Monday, February 2, 2009

TURN OF PONTING

പടിയിറക്കം
മെല്‍ബണ്‍: ഓസ്‌്‌ട്രേലിയന്‍ ക്രിക്കറ്റില്‍ റിക്കി പോണ്ടിംഗിന്റെ കാലം അവസാനിക്കുന്നു... തോല്‍വികളുടെ തിരുമുറ്റത്ത്‌ തല താഴ്‌ത്തി നില്‍ക്കുന്ന നായകനെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ അടുത്ത രണ്ട്‌ മല്‍സരങ്ങളില്‍ നിന്ന്‌ മാറ്റി. ക്യാപ്‌റ്റന്‌ വിശ്രമം അനുവദിച്ചിരിക്കയാണെന്നാണ്‌ ഔദ്യോഗികഭാഷ്യമെങ്കിലും പുതിയ നായകനിലേക്കുളള യാത്രയിലാണ്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ. പോണ്ടിംഗിന്‌ പകരം മൈക്കല്‍ ക്ലാര്‍ക്കിനെയാണ്‌ അടുത്ത രണ്ട്‌ മല്‍സരങ്ങളിലേക്ക്‌ നായകനായി നിശ്ചയിച്ചിരിക്കുന്നത്‌.
സമീപകാലത്തായി വന്‍ പരാജയത്തിലാണ്‌ പോണ്ടിംഗും ഓസ്‌ട്രേലിയയും. സ്വന്തം നാട്ടില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ ഇന്ത്യയില്‍ നിന്നേറ്റ ആഘാതത്തില്‍ തുടങ്ങിയ ഷോക്ക്‌ ഇപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ്‌-ഏകദിന പരമ്പരയിലെ ദയനീയതയില്‍ നില്‍ക്കുന്നു. മഹേന്ദ്രസിംഗ്‌ ധോണി നയിച്ച ഇന്ത്യ ത്രിരാഷ്‌ട്ര ഫൈനലിലെ ബെസ്‌റ്റ്‌ ഓഫ്‌ ത്രീ ഫൈനലിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളും അനായാസം നേടിയത്‌ ഓസീസ്‌ ആരാധകരുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു. തുടര്‍ന്ന്‌ ടെസ്റ്റ്‌ പരമ്പരക്കായി ഇന്ത്യയില്‍ എത്തിയ പോണ്ടിംഗിന്‌ നാല്‌ മല്‍സരങ്ങളില്‍ രണ്ടിലും തോല്‍വി പിണഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ഊഴമായിരുന്നു അടുത്തത്‌. ടെസ്‌റ്റ്‌ പരമ്പരയില്‍ ഗ്രയീം സ്‌മിത്തിന്റെ സംഘം 2-1 ന്‌ കരസ്ഥമാക്കി. ഏകദിന പരമ്പരയില്‍ കളിക്കാന്‍ ഗ്രയീം സ്‌മിത്ത്‌ ഉണ്ടായിരുന്നില്ല. ജഹാന്‍ ബോത്ത എന്ന യുവനായകന്‌ കീഴില്‍ 4-1നാണ്‌ ദക്ഷിണാഫ്രിക്ക പരമ്പര നേടിയത്‌. ഇതോടെ ഐ.സി.സി ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനവും ടീമിന്‌ നഷ്‌ടമായിരുന്നു. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെതിരായ പഞ്ച മല്‍സര പരമ്പരയിലെ ആദ്യ പോരാട്ടം പെര്‍ത്തില്‍ ആരംഭിച്ചപ്പോള്‍ രണ്ട്‌ വിക്കറ്റിനായിരുന്നു ഓസീസ്‌ തോല്‍വി. ഡാനിയല്‍ വെട്ടോരി നയിച്ച കിവി സംഘത്തില്‍ നിറയെ പുതുമുഖങ്ങളായിരുന്നു. എന്നിട്ടും പോണ്ടിംഗിന്റെ സംഘം വിയര്‍ത്തു. ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ 200 റണ്‍സ്‌ പോലും പിന്നിടാന്‍ കഴിഞ്ഞില്ല.
തുടര്‍ച്ചായ തോല്‍വികള്‍ മുന്‍നിര്‍ത്തിയാണ്‌ ഇപ്പോള്‍ നിര്‍ണ്ണായക തീരുമാനത്തിലേക്ക്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ കടന്നിരിക്കുന്നത്‌. ഒരു പുതിയ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ടീം തോറ്റതിന്‌ പിറകെ നായകന്‌ വിശ്രമം അനുവദിക്കുന്നത്‌ പുതിയ കാഴ്‌ച്ചയാണ്‌. അടുത്ത രണ്ട്‌ മല്‍സരത്തില്‍ പുറത്തിരിക്കാന്‍ പോണ്ടിംഗ്‌ നിര്‍ബന്ധിതനാണെന്നാണ്‌ ഇന്നലെ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഹിഡിച്ച്‌ പറഞ്ഞത്‌. ക്ലാര്‍ക്കിന്‌ നല്‍കുന്ന അവസരം അദ്ദേഹം ഉപയോഗപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും പോണ്ടിംഗിന്റെ നാളുകള്‍ എണ്ണപ്പെടും. 2011 ല്‍ നടക്കുന്ന ലോകകപ്പ്‌ മുന്‍നിര്‍
ത്തി യുവസംഘത്തെ ഒരുക്കാനുളള പരിപാടിയിലാണ്‌ സെലക്ടര്‍മാര്‍. പോണ്ടിംഗിന്‌ പകരം ആദം വോഗ്‌സിനെയും പരുക്കേറ്റ ഓപ്പണര്‍ ഷോണ്‍ മാര്‍ഷിന്‌ പകരം കാലും ഫെര്‍ഗൂസണെയുമാണ്‌ ടീമില്‍ എടുത്തിരിക്കുന്നത്‌.
സ്റ്റീവ്‌ വോയില്‍ നിന്നുമാണ്‌ പോണ്ടിംഗ്‌ ക്യാപ്‌റ്റന്‍സി ഏറ്റെടുത്തത്‌. വോയെ സെലക്ടര്‍മാര്‍ ഏകദിന ടീമിന്റെ നായകപദവിയില്‍ നിന്നും മാറ്റിയത്‌. സ്വന്തം നാട്ടില്‍ നടന്ന ത്രിരാഷ്‌ട്ര ഫൈനലിലെ തോല്‍വിയെ തുടര്‍ന്നായിരുന്നു. തിരക്കേറിയ ഷെഡ്യൂളാണ്‌ ഓസ്‌ട്രേലിയന്‍ ടീമിനെ കാത്തിരിക്കുന്നത്‌. ഇന്ത്യക്കെതിരായ ടെസ്‌റ്റ്‌ പരമ്പരക്ക്‌ ശേഷം ടീമിന്‌ വിശ്രമം ലഭിച്ചിട്ടില്ല. വിശ്രമമില്ലായ്‌മയാണ്‌ ടീമിന്റെ പിന്‍ഗതിക്ക്‌ കാരണമെന്നാണ്‌ സെലക്ഷന്‍ കമ്മിറ്റി വീശദീകരിക്കുന്നത്‌.
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരക്ക്‌ ശേഷം ടീം ദക്ഷിണാഫ്രിക്കയിലേക്ക്‌ പോവുകയാണ്‌. ഇവിടെ ടെസ്‌റ്റ്‌-ഏകദിന പരമ്പരയില്‍ പങ്കെടുക്കുമ്പോള്‍ തോല്‍വികള്‍ ടീമിന്‌ വന്‍ ആഘാതമാവും. ടെസ്‌റ്റ്‌ റാങ്കിംഗില്‍ നേരിയ മാര്‍ജിനില്‍ മാത്രമാണ്‌ ഇപ്പോള്‍ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്‌. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരത്തിലും പരാജയപ്പെട്ട ടീം മൂന്നാം മല്‍സരത്തിലും തോറ്റിരുന്നെങ്കില്‍ ടെസ്‌റ്റ്‌ റാങ്കിംഗിലെ ആദ്യ സ്ഥാനവും ഇല്ലാതാവുമായിരുന്നു. പക്ഷേ സിഡ്‌നിയില്‍ തട്ടിമുട്ടിയാണെങ്കിലും ടീം ജയിച്ചു. ഏകദിന പരമ്പരയില്‍ ഈ ഭാഗ്യം പക്ഷേ കൂടെ നിന്നില്ല.
പോണ്ടിംഗ്‌ ഇല്ലെങ്കിലും ന്യൂസിലാന്‍ഡിനെതിരെ വിജയിക്കന്‍ മൈക്കല്‍ ക്ലാര്‍ക്കിനും സംഘത്തിനും കഴിയുമെന്നാണ്‌ ഹിഡിച്ച്‌ പറയുന്നത്‌. ആദം വോഗ്‌സ്‌ നേരത്തെ ടീമില്‍ കളിച്ചയാളാണ്‌. പക്ഷേ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയിരുന്നില്ല. ഫെര്‍ഗൂസണ്‍ കന്നിക്കാരനാണ്‌. ഇവര്‍ക്ക്‌ രാജ്യാന്തര തലത്തില്‍ മികവ്‌ തെളിയിക്കാനുളള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരക്കുളള അടുത്ത രണ്ട്‌ മല്‍സരങ്ങളില്‍ കളിക്കുന്ന ടീം ഇതാണ്‌: മൈക്കല്‍ ക്ലാര്‍ക്ക്‌ (ക്യാപ്‌റ്റന്‍), മൈക്ക്‌ ഹസി, നതാന്‍ ബ്രാക്കന്‍, ഫെര്‍ഗൂസണ്‍, ബ്രാഡ്‌ ഹാദ്ദീന്‍, ഹില്‍ഫാഹസ്‌, ജെയിംസ്‌ ഹോപ്‌സ്‌, ഡേവിഡ്‌ ഹസി, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ ടെയിറ്റ്‌, ഡേവിഡ്‌ വാര്‍ണര്‍, ക്രെയിഗ്‌ വൈറ്റ്‌, ആദം വോഗ്‌സ്‌.

തെറ്റ്‌:വോ
സിഡ്‌നി: നിര്‍ണ്ണായക ഘട്ടത്തില്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗിന്‌ വിശ്രമം നല്‍കാനുളള സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്‌റ്റന്‍ സ്‌റ്റീവ്‌ വോ രംഗത്ത്‌. ഓസീസ്‌ ടീമില്‍ ഫോമില്‍ കളിക്കുന്ന ബാറ്റ്‌സ്‌മാന്‍ പോണ്ടിംഗാണെന്നും അദ്ദേഹത്തിന്‌ ഈ ഘട്ടത്തില്‍ വിശ്രമം നല്‍കുന്നത്‌ തെറ്റാണെന്നും ഇവിടെ ഒരു ചടങ്ങില്‍ സംസാരിക്കവെ വോ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലെ ഇന്ത്യന്‍ പര്യടനം മുതല്‍ പോണ്ടിംഗിന്‌ വിശ്രമം നല്‍കിയിട്ടില്ല എന്നത്‌ സത്യമാണ്‌. പക്ഷേ ടീം സമ്മര്‍ദ്ദത്തില്‍ നില്‍ക്കുമ്പോള്‍ സീനിയര്‍ താരത്തെ മാറ്റിനിര്‍ത്തുന്നത്‌ ഗുണത്തെക്കാളെറേ ദോഷമാണ്‌ ചെയ്യുക. ക്യാപ്‌റ്റനെ മാറ്റിനിര്‍ത്തേണ്ട സമയമല്ലിത്‌. രാജ്യത്തിനായി കളിക്കാന്‍ എല്ലാവരും ആഗ്രഹിക്കും. ധാരാളം ക്രിക്കറ്റ്‌ ഇപ്പോള്‍ നടക്കുന്നുണ്ട്‌. രാജ്യത്തിന്‌ വേണ്ടി കളിക്കുന്നതിനൊപ്പം ഐ.പി.എല്‍ പോലുളള മല്‍സരങ്ങളിലും പങ്കെടുക്കണം. റിക്കി വിശ്രമം ചോദിച്ചതാണോ എന്നറിയില്ല. പക്ഷേ നിര്‍ണ്ണായക ഘട്ടത്തില്‍ അദ്ദേഹത്തെ മാറ്റുന്നത്ത്‌ തെറ്റാണ്‌.
ഓസ്‌ട്രേലിയന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‌ ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെ തെരഞ്ഞെടുക്കരുതെന്നും വോ പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സൈമണ്ട്‌സ്‌ പലവിധ വിവാദങ്ങളിലാണ്‌. അദ്ദേഹത്തിന്റെ മാനസിക നില മല്‍സരങ്ങള്‍ക്ക്‌ അനുയോജ്യമല്ല. സൈമണ്ട്‌സിന്‌ പകരം യുവതാരം ഫിലിപ്പ്‌ ഹ്യൂഗ്‌സിന്‌ അവസരം നല്‍കണം. ആഭ്യന്തര ക്രിക്കറ്റില്‍ സ്വന്തം മികവ്‌ തെളിയിച്ച താരമാണ്‌ ഹ്യൂഗ്‌സ്‌. ഞാന്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഹ്യൂഗ്‌സ്‌ ടീമിലുണ്ടാവും- വോ പറഞ്ഞു..

മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം ബാലാജി
കൊളംബോ: ലക്ഷ്‌മിപതി ബാലാജി എന്ന തമിഴ്‌നാട്ടുകാരന്‍ ഒരിക്കല്‍കൂടി ദേശിയ കുപ്പായമണിയുന്നു. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന്‌ മല്‍സരങ്ങളില്‍ ബാലാജിക്ക്‌ അവസരമുണ്ടാവും. പരുക്കേറ്റ മുനാഫ്‌ പട്ടേലിന്‌ പകരമാണ്‌ ബാലാജിയെ തെരഞ്ഞെടുത്തിരിക്കുന്നത്‌. പരമ്പരയിലെ മൂന്നാം മല്‍സരം ഇന്ന്‌ പകലും രാത്രിയുമായി പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടക്കും. നിയോ സ്‌പോര്‍ട്‌സിലും ദൂരദര്‍ശനിലും തല്‍സമയ സംപ്രേക്ഷണമുണ്ട്‌.
ധാംബൂലയില്‍ നടന്ന ആദ്യ ഏകദിനത്തിനിടെയാണ്‌ മുനാഫിന്‌ പരുക്കേറ്റത്‌. മല്‍സരത്തില്‍ അഞ്ച്‌ ഓവര്‍ പന്തെറിഞ്ഞ മുനാഫിന്‌ വിക്കറ്റ്‌ ലഭിച്ചിരുന്നില്ല. ധാംബൂലയിലെ മല്‍സരത്തലേന്ന്‌ പരിശീലനത്തിനിടെ മുനാഫ്‌ വീണിരുന്നു. ഈ വീഴ്‌ച്ചയായിരിക്കാം പരുക്കിന്‌ കാരണമായതെന്ന്‌ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ്‌ ധോണി പറഞ്ഞു. മൂന്നോ നാലോ ആഴ്‌ച്ച മുനാഫിന്‌ വിശ്രമം വേണ്ടി വരുമെന്നാണ്‌ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ബാലാജിയെ ടീമിലേക്ക്‌ തിരിച്ചുവിളിച്ചത്‌.
2005 ല്‍ ശ്രീലങ്കക്കെതിരായ പരമ്പരയിലാണ്‌ ബാലാജി അവസാനമായി രാജ്യത്തിന്റെ കുപ്പായത്തില്‍ കളിച്ചത്‌. അന്ന്‌ പരുക്കേറ്റ ബാലാജി പിന്നീട്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായി. തുടര്‍ന്നാണ്‌ അദ്ദേഹം ദീര്‍ഘകാലം കളത്തിന്‌ പുറത്തായത്‌. കഴിഞ്ഞ സീസണില്‍ നടന്ന പ്രഥമ ഐ.പി.എല്‍ ചാമ്പ്യന്‍ഷിപ്പില്‍ ബാലാജി കളിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്ന്‌ പതിനൊന്ന്‌ വിക്കറ്റുകള്‍ സ്വന്തമാക്കി. ഒരു ഹാട്രിക്കും ഇതിലുണ്ടായിരുന്നു. ഈ സീസണില്‍ രഞ്‌ജി മല്‍സരങ്ങളില്‍ തമിഴ്‌നാടിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ ബാലാജി സെലക്‌ടര്‍മാരുടെ ശ്രദ്ധ നേടിയത്‌. ഏഴ്‌ മല്‍സരങ്ങളില്‍ നിന്ന്‌ 36 വിക്കറ്റുകളാണ്‌ ബാലാജി നേടിയത്‌.
ഇന്നത്തെ മല്‍സരം സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക്‌ പരമ്പര നേടാം. ധാംബൂലയിലെ ആദ്യ മല്‍സരത്തില്‍ അനായാസ വിജയം സ്വന്തമാക്കിയ ഇന്ത്യ കൊളംബോയിലെ രണ്ടാം മല്‍സരത്തില്‍ ആവേശകരമായ വിജയം നേടിയിരുന്നു. മുനാഫിന്‌ പകരം ബാലാജി കളിക്കുന്നതൊഴിച്ചാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക്‌ സാധ്യതയില്ല. പ്രവീണ്‍ കുമാറിന്‌ പകരം ഇര്‍ഫാന്‍ പത്താനെ കളിപ്പിക്കാന്‍ സാധ്യത നിലനില്‍ക്കുന്നു. മഹേല ജയവര്‍ദ്ധനെ നയിക്കുന്ന ശ്രീലങ്ക സമ്മര്‍ദ്ദത്തിലാണ്‌. പരമ്പര സ്വന്തമാക്കാന്‍ ഇനിയുളള മല്‍സരങ്ങളെല്ലാം അവര്‍ക്ക്‌ ജയിക്കണം. ഇന്ത്യന്‍ ടീം തകര്‍പ്പന്‍ ഫോമില്‍ കളിക്കുമ്പോള്‍ അതിന്‌ സാധ്യത കുറവാണ്‌ താനും.

നോ പാക്‌
ലാഹോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റിന്റെ രണ്ടാം പതിപ്പില്‍ പാക്കിസ്‌താന്‍ ക്രിക്കറ്റര്‍മര്‍ ആരുമുണ്ടാവില്ല. ഐ.പി.എല്ലില്‍ പങ്കെടുക്കുന്നതില്‍ നിന്നും പാക്കിസ്‌താന്‍ താരങ്ങളെ പാക്‌ വിദേശകാര്യ മന്ത്രാലയം വിലക്കി. പാക്കിസ്‌താന്‍ താരങ്ങള്‍ക്ക്‌ ഇന്ത്യയില്‍ കളിക്കാന്‍ അനുയോജ്യമായ സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന്‌ എന്ന്‌ മനസ്സിലാക്കിയാണ്‌ സര്‍ക്കാരിന്റെ വിലക്ക്‌. മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ പാക്‌ കലാകാരന്മാര്‍ക്ക്‌ പോലും ഇന്ത്യയില്‍ സുരക്ഷിതമായി പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ ക്രിക്കറ്റര്‍മാര്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ പോവരുതെന്നുമാണ്‌ വിദേശകാര്യമന്ത്രാലയം പറയുന്നത്‌. വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പാക്കിസ്‌താന്‍ സ്‌പോര്‍ട്‌സ്‌ മന്ത്രി അഫ്‌ത്താബ്‌ ജീലാനിയും പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ 20 പാക്‌ താരങ്ങള്‍ക്ക്‌്‌ കഴിഞ്ഞയാഴ്‌ച്ച സ്‌പോര്‍ട്‌സ്‌ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. താരങ്ങളുടെ സുരക്ഷ പക്ഷേ സ്‌പോര്‍
ട്‌സ്‌ മന്ത്രാലയം ഏറ്റെടുത്തിരുന്നില്ല. ഏത്‌ ടീമുകള്‍ക്കാണോ താരങ്ങള്‍ കളിക്കുന്നത്‌ അവര്‍ നല്‍കുന്ന സുരക്ഷയിലായിരിക്കും താരങ്ങളെ അയക്കുക എന്നതായിരുന്നു ഉപാധി. എന്നാല്‍ സര്‍ക്കാര്‍ സ്വന്തം നിലപാട്‌ വ്യക്തമാക്കിയ സാഹചര്യത്തില്‍ എല്ലാ താരങ്ങളോടും ഇന്ത്യന്‍ യാത്ര ഉപേക്ഷിക്കാനാണ്‌ സ്‌പോര്‍ട്‌സ്‌ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്‌.
ഈ മാസം ആറിനാണ്‌ ഐ.പി.എല്‍ താരലേലത്തിന്റെ ആദ്യ ഘട്ടം. ഈ ഘട്ടത്തിലേക്ക്‌ യൂനസ്‌ഖാന്‍, ഷുഹൈബ്‌ മാലിക്‌, ഷാഹിദ്‌ അഫ്രീദി, ഷുഹൈബ്‌ അക്തര്‍, സുഹൈല്‍ തന്‍വീര്‍, ഉമര്‍ ഗുല്‍ തുടങ്ങിയവരുടെ പേരുകളെല്ലാം ഉയര്‍ന്നിരുന്നു. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനാണ്‌ പാക്‌ താരങ്ങളുടെ കുറവ്‌ കാര്യമായി ബാധിക്കുക. സുഹൈല്‍ തന്‍വീര്‍, കമറാന്‍ അക്‌മല്‍, യൂനസ്‌ഖാന്‍ തുടങ്ങിയവരെല്ലാം റോയല്‍സ്‌ താരങ്ങളായിരുന്നു.
പാക്കിസ്‌താന്‍ കടുത്ത തീരുമാനമെടുത്ത സാഹചര്യത്തില്‍ പുതിയ ലേലത്തില്‍ പാക്‌ താരങ്ങളെ ഉള്‍പ്പെടുത്തില്ലെന്ന്‌ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌്‌ മോഡി വ്യക്തമാക്കി.

വമ്പന്മാര്‍ മുന്നോട്ട്‌
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിട്ടപ്പോള്‍ വമ്പന്മാര്‍ക്ക്‌ കാര്യമായ ആഘാതമില്ല. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ കുതിക്കുമ്പോള്‍ ചെല്‍സിയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി ലിവര്‍പൂള്‍ മാഞ്ചസ്‌റ്ററിന്‌ പിറകെയുണ്ട്‌. സ്‌പെയിനില്‍ ബാര്‍സിലോണയുടെ ആധിപത്യം തുടരുമ്പോള്‍ ജര്‍മനിയില്‍ ഹോഫന്‍ഹൈം ഒന്നാമത്‌ തുടരുന്നു.
പ്രീമിയര്‍ ലീഗ്‌: 53 പോയന്റുളള മാഞ്ചസ്‌റ്റര്‍ യുനൈറ്റഡാണ്‌ ഒന്നാമത്‌. 51 ല്‍ ലിവര്‍പൂളും 48 ല്‍ ചെല്‍സിയും നില്‍ക്കുന്നു. ഞായറാഴ്‌ച്ച നടന്ന പോരാട്ടത്തില്‍ ലിവര്‍പൂള്‍ സ്വന്തം കാണികളുടെ നിര്‍ലോഭ പിന്തുണയില്‍ ചെല്‍സിയെ രണ്ട്‌ ഗോളിന്‌ മുക്കിയതായിരുന്നു പ്രധാന സംഭവം. ഫെര്‍ണാണ്ടോ ടോറസായിരുന്നു രണ്ട്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്‌. എവര്‍ട്ടണെ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പെനാല്‍ട്ടി ഗോളിലാണ്‌ മാഞ്ചസ്‌റ്റര്‍ വീഴ്‌ത്തിയത്‌. ഇപ്പോഴും എതിരാളികളെക്കാള്‍ ഒരു മല്‍സരം കുറവാണ്‌ ചാമ്പ്യന്മാര്‍ കളിച്ചത്‌. എവര്‍ട്ടണെതിരെ തകര്‍പ്പന്‍ പ്രകടനമാണ്‌ അലകസ്‌ ഫെര്‍ഗ്ഗൂസന്റെ സംഘം നടത്തിയത്‌. ടീമിന്റെ തുടര്‍ച്ചയായ ഏഴാം വിജയം കൂടിയാണിത്‌. ആസ്റ്റണ്‍വില്ലയെ വിഗാനും ആഴ്‌സനലിനെ വെസ്റ്റ്‌ ഹാമും സമനിലയില്‍ തളച്ചു.
സ്‌പാനിഷ്‌ ലീഗ്‌: ലയല്‍ മെസിയുടെ മികവില്‍ ബാര്‍സിലോണ 2-1ന്‌ റേസിംഗ്‌ സാന്‍ഡറിനെ കീഴ്‌്‌പ്പെടുത്തി ലീഗിലെ െൈജത്രയാത്ര തുടരുകയാണ്‌. തുടക്കത്തില്‍ തന്നെ പിറകിലായ ബാര്‍സയെ മെസിയാണ്‌ രക്ഷപ്പെടുത്തിയത്‌. ടീമിന്റെ രണ്ട്‌ ഗോളുകളും അര്‍ജന്റീനക്കാരന്റെ ബൂട്ടില്‍ നിന്നായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്‌ രണ്ട്‌ ഗോളിന്‌ നുമാന്‍സിയയെ വീഴ്‌ത്തി. വലന്‍സിയ 3-2ന്‌ അല്‍മേരിയയെ തോല്‍പ്പിച്ചപ്പോള്‍ സെവിയെ ,വില്ലാ റയല്‍ എന്നിവര്‍ തോറ്റു. സെവിയെ ഒരു ഗോളിന്‌ സ്‌പോര്‍ട്ടിംഗ്‌ ഗിജോണിനോടും വില്ലാ റയല്‍ ഡിപ്പോര്‍ട്ടീവോയോട്‌ മൂന്ന്‌ ഗോളിനുമാണ്‌ പരാജയപ്പെട്ടത്‌. ടേബിളില്‍ ബാര്‍സക്കിപ്പോള്‍ 56 പോയന്റുണ്ട്‌. റയലിന്‌ നാല്‍പ്പത്തിനാല്‌.
ഇറ്റാലിയന്‍ ലീഗ്‌: യുവന്തസിന്റെ പരാജയമായിരുന്നു ഇറ്റാലിയന്‍ ലീഗിലെ സവിശേഷത. കാഗിലാരിയാണ്‌ 3-2ന്‌ യുവന്തസിനെ തോല്‍പ്പിച്ചത്‌. മുന്‍നിരയിലുള്ള ഇന്റര്‍മിലാനെ ടോറിനോ 1-1 ല്‍ പിടിച്ചുനിര്‍ത്തി. അതേ സമയം ലാസിയോ മൂന്ന്‌ ഗോളിന്‌ തകര്‍ത്ത്‌ ഏ.സി മിലാന്‍ കരുത്തുകാട്ടി. റോമയും റെജീനയും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു.
ജര്‍മന്‍ ലീഗ്‌: 57,000 കാണികളെ സാക്ഷിയാക്കി നടന്ന തകര്‍പ്പന്‍ പോരാട്ടത്തില്‍ ഹാംബര്‍ഗ്ഗ്‌ ബയേണ്‍ മ്യൂണിച്ചിനെ പരാജയപ്പെടുത്തി. മ്ലദാന്‍ പെട്രിക്കാണ്‌ നിര്‍ണ്ണായക ഗോള്‍ നേടിയത്‌. 38 പോയന്റുമായി ഹോഫന്‍ ഹൈമാണ്‌ ലീഗില്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്നത്‌.

No comments: