Tuesday, February 10, 2009

PATHANS MAJIC.......


കൊളംബോ: പ്രേമദാസയില്‍ ഇന്ത്യക്ക്‌ സഹോദരത്തിളക്കം. ഇര്‍ഫാന്‍ പത്താന്റെയും യൂസഫ്‌ പത്താന്റെയും തട്ടുതകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ ഇന്ത്യ 20-20 പോരാട്ടത്തില്‍ മൂന്ന്‌ വിക്കറ്റിന്‌ ശ്രീലങ്കയെ തകര്‍ത്തു. 10 പന്തില്‍ നിന്ന്‌ 22 റണ്‍സ്‌ പായിച്ച ചേട്ടന്‍ യൂസഫിന്‌ 16 പന്തില്‍ 33 റണ്‍സുമായി അനുജന്‍ ഇര്‍ഫാന്‍ പിന്തുണ നല്‍കിയപ്പോള്‍ നാല്‌ പന്തുകള്‍ ബാക്കിനില്‍ക്കെ മാസ്‌മരികതയിലാണ്‌ ഇന്ത്യ വിജയം റാഞ്ചിയത്‌. ലങ്കന്‍ സ്‌പിന്നര്‍ മാലിങ്ക ഭണ്ഡാരെ ഇന്ത്യയില്‍ നിന്നും മല്‍സരം റാഞ്ചവെ ക്രീസില്‍ ഒത്തുചേര്‍ന്ന സഹോദരന്മാര്‍ ഒരു തരത്തിലും തിരിഞ്ഞ്‌ നോക്കിയില്ല. യൂസഫാണ്‌ തുടക്കമിട്ടത്‌. രണ്ട്‌ സിക്‌സറും ഒരു ബൗണ്ടറിയും. ഇര്‍ഫാന്‍ ചേട്ടന്‍ നല്‍കിയ പിന്തുണയില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ബൗണ്ടറികളും പായിച്ചു. ലാസിത്‌ മാലിങ്ക എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യയും വിജയവും തമ്മില്‍ അഞ്ച്‌ റണ്‍സിന്റെ അകലം മാത്രമാണുണ്ടായിരുന്നത്‌. ആദ്യ പന്തില്‍ യൂസഫ്‌ സിംഗിള്‍ എടുത്തപ്പോള്‍ അടുത്ത പന്ത്‌ ഇര്‍ഫാന്‍ ഗ്യാലറിയിലെത്തിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക 171 റണ്‍സാണ്‌ നേടിയത്‌. ഇതിനുളള മറുപടിയില്‍ പലവട്ടം പിഴച്ച ഇന്ത്യയെ അവസാനത്തില്‍ സഹോദരന്മാര്‍ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു. മങ്കാദ്‌ സഹോദരങ്ങള്‍ക്ക്‌ ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ സഹോദരന്മാരുടെ അവിസ്‌മരണീയ പ്രകടനമാണിത്‌. വിലപ്പെട്ട റണ്‍സും രണ്ട്‌ വിക്കറ്റുകളും സ്വന്തമാക്കിയ യൂസഫാണ്‌ കളിയിലെ കേമന്‍.
പുതിയ നായകന്‍ തിലകരത്‌്‌നെ ദില്‍ഷാന്‌ കീഴിലാണ്‌ ശ്രീലങ്ക കളിച്ചത്‌. സീനിയര്‍ താരങ്ങളായ മഹേല ജയവര്‍ദ്ധനെ, കുമാര്‍ സങ്കക്കാര, മുത്തയ്യ മുരളീധരന്‍ തുടങ്ങിയവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചപ്പോള്‍ വെറ്ററന്‍ സനത്‌ ജയസൂര്യയെ നിലനിര്‍ത്തി. ചമര സില്‍വ, മാലിങ്ക ഭണ്ഡാര, ലാസിത്‌ മാലിങ്ക, ഇന്ദിക ഡിസരാം, കൗശല്‍ വീരരത്‌നെ എന്നിവര്‍ക്ക്‌ അവസരം നല്‍കി. ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരുന്നില്ല. ഞായറാഴ്‌ച്ച നടന്ന അവസാന ഏകദിനം കളിച്ച ടീമില്‍ നിന്നും ലക്ഷ്‌മിപതി ബാലാജിയെ മാറ്റി സഹീര്‍ഖാനെ തിരിച്ചുവിളിച്ചു. രവീന്ദ്ര ജഡേജക്ക്‌ അരങ്ങേറ്റത്തിന്‌ അവസരം നല്‍കി.
ടോസ്‌ ഭാഗ്യം ദില്‍ഷാനായിരുന്നു. പ്രേമദാസ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി ആദ്യം ബാറ്റ്‌ ചെയ്യാനായിരുന്നു നായകന്റെ തീരുമാനം. ദില്‍ഷാനും സനത്‌ ജയസൂര്യയും തുടക്കത്തില്‍ ആവേശം കാട്ടിയില്ല. സഹീറും ഇഷാന്തും രണ്ട്‌ പേരെയും നിയന്ത്രിച്ചു. സഹീറിന്റെ പന്തില്‍ സനത്‌ നല്‍കിയ അവസരം ഇര്‍ഫാന്‍ പാഴാക്കുകയും ചെയ്‌തു. പക്ഷേ നാല്‍പ്പതുകാരനായ ലങ്കന്‍ താരത്തെ ഇര്‍ഫാന്‍ തന്നെ പുറത്താക്കി. 28 പന്തില്‍ 33 റണ്‍സ്‌ നേടിയ സനതിനെ തേര്‍ഡ്‌മാന്‍ ബൗണ്ടറിയില്‍ ഇഷാന്ത്‌ പിടികൂടി. രണ്ട്‌ തകര്‍പ്പന്‍ സിക്‌സറുകളും മൂന്ന്‌ ബൗണ്ടറികളും പായിച്ച്‌ ജയസൂര്യ നടന്നകലുമ്പോള്‍ സ്വന്തം നാട്ടില്‍ ഇനി അദ്ദേഹത്തിന്‌ മറ്റൊരു 20-20 കളിക്കാനാവുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ടായിരുന്നു. മൂന്നാം നമ്പറില്‍ വന്ന ജഹാന്‍ മുബാറക്‌ നിരാശപ്പെടുത്തി. 19 പന്തില്‍ 13 റണ്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ നേടാനായത്‌. യൂസഫ്‌ പത്താന്‍ സ്വന്തം ബൗളിംഗില്‍ മുബാറകിനെ പിടികൂടി. ഇതിന്‌ മുമ്പ്‌ യൂസഫിന്റെ ഉറച്ച എല്‍.ബി അപ്പീലില്‍ നിന്ന്‌ അമ്പയറുടെ കാരുണ്യത്തില്‍ മുബാറക്‌ രക്ഷപ്പെടുകയും ചെയ്‌തിരുന്നു. ഏഴ്‌ പന്തില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികളോടെ 16 റണ്‍സുമായി ആവേശത്തിന്‌ തിരികൊളുത്തിയ ചമര കപ്പുഗുഡേരക്ക്‌ യൂസഫ്‌ തന്നെ മടക്ക ടിക്കറ്റ്‌ നല്‍കി. ഈ സമയമത്രയും നായകന്‍ ദില്‍ഷാന്‍ തകര്‍പ്പനടികളുമായി ക്രിസിലുണ്ടായിരുന്നു. 47 പന്തില്‍ ഏഴ്‌ ബൗണ്ടറികളും ഒരു സിക്‌സറും പായിച്ച്‌ ദില്‍ഷാന്‍ 61 റണ്‍സ്‌ നേടിയാണ്‌ പുറത്തായത്‌. ചമര സില്‍വ, വീരരത്‌നെ എന്നിവര്‍ പുറത്താവാതെ നിന്നു. യൂസഫ്‌ പത്താനാണ്‌ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചത്‌. 23 റണ്‍സിന്‌ യൂസഫ്‌ രണ്ട്‌ വിക്കറ്റ്‌ നേടി.
മറുപടി ബാറ്റിംഗില്‍ ഗൗതം ഗാംഭീര്‍ തകര്‍പ്പന്‍ തുടക്കമാണ്‌ ഇന്ത്യക്ക്‌ നല്‍കിയത്‌. രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ തിരിച്ചെത്തിയ ലാസിത്‌ മാലിങ്കയെ തലങ്ങും വിലങ്ങും പായിച്ച്‌ ആദ്യ ഓവറിലെ അഞ്ച്‌ പന്തില്‍ നിന്നായി 14 റണ്‍സ്‌. പക്ഷേ അവസാന പന്തില്‍ വീരരത്‌നെയുടെ മിന്നല്‍ ഫീല്‍ഡിംഗില്‍ വിരേന്ദ്ര സേവാഗ്‌ പുറത്തായി. സിംഗിളിന്‌ ശ്രമിക്കവെ വീരരത്‌്‌നെയുടെ ഡൈവിംഗ്‌ ത്രോ സ്‌റ്റംമ്പ്‌ തകര്‍ത്തു. അടുത്ത ഓവറിലെ ആദ്യ പന്തില്‍ ഗാംഭീര്‍ തുഷാരക്ക്‌ വിക്കറ്റ്‌ നല്‍കി. പിന്നെ യുവരാജും സുരേഷ്‌ റൈനയും ചേര്‍ന്ന്‌ പൊരുതി. ലങ്കന്‍ ഫീല്‍ഡിംഗ്‌ ദുരന്തയപ്പോള്‍ റണ്‍സ്‌ യഥേഷ്‌ടമായി. പക്ഷേ യുവിയും റൈനയും പെട്ടെന്ന്‌ പുറത്തായത്‌ ഇന്ത്യയെ ബാധിച്ചു. രണ്ട്‌ പേരും നല്ല ഫോമിലായിരുന്നു. പൊരുതിക്കളിക്കുന്ന നായകന്‍ ധോണിയെ ഭണ്ഡാര പുറത്താക്കിയത്‌ ഇന്ത്യക്ക്‌ വലിയ ആഘാതമായി. രോഹിത്‌, ജഡേജ എന്നിവരുടെ പതനത്തിന്‌ ശേഷമായിരുന്നു സഹോദരന്മാരുടെ വരവ്‌. പിന്നെയെല്ലാം നാടകീയമായി മാറി....

സ്‌ക്കോര്‍കാര്‍ഡ്‌
ശ്രീലങ്ക: ദില്‍ഷാന്‍-സി-റൈന-ബി-ഇഷാന്ത്‌-61, സനത്‌-സി-ഇഷാന്ത്‌-ബി-ഇര്‍ഫാന്‍-33, മുബാറക്‌- സി ആന്‍ഡ്‌ ബി-യൂസഫ്‌-13, കപ്പുഗുഡേര-സി-സേവാഗ്‌-ബി-യൂസഫ്‌-16, ചമര സില്‍വ-നോട്ടൗട്ട്‌-21, വീരരത്‌നെ-നോട്ടൗട്ട്‌-10, എക്‌സ്‌ട്രാസ്‌ 17, ആകെ നാല്‌ വിക്കറ്റിന്‌ 171. വിക്കറ്റ്‌ പതനം: 1-59 (സനത്‌), 2-87 (മുബാറക്‌), 3-107 (കപ്പുഗുഡേര), 4-152 (ദില്‍ഷാന്‍). ബൗളിംഗ്‌: സഹീര്‍ 4-0-34-0, ഇഷാന്ത്‌ 4-0-40-1, ഇര്‍ഫാന്‍ 4-0-34-1, യൂസഫ്‌ 4-0-23-2, രവീന്ദു ജഡേജ 4-0-29-0.
ഇന്ത്യ: ഗാംഭീര്‍-സീ-വീരരത്‌നെ-ബി-തുഷാര-13, സേവാഗ്‌-റണ്ണൗട്ട്‌-1, റൈന- സി-ഡിസറാം-ബി-ഭണ്ഡാര-35, യുവരാജ്‌-സി-ദില്‍ഷാന്‍-ബി-മുബാറക്‌-32, ധോണി-ബി-ഭണ്ഡാര-13, രോഹിത്‌-സി-മുബാറക്‌-ബി-ജയസൂര്യ-4, ജഡേജ-ബി-ഭണ്ഡാര-5, യൂസഫ്‌-നോട്ടൗ്‌ട്‌-22, ഇര്‍ഫാന്‍-നോട്ടൗട്ട്‌-33, എക്‌സ്‌ട്രാസ്‌ 16, ആകെ 19.2 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 174. വിക്കറ്റ്‌ പതം: 1-14 (സേവാഗ്‌), 2-14 (ഗാംഭീര്‍), 3-81 (യുവി), 4-99 (റൈന), 5-108 (ധോണി), 6-110 (രോഹിത്‌), 7-115 (ജഡേജ). ബൗളിംഗ്‌: മാലിങ്ക 3.2-0-38-0,തുഷാര 3-0-27-1, ഫഎര്‍ണാമ്‌ടോ 4-0-44-0,വീരരത്‌നെ 1-0-12-0, മുബാറക്‌ 1-0-9-1, ഭണ്ഡാര 4-0-32-3, സനത്‌ 3-0-10-1 ഡ്യൂട്ടി
ലണ്ടന്‍: എല്ലാം നാടകീയമായിരുന്നു... കീര്‍ത്തികേട്ട പരിശീലകന്‍ ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരിയെ ചെല്‍സി പുറത്താക്കുന്നു. പകരം റഷ്യന്‍ ദേശീയ ടീമിന്റെ കോച്ചായ ഗസ്‌ ഹിഡിങ്കിനെ സമീപിക്കുന്നു, അദ്ദേഹം തത്വത്തില്‍ സമ്മതം മൂളൂന്നു...
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ പോരാട്ടങ്ങള്‍ക്ക്‌ ചൂട്‌ പിടിച്ച നിര്‍ണ്ണായക സമയത്താണ്‌ എല്ലാവരെയും ഞെട്ടിച്ച്‌ കൊണ്ട്‌ ബ്രസീലുകാരനായ സ്‌ക്കോളാരിയെ ചെല്‍സി പടിക്ക്‌ പുറത്താക്കിയത്‌. ടീമിന്റെ താല്‍കാലിക ചുമതല ഇപ്പോള്‍ നല്‍കിയിരിക്കുന്നത്‌ അസിസ്‌റ്റന്‍ഡ്‌ കോച്ചായ റേ വില്‍ക്കിന്‍സിനാണ്‌. ഇന്നലെ തന്നെ ചെല്‍സി മാനേജ്‌മെന്റ്‌ ഹിഡിങ്കിനെ സമീപിച്ചിട്ടുണ്ട്‌. ഡച്ചുകാരന്‍ ഇത്‌ സ്ഥിരീകരിക്കുകയും ചെയ്‌തിരിക്കുന്നു. പ്രീമിയര്‍ ലീഗ്‌ സമാപനം വരെ ചെല്‍സിയെ സഹായിക്കാനാണ്‌ ഹിഡിങ്കിനോട്‌ ചെല്‍സി ഉടമ അബ്രമോവിച്ച്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌. അബ്രമോവിച്ചും ഹിഡിങ്കും തമ്മില്‍ അടുത്ത ബന്ധമാണ്‌. അതിനാല്‍ വയ്യ എന്ന്‌ പറയാന്‍ ഹിഡിങ്കിന്‌ കഴിയില്ല. മറ്റാരെങ്കിലുമാണ്‌ തന്നെ സമീപിച്ചതെങ്കില്‍ ഒറ്റവാക്കില്‍ ഇല്ല എന്ന മറുപടി നല്‍കുമായിരുന്നെന്നും എന്നാല്‍ ചെല്‍സി ഉടമയോട്‌ അങ്ങനെ പറയാന്‍ തനിക്ക്‌ കഴിയില്ല എന്നും ഹിഡിങ്ക്‌ പറഞ്ഞതില്‍ നിന്ന്‌ അദ്ദേഹം താല്‍കാലികമായി ടീമിന്റെ അമരക്കാരനാവുമെന്നാണ്‌ സൂചനകള്‍. റഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകനായതിനാല്‍ റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ സമ്മതം ഈ കാര്യത്തില്‍ ആവശ്യമാണ്‌. റഷ്യന്‍ സോക്കറില്‍ അബ്രമോവിച്ചിന്‌ വലിയ സ്വാധീനമുള്ളതിനാല്‍ സമ്മതപത്രം ലഭിക്കാന്‍ പ്രയാസമില്ല. 2010 ലെ ലോകകപ്പിലേക്ക്‌ റഷ്യയെ ഒരുക്കുക എന്നതാണ്‌ ഹിഡിങ്കിന്റെ പ്രധാന ജോലി. ഈ കാര്യത്തില്‍ മാറ്റമില്ലെന്നും ഈ ജോലി ഏറ്റെടുക്കുമ്പോള്‍ തന്നെ കൂടുതല്‍ സമയം താന്‍ ചോദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ലോക സോക്കറില്‍ ഇന്നുളള പരിശീലകരില്‍ ഏറെ അനുഭവസമ്പന്നാണ്‌ ഹിഡിങ്ക്‌. ഡച്ച്‌ ക്ലബായ പി.എസ്‌.വി ഐന്തോവാനെയും സ്‌പാനിഷ്‌ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെയും ഹോളണ്ട്‌, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ തുടങ്ങിയ ദേശീയ ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്‌. ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ പി.എസ്‌.വി ഐന്തോവാന്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുളളതിനാല്‍ രണ്ട്‌ ജോലി ഒരേ സമയം ചെയ്യാന്‍ പ്രയാസമില്ലെന്നാണ്‌ ഹിഡിങ്ക്‌്‌ പറയുന്നത്‌. ചെല്‍സിയുടെ പരിശീലക തൊപ്പിക്കായി ബാര്‍സിലോണയുടെ മുന്‍ പരീശീലകന്‍ ഫ്രാങ്ക്‌ റെയ്‌ക്കാര്‍ഡ്‌, ഇറ്റലിയുടെ റോബര്‍ട്ടോ മാന്‍ചിനി, വെസ്‌റ്റ്‌ഹാമിന്റെ ജിയാന്‍ ഫ്രാങ്കോ സോള, ചെല്‍സിയുടെ തന്നെ മുന്‍ കോച്ച്‌ അവ്‌റാം ഗ്രാന്‍ഡ്‌ എന്നിവരെല്ലാമുണ്ട്‌. ചെല്‍സിയുടെ ജോലിയില്‍ താല്‍പ്പര്യമുണ്ടെങ്കിലും പുതിയ സീസണില്‍ മാത്രമാണ്‌ രംഗത്ത്‌ വരാന്‍ ആഗ്രഹിക്കുന്നതെന്ന്‌ റെയ്‌ക്കാര്‍ഡ്‌ പറഞ്ഞു.

വേദനയുണ്ട്‌
ന്യൂഡല്‍ഹി: ദേശീയ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പല്‍ ഇത്തവണ റാക്കറ്റേന്താന്‍ സൈന നെഹ്‌വാള്‍ ഇല്ല. ചുമലിലെ വേദന കാരണം വിശ്രമിക്കുന്ന താരത്തിന്‌ ദേശീയ ചാമ്പ്യന്‍ഷിപ്പ്‌ നഷ്ടമാവുന്നതില്‍ വേദനയുണ്ട്‌. പക്ഷേ മാര്‍ച്ച്‌ മൂന്ന്‌ മുതല്‍ ആരംഭിക്കുന്ന ഓള്‍ ഇംഗ്ലണ്ട്‌ സൂപ്പര്‍ സീരീസിലേക്ക്‌ സൈന തിരിച്ചെത്തും. വലത്‌ ചുമലിലെ പരുക്ക്‌ കഴിഞ്ഞ മെയ്‌ മുതല്‍ അലട്ടുന്നുണ്ടെന്നും എന്നാല്‍ അത്‌ കാര്യമാക്കാതെ കളിക്കുകയായിരുന്നുവെന്നും കൊറിയന്‍ സൂപ്പര്‍ സീരിസിനിടെ വേദന അസഹ്യമായതിനെ തുടര്‍ന്നാണ്‌ ചികില്‍സക്ക്‌ നിര്‍ബന്ധിതയായതെന്നും സൈന പറഞ്ഞു. പരുക്ക്‌ ഗുരുതരമല്ല. അല്‍പ്പനാളത്തെ വിശ്രമമാണ്‌ ഫിസിയോ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിട്ടാല്‍ രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകള്‍ കളിക്കാനാവുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഓള്‍ ഇംഗ്ലണ്ട്‌ സൂപ്പര്‍ പരമ്പരയില്‍ കളിക്കാന്‍ അതിയായ താല്‍പ്പര്യമുണ്ടെന്നും ഇന്ത്യയുടെ ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ ഹീറോ പറഞ്ഞു.
സഹോദര വിജയം
അഡലെയ്‌ഡ്‌: ചാപ്പല്‍-ഹാഡ്‌ലി ട്രോഫി ആര്‍ക്കാണെന്ന്‌ വെള്ളിയാഴ്‌്‌ച്ച ബ്രിസ്‌ബെനില്‍ നടക്കുന്ന അഞ്ചാമത്‌ മല്‍സരത്തില്‍ വ്യക്തമാവും. ഇന്നലെ നടന്ന നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആറ്‌ വിക്കറ്റിന്‌ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയതോടെ പരമ്പര 2-2 ലായി. ആദ്യ രണ്ട്‌ മല്‍സരങ്ങള്‍ ന്യൂസിലാന്‍ഡ്‌ സ്വന്തമാക്കിയപ്പോള്‍ മൂന്നും നാലും മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ തിരിച്ചുവരുകയായിരുന്നു. പരമ്പരയില്‍ ഇതാദ്യമായി ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ എട്ട്‌ വിക്കറ്റിന്‌ 244 റണ്‍സ്‌ നേടിയപ്പോള്‍ ഹസി സഹോദരന്മാരുടെ മികവില്‍ പത്ത്‌ പന്തുകള്‍ ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി. മൈക്‌ ഹസി പുറത്താവാതെ 75 റണ്‍സ്‌ നേടിയപ്പോള്‍ അനുജന്‍ ഡേവിഡ്‌ ഹസി 79 റണ്‍സ്‌ സ്വന്തമാക്കി.
കാട്ടൂതീയില്‍ അകപ്പെട്ടവരെ സഹായിക്കാനുളള ദൗത്യത്തില്‍ താരങ്ങളും സ്‌പോണ്‍സര്‍മാരും സംഘാടകരുമെല്ലാം താല്‍പ്പര്യമെടുത്തപ്പോള്‍ മണിക്കൂറുകള്‍ക്കകം ആറ്‌ ദശലക്ഷം ഡോളറാണ്‌ പിരിച്ചത്‌. (കഴിഞ്ഞ ദിവസം മെല്‍ബണിനടുത്തുണ്ടായ കാട്ടുതീയില്‍ 200 ലധികം പേര്‍ മരിച്ചിരുന്നു). രണ്ടാഴ്‌ച്ച മുമ്പ്‌ ഇതേ വേദിയില്‍ ദക്ഷിണാഫ്രിക്കക്ക്‌ മുന്നില്‍ പരാജയപ്പെട്ട ഓസ്‌്‌ട്രേലിയ പക്ഷേ ഇന്നലെ തെറ്റുകള്‍ ആവര്‍ത്തിച്ചില്ല. കിവീസ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത വേളയില്‍ മിച്ചല്‍ ജോണ്‍സണ്‍ ഉള്‍പ്പെടെ മുന്‍നിര ബൗളര്‍മാരെല്ലാം ലക്ഷ്യബോധം കാട്ടി. 76 റണ്‍സ്‌ നേടിയ റോസ്‌ ടെയ്‌ലറാണ്‌ കിവി ഇന്നിംഗ്‌സിന്‌ മാന്യത നല്‍കിയത്‌. ജോണ്‍സണ്‍ 51 റണ്‍സിന്‌ മൂന്ന്‌ വിക്കറ്റുകള്‍ സ്വന്തമാക്കി.
ടെയ്‌ലറും കൈല്‍ മില്‍സും തമ്മിലുളള സഖ്യം മാത്രമാണ്‌ ഓസീസ്‌ ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ പൊരുതിക്കളിച്ചത്‌. ഈ സഖ്യത്തിന്റെ തകര്‍ച്ചക്ക്‌ ശേഷം വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ആര്‍ക്കുമായില്ല. വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കൂലവും മാര്‍ട്ടിന്‍ ഗുട്‌പിലുമാണ്‌ ഇന്നിംഗ്‌സിന്‌ തുടക്കമിട്ടത്‌. മക്കുലം 33 ലും ഗുട്‌പില്‍ 45 ലും പുറത്തായ ശേഷമാണ്‌ ടെയ്‌ലര്‍ ഇന്നിംഗ്‌സിന്‌ ദിശാബോധം നല്‍കിയത്‌. ഗ്രാന്‍ഡ്‌ എലിയട്ട്‌, ക്രെയിഗ്‌ കമിംഗ്‌, നീല്‍ ബ്രൂം എന്നിവരെല്ലാം നിരാശപ്പെടുത്തി.
ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ സ്വാധീനമുളള അഡലെയ്‌ഡ്‌ ഓവലില്‍ 244 റണ്‍സ്‌ വലിയ സ്‌ക്കോറായിരുന്നില്ല. സിഡ്‌നി മല്‍സരത്തില്‍ ഓപ്പണറായി സെഞ്ച്വറി സ്വന്തമാക്കിയ ബ്രാഡ്‌ ഹാദ്ദിനും ഡേവിഡ്‌ ഹസിയും തമ്മിലുളള സഖ്യം നിലയുറപ്പിക്കവെ ഇല്ലാത്ത റണ്ണിനായി ഹാദ്ദിനെ വിളിച്ച്‌ ഹസി തെറ്റ്‌ ചെയ്‌തു. മൈക്കല്‍ ക്ലാര്‍ക്ക്‌ (14), റിക്കി പോണ്ടിംഗ്‌ (15) എന്നിവര്‍ പെട്ടെന്ന്‌ പുറത്തായതും ഡേവിഡ്‌ ഹസി റണ്‍സിനായി വിഷമിച്ചതും വെട്ടോരിയുടെ സംഘത്തിന്‌ പ്രതീക്ഷയേകി. 25 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന്‌ വിക്കറ്റിന്‌ 101 റണ്‍സായിരുന്നു ഓസീസ്‌ സ്‌ക്കോര്‍. ഇവിടെ വെച്ചാണ്‌ ഡേവിഡിനൊപ്പം മൈക്കല്‍ ഹസി ഒത്തുചേരുന്നത്‌. സഹോദരന്മാരുടെ 115 റണ്‍സിന്റെ വിലപ്പെട്ട സഖ്യം ഓസീസിന്‌ തുണയായി.

ഏഷ്യന്‍ യുദ്ധം
യോക്കോഹാമ: ദക്ഷിണാഫ്രിക്കന്‍ ടിക്കറ്റ്‌ തേടിയുളള യാത്രയില്‍ ഏഷ്യന്‍ കരുത്തര്‍ക്ക്‌ ഇന്ന്‌ നിര്‍ണ്ണായക അങ്കങ്ങള്‍. യോക്കോഹാമയിലെ ലോകകപ്പ്‌ സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ജപ്പാനും ഓസ്‌ട്രേലിയയും ഗ്രൂപ്പ്‌ എ യില്‍ മാറ്റുരക്കുമ്പോള്‍ ബി ഗ്രൂപ്പിലെ ടെഹ്‌റാന്‍ പോരാട്ടത്തില്‍ ഇറാന്‍ ദക്ഷിണ കൊറിയയുമായി കളിക്കുന്നു. ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ ബഹറൈനെയും ബി യില്‍ ഉത്തര കൊറിയ സൗദി അറേബ്യയെയും എതിരിടും. മല്‍സരങ്ങളുടെ തല്‍സമയ ആവേശം ഇ.എസ്‌.പി.എന്നിലുണ്ട്‌. (സമയക്രമം മുകളില്‍ ടെലിവിഷന്‍ ചാര്‍ട്ടില്‍).
യോക്കോഹാമ പോരാട്ടത്തിലേക്കാണ്‌ ലോകത്തിന്റെ കണ്ണുകള്‍. ഓഷ്യാന മേഖലയില്‍ നിന്നും ഇപ്പോള്‍ ഏഷ്യന്‍ മേഖലയില്‍ കളിക്കുന്ന ഓസ്‌ട്രേലിയ നേരിടുന്നത്‌ 2002ല്‍ ലോകകപ്പിന്‌ ആതിഥേയത്വം വഹിച്ച ജപ്പാനെയാണ്‌. രണ്ട്‌ ടീമിലും യൂറോപ്യന്‍ ക്ലബ്‌ താരങ്ങളുണ്ട്‌. ലോകകപ്പ്‌ യോഗ്യതാ ഘട്ടം അവസാന തലത്തിലേക്ക്‌ നീങ്ങവെ വിജയവും മൂന്ന്‌ പോയന്റുമാണ്‌ രണ്ട്‌ ടീമുകളുടെയും ലക്ഷ്യം. യോഗ്യതാ ഘട്ടത്തില്‍ ഇത്‌ വരെ തോല്‍വിയറിയാത്തവരാണ്‌ ഓസ്‌ട്രേലിയ. പക്ഷേ സ്വന്തം മൈതാനത്ത്‌ കളിക്കുന്നതിന്റെ ആനുകൂല്യം ജപ്പാനുണ്ട്‌.
ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തില്‍ ഇറാനും ദക്ഷിണ കൊറിയയും മുഖാമുഖം വരുമ്പോള്‍ ഒരു ലക്ഷത്തോളം വരുന്ന സ്വന്തം ആരാധകര്‍ തന്നെയാണ്‌ അലിദായ്‌ പരിശീലിപ്പിക്കുന്ന ഇറാന്റെ കരുത്ത്‌.

യൂറോപ്പിലും
ലണ്ടന്‍: യൂറോപ്പിലും ഇന്ന്‌ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളുടെ ആരവം. മൂന്ന്‌ മല്‍സരങ്ങളാണ്‌ ഇന്ന്‌ വന്‍കരയില്‍ നടക്കുന്നത്‌. അവ ഇപ്രകാരം: മാള്‍ട്ട-അല്‍ബേനിയ, റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡ്‌-ജോര്‍ജിയ, സാന്‍മറീനോ-നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്‌.
ഫ്രാന്‍സ്‌-അര്‍ജന്‍ീന
പാരീസ്‌: ആഗോളതലത്തില്‍ 25 സൗഹൃദ മല്‍സരങ്ങള്‍ ഇന്ന്‌ നടക്കുന്നു. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ലോകകപ്പ്‌ രണ്ടാം സ്ഥാനക്കരായ ഫ്രാന്‍സുമെല്ലാം കളത്തിലിറങ്ങുന്നുണ്ട്‌. ഫ്രാന്‍സിന്റെ പ്രതിയോഗികള്‍ ശക്തരായ അര്‍ജന്റീനയാണ്‌. സ്‌പെയിനിന്‌ മുന്നില്‍ ഇംഗ്ലണ്ടും.
മല്‍സര ഷെഡ്യൂള്‍: ബെല്‍ജിയം-സ്ലോവേനിയ, കാമറൂണ്‍-ഗുനിയ, കൊളംബിയ-ഹെയ്‌ത്തി, ഈജിപ്‌ത്‌-ഘാന, എസ്റ്റോണിയ-കസാക്കിസ്ഥാന്‍, മാസിഡോണിയ-മോള്‍ദോവ, ഫ്രാന്‍സ്‌-അര്‍ജന്റീന, ജര്‍മനി-നോര്‍വെ, ഗ്രീസ്‌-ഡെന്മാര്‍ക്ക്‌, ഐസ്‌ലാന്‍ഡ്‌-ലൈഞ്ചസ്‌റ്റിന്‍, ഇസ്രാഈല്‍-ഹംഗറി, ലാത്‌വീയ-അര്‍മീനിയ, ലിബിയ-ഉറുഗ്വേ, മാള്‍ട്ട-അല്‍ബേനിയ, മൊറോക്കോ-ചെക്ക്‌ റിപ്പബ്ലിക്‌, നൈജീരിയ-ജമൈക്ക, പോര്‍ച്ചുഗല്‍-ഫിന്‍ലാന്‍ഡ്‌, റുമേനിയ-ക്രൊയേഷ്യ, ദക്ഷിണാഫ്രിക്ക-ചിലി, സ്‌പെയിന്‍-ഇംഗ്ലണ്ട്‌,സ്വിറ്റ്‌സര്‍ലാന്‍ഡ്‌-ബള്‍ഗേറിയ, ടൂണീഷ്യ-ഹോളണ്ട്‌, തുര്‍ക്കി-ഐവറി കോസ്‌റ്റ്‌, വെനിസ്വേല-ഗ്വാട്ടിമല, വെയില്‍സ്‌-പോളണ്ട്‌.

No comments: