Friday, September 25, 2009

THE WAR

ഇന്ത്യ-പാക്‌ യുദ്ധം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: സെഞ്ചൂറിയന്‍ ക്രിക്കറ്റ്‌ മൈതാനത്ത്‌ 2003ലെ ലോകകപ്പില്‍, കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച്‌ ഒന്നിന്‌ ഇന്ത്യയും പാക്കിസ്‌താനും ഏറ്റുമുട്ടിയിരുന്നു.... ലോകം ആകാംക്ഷയോടെ കാത്തിരുന്ന ആ മല്‍സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മികവില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം ആഘോഷിച്ചു. തനിക്ക്‌ ഒരിക്കലും മറക്കാന്‍ കഴിയാത്ത മല്‍സരമായിരുന്നു ഇതെന്ന്‌ പലവട്ടം പറഞ്ഞിട്ടുളള സച്ചിന്‍ ഇന്ന്‌ വീണ്ടും-അതായത്‌ ആറ്‌ വര്‍ഷത്തിന്‌ ശേഷം ഇതേ മൈതാനത്ത്‌ അയല്‍ക്കാരെ നേരിടാനിറങ്ങുന്നു. 2003 മാര്‍ച്ച്‌ ഒന്നിന്റെ മല്‍സരത്തിന്‌ വലിയ മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. മൂന്ന്‌ വര്‍ഷത്തോളം പരസ്‌പരം ക്രിക്കറ്റ്‌ കളിക്കാത്തവരായിരുന്നു അന്ന്‌ അയല്‍ക്കാര്‍. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ഇന്ത്യയും പാക്കിസ്‌താനും രാഷ്‌ട്രീയമായി അകന്നപ്പോള്‍ ആ അകല്‍ച്ച കളിക്കളത്തെയും ബാധിച്ചിരുന്നു. മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ബദ്ധവൈരികള്‍ പോരടിക്കുന്ന മല്‍സരമെന്ന ഖ്യാതിയില്‍ ലോകം ആവേശത്തോടെ കാതോര്‍ത്ത ആ പോരാട്ടത്തിന്‌ ലഭിച്ച പ്രസക്തി ഇന്നത്തെ അങ്കത്തിനില്ല. പക്ഷേ ഇന്ത്യയും പാക്കിസ്‌താനും തമ്മിലുളള അങ്കത്തിന്‌ ലഭിക്കുന്ന പ്രാധാന്യവും ആവേശവും ഇന്ന്‌ സെഞ്ചൂറിയനില്‍ കുറയില്ല. 2003 ലെ ആ തകര്‍പ്പന്‍ അങ്കത്തിന്‌ ശേഷം ഇന്ത്യയും പാക്കിസ്‌താനും പതിനേഴ്‌ ഏകദിനങ്ങളും ആറ്‌ ടെസ്‌റ്റുകളും രണ്ട്‌ 20-20 മല്‍സരങ്ങളും കളിച്ചു. 20-20 ലോകകപ്പ്‌ ഫൈനലില്‍ ഇന്ത്യ പാക്കിസ്‌താനെ തോല്‍പ്പിക്കുകയും ചെയ്‌തു.
2003 ല്‍ ഇന്ത്യയുടെ കരുത്തായി സഹീര്‍ഖാനും വിരേന്ദര്‍ സേവാഗും യുവരാജ്‌ സിംഗുമെല്ലാമുണ്ടായിരുന്നു. ഇന്നത്തെ അങ്കത്തില്‍ ഈ മൂന്ന്‌ പേരുമില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ മാത്രമാണ്‌ വലിയ പ്രതീക്ഷ. പരുക്കില്‍ തളര്‍ന്ന ഇന്ത്യയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്‌ പാക്കിസ്‌താന്‍. ഇന്ത്യക്ക്‌ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരമാണിത്‌. പാക്കിസ്‌താനാവട്ടെ വിന്‍ഡീസുമായി കളിച്ച്‌ ജയിച്ചിട്ടുണ്ട്‌. ഇന്ന്‌ ജയിച്ചാല്‍ അവര്‍ക്ക്‌ സെമി ഉറപ്പിക്കാം. ഇന്ത്യക്ക്‌ തോല്‍ക്കുന്നപക്ഷം സെമി അകലെയാവും. ഓസ്‌ട്രേലിയയുമായി കളിക്കാനുളളതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല.
ശ്രീലങ്കയില്‍ നടന്ന കോംപാക്ട്‌ കപ്പ്‌ ക്രിക്കറ്റില്‍ കിരീടം സ്വന്തമാക്കിയാണ്‌ ഇന്ത്യ ഇവിടെ എത്തിയിരിക്കുന്നത്‌. ന്യൂസിലാന്‍ഡിനെയും ലങ്കയെയും തോല്‍പ്പിച്ച്‌ കരുത്ത്‌ പ്രകടിപ്പിച്ച എം.എസ്‌ ധോണിക്കും സംഘത്തിനും പക്ഷേ ഇവിടെ സന്നാഹ മല്‍സരത്തില്‍ കിവീസില്‍ നിന്നും കനത്ത തിരിച്ചടിയേറ്റിരുന്നു. പക്ഷേ ഇത്‌ കാര്യമാക്കുന്നില്ലെന്നാണ്‌ ക്യാപ്‌റ്റന്‍ ധോണി പറയുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ എന്നും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്‌. 2003 ലെ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത്‌. 2007 ല്‍ പ്രഥമ 20-20 ലോകകപ്പ്‌ ഇവിടെ നടന്നപ്പോള്‍ കിരീടം. സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടവരാണ്‌ ഇന്ത്യന്‍ താരങ്ങള്‍. കാരണം ഐ.പി.എല്‍ ക്രിക്കറ്റ്‌ ഇവിടെ വെച്ചാണ്‌ നടന്നത്‌. ഇങ്ങനെ അനുകൂല ഘടകങ്ങളിലും ധോണിക്ക്‌ മൂന്ന്‌ വമ്പന്മാരുട അഭാവം പ്രശ്‌നമായേക്കാം.
ആഫ്രിക്കന്‍ പിച്ചുകളില്‍ തന്റെ ലെഫ്‌റ്റ്‌്‌ ആം മികവ്‌ സഹീര്‍ഖാന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്‌. സേവാഗാവാവട്ടെ ആരും പേടിക്കുന്ന ഓപ്പണറാണ്‌. യുവരാജ്‌ സിംഗിനെ നഷ്ടമാവുമ്പോള്‍ ബാറ്റിംഗില്‍ മാത്രമല്ല ഫീല്‍ഡിംഗിലും ബൗളിംഗിലും ഇന്ത്യക്ക്‌ ആഘാതമാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഗൗതം ഗാംഭീര്‍ ഇന്നിംഗ്‌സിന്‌ തുടക്കമിടുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഗാംഭീറിന്‌ ന്യൂസിലാന്‍ഡിനെതിരായ സന്നാഹ മല്‍സരത്തിനിടെ ചെറിയ പരുക്ക്‌ സംഭവിച്ചിരുന്നു. മൂന്നാം നമ്പറില്‍ ദ്രാവിഡും തുടര്‍ന്ന്‌ സുരേഷ്‌ റൈന, എം.എസ്‌ ധോണി,യൂസഫ്‌ പത്താന്‍ എന്നിവര്‍ ബാറ്റ്‌ ചെയ്യും. സച്ചിന്‍ നല്ല തുടക്കം നല്‍കുന്നപക്ഷം അത്‌ ഉപയോഗപ്പെടുത്താന്‍ ഇന്ത്യന്‍ ടീമിനാവും. സച്ചിന്‍ പതറിയാല്‍ സമര്‍ദ്ദം ഇന്നിംഗ്‌സിനെ ബാധിക്കുകയും ചെയ്യും. ദ്രാവിഡ്‌ മൂന്നാം നമ്പറില്‍ പ്രതിരോധകാരനായാല്‍ ഇന്നിംഗ്‌സിന്‌ പൊരുതി നില്‍ക്കാനാവുമെന്നാണ്‌ കോച്ച്‌ ഗാരി കിര്‍സ്‌റ്റന്റെ കണക്ക്‌ക്കൂട്ടല്‍. പിച്ച്‌ സ്‌പിന്നര്‍മാരെ തുണക്കുന്നതിനാല്‍ ഇന്ത്യ രണ്ട്‌ സ്‌പെഷ്യലിസ്‌റ്റ്‌്‌ സ്‌പിന്നര്‍മാരെയും മൂന്ന്‌ സീമര്‍മാരെയും കളിപ്പിക്കും. ഹര്‍ഭജന്‍സിംഗിനൊപ്പം അമിത്‌ മിശ്രക്ക്‌ അവസരം നല്‍കുന്ന കാര്യം ടീം മാനേജ്‌മെന്റ്‌്‌ ആലോചിക്കുന്നുണ്ട്‌. സീമര്‍മാരായി ആശിഷ്‌ നെഹ്‌റ, ആര്‍.പി സിംഗ്‌, ഇഷാന്ത്‌ ശര്‍മ്മ എന്നിവര്‍ കളിക്കും. സമീപകാലത്ത്‌ ഫീല്‍ഡിംഗില്‍ സംഭവിച്ച പരാജയങ്ങള്‍ മറക്കാന്‍ ടീമിന്‌ കഴിയുന്ന പക്ഷം പിടി്‌ചുനില്‍ക്കാനാവും.
പാക്കിസ്‌താന്‍ നിരയില്‍ പരുക്കേറ്റ യുനസ്‌ഖാന്‍ ഇന്ന്‌ കളിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്‌. അദ്ദേഹമായിരിക്കും ടീമിനെ നയിക്കുക. വിന്‍ഡീസിനെതിരായ മല്‍സരത്തില്‍ യൂനസിന്‌ പകരം ഷാഹിദ്‌ അഫ്രീദിയായിരുന്നു കപ്പിത്താന്‍. പാക്‌ ബാറ്റിംഗില്‍ സീനിയര്‍ താരങ്ങളെല്ലാം സമ്മര്‍ദ്ദത്തിലാണ്‌. ആര്‍ക്കും സ്ഥിരത പ്രകടിപ്പിക്കാനായി കഴിയുന്നില്ല. പക്ഷേ ഉമര്‍ അക്‌മല്‍ എന്ന യുവതാരം വിശ്വസ്‌തനാണ്‌. ടീമിലെത്തിയ ശേഷം കളിച്ച എല്ലാ മല്‍സരങ്ങളിലും ഉമര്‍ മികവ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇംറാന്‍ നസീര്‍, കമറാന്‍ അക്‌മല്‍ എന്നിവരാണ്‌ ഓപ്പണര്‍മാര്‍. രണ്ട്‌ പേരും കൂറ്റനടിക്കാര്‍. നെഹ്‌റയും ആര്‍.പിയും ശ്രദ്ധിച്ചില്ലെങ്കില്‍ ഓപ്പണര്‍മാര്‍ അടിച്ചുതകര്‍ക്കും. യൂനസ്‌, ഷുഹൈബ്‌ മാലിക്‌, മിസ്‌ബാഹുല്‍ഹഖ്‌, ഉമര്‍ അക്‌മല്‍, ഷാഹിദ്‌ അഫ്രീദി എന്നിവരാണ്‌ അടുത്ത നമ്പറില്‍ വരുന്നവര്‍. ബൗളിംഗില്‍ രണ്ട്‌ പേര്‍ നല്ല ഫോമിലാണ്‌-സീമറായ മുഹമ്മദ്‌ ആമിറും സ്‌പിന്നര്‍ സയ്യദ്‌ അജ്‌മലും. മല്‍സരം വൈകീട്ട്‌ 5-45 മുതല്‍ സ്റ്റാര്‍ ക്രിക്കറ്റില്‍.
കണക്കുകള്‍ ഇന്ത്യക്കൊപ്പം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ന്‌ ഇന്ത്യയും പാക്കിസ്‌താനും മുഖാമുഖം വരുമ്പോള്‍ കണക്കുകള്‍ ഇന്ത്യക്കൊപ്പമാണ്‌. ഐ.സി.സി യുടെ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇരുവരും പലവട്ടം ഏറ്റുമുട്ടിയപ്പോള്‍ ഒരു തവണയാണ്‌ പാക്കിസ്‌താന്‌ ജയിക്കാനായത്‌. 2004 ല്‍ നടന്ന ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ മാത്രമായിരുന്നു പാക്‌ വിജയം. 1992, 1996, 1999, 2003 ലോകകപ്പുകളില്‍ ഇന്ത്യയാണ്‌ ജയിച്ചത്‌. 2007 ലെ പ്രഥമ 20-20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്‌താനും രണ്ട്‌ തവണ കളിച്ചു. ഉദ്‌ഘാടന മല്‍സരത്തിലും ഫൈനലിലും. രണ്ടിലും ഇന്ത്യ ജയിച്ചു. ഉദ്‌ഘാടന മല്‍സരം ആവേശകരമായ ബൗള്‍ ഔട്ടിലാണ്‌ സമാപിച്ചത്‌. ഫൈനല്‍ മല്‍സരമാവട്ടെ അവസാന പന്തിലും. ജോഗീന്ദര്‍ ശര്‍മ്മ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിനെ സിക്‌സറിന്‌ പറത്താന്‍ ശ്രമിച്ച്‌ ശ്രീശാന്തിന്റെ കൈകളിലകപ്പെട്ട മിസ്‌ബാഹുല്‍ ഹഖിന്റെ മുഖം ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ മറക്കില്ല. രണ്ട്‌ ടീമിലും ഇത്തവണ പുതുമുഖങ്ങളുമുണ്ട്‌. പാക്‌ നിരയിലെ പുതിയ സൂപ്പര്‍താരമായ ഉമര്‍ അക്‌മല്‍ ആദ്യമായാണ്‌ ഇന്ത്യയുമായി കളിക്കുന്നത്‌. അതോ പോലെ മുഹമ്മദ്‌ ആമിറും ഫവാദ്‌ ആലവും. ഇന്ത്യന്‍ നിരയില്‍ വിരാത്‌ കോഹ്‌ലി, അമിത്‌ മിശ്ര, അഭിഷേക്‌ നായര്‍ എന്നിവര്‍ പാക്കിസ്‌താനെതിരെ കളിച്ചിട്ടില്ല. ഇവരില്‍ മിശ്രക്ക്‌ മാത്രമാണ്‌ ഇന്ന്‌ സാധ്യത. രണ്ട്‌ ടീമിലെയും അനുഭ സമ്പന്നരില്‍ ഒന്നാമന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ്‌. 2381 റണ്‍സാണ്‌ പാക്കിസ്‌താനെതിരെ അദ്ദേഹത്തിന്റെ സമ്പാദ്യം. പക്ഷേ ഇന്ത്യ-പാക്‌ മല്‍സരങ്ങളില്‍ ഏറ്റവുമധികം റണ്‍ നേടിയ താരത്തിന്റെ റെക്കോര്‍ഡ്‌ ഇപ്പോഴും ഇന്‍സമാമുഹഖിന്റെ പേരിലാണ്‌. ഇന്നത്തെ മല്‍സരത്തില്‍ 22 റണ്‍സ്‌ നേടിയാല്‍ സച്ചിന്‌ ഇന്‍സിയെ മറികടക്കാം. രാഹുല്‍ ദ്രാവിഡ്‌ (1823), ഷാഹിദ്‌ അഫ്രീദി (1404) എന്നിവരും റണ്‍സില്‍ പിറകില്ലല്ല.
സമര്‍ദ്ദമില്ലെന്ന്‌ ധോണിയും യൂനസും
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ആവേശപ്പോരാട്ടത്തിനിറങ്ങുന്നത്‌ സമ്മര്‍ദ്ദമില്ലാതെയാണെന്ന്‌ നായകരായ എം.എസ്‌ ധോണിയും യൂനസ്‌ഖാനും. സമ്മര്‍ദ്ദം നമ്മള്‍ തന്നെയുണ്ടാക്കുന്നതാണെന്ന്‌ ധോണി പറയുമ്പോള്‍ ഇന്ന്‌ മൈതാനത്ത്‌ താന്‍ സ്വതന്ത്രനായിരിക്കുമെന്ന്‌ യൂനസ്‌ പറയുന്നു. യുവരാജ്‌സിംഗ്‌ ഇല്ലാത്തത്‌ ചെറിയ പ്രശ്‌നമാണ്‌. പക്ഷേ പുതിയ താരങ്ങള്‍ അവസരം ഉപയോഗപ്പെടുത്തുമെന്ന്‌ ധോണി വിശ്വസിക്കുന്നു. യൂനസാവട്ടെ പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണമായും മുക്തനായിട്ടില്ല. നാലാഴ്‌ച്ചത്തെ വിശ്രമമാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. പക്ഷേ കളി ഇന്ത്യക്കെതിരെയായതിനാല്‍ പരുക്ക്‌ മറന്ന്‌ താന്‍ കളിക്കുന്നതെന്ന്‌ യൂനസ്‌ പറഞ്ഞു.
ഈദ്‌ സമ്മാനം
ന്യൂഡല്‍ഹി: ഇന്ന്‌ ഇന്ത്യക്കാര്‍ക്ക്‌ സെഞ്ചൂറിയനില്‍ വെച്ച്‌ ഈദ്‌ സമ്മാനം നല്‍കാന്‍ യൂസഫ്‌ പത്താന്‌ കഴിയുമെന്ന്‌ അനുജന്‍ ഇര്‍ഫാന്‍ പത്താന്‍. എന്‍.ഡി.ടി.വിയുമായി സംസാരിക്കവെ ഇന്ത്യ ഇന്ന്‌ ജയിക്കുമെന്നാണ്‌ ഇര്‍ഫാന്‍ പറയുന്നത്‌. പാക്കിസ്‌താനെതിരെയുളള മികച്ച റെക്കോര്‍ഡല്ല പ്രധാനം-ഇന്ത്യ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ നന്നായി കളിക്കുന്നുണ്ട്‌. സമ്മര്‍ദ്ദം സ്വാഭാവികമാണ്‌. സേവാഗും യുവരാജും സഹീറും ഇല്ലാത്തത്‌ പ്രശ്‌നമാണ്‌. പക്ഷേ ഇവര്‍ക്ക്‌ പകരം അവസരം ലഭിക്കുന്നവര്‍ അത്‌ ഉപയോഗപ്പെടുത്തണം. പാക്കിസ്‌താനെതിരായ മല്‍സരത്തിനിറങ്ങും മുമ്പ്‌ യൂസഫിന്‌ പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും അനുജന്‌ നല്‍കാനില്ല. എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്‌. വലിയ മല്‍സരങ്ങളെ എങ്ങനെ നേരിടണമെന്ന്‌ ഇപ്പോള്‍ യൂസഫിന്‌ നന്നായി അറിയാമെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ക്ഷീണം
ലണ്ടന്‍: അടുത്തമാസം നടക്കുന്ന ജപ്പാന്‍ ഓപ്പണിലും ഷാന്‍ഗാംയി മാസ്റ്റേഴ്‌സിലും ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ പങ്കെടുക്കില്ല. ശരീരത്തിന്‌ വിശ്രമം നല്‍കാനായി ഈ രണ്ട്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നും പിന്മാറുന്നതായി അദ്ദേഹം അറിയിച്ചു. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം ക്ഷീണമുണ്ട്‌. ശരീരത്തിന്‌ അല്‍പ്പം വിശ്രമം നിര്‍ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം റാഫേല്‍ നദാലില്‍ നിന്നും തിരിച്ചുപിടിച്ച ഫെഡ്‌റര്‍ക്ക്‌ യു.എസ്‌ ഓപ്പണ്‍ മാത്രമാണ്‌ തിരിച്ചടിയായത്‌. ഫെഡ്‌റര്‍ പിന്മാറിയതോടെ ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കുന്ന ജപ്പാന്‍ ഓപ്പണിനും അതിന്റെ അടുത്തയാഴ്‌്‌ച ആരംഭിക്കുന്ന ഷാന്‍ഗാംയി ഓപ്പണിനും ശോഭ മങ്ങിയിട്ടുണ്ട്‌.

ഓസീസ്‌ ഫുട്‌ബോളര്‍ ഇന്ത്യന്‍ ഡ്രൈവറെ ആക്രമിച്ചു
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇത്തവണ പ്രതിക്കൂട്ടില്‍ ഓസ്‌ട്രേലിയന്‍ ഫുട്‌ബോളറായ മൈക്കല്‍ ഹര്‍ലിയാണ്‌. കഴിഞ്ഞ ദിവസം രാവിലെ മെല്‍ബണിലെ ഒരു നൈറ്റ്‌ ക്ലബിന്‌ പുറത്ത്‌ വെച്ച്‌ ഹര്‍ലി ഇന്ത്യക്കാരനായ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. മദ്യപിച്ച താരം ടാക്‌സി വിളിച്ചാണ്‌ നൈറ്റ്‌ ക്ലബിലെത്തിയത്‌. തുടര്‍ന്ന്‌ ഡ്രൈവര്‍ ടാക്‌്‌സി ചാര്‍ജ്‌ ചോദിച്ചപ്പോള്‍ വാക്കേറ്റമുണ്ടാവുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു. താരത്തെ ഓസീസ്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തുവിട്ടയച്ചു.
ഖേദം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഇന്ത്യന്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റണ്‍ തന്റെ സെക്‌സ്‌ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. താന്‍ മോശമായി പറഞ്ഞതല്ലെന്നും എന്നാല്‍ അത്‌ നിരാശാകരമായാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതെന്നും ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനുളള സൂത്ര വാക്യങ്ങളില്‍ സെക്‌സ്‌ നല്ലതാണെന്ന്‌ കിര്‍സ്റ്റണ്‍ പറഞ്ഞിരുന്നു. നല്ല ഭക്ഷണവും നല്ല സ്‌നേഹവും നല്ല സെക്‌സും പ്രകടന നിലവാരത്തെ ഉയര്‍ത്തുമെന്ന കോച്ചിന്റെ പരാമര്‍ശം വിവാദമായിരുന്നു.

ഈജിപ്‌തിന്‌ തകര്‍പ്പന്‍ വിജയം
അലക്‌സാണ്ടറിയ: ഫിഫ തലവന്‍ സെപ്‌ ബ്ലാറ്ററെയും ഈജിപ്‌ഷ്യന്‍ പ്രസിഡണ്ട്‌ ഹുസ്‌നി മുബാറക്കിനെയും 74,000 ത്തിലധികം കാണികളെയും സാക്ഷികളാക്കി ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ആദ്യ മല്‍സരം ആതിഥേയരായ ഈജിപ്‌ത്‌ അവിസ്‌മരണീയമാക്കി. ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോ 4-1ന്‌ തകര്‍ത്ത്‌ ആതിഥേയര്‍ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോള്‍ ഉദ്‌ഘാടന ചടങ്ങുകളും കേമമായി. ഈജിപ്‌ത്‌ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ അല്‍പ്പം സമ്മര്‍ദ്ദത്തോടെയാണ്‌ ആതിഥേയര്‍ കളിച്ചത്‌. ട്രിനിഡാഡിന്‌ കുതിക്കാന്‍ അവസരം നല്‍കിയുള്ള പ്രകടനത്തില്‍ കാണികള്‍ നിരാശരായപ്പോള്‍ ഷെഹാബ്‌ അഹമ്മദിന്റെ പാസില്‍ അഫ്രോതോ നേടിയ ഗോള്‍ കളിയുടെ ഗതി മാറ്റി. അമ്പത്തിയൊന്നാം മിനുട്ടില്‍ ഹുസാം അറഫാത്ത്‌ ലീഡുയര്‍ത്തി. മുഹമ്മദ്‌ തലാത്തിന്റെ തകര്‍പ്പന്‍ ഗോള്‍ അമ്പത്തിയൊമ്പതാം മിനുട്ടില്‍ പിറന്നപ്പോള്‍ കാണികള്‍ ആഘോഷത്തിലായി.
ഇന്ന്‌ നാല്‌ മല്‍സരങ്ങളുണ്ട്‌. ഗ്രൂപ്പ്‌ സിയില്‍ അമേരിക്ക ജര്‍മനിയെയും കാമറൂണ്‍ കൊറിയ റിപ്പബ്ലിക്കിനെയും ഗ്രൂപ്പ്‌ ഡിയില്‍ ഘാന ഉസ്‌ബെക്കിസ്ഥാനെയും ഇംഗ്ലണ്ട്‌ ഉറുഗ്വേയെയും നേരിടും.

ഇന്നത്തെ യൂറോപ്യന്‍ മല്‍സരങ്ങള്‍
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: ബിര്‍മിംഗ്‌ഹാം-ബോള്‍ട്ടണ്‍, ബ്ലാക്‌ബര്‍ണ്‍-ആസ്‌റ്റണ്‍വില്ല, ഫുള്‍ഹാം-ആഴ്‌സനല്‍, ലിവര്‍പൂള്‍-ഹള്‍, പോര്‍ട്‌സ്‌മൗത്ത്‌-എവര്‍ട്ടണ്‍, സ്‌റ്റോക്‌ സിറ്റി-മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌, ടോട്ടന്‍ഹാം-ബേര്‍ണ്‍ലി, വിഗാന്‍-ചെല്‍സി.
സ്‌പാനിഷ്‌ ലീഗ്‌: അത്‌ലറ്റികോ ബില്‍ബാവോ-സെവിയെ, മലാഗ-ബാര്‍സിലോണ, റയല്‍ മാഡ്രിഡ്‌-ടെനറിഫെ, വലന്‍സിയ-അത്‌ലറ്റികോ മാഡ്രിഡ്‌.
ഇറ്റാലിയന്‍ ലീഗ്‌: ലിവോര്‍ണോ-ഫിയോറന്റീന, സാംപദോറിയോ-ഇന്റര്‍മിലാന്‍.

സമ്മര്‍ദ്ദം
ന്യൂഡല്‍ഹി: ലോക ഗുസ്‌തിയില്‍ ഇന്ത്യക്ക്‌ വെങ്കലം സമ്മാനിച്ച രമേഷ്‌ കുമാറിന്‌ നാട്ടില്‍ ഉജ്ജ്വല സീകരണം. ഡെന്മാര്‍ക്കില്‍ നിന്നും ഇന്നലെ രാവിലെ ഇവിടെയെത്തിയ താരത്തെ സ്വീകരിക്കാന്‍ നൂറ്‌ കണക്കിന്‌ ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. സുശീല്‍ കുമാറിന്‌ മെഡല്‍ നേടാന്‍ കഴിയാതെ വന്നപ്പോള്‍ തന്നില്‍ കാര്യമായ സമ്മര്‍ദ്ദമുണ്ടായിരുന്നതായി രമേഷ്‌ കുമാര്‍ പറഞ്ഞു. എങ്കിലും നിര്‍ണ്ണായക മല്‍സരത്തില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്‌ രമേഷ്‌ പറഞ്ഞു.

ക്രിക്കറ്റ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന്‌ റണ്‍സ്‌ വേണം. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക 200 റണ്‍സാണ്‌ നേടിയത്‌. ശ്രീലങ്കയെ ഞെട്ടിക്കുന്ന പ്രകടനമാണ്‌ തുടക്കത്തില്‍ ഇംഗ്ലണ്ട്‌ നടത്തിയത്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 319 റണ്‍സ്‌ നേടിയ ലങ്കന്‍ ബാറ്റിംഗ്‌ നിരയിലെ ആദ്യ നാല്‌ പേരെ ചെറിയ സ്‌ക്കോറിന്‌ പറഞ്ഞുവിട്ട ഇംഗ്ലീഷ്‌ സീമര്‍മാര്‍ എല്ലാവരെയും അമ്പരിപ്പിച്ചിരുന്നു. പക്ഷേ തീലിന കാന്‍ഡാംബിയും തിലാന്‍ സമരവീരയും ആഞ്ചലോ മാത്യൂസും അവസാനത്തില്‍ പൊരുതി നിന്നത്‌ ലങ്കക്ക്‌ തുണയായി.
ലങ്കന്‍ ഇന്നിംഗ്‌സ്‌ 20 ഓവര്‍ പിന്നിടുമ്പോള്‍ സ്‌ക്കോര്‍ അഞ്ച്‌ വിക്കറ്റിന്‌ 81 റണ്‍സായിരുന്നു. പുറത്തായവരില്‍ തിലകരത്‌നെ ദില്‍ഷാനും സനത്‌ ജയസൂര്യയും ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദ്ധനെയുമെല്ലാമുണ്ടായിരുന്നു. ടോസ്‌ നേടിയ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ ആന്‍ഡ്ര്യൂ സ്‌ട്രേസിന്‌ അനുകൂലമായത്‌ മൂടികെട്ടിയ അന്തരീക്ഷമായിരുന്നു. പുതിയ പന്ത്‌ നായകന്‍ നല്‍കിയതാവട്ടെ വേഗക്കാരായ ജെയിംസ്‌ ആന്‍ഡേഴ്‌സണും ഗ്രഹാം ഒനിയനും. കരിയറിലെ രണ്ടാമത്തെ ഏകദിനം മാത്രം കളിക്കുന്ന ഒനിയന്‍സ്‌ തന്റെ അഞ്ചാം പന്തില്‍ തന്നെ സനത്‌ ജയസൂര്യയെ മടക്കി. രണ്ട്‌ പന്തുകള്‍ മാത്രം നേരിട്ട സനത്‌ പൂജ്യനാവുകയായിരുന്നു. നാല്‌ പന്തുകള്‍ക്ക്‌ ശേഷം ഇംഗ്ലണ്ടിന്‌ അവര്‍ ആഗ്രഹിച്ച വിക്കറ്റ്‌ ലഭിച്ചു. ഫോമില്‍ കളിക്കുന്ന ദില്‍ഷാനെ ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. തൊട്ട്‌ പിറകെ മഹേല ജയവര്‍ദ്ദനെ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങി. ഒനിയന്റെ അടുത്ത പന്തില്‍ സങ്കക്കാരയും തിരിഞ്ഞ്‌ നടന്നപ്പോള്‍ ലങ്ക പതറി. നാല്‌ വിക്കറ്റുകള്‍ നിലം പതിക്കുമ്പോല്‍ സ്‌ക്കോര്‍ബോര്‍ഡില്‍ വെറും 17 റണ്‍സ്‌ മാത്രമാണുണ്ടായിരുന്നത്‌. ഇവിടെ നിന്നും സമരവീരയും കാന്‍ഡാംബിയും ചേര്‍ന്ന്‌ പൊരുതി. ഒനിയനെയും ആന്‍ഡേഴ്‌സണെയും ആക്രമണത്തില്‍ നിന്ന്‌ സ്‌ട്രോസ്‌ പിന്‍വലിച്ചത്‌ ഇവര്‍ക്ക്‌ ഗുണകരമായി. പകരം വന്ന സ്റ്റ്യൂവര്‍ട്ട്‌ ബ്രോഡിനെ ബാറ്റ്‌സ്‌മാന്മാര്‍ എളുപ്പം നേരിട്ടു. സമരവീര 30 റണ്‍സില്‍ പുറത്തായ ശേഷം ക്രീസിലെത്തിയ ആഞ്ചലോ മാത്യൂസ്‌ കാന്‍ഡാംബിക്ക്‌ ഉറച്ച പിന്തുണ നല്‍കി. 82 പന്തില്‍ 53 റണ്‍സ്‌ നേടിയാണ്‌ കാന്‍ഡാംബി പുറത്തായത്‌. മാത്യൂസും പൊരുതി നിന്നു. 73 പന്തില്‍ 52 റണ്‍സ്‌. വാലറ്റത്തില്‍ മുരളി ചില മിന്നല്‍ ഷോട്ടുകള്‍ പായിച്ചു. പക്ഷേ ക്രിസ്‌ ബ്രോഡിനായിരുന്നു ചിരിക്കാന്‍ അവസരം.

No comments: