Monday, September 28, 2009
POOR S.A
തേര്‍ഡ് ഐ
നിര്‍ഭാഗ്യമേ നീയോ ദക്ഷിണാഫ്രിക്ക
ഇതിനെ നിര്‍ഭാഗ്യമെന്നല്ലാതെ എന്ത് വിളിക്കാന്‍.... ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്ക ഐ.സി.സി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായിരിക്കുന്നു....! 1992 ലെ ലോകകപ്പ് ഓര്‍മ്മയില്ലേ.... കെപ്ലര്‍ വെസല്‍സ്‌് എന്ന നായകന്റെ പിറകില്‍ അണിനിരന്ന ദക്ഷിണാഫ്രിക്കന്‍ സംഘം മഴ നിയമത്തില്‍ ബലിയാടായി കണ്ണനീര്‍ വാര്‍ത്ത രംഗം..... പീറ്റര്‍ കിര്‍സ്റ്റണ്‍ എന്ന മികച്ച താരത്തിന്റെ കരുത്തുറ്റ ഇന്നിംഗ്‌സുകളില്‍ ആധികാരിക വിജയങ്ങളുമായി മുന്നേറിയ ദക്ഷിണാഫ്രിക്ക സെമിയില്‍ ഇംഗ്ലണ്ടിനെ നേരിട്ടപ്പോഴുണ്ടായ ദുരനുഭവത്തില്‍ ഡെക്‌വര്‍ത്ത് -ലൂയിസ് എന്ന മഴ നിയമത്തെ പഴിക്കാത്തവരായി ഇംഗ്ലണ്ടുകാരല്ലാത്തവര്‍ ആരുമുണ്ടായിരുന്നില്ല. 1992 മാര്‍ച്ച് 22ന് സിഡ്‌നി ക്രിക്കറ്റ് ഗൗണ്ടില്‍ നടന്ന ആ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഗ്രയീം ഹിക്കിന്റെ (83) മികവില്‍ 252 റണ്‍സ് നേടിയിരുന്നു. മറുപടിയില്‍ ആന്‍ഡ്ര്യൂ ഹഡ്‌സന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചപ്പോഴാണ് മഴയെത്തിയത്. ദക്ഷിണാഫ്രിക്കക്ക് വിജയിക്കാന്‍ 13 പന്തില്‍ 22 റണ്‍സ് എന്ന ഘട്ടത്തിലാണ് മഴ തകര്‍ത്തു പെയ്‌തത്. പക്ഷേ രണ്ട് ഓവറുകള്‍ മാത്രമായിരുന്നു മഴയില്‍ നഷ്ടപ്പെട്ടത്. മഴ നിയമം നടപ്പിലാക്കിയപ്പോള്‍ വിജയിക്കാന്‍ ഒരു പന്തില്‍ 21 റണ്‍സ് എന്ന അപ്രാപ്യ ലക്ഷ്യത്തിലേക്കായിരുന്നു അവര്‍ ബാറ്റ് ചെയ്യേണ്ടി വന്നത്..... ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാത്ത കാഴ്‌ച്ചയായിരുന്നു അന്ന് സിഡ്‌്‌നിയിലെ സ്‌്‌ക്കോര്‍ബോര്‍ഡില്‍ കണ്ടത്.....
1999 ലെ ലോകകപ്പിലും ദക്ഷിണാഫ്രിക്കക്കാരെ ദുരന്തം വേട്ടയാടി. സ്റ്റീവ് വോ നയിച്ച ഓസ്‌ട്രേലിയയെക്കാള്‍ സാധ്യത അന്ന് കല്‍പ്പിച്ചിരുന്നത് ദക്ഷിണാഫ്രിക്കക്കായിരുന്നു. സൂപ്പര്‍ സിക്‌സിലെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ തളര്‍ന്നു നില്‍ക്കുമ്പോള്‍ സ്‌റ്റീവ് വോ നല്‍കിയ എളുപ്പമുളള ക്യാച്ച് ദക്ഷിണഫ്രിക്കയുടെ ഏറ്റവും മികച്ച ഫീല്‍ഡറായ ഹര്‍ഷല്‍ ഗിബ്‌സ് വിട്ടു. ആ ലൈഫില്‍ വോ പുറത്താവാതെ 120 റണ്‍സും ടീം 272 റണ്‍സും നേടി അഞ്ച് വിക്കറ്റിന് വിജയിച്ചു. ഈ മല്‍സരത്തിന് ശേഷം സെമി ഫൈനലില്‍ എജ്‌ബാസ്റ്റണില്‍ ഇതേ ടീമുകള്‍ പരസ്‌പരം വന്നു. മല്‍സരം അതിനാടകയീമായി ടൈയില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയക്കാര്‍ 213 റണ്‍സ്‌് മാത്രമായിരുന്നു സ്‌ക്കോര്‍ ചെയ്‌തത്. ജാക് കാലിസ് 53 റണ്‍സുമായി മറുപടിയില്‍ കളം വാണപ്പോള്‍ ദക്ഷിണാഫ്രിക്ക എളുപ്പം ജയിക്കുമെന്നാണ് തോന്നിയത്. പക്ഷേ അവസാന ഓവറില്‍ ദുരന്തം അലന്‍ ഡൊണാള്‍ഡിന്റെ രൂപത്തില്‍ ദക്ഷിണാഫ്രിക്കയെ ഇല്ലാതാക്കി. അവസാന ബാറ്റ്‌സ്‌മാനായി ക്രീസില്‍ വന്ന ഡൊണാള്‍ഡ് രണ്ട് പന്തുകളും വിജയിക്കാന്‍ ഒരു റണ്ണും മാത്രം ആവശ്യമായ ഘട്ടത്തില്‍ ഇല്ലാത്ത റണ്‍സിനായി ഓടി വിക്കറ്റ് തുലച്ചപ്പോള്‍ മല്‍സരം തുല്യതയില്‍. റണ്‍ റേറ്റും തുല്യതയിലായപ്പോള്‍ സൂപ്പര്‍ സിക്‌സില്‍ പരസ്‌പരം കളിച്ചപ്പോഴുള്ള മല്‍സരഫലത്തെ മാനദണ്‌ഠമാക്കി ഓസ്‌ട്രേലിയയെ ഫൈനലിസ്‌റ്റുകളായി പ്രഖ്യാപിച്ചു.
2003 ല്‍ ലോകകപ്പ് ദക്ഷിണാഫ്രിക്കയില്‍ വിരുന്നെത്തിയപ്പോള്‍ ഷോണ്‍ പൊള്ളോക്കിന്റെ സംഘത്തിന് എല്ലാവരും മാര്‍ക്കിട്ടിരുന്നു. ദക്ഷിണാഫ്രിക്കയിലെ കളി മൈതാനങ്ങളായ വാണ്ടറേഴ്‌സ് സ്‌റ്റേഡിയവും ന്യൂലാന്‍ഡ്‌സ്‌് ക്രിക്കറ്റ് ഗ്രൗണ്ടും സെഞ്ചൂറിയന്‍ പാര്‍ക്കും ബുഫലോ പാര്‍ക്കുമെല്ലാം ആതിഥേയരുടെ വിജയത്തിനായി തിങ്ങിനിറഞ്ഞ മല്‍സരങ്ങള്‍. മാര്‍ച്ച് മൂന്നിന് ഡര്‍ബനിലെ കിംഗ്‌സ് മീഡില്‍ ശ്രീലങ്കക്കെതിരായ മല്‍സരം ദുരന്തമായി മാറുമെന്ന് ഒരു ദക്ഷിണാഫ്രിക്കക്കാരന്‍ പോലും കരുതിയിരുന്നില്ല. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക മര്‍വന്‍ അട്ടപ്പട്ടുവിന്റെ സെഞ്ച്വറിയില്‍ (124) 268 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനിടെ മഴ പെയ്‌തു. ആതിഥേയരുടെ വിജയലക്ഷ്യം 45 ഓവറില്‍ 230 റണ്‍സാക്കി മാറ്റി. മഴ തകര്‍ത്തുപെയ്യാനും കളി ഉപേക്ഷിക്കാനും സാധ്യതയുള്ളതിനാല്‍ നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്താന്‍ ഓരോ ബാറ്റ്‌സ്‌മാന്മാര്‍ക്കും തങ്ങള്‍ സ്‌ക്കോര്‍ ചെയ്യേണ്ട റണ്‍സ് കടലാസില്‍ എഴുതി നല്‍കിയിരുന്നു. 229 റണ്‍സ് നേടിയാല്‍ വിജയിക്കുമെന്നാണ് ആഫ്രിക്കക്കാര്‍ കരുതിയത്. അവര്‍ കൃത്യമായി 229 ല്‍ എത്തി. അവസാന പന്തില്‍ സിംഗിള്‍ സുഖമായി നേടാമായിരുന്നു. പക്ഷേ ബാറ്റ്‌സ്‌മാന്മാര്‍ സാഹസത്തിന് മുതിര്‍ന്നില്ല. കളി അവസാനിച്ചപ്പോഴാണ് തങ്ങള്‍ക്ക്‌് സംഭവിച്ച പിഴവ് അവര്‍ അറിയുന്നത്. റണ്‍ റേറ്റില്‍ മുന്നിലെത്താന്‍ കൃത്യമായി ആ ഘട്ടത്തില്‍ വേണ്ടിയിരുന്നത് 230 റണ്‍സായിരുന്നു. ഒരൊറ്റ റണ്ണിന് സൂപ്പര്‍ സിക്‌സ് കാണാതെ ആതിഥേയര്‍ പുറത്ത്....! പവിലിയനിലെ ഗ്ലാസ് ചേമ്പറിലിരുന്ന് അന്ന് കരഞ്ഞ പൊള്ളോക്കിന്റെ മുഖവും മറക്കാനാവില്ല...
207 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഐ.സി.സി റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ദക്ഷിണാഫ്രിക്ക. സെമി ഫൈനല്‍ വരെയെത്തിയ അവര്‍ സെന്റ് ലൂസിയയില്‍ നടന്ന മല്‍സരത്തില്‍ നാടകീയമായി തകര്‍ന്ന കാഴ്‌ച്ചയും മറക്കാനായിട്ടില്ല. ഇതേ ദുരന്തം സ്വന്തം നാട്ടില്‍ നടന്ന പ്രഥമ 20-20 ലോകകപ്പിലും കണ്ടു. ഇപ്പോഴിതാ സ്വന്തം മൈതാനങ്ങളില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും അവര്‍ പുറത്തായിരിക്കുന്നു. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കക്ക് മുന്നില്‍ തളര്‍ന്നുപോയ ടീം കഴിഞ്ഞ ദിവസം ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഇംഗ്ലണ്ടിന് മുന്നിലും അടിയറവ് പറഞ്ഞുവെന്ന് മാത്രമല്ല നെറ്റ് റണ്‍റേറ്റിലും പിറകിലായി. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 323 റണ്‍സ് നേടിയപ്പോള്‍ ഗ്രയീം സ്‌മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ (141) ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചിരുന്നു. പക്ഷേ 22 റണ്‍സ് അരികെ വീണു. സെഞ്ചൂറിയനില്‍ ഒമ്പത് വിക്കറ്റിന് 310 റണ്‍സ് നേടാനാണ് ടീമിന് കഴിഞ്ഞത്. ഈ സ്‌ക്കോര്‍ 313 വരെ എത്തിയിരുന്നെങ്കില്‍ റണ്‍ റേറ്റില്ലെങ്കിലും ചെറിയ സാധ്യത ടീമിനുണ്ടാവുമായിരുന്നു. ഇപ്പോള്‍ റണ്‍റേറ്റില്‍ ലങ്കക്ക് പിറകിലായതടെ ഒരു സാധ്യതയുമില്ലാതെ ടീം പുറത്തായിരിക്കുന്നു. ആതിഥേയര്‍ അതിവേഗം പുറത്താവുമ്പോള്‍ അത് ചാമ്പ്യന്‍ഷിപ്പിനെ തന്നെ ബാധിക്കും. ഏകദിന ക്രിക്കറ്റിന്റെ സുന്ദരമായ അനിശ്ചിതത്ത്വത്തെ തന്നെ ഒരിക്കല്‍ക്കൂടി വാഴ്‌ത്താം. ഒരാഴ്‌ച്ച മുമ്പ് ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായി ആറ് ഏകദിനങ്ങള്‍ സ്വന്തം നാട്ടില്‍ തോറ്റവരാണ് ഇംഗ്ലണ്ടുകാര്‍. അവര്‍ ഇവിടെയെത്തിയപ്പോള്‍ ആകെ മാറി. തുടര്‍ച്ചായ രണ്ട് വിജയങ്ങളും സെമിയും. ആദ്യ മല്‍സരത്തില്‍ ശക്തമായ പ്രകടനം നടത്തിയ ലങ്കയും ദക്ഷിണാഫ്രിക്കയെ പോലെ തല താഴ്‌ത്താന്‍ വിധിക്കപ്പെട്ടിരിക്കുന്നു......
ഇംഗ്ലണ്ട് സെമിയില്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്: ആതിഥേയരും ഐ.സി.സി ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരുമായ ദക്ഷിണാഫ്രിക്കയെ 22 റണ്‍സിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ ഉറപ്പാക്കുന്ന ആദ്യ ടീമായി മാറി. ഒവൈസ് ഷാ (98), പോള്‍ കോളിംഗ്‌വുഡ് (82), ഇയാന്‍ മോര്‍ഗന്‍ (34 പന്തില്‍ 67) എന്നിവരുടെ കരുത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 323 റണ്‍സ് നേടിയപ്പോള്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിന്റെ മനോഹരമായ ഇന്നിംഗ്‌സില്‍ (141) ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചെങ്കിലും 42 റണ്‍സിന് മൂന്ന് വിക്കറ്റുകളുമായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലീഷ് കോട്ട കാത്തു. ആദ്യ മല്‍സരത്തില്‍ ലങ്കയെ തോല്‍പ്പിച്ചിരുന്ന ഇംഗ്ലണ്ട് രണ്ട് വിജയങ്ങളുമായി സെമി ഉറപ്പാക്കിയപ്പോള്‍ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി. സെഞ്ചൂറിയനില്‍ ഒമ്പത് വിക്കറ്റിന് 301 റണ്‍സാണ് അവര്‍ നേടിയത്.
വട്ടപൂജ്യമായി ഇവിടെയെത്തിയവരാണ് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും ന്യൂസിലാന്‍ഡും ഉള്‍പ്പെട്ട ഗ്രൂപ്പ് ബി യില്‍ ഒരു സാധ്യതയും അവര്‍ക്ക് കല്‍പ്പിക്കപ്പെട്ടിരുന്നില്ല. പക്ഷേ രണ്ട് മല്‍സരങ്ങളില്‍ ടീം കരുത്ത് കാട്ടി. ഓസ്‌ട്രേലിയക്കെതിരെ നടന്ന നാറ്റ്‌വെസ്റ്റ് ഏകദിന പരമ്പരയിലെ ഏഴ് മല്‍സരങ്ങളില്‍ ആറിലും തോറ്റ് തൊപ്പിയിട്ടെത്തിയ ഇംഗ്ലീഷ് നിരയിലെ ബാറ്‌്‌സ്‌മാന്മാരാണ് സെഞ്ചൂറിയനില്‍ മിന്നിയത്. നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസും ജോ ഡെന്‍ലിയും നല്‍കിയ നല്ല തുടക്കത്തില്‍ അനുഭവസമ്പന്നരായ ഒവൈസ് ഷായും പോള്‍ കോളിംഗ്‌വുഡും ഏകദിന ക്രിക്കറ്റിന്റെ അടിസ്ഥാന തത്വങ്ങള്‍ മറക്കാതെ കളിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍മാരായ വാന്‍ഡര്‍ മെര്‍വിനെയും ജഹാന്‍ ബോത്തയെയും ശിക്ഷിച്ചുളള ഇന്നിംഗ്‌സില്‍ ഷായും കോളിംഗ്‌വുഡും മൂന്നക്കം തികക്കുമെന്നാണ് തോന്നിയത്. പക്ഷേ ശതകത്തിലേക്കുള്ള സമ്മര്‍ദ്ദത്തില്‍ രണ്ട് പേരും വിക്കറ്റ് കളഞ്ഞതിന് ശേഷമെത്തിയ മോര്‍ഗന്‍ പൊട്ടിത്തെറിച്ചതാണ് സ്‌ക്കോര്‍ബോര്‍ഡിനെ ഉണര്‍ത്തിയത്.
ചാമ്പ്യന്‍ഷിപ്പില്‍ നിലനില്‍ക്കാന്‍ വിജയം നിര്‍ബന്ധമായിരുന്ന ദക്ഷിണാഫ്രിക്കക്കായി സ്‌മിത്തും ഗിബ്‌സും നല്ല തുടക്കമേകി. പരുക്കില്‍ നിന്നും മുക്തനായി വന്ന ഗിബ്‌സ് പക്ഷേ അലസമായ ഷോട്ടില്‍ പുറത്തായി. ബൗളിംഗിനിടെ പരുക്കേറ്റ ജാക് കാലിസിനും ആയുസ്സ് കുറവായിരുന്നു. ഡി വില്ലിയേഴ്‌സ്-സ്‌മിത്ത് സഖ്യം 78 റണ്‍സുമായി പൊരുതി. രണ്ട് തവണ ഭാഗ്യത്തിന് രക്ഷപ്പെട്ട ഡി വില്ലിയേഴസ് 36 ല്‍ പുറത്തായി. ജെ.പി ഡുമിനിക്കും വലിയ ഇന്നിംഗ്‌സിനായില്ല. ഈ ഘട്ടത്തില്ലെല്ലാം സ്വന്തം ഭാഗം സംരക്ഷിച്ച സ്‌മിത്തിന് പക്ഷേ വാലറ്റക്കാരുടെ പിന്തുണ ലഭിച്ചില്ല. മാര്‍ക് ബൗച്ചര്‍ എട്ടിനും അബി മോര്‍ക്കല്‍ 17 നും പുറത്തായി. ജഹാന്‍ ബോത്തക്കും വാന്‍ഡര്‍ മെര്‍വിനും അക്കൗണ്ട് തുറക്കാനായില്ല. 134 പന്തില്‍ 16 ബൗണ്ടറികളുമായി കളം വാണ സ്‌മിത്തും തളര്‍ന്നപ്പോഴാണ് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചത്.
റെഡ്‌സ് മുന്നില്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്ത്. ലീഗില്‍ ഏഴ് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മാഞ്ചസ്‌റ്ററിനും ചെല്‍സിക്കും 18 പോയന്റ് വീതമുണ്ട്. ഗോള്‍ ശരാശരി മാഞ്ചസ്‌റ്ററിന് അനുകൂലമാണ്. ചെല്‍സി നാടകീയമായി വിഗാനോട് പരാജയപ്പെട്ടതാണ് മാഞ്ചസ്റ്ററിന് കരുത്തായത്. ഹള്‍ സിറ്റിയെ രണ്ട് ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ വിജയ റെക്കോര്‍ഡ് നിലനിര്‍ത്തിയപ്പോള്‍ ടേബിളിലെ മൂന്നാം സ്ഥാനക്കാരായി 15 പോയന്റുമായി ലിവര്‍പൂളുണ്ട്. സ്‌പെയിനില്‍ അഞ്ച് മല്‍സരങ്ങള്‍ വീതം എല്ലാവരും പൂര്‍ത്തിയാക്കിയപ്പോള്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയും ഒപ്പത്തിനൊപ്പമാണ്. രണ്ട് ടീമുകള്‍ക്കും 15 പോയന്റ് വീതമുണ്ട്. കൃസ്‌റ്റിയാനോ റൊണാള്‍ഡോ ഗോളടിക്കാന്‍ മറന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് മൂന്ന് ഗോളിന് ടെനറീഫിനെ പരാജയപ്പെടുത്തി. കരീം ബന്‍സാമ രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ മൂന്നാം ഗോള്‍ കക്കയുടെ ബൂട്ടില്‍ നിന്നായിരുന്നു. ബാര്‍സിലോണ സുല്‍ത്താന്‍ ഇബ്രാഹീമോവിച്ച്, പിക്യൂ എന്നിവരുടെ ഗോളുകളില്‍ മലാഗയെ പരാജയപ്പെടുത്തി. ഇറ്റലിയില്‍ സാംപദോറിയോ തന്നെയാണ് മുന്നില്‍. ആറ് മല്‍സരങ്ങളില്‍ നിന്ന് അവര്‍ക്ക് 15 പോയന്റുണ്ട്. യുവന്തസ് പതിനാലിലും ഇന്റര്‍ മിലാന്‍ 13 ലും നില്‍ക്കുന്നു. ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സാംപദോറിയോ കരുത്ത് കാട്ടിയത്.
ഈസ്റ്റ് ബംഗാളില്‍
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ബൈജൂംഗ് ബൂട്ടിയക്ക് താല്‍കാലിക ആശ്വാസം. ഐ ലീഗ് ഫുട്‌ബോളില്‍ അദ്ദേഹത്തിന് ഈസ്‌റ്റ് ബംഗാളിനായി കളിക്കാം. മോഹന്‍ ബഗാനുമായുളള പ്രശ്‌നത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയോഗിച്ച മധ്യസ്ഥനാണ് താല്‍കാലികമായി ബൂട്ടിയക്ക് കളിക്കാന്‍ അനുമതി നല്‍കിയത്. പ്രശ്‌നത്തിന് പക്ഷേ അന്തിമ പരിഹാരമായിട്ടില്ല. ബഗാനുമായുളള പ്രശ്‌നം കാരണം ഡ്യൂറാന്‍ഡ് കപ്പില്‍ ബൂട്ടിയക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ബ്രസീല്‍ മിന്നി
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20 ഫുട്‌ബോളില്‍ ശക്തരായ ബ്രസീലിന് തകര്‍പ്പന്‍ തുടക്കം. ഗ്രൂപ്പ് ഇ യിലെ പോരാട്ടത്തിലവര്‍ അഞ്ച് ഗോളിന് കോസ്‌റ്റാറിക്കയെ കശക്കി. ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് അവര്‍ മുന്നിട്ട് നിന്നിരുന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ചെക് റിപ്പബ്ലിക് 2-1 ന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് എഫില്‍ ഹോണ്ടുറാസ് മൂന്ന് ഗോളിന് ഹംഗറിയെ വീഴ്‌ത്തിയപ്പോള്‍ യ.എ.ഇ-ദക്ഷിണാഫ്രിക്ക മല്‍സരം 2-2 ല്‍ അവസാനിച്ചു. ഇന്ന് ഗ്രൂപ്പ് സിയില്‍ കൊറിയ ജര്‍മനിയെയും അമേരിക്ക കാമറൂണിനെയും നേരിടും. ഗ്രൂപ്പ് ഡിയില്‍ ഉറുഗ്വേ -ഉസ്‌ബെക്കിസ്ഥാന്‍ മല്‍സരവും ഘാന-ഇംഗ്ലണ്ട് മല്‍സരവും ഇന്ന് നടക്കും.
റണ്ണര്‍ വിവാദം
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലേക്കുളള ഇംഗ്ലണ്ടിന്റെ യാത്ര സുഗമമായെങ്കിലും ദക്ഷിണാഫ്രിക്കക്കെതിരായ മല്‍സരത്തിന്റെ അവസാനത്തില്‍ ഇംഗ്ലീഷ് ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ് എടുത്ത തീരുമാനം വിവാദമായി. സെഞ്ച്വറിയുമായി ക്രീസില്‍ നിന്ന ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്ത് തളര്‍ച്ച കാരണം റണ്ണറെ തേടിയപ്പോള്‍ ഇംഗ്ലീഷ്‌് ക്യാപ്‌റ്റന്‍ അതനുവദിക്കാതിരുന്നത് വലിയ ചര്‍ച്ചയായി. ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ ഫീല്‍ഡില്‍ സ്‌മിത്തുണ്ടായിരുന്നു. തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സ് ആരംഭിക്കാനായി അദ്ദേഹമെത്തിയത്. 50 ഓവര്‍ ഫീല്‍ഡ് ചെയ്‌ത് സ്‌മിത്ത്‌് 45 ഓവറുകളോളം ബാറ്റും ചെയ്‌തു. തളര്‍ന്നപ്പോഴാണ് റണ്ണറെ തേടിയത്. സ്‌ട്രോസാവട്ടെ അത് നിരസിക്കുകയും ചെയ്‌തു. റണ്ണറായി ക്രീസിലേക്ക് വന്ന എബി ഡി വില്ലിയേഴ്‌സിനെ അമ്പയര്‍മാര്‍ പറഞ്ഞയക്കുകയായിരുന്നു. താന്‍ തളര്‍ന്നത് കൊണ്ടാണ് റണ്ണറെ വിളിച്ചതെന്ന് സ്‌മിത്ത് പറയുന്നു. ആ ഘട്ടത്തില്‍ അതിന്റെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നിയില്ലെന്ന് സ്‌ട്രോസും പറയുന്നു. ശ്രീലങ്കക്കെതിരായ മല്‍സരത്തിനിടെ ആഞ്ചലോ മാത്യൂസിനെ തിരിച്ചുവിളിച്ച് മാന്യത കാട്ടിയ സ്‌ട്രോസാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ അവരുടെ നായകനോട് അനുകമ്പ കാട്ടാതിരുന്നത്.
ക്രിക്കറ്റ്
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഇന്ത്യ പാഠം പഠിക്കുന്നില്ല.... കോംപാക്ട് കപ്പ് ക്രിക്കറ്റിലെ ഫീല്‍ഡിംഗ് ദുരന്തങ്ങള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇന്ത്യ പുറത്തേക്കുള്ള വഴിയിലാണ്. പാക്കിസ്‌താനെതിരെ നടന്ന ആദ്യ മല്‍സരത്തില്‍ രണ്ട് പ്രമുഖരുടെ നിര്‍ണ്ണായക ഘട്ടത്തിലെ റണ്ണൗട്ടുകള്‍ വഴി തളര്‍ന്ന എം.എസ് ധോണിയുടെ സംഘം ഓസ്‌ട്രേലിയക്കെതിരായ ജീവന്മരണ പോരാട്ടത്തില്‍ ഫീല്‍ഡിംഗില്‍ തളര്‍ന്നു. മഴ കാരണം പകുതി വഴി നിര്‍ത്തിവെക്കപ്പെട്ട മല്‍സരത്തില്‍ ഇന്ത്യന്‍ സാധ്യതകള്‍ വിരളമാണ്.
ടോസ് ഇത്തവണയും ധോണിയുടെ വഴിയില്‍ വന്നില്ല. സെഞ്ചൂറിയനിലെ ട്രാക്കില്‍ യൂസഫ് പത്താന്‍,ആര്‍.പി സിംഗ് എന്നിവരെ പുറത്തിരുത്തി അമിത് മിശ്ര, പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്ക് അവസരം നല്‍കിയ ഇന്ത്യക്കായി ആശിഷ് നെഹ്‌റ നല്ല തുടക്കം നല്‍കി. ഷെയിന്‍ വാട്ട്‌സണ്‍ എന്ന അപകടകാരിയെ അക്കൗണ്ട് തുറക്കും മുമ്പ് നെഹ്‌റ പവിലിയനിലേക്ക് മടക്കിയെങ്കിലും ആ തുടക്കം ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. യുവതാരം ടീം പെയിനെയും നായകന്‍ റിക്കി പോണ്ടിംഗും ഇന്ത്യന്‍ ആലസ്യം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി. പെയിനെ 13 ല്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം പ്രവീണ്‍ പ്രയോജനപ്പെടുത്തിയില്ല. പോണ്ടിംഗിനാവട്ടെ രാഹുല്‍ ദ്രാവിഡും ലൈഫ് നല്‍കി. അമിത് മിശ്രയുടെ പന്ത് സ്ലിപ്പില്‍ ദ്രാവിഡിന്റെ കരങ്ങള്‍ തകര്‍ത്തു പാഞ്ഞു. ആക്രമണകാരിയായ പെയിനെ തകര്‍പ്പന്‍ ഷോട്ടുകളാണ് പായിച്ചത്. ഇഷാന്ത് ശര്‍മ്മയുടെ ആദ്യ മൂന്ന് ഓവറുകളില്‍ മാത്രം മുപ്പതിലധികം റണ്‍സ് പിറന്നു. രണ്ട് സ്‌പിന്നര്‍മാരെ കളിപ്പിക്കാനുളള ഇന്ത്യന്‍ തീരുമാനം ഗുണകരമാവുമെന്നാണ് തുടക്കില്‍ പിച്ച് നല്‍കിയ സൂചന. മിശ്രക്കും ഹര്‍ഭജനും നല്ല ടേണ്‍ ലഭിച്ചു. പക്ഷേ ഫീല്‍ഡിംഗിലെ ദുരന്തങ്ങള്‍ വിനയായി. ഹര്‍ഭജനെ തുടക്കത്തില്‍ തന്നെ പ്രഹരിക്കുക എന്ന പെയിനെയുടെ തന്ത്രം വിജയിക്കാന്‍ ധോണിയുടെ ഫീല്‍ഡിംഗ് ക്രമീകരണങ്ങള്‍ എളുപ്പമായി. കാര്‍മേഘങ്ങള്‍ ആകാശത്ത് ഉരുണ്ടുകൂടിയപ്പോള്‍ ബാറ്റിംഗ് പവര്‍ പ്ലേ പ്രയോഗിച്ചും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഇന്ത്യയെ പ്രഹരിച്ചു. ഓസീസ് ഇന്നിംഗ്‌സ് 42.4 ഓവര്‍ പിന്നിട്ടപ്പോഴാണ് മഴയില്‍ മല്‍സരം തടസ്സപ്പെട്ടത്. അപ്പോള്‍ ഓസീ സ്‌ക്കോര്‍ നാല് വിക്കറ്റിന് 234 റണ്‍സായിരുന്നു.
സ്‌ക്കോര്‍ബോര്‍ഡ്
ഓസ്‌ട്രേലിയ. വാട്ട്‌സണ്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-0, ടീം പെയിനെ-സി-ഹര്‍ഭജന്‍-ബി-മിശ്ര-56, പോണ്ടിംഗ്-റണ്ണൗട്ട്-65, മൈക് ഹസി-സി-സച്ചിന്‍-ബി-ഇഷാന്ത്-67, ക്രെയിഗ് വൈറ്റ്-നോട്ടൗട്ട്-35, ഫെര്‍ഗൂസണ്‍-നോട്ടൗട്ട്-2, എക്‌സ്‌ട്രാസ് 9, ആകെ 42.4 ഓവറില്‍ നാല് വിക്കറ്റിന് 234. വിക്കറ്റ് പതനം: 1-3 (വാട്ട്‌സണ്‍), 2-87 (പെയിനെ), 3-175 (പോണ്ടിംഗ്), 4-227 (ഹസി). ബൗളിംഗ്: നെഹ്‌റ 8-1-38-1, പ്രവീണ്‍ 8-0-34-0, ഇഷാന്ത് 7.2-0-53-1, അമിത് മിശ്ര 9-0-45-1, ഹര്‍ഭജന്‍ 9-0-54-0, റൈന 1-0-8-0
Subscribe to:
Post Comments (Atom)
No comments:
Post a Comment