Tuesday, September 29, 2009

INDIA IN DIALAMA

തേര്‍ഡ്‌ ഐ
മഹേന്ദ്രസിംഗ്‌ ധോണി പറയുന്നത്‌ പാക്കിസതാന്‌ വേണ്ടി പ്രാര്‍ത്ഥിക്കാനാണ്‌. പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്‍ സ്വപ്‌നം കാണുന്നതാവട്ടെ ഒരു ഇന്ത്യ -പാക്കിസ്‌താന്‍ ചാമ്പ്യന്‍സ്‌ ട്രോഫി ഫൈനലും...! ഈ അയല്‍പക്ക സ്‌നേഹത്തെ വാഴ്‌ത്തണം.
ലോക ക്രിക്കറ്റിലെ ഇന്ത്യ-പാക്കിസ്‌താന്‍ ഫൈനല്‍ സ്വപ്‌നതുല്യമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സ്വപ്‌നം സത്യമാവാന്‍ ഇന്ന്‌ കളിക്കളത്തിലും കളത്തിന്‌ പുറത്തുമെല്ലാം അല്‍ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടി വരും. അത്രമാത്രം കുഴഞ്ഞ്‌ കിടക്കുകയാണ്‌ കാര്യങ്ങള്‍. പാക്കിസ്‌താന്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല. രണ്ട്‌ വിജയങ്ങളുമായി അവര്‍ സെമി ഉറപ്പാക്കിയിരിക്കുന്നു. ഇന്ത്യയാണ്‌ ത്രിശങ്കുവില്‍.
ധോണിയും സംഘവും സ്വയം കുഴിച്ച കുഴിയിലാണ്‌ അകപ്പെട്ടിരിക്കുന്നത്‌. പാക്കിസ്‌താനെതിരായ മല്‍സരം അല്‍പ്പം ഗൗരവത്തോടെ എടുത്തിരുന്നെങ്കില്‍ ഇങ്ങനെ അന്യന്റെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കേണ്ടി വരുമായിരുന്നില്ല. ഓര്‍ത്തുനോക്കുക ആ രണ്ട്‌ റണ്ണൗട്ടുകള്‍-ഗൗതം ഗാംഭീറും രാഹുല്‍ ദ്രാവിഡും ആലസ്യത്തിന്റെ ദുരന്ത ചിത്രങ്ങളായതാണ്‌ സെഞ്ചൂറിയനില്‍ ഇന്ത്യക്ക്‌ തിരിച്ചടിയാത്‌. നല്ല ഫോമില്‍ നില്‍ക്കുമ്പോഴാണ്‌ ഗാംഭീര്‍ വെറുതെ പുറത്തായത്‌. ദ്രാവിഡും അങ്ങനെ തന്നെ.... ഓസ്‌ട്രേലിയക്കെതിരായ മല്‍സരം മഴയില്‍ മുങ്ങിയത്‌ കാരണമാണ്‌ ചെറിയ സാധ്യതയെങ്കിലും ഇന്ത്യക്ക്‌ കൈവന്നത്‌ എന്നതും മറക്കാനാവില്ല. ഓസ്‌ട്രേലിയ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ പാതി വഴി പിന്നിട്ടപ്പോള്‍ നേടിയ സ്‌ക്കോര്‍ പരിഗണിച്ചാല്‍ ഇന്ത്യ രണ്ടാ ം മല്‍സരത്തിലും തോല്‍ക്കുമെന്നുറപ്പായിരുന്നു. അങ്ങനെ തോറ്റിരുന്നെങ്കില്‍ ഇത്തരം സാധ്യതകളും ഇലല്ലാതാവുമായിരുന്നു.
ഇന്ന്‌ ധോണി മാത്രമല്ല കോച്ച്‌ ഗാരി കിര്‍സ്‌റ്റണും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫുമെല്ലാം കടലാസ്‌ തുണ്ടുമായി ഇറങ്ങേണ്ടി വരും. സെഞ്ചൂറിയനിലെ പകല്‍ മല്‍സരത്തിലാണ്‌ പാക്കിസ്‌താനും ഓസ്‌ട്രേലിയയും കളിക്കുന്നത്‌ എന്നത്‌ ഇന്ത്യക്ക്‌ ഉപകാരമാവും. കാരണം രാത്രിയിലാണ്‌ ഇന്ത്യ വിന്‍ഡീസുമായി കളിക്കുന്നത്‌. പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ മല്‍സരത്തിന്റെ ദിശയറിഞ്ഞ്‌ ഇന്ത്യക്ക്‌ ആദ്യ ഇലവന്‍ ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ബുദ്ധിപൂര്‍വ്വം നീങ്ങാം. ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു എന്ന്‌ കരുതുക. അപ്പോള്‍ പിന്നെ ഇന്ത്യയുടെ ആദ്യ ലക്ഷ്യം വിന്‍ഡീസിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ച്‌ റണ്‍ റേറ്റ്‌ ഉയര്‍ത്തുക എന്നതാണ്‌. നിലവില്‍ ഇന്ത്യന്‍ റണ്‍ റേറ്റ്‌ -1.08 ആണ്‌. ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താനോട്‌ 54 ണ്‍സിന്‌ തോറ്റതാണ്‌ വിനയായത്‌. അതേ സമയം വിന്‍ഡീസിനെ 50 റണ്‍സിന്‌ തോല്‍പ്പിച്ചത്‌ വഴി ഓസ്‌ട്രേലിയക്ക്‌ +1.00 റണ്‍ റേറ്റുണ്ട്‌. പാക്കിസ്‌താന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിക്കുകയും ചെയ്‌താല്‍ രണ്ട്‌ ടീമുകളും മൂന്ന്‌ പോയന്റില്‍ തുല്യത വരും. റണ്‍ റേറ്റായിരിക്കും അപ്പോള്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണ്ണയിക്കുക. റണ്‍ റേറ്റില്‍ ഓസ്‌ട്രേലിയയെ പിറകിലാക്കണമെങ്കില്‍ ഇന്ത്യ വിന്‍ഡീസിനെതിരെ വലിയ വിജയം നേടണം. ഉദാഹരണത്തിന്‌ ഓസ്‌ട്രേലിയ പാക്കിസ്‌താനോട്‌ 25 റണ്‍സിനാണ്‌ തോല്‍ക്കുന്നതെങ്കില്‍ ഇന്ത്യ വിന്‍ഡീസിനെ 80 റണ്‍സിനെങ്കിലും തോല്‍പ്പിക്കണം. അല്ലെങ്കില്‍ പാക്കിസ്‌താനെതിരെ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ ഓസ്‌ട്രേലിയ 250 റണ്‍സാണ്‌ നേടിയതെങ്കില്‍ ഇന്ത്യ വിന്‍ഡീസിനെതിരെ 40 ഓവറിനുളളില്‍ വിജയിക്കണം.
ഇനി ഇന്നും മഴയാണെന്ന്‌ കരുതുക. മല്‍സരം ഉപേക്ഷിച്ചാല്‍ ഇന്ത്യക്ക്‌ കാലാവസ്ഥയെ കുറ്റം പറഞ്ഞ്‌ മടങ്ങാം. പാക്കിസ്‌താന്‍ നല്ല ഫോമില്‍ കളിക്കുന്ന ടീമാണ്‌. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും അവര്‍ ആധികാരികത പുലര്‍ത്തിയിട്ടുണ്ട്‌. പക്ഷേ ഓസ്‌ട്രേലിയക്കെതിരെ കളിക്കുമ്പോള്‍ അവര്‍ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന പ്രശ്‌നമുണ്ട്‌. നല്ല ഫോമില്‍ കളിച്ചാല്‍ പാക്കിസ്‌താനെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമാവില്ല. അതേ പാക്കിസ്‌താന്‍ വിന്‍ഡീസിനെതിരെ ഒരു ഘട്ടത്തില്‍ തകര്‍ന്ന കാഴ്‌ച്ചയും കണ്ടതാണ്‌. റിക്കി പോണ്ടിംഗിന്റെ സംഘത്തിന്‌ പഴയ കരുത്തില്ല എന്നത്‌ മാത്രമാണ്‌ ഇവിടെ ഇന്ത്യക്ക്‌ പ്രതീക്ഷ നല്‍കുന്നത്‌. വിന്‍ഡീസിനെ എളുപ്പത്തിലങ്ങ്‌ തോല്‍പ്പിക്കാമെന്ന വ്യാമോഹം ഇന്ത്യക്കുണ്ടാവില്ല. അവരുടെ സംഘത്തില്‍ ക്രിസ്‌ ഗെയിലും രാം നരേഷ്‌ സര്‍വനും ശിവനാരായണ്‍ ചന്ദര്‍പോളുമൊന്നുമില്ല. പക്ഷേ ഫ്‌ളെച്ചറും ടോംഗയും ടിനോ ബെസ്‌റ്റുമെല്ലാ അപകടകാരികളാണ്‌.
എന്തായാലും പ്രതീക്ഷയോടെ കണക്കക്കൂട്ടലുകളുമായി കാത്തിരിക്കാം.


തിരിച്ചടി
കൊച്ചി: ഐ ലീഗ്‌ ഫുട്‌ബോള്‍ ഒരു ദിവസം മാത്രം അടുത്തിരിക്കെ വിവ കേരളക്ക്‌ കനത്ത തിരിച്ചടി. ടീമിന്റെ മുന്‍നിരക്കാരന്‍ സി.എസ്‌ സാബിത്തിന്‌ പരുക്ക്‌ മൂലം ഐ ലീഗിന്റെ ആദ്യ ഘട്ടം നഷ്ടമാവും. പരിശീലനത്തിനിടെ കാല്‍മുട്ടിനേറ്റ പരുക്കാണ്‌ സാബിത്തിന്‌ വിനയായിരിക്കുന്നത്‌. ഇത്‌ രണ്ടാം തവണയാണ്‌ ഒരു മേജര്‍ ചാമ്പ്യന്‍ഷിപ്പിന്‌ തൊട്ട്‌ മുമ്പ്‌ സാബിത്തിന്‌ പരുക്കേല്‍ക്കുന്നതും അവസരങ്ങള്‍ നഷ്‌ടമാവുന്നതും. ഇന്ത്യന്‍ അണ്ടര്‍-19 ടീം അംഗമായിരുന്ന സാബിത്തിന്‌ ദേശീയ ലീഗ്‌ രണ്ടാം ഡിവിഷനിലും പരുക്ക്‌ കാരണം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഐ ലീഗില്‍ സാല്‍ഗോക്കര്‍ ഗോവക്കെതിരെ ഫത്തോര്‍ഡയിലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നിനാണ്‌ വിവയുടെ ആദ്യ മല്‍സരം.
വീണ്ടും സ്‌പെയിന്‍
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20 ലോകകപ്പ്‌ ഫുട്‌ബോളില്‍ സ്‌പെയിനിന്‌ തുടര്‍ച്ചയായ രണ്ടാം വിജയം. ഗ്രൂപ്പ്‌ ബിയിലെ ആദ്യ മല്‍സരത്തില്‍ താഹിതിയെ എട്ട്‌ ഗോളിന്‌ തരിപ്പണമാക്കിയ കാളപ്പോരിന്റെ നാട്ടുകാര്‍ രണ്ടാം മല്‍സരത്തില്‍ നൈജീരിയയെ രണ്ട്‌ ഗോളിന്‌ തകര്‍ത്തു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും താഹിതി എട്ട്‌ ഗോളുകള്‍ വാങ്ങുന്നതും ഇന്നലെ കണ്ടു. വെനിസ്വേലക്കാരാണ്‌ ഇന്നലെ എട്ട്‌ ഗോളുകള്‍ താഹിതികാര്‍ക്ക്‌ സമ്മാനിച്ചത്‌. ഗ്രൂപ്പ്‌ എ യിലെ മല്‍സരത്തില്‍ ഇറ്റലി 2-1ന്‌ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടൂബാഗോയെ പരാജയപ്പെടുത്തി. ആദ്യ മല്‍സരത്തില്‍ പരാഗ്വേക്കെതിരെ ഗോളടിക്കാന്‍ മറന്ന ഇറ്റലിക്ക്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇത്‌ ആദ്യ വിജയമാണ്‌. അതേ സമയം വലിയ പ്രതീക്ഷകളുമായി രണ്ടാം മല്‍സരം കളിച്ച ആതിഥേയരായ ഈജിപ്‌തിന്‌ കാലിടറി. പരാഗ്വേക്കെതിരായ മല്‍സരത്തില്‍ അവര്‍ 1-2ന്‌ തോറ്റു. ഇന്നത്തെ മല്‍സരങ്ങളില്‍ ബ്രസീല്‍ ചെക്‌ റിപ്പബ്ലിക്കുമായും ഓസ്‌ട്രേലിയ കോസ്‌റ്റാറിക്കയുമായി ഗ്രൂപ്പ്‌ ഇ യില്‍ കളിക്കുമ്പോള്‍ എഫ്‌ ഗ്രൂപ്പിലെ പോരാട്ടങ്ങളില്‍ ഹംഗറി ദക്ഷിണാഫ്രിക്കയെയും യു.എ.ഇ ഹോണ്ടുറാസിനെയും നേരിടും.

ആന്‍ഡ്ര്യൂ റെഡിയാണ്‌...
ലണ്ടന്‍: ഇംഗ്ലണ്ടിന്‌ വേണ്ടി കളിക്കാന്‍ ലഭിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുമെന്ന്‌ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌. പക്ഷേ ഇംഗ്ലീഷ്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡുമായി കരാറിനില്ല. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്നാണ്‌ വിരമിച്ചിരിക്കുന്നത്‌. ഏകദിനങ്ങളിലും 20-20 യിലും രാജ്യത്തിനായി എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തും. കരാറില്‍ ഒപ്പിടാതിരിക്കുന്നത്‌ വലിയ ബാധ്യതകള്‍ വേണ്ട എന്ന്‌ കരുതിയാണ്‌. രാജ്യം എപ്പോള്‍ വിളിച്ചാലും കളിക്കാന്‍ റെഡിയാണെന്ന്‌ കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക്‌ ശേഷം വിശ്രമിക്കുന്ന താരം പറഞ്ഞു. ക്രച്ചസിലാണിപ്പോള്‍ ഫ്‌ളിന്റോഫിന്റെ നടത്തം. ആറ്‌ മാസത്തോളം അദ്ദേഹത്തിന്‌ മൈതാനത്തിറങ്ങാന്‍ കഴിയില്ല.
കൈയ്യടിക്കുക, പാക്കിസ്‌താന്‌ വേണ്ടി....
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: പാക്കിസ്‌താന്‍ ടീമിന്‌ വേണ്ടി കൈയ്യടിക്കാന്‍ ഇത്‌ വരെ ഒരു ഇന്ത്യന്‍ നായകനും പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷേ മഹേന്ദ്രസിംഗ്‌ ധോണി പാക്കിസ്‌താന്‌ വേണ്ടി കൈയ്യടിക്കാന്‍ ഇന്ത്യന്‍ ആരാധകരോട്‌ അഭ്യര്‍ത്ഥിക്കുന്നു. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ നിലനില്‍പ്പിന്റെ യുദ്ധത്തില്‍ ഇന്ന്‌ വിന്‍ഡീസുമായി കളിക്കുന്ന ഇന്ത്യക്ക്‌ പാക്കിസ്‌താന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ മാത്രമാണ്‌ രക്ഷ. ഇന്ന്‌ ആദ്യ മല്‍സരം പാക്കിസ്‌താനും ഓസ്‌ട്രേലിയയും തമ്മിലാണ്‌. ഈ പകല്‍ മല്‍സരത്തില്‍ പാക്കിസ്‌താന്‍ ജയിച്ചാല്‍, രാത്രിയില്‍ വിന്‍ഡീസുമായി കളിക്കുന്ന ഇന്ത്യക്ക്‌ രക്ഷയുണ്ട്‌. ഓസ്‌ട്രേലിയ പാക്കിസ്‌താനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ കഥ അതോടെ കഴിയും. ഗ്രപ്പ്‌ ബി യില്‍ നിന്ന്‌ നിലവില്‍ സെമി ഉറപ്പിച്ചവര്‍ പാക്കിസ്‌താന്‍ മാത്രമാണ്‌. കളിച്ച രണ്ട്‌ മല്‍സരങ്ങളും ആധികാരികമായി ജയിച്ച യൂനസ്‌ഖാന്റെ സംഘത്തിന്‌ നാല്‌ പോയന്റുണ്ട്‌. രണ്ടാം സ്ഥാനത്ത്‌ മൂന്ന്‌ പോയന്റുളള ഓസ്‌ട്രേലിയയാണ്‌. ഓസ്‌ട്രേലിയ ഇന്ന്‌ വിജയിക്കുന്നപക്ഷം അവര്‍ക്ക്‌ അഞ്ച്‌ പോയന്റാവും. നാല്‌ പോയന്റുളള പാക്കിസ്‌താനും ഒപ്പം സെമിയിലെത്തും. ഇന്ത്യയും വിന്‍ഡീസും പുറത്താവുകയും ചെയ്യും.
ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ മുന്നേറാന്‍ ഇന്ത്യ പാക്കിസ്‌താന്‌ വേണ്ടി പ്രാത്ഥിക്കേണ്ടി വരുമെന്നാണ്‌ ധോണി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്‌. ഇന്ത്യന്‍ ടീമിന്റെ മെച്ചപ്പെട്ട പ്രകടനം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്‌. അതിനൊപ്പം ഓസ്‌ട്രേലിയയെ പാക്കിസ്‌തന്‍ തോല്‍പ്പിക്കുമെന്ന പ്രതീക്ഷയും എല്ലാവര്‍ക്കുമുണ്ടാവുമെന്ന്‌ ക്യാപ്‌റ്റന്‍ പറഞ്ഞു. ഇന്ന്‌ ആദ്യം നടക്കുന്ന പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ മല്‍സരം സസൂക്ഷ്‌മം നിരീക്ഷിച്ചായിരിക്കും തന്റെ ടീമിനെ പ്രഖ്യപിക്കുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. ടീം പ്രഖ്യാപനം എന്തായാലും അവസാന നിമിഷത്തിലായിരിക്കും. പാക്കിസ്‌താന്‍ -ഓസ്‌ട്രേലിയ മല്‍സരം പുരോഗമിക്കുന്നതിനനുസരിച്ചായിരിക്കും സെലക്ഷന്‍. ബാറ്റിംഗാണ്‌ മെച്ചപ്പെടുത്തേണ്ടതെങ്കില്‍ ആ ദിശയില്‍ ടീമിനെ പ്രഖ്യാപിക്കും. ബൗളിംഗിലാണ്‌ മുന്‍ത്തൂക്കം വേണ്ടതെങ്കില്‍ ആ ദിശയില്‍ ടീമിനെ തെരഞ്ഞെടുക്കും. ഇന്ന്‌ നടക്കുന്ന മല്‍സരം സാധാരണ മല്‍സരമല്ല. പലവിധ കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടി വരും-പ്രത്യേകിച്ച റണ്‍ റേറ്റില്‍. എല്ലാ കാര്യത്തിലും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫിനെ കൂടാതെ സീനിയര്‍ താരങ്ങളുടെ ഉപദേശവും വേണം. ബൗളിംഗാണ്‌ പ്രശ്‌നമാവുന്നതെന്ന്‌ ധോണി പറഞ്ഞു. പാക്കിസ്‌താനെതിരായ മല്‍സരത്തില്‍ ബൗളര്‍മാര്‍ പ്രതീക്ഷ കാത്തില്ല. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിലും ശരാശരിക്കപ്പുറം ബൗളര്‍മാര്‍ പോയില്ല. ഇശാന്ത്‌ ശര്‍മ്മയെ കുറ്റം പറയാന്‍ പക്ഷേ നായകന്‍ തയ്യാറല്ല. അദ്ദേഹത്തിന്‌ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ സത്യമാണ്‌. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തിലെ തന്റെ രണ്ടാം സ്‌പെല്ലില്‍ ഇശാന്ത്‌ മനോഹരമായി പന്തെറിഞ്ഞിരുന്നു. ബൗളര്‍മാര്‍ ക്യത്യത പാലിക്കാത്തപക്ഷം പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും നായകന്‍ പറയുമ്പോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ വിജയത്തിനായി രണ്ടും കല്‍പ്പിച്ച്‌ പൊരുതുമെന്ന്‌ വിന്‍ഡീസ്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. പാക്കിസ്‌താന്‍, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെ പരാജയപ്പെട്ടുവെങ്കിലും വിന്‍ഡീസിന്റെ യുവനിര പോരാട്ടവീര്യം പ്രകടിപ്പിക്കുന്നുണ്ട്‌.
ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തി വിജയിക്കുമെന്ന്‌ പാക്കിസ്‌താന്‍ നായകന്‍ യൂനസ്‌ഖാന്‍ പറഞ്ഞു. രണ്ട്‌ മല്‍സരങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞത്‌ ടീമിന്‌ പ്രതീക്ഷ നല്‍കുന്നുണ്ട്‌. ബൗളിംഗില്‍ അല്‍പ്പം കൂടി സ്ഥിരത പ്രകടിപ്പിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്‌താന്‍ ടീമില്‍ ഇന്ന്‌ മാറ്റമുണ്ടാവില്ല. ഓസ്‌ട്രേലിയക്ക്‌ പക്ഷേ ആഘാതമുണ്ട്‌. വൈസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌ പരുക്ക്‌ കാരണം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ തന്നെ പുറത്തായിട്ടുണ്ട്‌. പാക്കിസ്‌താന്‍-ഓസ്‌ട്രേലിയ മല്‍സരം ഉച്ചതിരിഞ്ഞ്‌ 12-45 നും ഇന്ത്യ-വിന്‍ഡീസ്‌ മല്‍സരം വൈകീട്ട്‌ 5-45 നുമാണ്‌ ആരംഭിക്കുന്നത്‌.

വിജേന്ദര്‍ നമ്പര്‍ വണ്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ കുമാറിന്‌ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം. 75 കിലോഗ്രാം മിഡില്‍ വെയ്‌റ്റ്‌ ഇനത്തിലാണ്‌ ലോകത്തെ ഒന്നടങ്കം ഭീവാനിക്കാരനായ വിജേന്ദര്‍ പിറകിലാക്കിയത്‌. ഇന്നലെ ഇന്റര്‍നാഷണല്‍ ബോക്‌സിംഗ്‌ അസോസിയേഷന്‍ (എ.ഐ.ബി.എ) പുറത്തിറക്കിയ റാങ്കിംഗിലാണ്‌ വിജേന്ദര്‍ വ്യക്തമായ മാര്‍ജിനില്‍ ഒന്നാം സ്ഥാനത്ത്‌ വന്നിരിക്കുന്നത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌്‌സില്‍ 75 കിലോ ഗ്രാം ഇനത്തില്‍ ഇന്ത്യക്ക്‌ വെങ്കലം സമ്മാനിച്ച വിജേന്ദര്‍ ഈയിടെ ഇറ്റലിയിലെ മിലാനില്‍ നടന്ന ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. രാജ്യത്തിന്‌ വേണ്ടി ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കിയതിന്‌ പിറകെയാണ്‌ ഇപ്പോള്‍ ഏറ്റവും വലിയ സ്ഥാനം 23 കാരന്‌ ലഭിച്ചിരിക്കുന്നത്‌. തൊട്ടടുത്ത പ്രതിയോഗിയെക്കാള്‍ 200 പോയന്റിന്റെ വ്യക്തമായ മാര്‍ജിനിലാണ്‌ വിജേന്ദര്‍ ഒന്നാമത്‌ വന്നിരിക്കുന്നത്‌. ഇത്‌ വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്‌ ഉസ്‌ബെക്കിസ്ഥാന്റെ അബാസ്‌ അതോവാണ്‌. അബാസാണ്‌ ലോക ചാമ്പ്യന്‍ഷിപ്പ്‌ സെമിയില്‍ വിജേന്ദറിനെ തോല്‍പ്പിച്ചത്‌. പക്ഷേ റാങ്കിംഗില്‍ അബാസ്‌ മൂന്നാമതാണ്‌. ക്യൂബയുടെ എമിലിയോ കോറിയ ബയാക്‌സാണ്‌ രണ്ടാം സ്ഥാനത്ത്‌. 48 കിലോഗ്രാം ലോക റാങ്കിംഗില്‍ ഇന്ത്യയുടെ മുന്‍ ലോക യൂത്ത്‌ ചാമ്പ്യനായ നനാവോ സിംഗ്‌ എട്ടാം സ്ഥാനത്തേക്ക്‌ പിന്തളളപ്പെട്ടു. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്നു നനാവോ. ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെളളി മെഡല്‍ നേടിയിരുന്ന നനാവോ ലോക ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 57 കിലോഗ്രാം ഫെതര്‍വെയിറ്റ്‌ ഇനത്തില്‍ ഒളിംപ്യന്‍ അഖില്‍ കുമാര്‍ പത്താം സ്ഥാനത്താണ്‌. 54 കിലോഗ്രം വിഭാഗത്തില്‍ ഒളിംപ്യന്‍ ജിതേന്ദര്‍ കുമാര്‍ പതിനാലാം സ്ഥാനത്താണ്‌. 81 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ദിനേശ്‌ കുമാര്‍ ആറാം സ്ഥാനത്താണ്‌.
ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണെന്ന്‌ വിജേന്ദര്‍ കുമാര്‍ പറഞ്ഞു. സമീപകാലത്ത്‌ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നുണ്ട്‌. ഒളിംപിക്‌സ്‌ മെഡലും ലോക ചാമ്പ്യന്‍ഷിപ്പ്‌ മെഡലും നല്‍കിയ ആഹ്ലാദം ഇപ്പോള്‍ അതിന്റെ ഉന്നതിയിലാണെന്നും വിജേന്ദര്‍ പറഞ്ഞു.
ഇന്ന്‌ ബയേണ്‍-യുവന്തസ്‌
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇന്ന്‌ ജര്‍മനി-ഇറ്റലി യുദ്ധം. ജര്‍മനിയിലെ ചാമ്പ്യന്‍ ക്ലബായ ബയേണ്‍ മ്യൂണിച്ച്‌ ഇറ്റലിയിലെ ശക്തരായ യുവന്തസുമായി കളിക്കുന്നത്‌ മ്യൂണിച്ചില്‍ വെച്ച്‌. ഇന്നത്തെ മറ്റ്‌ മല്‍സരങ്ങള്‍ ഇവയാണ്‌: ഏ.സി മിലാന്‍-എഫ്‌.സി സൂറിച്ച്‌, അപോല്‍ നികോസ്യ-ചെല്‍സി, ബോറോഡോക്‌സ്‌-മക്കാബി ഹൈഫ, സി.എസ്‌.കെ.ഇ മോസ്‌ക്കോ-ബെസികിറ്റാസ്‌, എഫ്‌.സി പോര്‍ട്ടോ-അത്‌ലറ്റികോ മാഡ്രിഡ്‌, മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌-വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌, റയല്‍ മാഡ്രിഡ്‌-മാര്‍സലി.

സിറ്റി തകര്‍ത്തു
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ കാര്‍ലോസ്‌ ടെവസിന്റെ മികവില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന മല്‍സരത്തിലവര്‍ വെസ്റ്റ്‌ഹാമിനെ 3-1ന്‌ തോല്‍പ്പിച്ചു. വെസ്റ്റ്‌ഹാമിന്റെ മുന്‍ താരമായിരുന്ന കാര്‍ലോസ്‌ ടെവസാണ്‌ രണ്ട്‌ ഗോളുകള്‍ സിറ്റിക്കായി നേടിയത്‌. ഈ വിജയത്തോടെ പോയന്റ്‌ ടേബിളില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ (18), ചെല്‍സി (18), ലിവര്‍പൂള്‍ (15), ടോട്ടന്‍ഹാം (15) എന്നിവര്‍ക്ക്‌ പിറകില്‍ സിറ്റി അഞ്ചാമതായി. അതിനിടെ ക്ലബിന്റെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ റോബിഞ്ഞോക്ക്‌ പരുക്ക്‌ കാരണം മൂന്നാഴ്‌ച്ച കൂടി നഷ്ടമാവുമെന്നുറപ്പായി. ബ്രസിലിന്‌ വേണ്ടി കളിക്കവെ പരുക്കേറ്റ റോബിഞ്ഞോ ഇനിയും ഫിറ്റ്‌നസ്‌ നേടിയിട്ടില്ല. സസ്‌പെന്‍ഷന്‍ കാരണം മറ്റൊരു സൂപ്പര്‍ താരം മാനുവല്‍ അബിദേയര്‍ ടീമിന്‌ പുറത്താണ്‌.

No comments: