Wednesday, September 16, 2009

SUPER GOALS


ഗോളടിക്കാര്‍ ഒ.കെ
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സീസണിന്‌ തകര്‍പ്പന്‍ തുടക്കം. ആദ്യ എട്ട്‌ മല്‍സരങ്ങളില്‍ നിന്നായി പിറന്നത്‌ 21 ഗോളുകള്‍. സൂപ്പര്‍ താരങ്ങളെല്ലാം ഗോള്‍വേട്ട തുടങ്ങിയിരിക്കുന്നു. ഇറ്റലിയിലെ കരുത്തരായ യുവന്തസ്‌ ഫ്രാന്‍സിലെ ബോറോഡോക്‌സിന്‌ മുന്നില്‍ സമനില വഴങ്ങിയത്‌ മാറ്റിനിര്‍ത്തിയാല്‍ മറ്റ്‌ പ്രമുഖരെല്ലാം വിജയവുമായി തുടക്കം ഗംഭീരമാക്കി. ചെല്‍സി ഒരു ഗോളിന്‌ പോര്‍ച്ചുഗല്‍ ചാമ്പ്യന്മാരായ എഫ്‌.സി പോര്‍ട്ടോവിനെയും റയല്‍ മാഡ്രിഡ്‌ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ രണ്ട്‌ അതിസുന്ദരങ്ങളായ ഫ്രീകിക്ക്‌ ഗോളുകളില്‍ 5-2 ന്‌ സ്വിസ്‌ ക്ലബായ എഫ്‌.സി സൂറിച്ചിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പോള്‍ ഷോള്‍സിന്റെ ഏക ഗോളില്‍ ബെസ്‌ക്കിറ്റാസിനെയും ഏ.സി മിലാന്‍ 2-1ന്‌ മാര്‍സലിയെയും പരാജയപ്പെടുത്തി.
ഏട്ട്‌ മല്‍സരങ്ങളില്‍ ഏറ്റവും ആവേശകരമായത്‌ സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ നടന്ന ചെല്‍സി - പോര്‍ട്ടോ അങ്കമായിരുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഗോള്‍വേട്ടയുമായി മുന്നേറുന്ന നീലകുപ്പായക്കാര്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും വിട്ടുകൊടുക്കാന്‍ ഭാവമില്ലാതെയാണ്‌ പോര്‍ട്ടോ കളിച്ചത്‌. നിക്കോളാസ്‌ അനേല്‍ക്കയുടെ വ്യക്തിഗത മികവില്‍ നാല്‍പ്പത്തിയെട്ടാം മിനുട്ടില്‍ പിറന്ന ഗോളാണ്‌ ചെല്‍സിക്ക്‌ കാര്യങ്ങള്‍ അനുകൂലമാക്കിയത്‌. പോര്‍ട്ടോയുടെ ബ്രസീലുകാരനായ ഗോള്‍ക്കീപ്പര്‍ ഹെല്‍ട്ടണിന്റെ കൈകളില്‍ തട്ടി റിഫളക്ട്‌ ചെയ്‌ത പന്ത്‌ തകര്‍പ്പന്‍ ഷോട്ടില്‍ അനേല്‍ക്ക നെറ്റിലെത്തിക്കുകയായിരുന്നു. ഗ്രൂപ്പ്‌ എ യില്‍ ഇസ്രാഈലില്‍ നിന്നുള്ള മക്കാബി ഹൈഫക്ക്‌ മുന്നില്‍ വിയര്‍ത്ത ബയേണ്‍ മ്യൂണിച്ച്‌ ഡിഫന്‍ഡര്‍ ഡാനിയല്‍ വാന്‍ ബൂട്ടന്റെ മികവിലാണ്‌ രക്ഷപ്പെട്ടത്‌. മല്‍സരാവസാനത്തില്‍ സബ്‌സ്റ്റിറ്റിയൂട്ട്‌ തോമസ്‌ മുള്ളര്‍ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തതിനാല്‍ വലിയ ടെന്‍ഷനിലാതെ മുഖം രക്ഷിക്കാന്‍ ടീമിനായി. ഡിയാഗോ ഉള്‍പ്പെടെ ചില മുന്‍നിര താരങ്ങളില്ലാതെ കളിച്ച യുവന്തസിന്‌ വേണ്ടി വലയം കാത്ത ജിയാന്‍ ലൂക്കാ ബഫണ്‍ ചില തകര്‍പ്പന്‍ സേവുകള്‍ നടത്തിയതായിരുന്നു ഒന്നാം പകുതിയിലെ സവിശേഷത. ബോറോഡോക്‌സുകാര്‍ പലവട്ടം ഭീഷണി മുഴക്കി. രണ്ടാം പകുതിയില്‍ വിന്‍സെന്‍സോ ലാങ്കവിറ്റയിലൂടെ യുവന്തസ്‌ മുന്നിലെത്തി. പക്ഷേ മിറോസ്ലാവ്‌ പാസില്‍ ബോറോഡോക്‌സിനായി ഗോള്‍ മടക്കി. ഇസ്‌താംബൂളില്‍ നടന്ന ഗ്രൂപ്പ്‌ ബി മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ വിറപ്പിച്ചുനിര്‍ത്തുന്നതില്‍ വിജയിച്ച ബെസ്‌ക്കിറ്റാസിന്‌ ഒരു തവണ മാത്രമാണ്‌ പിഴച്ചത്‌. ആ നേട്ടത്തില്‍ അലക്‌സ്‌ ഫെര്‍ഗൂസന്റെ ടീം പോയന്റ്‌്‌ നേടി. നാനിയുടെ ഷോട്ട്‌ തടുത്ത ഗോള്‍ക്കീപ്പര്‍ ഹക്കാന്‍ അരികാന്‍ പോള്‍ ഷോള്‍സിനെ കണ്ടില്ല. അദ്ദേഹത്തിന്റെ ഷോട്ട്‌ വലയില്‍ കയറി. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ജര്‍മന്‍ ചാമ്പ്യന്മാരായ വോള്‍ഫ്‌സ്‌ബര്‍ഗ്ഗ്‌ 3-1ന്‌ റഷ്യയില്‍ നിന്നുള്ള സി.എസ്‌.കെ.ഇ മോസ്‌ക്കോയെ പരാജയപ്പെടുത്തി. ബ്രസീലുകാരനായ മുന്‍നിരക്കാരന്‍ ഗ്രാഫൈറ്റാണ്‌ ജര്‍മന്‍ ടീമിന്റെ ഗോളുകള്‍ നേടിയത്‌. ഗ്രൂപ്പ്‌ സിയില്‍ കണ്ടത്‌ കൃസ്റ്റിയാനോ മികവായിരുന്നു. ലോക സോക്കറിലെ സൂപ്പര്‍ താരങ്ങളുമായി കളിച്ച റയല്‍ സ്വിസ്‌ ക്ലബായ എഫ്‌.സി സൂറിച്ചിനെ നിഷ്‌പ്രഭരാക്കി. റൊണാള്‍ഡിഞ്ഞോയെ റിസര്‍വ്‌ ബെഞ്ചിലിരുത്തി കളിച്ച ഏ.സി മിലാന്‍ ഫിലിപ്പോ ഇന്‍സാഗി മികവില്‍ 2-1 നാണ്‌ മാര്‍സലിയെ പരാജയപ്പെടുത്തിയത്‌.
മല്‍സരഫലങ്ങള്‍: അത്‌ലറ്റികോ മാഡ്രിഡ്‌ 0- അപോല്‍ നികോഷ്യ 0, ബെസ്‌ക്കിറ്റാസ്‌ 0- മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ 1, ചെല്‍സി 1-എഫ്‌.സി പോര്‍ട്ടോ 0, എഫ്‌.സി സൂറിച്ച്‌ 2- റയല്‍ മാഡ്രിഡ്‌ 5, യുവന്തസ്‌ 1- ബോറോഡോക്‌സ്‌ 1, മക്കാബി ഹൈഫ 0-ബയേണ്‍ മ്യൂണിച്ച്‌ 3, മാര്‍സലി 1- ഏ.സി മിലാന്‍ 2, വോള്‍ഫ്‌സ്‌ ബര്‍ഗ്ഗ്‌ 3- സി.എസ്‌.കെ.എ മോസ്‌ക്കോ 1

അഞ്ച്‌ കിലോ കുറക്കാന്‍ മറഡോണ
മിലാന്‍: അടുത്ത വര്‍റം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിലേക്ക്‌ ഏത്‌ വിധേനയും ബെര്‍ത്ത്‌ ലഭിക്കാനുളള കൂട്ടികിഴിക്കലുകള്‍ക്ക്‌ നടുവിലാണ്‌ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷനും ആരാധകരും. ഇനി അവശേഷിക്കുന്നത്‌ രണ്ട്‌ മല്‍സരങ്ങളാണ്‌. രണ്ടിലും വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ പ്ലേ ഓഫ്‌ സാധ്യത നിലനിര്‍ത്താം. പ്ലേ ഓഫില്‍ മിക്കവാറും കോണ്‍കാകാഫിലെ നാലാം സ്ഥാനക്കരായ കോസ്‌റ്റാറിക്കയാണ്‌ വരുക. അവരുടെ താരങ്ങളെ നോട്ടമിട്ട്‌, അവരുടെ കരുത്തും പോരായ്‌മകളും ആരാധകര്‍ പഠിക്കുന്നതിനിടെയാണ്‌ ആരോടും പറയാതെ കോച്ച്‌ ഡിയാഗോ മറഡോണ നാടുവിട്ടിരിക്കുന്നത്‌. ശരീരഭാരം കൂടുതലാണെന്നും എങ്ങനെയെങ്കിലും അഞ്ച്‌ കിലോ കുറക്കണമെന്നും പറഞ്ഞ്‌ ഇറ്റലിയിലെ ദി ഹെന്‍ട്രി ഷിനോട്‌ ക്ലിനിക്കിലാണ്‌ അദ്ദേഹമെത്തിയിരിക്കുന്നത്‌. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഇറ്റലിയിലെത്തിയതെന്നാണ്‌ കോച്ചിന്റെ പഴ്‌സനല്‍ ഡോക്ടറായ ആല്‍ഫ്രെഡോ കാഹെ നല്‍കുന്ന വിശദീകരണം. നാല്‍പ്പത്തിയെട്ടുകാരനായ മറഡോണ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്‌. പക്ഷേ അദ്ദേഹത്തിന്റെ ടീം വലിയ പ്രതിസന്ധിക്ക്‌ മുന്നില്‍ നില്‍ക്കുമ്പോഴുള്ള മുങ്ങലിലാണ്‌ ഫുട്‌ബോള്‍ ലോകത്തിന്‌ ആശങ്ക. യൂറോപ്പിലുള്ള ദിവസങ്ങളില്‍ തന്റെ രാജ്യക്കാരായ യൂറോപ്യന്‍ ക്ലബ്‌ താരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ മറഡോണക്ക്‌ കഴിയുമെന്ന വിശദീകരണവുമായി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്‌ ഫുട്‌ബോല്‍ ഫെഡറേഷന്‍. മറഡോണ എന്ന്‌ വരുമെന്ന്‌്‌ പറയാന്‍ പോലും അവര്‍ക്ക്‌്‌ കഴിയുന്നില്ല. ആരോടും പറയാതെ പ്രത്യേക വിമാനത്തിലാണ്‌ മറഡോണ മുങ്ങിയത്‌. മറഡോണ വരും വരെ കാര്‍ലോസ്‌ ബിലാര്‍ഡോയായിരിക്കുമത്രെ പരിശീലകന്‍. എന്നാല്‍ താനായിരിക്കും പുതിയ പരിശീലകന്‍ എന്ന്‌ ബിലാര്‍ഡോ പറയുന്നില്ല. ടീമിന്റെ ജനറല്‍ മാനേജര്‍ എന്ന സ്ഥാനമാണ്‌ അദ്ദേഹത്തിനുള്ളത്‌. ആ സ്ഥാനത്ത്‌ തുടരുമെന്നാണ്‌ അദ്ദേഹം വ്യക്തമാക്കുന്നത്‌. ഡിയാഗോ മടങ്ങിവരുമെന്നും മുന്‍ പരിശീലകന്‍ കരുതുന്നു. ഇത്‌ വരെ ടീമിന്റെ എല്ലാ കാര്യങ്ങളും തീരുമാനിച്ചിരുന്നത്‌ അദ്ദേഹമായിരുന്നു. സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫിനെ പോലും. അദ്ദേഹത്തിന്റെ രീതിയില്‍ തന്നെ തുടരും. അദ്ദേഹം പ്രതികരിച്ചാല്‍ മാത്രം മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുമെന്നും ബിലാര്‍
ഡോ പറഞ്ഞു.

ബഗാന്‌ തകര്‍പ്പന്‍ വിജയം
ന്യൂഡല്‍ഡഹി: ഡ്യൂറാന്‍ഡ്‌ കപ്പ്‌ ഫുട്‌ബോളില്‍ മോഹന്‍ ബഗാന്‌ തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന ആദ്യ മല്‍സരത്തിലവര്‍ ഒ.എന്‍.ജി.സി മുംബൈയെ 5-1 ന്‌ തരിപ്പണമാക്കി. ഇന്ത്യന്‍ താരം സുര്‍കുമാര്‍ സിംഗും ചിദ്ദി എദ്ദെയും രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ ജോസ്‌ റാമിറസ്‌ ബാരറ്റോയും നെറ്റ്‌ ചലിപ്പിച്ചു. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്‌ ആസാം റൈഫിള്‍സിനെയും ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ ആര്‍മി ഇലവനെയും നേരിടും.
ഫ്രീലാന്‍സ്‌
ലണ്ടന്‍: ലോക ക്രിക്കറ്റിലെ ആദ്യ ഫ്രീലാന്‍സ്‌ താരമായി ഇംഗ്ലണ്ടിന്റെ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ മാറുന്നു. ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഏകദിന കരാറില്‍ ഒപ്പിടാതെ, ലോകത്തിന്റെ വിവിധ വേദികളില്‍ കളിക്കാനുളള താല്‍പ്പര്യം ഫ്രെഡ്ഡി പരസ്യമായി പ്രഖ്യാപിച്ചതോടെ ലോക ക്രിക്കറ്റില്‍ പുതിയ സമവാക്യങ്ങളാണ്‌ വരുന്നത്‌. ഈയിടെ സമാപിച്ച ആഷസ്‌ പരമ്പരയോടെ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ നിന്നും വിട്ട ഫ്രെഡ്ഡി ഇപ്പോള്‍ കാല്‍മുട്ടില്‍ ശസ്‌ത്രക്രിയ നടത്തി വിശ്രമിക്കുകയാണ്‌. അടുത്ത ആറ്‌ മാസം അദ്ദേഹത്തിന്‌ കളിക്കാന്‍ കഴിയില്ല. എന്നിട്ടും ഫ്രെഡ്ഡിയുമായി ഏകദിന കരാറില്‍ ഒപ്പിടാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തയ്യാറായി. പക്ഷേ തനിക്ക്‌ താല്‍പ്പര്യമില്ലെന്നും ലോകത്തിന്റെ വിവിധ വേദികളില്‍ കളിക്കാനാണ്‌ ഇനി ശ്രമിക്കുകയെന്നും പറഞ്ഞ താരത്തിന്റെ നോട്ടം ഐ.പി.എല്‍ തന്നെ.
നായകനില്ല
ന്യൂഡല്‍ഹി: ഇത്തവണ ഡ്യൂറാന്‍ഡ്‌ കപ്പില്‍ ഇന്ത്യന്‍ നായകന്‍ ബൈജൂംഗ്‌ ബൂട്ടിയ കളിക്കില്ല. ബൂട്ടിയയും ബഗാനും തമ്മിലുളള പ്രശനം ഇത്‌ വരെ അവസാനിച്ചിട്ടില്ല. ബൂട്ടിയയെ നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തില്‍ ബഗാനും അദ്ദേഹത്തെ സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഈസ്റ്റ്‌ ബംഗാളും ഡ്യൂറാന്‍ഡ്‌ കപ്പിനുളള ടീമില്‍ ഒരു സിറ്റ്‌ ഒഴിച്ചിട്ടിരുന്നു. എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെടാതെ നില്‍ക്കുമ്പോള്‍ ബൂട്ടിയ കളത്തിന്‌ പുറത്ത്‌ തന്നെ നില്‍ക്കേണ്ട അവസ്ഥയാണ്‌.

സംശയം വേണ്ടെന്ന്‌ കല്‍മാഡി
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ന്യൂഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്തത്‌ ഗെയിംസ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച കായികമേളയായിരിക്കുമെന്ന്‌ സുരേഷ്‌ കല്‍മാഡി. ഗെയിംസിന്റെ നടത്തിപ്പ്‌ സംബന്ധിച്ച്‌ ചില കോണുകളില്‍ നിന്ന്‌ ഉയര്‍ന്നിരിക്കന്ന ആശങ്കക്ക്‌ അടിസ്ഥാനമില്ല. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ എല്ലാവരെയും അല്‍ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംഘാടക സമിതി ചെയര്‍മാന്‌ സംശയമില്ല. അനുഭവസമ്പന്നരായ സംഘത്തിന്‌ കീഴില്‍ ഒരുക്കങ്ങള്‍ പൂര്‍ണ്ണ തലത്തിലാണ്‌. ലോക നിലവാരത്തിലുളള മേളകള്‍ നടത്തി വിജയിച്ചവരാണ്‌ ഈ ഗെയിംസിനും മേല്‍നോട്ടം വഹിക്കുന്നത്‌. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ തലവന്‍ മൈക്കല്‍ ഫെന്നല്‍ ഡല്‍ഹിയിലെ ഒരുക്കങ്ങളില്‍ അസംതൃപ്‌തി പ്രകടിപ്പിച്ചത്‌ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എല്ലം യഥാസമയത്ത്‌ ശരിയാവുമെന്നാണ്‌ പൂനെക്കാരനായ കല്‍മാഡി പറഞ്ഞത്‌.

No comments: