Wednesday, June 16, 2010

SPANISH TRAGEDY

സ്‌പാനിഷ്‌ ട്രാജഡി
ഡര്‍ബന്‍: പത്തൊമ്പതാമത്‌ ലോകകപ്പിലെ ആദ്യ അട്ടിമറിയില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനിന്‌ തോല്‍വി. ഗ്രൂപ്പ്‌ എച്ചിലെ രണ്ടാം മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്‌ കളിയുടെ ഗതിക്ക്‌ വിപരീതമായി നേടിയ ഗോളില്‍ വിലപ്പെട്ട മൂന്ന്‌ പോയന്റ്‌്‌ സമ്പാദിച്ചു. ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ ചിലി ഏക ഗോളിന്‌ ഹോണ്ടുറാസിനെ തോല്‍പ്പിച്ചിരുന്നു. ഇന്ന്‌ ആദ്യ റൗണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ മൂന്ന്‌ മല്‍സരങ്ങളുണ്ട്‌. ശക്തരായ അര്‍ജന്റീന വൈകീട്ട്‌ അഞ്ചിന്‌ നടക്കുന്ന മല്‍സരത്തില്‍ ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയുമായി കളിക്കുന്നു. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്ക്‌ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കാം. രണ്ടാം മല്‍സരത്തില്‍ ആദ്യ കളിയില്‍ തോല്‍വി വാങ്ങിയവരായ നൈജീരിയയും ഗ്രീസുമാണ്‌ നേര്‍ക്കുനേര്‍. തോല്‍ക്കുന്നവര്‍ പടിക്ക്‌ പുറത്താവും. മൂന്നാം മല്‍സരത്തില്‍ ഫ്രാന്‍സ്‌ നിര്‍ണ്ണായക പോരാട്ടത്തില്‍ മെക്‌സിക്കോയുമായി കളിക്കും.
(കൂടുതല്‍ ലോകകപ്പ്‌ വാര്‍ത്തകളും ലോകകപ്പ്‌ കൂപ്പണുകളും സ്‌പോര്‍ട്‌സ്‌ ചന്ദ്രിക പേജുകളില്‍).
ഡേ-5
ബ്രസീല്‍ രക്ഷപ്പെട്ടു
മൈക്കോണും ഇലാനോയും നേടിയ ആ രണ്ട്‌ ഗോളുകള്‍ മാറ്റിനിര്‍ത്തിയാല്‍ ബ്രസീല്‍ സമ്മാനിച്ചത്‌ സമ്പൂര്‍ണ്ണ നിരാശ. റോബിഞ്ഞോയും ഫാബിയാനോയും പന്തില്‍ അമ്മാനമാടാനുള്ള കഴിവ്‌ തെളിയിച്ചു. പക്ഷേ അത്‌ കൊണ്ട്‌ എന്ത്‌ കാര്യം...! ബ്രസീലിനെ വിറപ്പിച്ച ഉത്തര കൊറിയക്കാര്‍ക്കാണ്‌ മാര്‍ക്ക്‌. അവര്‍ സത്യം പറഞ്ഞാല്‍ കസറി. ലോകകപ്പിന്റെ അഞ്ചാം ദിവസം നടന്ന ആദ്യ രണ്ട്‌ മല്‍സരങ്ങളും വിരസമായിരുന്നു. ന്യൂസിലാന്‍ഡ്‌-സ്ലോവാക്യ മല്‍സരത്തില്‍ സംഭവങ്ങളുണ്ടായിരുന്നില്ല. മല്‍സരത്തിന്റെ അവസാന സെക്കന്‍ഡില്‍ കിവിക്കാര്‍ നേടിയ സമനില ഗോള്‍ മാത്രമാണ്‌ ആരാധകര്‍ക്ക്‌ വുവുസേല മുഴക്കാന്‍ അവസരമൊരുക്കിയത്‌. പോര്‍ച്ചുഗല്‍-ഐവറി കോസ്‌റ്റ്‌ മല്‍സരത്തില്‍ സൂപ്പര്‍താര സാന്നിദ്ധ്യമുണ്ടായിരുന്നു. അത്‌ മാത്രം-ആരും ഗോളടിച്ചില്ല. പത്തൊമ്പതാമത്‌ ലോകകപ്പില്‍ ഇത്രയേറെ വിരസത സമ്മാനിച്ച മറ്റൊരു ദിവസമില്ല. ആദ്യ രണ്ട്‌ മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ എല്ലാ കണ്ണുകളും രാത്രിയിലെ ബ്രസീല്‍ -ഉത്തര കൊറിയ മല്‍സരത്തിലായിരുന്നു. ബ്രസീലുകാര്‍ പക്ഷേ തണുപ്പന്‍ പ്രകടനത്തില്‍ സ്വന്തം വീര്യം ഇല്ലാതാക്കി.
എല്ലാ ലോകകപ്പിലും ഇങ്ങനെയാണ്‌ ബ്രസീല്‍ എന്നതില്‍ ആശ്വസിക്കാം. അവര്‍ക്ക്‌ ഒരിക്കലും ഞെട്ടിക്കുന്ന തുടക്കം ലഭിച്ചിട്ടില്ല. പതുക്കെ തുടങ്ങി പിന്നെ ആളിക്കത്താനാണ്‌ അവര്‍ ശ്രമിക്കാറുള്ളതും വിജയിക്കാറുള്ളതും. 2002 ല്‍ ഏഷ്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ബ്രസീലുകാര്‍ ദയനീയമായാണ്‌ ആരംഭിച്ചത്‌. പക്ഷേ ചാമ്പ്യന്‍ഷിപ്പ്‌ ഒരു മാസം പിന്നിട്ടപ്പോള്‍ അവര്‍ കപ്പില്‍ മുത്തമിട്ടു. അന്ന്‌ ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ ഒലിവര്‍കാന്റെ കരഞ്ഞ്‌ കലങ്ങിയ കണ്ണുകള്‍ എല്ലാവരും കണ്ടതാണ്‌.
ഇത്തവണ ബ്രസീലുകാരില്‍ നിന്ന്‌ വലിയ തുടക്കം പ്രതീക്ഷിച്ചത്‌ അര്‍ജന്റീനക്കാര്‍ നന്നായി തുടങ്ങിയത്‌ കൊണ്ടാണ്‌. എന്തെല്ലാം പറഞ്ഞാലും ലാറ്റിനമേരിക്കക്കാര്‍ തമ്മിലുളള ആ വൈരാഗ്യം അവസാനിച്ചിട്ടില്ല. കണ്ടില്ലേ മറഡോണയും പെലെയും കൊമ്പ്‌ കോര്‍ത്തത്‌. അര്‍ജന്റീന നൈജീരിയക്കാര്‍ക്കെതിരെ ഒരു ഗോളിന്‌ വിജയിച്ചപ്പോള്‍ ബ്രസീലുകാര്‍ ഒരു പ്രതിജ്ഞ എടുത്തിരുന്നു. ഒന്നിലധികം ഗോളുകള്‍ക്ക്‌ ജയിക്കണമെന്ന്‌. പക്ഷേ അവരുടെ താരങ്ങളെല്ലാം നിറം മങ്ങി. കക്ക ഇറ്റാലിയന്‍ ലീഗില്‍ ഏ.സി മിലാന്‌ വേണ്ടി കളിക്കുമ്പോള്‍ മൈതാനം അടക്കി വാഴാറുണ്ടായിരുന്നു. പക്ഷേ ഇറ്റലിയില്‍ നിന്ന്‌ ഇത്തവണ സ്‌പെയിനിലെ റയല്‍ മാഡ്രിഡില്‍ വന്നപ്പോള്‍ ആ താരത്തിന്‌ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ബ്രസീല്‍ നിരയിലും അദ്ദേഹത്തിന്‌ ഒരു തവണ പോലും തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ കഴിഞ്ഞില്ല. പെലെയെ പോലുള്ളവര്‍ മധ്യനിര അടക്കിവാണ താരങ്ങളായിരുന്നു. ഗോളുകള്‍ നേടുന്നതില്ലല്ല, അവസരങ്ങള്‍ കൂട്ടുകാര്‍ക്ക്‌ ഒരുക്കുന്നതിലാണ്‌ റൊണാള്‍ഡിഞ്ഞോയെ പോലുള്ള മധ്യനിരക്കാര്‍ കരുത്ത്‌ കാട്ടാറുള്ളത്‌. റൊണാള്‍ഡിഞ്ഞോയെ ഇത്തവണ തഴയാന്‍ തന്നെ കാരണം കക്കയുടെ സാന്നിദ്ദ്യമാണ്‌.
റോബിഞ്ഞോ, ഫാബിയാനോ എന്നിവരുടെ മികവും അവരുടെ ചില നിക്കങ്ങളില്‍ മാത്രമായി. പന്തിനെ കാലുകളില്‍ എടുത്ത്‌ അമ്മാനമാടാന്‍ കഴിയുന്നവര്‍ ബ്രസീല്‍ സംഘത്തില്‍ ധാരാളമുണ്ട്‌. അതില്‍ കാര്യമില്ല. റോബിഞ്ഞോ സ്വന്തം കാലില്‍ പന്ത്‌ കിട്ടിയപ്പോഴെല്ലാം ഡ്രിബ്‌ളിംഗിനാണ്‌ ശ്രമിച്ചത്‌. കൊറിയക്കാര്‍ ഇത്‌ മനസ്സിലാക്കി വട്ടമിട്ടു. ബ്രസീല്‍ മുന്‍നിരക്കാരുടെ കാലുകളില്‍ പന്ത്‌ കിട്ടുമ്പോള്‍, അവര്‍ ബോക്‌സിലേക്ക്‌ പ്രവേശിക്കുമ്പോള്‍ വട്ടമിട്ട്‌ കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കുന്ന കൊറിയക്കാരാണ്‌ മല്‍സരത്തില്‍ ജയിച്ചത്‌. ഫാബിയാനോ ഒരു തരത്തിലും ടീം ഗെയിമിന്റെ വക്താവായില്ല. ബ്രസീല്‍ ഒരു സംഘമായാണ്‌ കളിക്കുന്നത്‌ എന്ന്‌ വ്യക്തമായ നിമിഷം ഇലാനോ നേടിയ ഗോളിന്റെ സമയമായിരുന്നു. ആ ഗോളില്‍ പ്രതിഭയും ഒത്തൊരുമയും സമ്മേളിച്ചിരുന്നു. മൈക്കോണിന്റെ ഗോളില്‍ അതുണ്ടായിരുന്നില്ല. സീറോ ആംഗിളില്‍ നിന്നുളള മനോഹരമായ ഗോളാണ്‌ അദ്ദേഹം സ്‌ക്കോര്‍ ചെയ്‌തത്‌. കൊറിയന്‍ ഗോള്‍ക്കീപ്പര്‍ കണ്‍ഫ്യൂഷനിലായതാണ്‌ മൈക്കോണ്‍ ഉപയോഗപ്പെടുത്തിയത്‌. ഗോള്‍ക്കീപ്പര്‍ കരുതിയത്‌ പന്ത്‌ മൈക്കോണ്‍ ക്രോസ്‌ ചെയ്യുമെന്നാണ്‌. ക്രോസ്‌്‌ തടയാനാണ്‌ അദ്ദേഹം മുന്നോട്ട്‌ കയറിയതും. പക്ഷേ ക്രോസിന്‌ പകരം തുറന്ന്‌ ലഭിച്ച ചെറിയ ഗ്യാപ്പിലേക്ക്‌ മൈക്കോണ്‍ പന്തിനെ പ്രഹരിച്ചു. ഈ ലോകകപ്പിലെ മികച്ച ഗോളായിരുന്നു അത്‌. കൊറിയക്കാര്‍ ശരിക്കും സാന്നിദ്ധ്യമറിയിച്ചു. ഒന്നാം പകുതിയില്‍ അവര്‍ അഞ്ച്‌ പ്രതിരോധനിരക്കാരുമായി ശരിക്കുമങ്ങ്‌ പ്രതിരോധത്തിലായി. മൈക്കോണ്‍ നേടിയ ഗോളാണ്‌ അല്‍പ്പമധികം കൊറിയക്കാരെ വേവലാതിയില്‍പ്പെടുത്തിയത്‌. പക്ഷേ അവര്‍ അവസാനത്തില്‍ ഒരു ഗോള്‍ മനോഹരമായി മടക്കി. ഒമ്പതാം നമ്പറില്‍ കളിച്ച ജോംഗ്‌ ടേ സോയും പത്താം നമ്പറില്‍ മിന്നിയ ഹോംഗ്‌ യോംഗ്‌ ജേയും ബ്രസീല്‍ ആരാധകരുടെ കൈയ്യടി പോലും നേടിയിരുന്നു. ഗ്രൂപ്പില്‍ ശക്തരായ പ്രതിയോഗികള്‍ക്ക്‌ മുന്നിലേക്കാണ്‌ ബ്രസീല്‍ ഇനി വരുന്നത്‌- ഐവറി കോസ്‌റ്റും പോര്‍ച്ചുഗലും ആദ്യ മല്‍സരത്തില്‍ ഇരുവരും വിരസമായ സമനിലയിലാണ്‌ അകപ്പെട്ടത്‌. രണ്ട്‌ താരങ്ങളില്‍ കേന്ദ്രീകൃതമായിരുന്നു ഈ പോരാട്ടം. പോര്‍ച്ചുഗല്‍ കൃസ്‌റ്റിയാനോക്കൊപ്പമാണ്‌ നീങ്ങിയത്‌. കോച്ച്‌ കാര്‍ലോസ്‌ ക്വിറസിന്റെ പിഴവായിരുന്നു ഇത്‌. പ്രതിയോഗികള്‍ റൊണാള്‍ഡോയെ നോട്ടമിടുമെന്ന്‌ മനസ്സിലാക്കി തന്ത്രമൊരുക്കാന്‍ കോച്ചിന്‌ കഴിഞ്ഞില്ല. ഇതേ പിഴവ്‌ ഐവറി കോസ്‌റ്റിന്റെ അനുഭവ സമ്പന്നനായ പരിശീലകന്‍ എറിക്‌സണും ആവര്‍ത്തിച്ചു. ദ്രോഗ്‌ബയെ അവസാനത്തില്‍ വെറുതെയാണ്‌ അദ്ദേഹമിറക്കിയത്‌. ഐവറിക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി വരുന്ന ഘട്ടത്തില്‍ കൈക്ക്‌ കരുത്തില്ലാത്ത ദ്രോഗ്‌ബെ ആവശ്യമില്ലായിരുന്നു. ആദ്യ മല്‍സരത്തില്‍ ഓര്‍മ്മിക്കാനുള്ളത്‌ ന്യൂസിലാന്‍ഡുകാരുടെ ആ പോരാട്ട വീര്യം മാത്രമാണ്‌.
പോയന്റ്‌്‌ നില
ഗ്രൂപ്പ്‌ ജി
ബ്രസീല്‍-3
പോര്‍ച്ചുഗല്‍-1
ഐവറി കോസ്‌റ്റ്‌-1
ഉത്തര കൊറിയ-0

മെസി ഇന്ന്‌
ജൊഹന്നാസ്‌ബര്‍ഗ്ഗ്‌: നേത്രങ്ങള്‍ ഒരിക്കല്‍ക്കൂടി ഉയരമില്ലാത്ത ആ വെളുത്ത പയ്യന്റെ കാലുകളിലേക്ക്‌.... പന്ത്‌ കിട്ടിയാല്‍ പിന്നെ അതിനെ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ വേഗത മാത്രം ആശ്രയിക്കുന്ന പ്രിയപ്പെട്ട താരത്തിന്‌ ഇന്ന്‌ പ്രിട്ടോറിയ പ്രിയ ഭൂമികയാകുമെന്ന പ്രതീക്ഷയിലാണ്‌ ആരാധകലോകം. ലോകകപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ന്‌ അര്‍ജന്റീന അരങ്ങിലേക്ക്‌ വരുമ്പോള്‍ ചര്‍ച്ചകളില്‍ ഉയരുന്നത്‌ ആ കാലുകള്‍ മാത്രമാണ്‌. നൈജീരിയക്കെതിരായ അങ്കത്തില്‍ പലവട്ടം നിറയൊഴിക്കാന്‍ മെസി തോക്കെടുത്തിരുന്നു. പക്ഷേ വലിയ പരിചയുമായി ആഫ്രിക്കന്‍ ഗോള്‍ക്കീപ്പര്‍ ഉയര്‍ന്നുനിന്നു. ഇന്ന്‌ പ്രതിയോഗി ബെഞ്ചില്‍ ദക്ഷിണ കൊറിയക്കാര്‍ ഗ്രീസിനെ രണ്ട്‌ ഗോളിന്‌ ഞെട്ടിച്ച്‌ സ്വന്തം സാന്നിദ്ധ്യം തെളിയിച്ചവര്‍. ആര്‍ക്കും മുമ്പിലുമങ്ങ്‌ വെറുതെ തല കാണിക്കുന്നവരല്ല കൊറിയക്കാരെന്ന്‌ അര്‍ജന്റീനക്കും മറഡോണക്കും നന്നായി അറിയാം. കഴിഞ്ഞ ദിവസമാണ്‌ ബ്രസീലുകാര്‍ ഉത്തര കൊറിയക്കാരുടെ ശക്തി നേരിട്ടങ്ങ്‌ മനസ്സിലാക്കിയത്‌.
ഇന്ന്‌ ജയിച്ചാല്‍ അര്‍ജന്റീനക്കും കൊറിയക്കും പ്രി ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ ഉറപ്പാണ്‌. പാര്‍ക്‌ ജി സംഗ്‌ എംന്ന മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ വലി മധ്യനിരക്കാരനാണ്‌ കൊറിയന്‍ സൈന്യത്തി തലവന്‍. പ്രതിയോഗികള്‍ക്ക്‌ അനുസരിച്ചുള്ള ഗെയിമാണ്‌ അവരുടെ മുഖമുദ്ര. അര്‍ജന്റീനക്കാരുടെ നിരയില്‍ മെസിക്കൊപ്പം ടെവസും മസ്‌ക്കരാനസുമെല്ലാമുളളപ്പോള്‍ അവര്‍ വല ലക്ഷ്യമാക്കുന്നമെന്ന കാര്യത്തില്‍ സംശയമില്ല. ബ്രസീലുകാരെ ഉത്തര കൊറിയക്കാര്‍ അഞ്ച്‌ പേരെ വെച്ച്‌ പൂട്ടിയത്‌ പോലെ കൊറിയക്കാര്‍ പ്രതിരോധത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കും.
മറഡോണ ഇന്നത്തെ തന്ത്രങ്ങളെക്കുറിച്ച്‌ മനസ്സ്‌ തുറന്നിട്ടില്ല. ഡിയാഗോ മിലീഷ്യോക്ക്‌ ആദ്യ ഇലവനില്‍ അവസരം നല്‍കാനാണ്‌ സാധ്യത. മധ്യനിരയില്‍ നിന്ന്‌ വെറോണിനെ പിന്‍വലിക്കാനും സാധ്യത നിലനില്‍ക്കുന്നു. ആദ്യ മല്‍സരത്തിലെ ടീമിന്റെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്ന കോച്ച്‌ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ്‌ നിര്‍ദ്ദേശിക്കുന്നത്‌.
ഇന്നത്തെ രണ്ടാം മല്‍സരം ആദ്യ മല്‍സരത്തില്‍ പരാജയം രുചിച്ച നൈജീരിയയും ഗ്രീസും തമ്മിലാണ്‌. രണ്ട്‌ പേര്‍ക്കും നിലനില്‍പ്പിന്‌ വിജയം നിര്‍ബന്ധമാണ്‌. കൊറിയക്കെതിരെ ദയനീയ സോക്കറാണ്‌ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ ഗ്രീസ്‌ നടത്തിയത്‌. അതേ പ്രകടനം ആവര്‍ത്തിച്ചാല്‍ നൈജീരിയക്കാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമാവും. ഒഫബാമ മാര്‍ട്ടിനസിനെ പോലുള്ള കരുത്തര്‍ നൈജീരിയന്‍ സംഘത്തില്‍ അവസരവാദികളായുണ്ട്‌.
മൂന്നാമത്തെ മല്‍സരത്തില്‍ ഫ്രാന്‍സിന്‌ ജീവന്മരണ അങ്കമാണ്‌. ആദ്യ കളിയിലെ ബോറന്‍ പ്രകടനത്തില്‍ എല്ലാവരും രോഷത്തില്‍ നില്‍ക്കുന്നതിനാല്‍ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്‌ കോച്ച്‌ റെയ്‌മോണ്ട്‌ ഡൊമന്‍ച്ചെ. ഉറുഗ്വേയുമായുളള ആദ്യ മല്‍സരത്തില്‍ വ്യക്തമായ സാധ്യതകളുണ്ടായിട്ടും അവ പ്രയോജനപ്പെടുത്തുന്നതില്‍ ദയനീയമായി ഫ്രഞ്ചുകാര്‍ പരാജയപ്പെട്ടിരുന്നു. മധ്യനിരയിലെ അനുഭവ സമ്പന്നന്‍ ഫ്‌ളോറന്‍ഡ്‌ മലൂദ ഇന്ന്‌ ആദ്യ ഇലവനില്‍ വരും. തിയറി ഹെന്‍ട്രിക്ക്‌ ബഞ്ചിലായിരിക്കും സ്ഥാനം. എല്ലാ മല്‍സരങ്ങളും ഇ.എസ്‌.പി.എന്നില്‍ തല്‍സമയം.

മനോഹരമായ സോക്കറിന്റെ ശക്തരായ വക്താക്കളായിട്ടും ഗോള്‍ നടുന്നതില്‍ സ്‌പെയിന്‍ പരാജയപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണമായി അവരുടെ പരാജയം. സൂപ്പര്‍ ടീമുകളെല്ലം ലോകകപ്പില്‍ ഗോളടിക്കാന്‍ മറക്കുകയാണ്‌. ഇത്‌ തുടങ്ങിവെച്ചത്‌ അര്‍ജന്റീനയാണ്‌. ഇപ്പോഴിതാ സ്‌പെയിനും. യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്‌ നില്‍ക്കുന്നവരാണ്‌. അതിവേഗ സോക്കറിന്റെ വക്താക്കള്‍. മുന്‍നിരയില്‍ കളിക്കുന്നവരെല്ലാം കേമന്മാര്‍. ഫെര്‍ണാണ്ടോ ടോറസും ഡേവിഡ്‌ വിയയും സെസ്‌ക്‌ ഫാബ്രിഗസും. മധ്യനിരയില്‍ ഇനിയസ്‌റ്റയും സാവിയുമെല്ലാം. പക്ഷേ സ്വിറ്റ്‌സര്‍ലാന്‍ഡുകാരുടെ പ്രതിരോധ പൂട്ടില്‍ ഇവരെല്ലാം തളര്‍ന്നു. അല്‍ഭുതകരമായിരുന്നു ഇന്നലെ ഡര്‍ബനില്‍ കണ്ട കാഴ്‌ച്ച. ഇതേ മൈതാനത്ത്‌ വെച്ചായിരുന്നു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ ജര്‍മനി ഓസ്‌ട്രേലിയക്കാരെ വീഴ്‌ത്തിയത്‌. ഇവിടെ വെച്ച്‌ സ്‌പെയിനും അരങ്ങ്‌ തകര്‍ക്കുമെന്നാണ്‌ കരുതിയത്‌. പക്ഷേ സ്വിസുകാരന്‍ ജോസണ്‍ ഫെര്‍ണാണ്ടസിന്റെ അവസരവാദ ഗോളില്‍ സ്‌പാനിഷ്‌ മോഹങ്ങള്‍ ഇല്ലാതായി. ലോകകപ്പ്‌ ചരിത്രത്തിലെ നിര്‍ഭാഗ്യവാന്മാരാണ്‌ എന്നും സ്‌പെയിന്‍. എപ്പോഴും അവര്‍ക്ക്‌ വലിയ വേദിയില്‍ പരാജയം സംഭവിക്കാറുണ്ട്‌. ഡര്‍ബനില്‍ 32 അവസരങ്ങളാണ്‌ അവര്‍ക്ക്‌ ലഭിച്ചത്‌. ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അതേ സമയം കിട്ടിയ അവസരം സ്വിസുകാര്‍ ഉപയോഗപ്പെടുത്തി. അവര്‍ രണ്ടാം ഗോളിനും അരികിലെത്തിയിരുന്നു.
ഉത്തര കൊറിയക്കെതിരെ ബ്രസീലും അവസരങ്ങളുടെ പട്ടികയുണ്ടാക്കി. റോബിഞ്ഞോയും കക്കയും ഫാബിയാനോയും പലവട്ടം എതിര്‍ഗോള്‍വലയത്തില്‍ വട്ടമിട്ട്‌ പറന്നു. പക്ഷേ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. അര്‍ജന്റീന നൈജീരിയക്കെതിരെ അവസരങ്ങളുടെ ലോകത്ത്‌ മാത്രമായിരുന്നു. മെസിക്ക്‌ മാത്രം ആറ്‌ ഓപ്പണ്‍ നെറ്റ്‌ ലഭിച്ചു. ഗുണം ചെയ്‌തില്ല. ഇംഗ്ലണ്ടാണ്‌ ഗോളടിക്കാന്‍ മറന്ന മറ്റൊരു സൂപ്പര്‍ സംഘം. അവര്‍ അമേരിക്കക്കെതിരെ തുടക്കത്തില്‍ തന്നെ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡിന്റെ ഗോളില്‍ മുന്നിലെത്തി. പക്ഷേ ആ ടെംമ്പോ നിലനിര്‍ത്താന്‍ പിന്നിടായില്ല. ഇറ്റലിക്കാര്‍ പണ്ട്‌ മുതലേ ഗോള്‍ നേടാന്‍ മടിയരാണ്‌. ഇത്തവണയും അതിന്‌ മാറ്റമില്ല. ജര്‍മനി മാത്രമാണ്‌ ഇതിന്‌ അപവാദം. അവര്‍ ആദ്യ മല്‍സരത്തില്‍ തന്നെ നാല്‌ ഗോളുകള്‍ പായിച്ചു. എല്ലാ ഗോളുകളും ഒന്നിനൊന്ന്‌ മെച്ചം.

അവസരങ്ങള്‍ മാത്രം
ഡര്‍ബന്‍: അവസരങ്ങളുടെ വാതിലുകളില്‍ സ്‌പെയിന്‍ നിര്‍ഭാഗ്യത്തിന്റെ താക്കോലുമായി മടങ്ങിയ ദയനീയ കാഴ്‌്‌ച്ചയില്‍ ഫുള്‍മാര്‍ക്കും സ്വിസ്‌ പ്രതിരോധ നിരക്ക്‌. ലോക റാങ്കിംഗില്‍ 24 ല്‍ നില്‍ക്കുന്ന സ്വിസുകാര്‍ക്ക്‌ സ്‌പെയിനിനെതിരെ ഒരു സാധ്യതയും ആരും കല്‍പ്പിച്ചിരുന്നില്ല. കോച്ച്‌ ഓട്ട്‌മോര്‍ ഹിറ്റ്‌സ്‌ ഫെല്‍ഡ്‌ സമനിലക്കായാണ്‌ കളിക്കുന്നതെന്ന്‌ വ്യക്തമാക്കിയതുമാണ്‌. ജര്‍മനി നേടിയ നാല്‌ ഗോളിന്റെ വിജയ റെക്കോര്‍ഡ്‌ തകര്‍ക്കാനിറങ്ങിയ സ്‌പാനിഷ്‌ പോരാളികള്‍ കണ്ടത്‌ സ്വന്തം വലയില്‍ പന്ത്‌ എത്തുന്നത്‌. പ്രത്യാക്രമണത്തില്‍ നിന്നായിരുന്നു ആ ഗോള്‍. ഗ്രൂപ്പ്‌ എച്ചിലെ മൂന്ന്‌ പോയന്റില്‍ സ്വിസുകാര്‍ ഇപ്പോള്‍ മുന്‍പന്തിയിലാണ്‌. ചിലിക്കും ഗ്രൂപ്പില്‍ വിജയമുണ്ട്‌. സ്‌പെയിന്‍ മൂന്നാം സ്ഥാനത്താണ്‌. ഒപ്പം ഹോണ്ടുറാസും. ഇനി സ്‌പെയിനിന്‌ കാര്യങ്ങള്‍ കടുപ്പമാണ്‌. അടുത്ത രണ്ട്‌ കളികളിലും വിജയിക്കണം.ചിത്രം
അട്ടിമറി നമ്പര്‍ വണ്‍... ലോകകപ്പ്‌ ഗ്രൂപ്പ്‌ എച്ചില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വിസ്‌ താരം ഫെര്‍ണാണ്ടസ്‌ സ്‌പാനിഷ്‌ വലയില്‍ പന്ത്‌ എത്തിച്ച നിമിഷം... അരികില്‍ നിരാശരായി സ്‌പാനിഷ്‌ ഗോള്‍ക്കീപ്പര്‍ കസിയസും പുയോളും.

No comments: