Thursday, March 12, 2009

RAIN PLEASE........


മഴ പെയ്‌താല്‍ മതിയായിരുന്നു
ഓക്‌ലാന്‍ഡ്‌: ഇന്ത്യ-വിന്‍ഡീസ്‌ പരമ്പരയിലെ അവസാന ഏകദിനം നാളെ ഇവിടെ നടക്കുകയാണ്‌... ടീമുകള്‍ ഇവിടെ എത്തിക്കഴിഞ്ഞു. നാളെ രാവിലെ ആരംഭിക്കുന്ന മല്‍സരത്തിന്‌ മഴ ഭീഷണിയാവില്ല എന്നാണ്‌ കാലാവസ്ഥാ റിപ്പോര്‍ട്ട്‌. പക്ഷേ ന്യൂസിലാന്‍ഡ്‌ ബൗളര്‍മാര്‍ പ്രാര്‍ത്ഥിക്കുന്നത്‌ മഴ പെയ്യാനാണ്‌. മഴ പെയ്‌ത്‌ മല്‍സരം ഉപേക്ഷിക്കാനാണ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരി മുതലുളള കിവി ബൗളര്‍മാര്‍ പ്രാര്‍ത്ഥിക്കുന്നത്‌. കാരണം മറ്റൊന്നുമല്ല-വീരേന്ദര്‍ സേവാഗ്‌ തന്നെ. ഹാമില്‍ട്ടണില്‍ നടന്ന നാലാം ഏകദിനത്തില്‍ സേവാഗിന്റെ പ്രകടനം വഴി പരമ്പര ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞു. അതിനാല്‍ നാളത്തെ മല്‍സരത്തിന്‌ വലിയ പ്രസക്തിയില്ല. ഒരു ആശ്വാസ വിജയം പോലും കിവീസ്‌ പ്രതീക്ഷിക്കുന്നില്ല.
വെറുതെ സേവാഗിന്റെ തല്ല്‌ വാങ്ങി സ്വയം എന്തിനാണ്‌ ഇല്ലാതാവുന്നത്‌ എന്നാണ്‌ ബൗളര്‍മാരുടെ ചോദ്യം... പരമ്പരയിലെ ആദ്യ നാല്‌ മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ്‌ സേവാഗ്‌ പെട്ടെന്ന്‌ പുറത്തായത്‌. ബാക്കിയെല്ലാം മല്‍സരങ്ങളിലും അദ്ദേഹം തട്ടുതകര്‍പ്പന്‍ ഫോമിലായിരുന്നു. ഏറ്റവും ഭയാനകനായ ബാറ്റിംഗ്‌ നടത്തിയത്‌ ഹാമില്‍ട്ടണിലാണ്‌. 60 പന്തില്‍ നിന്ന്‌ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഡല്‍ഹിക്കാരന്‍ തലങ്ങും വിലങ്ങും പന്തിനെ പായിച്ചപ്പോള്‍ ബൗളര്‍മാര്‍ തലയില്‍ കൈ വെക്കുകയായിരുന്നു.
കിവി നിരയിലെ ഏറ്റവും അനുഭവസമ്പന്നനായ ബൗളര്‍ വെട്ടോരിയാണ്‌. പക്ഷേ അദ്ദേഹത്തിന്‌ പോലും സേവാഗിന്‌ മുന്നില്‍ ഒന്നും ചെയ്യാനാവുന്നില്ല. ഹാമില്‍ട്ടണില്‍ വെട്ടോരിയെ സിക്‌സറിന്‌ പറത്തിയാണ്‌ വീരു സെഞ്ച്വറി തികച്ചത്‌. സേവാഗിനെതിരെ വ്യക്തമായ പ്ലാന്‍ ടീമിനുണ്ടെന്നായിരുന്നു വെട്ടോരി പലപ്പോഴും പറഞ്ഞിരുന്നത്‌. എന്നാല്‍ ഹാമില്‍ട്ടണ്‍ മല്‍സരത്തിന്‌ ശേഷം അദ്ദേഹം സത്യം തുറന്ന്‌ പറഞ്ഞു-സേവാഗ്‌ ഇങ്ങനെ കളിക്കുമ്പോള്‍ എന്താണ്‌ ചെയ്യാനാവുക.....?
പേസര്‍മാരില്‍ സീനിയര്‍ കൈല്‍ മില്‍സാണ്‌. അദ്ദേഹവും കൈമലര്‍ത്തുന്നു. ഹാമില്‍ട്ടണ്‍ മല്‍സരത്തിന്‌ മുമ്പ്‌ മില്‍സ്‌ പറഞ്ഞത്‌ ടീമിനെ രക്ഷിക്കാന്‍ ന്യൂബോള്‍ ബൗളര്‍ എന്ന നിലയില്‍ തനിക്ക്‌ കഴിയുന്നില്ല എന്നാണ്‌. ഹാമില്‍ട്ടണില്‍ പക്ഷേ മില്‍സ്‌ മാത്രമാണ്‌ അല്‍പ്പമെങ്കിലും രക്ഷപ്പെട്ടത്‌. നാല്‌ മല്‍സരങ്ങളില്‍ നിന്നായി 29 ഓവറുകളാണ്‌ ഇതിനകം മില്‍സ്‌ എറിഞ്ഞത്‌. 202 റണ്‍സ്‌ വഴങ്ങി. ഒരു ന്യൂബോള്‍ ബൗളര്‍ ഇത്രമാത്രം ശിക്ഷിക്കപ്പെടുമ്പോള്‍ മറ്റുള്ളവരുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ... വിന്‍ഡീസ്‌, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരായ പരമ്പരയില്‍ നന്നായി പന്തെറിഞ്ഞ മില്‍സിന്‌ ആ കരുത്ത്‌ ഇവിടെ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ന്യൂസിലാന്‍ഡിന്റെ മുന്‍ സിമറും ഇപ്പോള്‍ സെലക്ഷന്‍ സമിതി അംഗവുമായ ഡിയോണ്‍ നാഷ്‌ പറയുന്നത്‌ സേവാഗിന്റെ ദൗര്‍ബല്യങ്ങളിലേക്ക്‌ പന്തെറിയാന്‍ ബൗളര്‍മാര്‍ക്ക്‌ കഴിയുന്നില്ല എന്നാണ്‌. എല്ലാ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ പോലെ സേവാഗും പാദങ്ങള്‍ അനക്കാതെയാണ്‌ കളിക്കുന്നത്‌. ഓഫ്‌ സൈഡില്‍ മോഹിപ്പിക്കുന്ന പന്തുകള്‍ നല്‍കിയാല്‍ സേവാഗിനെ കുരുക്കാം. പക്ഷേ പലപ്പോഴും ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തില്‍ പ്രഹരം ചോദിച്ചുവാങ്ങുകയാണെന്ന്‌ നാഷ്‌ പറയുന്നു. എന്നാല്‍ ഇതിനോട്‌ യോജിക്കാന്‍ ബൗളര്‍മാര്‍ ഒരുക്കമല്ല. ന്യൂസിലാന്‍ഡിലെ ചെറിയ മൈതാനങ്ങളില്‍ ആക്രമണാത്മകത പ്രകടിപ്പിക്കുന്ന ഒരു ബാറ്റ്‌സ്‌മാന്‌ കാര്യങ്ങള്‍ എളുപ്പമാണെന്നാണ്‌ വെട്ടോരി വാദിക്കുന്നത്‌. ഹാമില്‍ട്ടണില്‍ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്യാന്‍ ന്യൂസിലാന്‍ഡ്‌ തീരുമാനിച്ചത്‌ സേവാഗിന്റെ വെടിക്കെട്ടില്‍ നിന്നും രക്ഷ നേടുക എന്ന ലക്ഷ്യത്തിലായിരുന്നു. ഇന്ത്യ രണ്ടാമത്‌ ബാറ്റ്‌ ചെയ്യുമ്പോള്‍ അത്ര അനായാസതയില്‍ സേവാഗിന്‌ ബാറ്റേന്താന്‍ കഴിയില്ലെന്നാണ്‌ കിവി ടീം മാനേജ്‌മെന്റ്‌്‌ കരുതിയത്‌. എന്നാല്‍ രണ്ടാമത്‌ ബാറ്റ്‌ ചെയ്‌തപ്പോഴും സേവാഗ്‌ പ്രകടിപ്പിച്ചത്‌ തികഞ്ഞ അനായാസതയാണ്‌.
ഇന്ത്യന്‍ ടീമിലെ ഓരോ ബാറ്റ്‌സ്‌മാന്മാര്‍ക്കെതിരെയും വ്യക്തമായ ഗെയിം പ്ലാന്‍ നടത്തിയാണ്‌ കളിക്കാനിറങ്ങുതെന്ന്‌ പറയുന്ന വെട്ടോരിക്ക്‌ മുന്നില്‍ സേവാഗ്‌ മാത്രമല്ല ചോദ്യ ചിഹ്നം. മഹേന്ദ്രസിംഗ്‌ ധോണിയും യുവരാജ്‌ സിംഗും യൂസഫ്‌ പത്താനും സുരേഷ്‌ റൈനയും സച്ചിന്‍ ടെണ്ടുല്‍ക്കറുമെല്ലാം അടിച്ചു തകര്‍ക്കുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെല്ലം പ്രഹരശേഷിക്കാരാണ്‌. പന്തിനെ എങ്ങനെ അതിര്‍ത്തികടത്താമെന്ന ചിന്തയില്‍ ബാറ്റ്‌സ്‌മാന്മാര്‍ നില്‍ക്കുമ്പോള്‍ എങ്ങനെ അടിയേല്‍ക്കാതിരിക്കാം എന്ന ചിന്തയാണ്‌ ബൗളര്‍മാര്‍ക്ക്‌. ഇതാണ്‌ പ്രശ്‌നമെന്ന്‌ നാഷ്‌ കുറ്റപ്പെടുത്തുന്നു.
ഏകദിന പരമ്പരക്ക്‌ ശേഷം ടെസ്‌റ്‌്‌ പരമ്പരയാണ്‌ വരുന്നത്‌. നിലവിലുള്ള ഈ ഫോമില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ എങ്ങനെ പിടിച്ചുകെട്ടും എന്ന വേവലാതി വെട്ടോരിക്കുണ്ട്‌. പക്ഷേ തല്‍ക്കാലം അദ്ദേഹം ചിന്തിക്കുന്നത്‌ ഓക്‌ലാന്‍ഡ്‌ മല്‍സരത്തെക്കുറിച്ചാണ്‌. മഴയങ്ങ്‌ പെയ്‌താല്‍ രക്ഷപെടാമല്ലോ.....

No comments: