Tuesday, May 26, 2009

READY FOR THE ROMAN WAR

റെഡി
റോം: ഇറ്റാലിയന്‍ ആസ്ഥാനനഗരം ഒരുങ്ങിയിരിക്കുന്നു....ഇന്നറിയാം യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്‌ബോള്‍ ക്ലബ്‌ ആരാണെന്ന്‌. ലോകകപ്പ്‌ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡും സ്‌പെയിനിലെ ബാര്‍സിലോണയും ഏറ്റുമുട്ടുമ്പോള്‍ സോക്കര്‍ ലോകം കാത്തിരിക്കുന്ന 90 മിനുട്ടാണ്‌ സമാഗതമാവുന്നത്‌. ഇന്ത്യന്‍ സമയം രാത്രി 11-30 മുതല്‍ ആരംഭിക്കുന്ന അങ്കത്തിന്റെ തല്‍സമയ സംപ്രേഷണം ടെന്‍ സ്‌പോര്‍ട്‌സിലുണ്ട്‌.
ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തുന്ന രണ്ട്‌ ടീമുകളും വലിയ പ്രതീക്ഷയിലാണ്‌. ഇന്നലെ രാവിലെയോടെ ഇവിടെയെത്തിയ ടീമുകള്‍ വൈകീട്ട്‌ പരിശീലനം നടത്തി. പരുക്കിന്റെ പ്രശ്‌നങ്ങള്‍ ഇരു ക്യാമ്പിലുമുണ്ട്‌. എങ്കിലും ഇന്ന്‌ അവസാന ഇലവനില്‍ എല്ലാ പ്രമുഖരെയും ഉള്‍പ്പെടുത്താമെന്ന ശുഭാപ്‌തി വിശ്വാസമാണ്‌ പരിശീലകരായ അലക്‌സ്‌ ഫെര്‍ഗൂസണും പെപ്‌ ഗുര്‍ഡിയോളയും പ്രകട
ിപ്പിച്ചിരിക്കുന്നത്‌. ലയണല്‍ മെസി, സാമുവല്‍ ഇറ്റോ, ഹെര്‍ണാണ്ടസ്‌, തിയറി ഹെന്‍ട്രി എന്നിവരെല്ലാം കളിക്കുന്ന മുന്‍നിരയിലാണ്‌ ബാര്‍സിലോണയുടെ പ്രതീക്ഷകളത്രയും. മെസിയുടെ കുതിപ്പിനെ തടയിടുക എളുപ്പമല്ല. സ്‌പാനിഷ്‌ ലീഗില്‍ സ്വന്തം ടീമിന്‌ കപ്പ്‌ സമ്മാനിച്ചാണ്‌ അദ്ദേഹം എത്തിയിരിക്കുന്നത്‌. സാമുവല്‍ ഇറ്റോ, ഇനിയസ്‌റ്റ എന്നിവരെയും കരുതിയിരിക്കണം. മാഞ്ചസ്‌റ്റര്‍ നിരയിലാവട്ടെ കൃസ്‌റ്റിയാനോ റൊണാള്‍ഡോ കരുത്തനാണ്‌. ഏത്‌ ഡിഫന്‍സിനെയും കീറിമുറിക്കാന്‍ കരുത്തുണ്ട്‌ പോര്‍ച്ചുഗീസുകാരന്‌.
സ്വന്തം നാട്ടിലെ ലീഗില്‍ മികച്ച പ്രകടനം നടത്തിയാണ്‌ ടീമുകള്‍ എത്തിയിരിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ ആധിപത്യം നിലനിര്‍ത്തിയവരാണ്‌. ശക്തരായ പ്രതിയോഗികളെ മറികടന്നുളള പ്രകടനവുമായി എത്തിയിരിക്കുന്ന ചുവപ്പന്‍ സംഘത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ, വെയിന്‍ റൂണി തുടങ്ങിയ വമ്പന്മാരുണ്ട്‌. സ്‌പാനിഷ്‌ കപ്പും സ്‌പാനിഷ്‌ ലീഗും സ്വന്തമാക്കിയാണ്‌ ബാര്‍സിലോണ എത്തിയിരിക്കുന്നത്‌. അര്‍ജന്റീനക്കാരനായ മുന്‍നിരക്കാരന്‍ ലയണല്‍ മെസിയാണ്‌ ടീമിന്റെ വജ്രായുധം. കാമറൂണുകാരനായ സാമുവല്‍ ഇറ്റോ, ഫ്രഞ്ചുകാരനായ തിയറി ഹെന്‍ട്രി എന്നിവരെല്ലാമുണ്ട്‌ ബാര്‍സ നിരയില്‍. സീസണ്‍ കിരീട നേട്ടത്തോടെ അവസാനിപ്പിക്കാനാണ്‌ ടീം എത്തിയിരിക്കുന്നതെന്നാണ്‌ അലക്‌സ്‌ ഫെര്‍ഗൂസണ്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അഭിപ്രായപ്പെട്ടത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കിരീടം നിലനിര്‍ത്താന്‍ ടീമിനായി. യൂറോപ്പിലെ നിലവിലെ ജേതാക്കളെന്ന നിലയില്‍ ആ കിരീടവും തന്റെ ടീമിന്‌ നിലനിര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറയുന്നു. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച പരിശീലകനായി വിശേഷിപ്പിക്കപ്പെടുന്ന ഫെര്‍ഗ്ഗിയുടെ തന്ത്രങ്ങളിലാണ്‌ മാഞ്ചസ്റ്റര്‍ ഇത്രയേറെ മുന്നേറിയിരിക്കുന്നത്‌. ഇന്നത്തെ നിര്‍ണ്ണായക അങ്കത്തില്‍ പിന്‍നിരക്കാരനായ റിയോ ഫെര്‍ഡിനാന്‍ഡ്‌ കളിക്കുമെന്ന്‌ കോച്ച്‌ വ്യക്തമാക്കി. മസില്‍ വേദന കാരണം കഴിഞ്ഞ മൂന്നാഴ്‌ച്ചയായി ചികില്‍സയിലായിരുന്ന ഫെര്‍ഡിനാന്‍ഡ്‌ ടീമിനൊപ്പമെത്തിയിട്ടുണ്ട്‌. ഇന്നലെ പരിശീലനത്തിലും അദ്ദേഹം സജീവമായിരുന്നു. ഞായറാഴ്‌ച്ച പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഹള്‍ സിറ്റിയെ നേരിട്ടപ്പോള്‍ പുറത്ത്‌ നിന്ന്‌ കളി കണ്ട ഫെര്‍ഡിനാന്‍ഡ്‌ യൂറോപ്പിലെ ഏറ്റവും മികച്ച ഫൈനല്‍ തനിക്ക്‌ നഷ്ടമാവില്ലെന്നാണ്‌ വിശ്വസിക്കുന്നത്‌. തന്റെ കരിയറിലെ ഏറ്റവും വലിയ ഫിറ്റ്‌നസ്‌ പിന്നിടാനാവുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
ഇന്നലെ പരിശീലനത്തില്‍ സജീവമാവാന്‍ കഴിഞ്ഞില്ലെങ്കിലും മുന്‍നിരക്കാരായ തിയറി ഹെന്‍ട്രി, ആന്ദ്രെ ഇനിയസ്റ്റ എന്നിവര്‍ക്ക്‌ ഇന്ന്‌ നിര്‍ണ്ണായക മല്‍സരത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ്‌ ബാര്‍സ കോച്ച്‌ ഗുര്‍ഡിയോള പറയുന്നത്‌. മെയ്‌ രണ്ടാം തിയ്യതിയാണ്‌ ഹെന്‍ട്രി അവസാനമായി ബാര്‍സക്കായി കളിച്ചത്‌. അന്ന്‌ എതിരാളികളായ റയല്‍ മാഡ്രിഡിനെതിരെ മാഡ്രിഡിലെ ബെര്‍ണബുവില്‍ ഗോള്‍ സ്‌ക്കോര്‍ ചെയ്യാനും അദ്ദേഹത്തിനായിരുന്നു. ആ മല്‍സരത്തിന്‌ ശേഷം ചികില്‍സയിലായ താരത്തിന്‌ പക്ഷേ ഇന്നത്തെ അങ്കത്തില്‍ 90 മിനുട്ടും കളിക്കാനാവുമെന്ന വിശ്വാസമുണ്ട്‌. ഇനിയസ്റ്റയും പ്രതീക്ഷയിലാണ്‌. വളരെ പ്രധാനപ്പെട്ട മല്‍സരമായതിനാല്‍ എല്ലാവരും കളിക്കാന്‍ ആഗ്രഹിക്കുന്നതായി ബാര്‍സ മധ്യനിരക്കാരന്‍ സാവി അലോണ്‍സോ പറഞ്ഞു. 17 വയസ്സ്‌ മാത്രം പ്രായമുളള ഡിഫന്‍ഡര്‍ ആല്‍ബെര്‍ട്ടോ ബോട്ടിയ ബാര്‍സ സംഘത്തില്‍ കളിക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഒസാസുനക്കെതിരെ സ്‌പാനിഷ്‌ ലീഗില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന്റെ തോല്‍വി വാങ്ങിയ മല്‍സരത്തില്‍ ബാര്‍സക്കായി യുവതാരം കളിച്ചിരുന്നു.

വിസിലുതാന്‍ മാസിമോ
റോം: യുവേഫ ചാമ്പ്യന്‍സ്‌ ലീഗിന്റെ ഇന്നത്തെ ഫൈനല്‍ മല്‍സരം നിയന്ത്രിക്കുക സ്വിറ്റ്‌സര്‍ലാന്‍ഡുകാരനായ റഫറി മാസിമോ ബുസാക്ക. നാല്‍പ്പതുകാരനായ ബുസാക്കയുടെ ആദ്യ മേജര്‍ ഫൈനലാണിത്‌. 2007 ല്‍ സ്‌പാനിഷ്‌ ക്ലബുകളായ എസ്‌പാനിയോളും സെവിയെയും തമ്മില്‍ നടന്ന യുവേഫ കപ്പ്‌ ഫൈനല്‍ മല്‍സരം നിയന്ത്രിച്ചത്‌ മാസിമോയായിരുന്നു.
നാലാം തവണ
റോം: ഇന്നത്തെ ഫൈനലില്‍ ഇറങ്ങുന്നതോടെ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ക്കീപ്പര്‍ എഡ്വിന്‍ വാന്‍ ഡര്‍ സര്‍ പുതിയ റെക്കോര്‍ഡ്‌ സ്വന്തമാക്കും. യുവേഫ ചാമ്പ്യന്‍സ്‌ ലീഗല്‍ ഡച്ചുകാരനിത്‌ നാലാം ഫൈനലാണ്‌. നാല്‌ ചാമ്പ്യന്‍സ്‌ ഫൈനലുകള്‍ കളിച്ച ആറ്‌ താരങ്ങള്‍ റെക്കോര്‍ഡിലുണ്ട്‌. ആ പട്ടികയിലേക്കാണ്‌ ഇന്ന്‌ വാന്‍ഡര്‍ സര്‍ വരുന്നത്‌. മാഞ്ചസ്റ്റര്‍ നിരയിലെ വാന്‍ഡര്‍ സറും പോള്‍ ഷോള്‍സും റ്യാന്‍ ഗിഗ്‌സും ഗാരി നെവിലും വെസ്‌ ബ്രൗണും മൂന്ന്‌ തവണ കിരീടം സ്വന്തമാക്കിയവരാണ്‌.


സൂപ്പര്‍
റോം: ഇങ്ങനെയൊരു ഫൈനല്‍ കാണാന്‍ ചിലപ്പോള്‍ ലോകകപ്പില്‍ പോലുമാവില്ല... കളി മൈതാനത്തെ വിസ്‌മയിപ്പിക്കുന്ന രണ്ട്‌ മുന്‍നിരക്കാര്‍ നേര്‍ക്കുനേര്‍...! ലയണല്‍ മെസിയുടെ വേഗതയെയും കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ കുതിപ്പിനെയും സ്‌നേഹിക്കാത്ത ഫുട്‌ബോള്‍ പ്രേമികളില്ല. അവര്‍ രണ്ട പേരും ഇന്ന്‌ മുഖാമുഖം വരുന്നു. പോര്‍ച്ചുഗീസുകാരനായ റൊണാള്‍ഡോ കളിക്കുന്നത്‌ ഇംഗ്ലീഷ്‌ ക്ലബായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്‌ വേണ്ടിയാണ്‌. അര്‍ജന്റീനക്കാരായ മെസിയാവട്ടെ സ്‌പാനിഷ്‌ ക്ലബായ ബാര്‍സയുടെ പ്രിയതാരവും.
കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ഫിഫയുടെ ലോക ഫുട്‌ബോള്‍പ്പട്ടം നേരിയ മാര്‍ജിനില്‍ നഷ്‌ടമായ താരമാണ്‌ മെസി. കഴിഞ്ഞ തവണ റൊണാള്‍ഡോക്ക്‌ മുന്നിലാണ്‌ അദ്ദേഹത്തിന്‌ പ്രിയപ്പെട്ട സ്ഥാനം അടിയറ വെക്കേണ്ടി വന്നത്‌. ഇത്തവണ ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമായി തെരഞ്ഞെടുക്കപ്പെടണമെങ്കില്‍ ഇന്നത്തെ അങ്കത്തില്‍ റൊണാള്‍ഡോയെക്കാള്‍ മികവ്‌ പ്രകടിപ്പിക്കണമെന്ന സത്യം മെസി മനസ്സിലാക്കുന്നു. പക്ഷേ ലോക പട്ടമല്ല തന്റെ ടീമിന്‌ കിരീടം എന്നതാണ്‌ വ്യക്തമായ ലക്ഷ്യമെന്ന്‌ സൂപ്പര്‍ താരം പറഞ്ഞു. റൊണാള്‍ഡോയെ പരാജയപ്പെടുത്തുക എന്ന ഗെയിം പ്ലാനല്ല പ്രധാനം, എന്റെ ക്ലബാണ്‌ വലുത്‌, നിര്‍ണ്ണായക മല്‍സരത്തില്‍ വിജയിക്കണം-അദ്ദേഹം പറഞ്ഞു. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ മെസി ബാര്‍സ സംഘത്തിലെത്തുന്നത്‌. ഈ അഞ്ച്‌ വര്‍ഷക്കാലയളവില്‍ ടീം ഏറെ മാറി. ഇന്ന്‌ ടീമിന്റെ നട്ടെല്ലായി വിശേഷിപ്പിക്കപ്പെടുന്ന മെസിക്ക്‌ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ താല്‍പ്പര്യമുണ്ട്‌. ചാമ്പ്യന്‍സ്‌ ലീഗിലെ ഈ സീസണില്‍ ടോപ്‌ സ്‌ക്കോറര്‍ പട്ടവും നിലവില്‍ മെസിക്കാണ്‌. എട്ട്‌ ഗോളുകളാണ്‌ അദ്ദേഹത്തിന്റെ പേരില്‍. പക്ഷേ തന്റെ കരിയറില്‍ പത്ത്‌ തവണ ഇംഗ്ലീഷ്‌ പ്രതിയോഗികളെ ചാമ്പ്യന്‍സ്‌ ലീഗില്‍ നേരിട്ടിട്ടും ഒരു ഗോളും സ്‌ക്കോര്‍ ചെയ്യാന്‍ മെസിക്ക്‌ കഴിഞ്ഞിട്ടില്ല.
റൊണാള്‍ഡോയും സമീപകാലത്ത്‌ നല്ല ഫോമിലാണ്‌. കഴിഞ്ഞ സീസണില്‍ ഗോള്‍വേട്ട നട
ത്തി മാഞ്ചസ്‌റ്ററിന്‌ പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ്‌ ലീഗും സമ്മാനിച്ച താരത്തിന്‌ ആ നേട്ടങ്ങള്‍ ആവര്‍ത്തിക്കാനായാല്‍ ലോക സോക്കറിലെ ഏറ്റവും വിലപ്പെട്ട താരമായി മാറാനാവും. ചാമ്പ്യന്‍സ്‌ ലീഗ്‌ നോക്കൗട്ട്‌ ഘട്ടത്തില്‍ നാല്‌ ഗോളുകള്‍ ഇതിനകം റൊണാള്‍ഡോ നേടിയിട്ടുണ്ട്‌. പക്ഷേ ഇത്‌ വരെ സ്‌പാനിഷ്‌ ടീമുകള്‍ക്കെതിരെ സ്‌ക്കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായിട്ടില്ല. കഴിഞ്ഞ സീസണില്‍ മാഞ്ചസ്‌റ്ററിനെതിരായ സെമി ഫൈനല്‍ ആദ്യപാദത്തില്‍ മൂന്നാം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക്‌ പോലും പാഴാക്കിയ ചരിത്രവും റൊണാള്‍ഡോക്കുണ്ട്‌.

കണക്ക്‌പുസ്‌തകം
റോം: മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ബാര്‍സിലോണയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുന്‍ത്തൂക്കം ഇംഗ്ലീഷ്‌ ക്ലബിന്‌. ഇത്‌ പത്താം തവണയാണ്‌ യൂറോപ്യന്‍ വേദിയില്‍ രണ്ട്‌ പ്രബലരും മുഖാമുഖം വരുന്നത്‌. നേരത്തെ ഒമ്പത്‌ തവണ മുഖാമുഖം വന്നപ്പോള്‍ മൂന്ന്‌ വിജയം മാഞ്ചസ്‌റ്ററിനൊപ്പം നിന്നു. രണ്ട്‌ മല്‍സരങ്ങളില്‍ ബാര്‍സ ജയിച്ചപ്പോള്‍ നാല്‌ മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 1991 ലെ കപ്പ്‌ വിന്നേഴ്‌സ്‌ കപ്പ്‌ ഫൈനലില്‍ രണ്ട്‌ ടീമുകളും കളിച്ചിരുന്നു. ഈ മല്‍സരത്തില്‍ 2-1 ന്റെ വിജയം മാഞ്ചസ്റ്ററിനൊപ്പം നിന്നു. വന്‍കരാ പോരാട്ടങ്ങളില്‍ മൂന്ന്‌ തവണ മാഞ്ചസ്റ്റര്‍ ബാര്‍സയെ പുറത്താക്കിയിട്ടുണ്ട്‌. പക്ഷേ ഈ നേട്ടം ബാര്‍സക്കില്ല. ചാമ്പ്യന്‍സ്‌ ലീഗില്‍ ഈ ടീമുകള്‍ ആദ്യമായി മുഖാമുഖം വന്നത്‌ 1994 ല്‍ ആണ്‌. മല്‍സരം 2-2 ല്‍ അവസാനിച്ചു. ആ മല്‍സരത്തിന്‌ മറ്റൊരു പ്രത്യേകതയുമുണ്ടായിരുന്നു. ഇന്നത്തെ ബാര്‍സയുടെ മുഖ്യ പരിശീലകനായ ഗുര്‍ഡിയോള അന്ന്‌ ടീമിന്‌ വേണ്ടി 90 മിനുട്ടും കളിച്ചിരുന്നു. 1998 ല്‍ ഓള്‍ഡ്‌ട്രാഫോഡില്‍ ഇരുവരും കളിച്ചപ്പോള്‍ മല്‍സരം 3-3 ല്‍ അവസാനിച്ചു.

ഇന്‍ സ്‌റ്റൈല്‍
കോയമ്പത്തൂര്‍: അഞ്ച്‌ തകര്‍പ്പന്‍ ഗോളുകള്‍ക്ക്‌ ചണിഡറിനെ നിലംപരിശാക്കി കേരളം അറുപത്തിമൂന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറി. ക്ലസ്റ്റര്‍ ഒന്നിലെ ആദ്യ അങ്കത്തില്‍ യുവതാരങ്ങളാണ്‌ മിന്നിയത്‌. മലപ്പുറത്തുകാരന്‍ കെ.പി സുബൈര്‍ മൂന്ന്‌ മിനുട്ടില്‍ രണ്ട്‌ ഗോള്‍ നേടിയപ്പോള്‍ ടി.ബിനീഷ്‌ ബാലന്‍, എം.പി സക്കീര്‍, എന്‍.പി പ്രദീപ്‌ എന്നിവരും പ്രതിയോഗികളുടെ വല ചലിപ്പിച്ചു. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ തമിഴ്‌നാട്‌ പതിനൊന്ന്‌ ഗോളിന്‌ ഹിമാചല്‍ പ്രദേശിനെയും ആസാം 2-1ന്‌ ഡല്‍ഹിയെയും തോല്‍പ്പിച്ചപ്പോള്‍ മധ്യപ്രദേശ്‌-മിസോറാം മല്‍സരം 2-2 ല്‍ അവസാനിച്ചു.
കഴിഞ്ഞ വര്‍ഷം കാശ്‌മീരില്‍ നടന്ന ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമി കാണാതെ പുറത്തായതിനാല്‍ ക്ലസ്റ്റര്‍ മല്‍സരങ്ങള്‍ കളിക്കേണ്ടി വന്ന കേരളത്തിന്‌ ഇന്നലെ നെഹ്‌റു സ്റ്റേഡിയത്തില്‍ അധികം വിയര്‍ക്കേണ്ടി വന്നില്ല. കോച്ച്‌ സേതുമാധവന്റെ ആക്രമണ സോക്കറില്‍ ആദ്യ 45 മിനുട്ടില്‍ കേരളം രണ്ട്‌ ഗോളിന്‌ മുന്നിലെത്തി. കോട്ടക്കല്‍ പറപ്പൂര്‍ സ്വദേശിയായ കുന്നത്തു സുബൈറായിരുന്നു ഹീറോ. മല്‍സരം മുപ്പത്തിയഞ്ച്‌ മിനുട്ട്‌ പിന്നിട്ടപ്പോള്‍ ചണ്ഡിഗര്‍ പ്രതിരോധ നിരയെ നിശ്ചലരാക്കി ഗോള്‍ നേടിയ ചാന്ദ്‌നി എഫ്‌.സി താരം മൂന്ന്‌ മിനുട്ടിനിടെ മിന്നല്‍ വേഗതയില്‍ രണ്ടാം ഗോളും നേടി. രണ്ടം പകുതിയിലും കേരളത്തിന്റെ മുന്‍നിര തളര്‍ന്നില്ല. അറുപത്തിയേഴാം മിനുട്ടില്‍ ബിനീഷ്‌ ബാലന്‍ ലീഡ്‌ ഉയര്‍ത്തി. ഇത്തവണയും ചണ്ഡിഗര്‍ പിന്‍നിരക്കാര്‍ കാഴ്‌ച്ചക്കാരായിരുന്നു. കേരളത്തിന്റെ നാലാം ഗോള്‍ എണ്‍പത്തിനാലാം മിനുട്ടിലായിരുന്നു. സക്കീറിന്റെ തകര്‍പ്പന്‍ ഷോട്ട്‌ വലയില്‍ കയറി. ലോംഗ്‌ വിസിലിന്‌ ഒരു മിനുട്ട്‌ മുമ്പാണ്‌ നായകന്‍ പ്രദീപ്‌ ഗോള്‍പ്പട്ടിക തികച്ചത്‌.
ക്ലസ്റ്റര്‍ ഒന്നില്‍ കേരളത്തിന്റെ ആദ്യ മല്‍സരം നാഗാലാന്‍ഡുമായിട്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം നാഗാലാന്‍ഡ്‌ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ്‌ എതിരാളികളായി ചണ്ഡിഗര്‍ വന്നത്‌.
തിരുച്ചിറപ്പള്ളിയില്‍ നടന്ന ക്ലസ്റ്റര്‍ മൂന്നിലെ മധ്യപ്രദേശ്‌-മിസോറാം മല്‍സരം ആവേശകരമായിരുന്നു. നിരവധി ഐ ലീഗ്‌ താരങ്ങളുമായി കളിച്ച മിസോറാം അനായാസ വിജയം നേടുമെന്ന്‌ കരുതപ്പെട്ട അങ്കത്തില്‍ മധ്യപ്രദേശിന്റെ താരങ്ങള്‍ മിന്നുന്ന പ്രകടനമാണ്‌ നടത്തിയത്‌. മല്‍സരം 2-2 ല്‍ അവസാനിച്ചപ്പോള്‍ ഇതേ ക്ലസ്‌റ്ററില്‍ ജമ്മു കാശ്‌മീര്‍ ഏക ഗോളിന്‌ പോണ്ടിച്ചേരിയെ വീഴ്‌ത്തി. ക്ലസ്‌റ്റര്‍ അഞ്ചില്‍ നടന്ന അങ്കത്തില്‍ കരുത്തരായ ഡല്‍ഹിക്ക്‌ വീണ്ടും പിഴച്ചു. ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ റെയില്‍വേസിന്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞ ഡല്‍ഹി ഇന്നലെ ആസ്സാമിന്‌ മുന്നില്‍ 1-2ന്‌ വീണതോടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന്‌ പുറത്തായി. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തില്‍ ആതിഥേയരായ തമിഴ്‌നാട്‌ കൂറ്റന്‍ വിജയമാണ്‌ ഹിമാചലിനെതിരെ നേടിയത്‌. ക്ലസ്റ്റര്‍ എട്ടിലെ മല്‍സരത്തില്‍ പതിനൊന്ന്‌ ഗോളുകളാണ്‌ തമിഴ്‌നാട്‌ ഹിമാചലിന്റെ വലയില്‍ നിറച്ചത്‌.

മടക്കം
പാരീസ്‌: ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നിസില്‍ നിന്നും ഇന്ത്യന്‍ താരം സാനിയ മിര്‍സക്ക്‌ ആദ്യ റൗണ്ടില്‍ തന്നെ മടക്കം. കസാക്കിസ്ഥാന്റെ ഗലീന വോസ്‌കോബോദേവയാണ്‌ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ ഹൈദരാബാദുകാരിയെ പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 4-6, 6-7 (3). ഒന്നര മണിക്കൂര്‍ മാത്രം ദീര്‍ഘിച്ച മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും പ്രതിയോഗിക്ക്‌ വെല്ലവിളി ഉയര്‍ത്താന്‍ സാനിയക്ക്‌ കഴിഞ്ഞിരുന്നില്ല. റോളണ്ട്‌ ഗാരോസില്‍ ഇത്‌ വരെ രണ്ടാം റൗണ്ടിനപ്പുറം കടന്നിട്ടില്ലാത്ത സാനിയ ആറ്‌ ഡബിള്‍ ഫാള്‍ട്ടുകളാണ്‌ ആദ്യ സെറ്റില്‍ തന്നെ നടത്തിയത്‌. പരുക്കുമായി അല്‍പ്പകാലമായി അകത്തും പുറത്തുമായി കഴിയുന്ന സാനിയ നാല്‌ തവണ ബ്രേക്ക്‌ പോയന്റ്‌്‌ നേടി. പക്ഷേ ഇതൊന്നും ഉപയോഗപ്പെടുത്താനായില്ല. 46 മിനുട്ട്‌ ദീര്‍ഘിച്ച ആദ്യ സെറ്റിന്റെ ഏഴാം ഗെയിമില്‍ നേടാനായ ബ്രേക്കാണ്‌ കസാക്‌ താരം ഉപയോഗപ്പെടുത്തിയത്‌. രണ്ടാം സെറ്റിലേക്ക്‌ വന്നപ്പോള്‍ സാനിയ അല്‍പ്പം മെച്ചപ്പെട്ടു. പക്ഷേ 14 അണ്‍ഫോഴ്‌സ്‌ഡ്‌ എററുകള്‍ താരത്തെ പിറകിലാക്കി. ഫ്രഞ്ച്‌ ഓപ്പണില്‍ ഡബിള്‍സിലാണ്‌ ഇനി സാനിയയുടെ പ്രതീക്ഷകള്‍. കഴിഞ്ഞയാഴ്‌ച്ച നടന്ന മാഡ്രിഡ്‌ ഓപ്പണില്‍ ചൈനീസ്‌ തായ്‌പെയ്‌ താരം ചിയ ജംഗ്‌ ചോംഗിനൊപ്പം സെമി കളിച്ച സാനിയ ലോക ഡബിള്‍സ്‌ റാങ്കിംഗിലിപ്പോള്‍ നാല്‍പ്പത്തി രണ്ടാം സ്ഥാനത്താണ്‌. അതേ സമയം സിംഗിള്‍സില്‍ സാനിയ തൊണുറ്റിയൊന്നാമത്‌ സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടിട്ടുണ്ട്‌.
പ്രതീക്ഷയില്‍
മെല്‍ബണ്‍: റിക്കി പോണ്ടിംഗും സംഘവും ഇന്ന്‌ ഇംഗ്ലണ്ടിലേക്ക്‌ വിമാനം കയറുന്നത്‌ രണ്ട്‌ ലക്ഷ്യങ്ങളുമായാണ്‌. 20-20 ലോകകപ്പില്‍ മുത്തമിടണം, അതിന്‌ ശേഷം ആഷസ്‌ പരമ്പര സ്വന്തമാക്കണം. ഇന്ത്യ ജേതാക്കളായ പ്രഥമ 20-20 ലോകകപ്പില്‍ പോണ്ടിംഗും സംഘവും ഏറെ പിറകിലായിരുന്നു. ഇത്തവണ യുവനിരക്കാണ്‌ ഓസ്‌ട്രേലിയ മുന്‍ത്തൂക്കം നല്‍കിയിരിക്കുന്നത്‌. അല്‍പ്പകാലമായി വിശ്രമത്തിലായിരുന്ന പോണ്ടിംഗിനൊപ്പം ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ ഉള്‍പ്പെടെയുള്ള വെടിക്കെട്ടുകാരുണ്ട്‌. ജൂണ്‍ ആറിന്‌ വിന്‍ഡീസുമായാണ്‌ ഓസ്‌ട്രേലിയയുടെ ആദ്യ ലോകകപ്പ്‌ മല്‍സരം. ലോക ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള പോണ്ടിംഗിന്‌ 20-20 ഫോര്‍മാറ്റുമായി പൊരുത്തപ്പെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പതിനഞ്ച്‌ മല്‍സരങ്ങളാണ്‌ കുഞ്ഞന്‍ ക്രിക്കറ്റില്‍ ഇത്‌ വരെ അദ്ദേഹം കളിച്ചിട്ടുളളത്‌. 38 റണ്‍സാണ്‌ ഉയര്‍ന്ന സ്‌ക്കോര്‍. ദക്ഷിണാഫ്രിക്കയിലാണ്‌ അവസാനമായി അദ്ദേഹം രണ്ട്‌ മല്‍സരങ്ങള്‍ കളിച്ചത്‌. രണ്ടിലും ഒരു റണ്‍ വിതമാണ്‌ നേടാനായത്‌. ടെസ്റ്റ്‌ ക്രിക്കറ്റിലും ഏകദിനങ്ങളിലും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ പ്രാപ്‌തിയുള്ള പോണ്ടിംഗിന്‌ അതിവേഗ ക്രിക്കറ്റിലെ തന്ത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ഇത്തവണ കഴിയുമെന്നാണ്‌ അവകാശപ്പെടുന്നത്‌. ദക്ഷിണാഫ്രിക്കയില്‍ സമാപിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദം ഗില്‍ക്രൈസ്റ്റും മാത്യൂ ഹെയ്‌ഡനുമെല്ലാം അരങ്ങ്‌ തകര്‍
ത്തത്‌ പോണ്ടിംഗ്‌ ആവേശത്തോടെയാണ്‌ കണ്ടിരുന്നത്‌. ഗില്ലിയെ പോലുളളവര്‍ പ്രകടിപ്പിക്കുന്ന മികവ്‌ മാതൃകയാക്കി ഇത്തണ ലോകകപ്പില്‍ അരങ്ങ്‌ തകര്‍ക്കുമെന്ന ഉറപ്പാണ്‌ അദ്ദേഹം ആരാധകര്‍ക്ക്‌ നല്‍കുന്നത്‌.

വീണ്ടും പുറത്ത്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ 20-20 മല്‍സരങ്ങളില്‍ പാക്കിസ്‌താന്‌ പ്രാതിനിധ്യമുണ്ടാവില്ല. ഓരോ രാജ്യങ്ങളിലെയും 20-20 ലീഗിലെ ആദ്യ രണ്ട്‌ സ്ഥാനക്കാരെ ഉള്‍പ്പെടുത്തിയാണ്‌ ചാമ്പ്യന്‍സ്‌ ലീഗിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. നേരത്തെ എട്ട്‌ ടീമുകള്‍ക്കായിരുന്നു ലീഗില്‍ സ്ഥാനം. എന്നാല്‍ ടീമുകളുടെ പങ്കാളിത്തം എട്ടില്‍ നിന്ന്‌ പന്ത്രണ്ടാക്കി ഉയര്‍ത്തിയിട്ടും പാക്കിസ്‌താന്‌ പ്രാതിനിധ്യം ലഭിക്കാതിരുന്നത്‌ പാക്‌ സര്‍ക്കാരിന്റെ നടപടി മൂലമാണെന്ന്‌ ടൂര്‍ണ്ണമെന്റ്‌ ചെയര്‍മാന്‍ ലളിത്‌ മോഡി പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുളള എന്‍ട്രി നല്‍കേണ്ട അവസാന തിയ്യതി കഴിഞ്ഞ ശനിയാഴ്‌ച്ചയായിരുന്നു. എന്നാല്‍ പാക്കിസ്‌താന്‍ സര്‍ക്കാര്‍ രാജ്യത്തെ ടീമുകള്‍ക്ക്‌ ഇന്ത്യയില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന്‌ മോഡി പറഞ്ഞു.

No comments: