Wednesday, June 24, 2009

VETTORIS GUL GOOGLY


നമ്പര്‍ വണ്‍ അഷറഫുല്‍
ധാക്ക: വിന്‍ഡീസ്‌ പര്യടനത്തില്‍ ബംഗ്ലാദേശ്‌ ടീമിന്റെ പ്രധാന പ്രതീക്ഷ മുഹമ്മദ്‌ അഷറഫുലാണെന്ന്‌ പുതിയ നായകന്‍ മഷ്‌റഫെ മൊര്‍ത്തസ. ലോകോത്തര ബാറ്റ്‌സ്‌മാനായ അഷറഫുലില്‍ നിന്നും ഏറ്റവും മികച്ച ഇന്നിംഗ്‌സുകള്‍ ലഭിച്ചാല്‍ വിന്‍ഡീസ്‌, സിംബാബ്‌വെ പര്യടനങ്ങളില്‍ ടീമിന്‌ കരുത്ത്‌ കാട്ടാന്‍ കഴിയുമെന്ന്‌ നായകനായ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ മൊര്‍ത്തസ പറഞ്ഞു. കഴിഞ്ഞ ദിവസമാണ്‌ അഷറഫുലിന്‌ പകരം ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെലക്ഷന്‍ കമ്മിറ്റി മൊര്‍ത്തസയെ നായകനാക്കിയത്‌. മുന്‍ ക്യാപ്‌റ്റന്‍ എന്ന നിലയില്‍ അഷറഫുലിന്റെ സാന്നിദ്ധ്യം തനിക്ക്‌ അലസോരം സൃഷ്ടിക്കുമെന്ന വാദത്തില്‍ കഴമ്പില്ലെന്ന്‌്‌ മൊര്‍ത്തസ പറഞ്ഞു. ടീമിലെ സീനിയര്‍ താരമാണ്‌ അഷറഫുല്‍. ദീര്‍ഘകാലമായി അദ്ദേഹം രാജ്യാന്തര ക്രിക്കറ്റ്‌ കളിക്കുന്നു. അദ്ദേഹത്തെ എനിക്ക്‌ വളരെ അടുത്തറിയാം. ഏത്‌ ക്യാപ്‌റ്റന്‌ കീഴിലായാലും രാജ്യത്തിനായി അവസാന നിമിഷം വരെ പോരാടുന്ന ബാറ്റ്‌സ്‌മാനാണ്‌ അഷറഫുല്‍. ആ കാര്യത്തില്‍ സംശയമില്ല. ബംഗ്ലാദേശ്‌ സംഘത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനില്‍ നിന്നും ഏറ്റവും വലിയ ഇന്നിംഗ്‌സുകളാണ്‌ ടീം പ്രതീക്ഷിക്കുക. അഷറഫുലിന്‌ സമീപകാലത്തായി വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അദ്ദേഹത്തില്‍ നിന്നും നായകന്റെ സമ്മര്‍ദ്ദം അകന്നിരിക്കുന്നു. സമ്മര്‍ദ്ദമില്ലാതെ കളിക്കുമ്പോള്‍ അദ്ദേഹത്തിന്‌ കരുത്ത്‌ കാട്ടാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇംഗ്ലണ്ടില്‍ സമാപിച്ച 20-20 ലോകകപ്പില്‍ ബംഗ്ലാദേശ്‌ ഏറ്റവും മോശം പ്രകടനമാണ്‌ നടത്തിയതെന്ന ആരോപണത്തോട്‌ മൊര്‍ത്തസക്ക്‌ യോജിപ്പില്ല. കളിച്ച രണ്ട്‌ മല്‍സരങ്ങളിലും ടീം തോറ്റു എന്നത്‌ സത്യമാണ്‌. പക്ഷേ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ വീറോടെ പൊരുതിയിരുന്നു. അവസാനത്തിലാണ്‌ പിഴച്ചത്‌. അയര്‍ലാന്‍ഡിനെതിരെ അനായാസം ജയിക്കാമെന്ന്‌ കരുതിയാണ്‌ കളിച്ചത്‌. അവിടെയും തെറ്റുപ്പറ്റി. സ്ഥിരതയാണ്‌ ടീമിന്റെ പ്രശ്‌നം. ബാറ്റിംഗില്‍ സ്ഥിരത പുലര്‍ത്തി കളിക്കാനായാല്‍ മാത്രമാണ്‌ വിജയിക്കാനാവുക. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ക്ഷമയോടെ പൊരുതി നില്‍ക്കാന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്കായാല്‍ അവര്‍ നല്‍കുന്ന സ്‌ക്കോറിനെ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്കാവും. സമീപകാലത്ത്‌ നല്ല ക്രിക്കറ്റാണ്‌ ബംഗ്ലാദേശ്‌ കാഴ്‌ച്ചവെക്കുന്നത്‌. പക്ഷേ വിമര്‍ശനങ്ങള്‍ അതിരുകടക്കുന്നു. ലോക ക്രിക്കറ്റില്‍ എല്ലാവരും പ്രബലരാണ്‌. അവര്‍ക്കെതിരെ കളിക്കുമ്പോള്‍ എല്ലാ തലത്തിലും മെച്ചപ്പെട്ടാല്‍ മാത്രമാണ്‌ രക്ഷ. ടീമിനെ നയിക്കുമ്പോള്‍ അതിന്റേതായ സമര്‍ദ്ദമുണ്ടാവും. എന്ന്‌ കരുതി ക്യാപ്‌റ്റന്‍സി തന്റെ പ്രകടനത്തെ ബാധിക്കുമെന്ന്‌ കരുതുന്നില്ലെന്നും നായകന്‍ പറഞ്ഞു. ബംഗ്ലാദേശ്‌്‌ സംഘത്തില്‍ നല്ല താരങ്ങളുണ്ട്‌. അവരുടെ കരുത്തിനെ ചൂഷണം ചെയ്യുകയാണ്‌ പ്രധാനം. അതിനായിരിക്കും നായകന്‍ എന്ന നിലയില്‍ തന്റെ ശ്രമം. ഇന്ത്യയിലെ വിമത ലീഗിനൊപ്പം ചേര്‍ന്നതിന്റെ പേരില്‍ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട 13 താരങ്ങളില്‍ ഭൂരിപക്ഷവും അംഗീകാരവുമായി തിരിച്ചുവന്നതും മൊര്‍ത്തസക്ക്‌ ഗുണമാവും. ഈ പതിമൂന്ന്‌ താരങ്ങളുടെ സേവനം അഷറഫുലിന്‌ ലഭിച്ചിരുന്നില്ല. വിമതരായി അകറ്റിനിര്‍ത്തപ്പെട്ട താരങ്ങള്‍ സമീപഭാവിയില്‍ തന്നെ ദേശിയ രംഗത്തേക്ക്‌ തിരിച്ചുവരുമെന്നും ഇവര്‍ വരുമ്പോള്‍ വര്‍ദ്ധിത വീര്യത്തോടെ ബംഗ്ലാദേശിന്‌ കളിക്കാന്‍ കഴിയുമെന്നും മൊര്‍ത്തസ പറഞ്ഞു.

ജുവാന്‍ പുറത്ത്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ്‌ സെമി ഫൈനലില്‍ ഇന്ന്‌ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടുന്ന ബ്രസീല്‍ സംഘത്തില്‍ ഡിഫന്‍ഡര്‍ ജുവാന്‍ കളിക്കില്ല. ഇന്ന്‌ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ബ്രസീല്‍ ഫൈനല്‍ പ്രവേശം നേടിയാലും ജുവാന്‌ അവസരമില്ല. മസില്‍ പരുക്ക്‌ കാരണം അദ്ദേഹത്തോടെ ഒരാഴ്‌ച്ചത്തെ വിശ്രമമാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ബ്രസീല്‍ 4-3ന്‌ ഈജിപ്‌തിനെ തോല്‍പ്പിച്ചപ്പോള്‍ അതില്‍ ഒരു ഗോള്‍ ജുവാന്റെ ബൂട്ടില്‍ നിന്നായിരുന്നു. അമേരിക്കക്കെതിരായ മല്‍സരത്തില്‍ കളിക്കാതിരുന്ന ജുവാന്‍ ഇറ്റലിക്കെതിരെ റിസര്‍വ്‌ ബെഞ്ചിലായിരുന്നു.

ഗുലിനെതിരെ ആരോപണം
വെല്ലിംഗ്‌ടണ്‍: ഇംഗ്ലണ്ടില്‍ പാക്കിസ്‌താന്‍ വിജയത്തില്‍ കലാളിച്ച രണ്ടാമത്‌ ഐ.സി.സി 20-20 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ്‌ സ്വന്തമാക്കിയ ഉമര്‍ ഗുലിനെതിരെ പന്തില്‍ കൃത്രിമത്വം കാണിച്ചതായി ആരോപണം. ന്യൂസിലാന്‍ഡ്‌ ടീമിന്റെ നായകന്‍ ഡാനിയല്‍ വെട്ടോരിയാണ്‌ ഗുലിനെതിരെ സംശയത്തിന്റെ വിരല്‍ ചൂണ്ടിയിരിക്കുന്നത്‌. എന്നാല്‍ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്‌ വെട്ടോരി പറയുന്നതെന്ന്‌ ഗുല്‍ തിരിച്ചടിച്ചു. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ ഗുല്‍ ലോക റെക്കോര്‍ഡ്‌ പ്രകടനം നടത്തിയിരുന്നു. കേവലം ആറ്‌്‌ റണ്‍സിന്‌ അഞ്ച്‌ വിക്കറ്റാണ്‌ അദ്ദേഹം വീഴ്‌ത്തിയത്‌. 20-20 ക്രിക്കറ്റില്‍ ആദ്യമായി അഞ്ച്‌ വിക്കറ്റ്‌ നേട്ടം കൈവരിക്കുന്ന ബൗളറെന്ന ബഹുമതിയും ഗുല്‍ സ്വന്തമാക്കിയിരുന്നു.
മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ ഒരു ബൗളര്‍ക്ക്‌ റിവേഴ്‌സ്‌ സ്വിംഗുകള്‍ പായിക്കാന്‍ കഴിയുന്നുവെങ്കില്‍ തീര്‍ച്ചയായും അത്‌ പന്തില്‍ കൃത്രിമത്വം നടത്തുന്നത്‌ കൊണ്ടാണെന്നായിരുന്നു വെട്ടോരിയുടെ ആരോപണം. ലോകകപ്പിനിടെ തന്നെ ആ ആരോപണം വെട്ടോരി ഉയര്‍ത്തിയിരുന്നു.
ഇന്നലെ സ്വന്തം തട്ടകത്ത്‌ തിരിച്ചെത്തിയ ഗുലിന്‌ നാട്ടുകാര്‍ വീരോചിത സ്വീകരണമാണ്‌ നല്‍കിയത്‌. പെഷവാറിന്‌ സമീപമുള്ള നവാ കില്ലി സ്വദേശിയാണ്‌ ഗുല്‍. ആയിരകണക്കിന്‌ നാട്ടുകാരാണ്‌ സ്വന്തം താരത്തെ ഒരു നോക്ക്‌ കാണാനും അഭിവാദ്യം അര്‍പ്പിക്കാനുമെത്തിയത്‌. നാട്ടുകാര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ റിവേഴ്‌സ്‌ സ്വിംഗ്‌ എന്ന ആയുധം താന്‍ പഠിച്ചത്‌ വസീം അക്രം, വഖാര്‍ യൂനസ്‌ എന്നിവരില്‍ നിന്നാണെന്ന്‌്‌ ഗുല്‍ പറഞ്ഞു. അക്രമിന്റെയും വഖാറിന്റെയും ബൗളിംഗ്‌ വീഡിയോകള്‍ നിരന്തരം കാണാറുണ്ടായിരുന്നു. അങ്ങനെയാണ്‌ റിവേഴ്‌സ്‌ സ്വിംഗിനെ കുറിച്ച്‌ പഠിച്ചത്‌. ഒരു ഏഷ്യന്‍ ബൗളര്‍ ലോക തലത്തില്‍ ശോഭിക്കുമ്പോള്‍ പാശ്ചാത്യര്‍ സ്ഥിരമായി പന്തില്‍ കൃത്രിമത്വം ആരോപിക്കും. അതില്‍ അതിശയപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
പടച്ചവന്റെ അനുഗ്രഹമാണ്‌ പാക്കിസ്‌താന്‍ ടീമിനുണ്ടായിരുന്നത്‌. 20-20 ക്രിക്കറ്റ്‌ പോലെ അതിവേഗ മല്‍സരങ്ങളില്‍ ഗെയിം പ്ലാന്‍ വിജയകരമായി നടപ്പാക്കാന്‍ കഴിയണമെന്നില്ല. ഭാഗ്യമാണ്‌ പ്രധാനം. പാക്കിസ്‌താന്‍ ടീമിനൊപ്പമായിരുന്നു ദൈവം. ടീമിന്റെ അസിസ്‌റ്റന്‍ഡ്‌ കോച്ചായ ആക്വിബ്‌ ജാവേദിന്റെ സഹായങ്ങളും സേവനങ്ങളും മറക്കാന്‍ കഴിയില്ല. 1992 ലെ ലോകകപ്പ്‌ പോലെ അന്തിമ നിമിഷം വരെ പതറാതെ പൊരുതാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും ജയിക്കാനാവുമെന്ന്‌ ആക്വിബാണ്‌ പറഞ്ഞുതന്നത്‌. ലോകകപ്പില്‍ എല്ലാവരും ആത്മാര്‍ത്ഥമായാണ്‌ കളിച്ചത്‌. ടീമിന്റെ തുടക്കം തോല്‍വിയിലായിരുന്നു. ആ തോല്‍വിയാണ്‌ ടീമിനെ ഉണര്‍ത്തിയതെന്നും 13 വിക്കറ്റുകള്‍ സ്വന്തമാക്കിയ സീമര്‍ പറഞ്ഞു. രണ്ട്‌ വര്‍ഷം മുമ്പ്‌ ഇന്ത്യന്‍ വിജയത്തില്‍ കലാശിച്ച ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ബൗളര്‍ ഗുല്‍ ആയിരുന്നു.
ഈ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഏറ്റവും മികച്ച ഫോമിലാണ്‌ പന്തെറിഞ്ഞത്‌്‌. അഞ്ച്‌ വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോഴും അത്‌ ലോക റെക്കോര്‍ഡാണെന്ന്‌ മനസ്സിലായിരുന്നില്ല. മല്‍സരത്തിന്‌ ശേഷം പവിലിയനില്‍ തിരിച്ചെത്തിയപ്പോഴാണ്‌ തന്റെ പേരില്‍ പുതിയ ലോക റെക്കോര്‍ഡാണ്‌ പിറന്നിരിക്കുന്നത്‌ എന്ന്‌ മനസ്സിലായതെന്ന്‌ ഗുല്‍ പറഞ്ഞു.
വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിയുമെന്നാണ്‌ ഗുല്‍ കരുതുന്നത്‌. മൂന്ന്‌ ടെസ്റ്റുകളും അഞ്ച്‌ ഏകദിനങ്ങളും ഒരു 20-20 മല്‍സരവുമാണ്‌ ലങ്കയില്‍ പാക്കിസ്‌താന്‍ കളിക്കുന്നത്‌.
ലോകകപ്പ്‌ പോലെ വലിയ വേദിയില്‍ അരങ്ങേറാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന്‌ പാക്കിസ്‌താന്റെ പത്തൊമ്പതുകാരനായ ഓപ്പണര്‍ ഷഹസിബ്‌ ഹസന്‍ പറഞ്ഞു.

ലോകകപ്പിന്‌ ആയുസ്സില്ല
കറാച്ചി: ഇന്നലെ കറാച്ചി നഗരത്തില്‍ നിറഞ്ഞത്‌ ഷാഹിദ്‌ അഫ്രീദിയെന്ന പത്താനി...... നഗരത്തിലൂടെ തുറന്ന വാഹനത്തില്‍ വീരോചിതം വീട്ടിലെത്തിയ അഫ്രീദിയെ കാത്തുനിന്നത്‌ വെടിക്കെട്ടുകളും കരിമരുന്ന്‌ പ്രയോഗങ്ങളും ഹാരാര്‍പ്പണങ്ങളുമെല്ലാം.... ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ കഴിഞ്ഞ ഞായറാഴ്‌ച്ച നടന്ന ലോകകപ്പ്‌ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച്‌ കപ്പ്‌ സ്വന്തമാക്കി നാട്ടില്‍ തിരിച്ചെത്തിയ ടീമിലെ നോട്ടപ്പുളളി തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാനായ അഫ്രീദിയായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ സെമിയിലും ലങ്കക്കെതിരായ ഫൈനലിലും പാക്കിസ്‌താന്‍ ടീമിനെ വിജയിപ്പിച്ചത്‌ അഫ്രീദിയിലെ ഓള്‍റൗണ്ടറായിരുന്നു.
ഒരു കാര്യത്തില്‍ മാത്രം പക്ഷേ അഫ്രീദിക്ക്‌ നിരാശയുണ്ട്‌. അടുത്ത 20-20 ലോകകപ്പ്‌ വിന്‍ഡീസില്‍ നടക്കുന്നത്‌ ഒമ്പത്‌ മാസത്തെ ഇടവേളയിലാണ്‌. ഈ ഒമ്പത്‌ മാസം മാത്രമാണ്‌ പാക്കിസ്‌താന്‌ ലോക ചാമ്പ്യന്മാരായി ഇരിക്കാന്‍ കഴിയുക. അടുത്ത ഒമ്പത്‌ മാസത്തെ സമയത്തിനകം എന്തിനാണ്‌ മറ്റൊരു ലോകകപ്പ്‌ നടത്തുന്നത്‌ എന്ന കാര്യത്തില്‍ തനിക്ക്‌ ഇപ്പോഴും ഉത്തരം ആരും നല്‍കിയിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. രണ്ട്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ലോകകപ്പ്‌ എങ്കില്‍ അത്രയും കാലം ഈ കിരീടത്തില്‍ മുത്തമിടാനും ഈ നേട്ടത്തെക്കുറിച്ച്‌ ഓര്‍ത്ത്‌ അഭിമാനിക്കാനും എല്ലാവര്‍ക്കും കഴിയുമായിരുന്നു-അഫ്രീദി പറഞ്ഞു.
2007 ലാണ്‌ ആദ്യ 20-20 ലോകകപ്പ്‌ ദക്ഷിണാഫ്രിക്കയില്‍ നടന്നത്‌. ആ ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യക്ക്‌ രണ്ട്‌ വര്‍ഷം ലോക ജേതാക്കളായി ഇരിക്കാനായി. എന്നാല്‍ പാക്കിസ്‌താന്‌ കേവലം ഒമ്പത്‌ മാസമാണ്‌ ലോക ചാമ്പ്യന്മാരുടെ പട്ടം. 2011 ല്‍ ഏകദിന ലോകകപ്പ്‌ നടക്കുന്നതിനാലാണ്‌ അടുത്ത 20-20 ലോകകപ്പ്‌ നേരത്തെയാക്കിയത്‌.
കലാപത്തിലും അശാന്തിയിലും തകരുന്ന പാക്കിസ്‌താന്‌ ലോകകപ്പ്‌ നേട്ടം വലിയ ആശ്വാസമാണെന്ന്‌ അഫ്രീദി പറഞ്ഞു. ലോകകപ്പിനായി പോവുമ്പോള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചത്‌ നാട്ടിലെ സമാധാനത്തിനാണ്‌. നാട്ടുകാരുടെ പിന്തുണയുണ്ടെങ്കില്‍ തീര്‍ച്ചയായും മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളുണ്ടായിരുന്നില്ല. ടീമിന്റെ കോച്ച്‌ ഇന്‍ത്തികാബ്‌ ആലം, അസിസ്‌റ്റന്‍ഡ്‌ കോച്ച്‌ ആക്വിബ്‌ ജാവേദ്‌ എന്നിവരുടെ സേവനം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന്‌ ബ്രസീല്‍
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: കോണ്‍ഫെഡറഷന്‍ കപ്പ്‌ ഫുട്‌ബോളിന്റെ രണ്ടാം സെമിയില്‍ ഇന്ന്‌ ബ്രസീലുമായി കളിക്കുന്ന ആതിഥേയരായ ദക്ഷിണാഫ്രിക്കക്ക്‌ പ്രതീക്ഷകള്‍ ഒന്നുമില്ല. അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയ ബ്രസീലിനെതിരെ ഒരു ഫിഫ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കളിക്കാനാവുക എന്നത്‌ വലിയ നേട്ടമായി കരുതുന്ന ആഫ്രിക്കന്‍ ടീമിനും താരങ്ങള്‍ക്കും ആരാധകര്‍ക്കും അഹങ്കാരമില്ല. തോല്‍ക്കാനാണ്‌ കളിക്കുന്നത്‌. തോല്‍വിയും വലിയ അനുഭവമായിരിക്കും തന്റെ ടീമിനെന്നാണ്‌ കോച്ച്‌ പോലും പറയുന്നത്‌. മാരകമാ ഫോമിലാണ്‌ ഡുംഗെയും മഞ്ഞപ്പടയും. മൂന്ന്‌ മല്‍സരത്തിനിടെ പത്ത്‌ ഗോളുകളാണ്‌ റോബിഞ്ഞോയും സംഘവും നേടിയത്‌. ആദ്യ മല്‍സരത്തില്‍ ഈജ്‌പ്‌തിന്‌ മുന്നില്‍ പതറിയെന്നത്‌ സത്യം. പക്ഷേ 4-3 ല്‍ വിജയം വരിച്ചു. അമേരിക്കയുടെ വലയില്‍ മൂന്ന്‌ തവണയാണ്‌ നിറയൊഴിച്ചത്‌. ലോക ചാമ്പ്യന്മാരായ ഇറ്റലിയുടെ വലയിലും മൂന്ന്‌ തവണ പന്തെത്തിച്ചു. നാട്ടില്‍ നടക്കുന്ന ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളില്‍ കരുത്തോടെ ഒന്നാം സ്ഥാനത്തേക്ക്‌ കുതിക്കുകയാണ്‌ ബ്രസീല്‍. അടുത്ത വര്‍ഷം ലോകകപ്പ്‌ ആഫ്രിക്കയിലെ ഇതേ വേദികളില്‍ നടക്കുമ്പോള്‍ ഇവിടെ നേടാനാവുന്ന വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്ന്‌ കോച്ച്‌ ഡുംഗെ പറഞ്ഞു.
ഇന്നത്തെ സെമി ബ്രസീലിന്‌ വാം അപ്പാണ്‌. സ്‌പെയിന്‍ ഫൈനലില്‍ വരുമെന്ന്‌ കരുതി ആ മല്‍സരത്തിലേക്കുള്ള വാം അപ്പ്‌. ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ മല്‍സരങ്ങളും ജയിച്ചവരാണ്‌ ബ്രസീലും സ്‌പെയിനും. ദക്ഷിണാഫ്രിക്ക ഭാഗ്യത്തിന്റെ അകമ്പടിയിലാണ്‌ സെമിയിലെത്തിയത്‌. ആദ്യ മല്‍സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാഖിന്‌ മുന്നില്‍ തളര്‍ന്ന്‌ നെഗറ്റീവ്‌ ഫുട്‌ബോള്‍ കാഴ്‌ച്ചവെച്ചതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടവരായിരുന്നു ആതിഥേയര്‍. പക്ഷേ അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ അവര്‍ കരുത്ത്‌ കാട്ടി. ഇന്നത്തെ മല്‍സരം രാത്രി 11-55 മുതല്‍ ഇ.എസ്‌.പി.എന്നില്‍ തല്‍സമയം.

No comments: