Wednesday, December 21, 2011

ETHANU NAMMAL


തേര്‍ഡ്‌ ഐ
അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റ്‌ മംഗലാപുരത്ത്‌ സമാപിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള സര്‍വകലാശാലകളുടെ പ്രകടനം നല്‍കുന്നത്‌ സമ്പൂര്‍ണ്ണ നിരാശ. നിലവിലെ ചാമ്പ്യന്മാരായിരുന്ന കാലിക്കറ്റ്‌ വാഴ്‌സിറ്റിയും ശക്തരായ എം.ജിയും കേരളയും കണ്ണൂരുമെല്ലാം പഞ്ചാബിലെയും ഹരിയാനയിലെയും കലാശാലകള്‍ക്ക്‌ മുന്നില്‍ തലകുനിക്കുന്ന കാഴ്‌ച്ച ഏത്‌ കായിക പ്രേമിക്കും വേദനയാണ്‌ നല്‍കുന്നത്‌. ഒരു കാലത്ത്‌ കേരളമായിരുന്നു അന്തര്‍കലാശാല രംഗത്തെ മുടിചൂടാമന്നന്മാര്‍. നമ്മുടെ കലാശാലകളായിരുന്നു മെഡലുകള്‍ വാരിക്കൂട്ടിയത്‌. ഉത്തരേന്ത്യന്‍ കലാശാലകള്‍ കേരളത്തെ പുകഴ്‌ത്തി മടങ്ങുന്ന ആ നല്ല കാലത്തിന്‌ ശേഷം വ്യക്തമായ പ്ലാനിംഗില്ലാതെ, അടിസ്ഥാനപരമായ കാഴ്‌ച്ചപ്പാടില്ലാതെ, തമ്മിലടിക്കുന്ന കായിക സംസ്‌ക്കാരത്തിന്റെ ജീര്‍ണ്ണിച്ച പ്രതിനിധികളായി നമ്മള്‍ മാറിയതാണ്‌ ഈ ദയനീയതക്ക്‌ കാരണമെന്നത്‌ പകല്‍ പോലെ വ്യക്തം. പലവട്ടം പലരെയും ഉപദേശിച്ചിട്ടും സ്വന്തം കാര്യം സിന്ദാബാദ്‌ മുദ്രാവാക്യവുമായി തോല്‍ക്കാനായി മല്‍സരിച്ചതായിരുന്നു നമ്മള്‍. ഇന്നലെ സമ്പാദിക്കാനായ കനകങ്ങളില്‍ കാലിക്കറ്റിന്‌ വനിതാപ്പട്ടവും എം.ജിക്ക്‌ ഓവറോളില്‍ രണ്ടാം സ്ഥാനവും ലഭിച്ചെങ്കിലും തപ്പിതടഞ്ഞുള്ള വിജയങ്ങളില്‍ അഭിമാനിക്കാനില്ല.
കാലിക്കറ്റിനെ മാത്രം ഉദാഹരിക്കുക. പി.ടി ഉഷയെ പോലുള്ള ലോകോത്തര പ്രതിഭകള്‍ക്ക്‌ ജന്മം നല്‍കിയ കലാശാലയിലേക്ക്‌ ഒന്ന്‌ കയറിയാല്‍ കേള്‍ക്കാനാവുന്നത്‌ സമരമുദ്രാവാക്യങ്ങളാണ്‌. എന്തിനും ഏതിനും കൊടി പിടിക്കുന്നവരുടെ മേച്ചില്‍പ്പുറമാണ്‌ കാലിക്കറ്റ്‌. കായിക വിഭാഗത്തിലേക്ക്‌ എത്തി നോക്കിയാല്‍ അവിടെ നിന്നുമുയരുന്നത്‌ അധികാരത്തര്‍ക്കം. മുപ്പിളാന്‍ തര്‍ക്കത്തില്‍ പരസ്‌പരം കടിച്ചുകീറുന്നവരുടെ മുന്നിലേക്ക്‌ ആടുമാടുകളായി പാവം താരങ്ങള്‍. വിശാലമായ വാഴ്‌സിറ്റി മൈതാനം ഉണങ്ങികിടക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. മേലാളന്മാരുടെ ശീതസമരങ്ങള്‍ക്ക്‌ നടുവില്‍ പരിശീലനത്തിന്‌ നിയോഗം ലഭിക്കുന്ന താരങ്ങള്‍ കടമ നിര്‍വഹിക്കുന്ന തരത്തില്‍ ഗ്രേസ്‌ മാര്‍ക്കിനും സ്‌പോര്‍ട്‌സ്‌ ക്വാട്ടക്കുമായി നടത്തുന്ന ഓട്ടത്തിലും ചാട്ടത്തിലും മല്‍സരാഭിരുചി പോലും പ്രകടമാവുന്നില്ല. കൊണ്ടോട്ടിയിലെ ഇ.ഇം.ഇ.എ കോളജ്‌ മൈതാനത്തായിരുന്നു ഇത്തവണ വാഴ്‌സിറ്റി അത്‌ലറ്റിക്‌ മല്‍സരങ്ങള്‍. ഡോ.വി.പി സക്കീര്‍ ഹുസൈനെ പോലുള്ള ചില നല്ല കായികാധ്യാപകരുടെ താല്‍പ്പര്യത്തില്‍ ആ മേള മികച്ചതായി. പക്ഷേ പ്രകടന തലത്തില്‍ പരിശോധന നടത്തിയാല്‍ ഇപ്പോള്‍ മുഡ്‌ബിദ്രിയില്‍ സമാപിച്ച അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റിലെ പ്രകടനത്തിന്റെ അരികില്‍ പോലും നമ്മളില്ല. ഇന്നലെയാണ്‌ കാലിക്കറ്റിന്‌ മൂന്ന്‌ സ്വര്‍ണ്ണം ലഭിച്ചതെന്ന്‌ ഓര്‍ക്കുക. എസ്‌.എസ്‌ കൈമളിനെ പോലെ ധീക്ഷണാബോധമുള്ള പരിശീലകരുടെ കീഴില്‍ ഉയരങ്ങള്‍ കീഴടക്കിയ കാലിക്കറ്റ്‌, സി.പി.എം ഉസ്‌മാന്‍ കോയ, വിക്ടര്‍ മഞ്ഞില തുടങ്ങിയ പരിശീലകര്‍ക്ക്‌ കീഴില്‍ അന്തര്‍സര്‍വകലാശാല ഫുട്‌ബോളില്‍ നിരവധി തവണ കിരീടം ചൂടിയ കാലിക്കറ്റ്‌, പാപ്പച്ചനും ഷറഫലിയും കുരികേശ്‌ മാത്യുവിനുമെല്ലാം ജന്മം നല്‍കിയ കാലിക്കറ്റ്‌-ഇന്ന്‌ അവര്‍ കിതക്കുകയാണ്‌. ഡോ.കെ മുഹമ്മദ്‌ അഷ്‌റഫിനെ പോലെ അനുഭവസമ്പന്നനായ പരിശീലകന്റെ അവസാന കായിക വര്‍ഷത്തിലാണ്‌ കിതപ്പെന്നത്‌ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിദേശത്ത്‌ നിന്ന്‌ പരിശീലകപഠനം പൂര്‍ത്തിയാക്കിയ ഒരു പരിശീലകന്‍ കാലിക്കറ്റിന്റെ തട്ടകത്തിലേക്ക്‌ വിരമിക്കാന്‍ വേണ്ടി മാത്രം നിയോഗിക്കപ്പെട്ടതിന്റെ കാരണങ്ങള്‍ ചികഞ്ഞാല്‍ അകത്തളത്തിലെ പാരവെപ്പുകളുടെ ചീഞ്ഞളിഞ്ഞ കഥകള്‍ കേള്‍ക്കാം. വനിതാ വിഭാഗത്തില്‍ നേടാനായ ഓവറോള്‍ പട്ടം കാലിക്കറ്റിന്റെ വിശാല ചരിത്ര നേട്ടത്തില്‍ ഒന്നുമല്ല. വാഴ്‌സിറ്റിക്ക്‌ കീഴിലെ കായിക കോളജുകളുടെ കാര്യമെടുത്താലും ദാരിദ്ര്യം പ്രകടമാവുന്നുണ്ട്‌. വിമലക്കും മേഴ്‌സിക്കും വിക്ടോറിയക്കുമൊന്നുമിപ്പോള്‍ പഴയ ഖ്യാതിയില്ല.
മഹാത്മജിയുടെ നാമധേയത്തില്‍ കോട്ടയം ആസ്ഥാനമായി രൂപികൃതമായ എം.ജി വാഴ്‌സിറ്റി ഒരിക്കലും പ്രതിഭാ ദാരിദ്ര്യം നേരിട്ടിരുന്നില്ല. സംസ്ഥാന സ്‌ക്കൂള്‍ ഗെയിംസുകളില്‍ മികവ്‌ പ്രകടിപ്പിക്കുന്ന കോരുത്തോട്‌, മാര്‍ബേസില്‍, സെന്റ്‌ ജോര്‍ജ്‌ തുടങ്ങിയ സ്‌ക്കൂളുകളില്‍ നിന്നുള്ള താരങ്ങളുടെയെല്ലാം ആശ്രയ കേന്ദ്രമായി മാറാറുള്ള എം.ജിക്ക്‌ ഇത്തവണ ലഭിച്ചത്‌ രണ്ടാം സ്ഥാനം മാത്രമാണ്‌. രാഷ്‌്‌ട്രീയാതിപ്രസരം തന്നെയാണ്‌ എം.ജിയിലെയും പ്രശ്‌നം. കാലിക്കറ്റിന്റെ വഴി തെരഞ്ഞെടുത്ത അവര്‍ കായികവികസന കാര്യത്തിന്‌ നീക്കിവെക്കുന്ന ഫണ്ട്‌ പോലും ചില പോക്കറ്റുകളിലേക്കാണ്‌ വഴി മാറുന്നത്‌.
കേരളയും കണ്ണൂരും തുടങ്ങിയിടത്ത്‌ തന്നെ. കലണ്ടര്‍ വര്‍ഷത്തില്‍ അക്കാദമിക്‌ കാര്യം പോലെ മാറ്റിവെച്ചിരിക്കുന്ന കായിക മേളയും ടീം സെലക്ഷനും ആര്‍ക്കോ വേണ്ടി അവര്‍ നടത്തുന്നു. മല്‍സരങ്ങളും ചാമ്പ്യന്‍ഷിപ്പുകളും എല്ലാം പതിവ്‌ അനുഷ്‌ഠാനം.
ഇനി ഉത്തരേന്ത്യയിലേക്ക്‌ ഒന്ന്‌ നോക്കുക: 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിച്ച കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ രാജ്യത്തിന്‌ കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിച്ചവര്‍ ഹരിയാനക്കാരും പഞ്ചാബികളുമായിരുന്നു. അവര്‍ ഗതകാല വീഴ്‌ച്ചകളെ അനുഭവങ്ങളാക്കി ആത്മവിശ്വാസത്തിന്റെ ട്രാക്കിലാണ്‌ സഞ്ചരിക്കുന്നത്‌. ലുഥിയാനയിലും ചണ്ഡിഗറിലുമെല്ലാം പോയാല്‍ കാണാനാവുന്നത്‌ ഗുസ്‌തിയും ബോക്‌സിംഗും ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം പഠിപ്പിക്കുന്ന അക്കാദമികള്‍. പട്യാലയിലെ പഞ്ചാബി സര്‍വകലാശാല ഇത്തവണ കായിക വികസനത്തിനായി നീക്കിവെച്ചത്‌ പത്ത്‌ കോടി. കലാശാലക്ക്‌ കീഴിലുള്ള എല്ലാ കോളജുകള്‍ക്കും പ്രത്യേക കായിക പാക്കേജ്‌. കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്ത്വം നല്‍കാന്‍ പ്രത്യേക കമ്മിറ്റി. ഇതെല്ലാം മുമ്പ്‌ നമ്മള്‍ ചെയ്‌തതാണ്‌. നേട്ടങ്ങള്‍ കൈവരിക്കാനായപ്പോള്‍ വ്യക്തിഗതമായി പലതും സമ്പാദിക്കാനുള്ള വ്യഗ്രതയില്‍ മറന്ന അടിസ്ഥാനപാഠങ്ങളിലേക്ക്‌ തിരിച്ച്‌ പോവാനുള്ള മുന്നറിയിപ്പാണ്‌ മംഗലാപുരത്ത്‌ നിന്ന്‌ ലഭിച്ചിരിക്കുന്നത്‌. നമ്മുടെ കലാശാലാ ഭരണാധികാരികളും അധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം ഒന്ന്‌ മനസിലാക്കുക-ലോകം മാറുന്നത്‌ പ്രകാശത്തേക്കാള്‍ വേഗതയിലാണ്‌. കണ്ണ്‌ തുറന്ന്‌ തന്നെയിരിക്കുക. അതിന്‌ കഴിയുന്നില്ലെങ്കില്‍ ഉറക്കം നടിക്കാതിരിക്കുക. ആത്മാര്‍ത്ഥയുള്ളവരെ അംഗീകരിക്കുക. കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സമയത്ത്‌ ഡല്‍ഹിയില്‍ സംഘാടന മികവുമായി നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഓടി നടന്ന ഡോ.സക്കീര്‍ ഹുസൈനെ പോലുള്ളവര്‍ എന്നും തഴയപ്പെടുന്നവരുടെ പട്ടികയിലാണ്‌. പിന്‍വാതില്‍ നീക്കങ്ങളില്‍ അഗ്രഗണ്യരായവര്‍ വിജയിക്കുമ്പോള്‍ കലാശാലകള്‍ തോല്‍ക്കും. മൈതാനത്ത്‌ പിന്‍വാതിലുകള്‍ ഇല്ലെന്ന്‌്‌ ഓര്‍ക്കുക-മല്‍സരം നേരിട്ടാണ്‌. വിജയിക്കണമെങ്കില്‍ രാഷ്ട്രീയമല്ല കായികതയാണ്‌ നിര്‍ബന്ധം.

പഞ്ചാബി ഹൗസ്‌
മംഗലാപുരം: കേരളത്തിന്റെ കലാശാലകള്‍ക്ക്‌ നാണിച്ച്‌ തല താഴ്‌ത്താം... വര്‍ഷങ്ങളായി കേരളം കൈവശം വെച്ചിരുന്ന കലാശാലാ കായികകിരീടം കാക്ക കൊത്തി കൊണ്ട്‌ പോവുന്നത്‌ പോലെ പട്യാലയിലെ പഞ്ചാബി സര്‍വകലാശാല സ്വന്തമാക്കി. വനിതാ വിഭാഗത്തില്‍ കാലിക്കറ്റ്‌ നേടിയ കിരീടത്തിലും ഓവറോള്‍ പട്ടത്തില്‍ കോട്ടയം എം.ജി സര്‍വകലാശാല സ്വന്തമാക്കിയ രണ്ടാം സ്ഥാനത്തിലും ആശ്വസിക്കാം മലയാളികള്‍ക്ക്‌. കഴിഞ്ഞ അഞ്ച്‌ ദിവസമായി മുഡ്‌ബിദ്രിയില്‍ നടക്കുന്ന എഴുപത്തിരണ്ടാമത്‌ അന്തര്‍ സര്‍വകലാശാല അത്‌ലറ്റിക്‌ മീറ്റില്‍ എട്ട്‌ സ്വര്‍ണ്ണം സ്വന്തമാക്കിയാണ്‌ പഞ്ചാബികള്‍ കരുത്ത്‌ കാട്ടിയത്‌. നാല്‌ സ്വര്‍ണ്ണവും നാല്‌ വെളളിയും മൂന്ന്‌ വെങ്കലവുമാണ്‌ രണ്ടാം സ്ഥാനക്കാരായ എം.ജിയുടെ സമ്പാദ്യം. ആതിഥേയരായ മംഗലാപുരം മൂന്നാമത്‌ വന്നപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റിന്‌ ഇന്നലെ സമ്പാദിക്കാനായ മൂന്ന്‌ സ്വര്‍ണ്ണമാണ്‌ നേട്ടം. നാല്‌ ദിവസങ്ങളില്‍ ഇരപതാം സ്ഥാനത്തായിരുന്ന ടീമിന്‌ ഇന്നലെ വനിതകളാണ്‌ സഹായമായത്‌. വനിതകളുടെ 200 മീറ്ററില്‍ ശാന്തിനിയും പോള്‍വോള്‍ട്ടില്‍ കെ.പി അനുഷയും വനിതാ 4-100 മീറ്റര്‍ റിലേ ടീമുമാണ്‌ സ്വര്‍ണ്ണവുമായി വനിതാ കിരീടം നേടിയത്‌. ഡോ.കെ മുഹമ്മദ്‌ അഷ്‌റഫ്‌, ഡോ. വി.പി സക്കീര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്ത്വത്തിലുള്ള കാലിക്കറ്റിന്‌ അവസാന ദിവസം ആശ്വാസമായെങ്കില്‍ കണ്ണൂരും കേരളയും ചിത്രത്തില്‍ പോലും വന്നില്ല. ഹാഫ്‌മാരത്തണില്‍ എം.പി രാമേശ്വരി നേടിയ വെള്ളിയും കാലിക്കറ്റിന്റെ നേട്ടത്തില്‍ നിര്‍ണ്ണായകമായി.
എം.ജി ക്ക്‌ നേട്ടമായതും വനിതകള്‍ തന്നെ.ലോംഗ്‌ ജംമ്പില്‍ നീതുമോള്‍ ബോസ്‌ ഉള്‍പ്പെടെയുളളവരുടെ മികച്ച പ്രകടനമാണ്‌ ഓവറോള്‍ കിരീട നേട്ടത്തില്‍ രണ്ടാമത്‌ വരാന്‍ ടീമിനെ സഹായിച്ചത്‌. റിലേ മല്‍സരങ്ങളില്‍ കേരള വാഴ്‌സിറ്റികള്‍ നിരാശപ്പെടുത്തി. 4-400 മീറ്റര്‍ റിലേകളില്‍ ഇരു വിഭാഗങ്ങളിലും ഉറപ്പാക്കിയ സ്വര്‍ണ്ണം അവസാനത്തില്‍ കൈവിട്ടു. പുരുഷ വിഭാഗത്തില്‍ കാലിക്കറ്റിന്‌ സ്വര്‍ണ്ണം ലഭിക്കുമായിരുന്നു. പക്ഷേ അവസാനത്തില്‍ ഷഹന്‍ഷാ, ഷാജഹാന്‍,അജിത്‌, അലക്‌സ്‌ ക്ലീറ്റസ്‌ എന്നിവരടങ്ങുന്ന ടീമിന്‌ വെള്ളി കൊണ്ട്‌ തൃപ്‌തരാവേണ്ടി വന്നു. വനിതാ വിാാഗത്തില്‍ എം.ജി സ്വര്‍ണ്ണ നേട്ടത്തിനരികില്‍ റോത്തക്കിന്‌ സ്വര്‍ണ്ണം സമ്മാനിക്കുകയായിരുന്നു. നിമിഷ, നീതു ബോസ്‌, മഞ്‌ജു, റിന്‍ഡു മാത്യു എന്നിവരാണ്‌ എം.ജി ടീമിലുണ്ടായിരുന്നത്‌. പി.ഫാരിഷ, സി ശില്‍പ്പ, അമ്പിളി തോമസ്‌, ശാന്തിനി എന്നിവരടങ്ങുന്ന കാലിക്കറ്റ്‌ മൂന്നാം സ്ഥാനത്തായി. വനിതകളുടെ അഞ്ച്‌ കിലോമീറ്റര്‍ നടത്തത്തില്‍ ഗുരുനാനാക്കിന്റെ ഗുഷ്‌ബാര്‍ കൗര്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ വലിയ പ്രതീക്ഷയില്‍ മല്‍സരിച്ച എം.ജിയുടെ ബി സൗമ്യക്ക്‌ വെള്ളിയും കാലിക്കറ്റിന്റെ കെ.എം മീഷ്‌മക്ക്‌ വെങ്കലവുമാണ്‌ ലഭിച്ചത്‌.

ചര്‍ച്ചിലിന്‌ തോല്‍വി
മഡ്‌ഗാവ്‌: ഐ ലീഗ്‌ ഫുട്‌ബോളില്‍ ശക്തരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്‌ പരാജയം. ഫത്തോര്‍ഡ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പൂനെ എഫ്‌.സി രണ്ട്‌ ഗോളിനാണ്‌ ചര്‍ച്ചിലിനെ വീഴ്‌ത്തിയത്‌. കൈത മാജു, ഗുര്‍ജീന്ദര്‍കുമാര്‍ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌. കൊല്‍ക്കത്തയില്‍ നടന്ന പ്രയാഗ്‌ യുനൈറ്റഡ്‌-ലാജോംഗ്‌ മല്‍സരം 1-1 ല്‍ അവസാനിച്ചു. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ സ്‌പോര്‍ട്ടിംഗ്‌ ക്ലബിനെയും മോഹന്‍ബഗാന്‍ സാല്‍ഗോക്കറിനെയും മുംബൈ എഫ്‌.സി എച്ച്‌.ഏ.എല്ലിനെയും നേരിടും.

റിക്കി ഇന്‍
മെല്‍ബണ്‍:റിക്കി പോണ്ടിംഗ്‌ രക്ഷപ്പെട്ടു...! ഇന്ത്യക്കെതിരായ ഒന്നാം ടെസ്‌റ്റിനുള്ള ഓസീസ്‌ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ക്യാപ്‌റ്റന്‍ ഇന്‍...! ഫിലിപ്പ്‌ ഹ്യൂഗ്‌സ്‌,ഉസ്‌മാന്‍ ഖ്വാജ എന്നിവര്‍ പുറത്തായപ്പോള്‍ ടാസ്‌മാനിയക്കാരനായ ഓപ്പണര്‍ എഡ്‌ കോവാന്‌ അരങ്ങേറ്റത്തിന്‌ അവസരം ലഭിക്കും. ഉയരക്കാരനായ സീമര്‍ ബെന്‍ ഹില്‍ഫാന്‍ഹസ്‌, ബാറ്റ്‌സ്‌മാന്‍ ഷോണ്‍ മാര്‍ഷ്‌ എന്നിവരെ തിരിച്ചുവിളിച്ചു. ടീമിലെ ഓള്‍റൗണ്ടറായി ഡാന്‍ കൃസ്‌റ്റിനെ സെലക്ടര്‍മാര്‍ നിലനിര്‍ത്തിയിട്ടുണ്ട്‌.
കോച്ച്‌ മിക്കി ആര്‍തര്‍ നല്‍കിയ സൂചനകളില്‍ മുന്നറിയിപ്പിന്റെ പാഠമുണ്ടായിരുന്ന പോണ്ടിംഗ്‌ ടീമിലേക്ക്‌ വരുന്ന കാര്യത്തില്‍ അവശേഷിച്ച സംശയമാണ്‌ ഇന്നലെ ടീം പ്രഖ്യാപനത്തിലുടെ ഇല്ലാതായത്‌. നേരത്തെയുള്ള മേല്‍വിലാസത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും ടീമിലിടം ലഭിക്കില്ലെന്ന്‌ കഴിഞ്ഞ ദിവസം മിക്കി ആര്‍തര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

No comments: