Tuesday, December 27, 2011

MAC-LOSS

മക്‌ഗ്രാത്ത്‌ ഇല്ലാതിരുന്നത്‌ നേട്ടമായി

ഗ്ലെന്‍ മക്‌ഗ്രാത്തിന്റെ ബുദ്ധിയുടെ വിലയും വലുപ്പവും ഇന്നലെ എം.സി.ജി.യില്‍ പകല്‍ പോലെ വ്യക്തമായതിനൊപ്പം മക്‌ഗ്രാത്തിനെ പോലെ തല ഉപയോഗിക്കുന്ന ഒരു ബൗളര്‍ ഓസീസ്‌ സംഘത്തിലുണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും നമ്മുടെ ഗതിയെന്ന സത്യവും കൂട്ടിവായിക്കുക. ഫാസ്റ്റ്‌ ബൗളര്‍മാരില്‍ ഭൂരിപക്ഷത്തിനും തലച്ചോറില്ല എന്ന്‌ പറഞ്ഞത്‌ കോട്‌നി വാല്‍ഷെന്ന വിന്‍ഡീസ്‌ സീമറാണ്‌. ചിലര്‍ വേഗതയില്‍ ജാഗ്രത പാലിക്കും. മറ്റ്‌ ചിലര്‍ സ്വിംഗിലും ഇനിയും ചിലര്‍ റിവേഴ്‌സ്‌ സ്വിംഗിലും വഴക്കിലുമെല്ലാം ശ്രദ്ധിക്കും. മക്‌ഗ്രാത്ത്‌ വിത്യസ്‌തനാവുന്നത്‌ വേഗതയും സ്വിംഗും പേസുമെല്ലാം കൂട്ടിചേര്‍ക്കുന്നതിനൊപ്പം അദ്ദേഹം ബാറ്റ്‌സ്‌മാന്മാരുടെ ബലഹീനതകള്‍ മനസ്സിലക്കി സ്വന്തം തലച്ചോറ്‌ പ്രയോഗിക്കും. എം.സി.ജിയില്‍ ഇന്നലെ നോക്കുക-ജെയിംസ്‌ പാറ്റിന്‍സണ്‍ എന്ന പുത്തന്‍ സീമര്‍ വേഗതയില്‍ പിന്നോക്കം പോയില്ല, ഹില്‍ഫാന്‍ഹസ്‌ സ്വിംഗില്‍ കേന്ദ്രീകരിച്ചു, പീറ്റര്‍ സിഡില്‍ വിക്കറ്റ്‌ ടു വിക്കറ്റ്‌ പന്തെറിഞ്ഞു. ഏക സ്‌പിന്നര്‍ ലിയോണാവട്ടെ തന്റെ അനുഭവക്കുറവും തെളിയിച്ചു. അഞ്ചാമതൊരു ബൗളര്‍ ഇല്ലാത്തതിനാല്‍ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്‌ ഒന്നും ചെയ്യാനുമായില്ല.
ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഒന്നും പഠിക്കുന്നില്ല എന്നതിനുള്ള തെളിവായിരുന്നല്ലോ ഗാംഭീറിന്റെ പുറത്താവല്‍. പുറത്തേക്ക്‌ പോവുന്ന പന്തിന്റെ വേഗത കണ്ട്‌ പരിഭ്രമിച്ച ഗാംഭീര്‍ ബാറ്റ്‌ അനാവശ്യമായി മുന്നോട്ടെടുത്തു. സേവാഗ്‌ 67 റണ്‍സ്‌ നേടിയെങ്കിലും രണ്ട്‌ തവണ അദ്ദേഹം ഭാഗ്യത്തിനാണ്‌ രക്ഷപ്പെട്ടത്‌. പാറ്റിന്‍സണുമായി വീരു കൊമ്പ്‌ കോര്‍ത്തു. ഓസ്‌ട്രേലിയക്കാര്‍ കൊമ്പ്‌ കോര്‍ക്കുന്നത്‌ തന്നെ എതിരാളികളെ മാനസികമായി തകര്‍ക്കാനാണ്‌. മക്‌ഗ്രാത്തിന്റെ ആ വിരുത്‌ മാത്രമാണ്‌ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഫലപ്രദമായി നടപ്പിലാക്കിയത്‌. പാറ്റിന്‍സണ്‍ പ്രകോപിപിച്ചപ്പോള്‍ ചില ബൗണ്ടറികള്‍ വിരു നേടി. വിക്കറ്റും ബലി നല്‍കി.
മക്‌ഗ്രാത്തിനെ പോലെ ബുദ്ധി ഉപയോഗിച്ച്‌ പന്തെറിഞ്ഞിരുന്നെങ്കില്‍ പ്രതിരോധ ജാഗ്രത പാലിച്ച ദ്രാവിഡിനെയും സമ്മര്‍ദ്ദത്തില്‍ ബാറ്റിംഗ്‌ മറക്കുന്ന സച്ചിനെയുമെല്ലാം വേഗം പുറത്താക്കാമായിരുന്നു. സച്ചിന്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയത്‌ വേദനാജനകമാവുന്നത്‌ അദ്ദേഹം പുറത്തായ വിധമാണ്‌. രണ്ടാം ദിവസം അവസാന ഓവറില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു അനുഭവസമ്പന്നന്‍. ഒരു ദിവസത്തെ അവസാന ഓവറില്‍ എല്ലാവരും ചെയ്യുന്നത്‌ അതീജിവന തന്ത്രമാണ്‌. അവിടെയാണ്‌ പ്രതിരോധം തകര്‍ന്നത്‌. സച്ചിന്‍ സമ്മര്‍ദ്ദത്തിലാണ്‌. അദ്ദേഹത്തിന്‌ സമ്മര്‍ദ്ദപ്പനിയില്‍ നിന്ന്‌ മോചിതനാവാനാവുന്നില്ല. അനുഭവം കുറഞ്ഞ ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ പ്രതിരോധം തകരുന്നത്‌ സച്ചിനെ പോലുള്ളവരെ സംബന്ധിച്ച്‌ നാണക്കേടാണ്‌. ഇന്ന്‌ മൂന്നാം ദിവസത്തില്‍ നല്ല സ്‌ക്കോര്‍ നേടാനായാല്‍ മെല്‍ബണില്‍ ഇന്ത്യക്ക്‌ തീര്‍ച്ചയായും പരാജയത്തെ അകറ്റാനാവും.
സഹീര്‍ഖാനെ പരാമര്‍ശിക്കാതെ രണ്ടാം ദിവസാവലോകനം പൂര്‍ത്തികരിക്കാനാവില്ല. 31 ഓവറുകളില്‍ ആറ്‌ മെയ്‌ഡനുള്‍പ്പെടെ 77 റണ്‍സിന്‌ നാല്‌ വിക്കറ്റുകള്‍. ആദ്യ ദിവസം രണ്ട്‌, രണ്ടാം ദിവസവും രണ്ട്‌. പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണ മുക്തനായിട്ടില്ല സഹീര്‍. പക്ഷേ വലിയ മല്‍സരങ്ങളിലെ വലിയ വീര്യം അദ്ദേഹം പുറത്തെടുത്തു. ഓരോ പന്തിലും അഗ്രസീവായിരുന്നു ഇന്ത്യന്‍ സീമര്‍. മക്‌ഗ്രാത്തില്‍ നിന്നും സഹീര്‍ പഠിച്ച ഈ പാഠം ഇന്ത്യക്ക്‌ ഗുണം ചെയ്‌തു.

No comments: