Wednesday, October 7, 2009

AGAIN T-20 FEVER

ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ക്ക്‌ ഇന്ന്‌ തുടക്കം
ബാംഗ്ലൂര്‍: ഏകദിന ക്രിക്കറ്റില്‍ നിന്നും വീണ്ടും 20-20 യിലേക്ക്‌. വിവിധ ക്രിക്കറ്റ്‌ രാജ്യങ്ങളിലെ ആഭ്യന്തര 20-20 ചാമ്പ്യന്മാരും രണ്ടാം സ്ഥാനക്കാരും പങ്കെടുക്കുന്ന പ്രഥമ ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ക്രിക്കറ്റിന്‌ ഇന്ന്‌ ഉദ്യാനനഗരിയിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തുടക്കം. ഉദ്‌ഘാടന പോരാട്ടത്തില്‍ ഐ.പി.എല്‍ 2009 റണ്ണേഴ്‌സ്‌ അപ്പായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്‌ ദക്ഷിണാഫ്രിക്കയിലെ ഒന്നാം സ്ഥാനക്കാരായ കേപ്‌ കോബ്രാസുമായി കളിക്കും. രാത്രി മല്‍സരം എട്ട്‌ മണിക്കാണ്‌ ആരംഭിക്കുന്നത്‌. നാല്‌ ഗ്രൂപ്പുകളിലായി പന്ത്രണ്ട്‌ ടീമുകളാണ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്‌. ഗ്രൂപ്പ്‌ എ യില്‍ ഐ.പി.എല്‍ ചാമ്പ്യന്മാരായ ഡക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പം ഇംഗ്ലീഷ്‌ 20-20 കപ്പ്‌ ജേതാക്കളായ സോമര്‍സെറ്റും വിന്‍ഡീസിലെ സ്‌റ്റാഫോര്‍ഡ്‌ 20-20 കപ്പ്‌ 2008 ലെ ജേതാക്കളായ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയുമാണ്‌ കളിക്കുന്നത്‌. ഗ്രൂപ്പ്‌ ബിയില്‍ ഓസ്‌ട്രേലിയന്‍ ബിഗ്‌ ബാഷ്‌ 2008-09 ലെ ചാമ്പ്യന്മാരായ ന്യൂസൗത്ത്‌ വെയില്‍സും ഇംഗ്ലീഷ്‌ 20-20 കപ്പിലെ ജേതാക്കളായ സസെക്‌സും ദക്ഷിണാഫ്രിക്കയിലെ സ്റ്റാന്‍ഡേര്‍ഡ്‌ ബാങ്ക്‌ 2008-09 ലെ രണ്ടാം സ്ഥാനക്കാരായ ഈഗിള്‍സുമാണ്‌ മാറ്റുരക്കുന്നത്‌. സിയില്‍ പോരടിക്കുന്നത്‌ ഐ.പി.എല്‍ 2009 രണ്ടാം സ്ഥാനക്കാരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും സ്‌റ്റാന്‍ഡേര്‍ഡ്‌ ബാങ്ക്‌ 2008-09 ലെ ജേതാക്കളായ കേപ്‌ കോബ്രാസും ന്യൂസിലാന്‍ഡിലെ സ്‌റ്റേറ്റ്‌ 20 കപ്പ്‌ 2008-09 ലെ ജേതാക്കളായ ഒട്ടാഗോയുമാണ്‌. അവസാന ഗ്രൂപ്പായ ഡിയില്‍ ഐ.പി.എല്‍ ടീമായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പം ബിഗ്‌ ബാഷ്‌ 2008-09 റണ്ണേഴ്‌സ്‌ അപ്പായ വിക്ടോറിയയും ശ്രീലങ്കയിലെ ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ 202-20 കപ്പിലെ ജേതാക്കളായ വയാംബയും കളിക്കുന്നു. വിവിധ ടീമുകളും പ്രധാന താരങ്ങളും ഇവരാണ്‌.
ഗ്രൂപ്പ്‌ എ
ഡക്കാന്‍ ചാര്‍ജേഴ്‌സ്‌: ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ആദം ഗില്‍ക്രൈസ്‌റ്റ്‌ നയിക്കുന്ന ഡക്കാന്‍ ചാര്‍ജേഴ്‌സ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ.പി.എല്‍ 2009 ലെ ചാമ്പ്യന്മാരാണ്‌. പ്രഥമ ഐ.പി.എല്ലില്‍ ഏറ്റവും അവസാന സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്യപ്പെട്ടവരായ ഡക്കാന്‍ തകര്‍പ്പന്‍ പ്രകടനവുമായാണ്‌ ഈ സീസണില്‍ ഒന്നാമത്‌ വന്നത്‌. പ്രഥമ ചാമ്പ്യന്‍സ്‌ ലീഗില്‍ കിരീടം സ്വന്തമാക്കണമെങ്കില്‍ ഏറ്റവും മികച്ച പ്രകടനം തന്നെ ടീം നടത്തേണ്ടി വരുമെന്ന്‌ നായകന്‍ ഗില്‍ക്രൈസ്റ്റ്‌ പറഞ്ഞു. ഗില്‍ക്രൈസ്റ്റിനെ കൂടാതെ ഓസ്‌ട്രേലിയയില്‍ നിന്ന്‌ തന്നെയുള്ള ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌, ഇന്ത്യന്‍ താരം രോഹിത്‌ ശര്‍മ്മ എന്നിവരാണ്‌ ടീമിലെ പ്രധാനികള്‍. വിന്‍ഡീസ്‌ സീമര്‍ ഫിഡല്‍ എഡ്‌വാര്‍ഡ്‌സ്‌, ഇന്ത്യന്‍ താരം ആര്‍.പി സിംഗ്‌ എന്നിവരാണ്‌ ടീമിലെ മറ്റ്‌ പ്രമുഖര്‍.
സോമര്‍സെറ്റ്‌
ഇംഗ്ലണ്ടിലെ 20-20 കപ്പില്‍ രണ്ടാം സ്ഥാനക്കാരായ സോമര്‍ സെറ്റിന്റെ നായകന്‍ ക്രിക്കറ്റ്‌ ലോകത്തിന്‌ പരിചയമുള്ള ഓസ്‌ട്രേലിയക്കാരന്‍ ജസ്‌റ്റിന്‍ ലാംഗറാണ്‌. മുന്‍ ഇംഗ്ലീഷ്‌ താരം മാര്‍ക്കസ്‌ ട്രെസിക്കോത്തിക്കാണ്‌ ബാറ്റംഗ്‌ നട്ടെല്ല്‌. ഈ രണ്ട്‌ പേരെ മാറ്റിനിര്‍ത്തിയാല്‍ ടീമിലെ ബാക്കിയെല്ലാവരും താരതമ്യേന ക്രിക്കറ്റ്‌ ലോകത്തിന്‌ അപരിചിതരാണ്‌.
ട്രിനിഡാഡ്‌ ടുബാഗോ
വിന്‍ഡീസിലെ പ്രധാന 20-20 ചാമ്പ്യന്‍ഷിപ്പായ സ്റ്റാന്‍ഫോര്‍ഡ്‌ 20-20 യിലെ ജേതാക്കളായ ട്രിനിഡാഡ്‌ ആന്‍ഡ്‌ ടുബാഗോയെ നയിക്കുന്നത്‌ വിന്‍ഡീസ്‌ ദേശീയ ടീം അംഗമായ ഡാരന്‍ ഗംഗയാണ്‌. ഡ്വിന്‍ ബ്രാവോ എന്ന തകര്‍പ്പന്‍ ഓള്‍റൗണ്ടറാണ്‌ ടീമിന്റെ കരുത്ത്‌. ഡാരന്‍ ബ്രാവോ, ലെന്‍ഡല്‍ സിമണ്‍സ്‌, അഡ്രിയാന്‍ ബരാത്ത്‌, കിരണ്‍ പൊലാര്‍ഡ്‌ തുടങ്ങിയ ശക്തരായ വിന്‍ഡീസ്‌ യുവതാരങ്ങളും ടീമിലുണ്ട്‌.
ഗ്രൂപ്പ്‌ ബി
ന്യൂ സൗത്ത്‌ വെയില്‍സ്‌
സൈമണ്‍ കാറ്റിച്ച്‌ നയിക്കുന്ന ന്യൂ സൗത്ത്‌ വെയില്‍സ്‌ സംഘത്തിന്റെ ശക്തനായ പ്രതിനിധി ഓസീസ്‌ സീമറാണ്‌ ബ്രെട്ട്‌ ലീയാണ്‌. പരുക്ക്‌ കാരണം മൈക്കല്‍ ക്ലാര്‍ക്ക്‌, നതാന്‍ ബ്രാക്കന്‍, ബ്രാഡ്‌ ഹാദ്ദിന്‍ എന്നിവരുടെ സേവനം നഷ്ടമായിരിക്കുന്നത്‌ ടീമിന്‌ ആഘാതമാണെങ്കിലും ഡേവിഡ്‌ വാര്‍ണര്‍,ഫിലിപ്പ്‌ ഹ്യൂഗ്‌സ്‌, സ്റ്റ്യുവര്‍ട്ട്‌ ക്ലാര്‍ക്ക്‌, ഡഗ്‌ ബോളിഗ്‌നര്‍ തുടങ്ങിയവര്‍ കരുത്തരാണ്‌.
സസെക്‌സ്‌
മൈക്കല്‍ യാര്‍ഡി നയിക്കുന്ന സസെക്‌സ്‌ സംഘത്തിലെ പ്രമുഖന്‍ മൈക്കല്‍ യാര്‍ഡിയാണ്‌. മുറെ ഗുഡ്‌വിന്‍, ക്രിസ്‌ നാഷ്‌, ഡ്വിന്‍ സ്‌മിത്ത്‌, ലൂക്‌ റൈറ്റ്‌ എന്നിവരാണ്‌ ടീമിലെ മറ്റ്‌ പ്രധാനികള്‍. ചാമ്പ്യന്‍സ്‌ ലീഗില്‍ കളിക്കുന്ന ഏക പാക്കിസ്‌താന്‍ അംഗമായ യാസിര്‍ അറഫാത്ത്‌ ഈ ടീമിലാണ്‌. ടീമിന്റെ സ്‌പിന്‍ വകുപ്പിന്‌ നേതൃത്ത്വം നല്‍കുന്നത്‌ ഇന്ത്യന്‍ താരമായ പിയൂഷ്‌ ചാവ്‌ലയാണ്‌
ഈഗിള്‍സ്‌
ബുയട്ടെ ഡിപ്പനറാണ്‌ ടീമിനെ നയിക്കുന്നത്‌. വലിയ പേരുകള്‍ ടീമില്‍ ഇല്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന റ്യാന്‍ മക്‌ലാറന്‍, ഡിലന്‍ ഡുപ്രീസ്‌, അലന്‍ ക്രുഗ്നര്‍ എന്നിവരാണ്‌ ഈഗിളിന്റെ ചിറകുകള്‍.
ഗ്രൂപ്പ്‌ സി
റോയല്‍ ചാലഞ്ചേഴ്‌സ്‌ ബാംഗ്ലൂര്‍
ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ വിജയ്‌ മല്ലിയയുടെ സൂപ്പര്‍ സംഘത്തെ നയിക്കുന്നത്‌ അനില്‍ കുംബ്ലെയാണ്‌. ദക്ഷിണാഫ്രിക്കക്കാരായ ജാക്‌ കാലിസ്‌, ഡാലെ സ്‌റ്റെന്‍ എന്നിവരാണ്‌ പ്രധാനികള്‍. ന്യൂസിലാന്‍ഡുകാരന്‍ റോസ്‌ ടെയ്‌ലറുടെ കരുത്തിലായിരുന്നു ഐ.പി.എല്ലില്‍ ടീം കരുത്തോടെ തിരിച്ചുവന്നത്‌. വിരാത്‌ കോഹ്‌ലി, മനേഷ്‌ പാണ്ഡെ തുടങ്ങിയവരും കളിക്കുന്നുണ്ട്‌.
കേപ്‌ കോബ്രാസ്‌
ആന്‍ഡ്ര്യൂ പുഡിക്കാണ്‌ ടീമിനെ നയിക്കുന്നത്‌. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ തിളങ്ങുന്ന താരങ്ങളായ ഹര്‍ഷല്‍ ഗിബ്‌സ്‌, ജെ.പി ഡുമിനി എന്നിവര്‍ക്കൊപ്പം ചാള്‍സ്‌ ലാംഗ്‌വെല്‍ട്ടുമുണ്ട്‌.
ഒട്ടാഗോ
ബ്രെന്‍ഡന്‍ മക്കലത്തിന്റെ മികവിലാണ്‌ ഒട്ടാഗോ വരുന്നത്‌. ക്രെയിഗ്‌ കമ്മിന്‍സാണ്‌ നായകന്‍. ഇംഗ്ലീഷുകാരന്‍ ഡിമിത്രി മസ്‌കരാനസ്‌ എന്ന ഓള്‍റൗണ്ടറുടെ കരുത്തിലാണ്‌ സമീപകാലത്ത്‌ ടീം വിജയങ്ങള്‍ നേടിയത്‌.
ഗ്രൂപ്പ്‌ ഡി
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌
ഗൗതം ഗാംഭീര്‍ നയിക്കുന്ന ഡല്‍ഹി സംഘത്തില്‍ വിരേന്ദര്‍ സേവാഗും തിലകരത്‌നെ ദില്‍ഷാനും ഗ്ലെന്‍ മക്‌ഗ്രാത്തുമുണ്ട്‌. പരുക്ക്‌ കാരണം കിവി ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിയെയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സിനെയും അവസാന നിമിഷത്തില്‍ നഷ്ടമായ ഡല്‍ഹി സംഘത്തില്‍ ഇന്ത്യന്‍ താരങ്ങളായ ദിനേശ്‌ കാര്‍ത്തികും മനോജ്‌ തിവാരിയും മിഥുന്‍ മന്‍ഹാസുമെല്ലാമുണ്ട്‌.
വിക്ടോറിയ
ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക്‌ കിരീടം സമ്മാനിക്കുന്നതില്‍ വലിയ പങ്ക്‌ വഹിച്ച യുവതാരം കാമറൂണ്‍ വൈറ്റാണ്‌ വിക്ടോറിയയെ നയിക്കുന്നത്‌. ഡേവിഡ്‌ ഹസി, ബ്രാഡ്‌ ഹോഡ്‌ജ്‌, പീറ്റര്‍ സിഡില്‍, ബ്രൈസ്‌ മകെയിന്‍ എന്നിവരെല്ലാമാണ്‌ ടീമിലെ പ്രമുഖര്‍
വയാംബ
ജഹാന്‍ മുബാറക്കാണ്‌ ടീമിനെ നയിക്കുന്നത്‌. അജാന്ത മെന്‍ഡിസ്‌, പര്‍വേസ്‌ മഹറൂഫ്‌, ഇസ്‌റു ഉദാന,രംഗനാ ഹെറാത്ത്‌ തുടങ്ങിയവരാണ്‌ ടീമിന്റെ കരുത്ത്‌.

ഫിക്‌സ്‌ച്ചര്‍
ഒക്‌ 8. ഗ്രൂപ്പ്‌ സി, റോയല്‍ ചാലഞ്ചേഴ്‌സ്‌-കേപ്‌ കോബ്രാസ്‌-ബാംഗ്ലൂര്‍
ഒക്‌ 9. ഗ്രൂപ്പ്‌ ബി, ഈഗിള്‍സ്‌-ന്യൂസൗത്ത്‌ വെയില്‍സ്‌-ഡല്‍ഹി
ഒക്‌ 9. ഗ്രൂപ്പ്‌ ഡി, ഡല്‍ഹി-വിക്ടോറിയ-ഡല്‍ഹി
ഒക്‌ 10.ഗ്രൂപ്പ്‌ സി, കേപ്‌ കോബ്രാസ്‌-ഒട്ടാഗോ
ഒക്‌ 10. ഡക്കാന്‍-സോമര്‍സെറ്റ്‌-ഹൈദരാബാദ്‌
ഒക്‌ 11. ഗ്രൂപ്പ്‌ ബി, ന്യൂസൗത്ത്‌്‌ വെയില്‍സ്‌-സസെക്‌സ്‌-ഡല്‍ഹി
ഒക്‌11. ഗ്രൂപ്പ്‌ ഡി, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്‌-വയാംബ-ഡല്‍ഹി
ഒക്‌ 12. ഗ്രൂപ്പ്‌ എ സോമര്‍സെറ്റ്‌-ട്രിനിഡാഡ്‌-ബാംഗ്ലൂര്‍
ഒക്‌ 12.ഗ്രൂപ്പ്‌ സി-റോയല്‍ ചാലഞ്ചേഴ്‌സ്‌-ഒട്ടാഗോ-ബാംഗ്ലൂര്‍
ഒക്‌ 13. ഗ്രൂപ്പ്‌ ഡി-വിക്ടോറിയ-വയാംബ-ഡല്‍ഹി
ഒക്‌ 13. ഗ്രൂപ്പ്‌ ബി-ഈഗിള്‍സ്‌-സസെക്‌സ്‌-ഡല്‍ഹി
ഒക്‌ 14.ഡക്കാന്‍-ട്രിനിഡാഡ്‌-ഹൈദരാബാദ്‌
ഒക്‌ 15 മുതല്‍ 19 വരെ രണ്ടാം റൗണ്ട്‌
ഒക്‌ 21-ഒന്നാം സെമിഫൈനല്‍
ഒക്‌ 22. രണ്ടാം സെമിഫൈനല്‍
ഒക്‌ 23. ഫൈനല്‍


ഇന്ത്യ,പാക്കിസ്‌താന്‍ വിത്യസ്‌ത ഗ്രൂപ്പില്‍
ജോഹന്നാസ്‌ബര്‍ഗ്ഗഗ്‌: ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ആതിഥേയത്വം വഹിക്കുന്ന 2011 ലെ ക്രിക്കറ്റ്‌ ലോകകപ്പില്‍ അയല്‍ക്കാരായ ഇന്ത്യയും പാക്കിസ്‌താനും രണ്ട്‌ ഗ്രൂപ്പില്‍. പതിനാല്‌ ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ്‌ ബിയിലും പാക്കിസ്‌താന്‍ എ യിലുമാണ്‌. താരതമ്യേന ഇന്ത്യക്ക്‌ കാര്യങ്ങള്‍ എളുപ്പമാണ്‌. ബി ഗ്രൂപ്പിലെ മറ്റ്‌ ടീമുകള്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്‌, വിന്‍ഡീസ്‌, ബംഗ്ലാദേശ്‌, അയര്‍ലാന്‍ഡ്‌, നെതര്‍ലാന്‍ഡസ്‌ എന്നിവരാണ്‌. ഏ ഗ്രൂപ്പില്‍ പാക്കിസ്‌താന്‌ വെല്ലുവിളിയായി നിലവിലെ ചാമ്പ്യന്മാരായ ഓസ്‌്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌, ശ്രീലങ്ക, സിംബാബ്‌വെ, കാനഡ, കെനിയ എന്നിവരാണ്‌ കളിക്കുന്നത്‌. ഇന്ത്യയില്‍ വെച്ചായിരുന്നു ഗ്രൂപ്പ്‌ നറുക്കെടുപ്പ്‌. പക്ഷേ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം ഇവിടെ നടന്നഐ.സി.സി എക്‌സിക്യൂട്ടീവ്‌ യോഗത്തിന്‌ ശേഷമാണ്‌ നടത്തിയത്‌. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിന്റെ വന്‍ വിജയത്തില്‍ യോഗം ആഹ്ലാദം പ്രകടിപ്പിച്ചു. അമ്പത്‌ ഓവര്‍ മല്‍സരങ്ങളില്‍ ഭേദഗതി വരുത്തില്ല. ചാമ്പ്യന്‍സ്‌ ട്രോഫിയിലുടെ അമ്പത്‌ ഓവര്‍ മല്‍സരങ്ങളുടെ കരുത്ത്‌ ആവര്‍ത്തിച്ച്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ക്രിക്കറ്റ്‌ കലണ്ടറില്‍ സ്ഥിര സ്ഥാനമുളള ചാമ്പ്യന്‍ഷിപ്പായിരിക്കും ചാമ്പ്യന്‍സ്‌ ട്രോഫിയെന്ന്‌ ഐ.സി.സി പ്രസിഡണ്ട്‌ ഡേവിഡ്‌ മോര്‍ഗന്‍ പറഞ്ഞു. ഏകദിന മല്‍സരങ്ങളുടെ നിലനില്‍പ്പിന്റെ കാര്യത്തിലുണ്ടായിരുന്ന ആശങ്കകളെല്ലാം ചാമ്പ്യന്‍സ്‌ ട്രോഫിലിയുടെ അകന്നതായും അദ്ദേഹം പറഞ്ഞു.

പ്രദീപിന്റെ ഗോള്‍, മഹീന്ദ്രക്ക്‌ ജയം
മുംബൈ: ഇന്ത്യന്‍ താരം എന്‍.പി പ്രദീപ്‌ എഴുപത്തിയെട്ടാം മിനുട്ടില്‍ സ്‌ക്കോര്‍ ചെയ്‌ത തകര്‍പ്പന്‍ ഗോളില്‍ മഹീന്ദ്ര യുനൈറ്റഡിന്‌ ഐ ലീഗ്‌ ഫുട്‌ബോളില്‍ ഈസ്‌റ്റ്‌ ബംഗാളിനെതിരെ 3-2 ന്റെ വിജയം. കൂപ്പറേജ്‌ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ആല്‍വിറ്റോ ഡിക്കുഞ്ഞയുടെ ഗോളില്‍ ഈസ്റ്റ്‌്‌ ബംഗാളാണ്‌ ലീഡ്‌ നേടിയത്‌. എന്നാല്‍ സുബൈറിലുടെ മുപ്പതാം മിനുട്ടില്‍ മഹീന്ദ്ര ഒപ്പമെത്തി. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ സുബൈര്‍ തന്നെ ടീമിന്‌ ലീഡ്‌ സമ്മാനിച്ചെങ്കിലും രണ്ടാം പകുതിയില്‍ യുസഫ്‌ യാക്കുബിന്റെ മികവില്‍ ഈസ്റ്റ്‌ ബംഗാള്‍ ഒപ്പമെത്തി. തുടര്‍ന്നായിരുന്നു പ്രദീപിന്റെ വിജയഗോള്‍. വാസ്‌ക്കോയിലെ തിലക്‌ മൈതാനത്ത്‌ നടന്ന ഗോവന്‍ അങ്കത്തില്‍ സാല്‍ഗോക്കര്‍ ശക്തരായ ഡെംപോയെ 1-1 ല്‍ തളച്ചു. മല്‍സരത്തിന്റെ ഏഴാം മിനുട്ടില്‍ എന്‍ങ്കെയിലുടെ ലീഡ്‌ നേടിയ സാല്‍ഗോക്കര്‍ രണ്ടാം പകുതിയിലാണ്‌ സമനില വഴങ്ങിയത്‌. ബ്രസീലുകാരനായ റോബര്‍ട്ടോ മെന്‍ഡിസ്‌ സില്‍വയാണ്‌ സമനില ഗോള്‍ നേടിയത്‌. ഐ ലീഗില്‍ ഇന്ന്‌ മൂന്ന്‌ മല്‍സരങ്ങളുണ്ട്‌. കൊല്‍ക്കത്ത സാള്‍ട്ട്‌ലെക്കില്‍ മോഹന്‍ ബഗാന്‍ ജെ.സി.ടിയെ നേരിടുമ്പോള്‍ വാസ്‌ക്കോയില്‍ സ്‌പോര്‍ട്ടിംഗ്‌ ഗോവ ഷില്ലോംഗ്‌ ലാജോംഗ്‌ എഫ്‌.സിയെയും മുംബൈയില്‍ പൂനെ എഫ്‌.സി എയര്‍ ഇന്ത്യയുമായും കളിക്കും.

രാജി ഭീഷണി
ബ്യൂണസ്‌ അയേഴ്‌സ്‌: ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ക്ക്‌ ശേഷം ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത്‌്‌ താന്‍ തുടരില്ലെന്ന്‌ ഡിയാഗോ മറഡോണയുടെ ഭീഷണി. പെറു, ഉറുഗ്വേ എന്നിവര്‍ക്കെതിരായ യോഗ്യതാ മല്‍സരങ്ങള്‍ക്ക്‌ ശേഷം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനെ കാണുന്നുണ്ടെന്നും തന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാത്തപക്ഷം പരിശീലക സ്ഥാനത്ത്‌ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ടെക്‌നിക്കല്‍ ഡയരക്ടര്‍ കാര്‍ലോസ്‌ ബിലാര്‍ഡോയുടെ ഇടപെടലുകളില്‍ മറഡോണ ക്ഷുഭിതനാണെന്നാണ്‌ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. ബിലാര്‍ഡോയെ ഈ സ്ഥാനത്ത്‌ നിന്ന്‌ മാറ്റണമെന്നതാണ്‌ കോച്ചിന്റെ കാര്യമായ ആവശ്യം. എന്നാല്‍ തന്റെ നിബന്ധനകള്‍ എന്തെല്ലാമാണെന്ന്‌ പറയാന്‍ മറഡോണ വിസ്സമതിച്ചു. ഈ ശനിയാഴ്‌ച്ചയാണ്‌ പെറുവുമായി യോഗ്യതാ മല്‍സരത്തില്‍ അര്‍ജന്റീന കളിക്കുന്നത്‌. ഈ മല്‍സരത്തിന്‌ ശേഷം 13 ന്‌ ഉറുഗ്വേയുമായി കളിക്കും. ഈ രണ്ട്‌ മല്‍സരങ്ങളിലും ജയിക്കുന്നപക്ഷം ലാറ്റിനമേരിക്കയില്‍ നിന്നും പ്ലേ ഓഫ്‌ ബെര്‍ത്ത്‌ അര്‍ജന്റീനക്ക്‌ ഉറപ്പാണ്‌. പക്ഷേ കഴിഞ്ഞ മൂന്ന്‌ മല്‍സരങ്ങളില്‍ തോല്‍വി പിണഞ്ഞതിനാല്‍ മറഡോണയും ടീമും കനത്ത സമ്മര്‍ദ്ദത്തിലാണ്‌.

ഈജിപ്‌ത്‌ പുറത്ത്‌
അലക്‌സാണ്ടറിയ: ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ ആതിഥേയരായ ഈജിപ്‌തിന്റെ സ്വപ്‌നതുല്യമായ യാത്രക്ക്‌ അന്ത്യം. പ്രാഥമിക ഘട്ടത്തില്‍ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ സ്വന്തമാക്കിയ ടീമിന്റെ കഥ കഴിച്ചത്‌ കോസ്‌റ്റാറിക്ക. ഇരു പകുതികളിലായി കോസ്‌റ്റാറിക നേടിയ ഗോളുകള്‍ സ്‌റ്റേഡിയം തിങ്ങിനിറഞ്ഞ ആരാധകരെ നിരാശരാക്കി. കണ്ണീരോടെയാണ്‌ പലരും മൈതാനം വിട്ടത്‌. ഇന്നലെ നടന്ന മറ്റ്‌ രണ്ട്‌ ക്വാര്‍ട്ടറുകളും ഷൂട്ടൗട്ടിലെത്തി. ഘാന ദക്ഷിണാഫ്രിക്കയെയും ഹംഗറി ചെക്‌ റിപ്പബ്ലിക്കിനെയും തോല്‍പ്പിച്ചത്‌ ഷൂട്ടൗട്ടിലാണ്‌. ഇന്ന്‌ ബ്രസീല്‍ ഉറുഗ്വേയുമായും വെനിസ്വേല യു.എ.ഇയെയും ജര്‍മനി നൈജീരിയയുമായും കളിക്കും.
ആരോപണം ഇന്ത്യന്‍ മാധ്യമസൃഷ്‌ടി
കറാച്ചി: ക്ഷുഭിതനാണ്‌ ഇന്‍ത്തികാബ്‌ ആലം എന്ന പാക്കിസ്‌താന്‍ കോച്ച്‌. അദ്ദേഹം രോഷം കൊള്ളുന്നത്‌ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും സ്വന്തം ജനങ്ങള്‍ക്കുമെതിരെയാണ്‌. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്‌താന്‍ പുറത്തായത്‌ ഒത്തുകളിയിലാണെന്ന ആരോപണം ശുദ്ധഅസംബന്ധവും മാധ്യമ സൃഷ്ടിയുമാണെന്ന്‌ അദ്ദേഹം തുറന്നടിച്ചു. മികച്ച പ്രകടനമാണ്‌ പാക്കിസ്‌താന്‍ ടീം ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ നടത്തിയത്‌. സെമിഫൈനല്‍ വരെയെത്താന്‍ കഴിഞ്ഞത്‌ തന്നെ വലിയ നേട്ടമാണ്‌. ചാമ്പ്യന്‍ഷിപ്പിലെ ഫേവറിറ്റുകളായ ഇന്ത്യയും ദക്ഷിണാഫ്രക്കയും ശ്രീലങ്കയും നേരത്തെ തന്നെ പുറത്തായവരാണ്‌. ഈ ടീമുകള്‍ക്കെതിരെ അവരുടെ നാട്ടില്‍ നിന്ന്‌ ഒരു പരാതിയുമില്ല. പാക്കിസ്‌താനില്‍ മാത്രമാണ്‌ ആരാധകര്‍ കോപിക്കുന്നതെന്നും ഇതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുളള പന്തയവും നടന്നിട്ടില്ല. ഈ കാര്യത്തില്‍ ആര്‍ക്ക്‌ മുന്നിലും ഹാജരാവാമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 13 ന്‌ പാക്കിസ്‌താന്‍ പാര്‍ലമെന്റ്‌ മുമ്പാകെ കോച്ചും ക്യാപ്‌റ്റനും ഹാജരാവുന്നുണ്ട്‌. അതിനിടെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ക്യാപ്‌റ്റനും കോച്ചിനും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. രാജിവെക്കാന്‍ തനിക്ക്‌ മടിയില്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ ആവശ്യപ്പെട്ടാല്‍ രാജി നല്‍കുമെന്നും യൂനസ്‌ഖാന്‍ പറഞ്ഞു.

പ്രിയക്ക്‌ വെങ്കലം
ഭോപ്പാല്‍: ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ മീറ്റില്‍ കേരളത്തിന്‌ വെങ്കലം. വനിതകളുടെ 100 മീറ്ററില്‍ പി.കെ പ്രിയയാണ്‌ മൂന്നാമത്‌ വന്നത്‌. റെയില്‍വേയുടെ ശ്രദ്ധ നാരായണനാണ്‌ ഒന്നാം സ്ഥാനം നേടിയത്‌. 11.71 സെക്കന്‍ഡിലാണ്‌ പ്രിയ ഫിനിഷ്‌ ചെയ്‌തത്‌. ആന്ധ്രയുടെ എച്ച്‌. എം ജ്യോതി വെള്ളി നേടിയത്‌ 11.73 സെക്കന്‍ഡിലാണ്‌. പ്രിയ 12.11 സെക്കന്‍ഡെടുത്തു. ഈ ഇനത്തില്‍ മല്‍സരിച്ച കേരളത്തിന്റെ മറ്റൊരു താരം സി. ശില്‍പ്പക്ക്‌ ഏഴാം സ്ഥാനമാണ്‌ ലഭിച്ചത്‌. വനിതകളുടെ ഡിസ്‌ക്കസ്‌ ത്രോയില്‍ സീമാ ആന്റില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്‌ 57.53 മീറ്റര്‍ പിന്നിട്ടാണ്‌. പഞ്ചാബിന്റെ ഹര്‍വന്ത്‌ കൗര്‍ വെള്ളിയും റെയില്‍വേയുടെ കൃഷ്‌ണ പുനിയ വെങ്കലവും നേടി. പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ റെയില്‍വേയുടെ ബിമിന്‍ സ്വര്‍ണ്ണം നേടി. മീറ്റ്‌ രണ്ടാം ദിവസം പിന്നിടുമ്പോഴും റെയില്‍വേയാണ്‌ ഒന്നാം സ്ഥാനത്ത്‌.

No comments: