Thursday, May 28, 2009

MEGA BARCA, MEGA MESSI

സ്‌പോര്‍ട്‌സ്‌ വര്‍ക്ക്‌ഷോപ്പ്‌
കോഴിക്കോട്‌: സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്റെ സഹകരണത്തോടെ കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബ്‌ സംഘടിപ്പിക്കുന്ന ദ്വിദിന സ്‌പോര്‍ട്‌സ്‌ ജര്‍ണലിസ്‌റ്റ്‌സ്‌ വര്‍ക്ക്‌ഷോപ്പ്‌ നാളെയും മറ്റന്നാളുമായി കാപ്പാട്‌ റിനൈസന്‍സ്‌ ബീച്ച്‌ റിസോര്‍ട്ടില്‍ നടക്കും. സംസ്ഥാന തലത്തില്‍ നടത്തപ്പെടുന്ന വര്‍ക്ക്‌ഷോപ്പ്‌ നാളെ രാവിലെ പത്തിന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി എം.വിജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡണ്ട്‌ ടി.പി ദാസന്‍ അദ്ധ്യക്ഷനായിരിക്കും. മുതിര്‍ന്ന കളിയെഴുത്തുകാരായ വിംസി, കെ.പി.ആര്‍ കൃഷ്‌ണന്‍, കെ.കോയ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മലയാള മനോരമ സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കെ.എന്‍.ആര്‍ നമ്പൂതിരി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വി.രാജഗോപാല്‍, ചന്ദ്രിക സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കമാല്‍ വരദൂര്‍, ദേശാഭിമാനി സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ ഏ.എന്‍ രവീന്ദ്രദാസ്‌, കേരളാ കൗമുദി അസിസ്‌റ്റന്‍ഡ്‌ എഡിറ്റര്‍ മുരളീകൃഷ്‌ണ, ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ തലവന്‍ സതീഷ്‌ ചന്ദ്രന്‍ എന്നിവരുടെ നേതൃത്ത്വത്തിലാണ്‌ വര്‍ക്ക്‌ഷോപ്പ്‌. ഒളിംപ്യന്‍ പി.ടി ഉഷ, ഫുട്‌ബോളര്‍ ഐ.എം വിജയന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കിടാനായി ക്യാമ്പിലെത്തും. 31 ന്‌ ഉച്ചക്ക്‌ സമാപിക്കും. ക്യാമ്പ്‌ സംബന്ധിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ക്ക്‌ 9447637539 എന്ന നമ്പറില്‍ ബന്ധപ്പെടണം.

ബാര്‍സ
റോം: ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ബാര്‍സിലോണയുടെ സ്വപ്‌നദിനം....... അതിമനോഹരമായ, ചേതോഹരമായ, കരുത്തേറിയ ഫുട്‌ബോളുമായി യൂറോപ്യന്‍ സോക്കര്‍ ലോകത്തിന്റെ അത്യുന്നതിയില്‍ ഒരിക്കല്‍ക്കൂടി ബാര്‍സിലോണ കൊടി നാട്ടി. ഒരു വര്‍ഷം മുമ്പ്‌ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിന്‍ ഉയരങ്ങളിലെത്തിയത്‌ പോലെ, സ്‌പെയിനില്‍ നിന്നും മറ്റൊരു ടീം ക്ലബ്‌ തലത്തില്‍ അജയ്യത തെളിയിച്ചപ്പോള്‍ സോക്കര്‍ ലോകത്ത്‌ ഇനി സ്‌പെയിന്‍ മാത്രമാണ്‌. ഇരു പകുതികളിലായി നേടിയ ഗോളുകള്‍ക്കാണ്‌ ബാര്‍സിലോണ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ചാമ്പ്യന്മാരും നിലവിലെ യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ജേതാക്കളുമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തിയത്‌. ആദ്യ പകുതിയുടെ പത്താം മിനുട്ടില്‍ കാമറൂണുകാരന്‍ സാമുവല്‍ ഇറ്റോ ബാര്‍സിലോണയുടെ കരുത്തായപ്പോള്‍ രണ്ടാം പകുതിയില്‍ സ്വതസിദ്ധമായ മാജിക്‌ ഗോളില്‍ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസി വിജയമുറപ്പിച്ചു. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ബഹുമതി സ്വന്തമാക്കാന്‍ മൈതാനത്തിറങ്ങിയ മാഞ്ചസ്റ്റര്‍ മല്‍സരത്തിന്റെ ആദ്യ പത്ത്‌ മിനുട്ടില്‍ മാത്രമായിരുന്നു ചിത്രത്തില്‍. സാമുവല്‍ ഇറ്റോയുടെ ഗോളോടെ ആധിപത്യം നേടിയ ബാര്‍സ പിന്നീട്‌ ഒരു ഘട്ടത്തിലും തിരിഞ്ഞ്‌ നോക്കിയില്ല. വിജയം വഴി സ്‌പാനിഷ്‌ കപ്പും സ്‌പാനിഷ്‌ ലീഗും കിംഗ്‌സ്‌ കപ്പും ഇപ്പോള്‍ ചാമ്പ്യന്‍സ്‌ ലീഗുമായി ബാര്‍സ സ്‌പാനിഷ്‌ സോക്കര്‍ ചരിത്രത്തില്‍ അപൂര്‍വ്വ റെക്കോര്‍ഡ്‌ സ്വന്തമാക്കി.
ആന്‍ഡ്രിയാസ്‌ ഇനിയസ്‌റ്റ, സാവി എന്നിവര്‍ നയിച്ച മധ്യനിരയായിരുന്നു ബാര്‍സയുടെ കരുത്ത്‌. ഈ രണ്ട്‌ പേരും ചേര്‍ന്ന്‌ നല്‍കിയ പാസുകളില്‍ ഇറ്റോയും തിയറി ഹെന്‍ട്രിയും ലയണല്‍ മെസിയും കളം വാണു. യൂറോയില്‍ സ്‌പാനിഷ്‌ ദേശീയ ടീമിന്‌ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ച സാവി മല്‍സരത്തിലുടനീളം അപാര ഫോമിലായിരുന്നു. ആദ്യ പത്ത്‌ മിനുട്ട്‌ മാത്രമാണ്‌ ബാര്‍സ അല്‍പ്പം പിറകില്‍നിന്നത്‌. പത്താം മിനുട്ടില്‍ ഇറ്റോയുടെ കരുത്ത്‌ മാഞ്ചസ്‌റ്റര്‍ പ്രതിരോധം ശരിക്കുമറിഞ്ഞു. ഒറ്റയോട്ടത്തില്‍ മാഞ്ചസ്‌റ്റര്‍ ഡിഫന്‍ഡര്‍ നെമാജ വിദിക്കിനെ പിറകിലാക്കിയ ഇറ്റോ അനുഭവ സമ്പന്നനായ ഗോള്‍ക്കീപ്പര്‍ വാന്‍ഡര്‍ സറിനും പിടി നല്‍കിയില്ല. ഈ ഗോള്‍ മാഞ്ചസ്‌റ്ററിനെ ആകെയുലച്ചു. കൃസ്‌റ്റിയാനോ റൊണാള്‍ഡോയും വെയിന്‍ റൂണിയുമെല്ലാം പന്തിനായി അലയുന്ന കാഴ്‌ച്ചയില്‍ കളം നിറയെ ബാര്‍സക്കാരായിരുന്നു. സാവിയുടെ ഫ്രി കിക്ക്‌ ബാറില്‍ തട്ടി തെറിച്ചത്‌ മാഞ്ചസ്റ്ററിന്റെ ഭാഗ്യമായിരുന്നു. പിറകെ ഹെന്‍ട്രിയുടെ തകര്‍പ്പനൊരു ഷോട്ട്‌ വാന്‍ഡര്‍സര്‍ തട്ടി പുറത്താക്കി. രണ്ടാം പകുതിയില്‍ മെസിയായിരുന്നു കളി നിയന്ത്രിച്ചത്‌. റിയോ ഫെര്‍ഡിനാന്‍ഡ്‌ അര്‍ജന്റീനക്കാരനെ വിടാതെ പിന്തുടര്‍ന്നിട്ടും ലോംഗ്‌ വിസിലിന്‌ ഇരുപത്‌ മിനുട്ട്‌ മുമ്പ്‌ ആ മാജിക്‌ ലോകം കണ്ടു. തന്റെ ഉയരക്കുറവ്‌ ഒരു പ്രശ്‌നമല്ലെന്ന്‌ തെളിയിച്ച മെസി സാവിയുടെ ക്രോസിന്‌ ഉയര്‍ന്നു ചാടി തല വെച്ചപ്പോള്‍ വാന്‍ഡര്‍ സര്‍ പോലും ഞെട്ടി.
വെയിന്‍ റൂണി 90 മിനുട്ടും മങ്ങിയതാണ്‌ മാഞ്ചസ്‌റ്ററിനെ കാര്യമായി ബാധിച്ചത്‌. മല്‍സരത്തിന്റെ തുടക്കത്തില്‍ ബാര്‍സക്ക്‌ തലവേദനയാവുമെന്ന്‌ തെളിയിച്ചുളള കൃസ്‌റ്റിയാനോയുടെ നീക്കങ്ങളുണ്ടായിരുന്നു. പക്ഷേ ഇറ്റോയുടെ ഗോളില്‍ കൃസ്‌റ്റിയാനോ മങ്ങിയപ്പോള്‍, പകരം തിളങ്ങാന്‍ റൂണിക്കായില്ല. പഴയ ലോംഗ്‌ ഷോട്ടുകളും, മിന്നല്‍ നിക്കങ്ങളുമൊന്നും ഇംഗ്ലീഷ്‌ താരത്തില്‍ നിന്നുണ്ടായില്ല. സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട ഡാരന്‍ ഫ്‌ളച്ചര്‍ക്ക്‌ പകരം റ്യാന്‍ ഗിഗ്‌സിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ഇംഗ്ലീഷ്‌സംഘത്തെ ഇറക്കിയത്‌. ഫെര്‍ഗിയുടെ നീക്കം ഗുണം ചെയ്‌തുവെന്നാണ്‌ തുടക്കത്തില്‍ തോന്നിയത്‌. മല്‍സരത്തിന്‌ രണ്ട്‌ മിനുട്ട്‌ മാത്രം പ്രായമായപ്പോള്‍ കൃസ്‌റ്റിയാനോയുടെ ഷോട്ട്‌ പിടിക്കുന്നതില്‍ ബാര്‍സ ഗോള്‍ക്കീപ്പര്‍ വാല്‍ഡസ്‌ പരിഭ്രാന്തി പ്രകടിപ്പിച്ചത്‌ ഇംഗ്ലീഷ്‌ ക്യാമ്പിന്‌ ആവേശം പകര്‍ന്നിരുന്നു. കൃസ്റ്റിയാനോയുടെ ഷോട്ട്‌ കൈയ്യില്‍ നിന്ന്‌ വഴുതി കൊറിയക്കാരന്‍ പാര്‍ക്‌ ജി സംഗിലേക്ക്‌ വരവെ ജെറാര്‍ഡ്‌ പിക്‌ ഇടപ്പെട്ടതാണ്‌ ബാര്‍സക്ക്‌ തുണയായത്‌. അല്ലാത്തപക്ഷം അത്‌ ഗോളായി മാറുമായിരുന്നു. അടുത്ത നാല്‌ മിനുട്ടില്‍ രണ്ട്‌ തവണ കൂടി റൊണാള്‍ഡോ ബാര്‍സ വല ലക്ഷ്യമിട്ടു. മല്‍സരം സ്വന്തം കൈപ്പിടിയില്‍ നിന്ന്‌ അകലുന്നു എന്ന ഘട്ടത്തിലായിരുന്നു ഇറ്റോയുടെ ഗോള്‍. ഇറ്റോയുടെ കുതിപ്പ്‌ കണ്ട മാര്‍ക്‌ വിദിക്‌ മുന്നോട്ട്‌ കയറി തടയാനാണ്‌ ശ്രമിച്ചത്‌. പക്ഷേ സൂത്രത്തില്‍ വിദികിനെ പിറകിലാക്കി ബോക്‌സില്‍ കയറിയ കാമറൂണുകാരന്‌ മുന്നില്‍ ഗോള്‍ക്കീപ്പര്‍ക്ക്‌്‌ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കളിയുടെ ഗതിക്ക്‌ വിപരീതമായിട്ടായിരുന്നു ഈ ഗോള്‍. പക്ഷേ മല്‍സരത്തിലേക്ക്‌ കരുത്തോടെ തിരിച്ചുവരാന്‍ ഇത്‌ വഴി ബാര്‍സക്കായി. ഇനിയസ്‌റ്റയും സാവിയും മധ്യനിരയില്‍ ആധിപത്യം സ്ഥാപിച്ചതും ഇറ്റോയുടെ ഗോളിന്‌ ശേഷമായിരുന്നു.
കാലിന്‌ പരുക്കുണ്ടായിരുന്ന ആന്ദ്രെ ഇനിയസ്റ്റ ഒരു ഘട്ടത്തില്‍ പോലും ആരോഗ്യപ്രശ്‌നം പുറത്തുകാട്ടിയില്ല. ഇനിയസ്റ്റയും സാവിയും കളം വാഴാന്‍ തുടങ്ങിയപ്പോള്‍ മെസിയുടെ കാലുകളില്‍ പന്ത്‌ എളുപ്പമെത്തി. മെസി തിളങ്ങി നില്‍ക്കവെ മാഞ്ചസ്റ്റര്‍ കോച്ച്‌്‌ ഫെര്‍ഗി ആന്‍ഡേഴ്‌സണ്‌ പകരം അര്‍ജന്റീനക്കാരനായ കാര്‍ലോസ്‌ ടെവസിനെ ഇറക്കി. ഇതും ഫലം ചെയ്‌തില്ല. അതിനിടെ റിയോ ഫെര്‍ഡിനാന്‍ഡിന്‌ പിറകിലാക്കി മാഞ്ചസ്റ്റര്‍ ബോക്‌സില്‍ കയറിയ ഹെന്‍ട്രിക്ക്‌ അല്‍പ്പം കൊണ്ട്‌ പിഴച്ചു. മെസിയെ വിദിക്‌ ഫൗള്‍ ചെയ്‌തതിന്‌ അനുവദിക്കപ്പെട്ട ഫ്രി കിക്ക്‌ സാവി മാഞ്ചസ്റ്റര്‍ വലയിലേക്ക്‌ പായിച്ചിരുന്നു. ഗോള്‍ക്കീപ്പര്‍ പരാജയപ്പെട്ട കാഴ്‌ച്ചയില്‍ ക്രോസ്‌ ബാര്‍ ഇംഗ്ലണ്ടുകാരുടെ രക്ഷക്കെത്തി. കളി അവസാനിക്കാന്‍ 25 മിനുട്ട്‌ ശേഷിക്കവെ പാര്‍ക്കിന്‌ പകരം ഫെര്‍ഗി ഡിമിതര്‍ ബെര്‍ബതോവിനെ ഇറക്കി. ഈ നീക്കവും ഫലം ചെയ്‌തില്ല. മാഞ്ചസ്റ്റര്‍ നിരയിലെ നിരാശപോലെ അവസാനത്തില്‍ കൃസ്‌റ്റിയാനോ മഞ്ഞകാര്‍ഡ്‌ വാങ്ങിയപ്പോള്‍ സ്‌പാനിഷ്‌ ക്ലബിന്റെ ആരോഹണത്തിന്‌ കര്‍ട്ടന്‍ ഉയര്‍ന്നിരുന്നു.

നമ്പര്‍ വണ്‍
റോം:ലോക ഫുട്‌ബോളിലെ നമ്പര്‍ വണ്‍ മുന്‍നിരക്കാരന്‍ ലയണല്‍ മെസിയല്ലാതെ മറ്റാരുമല്ല.... ഇന്നലെ ഇവിടെ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മാനദണ്‌ഢമാണെങ്കില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയെക്കാള്‍ കേമന്‍ അര്‍ജന്റീനക്കാരന്‍ തന്നെ. ഫൈനല്‍ മല്‍സരം അവസാനിക്കാന്‍ 20 മിനുട്ട്‌ മാത്രം ശേഷിക്കെ മെസി നേടിയ ഗോള്‍ തന്നെ ഇരുവരും തമ്മിലുള്ള മാറ്റത്തിന്റെ തെളിവ്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ ഇത്‌ വരെ പത്ത്‌ മല്‍സരങ്ങളില്‍ ഇംഗ്ലീഷ്‌ പ്രതിയോഗികള്‍ക്കെതിരെ കളിച്ചപ്പോള്‍ ഒരു തവണ പോലും ഗോള്‍ നേടാന്‍ കഴിയാതിരുന്ന മെസി ഇന്നലെ എല്ലാത്തിനും പരിഹാരമിട്ട്‌ നേടിയ ഗോള്‍. യൂറോപ്പ്‌ ഈ സീസണില്‍ ദര്‍ശിച്ച അതിമനോഹരമായ ഗോളുകളില്‍ ഒന്നായിരുന്നു. ഉയരക്കുറവാണ്‌ മെസിയുടെ പ്രശ്‌നമെന്ന്‌ പറഞ്ഞവര്‍ക്ക്‌ മുന്നിലൂടെ വാനിലുയര്‍ന്ന്‌ മെസി പായിച്ച ഹെഡര്‍ ഗോള്‍ അപാരമായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ പെനാല്‍ട്ടി ബോക്‌സ്‌ ലക്ഷ്യമാക്കി സാവി നല്‍കിയ ക്രോസിന്‌ ഉയര്‍ന്നു ചാടിയ മെസി പന്ത്‌ വലയിലേക്ക്‌ ചെത്തിയിടുകയായിരുന്നു. മെസിയുടെ ഇത്തരം ഹെഡ്ഡര്‍ ഗോളുകള്‍ വലിയ ഫൈനലില്‍ ഇതാദ്യമാണ്‌.
ലോകത്തിലെ ഏറ്റവും മികച്ച മുന്‍നിരക്കാരനുളള മല്‍സരത്തില്‍ പലപ്പോഴും മെസി റൊണാള്‍ഡോക്ക്‌ മുന്നില്‍ നിറം മങ്ങിയിട്ടുണ്ട്‌. കഴിഞ്ഞ സീസണില്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ കിരീടവും യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടവും സ്വന്തമാക്കിയത്‌ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ കരുത്തിലായിരുന്നു. ഗോള്‍ വേട്ട നടത്തിയ പോര്‍ച്ചുഗീസുകാരനെ തേടി ആ സീസണില്‍ യൂറോപ്പിലെ മിക്ക സോക്കര്‍ പുരസ്‌ക്കാരങ്ങളും ഫിഫ ഫുട്‌ബോളര്‍ ഓഫ്‌ ദ ഇയര്‍ പട്ടവുമെത്തി. ഇത്തവണ ബാര്‍സിലോണ സ്‌പാനിഷ്‌ ലീഗും കിംഗ്‌സ്‌ കപ്പുമെല്ലം സ്വന്തമാക്കിയത്‌ മെസിയുടെ കരുത്തിലാണ്‌. ഇപ്പോള്‍ ചാമ്പ്യന്‍സ്‌ ലീഗും ബാര്‍സ സ്വന്തമാക്കിയതോടെ ഈ സീസണില്‍ സോക്കര്‍ പുരസ്‌ക്കാരങ്ങളെല്ലാം അര്‍ജന്റീനക്കാരനെ തേടിയെത്തും.

ഉയരത്തില്‍ യുവ കോച്ച്‌
റോം: പെപ്‌ ഗുര്‍ഡിയോള അത്യുന്നതങ്ങളിലാണ്‌..... ബാര്‍സിലോണ എന്ന സോക്കര്‍ ലോകത്തെ വിലപിടിപ്പുള്ള ക്ലബിന്റെ പരിശീലകനായി ചുമതലയേറ്റ ആദ്യ വര്‍ഷത്തില്‍ തന്നെ ഗുര്‍ഡിയോള ടീമിന്‌ സമ്മാനിച്ചിരിക്കുന്നത്‌ വന്‍ കിരീടങ്ങള്‍. സ്‌പാനിഷ്‌ കപ്പ്‌, കിംഗ്‌സ്‌ കപ്പ്‌, സ്‌പാനിഷ്‌ ലീഗ്‌, ഇപ്പോഴിതാ യുവേഫ ചാമ്പ്യന്‍സ്‌ ലീഗും. 1992 ല്‍ താരമെന്ന നിലയില്‍ ബാര്‍സക്ക്‌ യൂറോപ്പിലെ വിലപിടിപ്പുളള കിരീടം സമ്മാനിച്ച ഗുര്‍ഡിയോള ഇപ്പോള്‍ പരിശീലകനായും സ്വന്തം ടീമിന്‌ വന്‍കരാപ്പട്ടം സമ്മാനിച്ച്‌ റെക്കോര്‍ഡ്‌ പുസ്‌തകത്തില്‍ സ്ഥാനം നേടിയിരിക്കയാണ്‌. 38 വയസ്സാണ്‌ ഗുര്‍ഡിയോളക്ക്‌. എല്ലായിടത്തും ഓടിചാടി നടന്ന്‌ എല്ലാ കാര്യങ്ങളും അദ്ദേഹം ശ്രദ്ധിക്കുന്നു. ബാര്‍സയുടെ താരങ്ങളില്‍ പലരും ഗുര്‍ഡിയോളക്കൊപ്പം കളിച്ചവരാണ്‌. അതിനാല്‍ തന്നെ കാര്യങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം. ലയണല്‍ മെസി,സാമുവല്‍ ഇറ്റോ, കാര്‍ലോസ്‌ പുയോള്‍, തിയറി ഹെന്‍ട്രി, ആന്ദ്രെ ഇനിയസ്‌റ്റ,സാവി അലോണ്‍സോ തുടങ്ങിയ സൂപ്പര്‍ താരങ്ങളെയാണ്‌ ഗുര്‍ഡിയോള നയിക്കുന്നത്‌. ആര്‍ക്കും പ്രശ്‌നങ്ങളില്ലാത്ത രീതിയിലാണ്‌ അദ്ദേഹത്തിന്റെ നീക്കം. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം സ്വന്തമാക്കിയ ആഹ്ലാദത്തില്‍ അദ്ദേഹം മാര്‍ക്‌ നല്‍കുന്നത്‌ ലയണല്‍ മെസിക്കാണ്‌. ഫൈനല്‍ മല്‍സരത്തിലെ രണ്ടാം ഗോള്‍ അപാരമാണെന്നാണ്‌ കോച്ച്‌ വിലയിരുത്തിയത്‌. ഞങ്ങള്‍ മനോഹരമായി ജയിക്കാനാണ്‌ കളിച്ചത്‌. ഒരു ഘട്ടത്തില്‍ പോലും പിന്തിരിഞ്ഞുനിന്നില്ല. ഒരു ഘട്ടത്തില്‍ മെസിയെ മധ്യനിരയിലേക്ക്‌ വിളിച്ചത്‌ സാഹചര്യം പരിഗണിച്ചായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ബാര്‍സയുടെ പ്രസിഡണ്ടായ ജോവന്‍ ലാപോര്‍ട്ട കോച്ചിനെ മുക്തക്‌ണഠം പ്രശംസിക്കുകയാണ്‌. ബാര്‍സയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിനാണ്‌ ഗുര്‍ഡിയോള നേതൃത്ത്വം നല്‍കിയിരിക്കുന്നതെന്ന്‌ പ്രസിഡണ്ട്‌ പറഞ്ഞു. ജോഹാന്‍ ക്രൈഫ്‌ പരിശീലിപ്പിച്ച തൊണ്ണൂറുകളിലെ ബാര്‍സാ സംഘം അപരാജിതരായിരുന്നു. അതേ രീതിയില്‍ തന്നെയാണ്‌ ഗുര്‍ഡിയോളയും ടീമിനെ മുന്നോട്ട്‌ നയിക്കുന്നതെന്നും പ്രസിഡണ്ട്‌ പറഞ്ഞു. ഫ്രഞ്ച്‌ താരമായ തിയറി ഹെന്‍ട്രിയും ആഹ്ലാദം മറച്ചുവെക്കുന്നില്ല. ഈ സീസണില്‍ എത്ര കിരീടങ്ങളാണ്‌ ബാര്‍സ നേടിയത്‌. ഈ റെക്കോര്‍ഡ്‌ തകര്‍ക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം പ്രി ക്വാര്‍്‌ട്ടറില്‍
കോയമ്പത്തൂര്‍: മൂന്ന്‌ ഗോളുകള്‍ക്ക്‌ ചത്തിസ്‌ഗറിനെ കശക്കി മുന്‍ ചാമ്പ്യന്മാരായ കേരളം അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ക്ലസ്റ്റര്‍ ഒന്നില്‍ നിന്നും ഒന്നാം സ്ഥാനക്കാരായ കേരളത്തിന്റെ പ്രിക്വാര്‍ട്ടര്‍ പോരാട്ടം ഞായറാഴ്‌ച്ച ക്ലസ്‌റ്റര്‍ രണ്ടിലെ ജേതാക്കളുമായാണ്‌. ക്യാപ്‌റ്റന്‍ എന്‍.പി പ്രദീപ്‌, മുന്‍നിരക്കാരന്‍ സുബൈര്‍, ഡിഫന്‍ഡര്‍ സുശാന്ത്‌ മാത്യൂ എന്നിവരാണ്‌ കേരളത്തിനായി ഗോളുകള്‍ നേടിയത്‌. ആദ്യ മല്‍സരത്തില്‍ ചണ്ഡിഗറിനെ അഞ്ച്‌ ഗോളിന്‌ തോല്‍പ്പിച്ച കേരളം ആത്മവിശ്വാസത്തോടെയാണ്‌ ചത്തിസ്‌ഗറിനെ എതിരിട്ടത്‌. പക്ഷേ ആദ്യ മല്‍സരത്തില്‍ പ്രകടിപ്പിച്ച ഷൂട്ടിംഗ്‌ മികവ്‌ ആവര്‍ത്തിക്കാന്‍ ടീമിനായില്ല. പെനാല്‍ട്ടി കിക്കും കേരളം പാഴാക്കി. പ്രി ക്വാര്‍ട്ടറില്‍ കളിക്കാന്‍ വിജയം നിര്‍ബന്ധമായിരുന്ന ചത്തിസ്‌ഗര്‍ ആക്രമിച്ചാണ്‌ തുടങ്ങിയത്‌. പക്ഷേ കേരളാ ഗോള്‍ക്കീപ്പര്‍ നവാസിന്റെ കരുത്തില്‍ അവര്‍ക്ക്‌ ലക്ഷ്യം നേടാനായില്ല. ഇരുപത്തിയഞ്ചാം മിനുട്ടിലായിരുന്നു നായകനിലുടെ കേരളത്തിന്റെ ആദ്യ ഗോള്‍. സമനില സ്വന്തമാക്കാന്‍ ചത്തിസ്‌ഗറിന്‌ അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ നവാസ്‌ പിഴവുകള്‍ കാട്ടിയില്ല. നാല്‍്‌പത്തിമൂന്നാം മിനുട്ടില്‍ കേരളത്തിന്‌ ലീഡുയര്‍ത്താന്‍ അവസരം കിട്ടി. പക്ഷേ പെനാല്‍ട്ടി കിക്ക്‌്‌ ലക്ഷ്യത്തിലെത്തിക്കാന്‍ മഹീന്ദ്ര യുനൈറ്റഡിന്റെ മിഡ്‌ഫീല്‍ഡര്‍ കൂടിയായ സുശാന്തിന്‌ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഷോട്ട്‌ ചത്തിസ്‌ഗര്‍ ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീത്‌ സിംഗ്‌ കുത്തിയകറ്റി.
ഒന്നാം പകുതിയില്‍ 1-0 ത്തിന്റെ ലീഡുമായി ഇടവേളക്ക്‌ പിരിഞ്ഞ കേരളം അറുപത്തിരണ്ടാം മിനുട്ടില്‍ രണ്ട
ാം ഗോള്‍ നേടി. ചണ്ഡിഗറിനെതിരെ രണ്ട്‌ മികച്ച ഗോളുകള്‍ പായിച്ച പറപ്പൂരുകാരന്‍ സുബൈറാണ്‌ ചാമ്പ്യന്‍ഷിപ്പിലെ തന്റെ മൂന്നാം ഗോളുമായി കളം നിറഞ്ഞത്‌. പെനാല്‍ട്ടി കിക്ക്‌ നഷ്ടമാക്കിയ സുശാന്ത്‌ അതിന്‌ പരാഹാരമിട്ട്‌ 35 വാര അകലെ നിന്നും പായിച്ച ക്ലീന്‍ ഷോട്ടില്‍ കേരളത്തിന്റെ മൂന്നാം ഗോള്‍ പിറന്നു.
ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ മിസോറാം മൂന്ന്‌ ഗോളിന്‌ ജമ്മു കാശ്‌മീരിനെയും ഇന്ത്യന്‍ റെയില്‍വേസ്‌ ഒരു ഗോളിന്‌ ആസാമിനെയും രാജസ്ഥാന്‍ 3-2ന്‌ ഹിമാചല്‍ പ്രദേശിനെയും മധ്യപ്രദേശ്‌ നാല്‌ ഗോളിന്‌ പോണ്ടിച്ചേരിയെയും പരാജയപ്പെടുത്തി.
ഇന്ന്‌ ക്ലസ്റ്റര്‍ രണ്ടില്‍ മഹാരാഷ്‌ട്രയും മേഘാലയയും കളിക്കുന്നുണ്ട്‌. ഈ മല്‍സരത്തിലെ വിജയികളാണ്‌ കേരളത്തിന്റെ പ്രിക്വാര്‍ട്ടര്‍ പ്രതിയോഗികള്‍.

No comments: