Saturday, October 11, 2008

KAMALS DRIVE

തേര്‍ഡ്‌ ഐ
ഇന്നലെ ഈ കോളത്തില്‍ പറഞ്ഞതാണ്‌ സത്യമായത്‌. മിച്ചല്‍ ജോണ്‍സണെ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌്‌സ്‌മാന്മാര്‍ സൂക്ഷിച്ചില്ല. നാല്‌ വിക്കറ്റുകളാണ്‌ ജോണ്‍സണ്‍ സ്വന്തമാക്കിയത്‌. ഇന്ത്യ ബൗള്‍ ചെയ്‌തപ്പോള്‍ സഹീര്‍ഖാനും ഇശാന്ത്‌ ശര്‍മ്മക്കും ലഭിച്ച പിന്തുണയാണ്‌ ജോണ്‍സണ്‌ കിട്ടിയത്‌. പിച്ചിലെ പൊട്ടി പൊളിയുന്ന ഭാഗം ലക്ഷ്യമാക്കിയാണ്‌ സഹീറും ഇശാന്തും പന്തെറിഞ്ഞിരുന്നത്‌. ചില പന്തുകള്‍ പെട്ടെന്ന്‌ ടേണ്‍ ചെയ്‌തിരുന്നു. ഇത്തരം പന്തുകളിലാണ്‌ വിക്കറ്റുകള്‍ വീണതും. ഇന്ത്യന്‍നിരയിലെ അനുഭവസമ്പന്നരായ സേവാഗിനെയും സച്ചിനെയും ലക്ഷ്‌മണിനെയും സൗരവ്‌ ഗാംഗുലിയെയുമാണ്‌ ജോണ്‍സണ്‍ പുറത്താക്കിയത്‌ എന്നതാണ്‌ ശ്രദ്ധേയം. ലോകത്തിലെ എല്ലാ പിച്ചുകളിലും കളിച്ച്‌ പരിചയമുളളവരാണ്‌ ഈ ബാറ്റ്‌സ്‌മാന്മാര്‍. മാനസികമായി ഇവര്‍ നടത്തിയ കണക്ക്‌കൂട്ടലുകള്‍ മനസ്സിലാക്കി തന്നെയാണ്‌ ജോണ്‍സണ്‍ പന്തെറിഞ്ഞത്‌. ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ അജണ്ട ബ്രെട്ട്‌്‌ ലീയെ സൂക്ഷിക്കുകയും മറ്റുളവരെ ആക്രമിക്കുകയുമാണ്‌. ഈ അജണ്ടയില്‍ ഇന്നലെയും മാറ്റമുണ്ടായിരുന്നില്ല. ലീയുടെ വേഗതക്ക്‌ മുന്നില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തി. ജോണ്‍സണെയും സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്കിനെയും ഷെയിന്‍ വാട്ട്‌സണെയും ആക്രമിക്കാനും മുതിര്‍ന്നു.
ഓസീസ്‌ ഫാസ്‌റ്റ്‌ ബൗളിംഗ്‌ നിരയില്‍ സമ്മര്‍ദ്ദമനുഭവിച്ച ബൗളറാണ്‌ ജോണ്‍സണ്‍. കഴിഞ്ഞ വിന്‍ഡീസ്‌ പര്യടനത്തില്‍ അദ്ദേഹത്തിന്‌ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഓസീസ്‌ ടീം അവസാനമായി ഇന്ത്യയില്‍ വന്ന ഏകദിന പരമ്പരയില്‍ 14 വിക്കറ്റുകള്‍ സ്വന്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ ജോണ്‍സണ്‌ ടെസ്‌റ്റ്‌ പരമ്പരയിലും അവസരം ലഭിച്ചത്‌. ഡഗ്‌ ബോളിന്‌ഗറെ പോലെയുളള യുവസീമര്‍മാര്‍ ടീമില്‍ നില്‍ക്കവെ അവസാന ഇലവനിലെ സ്ഥാനം നിലനിര്‍ത്താനുളള ശ്രമത്തില്‍ ജോണ്‍സണ്‍ തന്ത്രപരമായാണ്‌ പന്തെറിഞ്ഞത്‌. പിച്ചിലെ ബൗണ്‍സും പൊടിയേറിയ ഭാഗവുമെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി.
രാവിലെ ആദ്യ സെഷനില്‍ മൂന്ന്‌ ഓവറുകള്‍ പന്തെറിഞ്ഞപ്പോള്‍ മൂന്ന്‌ വിലപ്പെട്ട വിക്കറ്റുകള്‍ ജോണ്‍സണ്‌്‌ ലഭിച്ചത്‌ വേഗത കുറഞ്ഞ പന്തുകളിലായിരുന്നു. ഇതേ തന്ത്രത്തില്‍ അവസാന സെഷനില്‍ സൗരവ്‌ ഗാംഗുലിയെയും അദ്ദേഹം പുറത്താക്കി. ജോണ്‍സണെതിരെ ഒരു ബൗണ്ടറി പായിച്ച സച്ചിന്‌ അടുത്ത പന്തിലെ ചതി മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. സച്ചിനെ പോലെ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ അനുഭവസമ്പന്നനെ പുറത്താക്കാനായത്‌ യുവസീമറുടെ ആത്മവിശ്വാസം ഉയര്‍ത്തി.
സമ്മര്‍ദ്ദത്തിന്റെ പ്രശ്‌നങ്ങളാണ്‌ സച്ചിനെയും ലക്ഷ്‌മണിനെയും ദ്രാവിഡിനെയും ബാധിച്ചത്‌. അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയെങ്കിലും ദ്രാവിഡിന്റെ ബാറ്റിംഗ്‌ ദയനീയമായിരുന്നു. ഏത്‌ സമയത്തും പുറത്താവുമെന്ന ഘട്ടത്തിലായിരുന്നു ആ ബാറ്റിംഗ്‌. പലവട്ടം പന്ത്‌ ഉയര്‍ന്നു. ഭാഗ്യത്തിന്‌ ഫീല്‍ഡര്‍മാരുടെ കൈകളിലെത്തിയില്ല. ലക്ഷ്‌മണിന്‌ ഈ പരമ്പരക്കിടെ തന്നെ റിട്ടയര്‍മെന്റ്‌്‌ പ്രഖ്യാപിക്കേണ്ടി വരുമെന്ന സൂചനകള്‍ അദ്ദേഹം തന്നെ നല്‍കുകയാണ്‌.
വീരോചിത പ്രകടനം ഹര്‍ഭജന്റേതും സഹീറിന്റേതുമായിരുന്നു. അനുഭവസമ്പന്നന്മാര്‍ തപ്പിതടഞ്ഞപ്പോള്‍ അനായാസമായിരുന്നു ഇരുവരുടെയും ബാറ്റിംഗ്‌. ബ്രെട്ട്‌ ലീ ഉള്‍പ്പെടെ ആരെയും ബഹുമാനിക്കാത്ത ബാറ്റിംഗ്‌. രണ്ട്‌ പേര്‍ക്കും ബാറ്റിംഗ്‌ സാങ്കേതികതയില്ല. ഇത്‌ മനസ്സിലാക്കി തന്നെ അവര്‍ ബാറ്റ്‌്‌ ചെയ്‌തു. വെറുതെ പ്രതിരോധത്തിന്റെ പാത പിന്‍പറ്റിയില്ല. ഇപ്പോഴും മല്‍സരത്തില്‍ മുന്‍ത്തൂക്കം ഓസീസിനാണ്‌. 117 റണ്‍സിന്റെ ലീഡ്‌ ഇന്ത്യയെ ഇന്ന്‌ പെട്ടെന്ന്‌ പുറത്താക്കി. നാലാം ദിവസം മുഴുവന്‍ ബാറ്റ്‌ ചെയ്‌ത്‌ സാമാന്യം നല്ല സ്‌ക്കോര്‍ നേടിയാല്‍ അവസാന ദിവസം ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോണ്ടിംഗിനാവും. അവസാന ദിവസം ഈ പിച്ചില്‍ ബാറ്റിംഗ്‌ ഒരിക്കലും എളുപ്പമല്ല.


തനി നാടന്‍
വാലാണ്‌ താരം
ബാംഗ്ലൂര്‍: ബാറ്റ്‌ പിടിക്കാന്‍ അറിയുന്നവരാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ്‌ ഗാംഗുലിയും വി.വി.എസ്‌ ലക്ഷ്‌മണും വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും മഹേന്ദ്രസിംഗ്‌ ധോണിയുമെല്ലാം. പക്ഷേ ഇവരെല്ലാം ഓസ്‌്‌ട്രേലിയന്‍ സീമര്‍ മിച്ചല്‍ ജോണ്‍സന്റെ പന്തുകള്‍ക്ക്‌ മുന്നില്‍ വാലും ചൂരുട്ടി ഓടിയപ്പോള്‍ പന്തെറിയാന്‍ മാത്രമറിയുന്ന ഹര്‍ഭജന്‍സിംഗും സഹിര്‍ഖാനും ചേര്‍ന്ന്‌ സുഖസുന്ദരമായി തനി നാടന്‍ ശൈലിയില്‍ ബാറ്റ്‌ വീശി. ബാറ്റിംഗ്‌ സാങ്കേതികതയും കവര്‍ ഡ്രൈവുകളും ഗ്ലാന്‍സുകളും ഫ്‌ളിക്കുകളും ലോഫ്‌റ്റഡ്‌ ഡ്രൈവുകളുമൊന്നും ഇവര്‍ക്ക്‌ വശമുണ്ടായിരുന്നില്ല. കിരീടത്തിലെ മോഹന്‍ലാലിനെ പോലെ ബാറ്റ്‌ കൊണ്ട്‌ തനി നാടന്‍ തല്ലാണ്‌ ഇവര്‍ നടത്തിയത്‌. അതില്‍ റണ്‍സ്‌ മാത്രമല്ല പിറന്നത്‌, ഫോളോ ഓണ്‍ എന്ന നാണക്കേടില്‍ നിന്നും ഇന്ത്യ രക്ഷപ്പെടുകയും ചെയ്‌തു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ടെസ്‌റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ മല്‍സരം ആവേശകരമാവുകയാണ്‌. ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ സ്വന്തമാക്കിയ 430 റണ്‍സിന്‌ മറുപടിയായി ഇന്ത്യ എട്ട്‌ വിക്കറ്റ്‌ നഷ്‌്‌ടത്തില്‍ 313 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ രാഹുല്‍ ദ്രാവിഡ്‌, ഹര്‍ഭജന്‍സിംഗ്‌ എന്നിവര്‍ക്കൊപ്പം അവസാന പരമ്പര കളിക്കുന്ന സൗരവ്‌ ഗാംഗുലി, പുറത്താവാതെ നില്‍ക്കുന്ന സഹീര്‍ഖാന്‍ എന്നിവരാണ്‌ ഇന്ത്യക്കായി തിളങ്ങിയത്‌. മിച്ചല്‍ ജോണ്‍സണ്‍ 62 റണ്‍സിന്‌ നാല്‌ വിക്കറ്റ്‌ സ്വന്തമാക്കി. 117 റണ്‍സിന്റെ ലീഡ്‌ ഇപ്പോഴും ലോക ചാമ്പ്യന്മാര്‍ക്കുണ്ട്‌.
ആദ്യ സെഷനില്‍ നാല്‌ വിക്കറ്റുകളുമായി മല്‍സരത്തില്‍ പിടിമുറുക്കിയ ഓസ്‌ട്രേലിയക്കാരെ അവസാന സെഷനില്‍ ഹര്‍ഭജനും സഹീറും ചേര്‍ന്നാണ്‌ വെളളം കുടിപ്പിച്ചത്‌. വിലപ്പെട്ട 80 റണ്‍സിന്റെ കൂട്ടുകെട്ടില്‍ ഇന്ത്യ ഫോളോ ഓണ്‍ കടമ്പ കടന്നതിനൊപ്പം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആവേശത്തിന്റെ ചരടുകള്‍ പൊട്ടുകയും ചെയ്‌തു. ഓസ്‌ട്രേലിയക്കാരെ കണ്ടാല്‍ ഹര്‍ഭജന്‌ പ്രത്യേക വാശിയാണ്‌. ബൗളിംഗിലും ബാറ്റിംഗിലും ഇതിന്‌ മാറ്റമില്ല. സ്‌റ്റീവ്‌ വോയുടെ ഓസ്‌ട്രേലിയക്കെതിരെ റെക്കോര്‍ഡ്‌ പ്രകടനം നടത്തിയാണ്‌ ബാജി ലോക ക്രിക്കറ്റിലെ താരമായത്‌. ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ ടെസ്‌റ്റില്‍ മാത്രം ഓസ്‌ട്രേലിയക്കെതിരെ രണ്ട്‌ അര്‍ദ്ധസെഞ്ച്വറികളും ബാജിയുടെ പേരിലുണ്ട്‌. ഇന്നലെ പിറന്നത്‌ മൂന്നാം അര്‍ദ്ധ ശതകമാണ്‌. ബൗളര്‍മാരെ കൂസാതെ തനിക്കറിയുന്ന ശൈലിയിലാണ്‌ ഹര്‍ഭജന്‍ ബാറ്റ്‌ ചെയ്‌തത്‌. സഹീറും പ്രതിരോധത്തിന്റെ അറിയാത്ത തന്ത്രങ്ങള്‍ പ്രയോഗിച്ചില്ല.
രാവിലെ ഇന്ത്യയുടെ മുന്‍നിരക്കാര്‍ തല താഴ്‌ത്തുന്ന ദയനീയ കാഴ്‌ച്ചക്കാണ്‌ ചിന്നസ്വാമി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്‌. വിക്കറ്റ്‌ പോവാതെ 68 റണ്‍സ്‌ എന്ന നിലയില്‍ തുടങ്ങിയ ടീമിന്‌ മുന്‍നിരയിലെ നാല്‌ പേരെ ആദ്യ സെഷനില്‍ നഷ്‌ടമായി. മിച്ചല്‍ ജോണ്‍സന്റെ ഒമ്പത്‌ ഓവര്‍ ദീര്‍ഘിച്ച ആദ്യ സ്‌പെല്ലില്‍ സേവാഗ്‌, സച്ചിന്‍, ലക്ഷ്‌മണ്‍ എന്നിവര്‍ പുറത്തായി. ചായക്ക്‌ ശേഷം ആക്രമണത്തിന്‌ തിരിച്ചെത്തിയപ്പോള്‍ പൊരുതി നിന്ന സൗരവ്‌ ഗാംഗുലിയെും ജോണ്‍സണ്‍ മടക്കി അയച്ചു. വിന്‍ഡീസിനെതിരെ ഈ വര്‍ഷം തുടക്കത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ജോണ്‍സന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ്‌ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കണ്ടത്‌.
ഗാംഭീറിന്റെ വിക്കറ്റാണ്‌ ഇന്നലെ ആദ്യം ഇന്ത്യക്ക്‌ നഷ്‌ടമായത്‌. ലീയുടെ വേഗതയാര്‍ന്ന പന്തിന്‌ മുന്നില്‍ ഗാംഭിറിന്റെ പ്രതിരോധം പിഴച്ചു. സ്‌ക്കോര്‍ബോര്‍ഡില്‍ 70 റണ്‍സായിരുന്നു അപ്പോള്‍ സ്‌ക്കോര്‍. താമസിയാതെ സേവാഗിനും ദിശ നഷ്ടമായി. പതിവ്‌ ശൈലിയില്‍ ആക്രമണത്തിന്റെ പാത പിന്‍പറ്റി ഓപ്പണറെ ജോണ്‍സണാണ്‌ പുറത്താക്കിയത്‌. ബ്രയന്‍ ലാറയുടെ ടെസ്‌റ്റ്‌ ലോക റെക്കോര്‍ഡ്‌ തിരുത്തുമെന്ന്‌ കരുതപ്പെട്ട ചാമ്പ്യന്‍ ബാറ്റ്‌സ്‌മാന്‍ സച്ചിനാണ്‌ വലിയ നിരാശ കാണികള്‍ക്ക്‌ സമ്മാനിച്ചത്‌. ലാറയുടെ അരികിലെത്താന്‍ 77 റണ്‍സായിരുന്നു സച്ചിനാവശ്യം. സേവാഗിന്റെ പതനത്തെ തുടര്‍ന്ന്‌ കാണികളുടെ കൈയ്യടികളില്‍ ക്രിസിലെത്തിയ മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ രണ്ട്‌ തകര്‍പ്പന്‍ ബൗണ്ടറികള്‍ പായിച്ചു. വ്യക്തിഗത സ്‌ക്കോര്‍ 13 ല്‍ ജോണ്‍സന്റെ വേഗത കുറഞ്ഞ പന്ത്‌ സച്ചിനെ കബളിപ്പിച്ചു. കവറില്‍ ക്യാച്ച്‌ നല്‍കി സൂപ്പര്‍താരം മടങ്ങി. സൗരവ്‌ ഗാംഗുലിയുടെ റിട്ടയര്‍മെന്റ്‌്‌ പ്രഖ്യാപനത്തെ തുടര്‍ന്ന്‌്‌ കനത്ത സമ്മര്‍ദ്ദത്തിലായ ഹൈദരാബാദുകാരന്‍ വി.വി.എസ്‌്‌.ലക്ഷ്‌മണ്‍ 27 പന്തുകള്‍ നേരിട്ട്‌ റണ്ണൊന്നും നേടാതെ നേരത്തെ പുറത്തായിരുന്നു.
സ്വന്തം മൈതാനത്ത്‌ കളിക്കുന്ന ദ്രാവിഡ്‌ ഒരു ഭാഗത്ത്‌ പൊരുതി നില്‍ക്കവെയായിരുന്നു സൗരവ്‌ ഗാംഗുലി എത്തിയത്‌. അര്‍ദ്ധസെഞ്ച്വറി പിന്നിട്ടതും ദ്രാവിഡ്‌ പുറത്തായതോടെ വീണ്ടും സമ്മര്‍ദ്ദമായി. ഒരിക്കലും ആധികാരികമായിരുന്നില്ല ദ്രാവിഡിന്റെ ഇന്നിംഗ്‌സ്‌. സൗരവ്‌ ആത്മവിശ്വാസത്തോടെയായിരുന്നില്ല കളിച്ചത്‌. 115 പന്തുകള്‍ നേരിട്ട ദാദ മൂന്ന്‌ ബൗണ്ടറികള്‍ പായിച്ചു. 49 റണ്‍സാണ്‌ ദ്രാവിഡ്‌-സൗരവ്‌ സഖ്യം സ്വന്തമാക്കിയത്‌.
ധോണിക്ക്‌ കാര്യമായി ഒന്നും ചെയ്യാനായില്ല. വിക്കറ്റ്‌ കീപ്പര്‍ പുറത്തായതിന്‌ ശേഷമാണ്‌ നാടന്‍ ബാറ്റിംഗ്‌ കണ്ടത്‌. നാടനെന്നാല്‍ തനി നാടന്‍. ഹര്‍ഭജനും സഹീറും ചേര്‍ന്ന്‌ കത്തിക്കയറുകയായിരുന്നു.

മുംബൈ എഫ്‌.സി കുതിക്കുന്നു
മുംബൈ: ഐ. ലീഗ്‌ സോക്കറില്‍ മുംബൈ എഫ്‌.സി എന്ന പുത്തന്‍ ടീം പരാജയമറിയാതെ മുന്നേറുന്നു. ഇന്നലെ നടന്ന മൂന്നാം റൗണ്ട്‌ മല്‍സരത്തില്‍ അവര്‍ സ്വന്തം നഗരത്തിലെ വമ്പന്മാരായ മഹീന്ദ്ര യുനൈറ്റഡിനെ ഒരു ഗോളിന്‌ തോല്‍പ്പിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ എഫ്‌.സിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്‌. ഇന്നലെ നടന്ന മറ്റ്‌ മല്‍സരങ്ങളില്‍ ജെ.സിടി മില്‍സ്‌ ഫഗ്‌വാര രണ്ട്‌്‌ ഗോളിന്‌ മുഹമ്മദന്‍സ്‌ സ്‌പോര്‍ട്ടിംഗിനെയും, സ്‌പോര്‍ട്ടിംഗ്‌ ഗോവ ഇതേ മാര്‍ജിനില്‍ മോഹന്‍ ബഗാനെയും പരാജയപ്പെടുത്തി. ഇന്ന്‌ നടക്കുന്ന മല്‍സരങ്ങളില്‍ ചിരാഗ്‌ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെയും എയര്‍ ഇന്ത്യ ഈസ്‌റ്റ്‌്‌ ബംഗാളിനെയും ഡെംപോ വാസ്‌ക്കോ ഗോവയെയും നേരിടും.
മുന്‍ ഇന്ത്യന്‍ താരം കുലോത്തുംഗന്റെ ഗോളാണ്‌ മുംബൈ എഫ്‌.സിക്ക്‌ മികച്ച വിജയം സമ്മാനിച്ചത്‌. മലയാളിയായ എന്‍.പി പ്രദീപ്‌ ഉള്‍പ്പെടെ മഹീന്ദ്ര സംഘത്തില്‍ പ്രമുഖരെല്ലാം കളിച്ചിരുന്നു. പക്ഷേ ആര്‍ക്കും അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. ഇരുപത്തി മൂന്നാം മിനുട്ടിലായിരുന്നു കുലോത്തുംഗന്റെ ഗോള്‍. മുംബൈ എഫ്‌.സിയുടെ ജെയിംസ്‌ ദിസിമാണ്‌ കളിയിലെ കേമന്‍.
ലുഥിയാനയില്‍ മുഹമ്മദന്‍സിനെതിരെ നടന്ന മല്‍സരത്തിന്റെ ഒന്നാം പകുതിയുടെ അവസാനത്തിലാണ്‌ ജെ.സി.ടി ആദ്യ ഗോള്‍ സ്‌ക്കോര്‍ ചെയ്‌തത്‌. ബാല്‍ജിത്‌സിംഗ്‌ സെയ്‌നിയായിരുന്നു സ്‌ക്കോറര്‍. സൂപ്പര്‍താരം എസ്‌കോബാര്‍ അറുപത്തിയെട്ടാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി. ബഗാന്‍ പ്രതിരോധത്തെ പിച്ചിചീന്തിയ പ്രകടനത്തില്‍ വില്‍ട്ടണ്‍ ഗോമസ്‌ (26), നതാനിയല്‍ ആമോസ്‌ ( 47) എന്നിവരാണ്‌ സ്‌പോര്‍ട്ടിംഗിന്റെ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തത്‌.

പൂനെയില്‍ ഇന്ന്‌ മുതല്‍ ഉല്‍സവം
പൂനെ: മൂന്നാമത്‌ കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസിന്‌ ഇന്ന്‌ സുരേഷ്‌ കല്‍മാഡിയുടെ നാടായ പൂനെയില്‍ തുടക്കം. വൈകീട്ട്‌ 4-30ന്‌ രാഷ്‌്‌ട്രപതി പ്രതിഭാ പാട്ടില്‍ ഗെയിംസിന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. 77 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം യുവതാരങ്ങള്‍ പങ്കെടുക്കുന്ന മേള 18ന്‌ സമാപിക്കും. 2010 ല്‍ ഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ മുന്നോടിയായി നടത്തപ്പെടുന്ന യൂത്ത്‌ ഗെയിംസിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി തലവന്‍ കൂടിയായ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌്‌്‌ സുരേഷ്‌ കല്‍മാഡി അിയിച്ചു. ബാലെവാഡി ചത്രപതി ശിവാജി സ്‌റ്റേഡിയത്തിലാണ്‌ പ്രധാന മല്‍സരങ്ങള്‍. ജിഗര്‍ എന്ന കടുവകുട്ടിയാണ്‌ മേളയുടെ ഭാഗ്യതാരം. അത്‌ലറ്റിക്‌സിന്‌ പുറമെ നീന്തല്‍, ബോക്‌സിംഗ്‌, ടെന്നിസ്‌, ടേബിള്‍ ടെന്നിസ്‌, ഗുസ്‌തി, ബാഡ്‌മിന്റണ്‍, ഷൂട്ടിംഗ്‌, വെയ്‌റ്റ്‌ലിഫ്‌ടിംഗ്‌ ഇനങ്ങളിലാണ്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌.

വിലക്കിയാല്‍ അപ്പീല്‍ നല്‍കും
കോഴിക്കോട്‌: 2007 ലെ ഐ ലീഗ്‌ ചാമ്പ്യന്‍ഷിപ്പിനിടെ വിവ കേരളയുടെ ഹോം മല്‍സരങ്ങള്‍ നടന്ന കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ സ്വകാര്യ ചാനലുകള്‍ മല്‍സരം ചിത്രീകരിച്ചത്‌ സംബന്ധിച്ച്‌ സീ സ്‌പോര്‍ട്‌സ്‌ നല്‍കിയ പരാതിയില്‍ കടുത്ത നടപടികള്‍ വന്നാല്‍ യുക്തമായി നേരിടുമെന്ന്‌ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. പ്രശ്‌്‌നത്തില്‍ ശക്തമായ നടപടികള്‍ക്ക്‌ സാധ്യത കുറവാണെന്ന്‌്‌്‌ കെ.എഫ്‌.എ പ്രസിഡണ്ട്‌ കെ.എം.ഐ മേത്തര്‍ സ്‌പോര്‍ട്‌സ്‌ ചന്ദ്രികയോട്‌ പറഞ്ഞു. വിവ കേരളയുടെ ഹോം മല്‍സരങ്ങള്‍ നടന്നപ്പോള്‍ സീ സ്‌പോര്‍ട്‌സ്‌ പരാതി നല്‍കിയിരുന്നു. ഈ വിഷയം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ്‌ യോഗത്തില്‍ ചര്‍ച്ചക്ക്‌ വന്നതായി അറിയില്ല. പക്ഷേ ഫെഡറേഷന്‍ അച്ചടക്കസമിതി കര്‍ക്കശനടപടിക്ക്‌ മുതിര്‍ന്നാല്‍ ഫെഡറേഷന്‍ പ്രസിഡണ്ടിനും എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്കും അപ്പീല്‍ നല്‍കാന്‍ കഴിയുമെന്ന്‌ അദ്ദേഹം പറഞ്ഞു.
അതിനിടെ പിഴയുടെ കാര്യത്തില്‍ എന്ത്‌ ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍. വിവയുടെ ഹോം മല്‍സരങ്ങള്‍ വന്‍ നഷ്‌ടത്തില്‍ കലാശിച്ചതിനാല്‍ സാമ്പത്തികമായി കെ.ഡി.എഫ്‌.എ യുടെ ഖജനാവ്‌ ശൂന്യമാണ്‌. മൂന്ന്‌ ലക്ഷത്തിന്റെ പിഴയാണ്‌ അച്ചടക്കസമിതി ചുമത്തിയിരിക്കുന്നത്‌. ഒരു സാഹചര്യത്തിലും ഈ തുക അടക്കാന്‍ കെ.ഡി.എഫ്‌.എ ക്ക്‌ കഴിയില്ല.

No comments: