്യൂഗ്‌സ് ആവര്‍ത്തിക്കുന്നത്. കൃസ്‌റ്റിയാനോ റൊണാള്‍ഡോയും ടെവസും പോയ ശേഷം അവരുടെ മികവ് ഇല്ലാതായിട്ടുണ്ട്. ടോട്ടന്‍ഹാമിനെതിരായ മല്‍സരം മാറ്റിനിര്‍ത്തിയാല്‍ പ്രിമിയര്‍ ലീഗില്‍ നിലാവരമില്ലാത്ത പ്രകടനമാണ് അവര് നടത്തിയതെന്നും ഹ്യഗ്‌സ് ആരോപിക്കുന്നു. ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം സിറ്റി സ്വന്തമാക്കുമെന്നും തങ്ങളുടെ പ്രധാന പ്രതിയോഗി ലിവര്‍പൂളായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങള്‍: ചെല്‍സി-ടോട്ടന്‍ഹാം, എവര്‍ട്ടണ്‍-ബ്ലാക്‌ബര്‍ണ്‍, വോള്‍വര്‍ഹാംപ്‌ടണ്‍-ഫുള്‍ഹാം.
സ്‌പാനിഷ് ലീഗ്: അല്‍മേരിയ-ഗറ്റാഫെ, അത്‌ലറ്റികോ ബില്‍ബാവോ- വില്ലാ റയല്‍, റയല്‍ മാഡ്രിഡ്-സിറെകസ്, റയല്‍ സരഗോസ-വല്ലഡോളിഡ്, വലന്‍സിയ-സ്‌പോര്‍ട്ടിംഗ് ഗിജോണ്‍.
ഇറ്റാലിയന്‍ ലീഗ്: ഏ.സി മിലാന്‍-ബോളോഗ്ന, ബാരി-അറ്റ്‌ലാന്റ, കാഗിലാരി-ഇന്റര്‍ മിലാന്‍, കറ്റാനിയ-ലാസിയോ, ചീവിയോ-ജിനോവ, യുവന്തസ്-ലിവോര്‍ണോ, നാപ്പോളി-ഉദിനസ്, പാര്‍മ-പലെര്‍മോ, റോമ-ഫിയോറന്റീന, സാംപദോറിയോ-സിയന്ന.
ഇന്ത്യ ഇന്ന് കിവിസുമായി
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പങ്കെടുക്കാനായി മഹേന്ദ്രസിംഗ് ധോണി നയിക്കുന്ന ഇന്ത്യന്‍ സംഘം ഇന്നലെ രാവിലെ ഇവിടെയെത്തി. വിമാനത്താവളത്തില്‍ ടീമിന് വരവേല്‍പ്പ് നല്‍കി. ഇന്ന് സന്നാഹ മല്‍സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി കളിക്കും. ഏറ്റവും മികച്ച പ്രകടനമാണ് ധോണി ചാമ്പ്യന്‍സ് ട്രോഫിയില്‍ വാഗ്‌ദാനം ചെയ്യുന്നത്. ലങ്കയില്‍ നടന്ന കോംപാക്ട് കപ്പില്‍ വിജയിക്കാനായത് വലിയ നേട്ടമാണ്. മൂന്ന് മല്‍സരങ്ങളാണ് അവിടെ കളിച്ചത്. മല്‍സരങ്ങളിലെ ഇന്ത്യന്‍ പ്രകട
നം ആധികാരികമാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും ഫീല്‍ഡിംഗിലും ബൗളിംഗിലും നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്ന് നായകന്‍ പറഞ്ഞു. കോംപാക്ട് കപ്പ് ഇന്ത്യക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറിയും ഹര്‍ഭജന്‍സിംഗിന്റെ അഞ്ച് വിക്കറ്റ് നേട്ടവും വഴിയാണ്. ഫീല്‍ഡിംഗ് പരിതാപകരമായിരുന്നു. രണ്ട് അനായാസ ക്യാച്ചുകളും മൂന്ന് റണ്ണൗട്ട് അവസരങ്ങളും നഷ്ടമാക്കി. താന്‍ തന്നെ ഒരു സ്റ്റംമ്പിംഗ് അവസരം പാഴാക്കിയതായും ധോണി പറഞ്ഞു. എതിരാളിയുടെ സ്‌ക്കോറില്‍ നിന്ന 20 റണ്‍സെങ്കിലും ഫീല്‍ഡിംഗ് മികവില്‍ കുറക്കാന്‍ കഴിയുന്നുവെങ്കില്‍ അത് വലിയ നേട്ടമായിരിക്കും. ഗൗതം ഗാംഭീര്‍ പരുക്കില്‍ നിന്ന് മുക്തനായി ടീമിലെത്തിയതാണ് വലിയ നേട്ടം. പാക്കിസ്‌താനെതിരെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ സമ്മര്‍ദ്ദമുണ്ട്. പക്ഷേ അത് കാര്യമാക്കുന്നില്ല. സമ്മര്‍ദ്ദത്തില്‍ കളിച്ച് ജയിക്കന്‍ ഇന്ത്യ പഠിച്ചതായും ധോണി അവകാശപ്പെട്ടു.
ഞാന്‍ ഇനി എവിടേക്കുമില്ല
ബാര്‍സിലോണ: ഞാന്‍ ഇനി എവിടേക്കുമില്ല.. 2001 ലാണ് ഇവിടെ ഞാന്‍ തുടങ്ങിയത്. ഇവിടെ തന്നെ എന്റെ കരിയര്‍ അവസാനിപ്പിക്കാനാണ് താല്‍പ്പര്യം-പറയുന്നത് ലയണല്‍ മെസി, കേള്‍ക്കുന്നത് സോക്കര്‍ ലോകം....!
ലോകത്തെ സൂപ്പര്‍ ക്ലബൂകളെല്ലാം കൊതിക്കുന്ന താരമാണ് മെസി. റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുനൈറ്റഡുമെല്ലാം നോട്ടമിട്ടിരിക്കുന്ന താരം. പക്ഷേ ബാര്‍സിലോണ കഴിഞ്ഞ ദിവസം മെസിയുമായുള്ള കരാര്‍ 2016 വരെ പുതുക്കി. ഇത് വന്‍കിടക്കാരുടെ താല്‍പ്പര്യത്തിന് തടസ്സമായിട്ടുണ്ട് നേരത്തെയുള്ള കരാര്‍ പ്രകാരം 2014 വരെ മെസി ബാര്‍സയുടെ താരമാണ്. എന്നാല്‍ ഇന്നലെ ബാര്‍സയുടെ ചരിത്രത്തില ഏറ്റവും വലിയ പ്രതിഫലം ഉറപ്പിച്ചാണ് പുതിയ കരാര്‍ ഒപ്പിട്ടിരിക്കുന്നത്. 22 കാരനായ അര്‍ജന്റീനക്കാരന്റെ മികവിലാണ് ബാര്‍സ കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍സ്‌് ലീഗും സ്‌പാനിഷ് ലീഗും കിംഗ്‌സ് കപ്പും സ്വന്തമാക്കിയത്. എന്റെ കരിയര്‍ ഇവിടെ അവസാനിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത്രമാത്രം ഈ ടീമിനെയും ക്ലബിനെയും ഞാന്‍ സ്‌നേഹിക്കുന്നു. ബാര്‍സയില്‍ എത്തിയതിന് ശേഷം ക്ലബിന് പല നേട്ടങ്ങളും സമ്മാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമായിരുന്നു പോയ സീസണില്‍ നേടിയ മൂന്ന് കരീടങ്ങള്‍. ഏറ്റവും മികച്ച താരങ്ങളുടെ നിരയാണ് ബാര്‍സയിലുളളത്. അവരില്‍ ഒരാളാവാന്‍ കഴിയുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. മെസിയുടെ തീരുമാനത്തില്‍ ബാര്‍സ പ്രസിഡണ്ട് ജുവാന്‍ ലാപോര്‍ട്ട അതിയായ ആഹ്ലാദം പ്രകടിപ്പിച്ചു. മെസിയെ പോലെ ഒരു ലോകോത്തര താരത്തെ ലഭിക്കുന്നത് വലിയ നേട്ടമാണ്. മെസി നല്ല ഒരു വ്യക്തിയും ഫുട്‌ബോളറുമാണ്. രണ്ട് ഗുണങ്ങളും ഒത്ത് ഒരാളെ ലഭിക്കാന്‍ പ്രയാസമാണ്. മെസിയെ പോലെ ഒരു താരമില്ലാത്ത ബാര്‍സ ടീമിനെ എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. അദ്ദേഹം റിട്ടയര്‍ ചെയ്യുന്നത് വരെ ഇവിട തന്നെയുണ്ടാവും-ലാപോര്‍ട്ട പറഞ്ഞു. 2001 ലാണ് യുവതാരമായി മെസി ബാര്‍സയിലെത്തുന്നത്. ജൂനിയര്‍-സീനിയര്‍ തലങ്ങളിലായി നിരവധി കിരീടങ്ങള്‍ അദ്ദേഹം ഇതിനകം ടീമിന് സമ്മാനിച്ചിട്ടുണ്ട്. ഇന്നലെ അദ്ദേഹം പുതിയ കരാറില്‍ ഒപ്പ്‌് വെക്കുമ്പോള്‍ സാക്ഷികളായി ലാപോര്‍ട്ടയെ കൂടാതെ മെസിയുടെ സഹോദരന്‍ റോഡ്രിഗോ, ക്ലബ് വൈസ് പ്രസിഡണ്ടുമാരായ റാഫേല്‍ യുസ്റ്റെ, ജുവാന്‍ ബോയിക്‌സ്, ടെക്‌നിക്കല്‍ സെക്രട്ടറി ടികി ബെഗിര്‍സ്‌റ്റിന്‍ , ഫുട്‌ബോള്‍ ഡയരക്ടര്‍ റൗള്‍ സാന്‍ലി എന്നിവരെല്ലാമുണ്ടായിരുന്നു. മെസിയുടെ തീരുമാനത്തില്‍ ബാര്‍സ കോച്ച് പെപ് ഗുര്‍ഡിയോളയും അതിയായ ആഹ്ലാദം പ്രകടിപ്പിച്ചു.
ഇന്ത്യ വാഡക്കൊപ്പം
ന്യൂഡല്‍ഹി: ലോക ഉത്തേജക വിരുദ്ധ ഏജന്‍സി- വാഡയുടെ കരാറില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നതായി കായിക മന്ത്രാലയം വ്യക്തമാക്കി. വാഡ ഉടമ്പടി സംബന്ധിച്ച് ഇന്ത്യയുടെ ഔദ്യോഗിക തീരുമാനമറിയാന്‍ വാഡ തലവന്‍ സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വാഡയുടെ എല്ലാ നീക്കങ്ങള്‍ക്കും ഇന്ത്യ നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ നീക്കം പക്ഷേ ക്രിക്കറ്റ് ബോര്‍ഡിനെ വലക്കും. വാഡയിലെ വിവാദ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ബോര്‍ഡിന്റെ നിലപാട്. ഇന്ത്യന്‍ താരങ്ങളും വിവാദ വ്യവസ്ഥയോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ വാഡ കരാര്‍ അംഗീകരിക്കാതെ ഇന്ത്യക്ക് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാന്‍ കഴിയില്ല.
മറഡോണയെ നികുതി വകുപ്പ് പിടികൂടി
റോം: സുഖ ചികില്‍സക്കായി ഇവിടയെത്തിയ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ പഴ്‌സ് നോക്കി ഇറ്റാലിയന്‍ നികുതി വകുപ്പ് നീക്കം തുടങ്ങി. ഇറ്റലിയില്‍ തങ്ങിയിരുന്ന കാലത്ത് (1984-1991) നികുതിവെട്ടിപ്പിന്റെ ആശാനായിരുന്ന മറഡോണയെ ഇപ്പോള്‍ കിട്ടിയ സ്ഥിതിക്കാണ് പിടിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ നികുതി വകുപ്പിന് 36 ദശലക്ഷം ഡോളര്‍ നികുതിയായി മറഡോണ നല്‍കാനുണ്ട്. ഇതില്‍ ഒരു വിഹിതമാണ് ഇപ്പോള്‍ പിടിച്ചിരിക്കുന്നത്. 2006 ല്‍ ഇറ്റലിയില്‍ എത്തിയപ്പോഴും നികുതി വകുപ്പ് അദ്ദേഹം വെറുതെ വിട്ടിരുന്നില്ല. അന്ന് ചാരിറ്റി മല്‍സരത്തിനായി എത്തിയപ്പോള്‍ രണ്ട് വില കൂടിയ സ്വിസ് വാച്ചുകളാണ് പിടിച്ചെടുത്തത്. ഇനിയും 22.4 ദശലക്ഷം യൂറോ മറഡോണ നികുതി വകുപ്പിന്‌് നല്‍കാനുണ്ട്.
മാനം കാക്കാന്‍
ചെസ്റ്റര്‍ ലി സ്‌ട്രീറ്റ്: ഇംഗ്ലണ്ടിനും ആന്‍ഡ്ര്യൂ സ്‌ട്രോസിനും ഇന്ന് മാനം കാക്കാനുളള പോരാട്ടമാണ്. ഓസ്‌ട്രേലിയക്കെതിരായ സപ്‌തമല്‍സര ഏകദിന പരമ്പരയിലെ അവസാന മല്‍സരം ഇന്ന് നടക്കുമ്പോള്‍ വിജയിക്കാത്തപക്ഷം ഇംഗ്ലണ്ടിന് ഇതിലും വലിയ നാണക്കേടുണ്ടാവില്ല. പരമ്പരയിലെ ആദ്യ ആറ് മല്‍സരങ്ങളിലും ഇംഗ്ലണ്ട് തോല്‍ക്കുകയായിരുന്നു. ഈ പരമ്പരയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.സി ലോക റാങ്കിംഗില്‍ ഓസീസ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഇന്നും ജയിച്ചാല്‍ ഒന്നാം സ്ഥാനം ഓസീസിന് നിലനിര്‍ത്താം. തോറ്റാല്‍ ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്ക നേടും.
No comments:
Post a Comment