Thursday, March 12, 2009

ENGLISH SUPREMACY


ഇംഗ്ലീഷ്‌ സര്‍വാധിപത്യം
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇത്തവണ ഇംഗ്ലീഷ്‌ സര്‍വാധിപത്യം. ലിവര്‍പൂളിനും ചെല്‍സിക്കും പിറകെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും അവസാന എട്ടില്‍ ഇടം നേടിയതോടെ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്താനുളള അവസാനഘട്ട പോരാട്ടങ്ങളിലെ ഇംഗ്ലീഷ്‌ പ്രാതിനിധ്യം നാലായി ഉയര്‍ന്നു. ഇംഗ്ലീഷ്‌ ക്ലബുകളെ അടുത്ത ഘട്ടങ്ങളില്‍ വെല്ലുവിളിക്കാന്‍ സ്‌പെയിനില്‍ നിന്ന്‌ ബാര്‍സിലോണയും വില്ലാ റയലും പോര്‍ച്ചുഗലില്‍ നിന്ന്‌ എഫ്‌.സി പോര്‍ട്ടോയും ജര്‍മനിയില്‍ നിന്ന്‌ ബയേണ്‍ മ്യൂണിച്ചും മാത്രമാണുള്ളത്‌.
ഇന്നലെ നടന്ന പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദങ്ങളില്‍ സ്‌പാനിഷ്‌ കരുത്തരായ ബാര്‍സ സ്വന്തം മൈതാനത്ത്‌ വെച്ച്‌ ഫ്രാന്‍സിലെ ചാമ്പ്യന്മാരായ ലിയോണിനെ 5-2 ന്‌ പരാജയപ്പെടുത്തി. ഇരു പാദങ്ങളില്‍ നിന്നുമായി 6-3 ന്റെ നേട്ടമാണ്‌ ബാര്‍സ ആഘോഷമാക്കിയത്‌. രണ്ടാം മല്‍സരത്തില്‍ എഫ്‌.സി പോര്‍ട്ടോയും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുളള മല്‍സരം വിരസമായ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ആദ്യപാദത്തില്‍ മല്‍സരം 2-2 ലായിരുന്നു. എന്നാല്‍ എതിരാളികളുടെ മൈതാനത്ത്‌ വെച്ച്‌ അവര്‍ക്കെതിരെ രണ്ട്‌ ഗോള്‍ അടിച്ച മികവില്‍ പോര്‍ട്ടോക്ക്‌ ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ ലഭിച്ചു. ഓള്‍ഡ്‌ ട്രാഫോഡ്‌ പോരാട്ടത്തില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ രണ്ട്‌ ഗോളുകള്‍ക്ക്‌ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനെ പരാജയപ്പെടുത്തി. ആദ്യപാദത്തില്‍ മല്‍സരം 0-0 ത്തിലായിരുന്നു. ആഴ്‌സനല്‍-എ.എസ്‌ റോമ അവസാന മല്‍സരമായിരുന്നു ആവേശകരം. ആദ്യപാദത്തില്‍ ഒരു ഗോളിന്റെ വിജയം നേടിയ ഗണ്ണേഴ്‌സിന്‌ മുന്‍ത്തൂക്കമുണ്ടായിരുന്നു. എന്നാല്‍ സ്വന്തം മൈതാനത്ത്‌ വെച്ച്‌ അതേ മാര്‍ജിനില്‍ റോമ ജയിച്ചപ്പോള്‍ കളി തുല്യതയിലായി. തുടര്‍ന്ന്‌ പെനാല്‍ട്ടി ഷൂട്ടൗട്ട്‌ വിജയിയെ നിശ്ചയിച്ചപ്പോള്‍ 7-6 ന്റെ ആനുകൂല്യം ആഴ്‌സനലിനായി.
ഓള്‍ഡ്‌ ട്രാഫോഡ്‌ അങ്കത്തില്‍ സ്വന്തം നാട്ടുകാരുടെ പിന്‍ബലത്തില്‍ കളിച്ച മാഞ്ചസ്റ്റര്‍ നാലാം മിനുട്ടില്‍ തന്നെ ലീഡ്‌ നേടി. റ്യാന്‍ ഗിഗ്‌സ്‌ പായിച്ച ഫ്‌ളാഗ്‌ കിക്കില്‍ നിന്നുമുയര്‍ന്ന പന്ത്‌ നിമാന്‍ജ വിദിക്കാണ്‌ ഹെഡറിലൂടെ വലയിലാക്കിയത്‌. പ്രിമിയര്‍ ലീഗില്‍ പ്രകടിപ്പിക്കുന്ന കരുത്തിന്റെ ആത്മവിശ്വാസത്തില്‍ എണ്ണയിട്ട യന്ത്രം പോലെയാണ്‌ ഫെര്‍ഗൂസന്റെ കുട്ടികള്‍ കളിച്ചത്‌. രണ്ടാം പകുതിയാരംഭിച്ചതും ഗിഗ്‌സിന്റെ മുന്നേറ്റത്തില്‍ പന്ത്‌ ലഭിച്ച വെയിന്‍ റൂണി സമര്‍ത്ഥമായി നല്‍കിയ ക്രോസില്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോ തല വെച്ചപ്പോള്‍ ഒരിക്കല്‍ക്കൂടി ഇന്റര്‍ ഗോള്‍ക്കീപ്പര്‍ പരാജിതനായി. ഇന്റര്‍ നിരയില്‍ മുന്‍നിരയിലെ ഏകാംഗം സാള്‍ട്ടന്‍ ഇബ്രാഹീമോവിച്ച്‌ യുനൈറ്റഡ്‌ ഡിഫന്‍സിന്‌ തീരാതലവേദനയായിരുന്നു. പക്ഷേ ഗോള്‍വലയം കാത്ത വാന്‍ഡര്‍സര്‍ പിഴവു കാട്ടിയില്ല.
ബാര്‍സയുടെ കുതിപ്പില്‍ തളരാതെ നിന്ന ലിയോണിന്‌ മുന്‍നിരയാണ്‌ വിനയായത്‌. ആന്‍ഡ്രിയാസ്‌ ഇനിയസ്‌റ്റ മുന്‍നിരയില്‍ തിരിച്ചെത്തിയത്‌ ബാര്‍സക്ക്‌ കരുത്തായി. ആദ്യപാദ മല്‍സരത്തില്‍ 1-1 ല്‍ പിരിഞ്ഞവര്‍ വീണ്ടും കണ്ട്‌മുട്ടിയപ്പോള്‍ മുന്‍നിരയിലെ മൂന്ന്‌ പേര്‍ക്ക്‌ -തിയറി ഹെന്‍ട്രി, ലയണല്‍ മെസി, സാമുവല്‍ ഇറ്റോ എന്നിവര്‍ക്ക്‌ പരിശീലകന്‍ സര്‍വ സ്വാതന്ത്ര്യവും അനുവദിച്ചു. മൂന്ന്‌ പേരും മനോഹരമായി സ്‌ക്കോര്‍ ചെയ്‌തു.
പോര്‍ട്ടോ-അത്‌ലറ്റികോ മാഡ്രിഡ്‌ പോരാട്ടത്തില്‍ കൂടുതല്‍ അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ ഗോളുകള്‍ മാത്രം പിറന്നില്ല. ആദ്യപാദ മല്‍സരത്തില്‍ നേടാനായ രണ്ട്‌ ഗോളുകളുടെ ആത്മവിശ്വാസത്തില്‍ പോര്‍ട്ടോ സ്വന്തം ഭാഗം സംരക്ഷിച്ചാണ്‌ കളിച്ചത്‌. വേണമെങ്കില്‍ മാഡ്രിഡ്‌ കളിക്കട്ടെ എന്ന പോര്‍ട്ടോ നിലപാടിനെ ഉപയോഗപ്പെടുത്താന്‍ പക്ഷേ സ്‌പാനിഷ്‌ സംഘത്തിനായില്ല.
ആഴ്‌സനലിനെതിരെ ആദ്യപാദത്തിലെ തോല്‍വിക്ക്‌ പകരം വീട്ടാനിറങ്ങിയ റോമ ലക്ഷ്യം നേടി. പക്ഷേ ഷൂട്ടൗട്ടില്‍ പിഴച്ചു. ബ്രസീലുകാരന്‍ ജുവാനാണ്‌ നിശ്ചിതസമയ പോരാട്ടത്തില്‍ റോമയുടെ ഗോള്‍ നേടിയത്‌.
നായകന്‍
കേപ്‌ടൗണ്‍: ഗ്രയീം സ്‌മിത്തിന്‌ പകരം ദക്ഷിണാഫ്രിക്കയുടെ പുതിയ നായകനായി ഓള്‍റൗണ്ടര്‍ ജാക്‌ കാലിസിനെ ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക തെരഞ്ഞെടുത്തു. ഡര്‍ബനില്‍ ഓസ്‌ട്രേലിയന്‍ വിജയത്തില്‍ കലാശിച്ച രണ്ടാം ടെസ്‌റ്റിനിടെ പരുക്കേറ്റ സ്‌മിത്തിന്‌ കേപ്‌ടൗണില്‍ 19 മുതല്‍ ആരംഭിക്കുന്ന അവസാന ടെസ്‌റ്റില്‍ കളിക്കാനാവില്ല. ഈ ടെസ്റ്റിലേക്കാണ്‌ കാലിസിന്‌ ചുമതല നല്‍കിയിരിക്കുന്നത്‌. സ്‌മിത്തിന്റെ ഓപ്പണിംഗ്‌ സ്ഥാനം ആഷ്‌വെല്‍ പ്രിന്‍സിനും നല്‍കി. നേരത്തെ ടീമിന്റെ പുതിയ നായകനായി വൈസ്‌ ക്യാപ്‌റ്റനായിരുന്ന പ്രിന്‍സിനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂറീനകം സെലക്ടര്‍മാര്‍ തീരുമാനം മാറ്റി. ഓപ്പണര്‍ എന്ന നിലയില്‍ കളിക്കുമ്പോള്‍ ആ റോളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ പ്രിന്‍സിനെ നായകസ്ഥാനത്ത്‌ നിന്ന്‌ മാറ്റിയത്‌. ദക്ഷിണാഫ്രിക്കന്‍ മധ്യനിരയില്‍ ഇപ്പോള്‍ കളിക്കുന്നത്‌ കരുത്തരായ ഹാഷി അംല, ജെ.പി ഡുമിനി, എബി ഡി വില്ലിയേഴ്‌സ്‌ തുടങ്ങിയവരാണ്‌. ഈ നിരയെ മാറ്റാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ്‌ വൈസ്‌ ക്യാപ്‌റ്റനായ പ്രിന്‍സിനെ ഓപ്പണിംഗ്‌ സ്ഥാനത്ത്‌ നിയോഗിച്ചിരിക്കുന്നത്‌. ഡുമിനി ടീമിലെത്തിയതിന്‌ ശേഷം പ്രിന്‍സിന്‌ ടെസ്റ്റ്‌ ടീമില്‍ ഇടം ലഭിച്ചിട്ടില്ല. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളും സ്വന്തമാക്കി ഓസ്‌ട്രേലിയ റബര്‍ നേടിയിയിട്ടുണ്ട്‌.
പുതിയ ജോലി
ബ്രിഡ്‌ജ്‌ടൗണ്‍: ഞായറാഴ്‌ച്ച പോര്‍ട്ട്‌ ഓഫ്‌ സ്‌പെയിനില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന 20-20 മല്‍സരത്തിനുളള വിന്‍ഡീസ്‌ ടീമിനെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ധനേഷ്‌ രാംദിന്‍ നയിക്കും. ട്രിനിഡാഡില്‍ നടന്ന അവസാന ടെസ്റ്റിനിടെ നായകന്‍ ക്രിസ്‌ ഗെയിലിന്‌ പരുക്കേറ്റതിനെ തുടര്‍ന്നാണ്‌ രാംദിന്‌ അവസരം ലഭിച്ചിരിക്കുന്നത്‌. വിന്‍ഡീസ്‌ സമനിലയും അത്‌ വഴി പരമ്പരയും സ്വന്തമാക്കിയ ട്രിനിഡാഡ്‌ ടെസ്‌റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി തികച്ചയുടനാണ്‌ പേശീവലിവ്‌ കാരണം ഗെയില്‍ പിന്മാറിയത്‌. രണ്ടാം ഇന്നിംഗ്‌സില്‍ പരുക്ക്‌ മറന്ന്‌ അദ്ദേഹം ധൈര്യസമേതം വന്നിരുന്നു. എന്നാല്‍ പരുക്ക്‌ ഭേദമാവാന്‍ വിശ്രമം നിര്‍ബന്ധമാണെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ്‌ പിന്മാറ്റം. ഓള്‍റൗണ്ടര്‍ ഡ്വിന്‍ ബ്രാവോ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്‌. ടീം ഇതാണ്‌: ധനേഷ്‌ രാംദിന്‍ (ക്യാപ്‌റ്റന്‍), എല്‍.ലേക്കര്‍, എസ്‌.ബെന്‍, ഡ്വിന്‍ ബ്രാവോ, എസ്‌.ചന്ദര്‍പോള്‍, ഫിഡല്‍ എഡ്‌വാര്‍ഡ്‌സ്‌, എ.ഫ്‌ളെച്ചര്‍, കെ.പോലാര്‍ഡ്‌, ഡി.സാമി, രാം നരേഷ്‌ സര്‍വന്‍, എല്‍.സിമ്മണ്‍സ്‌, ഡിവോണ്‍ സ്‌മിത്ത്‌, ജെ.ടെയ്‌ലര്‍.

മഴ വില്ലനാവും
ചാമ്പ്യന്‍സ്‌ ട്രോഫി ദക്ഷിണാഫ്രിക്കയിലേക്ക്‌
ദുബായ്‌: സെപ്‌തംബറില്‍ ശ്രീലങ്കയില്‍ നടത്താനിരുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റാന്‍ സാധ്യത. സെപ്‌തംബറില്‍ ലങ്കയില്‍ മഴക്കാലമായതിനാലാണ്‌ പുതിയ നീക്കം. പാക്കിസ്‌താന്‌ അനുവദിച്ചിരുന്ന ചാമ്പ്യന്‍സ്‌ ട്രോഫി സുരക്ഷാ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ ചാമ്പ്യന്‍ഷിപ്പാണ്‌ ലങ്കക്ക്‌ അനുവദിച്ചത്‌. സെപ്‌തംബര്‍ 24 ന്‌ തുടങ്ങി ഒക്ടോബര്‍ അഞ്ചിന്‌ അവസാനിക്കുന്ന രീതിയിലാണ്‌ മല്‍സരഷെഡ്യൂള്‍ തയ്യാറാക്കിയിരിക്കുന്നത്‌. സെപ്‌തംബറില്‍ ലങ്കയില്‍ മഴക്ക്‌ സാധ്യതയുളളതിനാല്‍ ചാമ്പ്യന്‍ഷിപ്പ്‌ കൊളംബോയില്‍ നടത്തുന്നത്‌ പ്രയാസകരമായിരിക്കുമെന്ന്‌ ഐ.സി.സി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റ്‌ പറഞ്ഞു. പന്ത്രണ്ട്‌ ദിവസമാണ്‌ ചാമ്പ്യന്‍ഷിപ്പ്‌്‌. ഇതിനിടെ മഴയും പെയ്‌താല്‍ കാര്യങ്ങള്‍ ദുഷ്‌ക്കരമാവും. ചാമ്പ്യന്‍ഷിപ്പ്‌ നടത്താന്‍ ദക്ഷിണാഫ്രിക്ക താല്‍പ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഈ കാര്യത്തില്‍ അന്തിമ തീരുമാനം ഉടനുണ്ടാവുമെന്ന്‌ ലോര്‍ഗന്‍ പറഞ്ഞു. പ്രഥമ ലോക 20-20 ചാമ്പ്യന്‍ഷിപ്പിന്‌ ദക്ഷിണാഫ്രിക്ക വിജയകരമായി ആതിഥേയത്വം വഹിച്ചത്‌ ഒരു വര്‍ഷം മുമ്പ്‌ സെപ്‌തംബറിലായിരുന്നു. ദക്ഷിണാഫ്രിക്കയുടെ താല്‍പ്പര്യവും അനുകൂല കാലാവസ്ഥയും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

No comments: