Wednesday, May 27, 2009

MESSI AND RO-THE RULERS

റോം: യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്‌ തീരശ്ശീല വീണതോടെ യൂറോപ്പില്‍ ഫുട്‌ബോള്‍ സീസണിനും താല്‍കാലികാന്ത്യം... യൂറോ യോഗ്യത റൗണ്ടുകളും ലോകകപ്പ്‌ യോഗ്യതാ റൗണ്ടുകളുമാണ്‌ ഇനി നടക്കാനുളളത്‌. അതിനിടെ ദേശീയ ടീമുകള്‍ കോണ്‍ ഫെഡറേഷന്‍ കപ്പില്‍ കളിക്കും. ഇത്തവണയും ക്ലബ്‌ ചിത്രത്തില്‍ തെളിഞ്ഞ്‌ നിന്നത്‌ രണ്ട്‌ സൂപ്പര്‍ താരങ്ങളായിരുന്നു. ഇന്നലെ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ പരസ്‌പരം മല്‍സരിച്ച കൃസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. കഴിഞ്ഞ അല്‍പ്പം വര്‍ഷങ്ങളായി യൂറോപ്യന്‍ ഫുട്‌ബോളില്‍ ഉയര്‍ന്നുനില്‍ക്കുന്നത്‌ ഈ രണ്ട്‌ താരങ്ങളാണ്‌. വന്‍കരയിലെ ഫുട്‌ബോള്‍ ബഹുമതികളെല്ലാം പങ്കിട്ടിരുന്നവരും ഇവര്‍ തന്നെ. വലിയ ചാമ്പ്യന്‍ഷിപ്പുകളുടെ ഗോള്‍വേട്ട കാര്യത്തില്‍ പരസ്‌പരം മല്‍സരിച്ചിരുന്നവരും ഇവരായിരുന്നു. ലോക ഫുട്‌ബോളിനെ ഭരിക്കുന്ന ഫിഫ ഏറ്റവും മികച്ച ഫുട്‌ബോളറെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളില്ലെല്ലാം ആദ്യ രണ്ട്‌ സ്ഥാനങ്ങളില്‍ വന്നിരുന്ന പോര്‍ച്ചുഗീസുകാരനും അര്‍ജന്റീനക്കാരനും സ്വന്തം വിലാസം ഇത്തവണയും നിലനിര്‍ത്തിയപ്പോള്‍ നേട്ടങ്ങളുടെ കാര്യത്തില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ബാര്‍സിലോണയും പിറകോട്ട്‌ പോയില്ല. മാഞ്ചസ്‌റ്റര്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടം നിലനിര്‍ത്തിയത്‌ കനത്ത വെല്ലുവിളികളെ അതിജയിച്ചായിരുന്നു. ലിവര്‍പൂളും ചെല്‍സിയും ചെലുത്തിയ വെല്ലുവിളികള്‍ക്ക്‌ മുന്നില്‍ തുടക്കത്തില്‍ പതറിയിട്ടും അവസാനത്തില്‍ രാജകീയമായ തിരിച്ചുവരവാണ്‌ അലക്‌സ്‌ ഫെര്‍ഗൂസണും സംഘവും നടത്തിയത്‌. ജപ്പാനില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോളിലും മാഞ്ചസ്‌റ്ററായിരുന്നു കേമന്മാര്‍. ബാര്‍സിലോണ സ്‌പാനിഷ്‌ കപ്പും സ്‌പാനിഷ്‌ ലീഗും ഉള്‍പ്പെടെ യുവ പരിശീലകനായ ഗുര്‍ഡിയോളക്ക്‌ കീഴില്‍ മികച്ച വിജയങ്ങളാണ്‌ അവര്‍ സീസണില്‍ സ്വന്തമാക്കിയിരിക്കുന്നത്‌.
ഇന്നലെ നടന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനല്‍ സ്‌പാനിഷ്‌-ഇംഗ്ലീഷ്‌ പോരാട്ടമായി, കൃസ്‌റ്റിയാനോ-മെസി അങ്കമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. റോമിലെ ലോകകപ്പ്‌ സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയവര്‍ക്കെല്ലാം പറയാനും ചര്‍ച്ച ചെയ്യാനും ഈ രണ്ട്‌ സൂപ്പര്‍ താരങ്ങള്‍ മാത്രമാണുണ്ടായിരുന്നത്‌. പത്ത്‌ തവണ മെസി ഇംഗ്ലീഷ്‌ പ്രതിയോഗികള്‍ക്കെതിരെ ചാമ്പ്യന്‍സ്‌ ലീഗില്‍ കളിച്ചിട്ടുണ്ട്‌. പക്ഷേ ഒരു തവണ പോലും അദ്ദേഹത്തിന്‌ സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ റോമിലെ ആരാധകര്‍ കാത്തിരുന്നത്‌ മെസിയുടെ ബൂട്ടില്‍ നിന്നും ഒരു ഗോള്‍ കാണാനായിരുന്നു.
ഇന്നലെ സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞ ആരാധകര്‍ മെസിയുടെ കാലില്‍ പന്ത്‌ കിട്ടിയപ്പോഴെല്ലാം ആര്‍ത്തുവിളിക്കുകയായിരുന്നു. ബാര്‍സയുടെ ഇത്‌ വരെയുളള കുതിപ്പുകളില്‍ നിറഞ്ഞ്‌ നിന്നിട്ടുളള മെസിയുടെ പന്തടക്കത്തിനൊപ്പം അദ്ദേഹത്തിന്റെ ദ്രുത ചലനങ്ങളും പലവട്ടം മാഞ്ചസ്റ്റര്‍ പ്രതിരോധത്തെ കുഴക്കിയിരുന്നു. റിയോ ഫെര്‍ഡിനാന്‍ഡായിരുന്നു മെസിക്ക്‌ തടയിടാനായി മാഞ്ചസ്റ്റര്‍ പ്രതിരോധത്തില്‍ ഉറച്ചുനിന്നത്‌.
സ്‌റ്റേഡിയത്തിലെത്തിയ കാണികളില്‍ നാല്‍പ്പത്‌ ശതമാനത്തോളം പേര്‍ മെസിയുടെ പത്താം നമ്പര്‍ കുപ്പായമാണ്‌ അണിഞ്ഞിരുന്നത്‌. സ്‌റ്റേഡിയത്തിന്‌ പുറത്ത്‌ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്‌ ഈ കുപ്പായമായിരുന്നു. യൂറോപ്പിലെ മിന്നലാട്ടങ്ങള്‍ അവസാനിപ്പിച്ച മെസിയും റൊണാള്‍ഡോയും ഇനി സ്വന്തം രാജ്യത്തിനായി പോരാടാന്‍ പോവുകയാണ്‌. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പ്‌ ഫുട്‌ബോളിലേക്ക്‌ സ്വന്തം ടീമുകളെ എത്തിക്കേണ്ട ബാധ്യത ഇവര്‍ക്കുണ്ട്‌. ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ ലാറ്റിനമേരിക്കയില്‍ അര്‍ജന്റീനയും യൂറോപ്പില്‍ പോര്‍ച്ചുഗലും വിറക്കുകയാണ്‌. ലാറ്റിനമേരിക്കയില്‍ പരാഗ്വേ, ബ്രസീല്‍ എന്നിവര്‍ക്ക്‌ പിറകില്‍ മൂന്നാമതാണ്‌ അര്‍ജന്റീന. പോര്‍ച്ചുഗലാവട്ടെ യൂറോപ്യന്‍ മല്‍സരങ്ങളില്‍ തപ്പിതടയുകയാണ്‌.

ഡെംപോ പുറത്ത്‌
കുവൈറ്റ്‌ സിറ്റി: ഏ.എഫ്‌.സി കപ്പ്‌ ഫുട്‌ബോളില്‍ നിന്നും ഇന്ത്യന്‍ പ്രതിനിധികളായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ പുറത്തായി. പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കുവൈറ്റിലെ ചാമ്പ്യന്‍ ക്ലബായ കുവൈറ്റ്‌ എസ്‌.സി 3-1ന്‌ ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തി. 44 ഡിഗ്രി സെല്‍ഷ്യസ്‌ ചൂടിലും തകര്‍പ്പന്‍ പോരാട്ടം കാഴ്‌ച്ചവെച്ചാണ്‌ ഡെംപോ കീഴടങ്ങിയത്‌. കൈഫന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ തടി മിടുക്കിന്റെ ആനുകൂല്യം കുവൈറ്റ്‌ ടീമിനായിരുന്നുവെങ്കിലും മികച്ച ഫുട്‌ബോള്‍ കാഴ്‌ച്ചവെച്ചത്‌ ഗോവന്‍ സംഘമായിരുന്നു. ക്യാപ്‌റ്റന്‍ ക്ലൈമാക്‌സ്‌ ലോറന്‍സ്‌, ആന്റണി പെരേര, റാന്‍ഡി മാര്‍ട്ടിനസ്‌, ബ്രസീലുകാരനായ ബെറ്റോ തുടങ്ങിയവരെല്ലാം മനോഹര ഫുട്‌ബോളുമായി കാണികളുടെ മനം കവര്‍ന്നെങ്കിലും ഡിഫന്‍സിന്റെ പിഴവ്‌ ടീമിന്‌ വിനായി. കുവൈറ്റ്‌ നേടിയ മൂന്ന്‌ ഗോളുകളില്‍ രണ്ടും പെനാല്‍ട്ടി കിക്കില്‍ നിന്നായിരുന്നു. ഒന്നാം പകുതിയുടെ ഇരുപതാം മിനുട്ടിലായിരുന്നു കുവൈറ്റിന്റെ ആദ്യ ഗോള്‍. ഈ ഗോളിന്റെ ലീഡില്‍ അറുപതാം മിനുട്ട്‌ വരെ മുന്നേറിയ ആതിഥേയര്‍ ഡെംപോ ഡിഫന്‍സിന്റെ പിഴവില്‍ നിന്നും കോര്‍ണര്‍ കിക്കിലൂടെ രണ്ടാം ഗോള്‍ നേടി. എന്നാല്‍ പത്ത്‌ മിനുട്ടിന്‌ ശേഷം ബെറ്റോ ഡെംപോക്കായി തിരിച്ചടിച്ചതോടെ കളി മാറി. ഗോവന്‍ കോച്ചായ അര്‍മാന്‍ഡോ കോളോസോ ഇതോടെ മുന്‍നിരയില്‍ മൂന്ന്‌ പേരെ അണിനിരത്തി ആക്രമണം ശക്തമാക്കി. പക്ഷേ പ്രത്യാക്രമണത്തില്‍ നിന്നും ലഭിച്ച പെനാല്‍ട്ടിയിലൂടെ കുവൈറ്റ്‌ ടീം മൂന്നാം ഗോള്‍ നേടിയതോടെ അവരുടെ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ ഉറപ്പായി.
കുവൈറ്റില്‍ അധിവസിക്കുന്ന ഗോവക്കാരില്‍ ഭൂരിപക്ഷവും സ്വന്തം ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.

ബാറ്റിംഗ്‌ ടെന്‍ഷന്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞതാണ്‌ സത്യം..... വീരേന്ദര്‍ സേവാഗിനും ഗൗതം ഗാംഭീറിനും അത്യാവശ്യ വിശ്രമം നിര്‍ബന്ധമാണ്‌. 20:20 ലോകകപ്പിന്റെ രണ്ടാം എപ്പിസോഡ്‌ ഇംഗ്ലണ്ടില്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങളില്ല. ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ എല്ലാ താരങ്ങള്‍ക്കും ലോകകപ്പിനുള്ള ശക്തമായ ഒരുക്കമാണ്‌. ലോകകപ്പ്‌ പോലെ വലിയ ചാമ്പ്യന്‍ഷിപ്പിന്‌ മുന്നോടിയായി ഇത്രയും മികച്ച ഒരുക്കം ഒരു ടീമിനും താരങ്ങള്‍ക്കും ഇതിന്‌ മുമ്പ്‌ ലഭിച്ചിട്ടുണ്ടാവില്ല, ഇനി ലഭിക്കാനും പോവുന്നില്ല.
ഇന്ത്യയെ സംബന്ധിച്ച്‌ ഈ ഒരുക്ക ചാമ്പ്യന്‍ഷിപ്പ്‌ തലവേദനയായി മാറുമോ എന്നതാണ്‌ സംശയിക്കേണ്ടിയിരിക്കുന്നത്‌. നമ്മുടെ ഓപ്പണര്‍മാരായ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും ഐ.പി.എല്ലില്‍ പരാജയമായിരുന്നു. ഇരുവരും ഒരു ടീമിന്‌ വേണ്ടിയാണ്‌ കളിച്ചത്‌. എന്നിട്ടും നല്ല തുടക്കം പലപ്പോഴും ടീമിന്‌ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം ഗാംഭീര്‍ പതിനഞ്ച്‌ 20:20 മല്‍സരങ്ങളില്‍ കളിച്ചു. ആകെയുളള അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ ശരാശരി 22 മാത്രമാണ്‌. പതിനൊന്ന്‌ മല്‍സരങ്ങള്‍ കളിച്ച സേവാഗിന്റെ ശരാശരി 19.38 ഉം.
തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം ഇരുവരും തളരുന്നു എന്നതിന്റെ സൂചനയാണ്‌ ഐ.പി.എല്ലില്‍ കണ്ടത്‌. സമീപകാലത്ത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം നേടിയ വിജയങ്ങള്‍ക്ക്‌ പിറകില്‍ സേവാഗ്‌-ഗാംഭീര്‍ സഖ്യം നല്‍കിയ മിന്നുന്ന തുടക്കമായിരുന്നു. ഏകദിനങ്ങളിലും 20:20 യിലും പരസ്‌പര ധാരണയില്‍ പ്രതിയോഗികളെ തുടക്കത്തില്‍ തന്നെ പിന്‍പാദത്തിലാക്കാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞിരുന്നു. പക്ഷേ ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി ബാറ്റിംഗ്‌ വീര്യം പ്രകടിപ്പിക്കാന്‍ ഇരുവര്‍ക്കുമായില്ല. ഡെയര്‍ഡെവിള്‍സ്‌ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ കളിച്ചത്‌ എബി ഡി വില്ലിയേഴ്‌സ്‌, തിലകരത്‌നെ ദില്‍ഷാന്‍, ദിനേശ്‌ കാര്‍ത്തിക്‌ തുടങ്ങിയവരുടെ മികവിലായിരുന്നു.
സേവാഗിന്റെയും ഗാംഭീറിന്റെയും ശൈലിയും തന്ത്രങ്ങളും പ്രതിയോഗികള്‍ മനസ്സിലാക്കിയിരിക്കുന്നു എന്ന സത്യത്തെയും മറക്കാനാവില്ല. ഐ.പി.എല്ലില്‍ നിരവധി വിദേശ താരങ്ങള്‍ കളിച്ചിട്ടുണ്ട്‌. ഡല്‍ഹി സംഘത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ ഡി വില്ലിയേഴ്‌സും ന്യൂസിലാന്‍ഡിന്റെ ഡാനിയല്‍ വെട്ടോരിയും ശ്രീലങ്കയുടെ ദില്‍ഷാനുമെല്ലാമുണ്ടായിരുന്നു.
ഓസ്‌ട്രേലിയന്‍ തന്ത്രങ്ങള്‍ ഇവിടെയാണ്‌ പ്രസക്തമാവുന്നത്‌. മൈക്കല്‍ ക്ലാര്‍ക്ക്‌, ഷെയിന്‍ വാട്ട്‌സണ്‍, നതാന്‍ ബ്രാക്കന്‍, ഷോണ്‍ ടെയിറ്റ്‌ തുടങ്ങിയവരെയൊന്നും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‌ ഓസ്‌ട്രേലിയ വിട്ടില്ല. 20:20 യില്‍ ഓസ്‌ട്രേലിയക്ക്‌ മികച്ച റെക്കോര്‍ഡില്ല. കഴിഞ്ഞ ലോകകപ്പില്‍ അവരുടെ പ്രകടനം മോശമായിരുന്നു. ഈ മോശം റെക്കോര്‍ഡ്‌ ഇല്ലാതാക്കി ഇത്തവണ കപ്പുമായി മടങ്ങാന്‍ തന്നെയാണ്‌ ക്രിക്കറ്റ്‌്‌ ഓസ്‌ട്രേലിയയുടെ സെലക്ടര്‍മാര്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. ഷെയിന്‍ വാട്ട്‌സണും നതാന്‍ ബ്രാക്കനും അവര്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ അനുമതി നല്‍കാതിരുന്നത്‌ ബോധപൂര്‍വ്വമാണ്‌. ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച സമയത്ത്‌ വാട്ട്‌സണും ബ്രാക്കനുമെല്ലാം ദുബായില്‍ പാക്കിസ്‌താനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുകയായിരുന്നു. ഈ പരമ്പരക്ക്‌ ശേഷമാണ്‌ ആന്‍ഡ്ര്യൂ സൈമണ്ട്‌സും ബ്രെട്ട്‌്‌ ലീയും ഡേവിഡ്‌ ഹസിയുമെല്ലാം സ്വന്തം ഐ.പി.എല്‍ ടീമുകളില്‍ ചേര്‍ന്നത്‌. വാട്ട്‌സണും ബ്രാക്കനുമൊന്നും പക്ഷേ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ അനുമതി നല്‍കിയില്ല. പോയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‌ ഐ.പി.എല്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച താരമായിരുന്നു വാട്ട്‌സണ്‍. ഇന്ത്യന്‍ ക്രിക്കറ്റ്‌ അധികാരികള്‍ക്ക്‌ പക്ഷേ ഈ മുന്‍കരുതല്‍ നടപടികള്‍ക്ക്‌ കഴിയുമായിരുന്നില്ല. ഐ.പി.എല്‍ നടത്തുന്നത്‌ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌. അതിനാല്‍ സ്വന്തം താരങ്ങളെ മറച്ചുപിടിക്കാന്‍ കഴിയില്ല. ജൂണ്‍ ആറിനാണ്‌ ലോകകപ്പ്‌ ഇംഗ്ലണ്ടില്‍ ആരംഭിക്കുന്നത്‌. ഏഴിന്‌ ബംഗ്ലാദേശുമായാണ്‌ ഇന്ത്യയുടെ ആദ്യ മല്‍സരം. കഴിഞ്ഞ തവണ ദക്ഷിണാഫ്രിക്കയില്‍ മഹേന്ദ്രസിംഗ്‌ ധോണി നയിച്ച ഇന്ത്യന്‍ സംഘം കളിച്ചത്‌ ഒട്ടും സമ്മര്‍ദ്ദമില്ലാതെയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, രാഹുല്‍ ദ്രാവിഡ്‌ തുടങ്ങിയ വന്‍ താരങ്ങളെ കൂടാതെ തികച്ചും പരീക്ഷണമെന്ന നിലയിലാണ്‌ ധോണിയുടെ ടീം കളിച്ചിരുന്നത്‌. ഈ സമ്മര്‍ദ്ദക്കുറവാണ്‌ ലോകകപ്പ്‌ സ്വന്തമാക്കാന്‍ ടീമിനെ സഹായിച്ചത്‌. എന്നാല്‍ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം സമ്മര്‍ദ്ദം ഇന്ത്യക്കാണ്‌. നിലവിലെ ചാമ്പ്യന്മാര്‍ എന്നതിനൊപ്പം ക്രിക്കറ്റിലെ ഏറ്റവും വലിയ കരുത്തര്‍ എന്ന സ്ഥാനവും ഇന്ത്യക്കാണ്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ പോലെ വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ കളിക്കാന്‍ അവസരം ലഭിച്ച ടീമെന്ന നിലയിലും സമ്മര്‍ദ്ദത്തിന്‌ കുറവുണ്ടാവില്ല.
വ്യക്തിഗതമായി ഇന്ത്യന്‍ താരങ്ങളെല്ലാം മിടുക്കരാണ്‌. സേവാഗും ഗാംഭീറും മികച്ച ഓപ്പണര്‍മാര്‍. എം.എസ്‌ ധോണിയും യുവരാജ്‌സിംഗും സുരേഷ്‌ റൈനയും രോഹിത്‌ ശര്‍മ്മയും മികച്ച ബാറ്റ്‌സ്‌മാന്മാര്‍. പത്താന്‍ സഹോദരന്മാരും പ്രവീണ്‍ കുമാറുമെല്ലാം നല്ല ഓള്‍റൗണ്ടര്‍മാര്‍. ബൗളര്‍മാരില്‍ സഹീര്‍ഖാനും ഇഷാന്ത്‌ ശര്‍മ്മയും ഹര്‍ഭജന്‍സിംഗും പ്രഗ്യാന്‍ ഒജയുമെല്ലാം കേമന്മാര്‍. ഈ വ്യക്തിഗത മികവിനെ ടീമെന്ന നിലയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നതില്‍ ധോണിയിലെ നായകന്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വന്തം താരങ്ങളുടെ മികവിനെ പ്രയോജനപ്പെടത്താന്‍ ധോണി മിടുക്കനാണ്‌. പക്ഷേ തുടക്ക മല്‍സരങ്ങള്‍ പാളിയാല്‍ ധോണിയും സമ്മര്‍ദ്ദത്തിലാവും. ഇവിടെയാണ്‌ പ്രശ്‌നം വരുക. ഇനി അല്‍പ്പദിവസങ്ങള്‍
കൂടി സേവാഗിനും ഗാംഭീറിനും വിശ്രമത്തിന്‌ അവസരമുണ്ട്‌. ജൂണ്‍ ആറിലെ ഇവരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ ഭാവി.

കേരളം വീണ്ടും
കോയമ്പത്തൂര്‍: സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കാന്‍ കേരളമിന്ന്‌ ചത്തിസ്‌ഗറുമായി കളിക്കുന്നു. ക്ലസ്‌റ്റര്‍ ഒന്നിലെ ആദ്യ മല്‍സരത്തില്‍ ചണ്ഡിഗറിനെ അഞ്ച്‌ ഗോളിന്‌ തോല്‍പ്പിച്ച കേരളത്തിന്‌ ഇന്നത്തെ മല്‍സരത്തില്‍ സമനില നേടിയാല്‍ മാത്രം പ്രി ക്വാര്‍ട്ടര്‍ കളിക്കാം. പക്ഷേ ചത്തിസ്‌ഗര്‍ ദുര്‍ബലരായതിനാല്‍ വലിയ മാര്‍ജിനിലുളള വിജയമാണ്‌ കേരളം ലക്ഷ്യമിടുന്നത്‌്‌. ഇന്ന്‌ നടക്കുന്ന മറ്റ്‌ മല്‍സരങ്ങളില്‍ പോണ്ടിച്ചേരി മധ്യപ്രദേശിനെയും മിസോറാം ജമ്മു കാശ്‌മീരിനെയും ആസാം ഇന്ത്യന്‍ റെയില്‍വേസിനെയും രാജസ്ഥാന്‍ ഹിമാചല്‍ പ്രദേശിനെയും ആതിഥേയരായ തമിഴ്‌നാട്‌ ത്രിപുരയെയും നേരിടും.

യു.പി, ഉത്തര്‍ഖണ്ഡ്‌ പുറത്ത്‌
കോയമ്പത്തൂര്‍: അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിവസവും ഗോള്‍വേട്ട. വിവിധ വേദികളില്‍ നടന്ന ക്ലസ്‌റ്റര്‍ മല്‍സരങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടിയത്‌ ബിഹാര്‍. ദുര്‍ബലരായ ഗുജറാത്തിനെ പത്ത്‌ ഗോളുകള്‍ക്കാണ്‌ അവര്‍ തകര്‍ത്തത്‌. മേഘാലയക്ക്‌ മുന്നില്‍ ഒരു ഗോള്‍ വാങ്ങി ഉത്തര്‍പ്രദേശ്‌ പുറത്തായപ്പോള്‍ താര്‍ഖണഡ്‌ 3-2ന്‌ ഒറീസയെ തോല്‍പ്പിച്ചു. ഉത്തര്‍ഖണ്ഡും സിക്കിമും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു.
കഴിഞ്ഞ വര്‍ഷം കാശ്‌മീരില്‍ മികവ്‌ പ്രകടിപ്പിച്ച ഉത്തര്‍ പ്രദേശിന്റെ തോല്‍വിയാണ്‌ ഇത്തവണ ശ്രദ്ധേയമായത്‌. ആദ്യ മല്‍സരത്തില്‍ മഹാരാഷ്ട്രക്ക്‌ മുന്നില്‍ മൂന്ന്‌ ഗോളിന്‌ തോറ്റ യു.പി ഇന്നലെ മേഘാലയയോടും തോറ്റ്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായിരിക്കയാണ്‌. ക്ലസ്റ്റര്‍ രണ്ടില്‍ ഇന്നലെ മേഘാലയ ജയിച്ചതോടെ അവസാന മല്‍സരത്തില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തിയാല്‍ അവര്‍ക്ക്‌ മുന്നേറാന്‍ അവസരമൊരുങ്ങിയിരിക്കയാണ്‌.
ക്ലസ്റ്റര്‍ നാലില്‍ ഒറിസയെ 2-3ന്‌ പരാജയപ്പെടുത്തി താര്‍ഖണ്ഡ്‌ പ്രി ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ ഗോവയെ പരാജയപ്പെടുത്താനായാല്‍ താര്‍ഖണ്ഡിന്‌ പ്രി ക്വാര്‍ട്ടര്‍ കളിക്കാം. ക്ലസ്റ്റര്‍ ആറില്‍ നിന്നും ഉത്തര്‍ഖണ്ഡ്‌ പുറത്തായി. ആദ്യ മല്‍സരത്തില്‍ മണിപ്പൂരിനോട്‌ ഒമ്പത്‌ ഗോളുകള്‍ വാങ്ങിയ ഉത്തര്‍ഖണ്ഡിന്‌ ഇന്നലെ ജയിച്ചാല്‍ മാത്രമായിരുന്നു പ്രതീക്ഷ. സമനില സീക്കിമിനും ആഘാതമാണ്‌. അവസാന ഗ്രൂപ്പ്‌ മല്‍സരത്തില്‍ മണിപ്പൂരിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമാണ്‌ അവര്‍ക്ക്‌ രക്ഷ. ക്ലസ്റ്റര്‍ ഏഴില്‍ ബിഹാര്‍ ഗുജറാത്തിനെ ഇല്ലാതാക്കുകയായിരുന്നു.

No comments: