Thursday, September 17, 2009

BARCA-0, INTER 0


ഒപ്പത്തിനൊപ്പം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ മല്‍സരങ്ങളുടെ ആദ്യ ദിനത്തില്‍ തകര്‍പ്പന്‍ ഗോളുകളും വിജയങ്ങളും കണ്ടെങ്കില്‍ രണ്ടാം ദിവസത്തില്‍ ഗോളിനും വിജയത്തിനും ദാരിദ്ര്യം. അവസാന നിമിഷം വരെ ബലാബലത്തില്‍ നിന്ന മല്‍സരങ്ങളില്‍ നിന്നായി ആകെ പിറന്നത്‌ 16 ഗോളുകളായിരുന്നു.(ആദ്യ ദിവസം 21 ഗോളുകളാണ്‌ പിറന്നത്‌.) ലോകം കാത്തിരുന്ന ബാര്‍സിലോണ-ഇന്റര്‍ മിലാന്‍ മല്‍സരത്തില്‍ ഗോള്‍ പിറന്നില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബുകളായ ലിവര്‍പൂളും ആഴ്‌സനലും അവസാനം വരെ പതറിനിന്നെങ്കിലും വിജയവുമായി മൂന്ന്‌ പോയന്റ്‌ സ്വന്തമാക്കി. ലിവര്‍പൂള്‍ ഒരു ഗോളിന്‌ ഡിബ്രസിനെയും ആഴ്‌സനല്‍ 3-2ന്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ ലീഗിനെയും തോല്‍പ്പിച്ചു.
മിലാനിന്‍ നടന്ന ഇന്റര്‍ -ബാര്‍സ അങ്കത്തില്‍ കാണികള്‍ പ്രതിക്ഷിച്ച ആവേശം നിറഞ്ഞിരന്നു. പക്ഷേ ഗോള്‍ മാത്രം പിറന്നില്ല. സ്‌റ്റേഡിയം നിറഞ്ഞ്‌ കവിഞ്ഞ ആരാധകര്‍ക്ക്‌ മുന്നില്‍ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും സാമുവല്‍ ഇറ്റോയും ലയണല്‍ മെസിയുമെല്ലാം പന്തുമായി മനോഹരമായ നീക്കങ്ങള്‍ നടത്തി. ഗോള്‍ വലയത്തിലേക്ക്‌ പന്തിനെ എത്തിക്കാന്‍ മാത്രം കഴിഞ്ഞില്ല. ഒന്നാം പകുതിയില്‍ ബലാബലമായിരുന്നു പോരാട്ടം. പന്ത്‌ ഇരു ഹാഫിലേക്കും കയറിയിറങ്ങി. രണ്ട്‌ ടീമുകള്‍ക്കും തുല്യാവസരങ്ങളും ലഭിച്ചു. രണ്ടാം പകുതിയില്‍ പക്ഷേ ജോസഫ്‌ ഗുര്‍ഡിയോളയുടെ ബാര്‍സ സംഘത്തിനായിരുന്നു ആധിപത്യം.നിലവിലെ ചാമ്പ്യന്മാര്‍ക്കായി സൂപ്പര്‍ താരങ്ങളായ മെസിയും സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും ആവേശത്തോടെ കയറിയിറങ്ങി. പക്ഷേ ഇറ്റാലിയന്‍ ഡിഫന്‍സ്‌ പതറിയില്ല.
ഗ്രൂപ്പ്‌ ഇയില്‍ ഹംഗറിക്കാരായ ഡിബ്രസിന്‍ ലിവര്‍പൂളിന്‌ എതിരാളികളാവില്ല എന്നാണ്‌ കരുതിയത്‌. പക്ഷേ റാഫേല്‍ ബെനിറ്റസിന്റെ ടീം വിയര്‍ത്തു. ഒന്നാം പകുതിക്ക്‌ തൊട്ട്‌്‌ മുമ്പ്‌ ഡിര്‍ക്‌ ക്യൂട്ട്‌്‌ നേടിയ ഗോളാണ്‌ റെഡ്‌സിന്‌ തുണയായത്‌. ഇതേ ഗ്രൂപ്പില്‍ നടന്ന ലിയോണ്‍-ഫീയോറന്റീന മല്‍സരത്തില്‍ കണ്ടത്‌ കാടത്തമായിരുന്നു. ആറ്‌ മഞ്ഞ കാര്‍ഡുകളും ഒരു ചുവപ്പ്‌ കാര്‍ഡും റഫറിക്ക്‌ പുറത്തെടുക്കേണ്ടി വന്നു. ഒടുവില്‍ ഫ്രഞ്ചുകാര്‍ മിര്‍ലെന്‍ പാജിക്കിന്റെ ഗോളില്‍ മുഖം രക്ഷിച്ചതിനൊപ്പം മൂന്ന്‌ പോയന്റും നേടി. ഗ്രൂപ്പ്‌ എഫില്‍ ഡൈനാമോ കീവ്‌ 3-1ന്‌ റൂബിന്‍ കസാനെ തോല്‍പ്പിച്ചത്‌ ബ്രസീലുകാരനായ ജെര്‍സണ്‍ മാര്‍ഗിന്റെ മികവിലായിരുന്നു. സ്റ്റട്ട്‌ഗര്‍ട്ടും റേഞ്ചേഴ്‌സും തമ്മിലുളള അങ്കം സമനിലയിലായിരുന്നു. റുമേനിയന്‍ ക്ലബായ ഇനിറിയ ഉര്‍സന്‍സിക്കെതിരെ രണ്ട്‌ ഗോളിന്റെ വിജയവുമായി സെവിയെ കരുത്ത്‌ കാട്ടി. ഗ്രൂപ്പ്‌ എച്ചില്‍ ഒളിംപിയിക്കസ്‌ ഏ.സെഡ്‌ അല്‍കമിറിനെ ഒരു ഗോളിന്‌ വീഴ്‌ത്തി. ഈ ഗ്രൂപ്പില്‍ ആഴ്‌സനലാനാണ്‌ ശരിക്കും വിയര്‍ത്തത്‌. സ്റ്റാന്‍ഡേര്‍ഡ്‌ ലീഗിനെതിരായ മല്‍സരത്തില്‍ അവര്‍ രണ്ട്‌ ഗോളിന്‌ ഒരു ഘട്ടത്തില്‍ പിറകിലായിരുന്നു. രണ്ടാം പകുതിയിലാണ്‌ ആഴ്‌സന്‍ വെംഗറുടെ ടീം ഉണര്‍ന്നു കളിച്ചതും മൂന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തതും.
മല്‍സരഫലങ്ങള്‍
ഡൈനാമോ കീവ്‌ 3- റൂബിന്‍ കസാന്‍ 1, ഇന്റര്‍ മിലാന്‍ 0-ബാര്‍സിലോണ 0, ലിവര്‍പൂള്‍ 1-ഡെബ്രിസിന്‍ 0, ലിയോണ്‍ 1- ഫിയോറന്റീന 0, ഒളിംപിയാക്കസ്‌ 1- എ.സെഡ്‌ 0, സെവിയെ 2-ഉനിറിയ ഉര്‍സിസെനി 0, സ്റ്റാന്‍ഡേര്‍ഡ്‌ ലിഗ്‌ 2- ആഴ്‌സനല്‍ 3, വി.എഫ്‌.ബി സ്റ്റ്‌്‌ട്ട്‌ഗര്‍ട്ട്‌ 1- റേഞ്ചേഴ്‌സ്‌ 1
വെംഗര്‍ക്ക്‌ ആശ്വാസം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ആദ്യ മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിട
ുകയാണ്‌ ആഴ്‌സനല്‍ ഹെഡ്‌ കോച്ച്‌ ആഴ്‌സന്‍ വെംഗര്‍. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ട്‌്‌ പരാജയങ്ങളുമായാണ്‌ വെംഗറുടെ സംഘം ബെല്‍ജിയത്തിലേക്ക്‌ പോയത്‌. ഏവേ മല്‍സരങ്ങളില്‍ സമീപകാലത്തുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ്‌ സ്‌റ്റാന്‍ഡേര്‍ഡ്‌ ലീഗിനെതിരെ ആഴ്‌സനല്‍ കളിച്ചത്‌. പക്ഷേ അഞ്ച്‌ മിനുട്ടിനിടെ രണ്ട്‌ ഗോളുകള്‍ വാങ്ങി നാണക്കേടിന്റെ നടുമുറ്റത്തായി പെട്ടെന്ന്‌ ആഴ്‌സനല്‍. ഗ്രൂപ്പ്‌ എച്ചിലെ ഈ നാടകീയതക്ക്‌ പക്ഷേ പോരാട്ടവീര്യവുമായി രണ്ടാം പകുതിയില്‍ ഗണ്ണേഴ്‌സ്‌ കരുത്ത്‌ കാട്ടി. മൂന്ന്‌ ഗോളുകളാണ്‌ രണ്ടാം പകുതിയില്‍ ഗണ്ണേഴ്‌സ്‌ നേടിയത്‌. ഒരു വര്‍ഷത്തിന്‌ ശേഷമാണ്‌ യൂറോപ്പില്‍ ഗണ്ണേഴ്‌സ്‌ ഒരു എവേ മല്‍സരം നേടുന്നത്‌. 2008 ഒക്ടോബറില്‍ തുര്‍ക്കി ക്ലബായ ഫെനര്‍ബസിനെതിരായ മല്‍സരത്തില്‍ 5-2 ന്റെ വിജയം ആഴ്‌സനല്‍ നേടിയിരുന്നു. ബെല്‍ജിയത്തില്‍ നടത്തിയ തിരിച്ചുവരവ്‌ ടീമിന്‌ സീസണില്‍ കൂടുതല്‍ കരുത്ത്‌ നല്‍കുമെന്നാണ്‌ വെംഗര്‍ പറയുന്നത്‌. രണ്ട്‌ ഗോളിന്‌ പിറകില്‍ നിന്ന ശേഷം മൂന്ന്‌ ഗോളുകളാണ്‌ ടീം സ്‌ക്കോര്‍ ചെയ്‌തത്‌. ഒത്തുപിടിച്ചാല്‍ ആരെയും തോല്‍പ്പിക്കാമെന്നതിന്‌ തെളിവാണ്‌ ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷേ വെംഗറെ ഈ മാസാവസാനം ശക്തരായ ഒളിംപിയാക്കസ്‌ കാത്തിരിക്കുന്നുണ്ട്‌. ബ്രസീലിയന്‍ ഇതിഹാസമായ സീക്കോ പരിശീലിപ്പിക്കുന്ന ഒളിംപിയാക്കസുമായുളള മല്‍സരം എമിറേറ്റ്‌സ്‌ സ്റ്റേഡിയത്തില്‍ ഈ മാസം 29 നാണ്‌.

ഐ.സി.സിക്കെതിരെ സ്‌മിത്ത്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇംഗ്ലീഷ്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ സെന്‍ട്രല്‍ കോണ്‍ട്രാക്ട്‌ വേണ്ടെന്ന്‌ പറഞ്ഞ്‌്‌ വിവാദത്തില്‍ ചാടിയ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിന്‌ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്തിന്റെ തുറന്ന പിന്തുണ. ഫ്‌ളിന്റോഫിന്റെ പാതയില്‍ കുടതല്‍ താരങ്ങള്‍ വന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്നാണ്‌ സ്‌മിത്തിന്റെ പക്ഷം. ഐ.സി.സി യുടെ മല്‍സര നിശ്ചയങ്ങളാണ്‌ താരങ്ങള്‍ക്കും സംഘാടകര്‍ക്കുമെല്ലാം പ്രശ്‌നവാമുന്നതെന്നാണ്‌ അദ്ദേഹം പറയുന്നത്‌. അര്‍ത്ഥമില്ലാത്ത പരമ്പരകളില്‍ താരങ്ങള്‍ കളിക്കേണ്ടി വരുമ്പോള്‍ അവരുടെ താല്‍പ്പര്യങ്ങളാണ്‌ ഇല്ലാതാവുന്നത്‌. ക്രിക്കറ്റിനെ ആവേശകരമാക്കുന്ന പര്യടനങ്ങളാണ്‌ അത്യാവശ്യം. ദുര്‍ബലരായ ടീമുകള്‍്‌ക്കെതിരെ കളിക്കുന്നതിനേക്കാള്‍ നല്ലത്‌ കൂടുതല്‍ ആവേശകരമായ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതാണ്‌. ക്രിക്കറ്റര്‍മാര്‍ക്ക്‌ കൂടുതല്‍ പണവും സഹായങ്ങളും ഇപ്പോഴുമുണ്ട്‌. ഐ.പി.എല്‍ പോലുള്ള ചാമ്പ്യന്‍ഷിപ്പുകള്‍ നല്‍കുന്ന കരുത്ത്‌ ചെറുതല്ല. ഈ പശ്ചാത്തലത്തില്‍ ഫ്രീലാന്‍സ്‌ ക്രിക്കറ്റര്‍ എന്ന നിലയില്‍ തുടരാന്‍ കൂടുതല്‍ താരങ്ങള്‍ താല്‍പ്പര്യമെടുക്കും.
ഇപ്പോള്‍ നടക്കുന്ന ഇംഗ്ലണ്ട്‌-ഓസ്‌ട്രേലിയ സപ്‌തമല്‍സര ഏകദിന പരമ്പര സ്‌മിത്ത്‌ ഉദാഹരിച്ചു. ഐ.സി.സിയുടെ മല്‍സര കലണ്ടറിലെ ദയനീയതക്ക്‌ വലിയ തെളിവാണ്‌ ഈ പരമ്പര. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാല്‌ ടെസ്‌റ്റുകള്‍ ദീര്‍ഘിച്ച ആഷസ്‌ പരമ്പര കളിച്ചവരാണ്‌. രണ്ട്‌ മാസത്തോളം അവര്‍ ടെസ്‌റ്റ്‌ കളിച്ചു. അതിന്‌ ശേഷമാണ്‌ ഏഴ്‌ മല്‍സരം ദീര്‍ഘിക്കുന്ന ഏകദിന പരമ്പര. മാസങ്ങളോളം ഒരു താരം സ്വന്തം വിടു വിട്ടുനില്‍ക്കുമ്പോള്‍ അത്‌ താരത്തിന്‌ തന്നെ ഹാനികരമാവും. താരങ്ങള്‍ക്ക്‌ അത്തരം മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടാവില്ല.
ഫ്‌ളിന്റോഫ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നല്‍കിയ വാഗ്‌ദാനം നിരസിച്ചത്‌ കുറ്റമായി കാണാനാവില്ല. ഒരു താരത്തിന്‌ ചെറിയ കാലയളവില്‍ മാത്രമാണ്‌ രാജ്യാന്തചര തലത്തില്‍ തുടരാനാവുന്നത്‌. ഈ കാലയളവില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ താരം താല്‍പ്പര്യമെടുത്താല്‍ അതില്‍ കുറ്റമില്ല. ക്രിക്കറ്റിനെ വാണിജ്യപരമായി തന്നെ നയിക്കാന്‍ ഐ.സി.സി രംഗത്ത്‌ വരണം. ഭാവിയിലുള്ള പര്യടനങ്ങള്‍ ഉപകാരപ്രദമാവണം. നിലവിലുളള കലണ്ടര്‍ പ്രകാരം ആറ്‌ വര്‍ഷത്തിനിടെ എല്ലാ ക്രിക്കറ്റ്‌ രാജ്യങ്ങളും പരസ്‌പരം കളിച്ചിരിക്കണം. ഏറ്റവും കുറഞ്ഞത്‌ രണ്ട്‌ ടെസ്‌റ്റുകളും മൂന്ന്‌ ഏകദിനങ്ങളും കളിക്കണം. 2012 ലാണ്‌ ഈ കലണ്ടര്‍ കാലാവധി അവസാനിക്കുന്നത്‌. ഇതിന്‌ പകരം ശക്തരായ ടീമുകള്‍ തമ്മിലുള്ള മല്‍സരങ്ങളാണ്‌ വേണ്ടത്‌. അപ്രസക്തമായ മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ താരങ്ങള്‍ക്ക്‌ ഈര്‍ജ്ജവും സമയവുമാണ്‌ നഷ്‌ടമാവുന്നത്‌. ഫ്‌ളിന്റോഫിനെ പോലുള്ളവര്‍ വഴിമാറി ചിന്തിക്കുന്നത്‌ ഇത്‌ കൊണ്ടാണന്നും സ്‌മിത്ത്‌ പറഞ്ഞു.
സ്വന്തം നാട്ടില്‍ ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി കരസ്ഥമാക്കുകയാണ്‌ സ്‌മിത്തിന്റെ പ്രധാന ലക്ഷ്യം. ഇപ്പോള്‍ ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ്‌ ദക്ഷിണാഫ്രിക്ക. സ്ഥാനം നിലനിര്‍ത്തണം. സ്വന്തം കാണികളുടെ പിന്തുണയില്‍ കിരീടം നേടാവാവുമെന്നും അദ്ദേഹം കരുതുന്നു.

മറഡോണക്ക്‌ പകരം ഗുര്‍ഡിയോള
ബ്യൂണസ്‌ അയേഴ്‌സ്‌: സ്‌പാനിഷ്‌ പത്രങ്ങള്‍ പറയുന്നത്‌ സത്യമാണെങ്കില്‍ ഡിയാഗോ അര്‍മാന്‍ഡോ മറഡോണക്ക്‌ ഇനി അര്‍ജന്റീനിയന്‍ കോച്ചായി ഒരു തിരിച്ചുവരവില്ല. അര്‍ജന്റീനയിലെ ഒന്നാം ഡിവിഷന്‍ ലീഗ്‌ ക്ലബുകളുടെ തലവന്മാരെല്ലാം ചേര്‍ന്ന്‌ ഒരു ശക്തമായ നീക്കം ആരംഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. നിലവില്‍ സ്‌പാനിഷ്‌ ക്ലബായ ബാര്‍സിലോണയുടെ പരിശീലകനായ പെപ്‌ ഗുര്‍ഡിയോളയെ അര്‍ജന്റീനയിലെത്തിച്ച്‌ ദേശീയ ടീമിന്റെ അമരക്കാരനാക്കുക. ലയണല്‍ മെസി എന്ന വജ്രായുധത്തിന്റെ കരുത്തിനെ പൂര്‍ണ്ണമായും ചൂഷണം ചെയ്യുന്ന ഏക പരിശീലകന്‍ എന്ന നിലക്കാണ്‌ ഗുര്‍ഡിയോളയെ അര്‍ജന്റീന കാണുന്നത്‌. പ്രോജക്ട്‌ ഗുര്‍ഡിയോള 2010 എന്നാണ്‌ പുതിയ ദൗത്യ ശ്രമത്തിന്‌ പേരിട്ടിരിക്കുന്നത്‌. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീന കളിക്കില്ല എന്ന്‌ തന്നെയാണ്‌ ക്ലബ്‌ പ്രസിഡണ്ടുമാര്‍ കരുതുന്നത്‌. അതിനാല്‍ ഭാവി ലക്ഷ്യമിട്ടാണ്‌ ഗുര്‍ഡിയോളയെ വിളിക്കുന്നത്‌. വിദേശ പരിശീലകര്‍ എന്ന ആശയത്തോട്‌ പലര്‍ക്കും താല്‍പ്പര്യമില്ല. പക്ഷേ നിലവില്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീനിയന്‍ താരങ്ങളെ ഉപയോഗപ്പെടത്താന്‍ ഗുര്‍ഡിയോളക്ക്‌ കഴിയുമെന്നാണ്‌ ഇവര്‍ പറയുന്നത്‌. മെസിയെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞ ഒരു അര്‍ജന്റീനക്കാരനുണ്ടായിരുന്നു -സെര്‍ജിയോ ബാറ്റിസ്റ്റ്യൂട്ട. 2008 ല്‍ ബെയ്‌ജിംഗില്‍ നടന്ന ഒളിംപിക്‌സില്‍ അര്‍ജന്റീന സ്വര്‍ണ്ണം സ്വന്തമാക്കുമ്പോള്‍ ടീമിന്റെ പരിശീലകന്‍ ബാറ്റിസ്റ്റ്യൂട്ടയായിരുന്നു. എന്നാല്‍ സീനിയര്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കാന്‍ മാത്രം സീനിയോറിറ്റി അദ്ദേഹത്തിനില്ലെന്നാണ്‌ ഇവര്‍ പറയുന്നത്‌. പ്രസിഡണ്ടുമാര്‍ ഒരു കാര്യം കൂടി പ്രാര്‍ത്ഥിക്കുന്നുണ്ട്‌-ഈ ലോകകപ്പ്‌ സ്‌പെയിന്‍ നേടരുത്‌. സ്‌പെയിന്‍ നേടിയാല്‍ അവര്‍ ഗുര്‍ഡിയോളയെ റാഞ്ചുമെന്നാണ്‌ അര്‍ജന്റീനിയന്‍ ക്ലബുകള്‍ ഭയപ്പെടുന്നത്‌.

മൂന്ന്‌ മല്‍സരവിലക്ക്‌
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍നിരക്കാരന്‍ ഇമാനുവല്‍ അബിദേയര്‍ക്ക്‌ മോളം പെരുമാറ്റത്തിന്‌ മൂന്ന്‌ മല്‍സര വിലക്ക്‌. കഴിഞ്ഞയാഴ്‌ച്ച ആഴ്‌സനലിനെതിരായ പ്രിമിയര്‍ ലീഗ്‌ മല്‍സരത്തിനിടെയാണ്‌ അബിദേയര്‍ നില വിട്ട്‌ പെരുമാറിയത്‌. ആഴ്‌സനലിന്റെ പഴയ താരമായ അബിദേയര്‍ക്ക്‌ ഈ സീസണിലാണ്‌ സിറ്റിയിലേക്ക്‌ വന്നത്‌. തന്റെ പഴയ ടീമിനെതിരായ മല്‍സരത്തില്‍ പലപ്പോഴും പ്രകോപനപരമായിരുന്നു തരത്തിന്റെ പെരുമാറ്റമെന്ന്‌്‌ ഇംഗ്ലീഷ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ നിയോഗിച്ച അന്വേഷണ സംഘം വിലയിരുത്തി. ആഴ്‌സനല്‍ താരം സെസ്‌ക്‌ ഫാബ്രിഗസുമായി അബിദേയര്‍ ഉടക്കിയിരുന്നു. അതിന്‌ ശേഷം സിറ്റിക്കായി ഗോള്‍ നേടിയപ്പോള്‍ ആഴ്‌സനല്‍ ആരാധകരുടെ മുന്നില്‍ പോയി പ്രകോപനപരമായ ആംഗ്യവും കാണിച്ചിരുന്നു.
കളിക്കും
ബാംഗ്ലൂര്‍: ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ അടുത്തയാഴ്‌ച്ച ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ കളിക്കും. പരുക്ക്‌ കാരണം ശ്രീലങ്കയില്‍ നടന്ന കോംപാക്ട്‌ കപ്പ്‌ ക്രിക്കറ്റില്‍ പങ്കെടുത്തിരുന്നില്ല. ഗാംഭീര്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായി നായകന്‍ എം.എസ്‌ ധോണി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിനെക്കുറിച്ച്‌ എല്ലാവര്‍ക്കും വലിയ പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷ കാക്കാന്‍ കഴിയുമന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഫീല്‍ഡിംഗില്‍ ചെറിയ പ്രശ്‌നങ്ങളുണ്ട്‌. അത്‌ പരിഹരിക്കണമെന്നും നായകന്‍ പറഞ്ഞു. ഗ്രൂപ്പ്‌ എ യില്‍ പാക്കിസ്‌താന്‍, ഓസ്‌ട്രേലിയ, വിന്‍ഡീസ്‌ എന്നിവര്‍ക്കൊപ്പമാണ്‌ ഇന്ത്യ. ആദ്യ മല്‍സരം 26 ന്‌ പാക്കിസ്‌താനുമായി.

കോടികള്‍ വാരാന്‍ ഇ.എസ്‌.പി.എന്‍
ന്യൂഡല്‍ഹി: രാജ്യാന്തര രംഗത്തെ പ്രമുഖ സ്‌പോര്‍ട്‌സ്‌ ചാനലുകളായ ഇ.എസ്‌.പി.എന്‍-സ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ നെറ്റ്‌വര്‍ക്ക്‌ ക്രിക്കറ്റിലൂടെ കോടികള്‍ വാരാന്‍ വരുന്നു. അടുത്തയാഴ്‌ച്ച ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയും ഇന്ത്യയില്‍ നടക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ചാമ്പ്യന്‍ഷിപ്പും സംപ്രേഷണം ചെയ്യുന്നത്‌ ഇ.എസ്‌.പി.എന്‍ സ്റ്റാറാണ്‌. ഈ രണ്ട്‌ ചാമ്പ്യന്‍ഷിപ്പുകളുടെ പരസ്യവരുമാനമായി 500 കോടിയാണ്‌ ചാനല്‍ ലക്ഷ്യമിടുന്നത്‌. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട്‌ ടീമുകള്‍ മാത്രം പങ്കെടുക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ 15 മല്‍സരങ്ങളില്‍ നിന്നായി 225 കോടിയാണ്‌ ചാനല്‍ ലക്ഷ്യമാക്കുന്നത്‌. സെപ്‌തംബര്‍ 22 നാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നത്‌. ഒക്ടോബര്‍ അഞ്ചിന്‌ സമാപിക്കും. മല്‍സരങ്ങള്‍ക്കിടെ കാണിക്കുന്ന പത്ത്‌ സെക്കന്‍ഡ്‌ മാത്രം വരുന്ന പരസ്യത്തിന്‌ രണ്ട്‌്‌ ലക്ഷമാണ്‌ ഈടാക്കുന്നത്‌. ചാമ്പ്യന്‍സ്‌ ട്രോഫി 20-20 ക്രിക്കറ്റില്‍ നിന്നും ഇതിലും വലിയ വരുമാനമാണ്‌ നേടാനാവുകയെന്ന്‌ പറയപ്പെടുന്നു. 181 രാജ്യങ്ങളിലാണ്‌ ഈ രണ്ട്‌ ചാമ്പ്യന്‍ഷിപ്പുകളും കാക്കുന്നത്‌. ചാമ്പ്യന്‍സ്‌ ട്രോഫിക്കായുളള പരസ്യ സ്ലോട്ടുകളില്‍ 80 ശതമാനവും വിറ്റിരിക്കുന്നു. മാരുതി സുസുക്കി ഇന്ത്യ, സാംസംഗ്‌, ബജാജ്‌ ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്‌ തുടങ്ങിയ പ്രബലരാണ്‌ സ്‌പോണ്‍സര്‍മാര്‍.
ബാസ്‌ക്കറ്റില്‍ ഇന്ത്യക്ക്‌ തോല്‍വി
ചെന്നൈ: ഏഷ്യന്‍ വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ കരുത്തരായ ദക്ഷിണ കൊറിയയോട്‌ പരാജയപ്പെട്ടു. രണ്ട്‌ വര്‍ഷം മുമ്പ്‌ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ മല്‍സരങ്ങളും ജയിച്ച്‌ ലെവല്‍ ഒന്നിലെത്തിയ ഇന്ത്യ മുന്‍ ചാമ്പ്യന്മാരായ കൊറിയക്ക്‌്‌ മുന്നില്‍ തീര്‍ത്തും പതറി. ഇന്ന്‌ ഇന്ത്യ ചൈനീസ്‌ തായ്‌പെയുമായും നാളെ ചൈനയുമായും തിങ്കളാഴ്‌ച്ച തായ്‌ലാന്‍ഡുമായും ചൊവാഴ്‌ച്ച ജപ്പാനുമായും കളിക്കും.

വൂള്‍മര്‍ക്ക്‌
കറാച്ചി: ലോകകപ്പിനിടെ മരിച്ച കോച്ച്‌ ബോബ്‌ വൂള്‍മര്‍ക്ക്‌ സമര്‍പ്പിക്കാനായി ഇത്തവണ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി പാക്കിസ്‌താന്‍ സ്വന്തമാക്കുമെന്ന്‌ നായകന്‍ യൂനസ്‌ഖാന്‍. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പിനിടെയാണ്‌ ദക്ഷിണാഫ്രിക്കക്കാരനായ വൂള്‍മര്‍ ദൂരൂഹ സാഹചര്യത്തല്‍ മരണപ്പെട്ടത്‌. ബോബിന്‌ സമര്‍പ്പിക്കാന്‍ ചാമ്പ്യന്‍സ്‌ ട്രോഫിയെന്ന്‌ പാക്കിസ്‌താന്‌ 20-20 ലോകകപ്പ്‌ സമ്മാനിച്ച നായകന്‍ പറഞ്ഞു. 26ന്‌ ഇന്ത്യയുമായാണ്‌ പാക്കിസ്‌താന്റെ ആദ്യ മല്‍സരം.

No comments: