Monday, June 29, 2009

THIS IS TEAM INDIA

ഇതാണ്‌ ടീം ഇന്ത്യ
കിംഗ്‌സ്‌റ്റണ്‍: രണ്ടാം ഏകദിനത്തില്‍ ബാറ്റ്‌സ്‌മാന്മാരാണ്‌ ഇന്ത്യയെ തോല്‍പ്പിച്ചതെന്ന്‌ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ കുറ്റസമ്മതം. ക്യാപ്‌റ്റന്‍ പുറത്താവാതെ നേടിയ 92 റണ്‍സിന്റെ കരുത്തില്‍ ഇന്ത്യ 188 റണ്‍സ്‌ മാത്രം സമ്പാദിച്ച്‌ എട്ട്‌ വിക്കറ്റിന്റെ തോല്‍വി വിന്‍ഡീസില്‍ നിന്നും രുചിച്ചിരുന്നു. പരമ്പരയിലെ ആദ്യ രണ്ട്‌ മല്‍സരങ്ങളും നടന്ന സബിനാപാര്‍ക്കില്‍ കണ്ടത്‌ ഇന്ത്യയുടെ ബാറ്റിംഗ്‌ അസ്ഥിരതയായിരുന്നു. ആദ്യ മല്‍സരത്തില്‍ യുവരാജ്‌ സിംഗിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ 336 റണ്‍സ്‌ നേടിയ ഇന്ത്യ 20 റണ്‍സിന്‌ ജയിച്ചിരുന്നു. അതേ മൈതാനത്താണ്‌ രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗ്‌ തകര്‍ന്നത്‌. എട്ട്‌ വിക്കറ്റിന്‌ 82 റണ്‍സ്‌ എന്ന നിലയില്‍ നാണം കെട്ട ഇന്ത്യയെ ധോണിയും ആര്‍.പി സിംഗും തമ്മില്‍ ഒമ്പതാം വിക്കറ്റില്‍ നേടിയ 101 റണ്‍സാണ്‌ കരകയറ്റിയത്‌. മുന്‍നിര ബാറ്റ്‌സ്‌മാന്മാര്‍ ഒരു ലക്ഷ്യബോധവുമില്ലാതെ വിക്കറ്റ്‌ കളഞ്ഞ്‌ കുളിക്കുകയായിരുന്നു. വിന്‍ഡീസിന്റെ മീഡിയം പേസര്‍ രവി രാംപാല്‍ 37 റണ്‍സ്‌ മാത്രം നല്‍കി നാല്‌ വിക്കറ്റ്‌ നേടിയപ്പോള്‍ അനായാസമായാണ്‌ വിന്‍ഡീസ്‌ ജയിച്ചത്‌. 189 റണ്‍സ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ ഓപ്പണര്‍മാരായ ക്രിസ്‌ ഗെയിലും റുനാകോ മോര്‍ട്ടനും തകര്‍പ്പന്‍ തുടക്കമാണ്‌ ടീമിന്‌ നല്‍കിയത്‌. ഒന്നാം വിക്കറ്റില്‍ ഇവര്‍ ചേര്‍ന്ന്‌ 101 റണ്‍സ്‌ നേടിയപ്പോള്‍ തന്നെ ചിത്രം വ്യക്തമായിരുന്നു. 65 പന്തില്‍ രണ്ട്‌ സിക്‌സറും എട്ട്‌ ബൗണ്ടറികളുമായി ഗെയില്‍ പതിവ്‌ കരുത്തില്‍ ആഞ്ഞടിച്ചു. മോര്‍ട്ടന്‍ ടീമിന്റെ വിജയം ഉറപ്പിച്ച്‌ പുറത്താവാതെ 85 റണ്‍സുമായി കരുത്ത്‌ കാട്ടി. ഇന്ത്യന്‍ മുന്‍നിര ബൗളര്‍മാര്‍ ഒരിക്കല്‍ക്കൂടി വന്‍ പരാജയമായി. പ്രവീണ്‍ കുമാറിനും ആശിഷ്‌ നെഹ്‌റക്കും ആര്‍.പി സിംഗിനും ഹര്‍ഭജന്‍ സിംഗിനും വിക്കറ്റൊന്നും ലഭിച്ചില്ല. പാര്‍ട്ട്‌ ടൈമറായ രോഹിത്‌ ശര്‍മ്മക്കാണ്‌ രണ്ട്‌ വിക്കറ്റ്‌ കിട്ടിയത്‌.
ആദ്യ മല്‍സരം നടന്ന അതേ മൈതാനത്ത്‌ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ടോസ്‌ ലഭിച്ചപ്പോള്‍ ധോണി ബാറ്റിംഗ്‌ തെരഞ്ഞെടുത്തത്‌ പിച്ചില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു. ബാറ്റ്‌സ്‌മാന്മാരെ ചതിക്കുന്ന തരത്തില്‍ പിച്ചില്‍ ഭൂതങ്ങളുണ്ടായിരുന്നില്ല. പുതിയ പന്തില്‍ ആക്രമണ ക്രിക്കറ്റ്‌ എളുപ്പമായിരുന്നില്ല. പന്ത്‌ ചിലപ്പോഴെല്ലാം സ്വിംഗ്‌ ചെയ്‌തിരുന്നു. ഇത്‌ മനസ്സിലാക്കാതെ ഗൗതം ഗാംഭീറും ദിനേശ്‌ കാര്‍ത്തിക്കും രോഹിത്‌ ശര്‍മ്മയുമെല്ലാം കളിച്ചു. ആദ്യ മല്‍സരത്തില്‍ മികവ്‌ പ്രകടിപ്പിച്ച കാര്‍ത്തിക്കാണ്‌ ആദ്യം പുറത്തായത്‌. ആദ്യ ഓവറില്‍ തന്നെ ജെറോം ടെയ്‌ലറുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ക്ക്‌ ക്യാച്ച്‌. കാര്‍ത്തിക്‌ മടങ്ങുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ നാല്‌ റണ്‍സ്‌ മാത്രമായിരുന്നു. എവേ സ്വിംഗറിന്‌ ബാറ്റ്‌ വെച്ച്‌ വിക്കറ്റ്‌ ബലി നല്‍കിയ കാര്‍ത്തിക്കിന്‌ പിറകെ അതേ ശൈലിയില്‍ കളിച്ച്‌ ഗാംഭീറും മടങ്ങുമ്പോള്‍ സ്‌ക്കോര്‍ബോര്‍ഡിലെ സമ്പാദ്യം ആറ്‌ റണ്‍സ്‌. രാം പാലിന്റെ ആദ്യ വിക്കറ്റായിരുന്നു ഇത്‌. പിറകെ രോഹിത്‌ ശര്‍മ്മയും നടന്ന്‌ നീങ്ങിയ കാഴ്‌ച്ച നിരാശാജനകമായിരുന്നു. രാം പാലിന്റെ ഇന്‍സ്വിംഗര്‍-മോര്‍ട്ടന്‌ ക്യാച്ച്‌.
ആദ്യ മല്‍സരത്തിലെ ഹീറോ യുവരാജും ക്യാപ്‌റ്റനും ഒരുമിച്ചപ്പോള്‍ പ്രതീക്ഷ കൈവന്നു. അഞ്ച്‌ ബൗണ്ടറികളും ഒരു സിക്‌സറുമായി യുവി 33 പന്തില്‍ 35 റണ്‍സ്‌ നേടി. ടെയ്‌ലറുടെ എവേ സ്വിംഗറില്‍ ബാറ്റ്‌ വെച്ച്‌ യുവി പുറത്തായപ്പോള്‍ കാണാനായത്‌ മറ്റൊരു തകര്‍ച്ച. യൂസഫ്‌ പത്താന്‍ പൂജ്യനായി. ബ്രാവോക്കായിരുന്നു വിക്കറ്റ്‌. രവീന്ദു ജഡേജയും പിറകെ നീങ്ങി. ഹര്‍ഭജന്‍സിംഗും പ്രവീണ്‍ കുമാറും നിസ്സഹയരായി മടങ്ങുമ്പോള്‍ മറുഭാഗത്ത്‌ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയിലായിരുന്നു ധോണി.
ആര്‍.പി സിംഗ്‌ ഒമ്പതാമനായി വരുമ്പോള്‍ മല്‍സരം 22 ഓവര്‍ മാത്രമാണ്‌ പിന്നിട്ടിരുന്നത്‌. ഇന്ത്യന്‍ സ്‌ക്കോര്‍ അപ്പോള്‍ 82 റണ്‍സ്‌. മൂന്നക്കം പോലും തികക്കാന്‍ കഴിയാത്ത നാണക്കേടിന്‌ മുന്നില്‍ ടീം നില്‍ക്കവെ ധോണിയിലെ നായകന്‍ വിവേകിയായി. ആര്‍.പി യെ ബാറ്റിംഗ്‌ എന്‍ഡില്‍ നിന്നും പരമാവധി അകറ്റിനിര്‍ത്തി രാംപാലിന്റെയും ടെയ്‌ലറുടെയും ഓവര്‍ ക്വാട്ട കഴിയുന്നത്‌ വരെ ധോണി റണ്‍സിനേക്കുറിച്ച്‌ ചിന്തിച്ചില്ല. ആദ്യ സ്‌പിന്നര്‍ വന്നപ്പോള്‍ പന്തിനെ ഗ്യാലറിയിലെത്തിച്ച്‌ തന്റെ വീര്യവും നായകന്‍ കാണിച്ചു. 201 മിനുട്ട്‌ ക്രീസില്‍ നിന്ന ധോണി ആകെ ആറ്‌ ബൗണ്ടറികള്‍ മാത്രമാണ്‌ നേടിയത്‌. ആര്‍.പി ക്ഷമാശീലനായി 75 പന്തുകള്‍ കളിച്ചു. 95 മിനുട്ടില്‍ അദ്ദേഹം പക്ഷേ ഒരു സിക്‌സറും ബൗണ്ടറിയും നേടി. ഓവറില്‍ 3.88 റണ്‍സ്‌ ശരാശരിയില്‍ 48.2 ഓവര്‍ വരെ ഇന്നിംഗ്‌സ്‌ ദീര്‍ഘിപ്പിക്കാന്‍ കഴിഞ്ഞത്‌ മാത്രമായിരുന്നു ഇന്ത്യന്‍ നേട്ടം.
രാംപാല്‍ നാല്‌ വിക്കറ്റ്‌ നേടിയപ്പോള്‍ ടെയ്‌ലര്‍ 35 റണ്‍സിന്‌ മൂന്ന്‌ പേരെ തിരിച്ചയച്ചു. ഡ്വിന്‍ ബ്രാവോക്കും മൂന്ന്‌ ഇന്ത്യന്‍ ഇരകളെ ലഭിച്ചു.
തകര്‍പ്പന്‍ മറുപടിയാണ്‌ വിന്‍ഡീസ്‌ നല്‍കിയത്‌. ഗെയില്‍ അതിവേഗതയില്‍ കളിച്ചപ്പോള്‍ സെക്കന്‍ഡ്‌ ഗിയറിലായിരുന്നു മോര്‍ട്ടന്‍. ആദ്യ വിക്കറ്റില്‍ നേടിയ 101 റണ്‍സ്‌ ധാരാളമായിരുന്നു. പിറകെ വന്ന രാം നരേഷ്‌ സര്‍വനും ചന്ദര്‍പോളിനും കാര്യമായ ജോലിയുണ്ടായിരുന്നില്ല.
ബൗളര്‍മാരെ അല്‍പ്പം കൂടി ബഹുമാനിച്ചിരുന്നെങ്കില്‍ തോല്‍വി പിണയുമായിരുന്നില്ലെന്നാണ്‌ ധോണി മല്‍സരശേഷം പറഞ്ഞത്‌. പിച്ചിനെ പഠിക്കാതെ സ്വന്തം ഷോട്ടുകളുമായി ബാറ്റ്‌സ്‌മാന്മാര്‍ മുന്നേറിയതാണ്‌ വിനയായത്‌. തുടക്കത്തില്‍ തന്നെ ധാരാളം വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പ്രതിരോധമല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളുണ്ട
ായിരുന്നില്ലെന്നും ധോണി പറഞ്ഞു. ആദ്യം ബാറ്റ്‌ ചെയ്യുന്ന ടീമിന്‌ ആദ്യ അര മണിക്കൂര്‍ എളുപ്പമല്ലെന്ന സത്യം മനസ്സിലാക്കിയില്ല. വിന്‍ഡീസ്‌ ബാറ്റ്‌ ചെയ്‌തപ്പോള്‍ കാര്യങ്ങള്‍ അവര്‍ക്ക്‌ അനുകൂലമായെന്നും ധോണി പറഞ്ഞു. വിന്‍ഡീസ്‌ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ തന്റെ ഫാസ്റ്റ്‌ ബൗളര്‍മാരായ രാംപാലിനും ടെയ്‌ലര്‍ക്കുമാണ്‌ ഫുള്‍ ക്രെഡിറ്റ്‌ നല്‍കിയത്‌. പരമ്പരയില്‍ ഇനി നാല്‌ ദിവസം വിശ്രമമാണ്‌. മൂന്നാം മല്‍സരം വെള്ളിയാഴ്‌ച്ച ഗ്രോസ്‌ ഐലന്‍ഡില്‍ നടക്കും.

ആഫ്രിക്കന്‍ സഫാരി
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ബ്രസീലിന്റെ വിജയത്തില്‍ കലാശിച്ച ഫിഫ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ നല്‍കുന്നത്‌ വ്യക്തമായ മുന്നറിയിപ്പാണ്‌-അടുത്ത വര്‍ഷം ഇതേ തട്ടകങ്ങളില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോള്‍ മേള വമ്പന്മാര്‍ക്ക്‌ എളുപ്പമായിരിക്കില്ല. അതിവേഗ സോക്കറിന്റെ യൂറോപ്യന്‍ കരുത്തിനെ പ്രതിരോധ സോക്കറുമായി തളക്കാമെന്ന്‌ ഇറാഖും അമേരിക്കയും ദക്ഷിണാഫ്രിക്കയുമെല്ലാം തെളിയിച്ചതോടെ ലോകകപ്പിനേക്കുളള തന്ത്രങ്ങള്‍ മാറ്റാന്‍ ആലോചിക്കുകയാണ്‌ യൂറോപ്യകര്‍ക്കൊപ്പം ലാറ്റിനമേരിക്കയും. കോണ്‍ഫെഡറേഷന്‍ കപ്പ്‌ റാഞ്ചാനെത്തിയവരായിരുന്നു സ്‌പെയിന്‍. യൂറോപ്പിലെ അതിവേഗതയുള്ള താരങ്ങള്‍. എല്ലാവരും ഗോളടിക്കാര്‍. ഗ്രൂപ്പ്‌ തല മല്‍സരങ്ങളില്‍ ഗോള്‍ വേട്ട നടത്തിയ സ്‌പെയിന്‍ പക്ഷേ ഇറാഖിന്‌ മുന്നില്‍ വിയര്‍ത്തിരുന്നു. ഒരു ഗോളിനാണ്‌ ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്കെതിരെ കാളപ്പോരിന്റെ നാട്ടുകാര്‍ക്ക്‌ വിജയിക്കാനായത്‌. ഇറാഖിന്റെ പോരാട്ടവീര്യമാണ്‌ അമേരിക്കയെ ഉണര്‍ത്തിയത്‌. സെമിയില്‍ സ്‌പെയിന്‍ പ്രതിയോഗികളായപ്പോള്‍ അമേരിക്ക പ്രതിരോധ സോക്കറിന്റെ സൗന്ദര്യമില്ലാത്ത തന്ത്രമാണ്‌ പുറത്തെടുത്തത്‌. സ്‌പെയിന്‍ ഇതില്‍ നിലംപതിക്കുകയും ചെയ്‌തു. ബ്രസീലിനെതിരായ സെമിയില്‍ ദക്ഷിണാഫ്രിക്ക അനുവര്‍ത്തിച്ചതും ഇതേ തന്ത്രം. ബ്രസീലുകാരെ ആദ്യാവസാനം വരച്ചവരയില്‍ നിര്‍ത്താന്‍ ഇത്‌ വഴി ആതിഥേയര്‍ക്കായി. ലൂസേഴ്‌സ്‌ ഫൈനലില്‍ സ്‌പെയിനിനെതിരെയും ഇതേ തന്ത്രമാണ്‌ ആഫ്രിക്കക്കാര്‍ നടപ്പിലാക്കിയത്‌. ഇതും വിജയിച്ചു. ഫൈനലില്‍ ബ്രസീലിന്റെ ചെറിയ പാസുകളിലൂടെയുള്ള സുന്ദരമായ ശൈലിയെ പ്രതിരോധത്തിലാണ്‌ അമേരിക്ക നേരിട്ടത്‌. ആദ്യ പകുതിയില്‍ അവര്‍ രണ്ട്‌ ഗോളിന്‌ മുന്നിലെത്തുകയും ചെയ്‌തു. രണ്ടാം പകുതിയില്‍ സൗന്ദര്യ ഫുട്‌ബോളിന്‌ പകരം ആക്രമണ സോക്കര്‍ കാഴ്‌ച്ചവെച്ചതാണ്‌ ബ്രസീലിന്‌ ഗുണമായത്‌. 2010 ലെ ലോകപ്പില്‍ സൗന്ദര്യത്തിന്‌ പകരം ആക്രമണമായിരിക്കും നല്ല ആയുധമെന്ന്‌ ബ്രസീല്‍ കോച്ച്‌ ഡുംഗെ തിരിച്ചറിഞ്ഞിട്ടുണ്ട്‌.
ആഫ്രിക്കയില്‍ ഇതാദ്യമായി നടക്കുന്ന ഫിഫ ചാമ്പ്യന്‍ഷിപ്പ്‌ കാണികള്‍ക്കും താരങ്ങള്‍ക്കുമെല്ലാം ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ല മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ്‌ സമാപിച്ചിരിക്കുന്നത്‌. ആഫ്രിക്കയിലെ മൈതാനങ്ങള്‍ യൂറോപ്യന്‍, ലാറ്റിമേരിക്കന്‍ ഫുട്‌ബോളിന്‌ അനുയോജ്യമാണ്‌ എന്ന സത്യം വ്യക്തമായതിനൊപ്പം വലിയ ടീമുകളുടെ ആശങ്കകള്‍ക്ക്‌ അടിസ്ഥാനമില്ലെന്ന്‌ തെളിയിക്കപ്പെടുകയും ചെയ്‌തു. ബ്രസീല്‍ ചാമ്പ്യന്മാര്‍ക്ക്‌ യോജിച്ച പ്രകടനമാണ്‌ നടത്തിയത്‌. ഒരു കളിയില്‍ പോലും അവര്‍ പരാജയപ്പെട്ടില്ല. ഗ്രൂപ്പ്‌ തലത്തിലെ മൂന്ന്‌്‌ മല്‍സരങ്ങളില്‍ നിന്നായി പത്ത്‌ ഗോളുകളാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ വിയര്‍ത്തെങ്കിലും മല്‍സരാന്ത്യത്തില്‍ ഡാനിയല്‍ ആല്‍വസ്‌ നേടിയ ഗോള്‍ ടീമിന്റെ കരുത്തായി. ഫൈനലില്‍ അമേരിക്കക്കെതിരെ രണ്ട്‌ ഗോളിന്‌ പിറകില്‍ നിന്ന ഘട്ടത്തിലും മന:കരുത്ത്‌ കൈവിടാതെയാണ്‌ ബ്രസീല്‍ തിരിച്ചുവന്നത്‌. താരമായും പരിശീലകനായും കോണ്‍ഫെഡറേഷന്‍ കപ്പ്‌ സ്വന്തമാക്കിയ ഏക വ്യക്തിയെന്ന ബഹുമതി സ്വന്തമാക്കുന്നതില്‍ ഡുംഗെയെ സഹായിച്ചത്‌ ലൂയിസ്‌ ഫാബിയാനോ എന്ന മിടുക്കനായിരുന്നു.


ഫാബുലസ്‌ ഫാബിയാനോ
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: റൊണാള്‍ഡോ എന്ന സൂപ്പര്‍ താരം അണിഞ്ഞിരുന്ന ഒമ്പതാം നമ്പര്‍ കുപ്പായം ഗോള്‍വേട്ടക്കാരന്റേതായിരുന്നു. ഒമ്പതില്‍ കളിക്കുമ്പോള്‍ ഗോളടിക്കണം. നിരവധി ഗോളടിക്കാരുളള ബ്രസീല്‍ ടീമില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഗോളടിക്കുക തന്നെ വേണം. ഈ സത്യത്തിലേക്ക്‌ ലൂയിസ്‌ ഫാബിയാനോ വരുന്നത്‌ ആറ്‌ വര്‍ഷം മുമ്പ്‌. റൊണാള്‍ഡോ എന്ന സൂപ്പര്‍ താരത്തിന്റെ അസ്‌തമന സമയമായിരുന്നു അത്‌. റൊണാള്‍ഡോയെ പോലെ ഒരു താരത്തിന്‌ പകരം ഫാബിയാനോ എന്ന പയ്യന്‍സ്‌ വന്നപ്പോള്‍ പലര്‍ക്കും അത്‌ ദഹിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ രണ്ട്‌്‌ വര്‍ഷത്തിനിടെ തന്റെ കഠിനാദ്ധ്വാനം കൊണ്ടും ഗോളടി മികവ്‌ കൊണ്ടും ഫാബിയാനോ തെളിയിച്ചിരിക്കുന്നു-ഒമ്പതാം നമ്പറിന്‌ താന്‍ യോജ്യനാണെന്ന്‌.
ദക്ഷിണാഫ്രിക്കയില്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിനായി എത്തുമ്പോള്‍ സ്‌പാനിഷ്‌ ലീഗില്‍ സെവിലെക്കായി കളിക്കുന്ന താരത്തില്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഒരു മല്‍സരത്തില്‍ ഒരു ഗോളെങ്കിലും നേടിയില്ലെങ്കില്‍ നാട്ടുകാരുടെ വിമര്‍ശനം ഉറപ്പാണ്‌. കക്കയും റോബിഞ്ഞോയുമെല്ലാമുളള ടീമില്‍ പിടിച്ചുനില്‍ക്കാന്‍ ഗോളല്ലാതെ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ല. 28 കാരനായ താരം കളിച്ച മല്‍സരങ്ങളില്ലെല്ലാം ഗോള്‍ നേടിയെന്ന്‌ മാത്രമല്ല ഫൈനലില്‍ അമേരിക്കക്കെതിരെ ടീം പിറകില്‍ നിന്ന ഘട്ടത്തില്‍ ഉജ്വലമായ രണ്ട്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തു.
അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇതേ ഫോം പ്രകടിപ്പിക്കാന്‍ കഴിയണമെന്നാണ്‌ യുവതാരത്തിന്റെ പ്രാര്‍ത്ഥന. ലോകകപ്പാണ്‌ പ്രധാനം. ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണ്‌- കോണ്‍ഫെഡറേഷന്‍ കപ്പില്‍ ടോപ്‌ സ്‌ക്കോറര്‍ക്കുളള സ്വര്‍ണ്ണ പാദുകം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെ ഫാബിയാനോ പറഞ്ഞു.

No comments: