Thursday, September 10, 2009

ARGENTRINA IN COMA


അര്‍ജന്റീന വെന്റിലേറ്ററില്‍
അസുന്‍സിയോണ്‍: അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളില്‍ അര്‍ജന്റീനയെ കാണണമെങ്കില്‍ ഇനി അല്‍ഭുതങ്ങള്‍ തന്നെ സംഭവിക്കണം...! യോഗ്യതാ റൗണ്ടില്‍ രണ്ട്‌ മല്‍സരങ്ങള്‍ മാത്രം അവശേഷിക്കവെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്‌ ഡിയാഗോ മറഡോണയുടെ സംഘം. അവശേഷിക്കുന്ന രണ്ട്‌ മല്‍സരങ്ങളില്‍ വലിയ മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റ്‌ ടീമുകളുടെ പ്രകടനത്തെയും ആശ്രയിച്ചാണ്‌ ഇനി മുന്‍ ലോക ചാമ്പ്യന്മാരുടെ മുന്നോട്ടുള്ള ഗമനം. ഇന്നലെ നടന്ന മല്‍
സരത്തില്‍ പരാഗ്വേയോട്‌ ഒരു ഗോളിന്‌ തോറ്റതോടെ അര്‍ജന്റീനയിപ്പോള്‍ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ്‌. ആദ്യ നാല്‌ സ്ഥാനക്കാര്‍ക്കാണ്‌ നേരിട്ട്‌ ഫൈനല്‍ റൗണ്ടിലേക്ക്‌ യോഗ്യത. അഞ്ചാം സ്ഥാനത്ത്‌ വരുന്നവര്‍ കോണ്‍കാകാഫില്‍ നിന്നുളള നാലാം സ്ഥാനക്കാരുമായി പ്ലേ ഓഫ്‌ കളിക്കണം. പത്ത്‌ ടീമുകളാണ്‌ ആകെ ലാറ്റിനമേരക്കന്‍ ഗ്രൂപ്പിലുള്ളത്‌. എല്ലാ ടീമുകളും 16 മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 33 പോയന്റോടെ ബ്രസീലും 30 പോയന്റോടെ പരാഗ്വേയും ഫൈനല്‍ റൗണ്ട്‌ യോഗ്യത നേടിയിട്ടുണ്ട്‌. 27 പോയന്റുമായി ചിലി മൂന്നാം സ്ഥാനത്തും 23 പോയന്റുമായി ഇക്വഡോര്‍ നാലാം സ്ഥാനത്തുമാണ്‌. 22 പോയന്റണ്‌ അര്‍ജന്റീനക്കുള്ളത്‌. എല്ലാ ടീമുകള്‍ക്കും രണ്ട്‌ റൗണ്ട്‌ മല്‍സരങ്ങളാണ്‌ ബാക്കിയുള്ളത്‌.
ഇന്നലെ നടന്ന മല്‍സരത്തില്‍ ബ്രസീല്‍ ചിലിയെ 4-2ന്‌ പരാജയപ്പെടുത്തി കരുത്ത്‌ നിലനിര്‍ത്തിയപ്പോള്‍ ബൊളിവിയയെ 3-1ന്‌ പരാജയപ്പെടുത്തിയാണ്‌ ഇക്വഡോര്‍ നാലാം സ്ഥാനത്ത്‌ വന്നത്‌. ബ്രസിലിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ചിലിക്ക്‌ ടിക്കറ്റ്‌ ഉറപ്പിക്കാമായിരുന്നു. ഇനി അവര്‍ അടുത്ത മല്‍സരം വരെ കാത്തിരിക്കണം. സൂപ്പര്‍ താരങ്ങളായ കക്ക, ലൂസിയോ, ലൂയിസ്‌ ഫാബിയാനോ,റോബിഞ്ഞോ തുടങ്ങിയവരൊന്നുമില്ലാതെ കളിച്ചാണ്‌ ബ്രസീല്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്‌. യോഗ്യതാ റൗണ്ടില്‍ ഡുംഗെ പരിശീലിപ്പിക്കുന്ന സംഘത്തിന്റെ തുടര്‍ച്ചയായ പതിനൊന്നാം ജയമാണിത്‌. കൊളംബിയയെ 3-1ന്‌ പരജായപ്പെടുത്തി ഉറുഗ്വേ സാധ്യത നിലനിര്‍ത്തിയിട്ടുണ്ട്‌. അര്‍ജന്റീനക്ക്‌ പിറകെ അവര്‍ 21 പേയന്റുമായി ആറാം സ്ഥാനത്താണ്‌. അവസാന മല്‍സരത്തില്‍ വെനിസ്വേല 3-1ന്‌ പെറുവിനെ പരാജയപ്പെടുത്തി.
കഴിഞ്ഞയാഴ്‌ച്ച സ്വന്തം മൈതാനമായ റൊസാരിയോയില്‍ വെച്ച്‌ ബ്രസീലിന്‌ മുന്നില്‍ മുട്ടുമടക്കിയ അര്‍ജന്റീനക്ക്‌ ഇന്നലെ വിജയം നിര്‍ബന്ധമായിരുന്നു. പക്ഷേ അസുന്‍സിയോണിലെ 40,000 ത്തിലധികം വരുന്ന പരാഗ്വേ ആരാധകര്‍ക്ക്‌ മുന്നില്‍ വിയര്‍ത്തു കളിച്ചിട്ടും മെസിക്കും സംഘത്തിനും ഒരു ഗോള്‍ നേടാനായില്ല. പരാഗ്വേയാവട്ടെ നിര്‍ണ്ണായക വിജയവുമായി വീണ്ടും ലോകകപ്പിന്‌ യോഗ്യത നേടുകയും ചെയ്‌തു. യോഗ്യതാ റൗണ്ടിലെ തുടര്‍ച്ചയായ നാലാം തോല്‍വിയില്‍ അര്‍ജന്റീനിന്‍ കോച്ച്‌ മറഡോണ ദു:ഖിതനായിരുന്നു. പക്ഷേ തന്റെ ശരീരത്തില്‍ ഒരു തുള്ളി രക്തമുണ്ടെങ്കില്‍ അര്‍ജന്റീനയെ ലോകകപ്പിലെത്തിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഉറുഗ്വേ പെറു എന്നിവരുമായാണ്‌ ഇനിയുളള മല്‍സരങ്ങള്‍. ഈ മല്‍സരങ്ങളില്‍ ജയിച്ചാല്‍ സാധ്യതയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. എനിക്കാരെയും പേടിയില്ല, വിമര്‍ശനങ്ങളെയും പേടിയില്ല. എന്നെ വിമര്‍ശിക്കുന്നവര്‍ ആരായാലും ഞാന്‍ എന്റെ ജോലി തുടരുമെന്നും മറഡോണ വികാരഭരിതനായി പറഞ്ഞു.

അര്‍ജന്റീനയുടെ ഇനിയുള്ള സാധ്യതകള്‍
ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ്‌ ഫൈനല്‍ റൗണ്ടില്‍ പന്ത്‌ തട്ടാന്‍ ഇനിയും അര്‍ജന്റീനക്ക്‌ അവസരമുണ്ട്‌. മികവിനൊപ്പം ഭാഗ്യവും വേണമെന്ന്‌ മാത്രം. വന്‍കരയില്‍ നിന്ന്‌ ബ്രസീലും പരാഗ്വേയും യോഗ്യത നേടിക്കഴിഞ്ഞു. ഇനി രണ്ട്‌ പേര്‍ക്ക്‌ കൂടി നേരിട്ട്‌ യോഗ്യത നേടാം. ഇതില്‍ ചിലിക്ക്‌ വ്യക്തമായ സാധ്യതയുണ്ട്‌. ഒരു മല്‍സരം ജയിച്ചാല്‍ അവര്‍ക്ക്‌ ബെര്‍ത്ത്‌ ലഭിക്കും. ഇക്വഡോറാണ്‌ അര്‍ജന്റീനക്ക്‌ കാര്യമായ വെല്ലുവിളി. അവര്‍ക്കിപ്പോള്‍ 23 പോയന്റുണ്ട്‌. പക്ഷേ അവരുടെ അടുത്ത രണ്ട്‌ മല്‍സരങ്ങളും കരുത്തരുമായാണ്‌. ആദ്യം ഉറുഗ്വേക്കെതിരെയും പിന്നെ ചിലിയുമായും. ഈ രണ്ട്‌്‌ മല്‍സരത്തിലും വ്യക്തമായ വിജയസാധ്യത അവര്‍ക്കില്ല. ഉറുഗ്വേക്കെതിരെ അടുത്ത മാസം പത്തിന്‌ ഹോം മല്‍സരമാണെങ്കില്‍ അടുത്ത മാസം 13 ലെ അവസാന മല്‍സരം എവേ പോരാട്ടമാണ്‌. ഈ രണ്ട്‌ മല്‍സരങ്ങളും ഇക്വഡോര്‍ ജയിച്ചാല്‍ അവര്‍ നാലാം സ്ഥാനക്കാരായി യോഗ്യത നേടും. അപ്പോള്‍ പിന്നെ അര്‍ജന്റീനക്ക്‌ അഞ്ചാം സ്ഥാനക്കാരുടെ പ്ലേ ഓഫ്‌ സാധ്യതയാണുള്ളത്‌. അര്‍ജന്റീനയുടെ അടുത്ത മല്‍സരം ഒക്ടോബര്‍ പത്തിന്‌ പെറുവുമായും 13ന്‌ ഉറുഗ്വേയുമായാണ്‌. ഈ രണ്ട്‌ മല്‍സരങ്ങളും ജയിച്ചാല്‍ അവര്‍ക്ക്‌ പ്ലേ ഓഫ്‌ സ്ഥാനം നിലനിര്‍ത്താനാവും. പെറുവിനെതിരെ ഹോം മല്‍സരമാണ്‌. വ്യക്തമായ വിജയം ഈ മല്‍സരത്തില്‍ മറഡോണ ഉറപ്പാക്കുന്നുണ്ട്‌. അതേ സമയം ഉറുഗ്വേക്കെതിരെ എവേ മല്‍സരമാണ്‌. ഈ മല്‍സരത്തിലും ജയിക്കണം. മൂന്നാം സ്ഥാനത്തുളള ചിലിക്ക്‌ ഇത്‌ വരെ സീറ്റ്‌ ഉറപ്പായിട്ടില്ല. അവരുടെ അവസാന മല്‍സരങ്ങള്‍ കൊളംബിയ, ഇക്വഡോര്‍ എന്നിവരുമായാണ്‌. ഈ മല്‍സരങ്ങളില്‍ ചിലിക്ക്‌ പിഴച്ചാല്‍ അവിടെയും അര്‍ജന്റീനക്ക്‌ സാധ്യതയുണ്ട്‌.
ഉറുഗ്വേ (21), വെനിസ്വേല (21),കൊളംബിയ (20) എന്നിവര്‍ തൊട്ട്‌ പിറകില്‍ നില്‍ക്കുന്നുണ്ട്‌. ചിലിക്കും ഇക്വഡോറിനും അര്‍ജന്റീനക്കും ഇനിയുള്ള മല്‍സരങ്ങളില്‍ പിഴച്ചാല്‍ അവര്‍ക്കും സാധ്യതയുണ്ട്‌.
നിലവിലെ പോയന്റ്‌ നില
1-ബ്രസീല്‍-33
2-പരാഗ്വേ-30
3-ചിലി-27
4-ഇക്വഡോര്‍-23
5-അര്‍ജന്റീന-22
6-ഉറുഗ്വേ-21
7-വെനിസ്വേല-21
8-കൊളംബിയ-20
9-ബൊളിവിയ-12
10-പെറു-10
ഇനിയുള്ള മല്‍സരങ്ങള്‍
ഒക്ടോബര്‍ 10: അര്‍ജന്റീന-പെറു, ബൊളിവിയ-ബ്രസീല്‍, കൊളംബിയ-ചിലി, ഇക്വഡോര്‍-ഉറുഗ്വേ, വെനിസ്വേല-പരാഗ്വേ.
ഒക്ടോബര്‍ 13: പരാഗ്വേ-കൊളംബിയ, പെറു-ബൊളിവിയ, ഉറുഗ്വേ-അര്‍ജന്റീന, ബ്രസീല്‍-വെനിസ്വേല, ചിലി-ഇക്വഡോര്‍.

മല്‍സരഫലങ്ങള്‍:
ഏഷ്യ: സൗദി അറേബ്യ 2- ബഹറൈന്‍ 2.
ലാറ്റിനേമരിക്ക: ബ്രസീല്‍ 4-ചിലി 2, വെനിസ്വേല 3-പെറു 1, പരാഗ്വേ 1- അര്‍ജന്റീന 0, ഉറുഗ്വേ 3-കൊളംബിയ 1, ബൊളിവിയ 1-ഇക്വഡോര്‍ 3,
യൂറോപ്പ്‌: മോള്‍ദോവ 1-ഗ്രീസ്‌ 1, ലാത്‌വിയ 2- സ്വിറ്റ്‌സര്‍ലാന്‍ഡ്‌ 2, ഇസ്രാഈല്‍ 7- ലക്‌സംബര്‍ഗ്ഗ്‌-0,അര്‍മീനിയ 2- ബെല്‍ജിയം-1, ഹംഗറി 0-പോര്‍ച്ചുഗല്‍ 1, സ്ലോവേനിയ 3- പോളണ്ട്‌ -0, ജര്‍മനി 4- അസര്‍ ബെയ്‌ജാന്‍ -0, അല്‍ബേനിയ 1-ഡെന്മാര്‍ക്ക്‌ 1, ബോസ്‌നിയ 1-തുര്‍ക്കി 1, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌ 0-സ്ലോവാക്യ 2, വെയില്‍സ്‌ 1-റഷ്യ 3, ലൈഞ്ചസ്‌റ്റിന്‍ 1-ഫിന്‍ലാന്‍ഡ്‌ 1, മാള്‍ട്ട 0-സ്വീഡന്‍ 1, ചെക്ക്‌ റിപ്പബ്ലിക്‌ 7-സാന്‍ മറീനോ 0, ഫറോ ഐലാന്‍ഡ്‌സ്‌ 2-ലിത്വാനിയ 1, സ്‌ക്കോട്ട്‌ലാന്‍ഡ്‌ 0- നെതര്‍ലാന്‍ഡ്‌ 1, ഇംഗ്ലണ്ട്‌ 5-ക്രൊയേഷ്യ 1, അന്‍ഡോറ 1-കസാക്കിസ്ഥാന്‍ 3, ബെലാറൂസ്‌ 0-ഉക്രൈന്‍ 0, മോണ്ടിനിഗ്രോ 1-സൈപ്രസ്‌ 1, നോര്‍വെ 2- മാസിഡോണിയ 1, റുമേനിയ 1-ഓസ്‌ട്രിയ 1, ഇറ്റലി 2- ബള്‍ഗേറിയ 0, സെര്‍ബിയ 1- ഫ്രാന്‍സ്‌ 1, സ്‌പെയിന്‍ 3- എസ്റ്റോണിയ 0
ആഫ്രിക്ക: കാമറൂണ്‍ 2-ഗാബോണ്‍ 1
കോണ്‍കാകാഫ്‌: എല്‍സാവഡോര്‍ 1- കോസ്‌റ്റാറിക്ക 0, ട്രിനിഡഡ്‌ 0-അമേരിക്ക 1, മെക്‌സിക്കോ 1-ഹോണ്ടുറാസ്‌ 0.

ലോകകപ്പിന്‌ ഇതിനകം യോഗ്യത നേടിയവര്‍
ആതിഥേയര്‍: ദക്ഷിണാഫ്രിക്ക
ആഫ്രിക്ക: ഘാന
ഏഷ്യ: ജപ്പാന്‍,ഓസ്‌ട്രേലിയ,ദക്ഷിണ കൊറിയ, ഉത്തര കൊറിയ
യൂറോപ്പ്‌: ഇംഗ്ലണ്ട്‌, ഹോളണ്ട്‌, സ്‌പെയിന്‍
ലാറ്റിനമേരിക്ക: ബ്രസീല്‍, പരാഗ്വേ

ഇംഗ്ലണ്ടും സ്‌പെയിനും
ലണ്ടന്‍: ഹോളണ്ടിന്‌ പിറകെ യൂറോപ്പില്‍ നിന്നും ഇംഗ്ലണ്ടും സ്‌പെയിനും അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിന്‌ യോഗ്യത നേടി. പതിമൂന്ന്‌ ബെര്‍ത്തുകളാണ്‌ യൂറോപ്പിന്‌ ഫൈനല്‍ റൗണ്ടിലുളളത്‌. ഇതില്‍ അവശേഷിക്കുന്ന സ്ഥാനങ്ങള്‍ക്കായി അടുത്ത മാസത്തില്‍ പോരാട്ടം തുടരും. ക്രൊയേഷ്യ 5-1 ന്‌്‌ തകര്‍ത്താണ്‌ ഫാബിയോ കാപ്പലോ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്‌ തകര്‍പ്പന്‍ വിജയം ആഘോഷിച്ചത്‌. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ മൂന്ന്‌ ഗോളിന എസ്‌റ്റോണിയയെ തരിപ്പണമാക്കി. സാധ്യത നിലനിര്‍ത്തുന്നവരില്‍ ലോക ചാമ്പ്യന്മാരായ ഇറ്റലി, ജര്‍മനി, സെര്‍ബിയ, റഷ്യ എന്നിവരുണ്ട്‌. ഇറ്റലി സ്വന്തം മൈതാനത്ത്‌ നടന്ന മല്‍സരത്തില്‍ ബള്‍ഗേറിയയെ രണ്ട്‌ ഗോളിനാണ്‌ പരാജയപ്പെടുത്തിയത്‌. ജര്‍മനിക്ക്‌ അസര്‍ ബെയ്‌ജാന്‍ എതിരാളികളേ ആയിരുന്നില്ല. നാല്‌ ഗോളിനാണ്‌ അവര്‍ ജയിച്ചത്‌. കരുത്തരായ ഫ്രാന്‍സിനെതിരെ 1-1 സമനില നേടിയാണ്‌ സെര്‍ബിയക്കാര്‍ കരുത്ത്‌ പ്രകടിപ്പിച്ചത്‌. സമനിലയോടെ ഫ്രാന്‍സിനും ശ്വാസം കിട്ടി. വെയില്‍സിനെ 1-3 നാണ്‌ റഷ്യ തകര്‍ത്തത്‌. അല്‍ബേനിയയുമായി 1-1 ല്‍ പിരിഞ്ഞ ഡെന്മാര്‍ക്കും ബോസ്‌നിയയുമായി 1-1 ല്‍ പിരിഞ്ഞ തുര്‍ക്കിയും ഹംഗറിയെ ഒരു ഗോളിന്‌ തോല്‍പ്പിച്ച പോര്‍ച്ചുഗലും ലാത്‌വിയെ 2-2 ല്‍ പിടിച്ച സ്വിറ്റ്‌സര്‍ലാന്‍ഡും നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിനെ രണ്ട്‌ ഗോളിന്‌ തോല്‍പ്പിച്ച സ്‌ലോവാക്യയും സ്വന്തം ഗ്രൂപ്പുകളില്‍ സാധ്യത നിലനിര്‍ത്തുന്നുണ്ട്‌.
യൂറോപ്പിലെ ഏറ്റവും മികച്ച പ്രകടനം കണ്ടത്‌ വെംബ്ലിയിലായിരുന്നു. അട്ടിമറി വീരന്മാരായ ക്രൊയേഷ്യക്കാരെ തീര്‍ത്തും ഇല്ലാതാക്കുന്ന പ്രകടനമാണ്‌ ഇംഗ്ലണ്ട്‌ നടത്തിയത്‌. ഫാബിയോ കാപ്പലോക്ക്‌ കീഴില്‍ ഇംഗ്ലണ്ട്‌ വീണ്ടും ലോക സോക്കര്‍ ഭരിക്കാന്‍ വരുന്നതിന്റെ വ്യക്തമായ സൂചനകളാണ്‌ മല്‍സരത്തില്‍ കണ്ടത്‌. ക്രൊയേഷ്യന്‍ കോച്ച്‌ ബിലിക്‌ ഈ കാര്യം സമ്മതിക്കുകയും ചെയ്‌തു. മധ്യനിരക്കാരായ സ്‌റ്റീവന്‍ ജെറാര്‍ഡും ഫ്രാങ്ക്‌ ലംപാര്‍ഡും രണ്ട്‌്‌ ഗോളുകള്‍ വീതം നേടിയപ്പോള്‍ വെയിന്‍ റൂണിയും നെറ്റ്‌ ചലിപ്പിച്ചു. അധികമാരുമറിയാത്ത ടോട്ടന്‍ഹാം മുന്‍നിരക്കാരന്‍ ആരോണ്‍ ലിനനായിരുന്നു ഇന്നലെ കാപ്പലോയുടെ തുരുപ്പ്‌ ചീട്ട്‌. ഉസൈന്‍ ബോള്‍ട്ട്‌ പോലും അമ്പരന്ന്‌ നില്‍ക്കുന്ന തരത്തിലായിരുന്നു ഈ കറുത്ത താരത്തിന്റെ കുതിപ്പ്‌.
യൂറോപ്യന്‍ ഗ്രൂപ്പ്‌ അഞ്ചില്‍ സെസ്‌ക്‌ ഫാബ്രിഗസ്‌, സാന്റി കാസറോള, ജുവാന്‍ മാത എന്നിവരുടെ ഗോളുകളാണ്‌ സ്‌പെയിനിനെ തുണച്ചത്‌. വിജയത്തോടെ ഗ്രൂപ്പില്‍ എട്ട്‌ പോയന്‍റിന്റെ വ്യക്തമായ ലിഡാണ്‌ സ്‌പെയിന്‍ നേടിയത്‌. തിയറി ഹെന്‍ട്രിയുടെ ഗോളിലാണ്‌ ഫ്രാന്‍സ്‌ സെര്‍ബിയയെ തളച്ചത്‌. ഗ്രൂപ്പില്‍ ഇപ്പോഴും സെര്‍ബിയ തന്നെയാണ്‌ ഒന്നാമത്‌. 19 പോയന്റ്‌ അവര്‍ക്കുണ്ട്‌. 15 പോയന്റുമായി ഫ്രാന്‍സ്‌ രണ്ടാമതാണ്‌. ഫാബിയോ ഗ്രോസോ, വിന്‍സെന്‍സോ ലാങ്കിറ്റ എന്നിവരുടെ ഗോളുകളിലാണ്‌ ഇറ്റലി ബള്‍ഗേറിയയെ പരാജയപ്പെടുത്തിയത്‌. ഒക്ടോബര്‍ പത്തിന്‌ അയര്‍ലാന്‍ഡിനെതിരെ നടക്കുന്ന മല്‍സരത്തില്‍ സമനില നേടിയാല്‍ ഇറ്റലിക്ക്‌ ഫൈനല്‍ റൗണ്ട്‌ ടിക്കറ്റ്‌ ലിക്കും. ബുദാപെസ്റ്റില്‍ നടന്ന മല്‍സരത്തില്‍ പെപെയുടെ ഗോളിലാണ്‌ പോര്‍ച്ചുഗല്‍ ഹംഗറിയെ പരാജയപ്പെടുത്തിയത്‌. വിജയത്തോടെ പോര്‍ച്ചുഗലിനും നേരിയ സാധ്യതകളായി. യൂറോപ്യന്‍ ഗ്രൂപ്പ്‌ ഒന്നില്‍ അവരിപ്പോള്‍ മൂന്നാമതാണ്‌. ഡെന്മാര്‍ക്ക്‌, സ്വിഡന്‍ എന്നിവരാണ്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങളില്‍. അടുത്ത രണ്ട്‌ മല്‍സരങ്ങള്‍ ജയിച്ചാല്‍ പോര്‍ച്ചുഗലിന്‌ പ്ലേ ഓഫ്‌ സാധ്യത നേടാനാവും.

അമേരിക്കയും മെക്‌സിക്കോയും
ലോസാഞ്ചലസ്‌: കോണ്‍കാകാഫില്‍ നിന്ന്‌ ഇത്‌ വരെ ആരും ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ സ്വന്തമാക്കിയിട്ടില്ല. പക്ഷേ രണ്ട്‌ റൗണ്ട്‌ യോഗ്യതാ റൗണ്ട്‌ മല്‍സരങ്ങള്‍ മാത്രം ശേഷിക്കവെ അമേരിക്കയും മെക്‌സിക്കോയും ടിക്കറ്റ്‌ ഏറെക്കുറെ ഉറപ്പാക്കി. ഇന്നലെ നടന്ന മല്‍സരങ്ങളില്‍ അമേരിക്ക ഒരു ഗോളിന്‌ ട്രിനിഡാഡ്‌ ടുബാഗോയെ പരാജയപ്പെടുത്തി ഗ്രൂപ്പിലെ ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ മെക്‌സിക്കോ ഇതേ മാര്‍ജിനില്‍ ശക്തരായ ഹോണ്ടുറാസിനെ വീഴ്‌ത്തി. അമേരിക്കക്കിപ്പോള്‍ 16 ഉം മെക്‌സിക്കോക്ക്‌ 15 ഉം പോയന്റാണുള്ളത്‌. ഹോണ്ടുറാസ്‌ 12 പോയന്റില്‍ മൂന്നാം സ്ഥാനത്താണ്‌. ആദ്യ മൂന്ന്‌ സ്ഥാനക്കാര്‍ക്കാണ്‌ നേരിട്ട്‌ ഫൈനല്‍ റൗണ്ട്‌. നാലാം സ്ഥാനത്ത്‌ കോസ്‌റ്റാറിക്കയാണ്‌. നാലാം സ്ഥാനം നേടുന്നവര്‍ക്ക്‌ പ്ലേ ഓഫ്‌ ബെര്‍ത്തുണ്ട്‌. പക്ഷേ ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരെ തോല്‍പ്പിക്കാനാവണം. ജാവിയര്‍ അഗ്വിര്‍ ദേശീയ പരിശീലകനായ ശേഷം അക്ഷരാര്‍ത്ഥത്തില്‍ മാറിയ മെക്‌സിക്കോക്കായി സൂപ്പര്‍ താരം കൗട്ടിമോര്‍ ബ്ലാങ്കോയാണ്‌ ഇന്നലെ പെനാല്‍ട്ടി കിക്കില്‍ നിന്നും വിജയഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.

ഗാംഭീര്‍ പുറത്ത്‌
കൊളംബോ: ത്രിരാഷ്ട്ര കപ്പില്‍ ഇന്ന്‌ ന്യൂസിലാന്‍ഡിനെ നേരിടുന്ന ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ കളിക്കില്ല. പരുക്ക്‌ കാരണം നാട്ടിലേക്ക്‌ മടങ്ങുന്ന ഗാംഭീറിന്‌ പകരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ദിനേശ്‌ കാര്‍ത്തിക്‌ ഓപ്പണറാവാനാണ്‌ സാധ്യതകള്‍. ഇന്ന്‌ ഉച്ചതിരിഞ്ഞാണ്‌ മല്‍സരം നടക്കുന്നത്‌. ടെന്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയ സംപ്രേക്ഷമുണ്ട്‌. പരുക്ക്‌ കാരണം വിരേന്ദര്‍ സേവാഗിനെ നേരത്തെ തന്നെ നഷ്ടമായ ഇന്ത്യക്ക്‌ ഫോമിലുള്ള ഗാംഭീറിനെയും നഷ്ടമാവുന്നത്‌ കനത്ത തിരിച്ചടിയാവും. എന്നാല്‍ സച്ചിന്‍, രാഹുല്‍ ദ്രാവിഡ്‌ തുടങ്ങിയ അനുഭവസമ്പന്നരും യുവരാജ്‌ സിംഗ്‌, രോഹിത്‌ ശര്‍മ്മ, സുരേഷ്‌ റൈന തുടങ്ങിയ യുവതാരങ്ങളുമുളളപ്പോള്‍ പേടിക്കാനില്ലെന്നാണ്‌ ക്യാപ്‌റ്റന്‍ എം.എസ്‌ ധോണി പറയുന്നത്‌. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയോട്‌ പരാജയപ്പെട്ട ന്യൂസിലാന്‍ഡിന്‌ ഇന്നത്തെ മല്‍സരം നിര്‍ണ്ണായകമാണ്‌.

സൗദിയെ ഇല്ലാതാക്കി ബഹറൈന്‍
റിയാദ്‌: നാടകീയമായ ഗോളുകള്‍ പിറന്ന ഏഷ്യയിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ ബഹറൈന്‍ ലോകകപ്പ്‌്‌ പ്ലേ ഓഫ്‌ ടിക്കറ്റ്‌ സ്വന്തമാക്കി. 1984 ലെ ലോകകപ്പ്‌ മുതല്‍ ഏഷ്യയില്‍ നിന്നും സ്ഥിരക്കാരായി ലോകകപ്പ്‌ ഫൈനല്‍ റൗണ്ട്‌ കളിച്ച സൗദി സ്വന്തം മൈതാനത്ത്‌ വിജയം ഉറപ്പിച്ചിരുന്നു. പക്ഷേ ലോംഗ്‌ വിസിലിന്‌ അല്‍പ്പം മുമ്പ്‌ നേടിയ സമനില ഗോളില്‍ ബഹറൈന്‍ സമനില മാത്രമല്ല എവേ ഗോള്‍ നിയമത്തില്‍
പ്ലേ ഓഫ്‌ ടിക്കറ്റും നേടി.
മനാമയില്‍ നടന്ന ആദ്യ പാദ മല്‍സരം ഗോള്‍രഹിത സമനിലയിലായിരുന്നു. ഇന്നലെ ഫഹദ്‌ സ്‌റ്റേഡിയത്തില്‍ തുടക്കത്തില്‍ തന്നെ നാസര്‍ അല്‍ഷര്‍മാനി സൗദിക്കായി ലക്ഷ്യം കണ്ടപ്പോള്‍ ആതിഥേയര്‍ കടന്നുകയറുമെന്ന്‌ തോന്നി. എന്നാല്‍ നാല്‍പ്പതാം മിനുട്ടില്‍ ജെസി ജോണ്‍ ബഹറൈന്‌ വേണ്ടി സമനില നേടി. ജെസിയുടെ ഗോള്‍ ബഹറൈന്‌ ടിക്കറ്റ്‌ ഉറപ്പിക്കുമായിരുന്നു. കാരണം എവേ ഗോള്‍ ആനുകൂല്യം അവര്‍ക്ക്‌ ലഭിച്ചിരുന്നു. പക്ഷേ അപകടം മനസ്സിലാക്കി കളിച്ച സൗദി ഇഞ്ച്വറി ടൈമില്‍ ഹമദ്‌ അല്‍ മോനാസാറിയുടെ ഗോളില്‍ ലീഡ്‌ നേടി. ഇതോടെ ആരാധകരെല്ലാം കരുതിയത്‌ സൗദി പ്ലേ ഓഫ്‌ ടിക്കറ്റ്‌്‌ നേടിയെന്നാണ്‌. പക്ഷേ അന്തിമ നിമിഷം വരെ പോരാടിയ ബഹറൈന്‍ ലോംഗ്‌ വിസിലിന്‌ രണ്ട്‌ നിമിഷം ബാക്കി നില്‍ക്കെ അബ്ദുള്‍ ലത്തിഫീലുടെ ഗോള്‍ മടക്കി. ഇതോടെ രണ്ട്‌ എവേ ഗോളുകളുടെ ആനുകൂല്യം ബഹറൈനായി. പ്ലേ ഫ്‌ മല്‍സരത്തില്‍ ഓഷ്യാന ചാമ്പ്യന്മാരായ ന്യൂസിലാന്‍ഡാണ്‌്‌ ബഹറൈന്റെ എതിരാളികള്‍. ലോക സോക്കറില്‍ കിവീസിന്‌ മേല്‍വിലാസമില്ലെന്നിരിക്കെ ബഹറൈന്‌ ഇതാദ്യമായി ലോകകപ്പില്‍ കളിക്കാനുള്ള വഴിയാണ്‌ തെളിഞ്ഞിരിക്കുന്നത്‌.

പെയ്‌സ്‌-ഭൂപതി ഫൈനല്‍
ന്യയോര്‍ക്ക്‌: യു.എസ്‌ ഓപ്പണ്‍ ടെന്നിസ്‌ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ഫൈനല്‍. ലിയാന്‍ഡര്‍ പെയ്‌സ്‌-ലുകാസ്‌ ഡോള്‍ഫി സഖ്യം നേരിടുന്നത്‌ മഹേഷ്‌ ഭൂപതി-മാര്‍ക്‌ നോളസ്‌ സഖ്യത്തെ. ലോക ഒന്നാം നമ്പര്‍
ജോഡികളായ ബോബ്‌-മൈക്‌ ബ്രയന്‍ സഹോദരങ്ങളെയാണ്‌ പെയ്‌സ്‌ സഖ്യം തോല്‍പ്പിച്ചതെങ്കില്‍ മാക്‌സ്‌ മിര്‍നി-അന്‍ഡി റാം സഖ്യത്തെയാണ്‌ ഭൂപതി സഖ്യം തോല്‍പ്പിച്ചത്‌. മിക്‌സഡ്‌ ഡബിള്‍സിലും പെയ്‌സ്‌ ഫൈനല്‍ ബെര്‍ത്ത്‌ നേടിയിട്ടുണ്ട്‌.
പുരുഷ വിഭാഗം സിംഗിള്‍സ്‌ ക്വാര്‍ട്ടറില്‍ റോബിന്‍ സോഡര്‍ലിംഗിനെ പരാജയപ്പെടുത്തി സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ സെമി ഉറപ്പാക്കി. പ്രതിയോഗി നോവാന്‍ ഡിജോകിവിച്ചായിരിക്കും. വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ ടീനേജ്‌ അട്ടിമറിക്കാരി മെലിന്‍ ഔഡിന്‍ അവസാനം പുറത്തായി. കരോലിന വോസനിസ്‌ക്കസയാണ്‌ 6-2 ,6-2 ന്‌ അട്ടിമറിക്കരിയെ തോല്‍പ്പിച്ചത്‌.
വിജേന്ദര്‍ സെമിയില്‍
ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ ബോക്‌സിംഗ്‌ മെഡല്‍ സ്വന്തമാക്കിയ വിജേന്ദര്‍ കുമാര്‍ ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും സെമിയില്‍. ഇതാദ്യമായാണ്‌ ലോക ബോക്‌സിംഗ്‌ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ഒരു ഇന്ത്യന്‍ താരമെത്തുന്നത്‌. 75 കിലോഗ്രം വിഭാഗത്തില്‍ ഉക്രൈന്റെ സെര്‍ജി ദെറിചെങ്കോയെയാണ്‌ വിജേന്ദര്‍ തോല്‍പ്പിച്ചത്‌. സെമിയില്‍ ഉസ്‌ബെക്കിസ്ഥാന്റെ അബോസ്‌ അതോലാവാണ്‌ വിജേന്ദറിന്റെ പ്രതിയോഗി. ഈ മല്‍സരത്തില്‍ തോറ്റാലും വിജേന്ദജറിന്‌ മെഡല്‍ ഉറപ്പാണ്‌.

No comments: