Friday, October 16, 2009

ADI, THAMMILADI

അടി, തമ്മിലടി
ന്യൂഡല്‍ഹി: വ്യാഴാഴ്‌ച്ച സിക്‌സറടിച്ചത്‌ സുരേഷ്‌ കല്‍മാഡിയായിരുന്നു. വെള്ളിയാഴ്‌ച്ച മൈക്‌ ഹൂപ്പറിന്റെ സിക്‌സറായിരുന്നു... ഇനി ആരെല്ലാം സിക്‌സറടിക്കുമെന്ന്‌ വ്യക്തമല്ല. എന്തായാലും ഒരു വര്‍ഷം അരികെ നില്‍ക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ കോര്‍ട്ടില്‍ ബൗണ്ടറികളും സിക്‌സറുകളും യഥേഷ്ടം പിറക്കുമെന്നുറപ്പായി...
ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിന്റെ കാര്യത്തില്‍ ആശങ്കകള്‍ നിറഞ്ഞ്‌ നില്‍ക്കവെ ഇന്ത്യന്‍ കായികാധികാരികള്‍ മലര്‍ന്നുകിടന്ന്‌ തുപ്പുകയാണിപ്പോള്‍.. സുരേഷ്‌ കല്‍മാഡി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ടും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമാണ്‌. മൈക്‌ ഹൂപ്പറാവട്ടെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ചിഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറും. രണ്ട്‌ പേരും തമ്മിലാണിപ്പോള്‍ ക്രിക്കറ്റ്‌ കളിക്കുന്നത്‌.
മല്‍സരം തുടങ്ങിയിട്ട്‌ മാസങ്ങളായി. പക്ഷേ ഇപ്പോഴാണ്‌ ഫൈനല്‍ ആരംഭിച്ചിരിക്കുന്നത്‌. വ്യാഴാഴ്‌ച്ച കല്‍മാഡി വാര്‍ത്താസമ്മേളനം വിളിച്ച്‌ തുറന്നടിച്ചു. ഹൂപ്പറെ മടക്കിവിളിക്കണം. അല്ലെങ്കില്‍ ഇവിടെ നിന്ന്‌ ഓടിക്കും. അയാളുണ്ടെങ്കില്‍ ഗെയിംസ്‌ നടക്കില്ല. എല്ലാ പ്രശ്‌നത്തിനും കാരണക്കാരന്‍ ഹൂപ്പറാണ്‌. ചില മോശം പദങ്ങളും കല്‍മാഡി ഉപയോഗിച്ചിരുന്നു. അപ്പോള്‍ തന്നെ ഹൂപ്പര്‍ മറുപടിയും നല്‍കിയതാണ്‌. കല്‍മാഡി എല്ലാം വ്യക്തിപരമായി കാണുന്നുവെന്നും അത്‌ കൊണ്ടാണ്‌ അദ്ദേഹത്തിന്‌ തന്നെ ഇഷ്ടമില്ലാത്തതെന്നും പറഞ്ഞതോടെ കാര്യങ്ങള്‍ അവസാനിച്ചില്ല.
ഇന്നലെ ഹൂപ്പര്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ചു. കല്‍മാഡിക്ക്‌ അതേ നാണയത്തില്‍ മറുപടി നല്‍കി. കാര്യങ്ങളില്‍ നിന്ന്‌ കല്‍മാഡി ഒളിച്ചോടുകയാണെന്നും വിജയകരമായി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തണമെങ്കില്‍ കാര്യ ഗൗരവത്തോടെ പ്രശ്‌നങ്ങളെ പരിഹാരാധിഷ്ടിതം കാണണമെന്നും അദ്ദേഹം പറഞ്ഞതിന്‌ പിറകെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്‍ ഒരു കാര്യം തര്‍ക്കരഹിതമായി വ്യക്തമാക്കി-ഹൂപ്പറെ മാറ്റില്ല. കല്‍മാഡിയുടെ വാദങ്ങള്‍ അംഗീകരിച്ച്‌ ഹൂപ്പറെ ഒരു തരത്തിലും മാറ്റില്ലെന്നും തല്‍ക്കാലം ഗെയിംസിന്റെ വിജയകരമായ നടത്തിപ്പ്‌ ഉറപ്പിക്കാന്‍ കല്‍മാഡിയും സംഘവും രംഗത്തിറങ്ങണമെന്നുമാണ്‌ ഫെഡറേഷന്റെ നിര്‍ദ്ദേശം.
അതിനിടെ കല്‍മാഡിയുടെ വിശ്വസ്‌തനായ ഇന്ത്യന്‍ അത്‌ലറ്റിക്‌സ്‌ ഫെഡറേഷന്‍ തലവന്‍ ലളിത്‌ ഭാനോട്ട്‌ രംഗത്ത്‌ വന്നിട്ടുണ്ട്‌. ഹൂപ്പറുളളപ്പോള്‍ സഹകരണം പ്രയാസമാണെന്നാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്നലെ ഗെയിംസ്‌ ഓഫീസില്‍ ഭാനോട്ടും ഹൂപ്പറും തമ്മിലുടക്കിയത്‌ ടെലിവിഷന്‍ ക്യാമറകള്‍ക്ക്‌ മുന്നിലായിരുന്നു. ഓഫീസില്‍ നിന്ന്‌ ഇറങ്ങാന്‍ വരെ ഭാനോട്ട്‌ പറഞ്ഞു. ഒരു ഘട്ടത്തില്‍ നാവടക്കാനും പറയുന്നുണ്ടായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താന്‍ ജോലി തുടരുമെന്നാണ്‌ ഇന്നലെ എന്‍.ഡി.ടി.വിയുമായി സംസാരിക്കവെ ഹൂപ്പര്‍ വ്യക്തമാക്കിയത്‌.
ഒരാഴ്‌ച്ച മുമ്പാണ്‌ ഫെഡറേഷന്‍ തലവന്‍ മൈക്‌ ഫെനിന്നും സംഘവും ഗെയിംസ്‌ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ ഇവിടെയെത്തിയത്‌. വരുന്നതിന്‌ മുമ്പ്‌ തന്നെ അവര്‍ ഡല്‍ഹിയുടെ ഒരുക്കത്തില്‍ അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഒന്നല്ല പലതായിരുന്നു ഡല്‍ഹിയിലെ പ്രശ്‌നങ്ങള്‍. സ്‌റ്റേഡിയങ്ങള്‍ ഒരുങ്ങിയിട്ടില്ല. ഗതാഗതകുരുക്ക്‌ വലിയ പ്രശ്‌നമാണ്‌. നഗരത്തിന്റെ മലീനികരണ തോത്‌ അനുദിനം ഉയരുന്നു. എല്ലാത്തിനും പുറമെ സുരക്ഷാ പ്രശ്‌നങ്ങള്‍. ഫെന്നിനും സംഘവും വന്നപ്പോള്‍ കല്‍മാഡി തന്റെ ബുദ്ധിയില്‍ ഒരു കാര്യം ചെയ്‌തു-മാധ്യമ പ്രവര്‍ത്തകരെ അടുപ്പിച്ചില്ല. ദിവസങ്ങളായി ദീര്‍ഘിച്ച പരിശോധനക്കിടെ ഒരു സ്ഥലത്ത്‌ മാത്രമായിരുന്നു ടെലിവിഷന്‍ ക്യാമറകള്‍ക്ക്‌ പ്രവേശനം- അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായിരുന്നു. പരിശോധന കഴിഞ്ഞ്‌ മടങ്ങുന്നതിന്‌ തലേദിവസം കല്‍മാഡിയും ഫെന്നിനും പത്രക്കാരെ കണ്ടു. ഫെന്നിന്‍ സ്വന്തം നിലപാട്‌ വ്യക്തമാക്കി-സമയം വില്ലനാണ്‌. ഒരു വര്‍ഷത്തിനുളളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങണം, അല്ലാതെ രക്ഷയില്ല. സമയത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ ഗെയിംസ്‌ വിജയകരമായി നടത്താനാവും. ഡല്‍ഹിയുടെ ഒരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ രണ്ടംഗ കമ്മിറ്റിയെയും നിയോഗിച്ചാണ്‌ ഫെന്നിന്‍ പോയത്‌.
അടുത്ത ദിവസമാണ്‌ കല്‍മാഡി അനാവശ്യമായി വാര്‍ത്താസമ്മേളനം വിളിച്ച്‌ ഹൂപ്പറിനെതിരെ സംസാരിച്ചത്‌. കായികരംഗത്ത്‌ വിദഗ്‌ദ്ധരെല്ലാം കല്‍മാഡിയുടെ വിമര്‍ശനങ്ങള്‍ അസമയത്തുള്ളതാണെന്ന്‌ അഭിപ്രായപ്പെട്ടു. ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിനായി നിയോഗിക്കപ്പെട്ട വ്യക്തിയെ അപഹസിക്കുന്ന തരത്തിലുളള സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ്‌ എല്ലാവരും പറഞ്ഞത്‌.
കാര്യങ്ങള്‍ ഇപ്പോള്‍ ആകെ കുഴഞ്ഞ്‌ മറിഞ്ഞ്‌ കിടക്കുകയാണ്‌. കല്‍മാഡി ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ വക്താവാണ്‌. അദ്ദേഹത്തിന്റെ വാക്കുകളെ അങ്ങനെയങ്ങ്‌ തള്ളിപ്പറയാന്‍ സര്‍ക്കാരിന്‌ കഴിയില്ല. അതേ സമയം കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്റെ നിലപാടിനെ കാണാതിരിക്കാനും കഴിയില്ല. ഗെയിംസ്‌ ഒരുക്കങ്ങളെ ഈ ശീതസമരം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ കായിക മന്ത്രാലയമാണ്‌. ഹൂപ്പര്‍ പോയാല്‍ കല്‍മാഡി ഉഷാറാവും. അങ്ങനെ തോറ്റു കൊടുക്കാന്‍ ഹൂപ്പറും ഒരുക്കമല്ല. ഇനി നാടകത്തിന്റെ അടുത്ത രംഗത്തിന്‌ കാത്തിരിക്കണം.
പുകച്ചുചാടിക്കാന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ടും കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ സുരേഷ്‌ കല്‍മാഡി പ്രയോഗിക്കുന്നത്‌ പുകച്ചുചാടിക്കാനുള്ള തന്ത്രങ്ങള്‍... മൈക്‌ ഹൂപ്പറിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ചതും മോശമായി സംസാരിച്ചതും പിന്നെ തന്റെ അനുചരരെ ഉപയോഗപ്പെടുത്തി പ്രശ്‌നങ്ങളുണ്ടാക്കുന്നതും ബോധപൂര്‍വമാണെന്നാണ്‌ സൂചനകള്‍. മൈക്‌ ഹൂപ്പറെ പുറത്താക്കുന്ന കാര്യത്തില്‍ ഇത്‌ വരെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷന്റെ അനുമതി കല്‍മാഡിക്ക്‌ ലഭിച്ചിട്ടില്ല. ഫെഡറേഷന്‍ കല്‍മാഡിയുടെ ആവശ്യം തള്ളിയിട്ടുമുണ്ട്‌. എന്നാല്‍ ഫെഡറേഷന്‍ തലവന്‍ ഫെന്നിന്‍ ആലോചിച്ച്‌ മറുപടി നല്‍കാമെന്നാണ്‌ പറഞ്ഞതെന്നാണ്‌ കല്‍മാഡിയുടെ വിശദീകരണം.
കല്‍മാഡിയുടെ അനിഷ്ടത്തില്‍ ഡല്‍ഹിയില്‍ തുടരാന്‍ ഹൂപ്പറിന്‌ കഴിയില്ല. ഫെഡറേഷന്‍ തലവന്‍ ഫെന്നിനിയെും സംഘത്തെയും ഹൂപ്പര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കയാണെന്നാണ്‌ കല്‍മാഡി പരാതിപ്പെടുന്നത്‌. ഗെയിംസിന്റെ ഒരുക്കങ്ങള്‍ ശക്തമായി നടക്കുമ്പോള്‍ ഇല്ലാത്ത കാരണങ്ങള്‍ പറയുകയാണ്‌ ഹൂപ്പറെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഡല്‍ഹിക്ക്‌ വേദി അനുവദിച്ചിട്ട്‌ വര്‍ഷങ്ങളായി. ഒരുക്കങ്ങള്‍ ശക്തമായി നടത്തുകയാണെന്ന്‌ പലപ്പോഴും പറഞ്ഞിരുന്ന കല്‍മാഡിക്ക്‌ പക്ഷേ ഫെഡറേഷന്‍ വക്താക്കളുടെ നല്ല സര്‍ട്ടിഫിക്കറ്റ്‌ നേടാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യ വീണ്ടും ഉയരത്തില്‍
സൂറിച്ച്‌: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക്‌ വീണ്ടും സ്ഥാനക്കയറ്റം...! നെഹ്‌റു കപ്പ്‌ രാജ്യാന്തര ഫുട്‌ബോളില്‍ കിരീടമണിഞ്ഞ ശേഷം ദേശീയ ടീമിന്‌ മല്‍സരങ്ങളുണ്ടായിരുന്നില്ലെങ്കിലും പുതിയ ഫിഫ റാങ്കിംഗില്‍ പതിനൊന്ന്‌ സ്ഥാനം ഉയര്‍ന്ന്‌ ഇന്ത്യ 138 ല്‍ നില്‍ക്കുന്നു. 207 രാജ്യങ്ങളാണ്‌ ഫിഫ റാങ്കിംഗ്‌ പട്ടികയിലുള്ളത്‌. ഇവരിലാണ്‌ ഇന്ത്യക്ക്‌ 138-ാമത്തെ സ്ഥാനം. 160 പോയന്റാണ്‌ ഇന്ത്യന്‍ സമ്പാദ്യം. നെഹ്‌റു കപ്പ്‌ വിജയത്തിലൂടെ 26 പോയന്റാണ്‌ ടീമിന്‌ ഒറ്റയടിക്ക്‌ ലഭിച്ചത്‌. ഏഷ്യന്‍ റാങ്കിംഗില്‍ ഇന്ത്യ 23 ല്‍ നില്‍ക്കുന്നു. യെമനെ പോലുള്ളവര്‍ ഇന്ത്യക്ക്‌ പിറകിലാണ്‌. ഈ വര്‍ഷം ഡിസംബറില്‍ സാഫ്‌ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നടക്കാനുമുണ്ട്‌. ഈ ചാമ്പ്യന്‍ഷിപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയാല്‍ ഇന്ത്യക്ക്‌ കൂടുതല്‍ ഉയരങ്ങളിലെത്താനാവും. ഒന്നാം സ്ഥാനത്ത്‌ ബ്രസീല്‍ തന്നെയാണ്‌. രണ്ടാം സ്ഥാനത്തുള്ള സ്‌പെയിനിനേക്കാള്‍ മൂന്ന്‌ പോയന്റ്‌ കൂടുതലാണ്‌ ബ്രസീലിന്‌. ഹോളണ്ട്‌, ഇറ്റലി, ജര്‍മനി എന്നിവരാണ്‌ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍. റാങ്കിംഗ്‌ പട്ടികയില്‍ ഉയരത്തിലുള്ള ഏഷ്യന്‍ രാജ്യം ഓസ്‌ട്രേലിയയാണ്‌. 24-ാം സ്ഥാനത്താണ്‌ അവര്‍.
ക്യാപ്‌റ്റന്‍ ക്ലാര്‍ക്ക്‌
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ 20-20 ടീമിന്‌ പുതിയ നായകന്‍. റിക്കി പോണ്ടിംഗ്‌ കുട്ടി ക്രിക്കറ്റ്‌ വിട്ട സാഹചര്യത്തില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്‌ മൈക്കല്‍ ക്ലാര്‍ക്ക്‌. വൈസ്‌ ക്യാപ്‌റ്റന്‍ കാമറൂണ്‍ വൈറ്റും. പോണ്ടിംഗിന്റെ പിന്‍ഗാമിയായി നേരത്തെ തന്നെ വിലയിരുത്തപ്പെട്ട ക്ലാര്‍ക്ക്‌ പുതിയ പദവിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. പോണ്ടിംഗില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാനും യുവതാരങ്ങളെ ഏകോപിപ്പിക്കാനും തനിക്കാവുമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഇതിനകം മൂന്ന്‌ 20-20 മല്‍സരങ്ങളില്‍ ക്ലാര്‍ക്ക്‌ ടീമിനെ നയിച്ചിട്ടുണ്ട്‌. എല്ലാം പോണ്ടിംഗിന്റെ അഭാവത്തിലായിരുന്നു. 15 ഏകദിനങ്ങളിലും പോണ്ടിംഗിന്റെ പരുക്കില്‍ ക്ലാര്‍ക്കിനായിരുന്നു ചുമതല. ക്ലാര്‍ക്കിന്‌ മികച്ച ക്യാപ്‌റ്റനായി മാറാന്‍ കഴിയുമെന്ന്‌ പോണ്ടിംഗ്‌ പറഞ്ഞു. വൈറ്റിനെ ഉപനായകനാക്കിയതാണ്‌ വിസ്‌മയ തീരുമാനം. മൈക്‌ ഹസിയോ അല്ലെങ്കില്‍ ബ്രാഡ്‌ ഹാദ്ദീനോ ഡെപ്യൂട്ടിയാവുമെന്നാണ്‌ കരുതപ്പെട്ടത്‌.

പ്ലേ ഓഫ്‌
പ്രമുഖര്‍ മുഖാമുഖം വരില്ല
സൂറിച്ച്‌: ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ പ്ലേ ഓഫിലെ യൂറോപ്യന്‍ പ്രതിയോഗികള്‍ ആരെല്ലാമാണെന്ന്‌ തിങ്കളാഴ്‌ച്ചയറിയാം. അന്നാണ്‌ പ്ലേ ഓഫ്‌ നറുക്കെടുപ്പ്‌. ഫ്രാന്‍സ്‌, റഷ്യ, പോര്‍ച്ചുഗല്‍, ഗ്രീസ്‌, ഉക്രൈന്‍, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌, ബോസ്‌നിയ ഹെര്‍സഗോവീന, സ്ലോവേനിയ എന്നീ ടീമുകളാണ്‌ വന്‍കരയില്‍ നിന്ന്‌ പ്ലേ ഓഫ്‌ ബെര്‍ത്ത്‌ സ്വന്തമാക്കിയത്‌. ഇവരില്‍ ഫ്രാന്‍സ്‌, റഷ്യ, പോര്‍ച്ചുഗല്‍, ഗ്രീസ്‌ എന്നീ ടീമുകളെ ഫിഫ സീഡ്‌ ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ ഇവര്‍ പരസ്‌പരം വരില്ല. സീഡ്‌ ചെയ്യപ്പെടാത്ത ടീമുകളായ ഉക്രൈന്‍, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌, ബോസ്‌നിയ ഹെര്‍സഗോവീന, സ്ലോവേനിയ എന്നിവരായിരിക്കും പ്രബലരുടെ പ്രതിയോഗികള്‍.
ദ്വിപാദ ഹോം ആന്‍ഡ്‌ എവേ മല്‍സരങ്ങളാണ്‌ പ്ലേ ഓഫിലുണ്ടാവുക. ആദ്യപാദ മല്‍സരം നവംബര്‍ 14 നും രണ്ടാം പാദ മല്‍സരം 18 നും നടക്കും.

വീണ്ടും ഫാറുഖ്‌ കോളജ്‌
കോഴിക്കോട്‌: കാലിക്കറ്റ്‌ വാഴ്‌സിറ്റി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പതിനാലാം തവണയും ഫാറുഖ്‌ കോളജിന്‌ കിരീടം. ഇന്നലെ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന അവസാന മല്‍സരത്തില്‍ ഫാറുഖ്‌ കോളജ്‌ മുന്‍നിരക്കാരന്‍ ടി.എം സജീറിന്റെ ഗോളില്‍ വയനാട്‌ മുട്ടില്‍ മുസ്ലീം ഓഫനേജ്‌ കോളജ്‌ ടീമിനെ പരാജയപ്പെടുത്തി. ഏറ്റവും മികച്ച ജൂനിയര്‍ ഫുട്‌ബോളര്‍ക്കുളള കേരളാ ഫുട്‌ബോള്‍ അസോസിയേഷന്റെ പുരസ്‌ക്കാരം സ്വന്തമാക്കിയ സജീര്‍ വയനാട്‌ കമ്പളക്കാട്‌ സ്വദേശിയാണ്‌. ദേവഗിരി കോളജിനെ മൂന്ന്‌ ഗോളിന്‌ തോല്‍പ്പിച്ച്‌ ഗുരുവായുരപ്പന്‍ കോളജ്‌ മൂന്നം സ്ഥാനം നേടി. ഈ മാസം 24, 25, 26 തിയ്യതികളില്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്റര്‍ സോണ്‍ മല്‍സരങ്ങളില്‍ ഈ മൂന്ന്‌ ടീമുകള്‍ കാലിക്കറ്റിനെ പ്രതിനിധീകരിക്കും.

ഇനി ക്ലബുകള്‍ക്ക്‌
ലണ്ടന്‍: തിരക്കേറിയ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ക്ക്‌ ശേഷം യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ ഇനി സ്വന്തം ക്ലബുകളുടെ തട്ടകത്തിലേക്ക്‌. ഈയാഴ്‌ച്ച ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലും സ്‌പാനിഷ്‌ ലീഗിലും തകര്‍പ്പന്‍ മല്‍സരങ്ങളാണ്‌ നടക്കുന്നത്‌. ജര്‍മനി, ഫ്രാന്‍സ്‌, ജര്‍മന്‍ ലീഗുകളിലും ശക്തമായ പോരാട്ടങ്ങളുണ്ട്‌.
പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക്‌ മുന്നില്‍ വരുന്നത്‌ ടേബിളില്‍ ഏഴാമതുള്ള ആസ്‌റ്റണ്‍വില്ലയാണ്‌. അട്ടിമറി വീരന്മരായ വില്ലക്കെതിരായ പോരാട്ടം ചെല്‍സിക്ക്‌ എളുപ്പമാവില്ല. ചെല്‍സി വീഴുന്നപക്ഷം ടേബിളില്‍ ഒന്നാം സ്ഥാനം നേടാന്‍ അവസരമുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രതിയോഗികള്‍ ബോള്‍ട്ടണ്‍ വാണ്ടറേഴ്‌സാണ്‌. സീസണില്‍ ഇതിനകം എട്ട്‌ ഗോളുകള്‍ വഴങ്ങിയവരാണ്‌ മാഞ്ചസ്‌റ്റര്‍. ഈ തകര്‍ച്ച ഒഴിവാക്കാന്‍ അവരുടെ വലയുടെ സംരക്ഷകനായി വാന്‍ഡര്‍സര്‍ ഇന്ന്‌ മുതല്‍ എത്തുന്നുണ്ട്‌്‌. ആറാമത്‌ നില്‍ക്കുന്ന ലിവര്‍പൂളിനും കാര്യങ്ങള്‍ എളുപ്പമാവില്ല. സുതര്‍ലാന്‍ഡാണ്‌ പ്രതിയോഗികള്‍. മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ വിജയത്തിന്റെ അരികിലെത്തിയവരാണ്‌ സുതര്‍ലാന്‍ഡ്‌. ടോട്ടന്‍ഹാമിന്‌ കാര്യങ്ങള്‍ എളുപ്പമാവും. അവരുടെ എതിരാളികള്‍ താഴേ തട്ടിലുള്ള പോര്‍ട്‌സ്‌മൗത്താണ്‌. നാലാമതുളള മാഞ്ചസ്‌റ്റര്‍ സിറ്റിക്ക്‌ മുന്നില്‍ വരുന്നത്‌ വിഗാന്‍ അത്‌ലറ്റിക്കാണ്‌. ആഴ്‌സനല്‍ ബിര്‍മിംഗ്‌ഹാം സിറ്റിയുമായി കളിക്കും.
സ്‌പാനിഷ്‌ ലീഗില്‍ ഈയാഴ്‌ച്ച തകര്‍പ്പന്‍ പോരാട്ടങ്ങളുണ്ട്‌. ചാമ്പ്യന്മാരായ ബാര്‍സിലോണക്ക്‌ മുന്നില്‍ കരുത്തരായ വലന്‍സിയയാണ്‌ വരുന്നത്‌. ബാര്‍സ നിരയിലേക്ക്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളുടെ തിരക്കില്‍ നിന്ന്‌ ലയണല്‍ മെസിയും സുല്‍ത്താന്‍ ഇബ്രാഹീമോവിച്ചും വരുന്നുണ്ട്‌. മെസി ആവേശത്തിലാണ്‌. അര്‍ജന്റീന അവസാനം ഫൈനല്‍ റൗണ്ടില്‍ കടന്നുകയറിയതിന്റെ ആഹ്ലാദത്തില്‍ അദ്ദേഹം വരുമ്പോള്‍ ഇബ്രാഹീമോവിച്ചിന്‌ നിരാശയുണ്ട്‌. അദ്ദേഹത്തിന്റെ ടീമായ സ്വീഡന്‌ ഇത്തവണ ലോകകപ്പ്‌ ബെര്‍ത്തില്ല. ബാര്‍സ-വലന്‍സിയ മല്‍സരം മെസി-ഡേവിഡ്‌ വിയ പോരാട്ടമായി മാറാനും സാധ്യതയുണ്ട്‌. റയല്‍ മാഡ്രിഡ്‌ അവസാന മല്‍സരത്തില്‍ സെവിയയോട്‌ തോറ്റവരാണ്‌. ഈയാഴ്‌ച്ച അവര്‍ക്ക്‌ മുന്നില്‍ വരുന്നത്‌ വല്ലഡോളിഡാണ്‌. ഇന്നത്തെ മല്‍സരത്തില്‍ സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോ കളിക്കുന്നില്ല. കക്ക, കരീം ബെന്‍സാമ എന്നിവരിലാണ്‌ പ്രതീക്ഷകള്‍. കരുത്തരെ അട്ടിമറിക്കാന്‍ പ്രാപ്‌തിയുളള സെവിയയുടെ പ്രതിയോഗികള്‍ ഡിപ്പോര്‍ട്ടീവോയാണ്‌.
ഇറ്റാലിയന്‍ ലീഗില്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനും നിലവില്‍ ഒന്നാം സ്ഥാനത്തുള്ള സാംപദോറിയക്കും ഈയാഴ്‌ച്ച എവേ മല്‍സരങ്ങളാണ്‌. മിലാന്‍ ജിനോവയിലേക്ക്‌ പോവുമ്പോള്‍ സാംപദോറിയോ ലാസിയോയുമായി കളിക്കും. ഇന്റര്‍ സംഘത്തിലേക്ക്‌ ഡിയോഗോ മീലീഷ്യ, തിയാഗോ മോട്ട എന്നിവര്‍ തിരിച്ചെത്തിയിട്ടുണ്ട്‌. ജിനോവ സംഘത്തില്‍ അര്‍ജന്റീനയുടെ പഴയ സൂപ്പര്‍ താരം ഹെര്‍നാന്‍ ക്രെസ്‌പോ കളിക്കുന്നുണ്ട്‌. യുവന്തസിന്റെ മല്‍സരം ഫിയോറന്റീനയുമായാണ്‌. നാളെ നടക്കുന്ന വലിയ മല്‍സരത്തില്‍ ഏ.എസ്‌ റോമ ഏ.സി മിലാനെ നേരിടുന്നുണ്ട്‌. രണ്ട്‌ പഴയ പ്രബലരും ഇത്തവണ തപ്പിതടയുകയാണ്‌. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിച്ച്‌ ഫ്രൈബര്‍ഗ്ഗുമായാണ്‌ കളിക്കുന്നത്‌.

ഉന്നതല യോഗത്തില്‍ യൂനസ്‌ പങ്കെടുത്തില്ല
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ട്‌ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്യാപ്‌റ്റന്‍ സ്ഥാനത്ത്‌ നിന്ന്‌ രാജി നല്‍കിയ യൂനസ്‌ഖാന്‍ പങ്കെടുത്തില്ല. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഇഖ്‌ബാല്‍ കാസീം, കോച്ച്‌ ഇന്‍ത്തികാബ്‌ ആലം, ടീം മാനേജര്‍ യാവര്‍ സയദ്‌, അസോസിയേറ്റ്‌ മാനേജര്‍ ഷഫാഖത്ത്‌ റാണ, വൈസ്‌ ക്യാപ്‌റ്റന്‍ ഷാഹിദ്‌ അഫ്രീദി എന്നിവരെല്ലാം പങ്കെടുത്ത യോഗത്തിന്‌ താനുണ്ടാവില്ലെന്ന്‌ നേരത്തെ യൂനസ്‌ പറഞ്ഞിരുന്നതായാണ്‌ വിവരം. യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച്‌ എന്തെങ്കിലും പറയാന്‍ പി.സി.ബി വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. തിങ്കളാഴ്‌ച്ചയോ അല്ലെങ്കില്‍ ചൊവാഴ്‌ച്ചയോ ചില തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്ന്‌ മാത്രമാണ്‌ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്‌. നായകസ്ഥാനത്ത്‌ യൂനസ്‌ തന്നെ തു
ടരാനാണ്‌ സാധ്യത. 2011 ല്‍ നടക്കുന്ന ലോകകപ്പ്‌ വരെ തന്നെ നായകനായി തുടരാന്‍ അനുവദിക്കുന്നപക്ഷം ക്യാപ്‌റ്റന്‍സിയില്‍ തുടരാമെന്ന ഡിമാന്‍ഡാണത്രെ യൂനസ്‌ മുന്‍വെച്ചിരിക്കുന്നത്‌. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ നായകസ്ഥാനത്ത്‌ തുടരാമെന്ന്‌ യൂനസ്‌ വ്യക്തമാക്കിയതായി സൂചനയുണ്ട്‌. ഇപ്പോള്‍ ഓരോ പരമ്പരക്കായാണ്‌ നായകനെ തീരുമാനിക്കുന്നത്‌. ഇത്‌ മാറ്റി ദീര്‍ഘകാലത്തേക്ക്‌ ഒരാളെ നായകനായി അവരോധിക്കുന്ന രീതി പി.സി.ബി ഇത്‌ വരെ നടപ്പാക്കിയിട്ടില്ല. അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും തനിക്ക്‌ അധികാരം വേണമെന്ന്‌ യൂനസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. നിലവില്‍ അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്നത്‌ ക്യാപ്‌റ്റന്‍, കോച്ച്‌, വൈസ്‌ ക്യാപ്‌റ്റന്‍, മാനേജര്‍, സെലക്ഷന്‍ കമ്മിറ്റിയിലെ ഒരംഗം എന്നിവരാണ്‌. ഇതിന്‌ പകരം ക്യാപ്‌റ്റനും കോച്ചും മാത്രം ടീമിനെ തെരഞ്ഞെടുക്കുക എന്ന തീരുമാനമുണ്ടാവണം. ടീമിലെ ഗ്രൂപ്പിസം വലിയ തലവേദനയാണ്‌. ഇപ്പോള്‍ തന്നെ അഫ്രീദിയുടെ ഗ്രൂപ്പും ഷുഹൈബ്‌ മാലിക്കിന്റെ ഗ്രൂപ്പും ടീമിലുണ്ട്‌. ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ മാലിക്കിനെ കളിപ്പിക്കുന്നതിനോട്‌ യൂനസിന്‌ താല്‍പ്പര്യമുണ്ടായിരുന്നില്ലത്രെ... മാലിക്കാണ്‌ മല്‍സരത്തില്‍ സെഞ്ച്വറിയുമായി കരുത്ത്‌ കാട്ടിയത്‌.

സ്‌പാനിഷ്‌ ലീഗില്‍ ഇന്ന്‌്‌
ഡിപ്പോര്‍ട്ടീവോ-സെവിയ, റയല്‍ മാഡ്രിഡ്‌-വല്ലഡോളിഡ്‌, വലന്‍സിയ-ബാര്‍സിലോണ.
ഇറ്റാലിയന്‍ ലീഗ്‌
ജിനോവ- ഇന്റര്‍ മിലാന്‍, യുവന്തസ്‌-ഫിയോറന്റീന
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌: ആഴ്‌സനല്‍-ബിര്‍മിംഗ്‌ഹാം, ആസ്റ്റണ്‍വില്ല-ചെല്‍സി, എവര്‍ട്ടണ്‍-വോള്‍വര്‍ഹാംപ്‌ടണ്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌-ബോള്‍ട്ടണ്‍, പോര്‍ട്‌സ്‌മൗത്ത്‌-ടോട്ടന്‍ഹാം, സ്‌റ്റോക്ക്‌ സിറ്റി-വെസ്‌റ്റ്‌ ഹാം, സുതര്‍ലാന്‍ഡ്‌-ലിവര്‍പൂള്‍

ഈഗിള്‍സിന്‌ ജയം
ഹൈദരാബാദ്‌: ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 ക്രിക്കറ്റിലെ സൂപ്പര്‍ എട്ട്‌ പോരാട്ടത്തില്‍ ഈഗിള്‍സ്‌ അഞ്ച്‌ വിക്കറ്റിന്‌ സോമര്‍സെറ്റിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത സോമര്‍സെറ്റ്‌ എട്ട്‌ വിക്കറ്റിന്‌ 132 റണ്‍സാണ്‌ നേടിയത്‌. വാന്‍ കിയുടെ മികവില്‍ ഈഗിള്‍സ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. രണ്ടാം മല്‍സരത്തില്‍ ന്യൂസൗത്ത്‌ വെയില്‍സിനെതിരെ ജയിക്കാന്‍ 171 റണ്‍സ്‌ ആവശ്യമായ ട്രിനിഡാഡ്‌ പത്ത്‌ ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന്‌ വിക്കറ്റിന്‌ 67 റണ്‍സ്‌ നേടി.
മറഡോണക്കെതിരെ ഫിഫ
സൂറിച്ച്‌: ഉറുഗ്വേക്കെതിരായ ലോകകപ്പ്‌ യോഗ്യതാ മല്‍സരത്തിന്‌ ശേഷം അതിരൂക്ഷമായി പ്രതികരിച്ച അര്‍ജന്റീനിയന്‍ കോച്ച്‌ മറഡോണക്കെതിരെ ഫിഫ അന്വേഷണം. മോശം വാക്കുകളാണ്‌ മറഡോണ ഉപയോഗിച്ചതെങ്കില്‍ അദ്ദേഹം കുറഞ്ഞത്‌ അഞ്ച്‌ മല്‍സരങ്ങള്‍ പുറത്തിരിക്കേണ്ടിവരും.

No comments: