Thursday, February 19, 2009

INDIA IN PACY LAND

ബഡാ ടൂര്‍
മുംബൈ: 2002-03 ലെ പരാജയത്തിന്‌ പകരം വീട്ടാന്‍ മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡിലേക്ക്‌ യാത്രയായി. 2003 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്‌ തൊട്ട്‌ മുമ്പായി ന്യൂസിലാന്‍ഡ്‌ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീമിന്‌ ടെസ്റ്റ്‌ പരമ്പര 2-0 ത്തിനും ഏകദിന പരമ്പര 2-5 നും നഷ്ടമായിരുന്നു. ന്യൂസിലാന്‍ഡിലെ പ്രതികൂല സാഹചര്യങ്ങളെ മനസ്സിലാക്കാതെ കളിച്ചതാണ്‌ അന്ന്‌ വിനയായതെന്ന സത്യം സൗരവ്‌ ഗാംഗുലിയില്‍ നിന്ന്‌ മനസ്സിലാക്കിയാണ്‌ ധോണിയും സംഘവും യാത്ര തിരിച്ചിരിക്കുന്നത്‌. രണ്ട്‌ 20-20 മല്‍സരങ്ങളും അഞ്ച്‌ ഏകദിനങ്ങളും മൂന്ന്‌ ടെസ്‌റ്റുകളുമാണ്‌ പരമ്പരയിലുള്ളത്‌.
ഇത്തവണ ന്യൂസിലാന്‍ഡ്‌ സന്ദര്‍ശിക്കുന്നത്‌ തികച്ചും സന്തുലിതമായ ടീമാണെന്നും അതിനാല്‍ പരിഭ്രാന്തിക്ക്‌ വകയില്ലെന്നുമാണ്‌ ഇന്നലെ യാത്ര തിരിക്കും മുമ്പ്‌ ഇവിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോച്ച്‌ ഗാരി കിര്‍സ്‌റ്റണും നായകന്‍ ധോണിയും വ്യക്തമാക്കിയത്‌. രണ്ട്‌ പേരും വളരെ ആത്മവിശ്വാസത്തോടെയാണ്‌ ചോദ്യങ്ങളെ നേരിട്ടത്‌. നിലവില്‍ ടെസ്‌റ്റിലാണെങ്കിലും ഏകദിനങ്ങളിലാണെങ്കിലും ഇന്ത്യ പുലര്‍ത്തുന്ന ആധികാരികത ന്യൂസിലാന്‍ഡിലും തുടരാന്‍ കഴിയും. കഴിഞ്ഞ പര്യടനത്തില്‍ ബാറ്റിംഗാണ്‌ പിഴച്ചത്‌. ന്യൂസിലാന്‍ഡിലെ തണുത്ത സാഹചര്യവും ബൗളര്‍മാരെ അനുകൂലിക്കുന്ന പിച്ചുകളുമായപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഈ സത്യം എല്ലാവരും മനസ്സിലാക്കുന്നുണ്ട. അതിനാല്‍ അവിടെ ലഭിക്കുന്ന പരിശീലന സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി എങ്ങനെ കളിക്കണമെന്ന നിലപാടിലെത്താനാവും. ജയിക്കുക എന്നതാണ്‌ പ്രധാനം. ഈ ലക്ഷ്യത്തിലാണ്‌ ടീം യാത്രയാവുന്നത്‌. ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത ഈ ടീമിന്റെ സന്തുലിതാവസ്ഥയാണ്‌. ബാറ്റിംഗിലും ബൗളിംഗിലും ടീം കരുത്ത്‌ പ്രകടിപ്പിക്കുന്നു. ഈ ടീമിനെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്നും ഇരുവരും പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ ഏത്‌ സാഹചര്യത്തെയും നേരിടാന്‍ താരങ്ങള്‍ തയ്യാറാണ്‌.ന്യൂസിലാന്‍ഡിലെ സാഹചര്യമായിരിക്കില്ല ദക്ഷിണാഫ്രിക്കയില്‍. എല്ലായിടത്തും നന്നായി കളിക്കാനാവണം. ഏത്‌ കാലാവസ്ഥയിലും നന്നായി കളിക്കുന്നതാണ്‌ ഒരു ടീമിന്റെ കരുത്ത്‌. കാലാവസ്ഥയെ പഠിക്കാനും അതിനനുസരിച്ച്‌ കളിക്കാനും ടീമിലെ എല്ലാവര്‍ക്കുമാവുമെന്നും കിര്‍സ്‌റ്റണ്‍ പറഞ്ഞു.
ന്യൂസിലാന്‍ഡില്‍ ഇന്ത്യക്ക്‌ മെച്ചപ്പെട്ട റെക്കോര്‍ഡില്ല എന്നത്‌ സത്യമാണ്‌. 1967-68 ലാണ്‌ ഇന്ത്യന്‍ ടീം ആദ്യമായി ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയത്‌ 3-1 ന്‌ ആ പരമ്പര ഇന്ത്യ സ്വന്തമാക്കി. വിദേശ മണ്ണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമായിരുന്നു അത്‌. അതിന്‌ ശേഷം ആറ്‌ തവണ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തി. ഇതില്‍ നാല്‌ ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടില്‍ സമനില നേടി. 2002-03 ലെ പര്യടനമായിരുന്നു ദയനീയമായത്‌. സൗരവ്‌ ഗാംഗുലിയെ കൂടാതെ രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയ വിഖ്യാതരെല്ലാം കളിച്ചിട്ടും ടീമിന്‌ മെച്ചപ്പെട്ട പ്രകടനം നടത്താനായില്ല.
അന്നത്തെ സംഘത്തില്‍ കളിച്ച അഞ്ച്‌ പേര്‍ പുതിയ ടീമിലുണ്ട്‌. സച്ചിനും വിരേന്ദര്‍ സേവാഗും യുവരാജ്‌ സിംഗും ഹര്‍ഭജന്‍ സിംഗും സഹീര്‍ഖാനും. ഇവരുടെ അനുഭവസമ്പത്തിനെ ഉപയോഗപ്പെടുത്തുമെന്നാണ്‌ ധോണി പറയുന്നത്‌. സാഹചര്യങ്ങളെയും എതിരാളികളെയും പേടിക്കാന്‍ ധോണിയില്ല. ഓരോ സ്ഥലത്തിനും അതിന്റേതായ പ്രത്യേകതകളുണ്ടാവും. ആ പ്രത്യേകതകളുമായി താദാത്മ്യം പ്രാപിക്കുകയാണ്‌ പ്രധാനം. ടീമിന്റെ തന്ത്രങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അനുയോജ്യമായ ഒരു സാഹചര്യം. അതാണ്‌ പ്രധാനമെന്നും നായകന്‍ അഭിപ്രായപ്പെട്ടു.
ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങള്‍ മാറി മാറി വരുന്നുണ്ടെന്നാണ്‌ കിര്‍സ്‌റ്റണ്‍ പറയുന്നത്‌. കഴിഞ്ഞ രണ്ട്‌ പരമ്പരകളില്‍ തീര്‍ത്തും വിത്യസ്‌തമായിരുന്നു അവിടുത്തെ കാര്യങ്ങള്‍. ഇന്ത്യ അവസാനമായി അവിടെ പര്യടനം നടത്തിയപ്പോള്‍ തണ്ണുപ്പേറിയതായിരുന്നു സാഹചര്യങ്ങള്‍. ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ പിടിച്ചുനില്‍ക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ പിന്നീട്‌ വിന്‍ഡിസ്‌ ടീം അവിടെ പര്യടനം നടത്തിയപ്പോള്‍ പിച്ചുകള്‍ വളരെ ഫ്‌ളാറ്റായിരുന്നു. ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ വലിയ സ്‌ക്കോറുകള്‍ സമ്പാദിക്കാനായി. ഏതൊരു സാഹചര്യത്തെയും എങ്ങനെ എതിരിടാമെന്നതാണ്‌ പ്രധാനം. അവിടെ ടീമിന്‌ വിജയിക്കാന്‍ കഴിയുമെന്നാണ്‌ ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം പറയുന്നത്‌. ഇത്തവണ പഴയത്‌ പോലെ തണ്ണുപ്പേറിയ സാഹചര്യമാണ്‌ ടീമിനെ കാത്തിരിക്കുന്നതെന്നാണ്‌ കോച്ച്‌ പറയുന്നത്‌. ചിലപ്പോള്‍ മഴക്കും സാധ്യതയുണ്ട്‌. ഈ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താന്‍ ബൗളര്‍മാര്‍ക്കാവുമെന്നാണ്‌ അദ്ദേഹത്തിന്റെ വിശ്വാസം.
ഐ.സി.സി റാങ്കിംഗില്‍ ന്യൂസിലാന്‍ഡിനേക്കാള്‍ എത്രയോ ഉയരത്തിലാണ്‌ ഇന്ത്യ. ടെസ്‌റ്റ്‌ റാങ്കിംഗില്‍ലും ഏകദിന റാങ്കിംഗിലും ഇന്ത്യ മൂന്നാമത്‌ നില്‍ക്കുമ്പോള്‍ കിവീസ്‌ ഏറെ പിറകിലാണ്‌. എന്നാല്‍ എതിരാളികളെ ഒരിക്കലും ദുര്‍ബലരായി കാണുന്നില്ലെന്ന്‌ ധോണി പറഞ്ഞു. ന്യൂസിലാന്‍ഡ്‌ എന്നും പോരാളികളാണ്‌. സ്വന്തം തട്ടകത്ത്‌ മാത്രമല്ല ഏത്‌ മൈതാനത്തും ആരെയും വെല്ലുവിളിക്കാനുളള താരപ്രഭ അവര്‍ക്കുണ്ട്‌. ഞങ്ങളാണ്‌ കരുത്തര്‍ എന്ന്‌ കരുതാതെ കറുത്ത കുതിരകളായി മാറാനാണ്‌ ധോണിക്ക്‌ താല്‍പ്പര്യം. ന്യൂസിലാന്‍ഡിലെ ചെറിയ മൈതാനങ്ങളില്‍ സേവാഗും ധോണിയും അടിച്ചുതകര്‍ക്കുമെന്ന കിവി ക്യാപ്‌റ്റന്‍ വെട്ടോരിയുടെ ഭയത്തിന്‌ ധോണിക്ക്‌ മറുപടിയുണ്ടായിരുന്നു- ഏത്‌ ഗ്രൗണ്ടിനെയും ചെറുതാക്കി മാറ്റാന്‍ കഴിയുന്നവര്‍ ടീമിലുണ്ട്‌്‌ എന്നത്‌ സത്യമാണ്‌. പക്ഷേ ഗ്രൗണ്ടിന്റെ വലുപ്പമല്ല, സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുകയാണ്‌ പ്രധാനം.-അദദേഹം പറഞ്ഞു.

പേടി
വെല്ലിംഗ്‌ടണ്‍: ന്യൂസിലാന്‍ഡ്‌ ക്യാപ്‌റ്റന്‍ ഡാനിയല്‍ വെട്ടോരിക്ക്‌ ഇന്ത്യയെ ഭയമുണ്ട്‌. അത്‌ തുറന്ന്‌ സമ്മതിക്കാനും അദ്ദേഹത്തിന്‌ മടിയില്ല. 2002-03 പര്യടന കാലത്തില്‍ നിന്നും കാര്യങ്ങള്‍ നന്നായി മാറിയിട്ടുണ്ടെന്നും ഇന്ത്യ ഭയപ്പെടാനില്ലെന്നുമാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍. അന്ന്‌ സാഹചര്യങ്ങള്‍ തീര്‍ത്തും ബാറ്റിംഗിന്‌ പ്രതികൂലമായിരുന്നു. തണ്ണുപ്പും മഴയും പിച്ചുകളെ ബാറ്റിംഗ്‌ ശവപ്പറമ്പാക്കി. ഇന്ത്യക്ക്‌ മാത്രമല്ല ന്യൂസിലാന്‍ഡ്‌ ബാറ്റ്‌സ്‌മാന്മാര്‍ക്കും കാര്യങ്ങള്‍ ദുഷ്‌ക്കരമായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പിച്ചുകള്‍ മാറിയിട്ടുണ്ട്‌. വലിയ സ്‌ക്കോറുകള്‍ നേടാന്‍ ഇപ്പോള്‍ പ്രയാസമില്ല- ഡെയ്‌ലി ന്യൂസ്‌ പത്രത്തിലെ തന്റെ കോളത്തില്‍ ക്യാപ്‌റ്റന്‍ എഴുതി.
പക്ഷേ ന്യൂസിലാന്‍ഡിലെ കാലാവസ്ഥയുമായി പെട്ടെന്ന്‌ താദാത്മ്യം പ്രാപിക്കാന്‍ ഇന്ത്യ പ്രയാസപ്പെടുമെന്നാണ്‌ വെട്ടോരി പറയുന്നത്‌. ഇന്ത്യ 40 ഡിഗ്രി ചൂടില്‍ നിന്നുമാണ്‌ വരുന്നത്‌. ഇവിടെ നല്ല തണ്ണുപ്പാണ്‌. ചൂട്‌ കേവലം 18 ഡിഗ്രിയാണ്‌. കാലാവസ്ഥയുമായി പൊരുത്തപ്പെട്ടാല്‍ പിന്നെ പ്രയാസമില്ലെന്ന ആശ്വാസ വചനത്തിനും അദ്ദേഹം തയ്യാറായി.
2002-03 ലെ പരമ്പരയില്‍ രണ്ട്‌ ടെസ്റ്റിലും 200 റണ്‍സ്‌ പോലും പിന്നിടാന്‍ ഇന്ത്യക്കായിരുന്നില്ല. രണ്ട്‌ മല്‍സരത്തിലും ടീം തകര്‍ന്നു. ഏകദിന പരമ്പരയിലും ഇതായിരുന്നു സ്ഥിതി. എല്ലാ മല്‍സരങ്ങളും ചെറിയ സ്‌ക്കോറിലായിരുന്നു. മറ്റൊരു സത്യം ഈ രണ്ട്‌ ടെസ്‌റ്റിലും ഓരോവര്‍ പോലും പന്തെറിയാന്‍ വെട്ടോരിക്ക്‌ കഴിഞ്ഞില്ല എന്നതാണ്‌. അന്ന്‌ സീമര്‍മാരായിരുന്നു മുന്നണി പോരാളികള്‍. അവര്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ ഒന്നൊന്നായി കൂടാരം കയറ്റിയപ്പോള്‍ സ്‌പിന്‍ ഓരോവറില്‍ പോലും പരീക്ഷിക്കപ്പെട്ടില്ല.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകരില്‍ ഒരാളാണ്‌ ധോണിയെന്ന്‌ വെട്ടോരി സാക്ഷ്യപ്പെടുത്തുന്നു. വളരെ പെട്ടെന്നാണ്‌ അദ്ദേഹം ഉയരങ്ങള്‍ കീഴടക്കിയത്‌. തികച്ചും ശാന്തനും ശക്തനുമായ നായകന്‍. ഇന്ത്യന്‍ ടീമിനെതിരെ നന്നായി ബൗള്‍ ചെയ്യുക എന്നതാണ്‌ പ്രധാനം. ബൗളിംഗ്‌ മേഖലയില്‍ സീമര്‍മാര്‍ക്ക്‌ തന്നെയാണ്‌ വെട്ടോരി മുന്‍ത്തൂക്കം നല്‍കുന്നത്‌. ക്യാപ്‌റ്റന്‍ എന്ന നിലയിലും പ്രധാന സ്‌പിന്നര്‍ എന്ന നിലയിലും തനിക്ക്‌ വലിയ റോളുണ്ട്‌ എന്ന കാര്യവും അദ്ദേഹം സമ്മതിക്കുന്നു.
ഇന്ത്യന്‍ ടീമിലെ പ്രധാന വെല്ലുവിളിക്കാര്‍ ഓപ്പണര്‍മാരായ വിരേന്ദര്‍ സേവാഗും ഗൗതം ഗാഭീറുമാണെന്നാണ്‌ വെട്ടോരി പറയുന്നത്‌. സേവാഗ്‌ വലിയ അപകടകാരിയാണ്‌. പന്തിനെ ഇത്രമാത്രം അനായാസതയില്‍ പ്രഹരിക്കാന്‍ കഴിയുന്നവര്‍ കുറവാണ്‌. ഗാംഭീര്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ടീമിന്‌ നല്ല തുടക്കം നല്‍കുന്നുണ്ട്‌. ഓപ്പണര്‍മാര്‍ സാഹചര്യങ്ങളെ ഏത്‌ വിധം ഉപയോഗപ്പെടുത്തുന്നു എന്നത്‌ പോലെയിരിക്കും ടീമിന്റെ പ്രകടനം. കിവി ടീമില്‍ നിന്ന്‌ പല പ്രമുഖരും പെട്ടെന്നാണ്‌ പോയത്‌. അത്‌ ടീമിനെ ബാധിച്ചിരുന്നു. എന്നാല്‍ പകരമെത്തിയവരെല്ലം ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദവുമായി പൊരുത്തപ്പെട്ടിട്ടുണ്ടെന്നും വെട്ടോരി പറഞ്ഞു.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ്‌ പരമ്പര
ഫെബ്രുവരി 25
ആദ്യ 20-20 മല്‍സരം -ഡേ നൈറ്റ്‌
ഏ.എം.ഐ സ്റ്റേഡിയം. ക്രൈസ്റ്റ്‌ചര്‍ച്ച്‌
ഫെബ്രുവരി 27
രണ്ടാം 20-20 മല്‍സരം, ഡേ നൈറ്റ്‌
വെസ്റ്റ്‌്‌പാക്‌ സ്റ്റേഡിയം. വെല്ലിംഗ്‌ടണ്‍
മാര്‍ച്ച്‌ 3
ഒന്നാം ഏകദിനം- ഡേ നൈറ്റ്‌്‌
മക്‌്‌ലീന്‍ പാര്‍ക്ക്‌്‌ നേപ്പിയര്‍
മാര്‍ച്ച്‌ 6
രണ്ടാം ഏകദിനം ഡേ നൈറ്റ്‌
വെസ്റ്റ്‌പാക്‌ സ്റ്റേഡിയം. വെല്ലിംഗ്‌ടണ്‍
മാര്‍ച്ച്‌ 8
മൂന്നാം ഏകദിനം, ഡേ നൈറ്റ്‌
ഏ.എം.ഐ സ്റ്റേഡിയം. ക്രൈസ്റ്റ്‌ ചര്‍ച്ച്‌
മാര്‍ച്ച്‌ 11
നാലാം ഏകദിനം ഡേ നൈറ്റ്‌
സീഡന്‍പാര്‍ക്ക്‌്‌ ഹാമില്‍ട്ടണ്‍
മാര്‍ച്ച്‌ 14
അഞ്ചാം ഏകദിനം ഡേ നൈറ്റ്‌
ഈഡന്‍ പാര്‍ക്ക്‌. ഓക്‌ലാന്‍ഡ്‌
മാര്‍ച്ച്‌ 18-22
ഒന്നാം ടെസ്‌റ്റ്‌
സീഡന്‍ പാര്‍ക്ക്‌്‌.ഹാമില്‍ട്ടണ്‍
മാര്‍ച്ച്‌ 26-30
രണ്ടാം ടെസ്‌റ്റ്‌
മക്‌ലീന്‍ പാര്‍ക്ക്‌. നേപ്പിയര്‍
ഏപ്രില്‍ 3-7
മൂന്നാം ടെസ്റ്റ്‌
ബേസിന്‍ റിസര്‍വ്‌ വെല്ലിംഗ്‌ടണ്‍

വിന്‍ഡീസ്‌ പൊരുതുന്നു
ആന്റിഗ്വ: വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ മൂന്ന്‌ ദിവസവും ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ടിന്‌ നാലാം ദിവസം പിഴച്ചപ്പോള്‍ സമനില ലക്ഷ്യമാക്കി വിന്‍ഡീസ്‌ പൊരുതുന്നു. ഇംഗ്ലണ്ട്‌ സമ്മാനിച്ച 503 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കുളള പ്രയാണത്തില്‍ നാലാം ദിവസം സ്റ്റംമ്പിന്‌ പിരിയുമ്പോള്‍ ആതിഥേയര്‍ മൂന്ന്‌ വിക്കറ്റിന്‌ 143 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ഒരു ദിവസവും ഏഴ്‌ വിക്കറ്റുകളും ബാക്കിനില്‍ക്കെ വിജയത്തിനായി വിന്‍ഡീസിന്‌ ഇനി 360 റണ്‍സ്‌ കൂടി വേണം. അനുഭവ സമ്പന്നരായ ശിവനാരായണ്‍ ചന്ദര്‍പോളും രാം നരേഷ്‌ സര്‍വനുമാണ്‌ ക്രീസില്‍. വിജയത്തിനായി പൊരുതില്ലെങ്കിലും സമനില എന്ന വിന്‍ഡീസ്‌ ലക്ഷ്യത്തിന്‌ ഈ രണ്ട്‌ പേരുടെയും സാന്നിദ്ധ്യം നിര്‍ബന്ധമാണ്‌. സര്‍വന്‍ 47 റണ്‍സുമായും ചന്ദര്‍പോള്‍ 18 റണ്‍സുമായും ക്രീസിലുണ്ട്‌. ഈ സഖ്യം ഇതിനകം വിലപ്പെട്ട 47 റണ്‍സ്‌ ഇന്നിംഗ്‌സിന്‌ സമ്മാനിച്ചിട്ടുണ്ട്‌.
ഇടുപ്പിലെ വേദന മൂലം ബൗളിംഗില്‍ നിന്ന്‌ മാറിനില്‍ക്കുന്ന ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിനെ വിന്‍ഡീസിന്‌ പേടിക്കേണ്ടതില്ല. ഇംഗ്ലണ്ടിനെ അലട്ടുന്നതും ഫ്രെഡ്ഡിയുടെ പരുക്കാണ്‌. ഇന്നലെ രണ്ടാം ഇന്നിംഗ്‌സ്‌ ബാറ്റിംഗ്‌ പുനരാരംഭിച്ച ഇംഗ്ലണ്ട്‌ എട്ട്‌ വിക്കറ്റിന്‌ 221 റണ്‍സ്‌ എന്ന നിലയില്‍ ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഫ്‌ളിന്റോഫ്‌ ഒമ്പതാമനായാണ്‌ ബാറ്റ്‌ ചെയ്യാനെത്തിയത്‌. എട്ട്‌ പന്തുകള്‍ നേരിട്ട അദ്ദേഹം പൂജ്യനാവുകയും ചെയ്‌തു. വിന്‍ഡീസ്‌ രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങിയപ്പോള്‍ സ്ലിപ്പ്‌ ഫീല്‍ഡറായി രംഗത്തുണ്ടായിരുന്ന ഫ്രെഡി മൂന്ന്‌ ഓവറുകള്‍ പന്തെറിഞ്ഞെങ്കിലും കാര്യമുണ്ടായില്ല.
സബീനാപാര്‍ക്കില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ വിന്‍ഡീസ്‌ പരമ്പരയില്‍ 1-0 ത്തിന്‌ മുന്നിട്ടു നില്‍ക്കുകയാണ്‌. സബീനാപാര്‍ക്കില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ്‌ 51 റണ്‍സില്‍ അവസാനിപ്പിച്ചായിരുന്നു വിന്‍ഡീസ്‌ കരുത്ത്‌ കാട്ടിയത്‌. ആ മികവ്‌ പക്ഷേ ഇന്നലെ പുറത്തെടുക്കാന്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്കായില്ല.
ഇന്നലെ രണ്ടാം ഇന്നിംഗ്‌സില്‍ പെട്ടെന്ന്‌ റണ്‍സ്‌ നേടുകയായിരുന്നു ഇംഗ്ലീഷ്‌ പ്ലാന്‍. പക്ഷേ വിന്‍ഡീസ്‌ ബൗളര്‍മാര്‍ അതിന്‌ സമ്മതിച്ചില്ല. 103 പന്തില്‍ 58 റണ്‍സ്‌ നേടിയ ഓപ്പണര്‍ അലിസ്റ്റര്‍ കുക്ക്‌ മാത്രമാണ്‌ പൊരുതിയത്‌. പീറ്റേഴ്‌സണ്‍ 32 ലും കോളിംഗ്‌വുഡ്‌ 34 ലും പുറത്തായി. വലിയ സമ്മര്‍ദ്ദത്തില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച വിന്‍ഡീസിന്‌ വേണ്ടി ക്രിസ്‌ ഗെയിലും ഡിവോണ്‍ സ്‌മിത്തും നല്ല തുടക്കമാണ്‌ നല്‍കിയത്‌. ഓപ്പണിംഗ്‌ സഖ്യം 59 റണ്‍സ്‌ നേടി. 67 പന്തില്‍ എട്ട്‌ ബൗണ്ടറികളുമായി 46 റണ്‍സ്‌ നേടിയ ക്യാപ്‌റ്റന്‍ ഗെയിലിന്റെ പതനമാണ്‌ സ്‌ക്കോറിംഗിനെ ബാധിച്ചത്‌. ഡിവോണ്‍ സ്‌മിത്ത്‌ 21 ലും റ്യാന്‍ ഹൈന്‍ഡ്‌സ്‌ 6 ലും പുറത്തായി.

ആഘാതം
ആന്റിഗ്വ: ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ എന്ന ബിഗ്‌ ഫ്രെഡ്ഡിയെ ഇംഗ്ലണ്ടിന്‌ അത്യാവശ്യമായ ദിനമായിരുന്നു ആന്റിഗ്വ റിക്രിയേഷന്‍ ക്ലബില്‍ ഇന്നലെ. അതായത്‌ വിന്‍ഡീസിനെതിരായ മൂന്നാം ടെസ്‌റ്റിന്റെ നാലാം ദിനത്തില്‍. 503 റണ്‍സെന്ന വലിയ ലക്ഷ്യത്തിലേക്ക്‌ പതര്‍ച്ചയോടെ കളിച്ച്‌ തുടങ്ങിയ കരിബീയന്‍ താരങ്ങളെ എറിഞ്ഞിടാന്‍ മിടുക്കനായ ഫ്രെഡ്ഡിക്ക്‌ പക്ഷേ ഇടുപ്പിലെ വേദന മൂലം കാഴ്‌ച്ചക്കാരന്റെ റോളായിരുന്നു. ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തിയപ്പോള്‍ ഒമ്പതാം നമ്പറില്‍ കളിക്കാന്‍ നിര്‍ബന്ധിതനായ ഫ്രെഡ്ഡി മൂന്ന്‌ ഓവറുകള്‍ മാത്രമാണ്‌ പന്തെറിഞ്ഞത്‌. വേദനാ സംഹാരികള്‍ കഴിച്ച്‌ മൈതാനത്തിറങ്ങിയിട്ടും ഫ്രെഡ്ഡിക്ക്‌ പിടിച്ചുനില്‍ക്കാനായില്ല. പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിന്‌ ഉറപ്പില്ല. ജമൈക്കയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ തരിപ്പണമായതാണ്‌. ആ തോല്‍വിക്ക്‌ പകരം വീട്ടാനിറങ്ങിയപ്പോഴാണ്‌ ഫ്രെഡ്ഡിയുടെ രൂപത്തില്‍ ആഘാതമെത്തിയത്‌.

റെഡ്‌സ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ കുതിപ്പ്‌ തുടരുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ ഫുള്‍ഹാമിനെ മൂന്ന്‌ ഗോളിന്‌ തരിപ്പണമാക്കി റെഡ്‌സ്‌ പോയന്റ്‌്‌ ടേബിളില്‍ തൊട്ടടുത്ത പ്രതിയോഗിയായ ലിവര്‍പൂളിനേക്കാള്‍ അഞ്ച്‌ പോയന്റ്‌ ലീഡ്‌ നേടി. ഗോള്‍ക്കീപ്പര്‍ മാര്‍ക്‌ ഷെവര്‍സറുടെ പിഴവിലാണ്‌ ഫുള്‍ഹാം ലീഡ്‌ വഴങ്ങിയത്‌. പോള്‍ ഷോള്‍സ്‌ 25 വാര അകലെനിന്നും പായിച്ച ഷോട്ട്‌ ഗോള്‍ക്കീപ്പര്‍ തടുത്തിരുന്നു. പക്ഷേ പന്ത്‌ ഗോള്‍വലയത്തിലേക്ക്‌ തന്നെ കയറി. ദിമിതര്‍ ബെര്‍ബറ്റോവിന്റെ മികവിലായിരുന്നു റെഡ്‌സിന്റെ രണ്ടാം ഗോള്‍. സബ്‌സ്‌റ്റിറ്റിയൂട്ട്‌ വെയിന്‍ റൂണിയുടെ ബൂട്ടില്‍ നിന്നായിരുന്നു മൂന്നാം ഗോള്‍. അടുത്ത 25 ദിവസത്തിനകം യുവേഫ ചാമ്പ്യന്‍സ്‌ ലീഗില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാനോട്‌ ഉള്‍പ്പെടെ എട്ട്‌ കളികളിലാണ്‌ റെഡ്‌സ്‌ പങ്കെടുക്കുന്നത്‌.
മടക്കം
കറാച്ചി: മുഹമ്മദ്‌ യൂസഫ്‌ പാക്കിസ്‌താന്‍ ദേശീയ ടീമിലേക്ക്‌ മടങ്ങുന്നു. വിമത ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ കളിച്ചതിന്റെ പേരില്‍ വിലക്കപ്പെട്ട മധ്യനിര ബാറ്റ്‌സ്‌മാന്‍ ഇന്നലെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ ഇജാസ്‌ ഭട്ടുമായി ചര്‍ച്ചകള്‍ നടത്തി. ഐ.സി.എല്‍ ബന്ധം ഒഴിവാക്കിയാല്‍ യൂസഫിന്‌ ദേശീയ ടീമില്‍ തിരിച്ചെത്താന്‍ പ്രയാസമില്ലെന്നാണ്‌ ചെയര്‍മാന്‍ വ്യക്തമാക്കിയത്‌. ചെയര്‍മാന്‍ തന്റെ പരാതികള്‍ ക്ഷമാപൂര്‍
വം കേട്ടെന്നും അദ്ദേഹത്തോട്‌ നന്ദിയുണ്ടെന്നും പിന്നീട്‌ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ യൂസഫ്‌ പറഞ്ഞു. യൂനസ്‌ ഖാന്‍ ടീമിന്റെ നായകനായതോടെ ടീമില്‍ കളിക്കാന്‍ യൂസഫിന്‌ താല്‍പ്പര്യമുണ്ട്‌.

1 comment:

SAROOPCALICUT said...

ബഹുമാനപ്പെട്ട കമാല് വരദൂര്
സാറിന്‌
മലയാളം ഭംഗിയാക്കിയാല്
ഉപകാരമായിരുന്നു
ഇപ്പോള്
വായിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌