Friday, September 18, 2009

AGAIN THE AUSSIIIIIഫിനിക്‌സ്‌ ഓസീസ്‌
ട്രെന്‍ഡ്‌ ബ്രിഡ്‌ജ്‌: ക്രിക്കറ്റ്‌ ലോകത്തിന്റെ കണ്ണുകള്‍ നാളെ ചെസ്‌റ്റര്‍ ലീ സ്‌ട്രീറ്റില്‍ നടക്കുന്ന നാറ്റ്‌വെസ്‌റ്റ്‌ പരമ്പരയിലെ അവസാന മല്‍സരത്തിലേക്ക്‌...! ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുളള ഏഴ്‌ മല്‍സര ഏകദിന പരമ്പരയിലെ അവസാന മല്‍സരമാണ്‌ നാളെ നടക്കുന്നത്‌. ഈ മല്‍സരത്തിലും വിജയിക്കാനായാല്‍ റിക്കി പോണ്ടിംഗും സംഘവും ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തും. കഴിഞ്ഞ ആറ്‌ മല്‍സരങ്ങളിലും തട്ടുതകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി, ഏകപക്ഷീയ വിജയങ്ങള്‍ സ്വായത്തമാക്കിയ ഓസീസ്‌ ഇപ്പോള്‍ ഒന്നാം റാങ്ക്‌ തിരിച്ചുപിടിച്ചിരിക്കയാണ്‌. അവസാന മല്‍സരവും ജയിച്ചാല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രയീം സ്‌മിത്തിന്റെ വലിയ മോഹത്തിനാണ്‌ പോണ്ടിംഗിന്‌ സുല്ലിടാന്‍ കഴിയുക. അവസാന മല്‍സരം ജയിച്ചാല്‍ ഓസീസിന്‌ ഒന്നാം സ്ഥാനത്ത്‌ തുടരാം. കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തില്‍ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഒന്നാം റാങ്കുകാരായി പങ്കെടുക്കാന്‍ കഴിയുന്നതിലെ അഭിമാനത്തെക്കുറിച്ച്‌ സ്‌മിത്ത്‌ പറഞ്ഞിരുന്നു. ചെസ്റ്റര്‍ ലി സ്‌ട്രീറ്റ്‌ പോരാട്ടവും ഓസീസ്‌ നേടിയാല്‍ 22 ന്‌ ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലെ ആദ്യ റാങ്കുകാര്‍ പോണ്ടിംഗിന്റെ മഞ്ഞ സംഘമായിരിക്കും. അത്രമാത്രം ആധികാരികതയിലാണ്‌ അവര്‍ ഇംഗ്ലണ്ടില്‍ കളിക്കുന്നത്‌. അഞ്ച്‌ മല്‍സര ആഷസ്‌ ടെസ്റ്റ്‌ പരമ്പരയില്‍ തോറ്റെങ്കിലും, ആദ്യ മല്‍സരങ്ങളില്‍ നായകന്‍ പോണ്ടിംഗ്‌ ഇല്ലാതെ കളിച്ചിട്ടും ഓസീസ്‌ ഫിനിക്‌സ്‌ പക്ഷിയെ പോലെ ഉയിര്‍ത്തേഴുന്നേല്‍ക്കുകയായിരുന്നു. എല്ലാ മല്‍സരങ്ങളും ജയിച്ചതിനൊപ്പം ഇംഗ്ലണ്ടുകാരെ ഇല്ലാതാക്കുന്ന പ്രകടനങ്ങളും അവര്‍ ആവര്‍ത്തിക്കുന്നു.
ഇന്നലെ ട്രെന്‍ഡ്‌ബ്രിഡ്‌ജില്‍ നടന്ന മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന്‌ സമ്മാനിച്ചത്‌ അവരുടെ ചരിത്രത്തിലെ വലിയ തോല്‍വികളില്‍ ഒന്നാണ്‌. 111 റണ്‍സിനാണ്‌ ഓസ്‌ട്രേലിയ ജയിച്ചത്‌. സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ട്‌ ഏറ്റുവാങ്ങുന്ന ഏറ്റവും വലിയ മൂന്നാം തോല്‍വിയാണിത്‌. ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും കെവിന്‍ പീറ്റേഴ്‌സണുമൊന്നുമില്ലാത്തത്‌ ശരിക്കും ഇംഗ്ലണ്ട്‌ അറിയുന്നുണ്ട്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഓസ്‌ട്രേലിയ ഒരിക്കല്‍ക്‌ൂടി തകര്‍പ്പന്‍ പ്രകടനമാണ്‌ നടത്തിയത്‌. ടീം പെയിനെയുടെ കന്നി ഏകദിന സെഞ്ച്വറയില്‍ എട്ട്‌ വിക്കറ്റിന്‌ 296 റണ്‍സാണ്‌ അവര്‍ സ്വന്തമാക്കിയത്‌. ഇംഗ്ലണ്ടാവട്ടെ 185 റണ്‍സിന്‌ പുറത്താവുകയും ചെയ്‌തു.
കഴിഞ്ഞ മല്‍സരങ്ങളില്ലെല്ലാം കണ്ടത്‌ നിലവാരമില്ലാത്ത ഇംഗ്ലീഷ്‌്‌ ബൗളിംഗായിരുന്നു. ട്രെന്‍ഡ്‌ ബ്രിഡ്‌ജിലും അത്‌ തുടര്‍ന്നു. ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞ ബൗളര്‍മാര്‍ പെയിനെ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ വലിയ സ്‌ക്കോര്‍ നേടാന്‍ അവസരമൊരുക്കി. മൂന്നാം വിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍ സ്വന്തമാക്കി പെയിനെ-മൈക്കല്‍ ഹസി സഖ്യം കത്തിനിന്നപ്പോള്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ ഒരു തരത്തിലും റണ്ണൊഴുക്ക്‌ തടയാന്‍ കഴിഞ്ഞില്ല. ഇംഗ്ലണ്ട്‌ ബാറ്റ്‌ ചെയ്യാന്‍ വന്നപ്പോള്‍ തുടക്കത്തില്‍ തന്നെ നായകന്‍ ആന്‍ഡ്ര്യൂ സ്‌ട്രോസ്‌ പുറത്തായി. ഇത്തവണയും പാക്കിസ്‌താന്‍ അമ്പയര്‍ ആസാദ്‌ റൗഫിന്റെ തെറ്റായ തീരുമാനത്തിലായിരുന്നു നായകന്‍ മടങ്ങിയത്‌. കഴിഞ്ഞ മല്‍സരത്തിലും ഇത്‌ തന്നെ സംഭവിച്ചിരുന്നു. നായകന്‍ പുറത്തായ ശേഷം ബാറ്റിംഗ്‌ ദുരന്തമാണ്‌ കണ്ടത്‌. അശ്രദ്ധയില്‍ മാറ്റ്‌ പ്രയര്‍ റണ്ണൗട്ടായി. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന്‌ വെറുതെ റണ്ണിന്‌ ശ്രമിച്ച പ്രയറിനെ പോണ്ടിംഗ്‌ നേരിട്ടുള്ള ത്രോയില്‍ പുറത്താക്കുകയായിരുന്നു. ഒവൈസ്‌ ഷായും രവി ബോപ്പാരയും ഇത്‌ പോലെ അലസമായി കളിച്ച്‌ പുറത്തായി. 26 പന്തുകള്‍ക്കിടെ കേവലം 15 റണ്‍സിനാണ്‌ മധ്യനിരയിലെ വിലപ്പെട്ട്‌ മൂന്ന്‌ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന്‌ നഷ്‌ടമായത്‌.
ഏകദിന ചരിത്രത്തില്‍ ഇത്‌ വരെ 517 മല്‍സരങ്ങളാണ്‌ ഇംഗ്ലണ്ട്‌ കളിച്ചത്‌. ഇതില്‍ സ്വന്തം മണ്ണില്‍ അവര്‍ കാര്യമായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. 111 റണ്‍സ്‌ തോല്‍വി ഏറ്റവും വലിയ ഹോം ദുരന്തങ്ങളിലൊന്നായപ്പോള്‍ എല്ലാവരുമിപ്പോള്‍ ടീമിനെതിരെ തിരിയാനും തുടങ്ങിയിട്ടുണ്ട്‌. തന്റെ ഏഴാം ഏകദിന മല്‍സരം മാത്രം കളിക്കുന്ന പെയിനെ അസാമാന്യ പക്വതയിലാണ്‌ കളിച്ചത്‌. ഹസിയാവട്ടെ തന്റെ സ്വതസിദ്ധമായ ശൈലിയിലും കളിച്ചു. 55 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ സ്വന്തമാക്കിയ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ മാത്രമാണ്‌ ഇംഗ്ലീഷ്‌ ബൗളര്‍മാരില്‍ അല്‍പ്പമെങ്കിലും ബഹുമാനിക്കപ്പെട്ടത്‌. കഴിഞ്ഞ രണ്ട്‌ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയാതിരുന്ന ആന്‍ഡേഴ്‌സണ്‍ തുടക്കത്തല്‍ തന്നെ മൂന്ന്‌ വിലപ്പെട്ട വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കൂറ്റനടിക്കാരനായ ഷെയിന്‍ വാട്ട്‌സണെയും റിക്കി പോണ്ടിംഗിനെയും പുതിയ താരം കാലം ഫെര്‍ഗൂസണെയും അദ്ദേഹം പുറത്താക്കി. പക്ഷേ ഈ തുടക്കം നിലനിര്‍ത്താന്‍ ആന്‍ഡേഴ്‌സന്റെ സഹബൗളര്‍മാര്‍ക്കായില്ല. ഹസിക്കും പെയിനെക്കും നിലയുറപ്പിക്കന്‍ അവര്‍ അവസരം നല്‍കി. വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‌ പകരം അവസാന നിമിഷത്തിലാണ്‌ പെയിനെ ടീമിലെത്തിയത്‌.

ബോക്‌സിംഗ്‌ റിയാലിറ്റി ഷോ
ന്യൂഡല്‍ഹി: ബെയ്‌ജിംഗ്‌ ഒളിംപിക്‌സിലും ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും വെങ്കലം സ്വന്തമാക്കിയ വിജേന്ദര്‍ കുമാര്‍ ഇന്ത്യന്‍ ടെലിവിഷന്‍ രംഗവും കീഴടക്കാന്‍ വരുന്നു. ബോക്‌സിംഗ്‌ സൂപ്പര്‍ താരമായ വിജേന്ദറിനെ നായകനാക്കി പുതിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ്‌ വരാന്‍ പോവുന്നത്‌. ബെയ്‌ജിംഗ്‌ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത്‌ നിലയുറപ്പിച്ച വിജേന്ദറിന്‌ ഇപ്പോള്‍ ക്രിക്കറ്റര്‍മാരെ പോലെ സ്‌പോണ്‍സര്‍മാരുടെ ബഹളമാണ്‌. അദ്ദേഹത്തിന്റെ അംബാസിഡര്‍ഷിപ്പിന്റെ കാര്യത്തില്‍ രാജ്യത്തെ രണ്ട്‌ പ്രമുഖ വാണിജ്യ ഗ്രൂപ്പുകള്‍ ഇപ്പോള്‍ കോടതിയിലാണ്‌. അതിനിടെയാണ്‌ ഒരു ബോളിവുഡ്‌ താരത്തിന്റെ മുഖമുള്ള വിജേന്ദറിനെ ടെലിവിഷനില്‍ അവതരിപ്പിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം ബോളിവുഡ്‌ സുന്ദരി പ്രിയങ്കാ ചോപ്രക്കൊപ്പം ക്യാമറാമാന്മാര്‍ക്കായി റിംഗില്‍ ഇറങ്ങിയ വിജേന്ദര്‍ ബോക്‌സിംഗിന്റെ പോപ്പുലാരിറ്റിക്കായി ഏത്‌ ഷോകള്‍ക്കും റെഡിയാണ്‌. ബെയ്‌ജിംഗില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തിയാണ്‌ അദ്ദേഹം 75 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലം നേടിയത്‌. ഈ മികവ്‌ നിലനിര്‍ത്തി ഈയിടെ ഇറ്റലിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അദ്ദേഹം ലോക ബോക്‌സിംഗ്‌ മെഡലുമായി എത്തിയപ്പോള്‍ ആയിരങ്ങളാണ്‌ സ്വീകരിക്കാന്‍ എത്തിയിരുന്നത്‌. ലോക തലത്തില്‍ ഇനിയും ബോക്‌സിംഗ്‌ മെഡലുകള്‍ സ്വന്തമാക്കാന്‍ രാജ്യത്തിന്‌ കഴിയുമെന്നും ഇത്‌ തുടക്കം മാത്രമാണെന്നും അദ്ദേഹം പറയുന്നു. അടുത്ത വര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടക്കുന്നുണ്ട്‌. ഈ ഗെയിംസില്‍ റിംഗില്‍ നിന്ന്‌ ഇന്ത്യക്ക്‌ കൂടുതല്‍ മെഡലുകള്‍ ലഭിക്കുമെന്നും ഹരിയാനക്കാരന്‍ വ്യക്തമാക്കുന്നു.

ലോക ഷൂട്ടിംഗ്‌-ഇന്ത്യ പിന്മാറി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ഒരുക്കങ്ങളുടെ കാര്യത്തില്‍ കോമണ്‍വെല്‍ത്ത്‌ ഫെഡറേഷന്‍ തലവന്റെ ചീത്തവിളി കേട്ട ഇന്ത്യക്ക്‌ ഇതാ മറ്റൊരു നാണക്കേട്‌. ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ തീരുമാനിച്ച ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ അവസാന നിമിഷത്തില്‍ ദേശീയ റൈഫിള്‍ അസോസിയേഷന്‍ പിന്മാറി. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വെച്ച്‌ ചാമ്പ്യന്‍ഷിപ്പ്‌ നടത്താനായിരുന്നു തീരുമാനം. പിസ്റ്റള്‍, റൈഫിള്‍ ഇനത്തിലായിരുന്നു ചാമ്പ്യന്‍ഷിപ്പ്‌. അടുത്ത വര്‍ഷം മാര്‍ച്ച്‌ ആവുമ്പോഴേക്കും ഷൂട്ടിംഗ്‌ റേഞ്ച്‌ തയ്യാറാക്കാന്‍ കഴിയില്ല എന്നാണ്‌ പിന്മാറ്റത്തിന്‌ കാരണമായി റൈഫിള്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്‌. ലോക റൈഫിള്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനം കൊണ്ട്‌ ഒളിംപിക്‌ ബെര്‍ത്തില്ല എന്ന തിരിച്ചറിവാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പിന്മാറാനുളള കാരണമായും പറയപ്പെടുന്നുണ്ട്‌. ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ്‌ സ്‌പോര്‍ട്‌സ്‌ ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ്‌ ഇന്ത്യ പിന്മാറിയ കാര്യം അറിയിച്ചത്‌. ഡല്‍ഹിയില്‍ ലോക ചാമ്പ്യന്‍ഷിപ്പ്‌ നടന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ മികവ്‌ പ്രകടപ്പിക്കാന്‍ കഴിയുമെന്നും അത്‌ വഴി ഒളിംപിക്‌ ബെര്‍ത്ത്‌ നേടാന്‍ കഴിയുമെന്നാണ്‌ ഇന്ത്യന്‍ സംഘാടകര്‍ കരുതിയത്‌. എന്നാല്‍ 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിനുള്ള ക്വാട്ട നിശ്ചയിക്കുക ഒളിംപിക്‌സിന്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ മാത്രമായിരിക്കും എന്ന സത്യം തിരിച്ചറിയാന്‍ ദേശീയ റൈഫിള്‍ ഫെഡറേഷന്‍ വൈകി. 2010 ല്‍ മ്യൂണിച്ചില്‍ നടത്തുന്ന ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ വെച്ചായിരിക്കും ഒളിംപിക്‌സ്‌ ക്വാട്ട നിശ്ചയിക്കുക.

ഇന്ത്യക്ക്‌ ലീഡ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ലിയാന്‍ഡര്‍ പെയ്‌സിന്റെ അഭാവത്തില്‍ യുവതാരം സോമദേവ്‌ ദേവര്‍മാന്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഡേവിസ്‌ കപ്പ്‌ ടെന്നിസില്‍ ഇന്ത്യക്ക്‌ വിജയത്തുടക്കം നല്‍കി. ഇന്നലെ നടന്ന ആദ്യ സിംഗിള്‍സില്‍ ദേവര്‍മാന്‍ ദക്ഷിണാഫ്രിക്കയുടെ ഇകസ്‌ വാന്‍ഡെര്‍ മെര്‍വിനെ പരാജയപ്പെടുത്തി. യു.എസ്‌ ഓപ്പണ്‍ സിംഗിള്‍സ്‌ ഇനത്തില്‍ കളിച്ച്‌ ലോക ശ്രദ്ധ നേടിയ സോമദേവ്‌ അതേ പ്രകടം ആവര്‍ത്തിച്ചാണ്‌ രാജ്യത്തിന്‌ ലീഡ്‌ സമ്മാനിച്ചത്‌. രണ്ടാം സിംഗിള്‍സില്‍ രോഹന്‍ ബോപ്പണ റിക്‌ ഡി വോര്‍ട്ടിനെ പരാജയപ്പെടുത്തി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക്‌ 2-0 ത്തിന്റെ ലീഡായി. റിവേഴ്‌സ്‌ സിംഗിള്‍സും ഡബിള്‍സും ഇന്ന്‌ നടക്കും.

ദക്ഷിണാഫ്രിക്കക്ക്‌ കോപം
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഐ.സി.സി അവാര്‍ഡ്‌ പട്ടികയില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തെയും എന്ത്‌ കൊണ്ട്‌ ഉള്‍പ്പെടുത്തിയില്ല...? ചോദ്യം ഉന്നയിക്കുന്നത്‌ മറ്റാരുമല്ല-ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്കയുടെ സി.ഇ.ഒ ആയ ജെറാര്‍ഡ്‌ മജോള. ആഷസില്‍ പങ്കെടുത്താല്‍ മാത്രമാണ്‌ നോമിനേഷന്‍ ലഭിക്കുകയെന്ന തോന്നലാണ്‌ ഇത്തവണ അവാര്‍ഡ്‌ പട്ടിക നല്‍കുന്നതെന്ന്‌ അദ്ദേഹം പരിഹസിച്ചു. ഐ.സി.സി ടെസ്‌റ്റ്‌, ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയാണ്‌ ഒന്നാമത്‌. എന്നിട്ടും ഒരു ദക്ഷിണാഫ്രിക്കന്‍ താരത്തിന്‌ പോലും നോമിനേഷന്‍ ലഭിച്ചില്ല. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ താരങ്ങള്‍ ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ എന്നിവര്‍ക്കായി കളിക്കുന്നില്ല. അത്‌ കൊണ്ടായിരിക്കാം അവരെ തഴഞ്ഞത്‌. നോമിനേഷന്‍ മാനദണ്ഡം എന്താണെന്ന്‌ എനിക്കറിയില്ല. പക്ഷേ ഇത്‌ ദക്ഷിണാഫ്രിക്കന്‍ താരങ്ങളോടുളള അനീതിയാണ്‌. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇത്തവണത്തെ അവാര്‍ഡിന്‌ മാന്യതയില്ല. ഞങ്ങളെ അപമാനിക്കാനെന്നോണം അവാര്‍ഡ്‌ദാനം നടത്തുന്നതാവട്ടെ ഞങ്ങളുടെ നാട്ടിലും-കോപാകുലനായി മജോള പറഞ്ഞു. ഐ.സി.സിയുടെ അവഗണന തന്റെ താരങ്ങളെ പ്രചോദിപ്പിക്കുമന്നാണ്‌ നായകന്‍ ഗ്രയീം സ്‌മിത്ത്‌ പറഞ്ഞത്‌.

സര്‍ക്കാര്‍ മറുപടി നല്‍കണം
ലണ്ടന്‍:ലോക ഉത്തേജക വിരുദ്ധ ഏജന്‍സി-വാഡ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ വിടാന്‍ ഒരുക്കമില്ല. വാഡയുടെ ഉടമ്പടിയില്‍ ഇത്‌ വരെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ ഒപ്പുവെച്ചിട്ടില്ല. ഉടമ്പടയിലെ വിവാദ നിര്‍ദ്ദേശത്തോട്‌ താല്‍പ്പര്യമില്ല എന്ന ക്രിക്കറ്റര്‍മാരുടെ നിലപാടിനൊപ്പം നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ വാഡ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കയാണ്‌. നിര്‍ണ്ണായക കരാറില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട്‌ തേടി വാഡ തലവന്‍ ജോണ്‍ ഫാഹെ സര്‍ക്കാരിന്‌ കത്ത്‌ എഴുതിയിട്ടുണ്ട്‌. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നിലപാട്‌ തന്നെയാണോ സര്‍ക്കാരിന്‌ എന്നറിയാനാണ്‌ കത്ത്‌. എന്നാല്‍ കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി എം.എസ്‌ ഗില്‍ നേരത്തെ തന്നെ കരാറിന്‌ അനുകൂലമായി സംസാരിച്ചിരുന്നു. ക്രിക്കറ്റര്‍മാരുടെ നിലപാടിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്‌തിരുന്നു. ഈ നിലപാട്‌ പക്ഷേ ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. ഔദ്യോഗിക തീരുമാനം ലഭിക്കാനാണ്‌ വാഡ കത്തെഴുതിയിരിക്കുന്നത്‌.
കരാറിലെ വിവാദമായ, താരങ്ങള്‍ എവിടെയുണ്ടെന്ന്‌ മുന്‍ക്കൂട്ടി അറിയിക്കാനുള്ള വ്യവസ്ഥയിലാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റര്‍മാര്‍ ഉടക്കിയിരിക്കുന്നത്‌. തങ്ങള്‍ എവിടെയുണ്ടെന്ന്‌ മുന്‍കൂട്ടി അറിയിച്ചാല്‍ അത്‌ സുരക്ഷയെ തന്നെ ബാധിക്കുമെന്നാണ്‌ സച്ചിനുള്‍പ്പെടെയുളളവരുടെ നിലപാട്‌. എന്നാല്‍ താരങ്ങള്‍ നല്‍കുന്ന അറിയിപ്പ്‌ മറ്റൊരാളും അറിയില്ലെന്ന്‌ വാഡ ഉറപ്പ്‌ നല്‍കുന്നുണ്ട്‌. ലോകോത്തര താരങ്ങളായ കൃസ്‌റ്റിയാനോ റൊണാള്‍ഡോ, റോജര്‍ ഫെഡ്‌റര്‍,സറീന വില്ല്യംസ്‌ തുടങ്ങിയവരെല്ലാം കരാറില്‍ ഒപ്പിട്ടിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ അകന്നു നല്‍ക്കുന്നതില്‍ വാഡക്ക്‌ എതിര്‍പ്പുണ്ട്‌. ലോക ക്രിക്കറ്റിനെ ഭരിക്കുന്ന ഐ.സി.സി വാഡ കരാറിന്‌ അനുകൂലമാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വിട്ടുനില്‍ക്കുന്നപക്ഷം അവര്‍ക്ക്‌ ലോകകപ്പ്‌ ഉള്‍പ്പെടെ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിക്കാന്‍ കഴിയില്ല. അടുത്തയാഴ്‌ച്ച ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനോടനുബന്ധിച്ച്‌ ഐ.സി.സി എക്‌സിക്യൂട്ടീവ്‌ ജോഹന്നാസ്‌ബര്‍ഗ്ഗില്‍ ചേരുന്നുണ്ട്‌. ഈ യോഗത്തില്‍ വാഡ കരാര്‍ സംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.

യൂറോപ്യന്‍ ലീഗ്‌
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ ഇന്നും തകര്‍പ്പന്‍ മല്‍സരങ്ങള്‍. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഇന്ന്‌ നടക്കുന്ന മല്‍സരങ്ങള്‍ ഇവയാണ്‌: ആഴ്‌സനല്‍-വിഗാന്‍, ആസ്‌റ്റണ്‍വില്ല-പോര്‍ട്‌്‌സ്‌മൗത്ത്‌, ബോള്‍ട്ടണ്‍-സ്‌റ്റോക്ക്‌ സിറ്റി, ബേര്‍ണ്‍ലി-സുതര്‍ലാന്‍ഡ്‌, ഹള്‍-ബിര്‍മിംഗ്‌ഹാം, വെസ്‌റ്റ്‌ഹാം-ലിവര്‍പൂള്‍.
സ്‌പാനിഷ്‌ ലീഗ്‌: ബാര്‍സിലോണ-അത്‌ലറ്റികോ മാഡ്രിഡ്‌, ഡിപ്പോര്‍ട്ടീവോ-എസ്‌പാനിയോള്‍, മലാഗ-റേസിംഗ്‌ സാന്‍ഡര്‍, മയോര്‍ക്ക-ടെനറിഫെ, ഒസാസുന-സെവിയെ.
ഇറ്റാലിയന്‍ സിരീയ എ: യുവന്തസ്‌-ലിവോര്‍ണോ, നാപോളി-ഉദിനസ്‌.
ഗോവന്‍ യുദ്ധം
ന്യൂഡല്‍ഹി: അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന്‌ ഗോവന്‍ അങ്കം. ഡ്യൂറാന്‍ഡ്‌ കപ്പ്‌ ഫുട്‌ബോള്‍ സെമിയില്‍ ഇന്ന്‌ ചര്‍ച്ചില്‍ ബ്രദേഴ്‌സും ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബും ഏറ്റുമുട്ടുമ്പോള്‍ മൈതാനത്ത്‌ തീപ്പാറുമെന്ന കാര്യത്തില്‍ സംശയമില്ല. ചര്‍ച്ചില്‍ നിലവിലെ ഐ ലീഗ്‌ ജേതാക്കളാണ്‌. ഐ.എഫ്‌.എ ഷീല്‍ഡിലും അവരായിരുന്നു ജേതാക്കള്‍. ഒഡാഫെ ഒനാകെ ഉള്‍പ്പെടെ ശക്തരായ മുന്‍നിരക്കാരാണ്‌ ചര്‍ച്ചിലിന്റെ കരുത്ത്‌. ഗോള്‍വേട്ടക്കാരനായ റാന്‍ഡി മാര്‍ട്ടിനസാണ്‌ ഡെംപോയുടെ മുതല്‍ക്കൂട്ട്‌.

No comments: