Saturday, December 31, 2011

HOPES 2012

തേര്‍ഡ്‌ ഐ യില്‍ ഇന്നലെ വര്‍ഷാവലോകനമായിരുന്നു. ഇന്ന്‌ പുതിയ വര്‍ഷത്തിലെ പ്രതീക്ഷകള്‍

ഇന്ന്‌ പുതുവര്‍ഷത്തിലെ ആദ്യ ദിവസം. ഇന്ന്‌ മുതല്‍ 365 കായികദിവസങ്ങള്‍. കൂടുതല്‍ ഉയരവും ദൂരവും കരുത്തും തേടി താരങ്ങള്‍ രംഗത്തിറങ്ങുന്നു. ലണ്ടനില്‍ ഒളിംപിക്‌സ്‌, ഉക്രൈനിലും പോളണ്ടിലുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌, ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര, ടി 20 ലോകകപ്പ്‌ തുടങ്ങി കലണ്ടറില്‍ വലിയ ചാമ്പ്യന്‍ഷിപ്പുകള്‍. ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന യൂറോപ്പില്‍ വിവിധ ലീഗ്‌ ചാമ്പ്യന്‍ഷിപ്പുകള്‍ ആദ്യ ഘട്ടം പിന്നിട്ടിരിക്കുന്നു. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയും സ്‌പാനിഷ്‌ ലീഗില്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയും ബുണ്ടേല്‍സ്‌ ലീഗില്‍ ബയേണ്‍ മ്യൂണിച്ചും ഫ്രാന്‍സില്‍ ലിയോണും ഇറ്റാലിയിന്‍ സിരിയ എ യില്‍ പാര്‍മയുമെല്ലാം മുന്നേറുന്നു. വന്‍കരയിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ ഘട്ടത്തിലാണ്‌. ക്രിക്കറ്റില്‍ ആഷസ്‌ പോരാട്ടങ്ങളുണ്ട്‌. ലോകകപ്പ്‌ ടി 20 മല്‍സരങ്ങളും പിന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റുമുണ്ട്‌. മാസ്റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ കരിയറിലെ നൂറാം സെഞ്ച്വറി നേടുമോ എന്നതാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികളുടെ ചോദ്യം. ലയണല്‍ മെസിയും കൃസ്‌റ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ കാല്‍പ്പന്തിലെ സൂപ്പര്‍ താര പട്ടത്തിനായുള്ള പോരാട്ടത്തിലാണ്‌. ഈ മാസം തന്നെ ആരംഭഇക്കുന്ന ഗ്രാന്‍ഡ്‌ സ്ലാം ചാമ്പ്യന്‍ഷഇപ്പുകല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ്‌ ആരംഭിക്കുന്നത്‌ ജനുവരി മധ്യത്തില്‍. റോജര്‍ ഫെഡ്‌ററും റഫേല്‍ നദാലും തമ്മിലുളള പോരാട്ടം തുടരും. അതിവേഗതയില്‍ ലോകത്തിന്‌ മുന്നില്‍ വിസ്‌മയമായ ഉസൈന്‍ ബോള്‍ട്ടിന്‌ പ്രതിയോഗികളുണ്ടാവുമോ...? പുതിയ വര്‍ഷത്തിലെ പ്രതീക്ഷകളിലൂടെ...


ലണ്ടന്‍ വിളിക്കുന്നു
ബെയ്‌ജിംഗിലെ പക്ഷിക്കൂട്‌......ആരുടെ ഓര്‍മയിലും ആ തട്ടകമുണ്ട്‌. സ്വര്‍ണ വിസ്‌മയമായി മൈക്കല്‍ ഫെല്‍പ്‌സ്‌ എന്ന നീന്തല്‍താരം, വേഗതയില്‍ ഒന്നാമനായ ഉസൈന്‍ ബോള്‍ട്ട്‌, ആതിഥേയരുടെ കണ്ണീരായി ലി ഹുയാന്‍, ഇന്ത്യക്കായി സ്വര്‍ണ്ണ വെടിയുതിര്‍ത്ത അഭിനവ്‌ ബിന്ദ്ര. നാല്‌ വര്‍ഷം കഴിഞ്ഞിരിക്കുന്നു ചൈന ലോകത്തെ വിരുന്നൂട്ടിയിട്ട്‌. എന്തെല്ലാമായിരുന്നു ചൈനയെ നോക്കി ലോകം കുറ്റം പറഞ്ഞത്‌. നഗരത്തില്‍ സുരക്ഷയില്ല. മലീനികരണ തോത്‌ വളരെ കൂടുതല്‍. കായിക താരങ്ങള്‍ക്ക്‌ മികച്ച സമയവും ഉയരവും കുറിക്കാനാവില്ല. പക്ഷേ എല്ലാവരുടെയും വാക്കുകളെ അസ്ഥാനത്താക്കി ഒളിംപിക്‌ ചരിത്രത്തിലെ മികച്ച അധ്യായത്തിന്‌ കളമെഴുതി ചൈന.
ഇനിയിപ്പോള്‍ ബ്രിട്ടന്റെ ഊഴമാണ്‌. ചൈനക്കാരെ പഴി പറയുന്നതില്‍ മുന്നില്‍ നിന്നവരാണ്‌ ഇംഗ്ലീഷുകാര്‍. അമേരികക്കൊപ്പം ചേര്‍ന്ന്‌ ഏഷ്യയെ കുറ്റം പറയാന്‍ മല്‍സരിച്ച ഇംഗ്ലീഷുകാര്‍ക്ക്‌ മുന്നില്‍ വെല്ലുവിളിയായി സുരക്ഷ തന്നെ മുന്നിലുണ്ട്‌. കായികലോകം ഒരു കുടക്കീഴില്‍ ഒരുമിക്കുമ്പോള്‍ അവര്‍ക്കെല്ലാം രക്ഷ നല്‍കണം. ഭീകരരുടെ ഭീഷണിയില്‍ മുന്നില്‍ നില്‍ക്കുന്ന നഗരമാണ്‌ ലണ്ടന്‍. പരാതികളില്ലാതെ ചൈനയുടെ വഴിയില്‍ വലിയ ഗെയിംസ്‌ നടത്തുകയെന്ന ദൗത്യത്തില്‍ ഇത്‌ വരെ ലണ്ടന്‍ വിജയിച്ചിട്ടുണ്ട്‌. കളിമുറ്റങ്ങളെല്ലാം ഒരുങ്ങിയിട്ടുണ്ട്‌. സുരക്ഷാ കാര്യത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ളവരുടെ സഹായ വാഗ്‌ദാനവുമുണ്ട്‌. 1908 ലും 1948 ലും ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിച്ചവരെന്ന ഖ്യാതിയിലും ലണ്ടന്‌ കാര്യങ്ങള്‍ എളുപ്പമാവണമെങ്കില്‍ എല്ലാ രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കിയുള്ള സംയുക്ത പ്രവര്‍ത്തനം വേണം. ഒളിംപിക്‌സ്‌ ചരിത്രത്തിലേക്ക്‌ ഒന്ന്‌ നടന്നാല്‍ കാണാനുവക അമേരിക്കന്‍ അല്ലെങ്കില്‍ യൂറോപ്യന്‍ ആധിപത്യമാണ്‌. ചൈനയിലാണ്‌ അതിന്‌ മാറ്റമുണ്ടായത്‌. ആതിഥേയര്‍ എന്ന നിലയില്‍ അവര്‍ ബഹുദൂരം മുന്നേറിയപ്പോള്‍ മെഡല്‍പ്പട്ടികയിലെ ആധിപത്യം ചൈന ആര്‍ക്കും വിട്ടുകൊടുത്തില്ല. രാഷ്‌ട്രീയ പ്രതിയോഗിയായി ചൈനയുടെ കായിക കരുത്ത്‌ അമേരികക്ക്‌ മാത്രമല്ല പടിഞ്ഞാറിന്‌ തന്നെ ക്ഷീണമായി. അതിന്‌ മറുപടി നല്‍കുക എന്ന ലക്ഷ്യത്തിലാണ്‌ ലണ്ടനിലേക്ക്‌ അമേരിക്ക വരുക എന്നുറപ്പാണ്‌. കിരീടം നിലനിര്‍ത്താന്‍ ചൈനയും
അഭിനവ്‌ ബിന്ദ്ര എന്ന ഷൂട്ടിംഗ്‌ താരം ബെയ്‌ജിംഗില്‍ ഇന്ത്യക്ക്‌ സമ്മാനിച്ചത്‌ സമാനതകളില്ലാത്ത നേട്ടമായിരുന്നു. ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണം. ആ നേട്ടത്തിന്‌ ശേഷം ബിന്ദ്ര പിറകോട്ട്‌ പോവുന്നതാണ്‌ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ലോക ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പിലും ഗുവാന്‍ഷു ഏഷ്യന്‍ ഗെയിംസിലുമെല്ലാം കണ്ടത്‌. ഗഗന്‍ നരാംഗായിരുന്നു കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഹിറോ. ഗുവാന്‍ഷൂവില്‍ സ്വര്‍ണ്ണ പ്രകടനങ്ങള്‍ കുറവായിരുന്നു. ഉത്തേജക വിവാദത്തില്‍ നില്‍കുന്ന ഇന്ത്യന്‍ ട്രാക്കിന്‌ ലണ്ടനില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. മയുഖാ ജോണിയെയും ടിന്റു ലൂക്കയെയുമെല്ലാം ഉയര്‍ത്തിക്കാട്ടാമെന്ന്‌ മാത്രം. ഹോക്കിയിലായിരുന്നു എന്നും ഒളിംപിക്‌സില്‍ ഇന്ത്യയുടെ മുന്നേറ്റം, പക്ഷേ യൂറോപ്യന്മാര്‍ ഹോക്കി പഠിച്ചതോടെ ഇന്ത്യ പിറകിലായി. സമീപകാലത്തായി 80 ലെ മോസ്‌ക്കോ ഒളിംപക്‌സിലെ സ്വര്‍ണമാണ്‌ കാര്യമായ നേട്ടം. ഇത്തവണ കളിക്കാന്‍ തന്നെ യോഗ്യതയില്ലാത്ത അവസ്ഥയാണ്‌.

വരുന്നു യൂറോ
ഗ്രൂപ്പ്‌ എയില്‍ പോളണ്ടും ഗ്രീസും റഷ്യയും ചെക്ക്‌ റിപ്പബ്ലിക്കും. ബി യില്‍ ഹോളണ്ടും ഡെന്മാര്‍്‌ക്കും ജര്‍മനിയും പോര്‍ച്ചുഗലും. സിയില്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിനും ഇറ്റലിയും റിപ്പബ്ലിക്‌ ഓഫ്‌ അയര്‍ലാന്‍ഡും ക്രൊയേഷ്യയും. ഡിയിലാവട്ടെ ആതിഥേയരായ ഉക്രൈനൊപ്പം ഫ്രാന്‍സും ഇംഗ്ലണ്ടും സ്വീഡനും..... ജൂണ്‍ എട്ടിനായി സോക്കര്‍ ലോകം കാത്തിരിക്കുകയാണ്‌. അന്നാണ്‌ യൂറോപ്യ.ന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ആരംഭിക്കുന്നത്‌. ജൂലൈ ഒന്നിന്‌ ഫൈനലും. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ സ്‌പാനിഷ്‌ സൈന്യം ജേതാക്കളായ കാഴ്‌ച്ചക്ക്‌്‌ ശേഷം ഫുട്‌ബോള്‍ ലോകത്തെ വലിയ അട്ടിമറിയായിരുന്നു കോപ്പ അമേരിക്ക സോക്കറിലെ ഉറുഗ്വേ വിജയം. ബ്രസീലും അര്‍ജന്റീനയും പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പില്‍ അധികമാരുമറിയാത്ത ലൂയിസ്‌ സുവാരസും ഡിയാഗോ ഫോര്‍ലാനും കളിച്ച ഉറുഗ്വേക്കാര്‍ കിരീടം സ്വന്തമാക്കിയത്‌. 2011 ല്‍ കണ്ട ഈ അല്‍ഭുതത്തിന്‌ ശേഷം കാര്യമായ ഫുട്‌ബോള്‍ ബോംബുകള്‍ ലോകത്തുണ്ടായിരുന്നില്ല. ഇത്തവണ വന്‍കരാ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുമ്പോള്‍ കിരീടം നിലനിര്‍ത്തുക എന്ന വലിയ ബാധ്യതയുണ്ട്‌ സ്‌പെയിനിന്‌.
നിലവില്‍ ക്ലബ്‌ സോക്കറിന്റെ തിരക്കിലാണ്‌ യൂറോപ്പ്‌. അതിന്‌ ശേഷമാണ്‌ ടീമുകള്‍ വന്‍കരാ ചാമ്പ്യന്‍ഷിപ്പിനിറങ്ങുക. പതിനാറ്‌ ടീമുകള്‍ പങ്കെടുക്കുന്ന യൂറോയിലെ കിടിലന്‍ പോരാട്ടം നടക്കുക ഡിയിലാണ്‌. ഫ്രാന്‍സും ഇംഗ്ലണ്ടും സ്വിഡനും പിന്നെ ഉക്രൈനും. യോഗ്യതാ മല്‍സരങ്ങളില്‍ തപ്പിതടഞ്ഞവരാണ്‌ ഫ്രാന്‍സും ഇംഗ്ലണ്ടും. സ്വിഡനാവട്ടെ ശക്തിയുമായാണ്‌ യോഗ്യത നേടിയത്‌. ജര്‍മനിക്കും ഹോളണ്ടിനും പുതിയ താരങ്ങളുണ്ട്‌.

ആ സെഞ്ച്വറി
കാത്തു കാത്തിരിപ്പാണ്‌ എല്ലാവരും. പക്ഷേ കാത്തിരിപ്പിന്റെ സുഖം നഷ്ടമാവുന്നുണ്ട്‌. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറാം സെഞ്ച്വറി പുതുവര്‍ഷ സമ്മാനമായി ലഭിക്കാനാുള്ള പ്രാര്‍ത്ഥന പോലും പലയിടങ്ങളിലും നടക്കുന്നു. ഇന്ത്യയിപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ്‌. ആദ്യ ടെസ്‌റ്റില്‍ മനോഹരമായി പരാജയപ്പെട്ട സാഹചര്യത്തില്‍ ഈയാഴ്‌ച്ച തന്നെ സിഡ്‌നിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്‌റ്റില്‍ വലിയ പ്രതീക്ഷകളില്ല. പക്ഷേ സിഡ്‌നി ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ സച്ചിന്‍ എന്നും തിളങ്ങിയിട്ടുണ്ട്‌. ബാറ്റ്‌സ്‌മാന്മാര്‍ക്കാണ്‌ അവിടെ ആധിപത്യം. സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയില്‍ കളിക്കുന്ന സച്ചിന്‌ ഓസീസ്‌ മണ്ണില്‍ അത്‌ നേടാനായാല്‍ ചരിത്രമാവും.

ലങ്കയില്‍ ടി 20 ലോകകപ്പ്‌
സെപ്‌തംബറില്‍ ടി 20 ലോകകപ്പ്‌ ആവേശമാണ്‌. ഇത്തവണ ലങ്കയിലാണ്‌ മല്‍സരങ്ങള്‍. സെപ്‌തംബര്‍ പതിനെട്ടിന്‌ ലങ്ക സിംബാബ്‌വെയുമായി കളിക്കുന്നതോടെയാണ്‌ വെടിക്കെട്ടിന്‌ തുടക്കം.

ടെന്നിസില്‍ ഫെഡ്‌റര്‍-നദാല്‍ അങ്കം
ലോക ടെന്നിസിലെ സൂപ്പര്‍ പോരാട്ടങ്ങള്‍ ഈ വര്‍ഷത്തിലുമുണ്ടാവും. നൂറ്‌ വലിയ കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡ്‌ററെ വെല്ലുവിളിക്കാന്‍ ലോക ഒന്നാം നമ്പര്‍ താരം ദ്യോക്ക്യേവിച്ചും റഫേല്‍ നദാലുമെല്ലാമുണ്ട്‌. ഈ മാസം തന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നു. പരുക്കില്‍ തളര്‍ന്ന നദാലുള്‍പ്പെടെ എല്ലാവരും കളിക്കുന്നുണ്ട്‌.


പുതുവര്‍ഷത്തില്‍ മാഞ്ചസ്റ്ററിന്‌ തോല്‍വി
ലണ്ടന്‍:2012 ല്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെയും കോച്ച്‌ അലക്‌സ്‌ ഫെര്‍ഗൂസണെയും കാത്തിരിക്കുന്നത്‌ തിരിച്ചടികളാണോ...? ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വന്തം മൈതാനത്ത്‌ മാഞ്ചസ്റ്റര്‍ തോറ്റു. 3-2ന്‌ ബ്ലാക്‌ബേണാണ്‌ അട്ടിമറി ജയം നേടിയത്‌. ഇന്നലെ ഫെര്‍ഗിയുടെ എഴുപതാം പിറന്നാളായിരുന്നു. വലിയ വിജയം തേടിയാണ്‌ അദ്ദേഹമെത്തിയത്‌. പക്ഷേ തുടക്കം മുതല്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ബ്ലാക്‌ബേര്‍ണ്‍ ഞെട്ടിക്കുന്ന വിജയമാണ്‌ നേടിയത്‌. ക്രിസ്‌ സാംബയെ പെനാല്‍ട്ടി ബോക്‌സില്‍ വെച്ച്‌ ബെര്‍ബതോവ്‌്‌ വീഴ്‌ത്തിയതിന്‌ അനുവദിക്കപ്പെട്ട പെനാല്‍ട്ടി കിക്കില്‍ നിന്ന്‌ യാക്കൂബ്‌ തുടക്കത്തില്‍ ബ്ലാക്‌ബേര്‍ണിനെ മുന്നിലെത്തിച്ചു. മാഞ്ചസ്റ്റര്‍ ഡിഫന്‍സിനെ കീറിമുറിച്ച്‌ നൈജീരിയന്‍ രണ്ടാം ഗോളും നേടിയപ്പോള്‍ സ്‌റ്റേഡിയം ഞെട്ടി. ഡിമിതര്‍ ബെര്‍ബതോവിന്റെ ഗോളില്‍ മല്‍സരത്തിലേക്ക്‌ തിരിച്ചുവരാന്‍ മാഞ്ചസ്‌റ്ററിനായെങ്കിലും അന്തിമവിജയം പ്രതിയോഗികള്‍ക്കായിരുന്നു.

No comments: