Thursday, June 11, 2009

BRAZEEEL

അര്‍ജന്റീനക്ക്‌ തോല്‍വി
ബ്രസീല്‍, ചിലി അരികെ
റിയോ: ഒരു ജയം കൂടി സ്വന്തമാക്കിയാല്‍ ബ്രസീലിനും ചിലിക്കും അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍ കളിക്കാം. ഇന്നലെ നടന്ന ലാറ്റിനമേരിക്കന്‍ യോഗ്യതാ മല്‍സരങ്ങളില്‍ അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ ബ്രസീല്‍ 2-1ന്‌ പരാഗ്വേയെയും ചിലി നാല്‌ ഗോളിന്‌ ബൊളിവിയയെയും തോല്‍പ്പിച്ചു. അതേ സമയം ഡിയാഗോ മറഡോണയുടെ അര്‍ജന്റീന രണ്ട്‌ ഗോളിന്‌ ഇക്വഡോറിന്‌ മുന്നില്‍ നാണം കെട്ടു. പെറുവിനെ തകര്‍ത്ത കൊളംബിയ മുന്നോട്ടുളള യാത്രയില്‍ സാധ്യത സജീവമാക്കിയപ്പോള്‍ ഉറുഗ്വേയെ ദുര്‍ബലരായ വെനിസ്വേല ഗോള്‍ രഹിത സമനിലയില്‍ തളച്ചു.
സ്വന്തം മൈതാനത്ത്‌ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ ബ്രസീല്‍ ഇത്‌ വരെ ഗ്രൂപ്പില്‍ മുന്നിട്ടു നിന്ന പരാഗ്വേയെ തോല്‍പ്പിച്ചത്‌. ഇരുപത്തിയഞ്ചാം മിനുട്ടില്‍ സാല്‍വഡോര്‍ കബാനസ്‌ പരാഗ്വേയെ മുന്നിലെത്തിച്ചെങ്കിലും നാല്‍പ്പതാം മിനുട്ടില്‍ റോബിഞ്ഞോ ബ്രസീലിനെ ഒപ്പമെത്തിച്ചു. നാല്‍പ്പത്തിയൊമ്പതാം മിനുട്ടില്‍ നില്‍മാര്‍ ബ്രസീലിന്‌ വേണ്ടി നിര്‍ണ്ണായക ഗോള്‍ കരസ്ഥമാക്കി. സ്വന്തം മൈതാനത്ത്‌ നടന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ ഇത്‌ വരെ പരാജയമറിയാത്ത ബ്രസീലിനെ ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു പരാഗ്വേ ഗോള്‍. ബ്രസീല്‍ പ്രതിരോധം കബാനസിന്റെ വേഗതക്ക്‌ മുന്നില്‍ തളര്‍ന്നതാണ്‌ ഗോളില്‍ കലാശിച്ചത്‌. എന്നാല്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിക്കുന്ന റോബിഞ്ഞോ അവസരവാദിയായി. ഇടവേള കഴിഞ്ഞ്‌ മിനുട്ടുകള്‍കകമാണ്‌ നില്‍മാറിന്റെ വിജയഗോള്‍ വന്നത്‌. നാല്‌ മല്‍സരങ്ങളാണ്‌ ഗ്രൂപ്പില്‍ ഇനി ബ്രസീലിന്‌ കളിക്കാനുളളത്‌. ഇതില്‍ അടുത്ത മല്‍സരം ബ്യുണസ്‌ അയേഴ്‌സില്‍ അര്‍ജന്റീനക്കെതിരെയാണ്‌. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ ഡുംഗെക്കും സംഘത്തിനും ടിക്കറ്റുറപ്പിക്കാം. അതേ സമയം ഇത്‌ വരെ മുന്നില്‍ നില്‍ക്കുകയായിരുന്ന പരാഗ്വേക്ക്‌ കഴിഞ്ഞ നാല്‌ മല്‍സരങ്ങളില്‍ വിജയിക്കാനായിട്ടില്ല. ഇപ്പോള്‍ അവര്‍ ബ്രസീലിനും ചിലിക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ്‌.
ബൊളിവിയക്കെതിരെ മിന്നല്‍ പ്രകടനം നടത്തിയാണ്‌ ചിലി വിജയിച്ചത്‌. അലക്‌സി സാഞ്ചസ്‌ (2) ജിയാന്‍ ബിസോജര്‍, മാര്‍കോ എസ്‌റ്റാര്‍ഡ എന്നിവരുടെ ഗോളുകളാണ്‌ മാര്‍സിലോ ബിയല്‍സ പരിശീലിപ്പിക്കുന്ന ചിലിക്ക്‌ കരുത്തായത്‌. കഴിഞ്ഞ ഏഴ്‌ മല്‍സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറുന്ന ചിലിക്ക്‌ ഒരു വിജയം കൂടി സ്വന്തമാക്കാനായാല്‍ ഫൈനല്‍ റൗണ്ട്‌ കളിക്കാം.
അര്‍ജന്റീനയുടെ കാര്യമാണ്‌ കഷ്ടം. സമുദ്ര നിരപ്പില്‍ നിന്നും ഏറെ ഉയരത്തിലുള്ള ക്വിറ്റോയിലെ ലോകകപ്പ്‌ വേദിയില്‍ രണ്ട്‌ ഗോളാണ്‌ ഇക്വഡോറിനോട്‌്‌ അവര്‍ വാങ്ങിയത്‌. പെനാല്‍ട്ടി കിക്ക്‌ ലഭിച്ചിട്ട്‌ പോലും അത്‌ ഉപയോഗപ്പെടുത്താന്‍ അര്‍ജന്റീനക്കായില്ല. ആദ്യ പകുതിയില്‍ ലഭിച്ച സ്‌പോട്ട്‌ കിക്ക്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ താരം കാര്‍ലോസ്‌ ടെവസ്‌ പാഴാക്കുകയായിരുന്നു. ഗോളുകള്‍ പിറക്കാതിരുന്ന ഒന്നാം പകുതിക്ക്‌ ശേഷം വാള്‍ട്ടര്‍ അയോവിയുടെ തകര്‍പ്പന്‍ ഹെഡര്‍ ഇക്വഡോറിന്‌ ലീഡ്‌ നല്‍കി. പാബ്ലോ പലാഷ്യസ്‌ രണ്ടാം ഗോളും നേടി. പോയന്റ്‌്‌ ടേബിളിലിപ്പോള്‍ അര്‍ജന്റീന നാലാമതും ഇക്വഡോര്‍ അഞ്ചാമതുമാണ്‌. കേവലം രണ്ട്‌ പോയന്റുകള്‍ മാത്രമാണ്‌ രണ്ട്‌ ടീമുകളും തമ്മിലുള്ള അകലം. കഴിഞ്ഞ ആറ്‌ യോഗ്യതാ മല്‍സരങ്ങളില്‍ വിജയമെന്തെന്ന്‌ അറിഞ്ഞിട്ടില്ല അര്‍ജന്റീന. അടുത്ത മല്‍സരത്തിലെ പ്രതിയോഗികള്‍ ബ്രസീലാണ്‌ എന്നതും മറഡോയെ അലട്ടുന്നുണ്ട്‌്‌. സെപ്‌തംബറിലാണ്‌ ഈ മല്‍സരം. പെറുവിനെതിരായ മല്‍സരത്തില്‍ കൊളംബിയക്കായി വിജയഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌ ഫല്‍കാവോ ഗാര്‍സിയയാണ്‌. വെനിസ്വേലക്കെതിരെ വിജയം വരിച്ച്‌ സാധ്യതകള്‍ സജീവമാക്കാനിറങ്ങിയ ഉറുഗ്വേയാവട്ടെ അപ്രതീക്ഷിത സമനിലയില്‍ കുരുങ്ങി.
ലാറ്റിനമേരിക്ക
മല്‍സരഫലങ്ങള്‍
ഇക്വഡോര്‍ 2- അര്‍ജന്റീന-0
കൊളംബിയ 1- പെറു- 0
വെനിസ്വേല 2- ഉറുഗ്വേ- 2
ചിലി 4- ബൊളിവിയ 0
ബ്രസീല്‍ 2- പരാഗ്വേ-1
പോയന്റ്‌്‌ നില
(എല്ലാ ടീമുകളും 14 മല്‍സരങ്ങള്‍ കളിച്ചപ്പോള്‍. ഇനി നാല്‌ മല്‍സരങ്ങള്‍ ശേഷിക്കന്നു. വന്‍കരയില്‍ നിന്ന്‌ നാല്‌ ടീമുകള്‍ക്കാണ്‌ നേരിട്ട്‌ യോഗ്യത. അഞ്ചാമത്‌ ടീം കോണ്‍കാകാഫ്‌ മേഖലയിലെ നാലാം സ്ഥാനക്കാരുമായി പ്ലേ ഓഫ്‌ കളിക്കണം)
1-ബ്രസീല്‍ -27
2-ചിലി-26
3-പരാഗ്വേ 24
4-അര്‍ജന്റീന-22
5-ഇക്വഡോര്‍-20
6-ഉറുഗ്വേ-18
7-കൊളംബിയ -17
8-വെനിസ്വേല-17
9-ബൊളീവിയ-12
10-പെറു-7

ഇംഗ്ലണ്ടിന്‌ തകര്‍പ്പന്‍ ജയം
ലണ്ടന്‍:ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ ഇംഗ്ലണ്ടിനും റഷ്യക്കും ഹോളണ്ടിനും തകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത ആറ്‌്‌ ഗോളുകള്‍ക്ക്‌ ഇംഗ്ലണ്ട്‌ അന്‍ഡോറയെ തകര്‍ത്തപ്പോള്‍ റഷ്യ മൂന്ന്‌ ഗോളിന്‌ ഫിന്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. ഹോളണ്ടുകാര്‍ രണ്ട്‌്‌ ഗോളിന്‌ നോര്‍വെയെയാണ്‌ തോല്‍പ്പിച്ചത്‌. മറ്റ്‌ മല്‍സരങ്ങളില്‍ സ്വീഡന്‍ നാല്‌ ഗോളിന്‌ മാള്‍ട്ടയെയും ഉക്രൈന്‍ 2-1ന്‌ കസാക്കിസ്ഥാനെയും മാസിഡോണിയ രണ്ട്‌ ഗോളിന്‌ ഐസ്‌ലാന്‍ഡിനെയും പരാജയപ്പെടുത്തി.


വിശ്വസിക്കാമെങ്കില്‍ വിശ്വസിക്കാം
ലണ്ടന്‍: കോടികളുടെ പോക്കറ്റ്‌ മണിയുമായി, ആരാലും എതിര്‍ക്കപ്പെടാതെ റയല്‍ മാഡ്രിഡിന്റെ പ്രസിഡണ്ട്‌ കസേരിയല്‍ ഒരിക്കല്‍ കൂടിയെത്തിയ ഫ്‌ളോറന്റീനോ പെരസ്‌ ആരാധകര്‍ക്ക്‌ നല്‍കിയ വാക്ക്‌്‌ പാലിക്കുന്നു. ലോക ഫുട്‌ബോളിലെ ഉന്നതരെ ബെര്‍ണബുവില്‍ എത്തിക്കുമെന്ന്‌ പറഞ്ഞ്‌ അധികാരത്തിലെത്തിയ കോടീശ്വരന്‍ റെക്കോര്‍ഡ്‌ വിലക്ക്‌ ഏ.സി മിലാനില്‍ നന്നും കക്കയെ റാഞ്ചിയതിന്‌ പിറകെ അതിലും വലിയ പണം നല്‍കി മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും പോര്‍ച്ചുഗീസുകാരനായ കൃസ്‌റ്റിയാനോ റൊണാള്‍ഡോയെയും സ്വന്തമാക്കുന്നു. 80 ദശലക്ഷം ഡോളര്‍ തരാമെങ്കില്‍ റൊണാള്‍ഡോയെ റയലിന്‌ കൈമാറാമെന്ന്‌ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ വ്യക്തമാക്കി കഴിഞ്ഞു. ജൂണ്‍ 30 നുളളില്‍ റയലിന്‌ ഓഫര്‍ സ്വീകരിക്കാമെന്നാണ്‌ മാഞ്ചസ്റ്റര്‍ വ്യവസ്ഥ. 56 ദശലക്ഷം ഡോളറിന്‌ കക്കയെ വാങ്ങി മൂന്ന്‌ ദിവസം കഴിയും മുമ്പാണ്‌ വന്‍ വിലക്ക്‌ യൂറോപ്യന്‍ സോക്കറിലെ മാന്ത്രിക താരത്തെ റയല്‍ റാഞ്ചാനിരിക്കുന്നത്‌. ഇവര്‍ മാത്രമല്ല പെരസിന്റെ നോട്ടം. ലിവര്‍പൂളില്‍ നിന്ന്‌ സാവി അലോണ്‍സോ, വലന്‍സിയയുടെ ഡേവിഡ്‌ വിയ, ബയേണ്‍ മ്യൂണിച്ചില്‍ നിന്ന്‌ ഫ്രാങ്ക്‌ റിബറി എന്നിവരെയെല്ലാം റയലില്‍ എത്തിക്കാനാണ്‌ പ്രസിഡണ്ട്‌ തീരുമാനിച്ചിരിക്കുന്നത്‌.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകന്‍ അലക്‌സ്‌ ഫെര്‍ഗൂസന്റെ തീരുമാനവും കൃസ്റ്റിയാനോയുടെ താല്‍പ്പര്യവുമാണ്‌ അദ്ദേഹത്തെ വില്‍ക്കാന്‍ കാരണമെന്ന്‌ പറയുന്നുണ്ട്‌. മാഞ്ചസ്റ്റര്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രശ്‌നവും ഇതിനിടെ കൂട്ടിചേര്‍ക്കപ്പെടുന്നു. ലോക സാമ്പത്തിക മാന്ദ്യത്തില്‍ വലിയ തിരിച്ചടികള്‍ ലോകത്തിലെ ഏറ്റവും ധനാഡ്യരായ സോക്കര്‍ ക്ലബ്‌ നേരിടുന്നുണ്ട്‌. കൃസ്‌റ്റിയാനോയെ വിറ്റാല്‍ ലഭിക്കുന്ന വന്‍ തുക കൊണ്ട്‌ ക്ലബിന്റെ നിലവിലെ പ്രതിസന്ധി നീക്കാന്‍ കഴിയുമെന്നാണ്‌ അവരുടെ വിശ്വാസം.
കഴിഞ്ഞ സീസണില്‍ തന്നെ മാഞ്ചസ്റ്റര്‍ വിടാന്‍ പോര്‍ച്ചുഗീസ്‌ താരം താല്‍പ്പര്യമെടുത്തിരുന്നു. റയല്‍ തന്നെയായിരുന്നു അന്നും കൃസ്റ്റിയാനോക്ക്‌്‌ വല വീശിയത്‌. മാഡ്രിഡില്‍ അദ്ദേഹം കളിക്കുമെന്ന്‌ ഉറപ്പായ ഘട്ടത്തില്‍ പക്ഷേ അലക്‌സ്‌ ഫെര്‍ഗൂസണ്‍ തന്റെ സൂപ്പര്‍ താരത്തെ വിട്ടുകൊടുത്തില്ല. ഇത്തവണയും മാഞ്ചസ്റ്റര്‍ വിടാനുളള താല്‍പ്പര്യം കൃസ്റ്റിയാനോ പ്രകടിപ്പിച്ചപ്പോള്‍ അതിനെ കോച്ച്‌ എതിര്‍ത്തില്ല. സാമ്പത്തിക വശമാണ്‌ അദ്ദേഹം നോക്കിയത്‌. എന്നാല്‍ ഇത്രയും വലിയ തുകക്ക്‌ പോര്‍ച്ചുഗീസുകാരനെ വാങ്ങാന്‍ റയല്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ജൂണ്‍ 30 വരെ സമയമുണ്ട്‌.
സൈനുദ്ദിന്‍ സിദാനെ 45.6 ദശലക്ഷം ഡോളറിന്‌ ഇറ്റാലിയന്‍ ക്ലബില്‍ നിന്ന്‌ സ്വന്തമാക്കി റെക്കോര്‍ഡ്‌ ബുക്കില്‍ കയറിയ പെരസും റയലും കക്കയെയും കൃസ്റ്റിയാനോയെയം വാങ്ങുമ്പോള്‍ സോക്കര്‍ മാര്‍ക്കറ്റില്‍ ആര്‍ക്കും തൊടാന്‍ കഴിയാത്ത ശക്തിയായി സ്‌പാനിഷ്‌ ക്ലബ്‌ മാറും.
കഴിഞ്ഞ സീസണില്‍ കാര്യമായ നേട്ടങ്ങളൊന്നും റയലിമനുണ്ടായിരുന്നില്ല. സ്‌പാനിഷ്‌ ലീഗില്‍ പിറകില്‍ പോയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ്‌ ലീഗല്‍ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായി. സ്‌പോര്‍ട്ടിംഗ്‌ ലിസ്‌ബണില്‍ നിന്നും 2003 ലാണ്‌ കൃസ്‌റ്റിയാനോ മാഞ്ചസ്‌റ്ററിലെത്തിയത്‌.

റൈഡര്‍ പുറത്ത്‌
ലോര്‍ഡ്‌സ്‌: ലോകകപ്പ്‌്‌ സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലെത്തിയ ന്യൂസിലാന്‍ഡിന്‌ തിരിച്ചടി. ഫോമിലുള്ള ഓള്‍ റൗണ്ടര്‍ ജെസി റൈഡറുടെ സേവനം അവര്‍ക്കിനി ഈ ചാമ്പ്യന്‍ഷിപ്പില്‍ ലഭിക്കില്ല. പരുക്ക്‌ കാരണം വിശ്രമിക്കുകയായിരുന്ന റൈഡര്‍ക്ക്‌ ചാമ്പ്യന്‍ഷിപ്പിലെ അടുത്ത മല്‍സരങ്ങളില്‍ കളിക്കാനാവില്ല എന്ന്‌്‌ ഇന്നലെ നടന്ന മെഡിക്കല്‍ ടെസ്റ്റില്‍ വ്യക്തമാക്കപ്പെട്ടു. ഇന്ന്‌ അദ്ദേഹം നാട്ടിലേക്ക്‌ മടങ്ങും. പകരം ആരോണ്‍ റെണ്ട്‌മോണ്ടിനെ കിവി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സൂപ്പര്‍ എട്ടിലെ ആദ്യ മല്‍സരത്തില്‍ ഇന്നലെ കിവീസ്‌ അയര്‍ലാന്‍ഡിനെ 83 റണ്‍സിന്‌്‌ തോല്‍പ്പിച്ചിരുന്നു.

കിവീസ്‌ വിജയത്തില്‍ തുടങ്ങി
ട്രെന്‍ഡ്‌ ബ്രിഡ്‌ജ്‌: 83 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തില്‍ ന്യൂസിലാന്‍ഡ്‌ ലോകകപ്പ്‌്‌ സൂപ്പര്‍ എട്ടിന്‌ തുടക്കമിട്ടു. ദുര്‍ബലരായ അയര്‍ലാന്‍ഡിനെയാണ്‌ ന്യൂസിലാന്‍ഡ്‌ പരാജയപ്പെടുത്തിയത്‌. പുതിയ താരം ആരോണ്‍ റെണ്ട്‌മോണ്ടിന്റെ വെടിക്കെട്ടില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ അഞ്ച്‌ വിക്കറ്റിന്‌ 198 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. അയര്‍ലാന്‍ഡിനാവട്ടെ മറുപടിയില്‍ തുടക്കത്തിലെ പിഴച്ചു. പ്രമുഖ താരങ്ങളുടെ പരുക്കില്‍ ആത്മവിശ്വാസത്തോടെയായിരുന്നില്ല കിവീസ്‌ ആരംഭിച്ചത്‌. നായകന്‍ ഡാനിയല്‍ വെട്ടോരി തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും പുറത്തിരുന്നപ്പോള്‍ ബ്രെന്‍ഡന്‍ മക്കലം കപ്പിത്താനായി. ജെസി റൈഡര്‍ എന്ന വിശ്വസ്‌ത ബാറ്റ്‌സ്‌മാന്‌ പകരമെത്തിയ ആരോണ്‍ റെണ്ട്‌മോണ്ടായിരുന്നു ഓപ്പണിംഗിന്‌ മക്കലത്തിന്റെ കൂട്ടാളി. റൈഡര്‍ക്ക്‌ തൂല്യനാണ്‌ താനെന്ന്‌ തെളിയിക്കുന്ന മിന്നല്‍ പ്രകടനമാണ്‌ റെണ്ട്‌മോണ്ട്‌ നടത്തിയത്‌. 30 പന്തില്‍ നിന്ന്‌ 63 റണ്‍സ്‌. ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ച്വറിയും ഇതിനിടെ അദ്ദേഹം നേടി-22 പന്തില്‍ നിന്ന്‌. മക്കലത്തിന്‌ പക്ഷേ പിടിച്ചുനില്‍ക്കാനായില്ല. വ്യക്തിഗത സ്‌ക്കോര്‍ പത്തില്‍ അദ്ദേഹം മക്കലന്‌ വിക്കറ്റ്‌ നല്‍കി. റെണ്ട്‌മോണ്ട്‌-മാര്‍ട്ടിന്‍ ഗുപ്‌ടില്‍ സഖ്യം അതിവേഗതയിലാണ്‌ കളിച്ചത്‌. 32 പന്തില്‍ 45 റണ്‍സുമായി ഗുപ്‌ടില്‍ പുറത്താവാതെ നിന്നു. വെറ്ററന്‍ താരങ്ങളായ സ്‌ക്കോട്ട്‌ സ്‌റ്റൈറിസും ജേക്കബ്‌ ഓരവും ലഭിച്ച അവസരം പാഴാക്കിയില്ല. 25 പന്തില്‍ നിന്ന്‌ മൂന്ന്‌ സിക്‌സറടക്കം 25 പന്തില്‍ നിന്ന്‌ 42 റണ്‍സുമായി സ്റ്റൈറിസ്‌ സ്‌ക്കോറിംഗിന്‌ വേഗത നല്‍കിയപ്പോള്‍ ഓരം 15 പന്തില്‍ 15 റണ്‍സ്‌ നേടി.
മറുപടിയില്‍ തുടക്കത്തിലേ ഐറിഷ്‌ ടീമിന്‌ പാളി. സ്‌ക്കോര്‍ബോര്‍ഡില്‍ ഒറു റണ്ണുളളപ്പോള്‍ പോര്‍ട്ടര്‍ ഫീല്‍ഡാണ്‌ മടക്കയാത്രക്ക്‌ തുടക്കമിട്ടത്‌. വില്‍സണ്‍ (23), ബോത്ത (28),കുസാക്‌ (20) എന്നിവര്‍ മാത്രമാണ്‌ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്‌. 16.4 ഓവറില്‍ 115 റണ്‍സിന്‌ ഐറിഷ്‌ പോരാട്ടം അവസാനിച്ചു. കിവീസിന്‌ വേണ്ടി സ്‌പിന്നര്‍ മക്കുലം മൂന്ന്‌ വിക്കറ്റ്‌ നേടി.

ഗോവന്‍
ക്ലൈമാക്‌സ്‌
ചെന്നൈ: ലോംഗ്‌ വിസിലിന്‌ തൊട്ട്‌ മുനപ്‌ പെനാല്‍ട്ടി സ്‌പോട്ടില്‍ നിന്നും ക്ലൈമാക്‌സ്‌ ലോറന്‍സ്‌ പായിച്ച ഗോള്‍ തമിഴാനാടിനെ കരയിപ്പിച്ചു. അറപത്തി മൂന്നാമത്‌ സന്തോഷ്‌ ട്രകോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍രെ ഞായറആഴഅച്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ബംഗാളിനെ നേരിടാന്‍ ഗോവ യോഗ്യത നേടിയത്‌ അവസാന മിനുട്ട്‌ ക്ലൈമാക്‌സല്‍. തുറന്ന അവസരങ്ങള്‍ പലതും പാഴാക്കിയ തമിഴഴ്‌നാട്‌ അവലസാന മിനു്‌ട്‌ ചതി്‌കുമെന്ന്‌ കരുതിയിരുന്നില്ല.നെഹ്‌റു സ്റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയവരെ നടുക്കിയ സ്‌പോട്ട്‌ കിക്ക്‌ തീരുമാനം റഫറി പ്രതാപ്‌ സിംഗാണ്‌ എടുത്തത്‌. ഗോവന്‍ സബ്‌സ്‌റ്റിറ്റിയൂടച്‌ട്‌ താരമായ ഫഅരാന്‌ഡസിസ്‌ ഫെര്‍ണാണ്ടസിനെ തമിഴഅനാട്‌ ഡിഫന്‍ഡര്‍ നിസ്‌താര്‍ കാലി അലാവുദ്ദിന്‍ പെനാല്‍ട്‌ി ബോക്‌സില്‍ കൈകാര്യം ചെയ്‌തപ്പോള്‍ റഫറിക്ക്‌ മറ്റ്‌ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. കിക്കെടുത്ത അനുഭവ സമ്പന്നനായ ക്ലൈമാക്‌സ്‌ ളോരന്‍സാവട്ടെ ടീം തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുകയും ചെയ്‌തു. എങ്ങനെയെങഅകിലും സമനിലസ്വന്തമാകകി മല്‍സരത്തെ അധിക സമയത്തേക്ക്‌ ദീര്‍ഗിപ്പിക്കാന്‍ തമിഴഅനാടചിന്‌ അവസാനത്തിലും അവസരം കിട്ടി. പക്ഷേ ഭാഗ്യം അവര്‍ക്കൊപ്പമായിരുന്നില്ല.
തോല്‍വിയില്‍ തമിഴഅനാടിന്‌ സ്വയം പഴിക്കാം. കാരമം ഒന്നാം പകുതിയില്‍ മൂന്ന്‌ തുറഖന്ന അവസരങ്ങല്‍ഡ ടീമിന്‌ ലഭിച്ചിരുന്നു. ഒന്നും പക്ഷേ ഉപയോഗ്‌പെടുത്തിയില്ല. മുത്തുവും റിജുവുമായിരുന്നു തമിഴ്‌നാട്‌ മുന്നേറ്റനിരയിലെ ചാട്ടുളികള്‍. പക്ഷേ രണ്ട്‌ പേരും സമ്മര്‍ദ്ദത്തില്‍ കളിച്ചപ്പോള്‍ പെനാല്‍ട്ടി ബോക്‌സ്‌ വരെ എത്തിയ മുന്നേറ്റങ്ങള്‍ വെറുതെയായി.

ഇന്ന്‌ ലങ്ക-പാക്കിസ്‌താന്‍
ഇന്ത്യ-വിന്‍ഡീസ്‌
ലോര്‍ഡ്‌സ്‌: ഇന്ന്‌്‌ ലോകകപ്പ്‌ സൂപ്പര്‍ എട്ടില്‍ രണ്ട്‌ തകര്‍പ്പന്‍ മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ പാക്കിസ്‌താന്‍ ശ്രീലങ്കയുമായി കളിക്കുമ്പോള്‍ രണ്ടാം മല്‍സരത്തില്‍ ഇന്ത്യ വിന്‍ഡീസിനെ എതിരിടും. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട്‌ സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നവര്‍ക്ക്‌ മാത്രമാണ്‌ സെമിയില്‍ സ്ഥാനമെന്നിരിക്കെ എല്ലാ മല്‍സരങ്ങളും എല്ലാ ടീമുകള്‍ക്കും പ്രധാനമാണ്‌.
ക്രിസ്‌ ഗെയിലിനെയാണ്‌ ഇന്ത്യക്ക്‌ ഭയം. ചാമ്പ്യന്‍ഷിപ്പിലെ അതിവേഗ അര്‍ദ്ധ സെഞച്വറിക്കാരനായ ഗെയില്‍ പരുക്കില്‍ നിന്ന പൂര്‍ണ്ണ മുക്തനായില്ലെങ്കിലും ഇന്ന്‌ കളിക്കുന്നുണ്ട്‌. ഓസ്‌ട്രേലിയയെ ഒറ്റക്ക്‌ തോല്‍പ്പിച്ച വിന്‍ഡീസ്‌ നായകന്‍ അപാരമായ പ്രഹരശേഷിയുളള ബാറ്റ്‌സ്‌മാനാണ്‌. പന്തിനെ അതിവേഗം ഗ്യാലറിയിലെത്തിക്കാന്‍ മിടുക്കനായ ഗെയിലിനെ തുടക്കത്തല്‍ തന്നെ പിടികൂടാനായാല്‍ മാത്രമാണ്‌ ഇന്ത്യക്ക്‌ രക്ഷ. ഗെയിലിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുന്ന ഫ്‌ളെച്ചറെയും ഭയപ്പെടണം. അനുഭവസമ്പന്നരായ രാം നരേഷ്‌ സര്‍വന്‍, ശിവനാരായണ്‍ ചന്ദര്‍പോള്‍ എന്നിവര്‍ ഇത്‌ വരെ ഫോമിലേക്ക്‌ വന്നിട്ടില്ല. പക്ഷേ ലങ്കക്കെതിരായ മല്‍സരത്തില്‍ കൂറ്റനടികള്‍ പായിച്ച ഡ്വിന്‍ ബ്രാവോ അപകടകാരിയാണ്‌. ബൗളര്‍മാരില്‍ ഫിഡല്‍ എഡ്വാര്‍ഡ്‌സിനെ സൂക്ഷിക്കേണ്ടതുണ്ട്‌.
ഇന്ത്യന്‍ സംഘത്തില്‍ മാറ്റമുണ്ടാവില്ല. വിരേന്ദര്‍ സേവാഗ്‌ പുറത്തായ സാഹചര്യത്തില്‍ ഗൗതം ഗാംഭീറിനൊപ്പം ഇന്നിംഗ്‌സിന്‌ തുടക്കമിടുക രോഹിത്‌ ശര്‍മ്മ തന്നെയായിരിക്കും. മൂന്നാം നമ്പറില്‍ മഹേന്ദ്രസിംഗ്‌ ധോണി തന്നെ വരും. യുവരാജ്‌ സിംഗ്‌ അടുത്ത നമ്പറില്‍ വരുമ്പോള്‍ സുരേഷ്‌ റൈന, യൂസഫ്‌ പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ക്കൊന്നും കഴിഞ്ഞ രണ്ട്‌്‌ മല്‍സരങ്ങളിലും ബാറ്റിംഗിന്‌ കൂടുതല്‍ അവസരം ലഭിച്ചിട്ടില്ല. ബൗളര്‍മാരില്‍ സഹീര്‍, ഇഷാന്ത്‌ എന്നിവര്‍ക്കൊപ്പം ഇര്‍ഫാന്‍ പത്താനുണ്ട്‌. പക്ഷേ സ്‌പിന്നര്‍മാരായ ഹര്‍ഭജന്‍ സിംഗ്‌, പ്രഗ്യാന്‍ ഒജ എന്നിവര്‍ക്കായിരിക്കും നിര്‍ണ്ണായക സ്വാധീനം.
ലങ്കക്കെതിരെ കളിക്കുന്ന പാക്കിസ്‌താന്‌ കാര്യങ്ങള്‍ അനുകൂലമല്ല. ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന്‌ മുന്നില്‍ തകര്‍ന്നവരാണ്‌ യൂനസ്‌ഖാന്റെ ടീം. രണ്ടാം മല്‍സരത്തല്‍ ഹോളണ്ടിനെ തോല്‍പ്പിച്ചതിലൂടെ സ്വായത്തമായ സൂപ്പര്‍ എട്ട്‌ സ്ഥാനത്തിനോട്‌ നീതി പുലര്‍ത്തണമെങ്കില്‍ പാക്‌ ബാറ്റ്‌സ്‌മാന്മാര്‍ വിശ്വാസ്യത കാക്കണം. ലങ്കയാവട്ടെ രണ്ട്‌ തകര്‍പ്പന്‍ വിജയങ്ങളുമായി കരുത്ത്‌ തെളിയിച്ചിട്ടുണ്ട്‌.

No comments: