Tuesday, February 17, 2009

ENGLISH SHOW

ഡ്രൈവിംഗ്‌ സീറ്റ്‌
ആന്റിഗ്വ: ക്യാപ്‌റ്റന്‍ പോള്‍ കോളിംഗ്‌വുഡിന്‌ പിറകെ മധ്യനിര ബാറ്റ്‌സ്‌മാന്‍ പോള്‍ കോളിംഗ്‌വുഡും മൂന്നക്കം പിന്നിട്ടതോടെ വിന്‍ഡീസിനെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ട്‌ നില ഭദ്രമാക്കി. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒമ്പത്‌ വിക്കറ്റിന്‌ 566 റണ്‍സ്‌ എന്ന നിലയില്‍ ഒന്നാം ഇന്നിഗ്‌സ്‌ ഡിക്ലയര്‍ ചെയ്‌ത ഇംഗ്ലണ്ടിന്‌ മറുപടിയായി ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയിലിന്റെ നഷ്ടത്തില്‍ വിന്‍ഡീസ്‌ 55 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ആന്റിഗ്വ റിക്രിയേഷന്‍ ക്ലബ്‌ മൈതാനത്ത്‌ നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ട്‌ നിലയുറപ്പിച്ചിരിക്കെ അടുത്ത രണ്ട്‌ ദിവസങ്ങള്‍ ആതിഥേയര്‍ക്ക്‌ നിര്‍ണ്ണായകമാണ്‌. ജമൈക്കയിലെ സബീനാപാര്‍ക്കില്‍ നടന്ന ആദ്യ ടെസ്‌റ്റില്‍ വലിയ തോല്‍വി രുചിച്ച ഇംഗ്ലീഷ്‌ സംഘത്തിന്‌ ഇവിടെ ജയിച്ചാല്‍ മാത്രമാണ്‌ പരമ്പരയില്‍ സാധ്യത നിലനിര്‍ത്താനാവുക. ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്‌ മൈതാനത്ത്‌്‌ കേവലം 14 മിനുട്ടില്‍ അവസാനിച്ച രണ്ടാം ടെസ്റ്റിലെ നാണക്കേടില്‍ നിന്നും മുക്തരാവത്തത്‌ പോലെ പന്തെറിഞ്ഞ വിന്‍ഡീസ്‌ ബൗളര്‍മാര്‍ ഇംഗ്ലണ്ടിന്‌ അവസരം സമ്മാനിക്കുകയായിരുന്നു. ഇന്നലെ 15 ഓവറുകളാണ്‌ വിന്‍ഡീസ്‌ ബാറ്റ്‌ ചെയ്‌തത്‌. ഈ വേളയില്‍ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ പിച്ച്‌ നല്‍കിയ പിന്തുണ കണക്കിലെടുക്കുമ്പോള്‍ ആതിഥേയര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമല്ല. ടീമിന്റെ ബാറ്റിംഗ്‌ നെടൂംതൂണായ ഗെയിലിനെ നഷ്ടമാവുകയും ചെയ്‌തു. സ്‌റ്റീവന്‍ ഹാര്‍മിസന്റെ പന്ത്‌ അതിമനോഹരമായി സിക്‌സറിന്‌ പറത്തിയ ശേഷമാണ്‌ മറ്റൊരു മിന്നല്‍ ഷോട്ടിനായുളള ശ്രമത്തില്‍ ഗെയില്‍ പുറത്തായത്‌. ശിവനാരായണ്‍ ചന്ദര്‍പോള്‍, രാം നരേഷ്‌ സര്‍വന്‍ എന്നീ അനുഭവസമ്പന്നരിലാണ്‌ ഇനി ടീമിന്റെ പ്രതീക്ഷകള്‍.
കോളിംഗ്‌വുഡിന്റെ ടെസ്‌റ്റ്‌ കരിയറിലെ ഒമ്പതാം സെഞ്ച്വറിയായിരുന്നു രണ്ടാം ദിവസത്തെ സവിശേഷത. ഇന്നലെ രണ്ടാം ഓവറില്‍ തന്നെ ക്രീസിലെത്തിയ കോളിംഗ്‌വുഡ്‌ തുടക്കത്തില്‍ ഫിഡല്‍ എഡ്വാര്‍ഡ്‌സിന്റെ പന്തുകളില്‍ ചാഞ്ചാട്ടം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭാഗ്യത്തിന്റെ അകമ്പടിയില്‍ തുടക്കത്തിലെ ഷോക്കില്‍ നിന്നും മുക്തനായ ഓള്‍റൗണ്ടര്‍ പിന്നെ പതിവ്‌ കരുത്തില്‍ കളിച്ചു. മൂന്ന്‌ വിക്കറ്റിന്‌ 301 റണ്‍സ്‌ എന്ന നിലയില്‍ ബാറ്റിംഗ്‌ തുടര്‍ന്ന ടീമിന്‌ എഡ്‌വാര്‍ഡ്‌സിന്റെ ന്യൂബോള്‍ സ്‌പെല്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അഞ്ചാം പന്തില്‍ തന്നെ നൈറ്റ്‌ വാച്ച്‌മാന്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണെ പുറത്താക്കിയ എഡ്വാര്‍ഡ്‌സിന്‌ അതേ ഓവറില്‍ പീറ്റേഴ്‌സണെ ലഭിക്കുമായിരുന്നു. പക്ഷേ റിട്ടേണ്‍ ക്യാച്ച്‌ എഡ്‌വാര്‍ഡ്‌സിന്‌ കൈകളിലാക്കാനായില്ല. പീറ്റേഴ്‌സണ്‍-കോളിംഗ്‌വുഡ്‌ സഖ്യം അഞ്ചാം വിക്കറ്റില്‍ 94 റണ്‍സ്‌ കൂട്ടിചേര്‍ത്താണ്‌ പിരിഞ്ഞത്‌.

മൂന്നാമന്‍ ശക്തനാവണം
ബാംഗ്ലൂര്‍: ലോകത്തില്‍ ഇന്നുളളവരില്‍ വെച്ച്‌ ഏറ്റവും മികച്ച ന്യൂബോള്‍ ബൗളിംഗ്‌ ജോഡികള്‍ ഇന്ത്യയുടെ സഹീര്‍ഖാന്‍-ഇഷാന്ത്‌ ശര്‍മ്മ സഖ്യമാണെന്നും ഇവര്‍ക്ക്‌ പിന്തുണ നല്‍കാന്‍ ശക്തനായ ഒരു മൂന്നാം സീമറുണ്ടെങ്കില്‍ നിലവിലുളള തകര്‍പ്പന്‍ ഫോം ഇന്ത്യക്ക്‌ തുടരാനാവുമെന്ന്‌ മുന്‍ ഇന്ത്യന്‍ സീമറും ഇപ്പോള്‍ ഐ.സി.സി മാച്ച്‌ റഫറിയുമായ ജവഗല്‍ ശ്രീനാഥ്‌. ഇവിടെ നാഷണല്‍ ക്രിക്കറ്റ്‌ അക്കാദമിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മൂന്നാം സീമറുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ കസേരകളി അവസാനിപ്പിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. സഹീറും ഇഷാന്തും ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണിംഗ്‌ ബൗളിംഗ്‌ ജോഡികളാണ്‌. ഇവരുടെ കരുത്തിലാണ്‌ സമീപകാലത്ത്‌ ഇന്ത്യ കരുത്തേറിയ വിജയങ്ങള്‍ സ്വന്തമാക്കിയത്‌. ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്‌റ്റ്‌ പരമ്പരയില്‍ ഇഷാന്ത്‌ ശര്‍മ്മ മാന്‍ ഓഫ്‌ ദ സീരീസ്‌ പട്ടം വരെ സ്വന്തമാക്കി. ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ്‌ പരമ്പരകളില്‍ പരമ്പരയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ ഏക ഇന്ത്യന്‍ സീമര്‍ കപില്‍ദേവായിരുന്നു. കപിലിന്‌ ശേഷമാണ്‌ ഇഷാന്ത്‌ സ്വപ്‌നനേട്ടം കൈവരിച്ചത്‌. പുതിയ പന്തിലും പഴയ പന്തിലും ഇരുവരും മിടുക്കരാണ്‌. ഇവര്‍ക്ക്‌ ശക്തമായ ബാക്കപ്പ്‌ ഉണ്ടെങ്കില്‍ ഏത്‌ എതിരാളികളെയും വീഴ്‌ത്താന്‍ ഇന്ത്യക്കാവും. ഞാനും വെങ്കടേഷ്‌ പ്രസാദും ഒരുമിച്ച്‌ പന്തെറിഞ്ഞിരുന്ന കാലത്ത്‌ ഞങ്ങള്‍ക്ക്‌ പിന്തുണയേകാന്‍ ശക്തനായ മൂന്നാം സീമര്‍ ഉണ്ടായിരുന്നില്ല. അതായിരുന്നു വലിയ പ്രശ്‌നം. ആ സമയത്ത്‌ ഞങ്ങള്‍ രണ്ട്‌ സീമര്‍മാരും പിന്നെ അനില്‍ കുംബ്ലെയുമാണ്‌ ബൗളിംഗ്‌ ഭാരം താങ്ങിയത്‌. ഇന്ന്‌ ഇന്ത്യക്ക്‌ ശക്തരായ സീമര്‍മാരുണ്ട്‌. ന്യൂസിലാന്‍ഡ്‌ പര്യടനത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുനാഫ്‌ പട്ടേല്‍, ലക്ഷ്‌മിപതി ബാലാജി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവരാണുളളത്‌. ഇവരെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ മികവ്‌ പ്രകടിപ്പിക്കുന്നരാണ്‌. മുനാഫ്‌ ആരോഗ്യവാനായി പന്തെറിയുന്നപക്ഷം അദ്ദേഹത്തെ പരാജയപ്പെടുത്തുക എളുപ്പമല്ല. അത്‌ പോലെ ബാലാജിയും അനുഭവസമ്പന്നനാണ്‌. ഇവരെ തുടര്‍ച്ചയായി ഉപയോഗപ്പെടുത്തണം. മൂന്നാം സീമറുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ആലസ്യം പ്രകടിപ്പിച്ചാല്‍ അത്‌ അപകടത്തിലാണ്‌ കലാശിക്കുക. ദേശീയ ടീമിന്റെ ബൗളിംഗ്‌ കോച്ചായി വെങ്കടേഷ്‌ പ്രസാദ്‌ ഉണ്ട്‌. അദ്ദേഹത്തിന്‌ എല്ലാവരെയും ഉപയോഗപ്പെടുത്താന്‍ കഴിയണം. ന്യൂസിലാന്‍ഡ്‌ പര്യടനം ബൗളര്‍മാര്‍ക്ക്‌ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ശ്രീനാഥ്‌ പറഞ്ഞു.

പാക്കിസ്‌താന്‍ ജാഗ്രതൈ...
ന്യൂഡല്‍ഹി: 2011 ലെ ലോകകപ്പ്‌ വേദികളും പാക്കിസ്‌താന്‍ നഷ്‌ടമാവാന്‍ സാധ്യത... ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ (ഐ.സി.സി) ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റ്‌ ഇന്നലെ ഇവിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകള്‍ പാക്കിസ്‌താനുളള മുന്നറിയിപ്പാണ്‌. 2011 ലെ ലോകകപ്പിന്‌ ഇന്ത്യ, ബംഗ്ലാദേശ്‌, ശ്രീലങ്കക എന്നിവര്‍ക്കൊപ്പം സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ്‌ പാക്കിസ്‌താന്‍. എന്നാല്‍ ആ രാജ്യത്തെ സുരക്ഷ പ്രശ്‌നങ്ങള്‍ അനുദിനം വഷളാവുന്ന സാഹചര്യത്തില്‍ പകരം വേദികളുടെ കാര്യത്തില്‍ മറ്റ്‌ സഹആതിഥേയ രാജ്യങ്ങള്‍ മുന്‍ കരുതലെടുക്കണമെന്നാണ്‌ ലോര്‍ഗാറ്റ്‌ സൂചിപ്പിച്ചിരിക്കുന്നത്‌.
2011 ലേക്ക്‌ ഇനിയും ദൂരമുണ്ട്‌. ഇപ്പോള്‍ തന്നെ പാക്കിസ്‌താനിലെ സുരക്ഷാസ്ഥിഗതികള്‍ വിലയിരുത്തുന്നതില്‍ കാര്യമില്ല. പക്ഷേ ഒരു മുന്‍കരുതല്‍ നല്ലതാണെന്നാണ്‌ ഐ.സി.സി തലവന്‍ പറഞ്ഞിരിക്കുന്നത്‌. ഇന്ത്യയിലും ലങ്കയിലും ബംഗ്ലാദേശിലും നല്ല ക്രിക്കറ്റ്‌ വേദികളുണ്ട്‌. പാക്കിസ്‌താനില്‍ അപ്രിയമായത്‌ വല്ലതും സംഭവിക്കുന്നപക്ഷം പകരം വേദികളെ ഉപയോഗപ്പെടുത്താന്‍ കഴിയണം. 2011 ലെ ലോകകപ്പ്‌ ആറ്‌ ആഴ്‌ച്ചകള്‍ മാത്രമായിരിക്കും. ശക്തമായ ഗ്രൂപ്പുകള്‍ക്കാണ്‌ രൂപം നല്‍കുക. മല്‍സര പ്ലാനിംഗ്‌ കമ്മിറ്റിയുടെ മാനേജിംഗ്‌ ഡയക്ടറായി സലീ ഭട്ടിനെ നിയോഗിച്ചിട്ടുണ്ട്‌. 2006 ലെ വിന്‍ഡീസ്‌ ലോകകപ്പ്‌ അല്‍പ്പം ദീര്‍ഘിച്ചു പോയതിലെ പിഴവുകള്‍ പുതിയ ലോകകപ്പില്‍ നികത്താന്‍ കഴിയുമെന്നാണ്‌ അദ്ദേഹത്തിന്റെ വിശ്വാസം.
പാക്കിസ്‌താന്‍ കനത്ത ആഘാതമാവുകയാണ്‌ ഐ.സി.സി തലവന്റെ വാക്കുകള്‍. അടുത്ത ലോകകപ്പോടെരാജ്യത്തെക്കുറിച്ചുളള വിദേശരാജ്യങ്ങളുടെ ആശങ്കകള്‍ അകറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ സര്‍ക്കാര്‍. അതിനിടെയാണ്‌ നിരന്തരമായ മുന്നറിയിപ്പുകള്‍ ലഭിക്കുന്നത്‌. കഴിഞ്ഞ സമ്പൂര്‍ണ്ണ പാക്‌ പര്യടനം ഓസ്‌ട്രേലിയ ഉപേക്ഷിച്ചതും ഇന്ത്യ സമീപകാലത്ത്‌ പാക്‌ പര്യടനത്തില്‍ നിന്ന്‌ വിട്ടതുമെല്ലാം പാക്കിസ്‌താന്‌ ആഘാതമാണ്‌. ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലുമെല്ലാം അടിക്കടി ഉണ്ടാവുന്ന സ്‌ഫോടനങ്ങളും മനുഷ്യനാശവും ടീമുകളുടെ സുരക്ഷിതത്വത്തെയാണ്‌ ചോദ്യം ചെയ്യുന്നത്‌. കഴിഞ്ഞ വര്‍ഷം പാക്കിസ്‌താനില്‍ നടത്തേണ്ട ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ഭൂരിപക്ഷം ടീമുകളുടെയും എതിര്‍പ്പ്‌ മാനിച്ച്‌ മാറ്റിവെക്കുകയായിരുന്നു. മാറ്റിവെച്ച ചാമ്പ്യന്‍ഷിപ്പ്‌്‌ പാക്കിസ്‌താനില്‍ തന്നെ നടത്തില്ല എന്ന കാര്യവും ഉറപ്പായിട്ടുണ്ട്‌.
ഇന്ത്യയും അകന്നുനില്‍ക്കുന്നതാണ്‌ ഇപ്പോള്‍ പാക്കിസ്‌താന്‌ വലിയ നഷ്‌ടം. സമീപകാലത്ത്‌ അയല്‍രാജ്യങ്ങള്‍ തമ്മിലുളള രാഷട്രീയ ബന്ധം മെച്ചപ്പെട്ടപ്പോള്‍ പരസ്‌പര പര്യടനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മുംബൈ സ്‌ഫോടനങ്ങള്‍ ആ സൗഹൃദത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്‌. മുംബൈ സ്‌ഫോടനങ്ങള്‍ക്ക്‌ പിറകില്‍ പാക്കിസ്‌താനാണെന്ന ഇന്ത്യന്‍വാദം വിദേശ രാജ്യങ്ങളെല്ലാം അംഗീകരിച്ചിട്ടുണ്ട്‌. പക്ഷേ പാക്കിസ്‌താന്‍ ഇപ്പോശും നിഷേധക്കുറിപ്പുമായി രംഗത്ത്‌ വരുകയാണ്‌.
മുംബൈ സംഭവങ്ങളെ തുടര്‍ന്നാണ്‌ ഇന്ത്യന്‍ ടീമിന്റെ പാക്‌ പര്യടനം റദ്ദാക്കിയത്‌. ഇന്ത്യന്‍ ഹോക്കി ടീമിന്റെ യാത്രയും വേണ്ടെന്ന്‌ വെച്ചു. പാക്കിസ്‌താനില്‍ നിരന്തരം നടക്കുന്ന അക്രമസംഭവങ്ങളെല അടിച്ചമര്‍ത്തുന്നതില്‍ പുതിയ സര്‍ക്കാരും പരാജയമാണ്‌. അക്രമസംഭവങ്ങള്‍ തുടരുമ്പോള്‍ ലോകകപ്പിന്റെ പ്രധാന വേദികള്‍ പാക്കിസ്‌താന്‌ നല്‍കുന്നതിനോട്‌ ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക്‌ താല്‍പ്പര്യമില്ല.

ഗണ്ണേഴ്‌സ്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന ആഴ്‌സനല്‍ എഫ്‌. എ കപ്പ്‌ ഫുട്‌ബോളില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഇന്നലെ നടന്ന മല്‍സരത്തിലവര്‍ നാല്‌ ഗോളിന്‌ കാര്‍ഡിഫിനെ തരിപ്പണമാക്കി. ക്രൊയേഷ്യക്കാരനായ സ്‌ട്രൈക്കര്‍ എഡ്‌വാര്‍ഡോയാണ്‌ ഗണ്ണേഴ്‌സിനായി മിന്നിയത്‌. യുവതാരത്തിന്റെ ഇരട്ടഗോളുകള്‍ നല്‍കിയ മുന്‍ത്തൂക്കമാണ്‌ വന്‍ വിജയത്തിന്‌ ടീമിനെ സഹായിച്ചത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ട്‌ സുവര്‍ണ്ണാവസരങ്ങള്‍ പാഴാക്കിയ ക്രോട്ടുകാരന്‍ കാര്‍ലോസ്‌ വെലയുടെ ക്രോസില്‍ നിന്നാണ്‌ ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. നിക്കോളാസ്‌ ബെന്റാണ്‌ രണ്ടാം ഗോള്‍ നേടിയത്‌. സമീര്‍ നസീരിയുടെ കോര്‍ണര്‍കിക്കില്‍ നിന്നുമുയര്‍ന്ന പന്താണ്‌ ബെന്‍ഡര്‍ വലയിലാക്കിയത്‌. പെനാല്‍ട്ടി കിക്കില്‍ നിന്നും എഡ്വാര്‍ഡോ ടീമിന്റെ മൂന്നാം ഗോള്‍ നേടിയതോടെ കാര്‍ഡിഫിന്റെ പ്രതീക്ഷയറ്റു. ബാറിന്‌ കീഴില്‍ മിന്നിയ കാര്‍ഡിഫുകാരന്‍ ടോം ഹിറ്റണെ പരാജയപ്പെടുത്തി റോബിന്‍ വന്‍ പര്‍സി ആഴ്‌സനലിന്റെ നാലാം ഗോള്‍ നേടി. ഇരു ടീമുകളും തമ്മിലുള്ള ആദ്യപാദ മല്‍സരം ഗോള്‍രഹിത സമനിലയിലാണ്‌ കലാശിച്ചത്‌. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷെഫീല്‍ഡ്‌ യുനൈറ്റഡ്‌-ഹള്‍ സിറ്റി മല്‍സര വിജയികളെയായിരിക്കും ഗണ്ണേഴ്‌സ്‌ എതിരിടുക.
അങ്ങോട്ടില്ല
വെല്ലിംഗ്‌ടണ്‍: ഈ വര്‍ഷം ജൂലൈയില്‍ നിശ്ചയിച്ചിരിക്കുന്ന ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ ടീമിന്റെ സിംബാബ്‌വെ പര്യടനം റദ്ദാക്കാന്‍ സാധ്യത. താരങ്ങളുടെ ആരോഗ്യം സിംബാബ്‌വെയില്‍ സുരക്ഷിതമല്ല എന്ന കാരണത്താലാണ്‌ കിവി ടീം പിന്‍വാങ്ങുന്നത്‌. ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രി ജോണ്‍ കീയാണ്‌ ഈ കാര്യം വ്യക്തമാക്കിയത്‌. സിംബാബ്‌വെയില്‍ കോളറ പടര്‍ന്നുപിടിക്കുകയാണ്‌. ഈ പകര്‍ച്ചവ്യാധിയില്‍ നിന്നും താരങ്ങളെ സംരക്ഷിക്കണം. കൂടാതെ റോബര്‍ട്ട്‌ മുഗാബെ ഭരണക്കൂടത്തോട്‌ ന്യൂസിലാന്‍ഡിന്‌ താല്‍പ്പര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കിവി ടീം പിന്മാറുന്ന പക്ഷം അവര്‍ നിയമപ്രകാരം ഐ.സി.സിക്ക്‌ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. എന്നാല്‍ സിംബാബ്‌വെ പോലുള്ള ഒരു രാജ്യത്തേക്‌ സ്വന്തം ടീമിനെ അയക്കാതിരിക്കുന്നതില്‍ തെറ്റില്ല എന്ന നിലപാടാണ്‌ ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രിക്ക്‌. ഈ കാര്യത്തില്‍ നഷ്ടപരിഹാരം തേടേണ്ടതില്ല.
വീണു
ദുബായ്‌: പട്ടായ ഓപ്പണ്‍ ടെന്നിസില്‍ ഫൈനല്‍ വരെയെത്തി ലോക റാങ്കിംഗില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയ സാനിയ മിര്‍സക്ക്‌ ദുബായ്‌ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ തന്നെ മടക്കടിക്കറ്റ്‌. ഇന്നലെ നടന്ന മല്‍സരത്തില്‍ എസ്റ്റോണിയയില്‍ നിന്നുള്ള ലോക ഇരുപത്തിനാലാം നമ്പര്‍ താരം കയ കനേപ്പിയാണ്‌ തകര്‍പ്പന്‍ പ്രകടനത്തില്‍ വിജയം വരിച്ചത്‌. സ്‌ക്കോര്‍ 5-7, 2-6. തുടര്‍ച്ചയായി മൂന്നാം ദിവസവും പോരാട്ടത്തിനിറങ്ങിയ സാനിയ ആദ്യ സെറ്റില്‍ പോരാട്ട വീര്യം കാട്ടിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ പാളി. 4-2ന്‌ ആദ്യ സെറ്റില്‍ ലീഡ്‌ ചെയ്‌ത ശേഷം തുടര്‍ച്ചായ ഫാള്‍ട്ടുകളില്‍ പ്രതിയോഗിക്ക്‌ അവസരമേകി.

താളത്തിനായി ബാലാജി
ചെന്നൈ: പുറം വേദനയില്‍ സ്വന്തം കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു ലക്ഷമിപതി ബാലാജി ... നാല്‌ വര്‍ഷം മുമ്പ്‌ ഡോക്ടറെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്‌ ഇനി പന്തെറിയരുതെന്നാണ്‌... പുറത്തിനും ഇടുപ്പിനുമെല്ലാം വേദന. വേദനാസംഹാരികള്‍ നിരന്തരം കഴിച്ചത്‌ കൊണ്ട്‌ കാര്യമില്ല-ക്രിക്കറ്റില്‍ നിന്നും മാറിനില്‍ക്കണം. ഈ മെഡിക്കല്‍ ഉപദേശത്തിന്‌ മുന്നില്‍ പക്ഷേ ബാലാജി തളര്‍ന്നില്ല. ആദ്യം വിശ്രമം. പിന്നെ ശസ്‌ത്രക്രിയ. ഒടുവില്‍ വീണ്ടും തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ്‌ ഭൂമികയില്‍...
സന്തോഷവാനാണിപ്പോള്‍ ബാലാജി. ന്യൂസിലാന്‍ഡിലേക്ക്‌ പറക്കുന്ന ഇന്ത്യന്‍ ടീമില്‍ അംഗമായ അദ്ദേഹം പരിശീലന തിരക്കിലാണ്‌. ടെസ്റ്റ്‌ ടീമിലാണ്‌ സെലക്ടര്‍മാര്‍ ബാലാജിക്ക്‌ അവസരം നല്‍കിയിരിക്കുന്നത്‌. അതിനാല്‍ പെട്ടെന്ന്‌ പോവേണ്ടതില്ല. ഈ മാസം 22 ന്‌ ആരംഭിക്കുന്ന പരമ്പരയില്‍ ആദ്യം രണ്ട്‌ 20-20 മല്‍സരങ്ങളാണ്‌. അതിന്‌ ശേഷം ഏകദിന പരമ്പര. അവസാനത്തിലാണ്‌ ടെസ്റ്റ്‌ മല്‍സരങ്ങള്‍ ആരംഭിക്കുന്നത്‌.
ഇര്‍ഫാന്‍ പത്താനും ബാലാജിയുമായിരുന്നു വെള്ളിനക്ഷത്രങ്ങള്‍ പോലെ ഇന്ത്യന്‍ ടീമിലേക്ക്‌ മിന്നിയെത്തിയ താരങ്ങള്‍. അവരില്‍ ഇര്‍ഫാന്‍ ജ്വലിച്ചപ്പോള്‍ പരുക്കുമായി ബാലാജി പുറത്തായി. ഇപ്പോള്‍ രണ്ട്‌ പേരും വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.
ന്യൂസിലാന്‍ഡിലേക്ക്‌ ഇതാദ്യമായാണ്‌ ബാലാജിയുടെ യാത്ര. ഏതൊരു ക്രിക്കറ്റര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങളാണ്‌്‌ ആ നാട്ടിലെന്ന്‌ ബാലാജിക്കുമറിയാം. പിച്ചുകള്‍, കാലാവസ്ഥ-കാര്യങ്ങള്‍ എളുപ്പമല്ല. പക്ഷേ ഒരു രാജ്യാന്തര ക്രിക്കറ്റര്‍ എന്ന നിലയില്‍ ഏത്‌ വേദിയിലും കളിക്കാനുളള ആത്മവിശ്വാസം ചെന്നൈക്കാരനുണ്ട്‌. പിച്ചും കാലാവസ്ഥയും എന്റെ ശൈലിക്ക്‌ യോജിച്ചതായിരിക്കില്ല. പക്ഷേ കാര്യങ്ങളെ പഠിക്കാന്‍ കഴിഞ്ഞാല്‍ പ്രയാസമില്ല. ഇന്ത്യന്‍ ടീമിലെ ഭൂരിപക്ഷവും ആദ്യമായാണ്‌ ന്യൂസിലാന്‍ഡ്‌ സന്ദര്‍ശിക്കുന്നത്‌. സീനിയര്‍ താരങ്ങളായ സച്ചിനും സേവാഗുമെല്ലാമുളളപ്പോള്‍ അവരുടെ ശിക്ഷണത്തില്‍ കാര്യങ്ങള്‍ പഠിക്കാനാവും. ഇപ്പോള്‍ പരുക്കുകളില്ല. പുറം വേദനയില്ല. 100 ശതമാനവും ഫിറ്റ്‌. കഴിഞ്ഞ ആഭ്യന്തര സീസണില്‍ മൊത്തം 400 ഓവറുകളെറിഞ്ഞു-ബാലാജി പറഞ്ഞു.
കഴിഞ്ഞ ഐ.പി.എല്‍ സീസണിലൂടെയാണ്‌ ബാലാജി തിരിച്ചെത്തിയത്‌. മഹേന്ദ്രസിംഗ്‌ ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ അണിയിലായിരുന്നു അദ്ദേഹം. ഒരു ഹാട്രിക്‌ ഉള്‍പ്പെടെ ഒമ്പത്‌ മല്‍സരങ്ങളില്‍ നിന്നായി പതിനൊന്ന്‌ വിക്കറ്റുകള്‍ സമ്പാദിച്ചു. കഴിഞ്ഞ സീസണില്‍ തമിഴ്‌നാടിനെ രഞ്‌ജി സെമിയിലെത്തിക്കുന്നതിലും ബാലാജിക്ക്‌ പങ്കുണ്ടായിരുന്നു. 36 വിക്കറ്റുകളാണ്‌ രഞ്‌ജി സീസണില്‍ അദ്ദേഹം നേടിയത്‌.
ആഭ്യന്തര ക്രിക്കറ്റില്‍ പ്രകടിപ്പിച്ച മികവിന്റെ അടിസ്ഥാനത്തില്‍ ഈയിടെ നടന്ന ശ്രീലങ്കന്‍ പര്യടന സംഘത്തിലേക്ക്‌ അദ്ദേഹത്തെ വിളിച്ചു. മുനാഫ്‌ പട്ടേലിന്‌ പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു അവസരം. ലഭിക്കുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താനായാല്‍ ടീമിലെ സ്ഥാനം സുരക്ഷിതമാക്കാന്‍ കഴിയുമെന്നാണ്‌ ബാലാജി കരുതുന്നത്‌.

നോ..
കൊല്‍ക്കത്ത: ഇത്‌ ഇലക്ഷന്‍ കാലമാണ്‌... ഉത്തരേന്ത്യയില്‍ രാഷട്രീയക്കാര്‍ ക്രിക്കറ്റ്‌ താരങ്ങളെയും സിനിമാക്കാരെയുമെല്ലാം പിടികൂടുന്ന തിരക്കിലാണ്‌.. സഞ്‌ജയ്‌ ദത്തിനെയും ഗോവിന്ദയെയുമെല്ലാം അവതരിപ്പിച്ചവര്‍ അസ്‌ഹറുദ്ദീന്‍ എത്തിനില്‍ക്കുന്നു. ബംഗാള്‍ ക്രിക്കറ്റിലെ മഹാരാജന്‍ സൗരവ്‌ ദാദ ഗാംഗുലിയെ തേടിയാണിപ്പോള്‍ രാഷ്‌ട്രീയക്കാരുടെ ഓട്ടം. ആദ്യം സി.പി.എം, ഇപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിയും. എന്നാല്‍ തല്‍ക്കാലം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നാണ്‌ ദാദയുടെ നിലപാട്‌. ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗാള്‍-ആസാം രഞ്‌ജി ഏകദിന മല്‍സരത്തിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകര്‍ ദാദയെ വളഞ്ഞപ്പോള്‍ അദ്ദേഹം വളരെ വ്യക്തമായി കാര്യം പറഞ്ഞു-സമയമായിട്ടില്ല. എനിക്ക്‌ നല്ല ഒരു രാഷട്രീയക്കാരനാവാന്‍ കഴിയില്ല. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അമര്‍സിംഗ്‌ സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന്‌ രാഷട്രീയത്തിലാണെങ്കില്‍ അത്‌ സ്വന്തം സംസ്ഥാനത്തായിരിക്കുമെന്നും ദാദ വ്യക്തമാക്കി.
സൗരവിന്റെ ഭാര്യയും പ്രശസ്‌ത ഒഡീസി നര്‍ത്തകിയുമായ ഡോണയുടെ വാക്കുകളാണ്‌ രാഷട്രീയക്കാരനെന്ന സൗരവിലേക്ക്‌ വാര്‍ത്തകളെ എത്തിച്ചത്‌. ബംഗാളില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും സൗരവിനെ തേടി രാഷട്രീയക്കാര്‍ വരുന്നുണ്ടെന്നായിരുന്നു ഡോണ പറഞ്ഞത്‌.

No comments: