Friday, December 23, 2011

സ്വാശ്രയക്കാരില്‍ കായികബോധം വളര്‍ത്തുക

തേര്‍ഡ്‌ ഐ
സ്വാശ്രയക്കാരില്‍ കായികബോധം വളര്‍ത്തുക

കലാശാല കുടുംബത്തിലെ ശിശുവാണ്‌ കണ്ണൂര്‍ സര്‍വകലാശാല. ശൈശവ ദശയിലുള്ളവരെ പരിപാലിക്കാന്‍ തലമുതിര്‍ന്നവര്‍ ബാദ്ധ്യസ്ഥരാണ്‌. കൈ വളരുന്നതും കാല്‌ വളരുന്നതും നോക്കിയിരിക്കണം. പാലും മുട്ടയും പ്രോട്ടീനുമെല്ലാം നല്‍കണം. കാലിക്കറ്റ്‌ കലാശാല എന്ന വലിയ വടവൃക്ഷത്തില്‍ നിന്നുള്ള ശാഖയായതിനാല്‍ അതിന്റെ തണലില്‍ വളര്‍ന്ന ശിശുവിന്റെ കൈകാലുകള്‍ വളര്‍ന്നിട്ടില്ലെന്ന ദയനീയ സത്യമാണ്‌ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ രംഗം നല്‍കുന്നത്‌. മംഗലാപുരത്ത്‌ സമാപിച്ച മീറ്റില്‍ കണ്ണൂര്‍ കലാശാലയെ പ്രതിനിധീകരിച്ചത്‌ പത്തൊമ്പത്‌ താരങ്ങള്‍. ലഭിച്ചത്‌ ഒരു സ്വര്‍ണ്ണമുള്‍പ്പെടെ നാല്‌ മെഡലുകള്‍. അനു മറിയമാണ്‌ കനകനേട്ടത്തിനര്‍ഹയായത്‌. ലോംഗ്‌ ജംമ്പില്‍ നീനയും ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിന്റോയും മൂന്നാമന്മാരായപ്പോള്‍ പെണ്‍കുട്ടികളുടെ ഹൈജംമ്പില്‍ സിനി മൈക്കല്‍ രണ്ടാമത്‌ വന്നു.
120 ഓളം കോളജുകളുടെ മാതാവായ ഒരു വാഴ്‌സിറ്റിയുടെ ഈ പ്രകടനത്തേ കുട്ടികാര്യമെന്ന തരത്തില്‍ കാണാനാവില്ല. കാലിക്കറ്റിനെയും എം.ജി വാഴ്‌സിറ്റിയെയുമെല്ലാം അപേക്ഷിച്ച്‌ വലുപ്പത്തിലും ചരിത്രത്തിലുമെല്ലാം എത്രയോ പിറകിലാണ്‌ കണ്ണൂര്‍. വന്‍കിടക്കാരായ കോളജുകളും കുറവ്‌. ആകെയുള്ളത്‌ ഒരു എസ്‌.എന്‍ കോളജും ബ്രണ്ണന്‍ കോളജും പിന്നെ പയ്യന്നൂര്‍ കോളജും സര്‍ സയ്യിദും. അവശേഷിക്കുന്നവയെല്ലാം നവതലുമുറയിലെ സ്വാശ്രയ ഉല്‍പ്പന്നങ്ങളാണ്‌. ഇവിടങ്ങളിലെ കായികതയെക്കുറിച്ച്‌ ഒരക്ഷരം ചോദിക്കരുത്‌. സ്വന്തമായി മൈതാനമോ, കായിക വിഭാഗമോ, കായികാധ്യാപകനോ എന്തിന്‌ കേവലം ഒരു പന്ത്‌ പോലും ഇവിടങ്ങളില്‍ കാണില്ല. പണം വാരാനുള്ള ഭണ്ഡാരപ്പെട്ടികളില്‍ കായികതക്ക്‌ സ്ഥാനമില്ല.
സ്വാശ്രയത്തില്‍ എന്ത്‌ കായികം എന്നാണ്‌ ഒരു സ്വാശ്രയ ഉടമ ചോദിച്ചത്‌. പണം വാങ്ങുന്ന കാര്യത്തില്‍ ഒരു മല്‍സരം നടന്നാല്‍ ചിലപ്പോള്‍ ഒന്നാമത്‌ വരുക കണ്ണൂര്‍ കലാശാലക്ക്‌ കീഴിലുള്ള സ്വാശ്രയ കൂണുകളായിരിക്കും. രാഷ്‌ട്രീയത്തിന്റെ അമിതാതിപ്രസരമുള്ള നാടായിട്ടും ഉച്ചത്തില്‍ ഒരു കാര്യം പറയാം-മാതാവിന്റെ വഴി വിട്ട വഴിയില്‍ ഈ മകള്‍ സഞ്ചരിക്കുന്നില്ല. കാലിക്കറ്റുകാര്‍ സമരബഹള മയക്കാരാണെങ്കില്‍ ധര്‍മശാലയില്‍ സാമാന്യം നല്ല ഒരു മൈതാനവും (*പാമ്പും എലിയും കൂറയുമില്ല...) രണ്ട്‌ നല്ല ഹോസ്‌റ്റലുകളും നീന്തല്‍കുളവും ഇന്‍ഡോര്‍ സ്‌റ്റേഡിയവുമെല്ലാം കണ്ണൂരിനുണ്ട്‌. അവ നന്നായി പരിപാലിക്കുന്നുമുണ്ട്‌. സിന്തറ്റിക്‌ ട്രാക്കിനെക്കുറിച്ചോ, ഉന്നത വേദികളെക്കുറിച്ചോ അവര്‍ ആലോചിക്കുന്നില്ല. ഉള്ളത്‌ കൊണ്ട്‌ സംതൃപ്‌തനാണെന്ന വാദക്കാരനാണ്‌ കായിക വിഭാഗം മേധാവി ഡോ.ജോസഫ്‌.
കാലിക്കറ്റിനെയും എം.ജിയെയും ചൂണ്ടിക്കാട്ടി ഞങ്ങള്‍ പാവങ്ങളാണ്‌ എന്ന്‌ പറഞ്ഞ്‌ വേണമെങ്കില്‍ കണ്ണൂരിന്‌ രക്ഷപ്പെടാം. പക്ഷേ നമുക്ക്‌ വേണ്ടത്‌ രക്ഷപ്പെടലിന്റെ എളുപ്പവഴികളല്ലല്ലോ... കണ്ണൂരിന്റെ രക്തത്തില്‍ വെല്ലുവിളിയുടെ വീര്യമുണ്ടെന്നാണ്‌ അന്നാട്ടുകാര്‍ പറയാറുള്ളതും പ്രാവര്‍ത്തികമാക്കി തെളിയിച്ചിട്ടുളളതും. സ്വാശ്രയക്കാരില്‍ കായികബോധം വളര്‍ത്താന്‍ സര്‍ക്കാരും മാതാവിന്റെ തണലില്‍ നിന്ന്‌ മോചിതരാവാന്‍ വാഴ്‌സിറ്റിക്കാരും ശ്രമിച്ചാല്‍ നാളെയെ സമ്പന്നമാക്കാം