Thursday, October 30, 2008

political sports

കോഴിക്കോട്‌: സംസ്ഥാനത്തെ പതിനാല്‌ ജില്ലകളിലെയും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളിലേക്ക്‌ ഇന്ന്‌ തെരഞ്ഞെടുപ്പ്‌. രാവിലെ പത്തിന്‌ ആരംഭിക്കുന്ന തെരഞ്ഞെടുപ്പില്‍ അംഗീകൃത അസോസിയേഷന്‍ പ്രതിനിധികള്‍ക്കും നോമിനേറ്റഡ്‌ അംഗങ്ങള്‍ക്കുമാണ്‌ വോട്ടവകാശം. പല ജില്ലകളിലും സി.പി.എമ്മിന്റെ രാഷ്‌ട്രീയ പാനലാണ്‌ രംഗത്തുളളത്‌. ഇതിനെതിരെ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ രംഗത്ത്‌ വന്നിരിക്കുന്ന സാഹചര്യത്തില്‍ മല്‍സരത്തിന്‌ വീറും വാശിയുമുണ്ട്‌. സമ്പൂര്‍ണ്ണ കായിക വികസനമെന്ന ലക്ഷ്യത്തില്‍ രാഷട്രീയ മുക്തമായ പാനലിനായാണ്‌ ശ്രമം നടന്നിരുന്നതെങ്കിലും നിലവില്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭരണം നിയന്ത്രിക്കുന്ന സി.പി.എം ഔദ്യോഗിക ഗ്രൂപ്പ്‌ ഏകപക്ഷീയമായി പാനലിനെ നിശ്ചയിച്ചതില്‍ കോഴിക്കോട്‌ ജില്ലയിലുള്‍പ്പെടെ പലയിടങ്ങളിലും കേരളാ ഒളിംപിക്‌ അസോസിയേഷന്‍ രംഗത്തുണ്ട്‌. കോഴിക്കോട്‌ ഒളിംപിക്‌ അസോസിയേഷന്‍ സ്വന്തം പാനലിനെയാണ്‌ രംഗത്തിറക്കിയിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ കേന്ദ്രങ്ങളില്‍ രണ്ട്‌ ബാലറ്റ്‌ ബോക്‌സുകളുണ്ടാവും. അസോസിയേഷന്‍ പ്രതിനിധികള്‍ക്കും നേമിനേറ്റഡ്‌ വോട്ടര്‍മാര്‍ക്കുമായാണിത്‌.
ഓരോ ജില്ലയിലും അറുപത്തിരണ്ട്‌ പേര്‍ക്കാണ്‌ വോട്ടവകാശം. ഇതില്‍ 35 പേര്‍ അസോസിയേഷന്‍ പ്രതിനിധികളാണ്‌. 27 നോമിനേറ്റഡ്‌ വോട്ടര്‍മാരും. തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കുമെങ്കിലും മല്‍സരഫലം പ്രഖ്യാപിക്കാന്‍ കോടതി അനുമതി വേണം. സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിനെ നയിക്കുന്ന സി.പി.എം പല ജില്ലകളിലും പരസ്‌പരധാരണ കാറ്റില്‍പ്പറത്തി ഏകപക്ഷീയ പാനലാണ്‌ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന്‌ ആരോപിച്ച്‌ കേരളാ ഒളിംപിക്‌ അസോസിയേഷനാണ്‌ കോടതിയെ സമീപിച്ചിരിക്കുന്നത്‌.
തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി തിരുവനന്തപുരത്ത്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി എം.വിജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ സമവായ ചര്‍ച്ചകള്‍ നടന്നിരുന്നു. ഭാരവാഹികളെ നിശ്ചയിക്കുന്നതില്‍ പരസ്‌പരധാരണയില്‍ പ്രവര്‍ത്തിക്കാന്‍ അന്നത്തെ യോഗത്തില്‍ ടി.പി ദാസന്റെ നേതൃത്ത്വത്തിലുള്ള സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും കേരളാ ഒളിംപിക്‌ അസോസിയേഷനും തീരുമാനിച്ചിരുന്നു. ഒരു ജില്ലയില്‍ നിന്ന്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ ടി.പി ദാസന്‍ ഗ്രൂപ്പിന്റെ നോമിനിയാണ്‌ മല്‍സരിക്കുന്നതെങ്കില്‍ ആ ജില്ലയില്‍ നിന്നുള്ള സംസ്ഥാന സപോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധി സ്ഥാനം ഒളിംപിക്‌ അസോസിയേഷന്‌ നല്‍കണമെന്നയതായിരുന്നു ധാരണ. എന്നാല്‍ ഈ ധാരണ കോഴിക്കോട്‌ ഉള്‍പ്പെടെ പല ജില്ലകളിയും ലംഘിച്ചിരിക്കയാണെന്നാണ്‌ ഒളിംപിക്‌ അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്‌. കോഴിക്കോട്‌ സ്വന്തം പാനലാണ്‌ അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്ന്‌ കേരളാ ഒളിംപിക്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.എം ഹംസയും ജോ.സെക്രട്ടറി എം.കൃഷ്‌ണകുമാറും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കായിക സ്‌നേഹികളായ പലരെയും പുറത്താക്കി സ്വന്തക്കാരെ മാത്രമാണ്‌ പാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇതിനെതിരെ പുതിയ പാനലമായി മല്‍സരിക്കുമെന്നുമാണ്‌ ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.
നോമിനേറ്റഡ്‌ വോട്ടര്‍മാരിലൂടെ അധികാരം പിടിച്ചെടുക്കാനാണ്‌ സി.പി.എം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്‌. എല്ലാ ജില്ലകളിലും 27 നോമിനേറ്റഡ്‌ വോട്ടര്‍മാരുണ്ട്‌. നിലവില്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭരണം നിയന്ത്രിക്കുന്നതിനാല്‍ സി.പി.എം അനുകൂലികള്‍ തന്നെയാണ്‌ നോമിനേറ്റഡ്‌ വോട്ടര്‍മാരുടെ പട്ടികയിലുളളത്‌. ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നവരുമാണ്‌ നോമിനേറ്റഡ്‌ വോട്ടര്‍മാര്‍. ഇവരെല്ലാം സി.പി.എം പാനലിനെ അനുകൂലിക്കുന്നവരാണ്‌. അസോസിയേഷന്‍ പ്രതിനിധികള്‍ രാഷ്ട്രീയത്തിന്‌ അതീതമായി ചിന്തിച്ചാലും നോമിനേറ്റഡ്‌ അംഗങ്ങളുടെ പിന്തുണയില്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഭരമം ഉറപ്പാണെന്നാണ്‌ ടി.പി ദാസന്‍ ഗ്രൂപ്പ്‌ പറയുന്നത്‌. എന്നാല്‍ പാര്‍ട്ടയിലെ ഗ്രൂപ്പിസത്തില്‍ കോഴിക്കോട്‌ ഉള്‍പ്പെടെ പല ജില്ലകളിലും സി.പി.എം വോട്ടില്‍ ചോര്‍ച്ചകള്‍ക്ക്‌ സാധ്യതയുണ്ട്‌. ഇത്‌ മനസ്സിലാക്കിയാണ്‌ നോമിനേറ്റഡ്‌ വോട്ടര്‍മാരില്‍ ഔദ്യോഗിക ഗ്രൂപ്പ്‌ നോട്ടമിട്ടിരിക്കുന്നത്‌.
സംസ്ഥാനത്ത്‌ കായികഭരണത്തെ ഏകോപിപ്പിക്കുകയാണ്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുകളുടെ ലക്ഷ്യമെന്ന്‌കായിക മന്ത്രി തന്നെ വ്യക്തമാക്കിയിട്ടും കേരളാ ഒളിംപിക്‌ അസോസിയേഷന്‍ പോലെയുളള പ്രബല വിഭാഗത്തെ നോക്കുകുത്തിയാക്കിയാണ്‌ ഇപ്പോള്‍ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഈ രീതി തുടരുന്ന പക്ഷം കേരളത്തിന്‌ അനുവദിച്ചിരിക്കുന്ന ദേശീയ ഗെയിംസിനെ പോലും അത്‌ ബാധിക്കുമെന്നാണ്‌ അസോസിയേഷന്‍ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. ദേശീയ ഗെയിംസ്‌ മുന്‍നിര്‍ത്തി രാഷ്ട്രീയ-സാമ്പത്തിക ലാഭം ലക്ഷ്യമാക്കിയാണ്‌ സി.പി.എംസ്വന്തം പാനലിനെ രംഗത്തിറക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.

വേട്ടര്‍മാര്‍ പേരെഴുതണമെന്ന്‌
തിരുവനന്തപുരം: ഇന്ന്‌ നടക്കുന്ന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നവര്‍ ബാലറ്റ്‌ പേപ്പറിന്‌ മറുഭാഗത്ത്‌ സ്വന്തം പേരെഴുതണമെന്ന നിര്‍ദ്ദേശം വിവാദമാവുന്നു. സര്‍ക്കാര്‍ ഉത്തരവായാണ്‌ പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്‌. എന്നാല്‍ വോട്ടവകാശം വിനിയോഗിക്കുന്നവര്‍ സ്വന്തം പേര്‌ ബാലറ്റ്‌ പേപ്പറില്‍ എഴുതണമെങ്കില്‍ പിന്നെയെന്തിനാണ്‌ രഹസ്യ ബാലറ്റ്‌ എന്നാണ്‌ ചോദ്യം. സി.പി.എമ്മിലെ ഒദ്യോഗിക ഗ്രൂപ്പാണ്‌ പുതിയ നിര്‍ദ്ദേശത്തിന്റെ വക്താക്കള്‍. സ്വന്തം വോട്ടുകള്‍ തന്നെ പുറത്ത്‌ പോവുമെന്ന ഭയത്തില്‍ നിന്നാണ്‌ ഈ നിര്‍ദ്ദേശം വന്നിരിക്കുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. കോഴിക്കോട്ട്‌ നിന്ന്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രതിനിധിയായി മല്‍സരിക്കുന്ന ടി.പി ദാസന്‌ വോട്ട്‌ ചെയ്യാന്‍ ജില്ലയില്‍ തന്നെയുളള സി.പി.എം ജനപ്രതിനിധികള്‍ ഒരുക്കമല്ല. സമാന സാഹചര്യങ്ങള്‍ കണ്ണൂര്‍,തൃശൂര്‍, പാലക്കാട്‌ ഉള്‍പ്പെടെയുളള ജില്ലകളിലുമുണ്ട്‌. പാര്‍ട്ടി ഗ്രൂപ്പിന്‌ വോട്ട്‌ ചെയ്യാത്തവരെ കണ്ടുപിടിക്കാനാണ്‌ ജനാധിപത്യത്തില്‍ എവിടെയും കേള്‍ക്കാത്ത രീതി കൊണ്ട്‌ വന്നിരിക്കുന്നത്‌. ബാലറ്റ്‌ പേപ്പറില്‍ പേരെഴുതാത്തവരുടെ വോട്ട്‌ അസാധുവായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്‌.

ന്യൂഡല്‍ഹി: കോട്‌്‌ലയില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ തല്‍ക്കാലം ഇനി ഓസ്‌ട്രേലിയക്കാവില്ല. പരമ്പരയില്‍ ഒപ്പമെത്താന്‍ വിജയം മുദ്രാവാക്യമാക്കിയ ഓസ്‌ട്രേലിയക്കാരെ നിലംപരിശാക്കുന്ന പ്രകടനത്തിലൂടെ ഗൗതം ഗാംഭീറും വി.വി.എസ്‌ ലക്ഷ്‌മണും ഇന്ത്യക്ക്‌ നല്‍കിയത്‌ തോല്‍ക്കില്ല എന്ന സര്‍ട്ടിഫിക്കറ്റ്‌. ഒന്നാം ഇന്നിംഗ്‌സില്‍ 613 റണ്‍സാണ്‌ ഇന്ത്യ വാരിക്കൂട്ടിയത്‌. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ പതിനഞ്ച്‌ ഓവറില്‍ ഓസ്‌ട്രേലിയക്കാര്‍ വിക്കറ്റ്‌്‌ പോവാതെ 50 റണ്‍സ്‌ നേടിയിട്ടുണ്ട്‌.
ഗാംഭീറും (206), ലക്ഷ്‌മണും (200 നോട്ടൗട്ട്‌) നടത്തിയ ആക്രമണത്തില്‍ തകര്‍ന്നുതരിപ്പണമായ ഓസ്‌ട്രേലിയക്ക്‌ ഇനിയുളള ദിവസങ്ങള്‍ ചെറുത്തുനില്‍പ്പിന്റേതാണ്‌. വിജയത്തെക്കുറിച്ച്‌ തല്‍ക്കാലം ചിന്തിക്കാന്‍ അവര്‍ക്കാവില്ല. സ്‌പിന്നര്‍മാര്‍ക്ക്‌ അനുകൂലമായി വരുന്ന ട്രാക്കില്‍ അനില്‍ കുംബ്ലെ, അമിത്‌ മിശ്ര എന്നിവരുടെ കുത്തിത്തിരിയുന്ന പന്തുകളെ അതിജയിച്ച്‌ ഒരു സമനില സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ തന്നെ ടീമിന്‌ അത്‌ വലിയ നേട്ടമാവും. ആദ്യ ദിവസത്തെ ഏകാധിപത്യത്തില്‍ നിന്നും ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ കടന്നാക്രമണമാണ്‌ രണ്ടാം ദിവസത്തില്‍ കണ്ടത്‌. ബ്രെട്ട്‌ ലീ നേതൃത്തം നല്‍കിയ ബൗളിംഗ്‌പ്പട വിയര്‍ത്തുകുളിച്ച കാഴ്‌ച്ച ദയനീയമായിരുന്നു.
സ്വന്തം തട്ടകത്ത്‌ ടെസ്റ്റ്‌ ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയുമായി ഗാംഭീര്‍ കളം നിറഞ്ഞപ്പോള്‍ ലക്ഷ്‌മണ്‍ ഓസ്‌ട്രേലിയക്കാര്‍ തന്റെ പ്രിയപ്പെട്ട എതിരാളികളാണെന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിച്ചു. ഇവര്‍ക്ക്‌ രണ്ട്‌ പേര്‍ക്കും അവകാശപ്പെട്ടതായിരുന്നു രണ്ടാം ദിവസം. ഓസ്‌ട്രേലിയക്കെതിരെ ധാരാളം റണ്‍സ്‌ സ്വന്തമാക്കിയ ഹൈദരാബാദുകാരന്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ഇന്നിംഗ്‌സ്‌ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 278 റണ്‍സാണ്‌ നാലാം വിക്കറ്റില്‍ ഗാംഭീര്‍-ലക്ഷ്‌മണ്‍ സഖ്യം സ്വന്തമാക്കിയത്‌.
ലീയുടെ പന്തില്‍ മിന്നുന്ന ബൗണ്ടറിയുമായാണ്‌ ലക്ഷ്‌മണ്‍ ഇന്നലെ ബാറ്റിംഗ്‌ ആരംഭിച്ചത്‌. സെഞ്ച്വറിയിലേക്കുളള യാത്രയില്‍ അധികസമയം പാഴാക്കാതെ കാമറൂണ്‍ വൈറ്റിനെ ശിക്ഷിച്ചാണ്‌ അദ്ദേഹം മൂന്നക്കത്തിലെത്തിയത്‌. ലക്ഷ്‌മണിനെ എങ്ങനെ തളക്കണന്നെ ചിന്തയില്‍ ബൗളര്‍മാര്‍ തുടര്‍ച്ചയായി അദ്ദേഹത്തിന്റെ പാഡിലേക്ക്‌ പന്തെറിഞ്ഞപ്പോള്‍ റണ്ണൊഴുക്ക്‌്‌ തുടര്‍ന്നു. ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌ സ്ലിപ്പില്‍ നിന്ന്‌ എല്ലാവരെയും പിന്‍വലിച്ച്‌ അതിര്‍ത്തിയിലേക്ക്‌ മാറ്റാനും നിര്‍ബന്ധിതനായി. 21 ബൗണ്ടറികളാണ്‌ ലക്ഷ്‌മണ്‍ പായിച്ചത്‌. ലക്ഷ്‌്‌മണ്‍ സ്വതസിദ്ധമായ കരുത്തില്‍ പന്തിനെ എളുപ്പം നേരിടുന്നത്‌ കണ്ട്‌ ഗാംഭീര്‍ അതേ അനായാസത പ്രകടിപ്പിച്ചതിനൊപ്പം സ്‌പിന്നര്‍മാര്‍ക്കെതിരെ ക്രിസ്‌ വിട്ട്‌ മികച്ച ഷോട്ടുകള്‍ പായിക്കാനും മുതിര്‍ന്നു. ആദ്യ സെഷനില്‍ ലോക ചാമ്പ്യന്മാര്‍ക്ക്‌ വിക്കറ്റ്‌ തന്നെ ലഭിച്ചില്ല. രണ്ടാം സെഷനില്‍ ഗാംഭീര്‍ കരിയറിലെ ആദ്യ ഡബിള്‍ സ്വന്തമാക്കി. 26 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം പായിച്ചു. രണ്ട്‌ ദിവസത്തോളം ബാറ്റ്‌ ചെയ്‌ത ഡല്‍ഹിക്കാരന്‍ ക്ഷീണിതനുമായിരുന്നു. ലീയുടെ പന്ത്‌ മിഡ്‌ വിക്കറ്റിലേക്ക്‌ പായിച്ച്‌ ഡബിള്‍ പൂര്‍ത്തിയാക്കിയ ഉടന്‍ ഗാംഭീറിനെ അഭിനന്ദിക്കാനും ലീ മറന്നില്ല. വ്യക്തിഗത സ്‌ക്കോര്‍ 206 ല്‍ ഷെയിന്‍ വാട്ട്‌സന്റെ പന്തിലാണ്‌ ഗാംഭീര്‍ പുറത്തായത്‌. ആദ്യ ദിവസം ചായക്ക്‌ തൊട്ട്‌ മുമ്പ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്തായ ശേഷം ഓസ്‌ട്രേലിയക്കാര്‍ക്ക്‌ ലഭിക്കുന്ന ആദ്യ വിക്കറ്റായിരുന്നു അത്‌.
കനത്ത ചൂടില്‍ ഓസ്‌ട്രേലിയക്കാരെല്ലാം തളര്‍ന്നിരുന്നു. മിച്ചല്‍ ജോണ്‍സണ്‌ താളം കണ്ടെത്താനാവാതെ വന്നപ്പോള്‍ വിക്കറ്റിന്‌ പിറകില്‍ ബ്രാഡ്‌ ഹാദ്ദിനും പിഴവുകള്‍ കാണിച്ചു. പക്ഷേ ഈ ആലസ്യം ഉപയോഗപ്പെടുത്താന്‍ സൗരവ്‌ ഗാംഗുലിക്കായില്ല. അദ്ദേഹം അഞ്ച്‌ റണ്ണുമായി കാറ്റിച്ചിന്‌ വിക്കറ്റ്‌ നല്‍കി. മൊഹാലി ഹീറോ മഹേന്ദ്രസിംഗ്‌ ധോണി ഏകദിന ശൈലിയിലാണ്‌ ബാറ്റേന്തിയത്‌. കാറ്റിച്ചിനെതിരെ ധോണി പായിച്ച തകര്‍പ്പന്‍ ഷോട്ടുകള്‍ കാണികള്‍ക്ക്‌ വിരുന്നായി. കുംബ്ലെയും ബാറ്റിംഗില്‍ മോശമായില്ല. സഹീര്‍ഖാനും സ്വന്തം പങ്ക്‌ ഭംഗിയാക്കി. ഓസീസ്‌ ബൗളിംഗ്‌ നിരയില്‍ എട്ട്‌ പേര്‍ പന്തെറിഞ്ഞപ്പോള്‍ മിച്ചല്‍ ജോണ്‍സണ്‌ മാത്രമാണ്‌ മികവ്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞത്‌.
ലക്ഷ്‌മണിന്റെ ഡബള്‍ സെഞ്ച്വറിക്ക്‌ ശേഷം ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ ആരംഭിച്ചപ്പോള്‍ പേസര്‍മാരായ സഹീറിനും ഇഷാന്തിനും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
സക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗൗതം ഗാംഭീര്‍-ബി-വാട്ട്‌സണ്‍-206, വിരേന്ദര്‍ സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-ലീ-1, രാഹുല്‍ ദ്രാവിഡ്‌-സി-ഹെയ്‌ഡന്‍-ബി-ജോണ്‍സണ്‍-11, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സി-ഹാദ്ദീന്‍-ബി-ജോണ്‍സണ്‍-68, വി.വി.എസ ലക്ഷ്‌മണ്‍-നോട്ടൗട്ട്‌-200, സൗരവ്‌ ഗാംഗുലി-സി-പോണ്ടിംഗ്‌-ബി-കാറ്റിച്ച്‌-5, മഹേന്ദ്രസിംഗ്‌ ധോണി-സി-ഹാദ്ദീന്‍-ബി-വാട്ട്‌സണ്‍-27, അനില്‍ കുംബ്ലെ-എല്‍.ബി.ഡബ്ല്യൂ-ബി-ജോണ്‍സണ്‍-45, സഹീര്‍ഖാന്‍-നോട്ടൗട്ട്‌-28.എക്‌സ്‌ട്രാസ്‌-22, ആകെ ഏഴ്‌ വിക്കറ്റിന്‌ 613 ഡിക്ലയേര്‍ഡ്‌. വിക്കറ്റ്‌ പതനം: 1-5 (സേവാഗ്‌), 2-27 (ദ്രാവിഡ്‌), 3-157 (സച്ചിന്‍), 4-435 (ഗാംഭീര്‍), 5-444 (സൗരവ്‌), 6-481 (ധോണി), 7-579 (കുംബ്ലെ). ബൗളിംഗ്‌: ബ്രെട്ട്‌ ലീ 30-2-119-1, സ്‌റ്റിയൂവര്‍ട്ട്‌ ക്ലാര്‍ക്ക്‌ 33-9-69-0, ജോണ്‍സണ്‍ 32-4-142-3, വാട്ട്‌സണ്‍ 20-4-66-2, കാമറൂണ്‍ വൈറ്റ്‌ 15-1-73-0, മൈക്കല്‍ ക്ലാര്‍ക്ക്‌ 14-0-59-0, കാറ്റിച്ച്‌ 15-3-60-1, പോണ്ടിംഗ്‌ 2-0-11-0 ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍ -നോട്ടൗട്ട്‌-16, കാറ്റിച്ച്‌-നോട്ടൗട്ട്‌-29, എക്‌സ്‌ട്രാസ്‌ 5, ആകെ വിക്കറ്റ്‌ പോവാതെ 50. ബൗളിഗ്‌: സഹീര്‍ 4-2-9-0, ഇഷാന്ത്‌ 4-1-9-0, കുംബ്ലെ 4-1-17-0, മിശ്ര 3-0-11-0




സ്‌പെഷ്യല്‍ ലക്ഷ്‌മണ്‍
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയ എന്നാല്‍ വെങ്കട്ടസായി ലക്ഷ്‌മണിന്‌ പ്രിയപ്പെട്ട എതിരാളികളാണ്‌. കങ്കാരുക്കളാണ്‌ പന്തെറിയുന്നതെങ്കില്‍ ഹൈദരാബാദുരകാരന്റെ ബാറ്റിന്‌ വിശ്രമമില്ല. ഇന്നലെ ഫിറോസ്‌ ഷാ കോടലയില്‍ ആ സില്‍ക്കി ടച്ച്‌ വീണ്ടും കണ്ടു. മറ്റൊരു സുന്ദരമായ ഡബിള്‍ സെഞ്ച്വറി. 2000 ത്തിലധികം റണ്‍സാണ്‌ ഓസ്‌ട്രേലിയക്കെതിരെ ലക്ഷ്‌മണ്‍ പൂര്‍ത്തിയാക്കിയത്‌. 2000-01 പരമ്പരയില്‍ സ്റ്റീവ്‌ വോ നയിച്ച ഓസ്‌ട്രേലിയക്കെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ വാരിക്കൂട്ടിയ 281 റണ്‍സായിരുന്നു ഓസ്‌ട്രേലിയക്കെതിരെ ലക്ഷ്‌മണിന്റെ ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍. അതിന്‌ ശേഷമിതാ വീണ്ടും അദ്ദേഹം ഇരട്ട ശതകത്തിലെത്തി. ഓസ്‌ട്രേലിയക്കെതിരെ കൂടുതല്‍ സെഞ്ച്വറി സ്വന്തമാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. പക്ഷേ ലക്ഷമണ്‍ ആറ്‌ സെഞ്ച്വറികളാണ്‌ ലോക ചാമ്പ്യന്മാര്‍ക്കെതിരെ നേടിയിട്ടുളളത്‌. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളെല്ലാം ഓസ്‌ട്രേലിയക്കെതിരെയായിരുന്നു.

തേര്‍ഡ്‌
റിക്കി പോണ്ടിംഗ്‌ ഒരു ടെസ്‌റ്റില്‍ പന്തെറിയുന്നത്‌ ഇതാദ്യമല്ല. 1995 ല്‍ പെര്‍ത്തില്‍ ശ്രീലങ്കക്കെതിരായ ടെസ്‌റ്റില്‍ പാഡണിഞ്ഞ്‌ രാജ്യാന്തര ക്രിക്കറ്റിലേക്ക്‌ വന്ന റിക്കി തോമസ്‌ പോണ്ടിംഗ്‌ ഇതിനകം 121 ടെസ്‌റ്റുകള്‍ കളിച്ചിട്ടുണ്ട്‌. ഇതില്‍ ചില ഘട്ടങ്ങളില്‍ മാത്രമാണ്‌ അദ്ദേഹം പന്തെടുത്തിട്ടുളളത്‌. ടീം വളരെ കരുത്തുറ്റ നിലയിലുള്ളപ്പോള്‍ മാത്രം ബൗളറായിട്ടുളള പോണ്ടിംഗ്‌ ഇന്നലെ ഫിറോസ്‌ ഷാ കോട്‌ലയില്‍ പന്തെടുക്കുകയും രണ്ട്‌ ഓവറുകള്‍ എറിയുകയും ചെയ്‌തത്‌ ഗതികേടു കൊണ്ടാണ്‌. ഈ ഗതിക്കേട്‌ പോണ്ടിംഗിനോ ഓസ്‌ട്രേലിയക്കോ സമീപകാലത്തുണ്ടായിട്ടില്ല. 12 മണിക്കൂറാണ്‌ തുടര്‍ച്ചയായി ഇന്ത്യ ബാറ്റ്‌ ചെയ്‌തത്‌. ഇത്രയും ദീര്‍ഘസമയം ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ഓസീസ്‌ ബൗളര്‍മാരെ നിഷ്‌കരുണം ശിക്ഷിക്കുകയായിരുന്നു. എട്ട്‌ ബൗളര്‍മാരെ പോണ്ടിംഗ്‌ രംഗത്തിറക്കി. എല്ലാവരും അടിവാങ്ങി. ഇത്തരം ദയനീയമായ കാഴ്‌്‌ച സത്യത്തില്‍ ഓസ്‌ട്രേലിയ സമീപകാലത്ത്‌ പ്രകടിപ്പിച്ചിട്ടില്ല. ലക്ഷ്‌മണും ഗാംഭീറും ബാറ്റ്‌ ചെയ്യുമ്പോള്‍ ഫീല്‍ഡര്‍മാരെ എങ്ങനെ അണിനിരത്തണമെന്ന കാര്യത്തില്‍ പോലും പോണ്ടിംഗിന്‌ ആശയക്കുഴപ്പമായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ എതിരാളികളെയല്ലാം വരച്ച വരയില്‍ നിര്‍ത്തിയിട്ടുളളത്‌ സ്ലിപ്പില്‍ ഒരു കൂട്ടം ഫീല്‍ഡര്‍മാരെ അണിനിരത്തിയാണ്‌. ഒമ്പത്‌ സ്ലിപ്‌ ഫീല്‍ഡര്‍മാരെ പോലും ചില മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ അണിനിരത്തിയിട്ടുണ്ട്‌. ഇന്നലെ പോണ്ടിംഗ്‌ സ്ലിപ്‌ ഫീല്‍ഡര്‍മാരെ മിഡ്‌ വിക്കറ്റിലേക്ക്‌ മാറ്റിനിര്‍ത്തിയത്‌ കണ്ടു. ആദ്യ സെഷന്റെ അവസാനത്തില്‍ സ്ലിപ്പില്‍ മാത്യൂ ഹെയ്‌ഡനെ കണ്ടതുപോലുമില്ല. ക്രിക്കറ്റ്‌ വിദ്യാര്‍ത്ഥികള്‍ കളി പഠിക്കുമ്പോള്‍ യഥാര്‍ത്ഥ പൊസിഷനുകള്‍ മാറ്റി എല്ലായിടത്തും ഫീല്‍ഡ്‌ ചെയ്യുന്നത്‌ പോലെയായിരുന്നു ആ കാഴ്‌ച്ച. സ്ഥിരം പൊസിഷനുകളില്‍ ആളില്ലായിരുന്നു. ഈ ആനുകൂല്യമാണ്‌ 99 ല്‍ നിന്നും എളുപ്പത്തില്‍ സെഞ്ച്വറി സ്വന്തമാക്കാന്‍ ലക്ഷ്‌മണിനെ സഹായിച്ചത്‌.
സമ്മര്‍ദ്ദത്തില്‍ പോണ്ടിംഗും പതറും എന്നതിന്‌ വ്യക്തമായ തെളിവായിരുന്നു മൊഹാലി ടെസ്‌റ്റ്‌. ഇന്ത്യ സമ്പൂര്‍ണ്ണ ആധിപത്യം പ്രകടിപ്പിച്ച മല്‍സരത്തില്‍ പോണ്ടിംഗിന്‌ തൊട്ടതെല്ലാം പിഴച്ചു. ഇന്നലെയും പിഴവുകള്‍ തുടര്‍ക്കഥയായി. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരുടെ പാഡിലേക്‌ പന്തെറിയാന്‍ വിവേകിയായ ഒരു ക്യാപ്‌റ്റനും സ്വന്തം ബൗളര്‍മാരോട്‌ നിര്‍ദ്ദേശിക്കില്ല. കാരണം ലെഗ്‌ സൈഡില്‍ ഇന്ത്യക്കാരോളം ബാറ്റിംഗ്‌ മികവ്‌ മറ്റാര്‍
ക്കുമില്ല. ഗാംഭീറിന്റെയും ലക്ഷ്‌മണിന്റെയും പാഡിലേക്ക്‌ പന്തെറിഞ്ഞ്‌ ബൗളര്‍മാരും പോണ്ടിംഗും സ്വയം ശിക്ഷ വാങ്ങുകയായിരുന്നു. ഇന്ത്യന്‍ ഭാഗത്ത്‌ ഇന്നലെ ഒരു പിഴവ്‌ മാത്രമാണ്‌ സംഭവിച്ചത്‌-കുംബ്ലെയുടെ ഡിക്ലറേഷന്‍ അല്‍പ്പം വൈകി. ലക്ഷ്‌മണ്‍ ഡബിള്‍ സെഞ്ച്വറിക്ക്‌ അരികെ നില്‍ക്കുമ്പോള്‍ ഒരു ക്യാപ്‌റ്റന്‌ സ്വന്തം താരത്തിന്റെ കാര്യം അവഗണിക്കനാവില്ല. കുംബ്ലെ ചെയ്‌തതില്‍ തെറ്റില്ല,പക്ഷേ പിഴവുണ്ട്‌. ഇന്ന്‌ ആദ്യ മണിക്കൂര്‍ നിര്‍ണ്ണായകമാണ്‌. സഹീറിനും ഇഷാന്തിനും പിച്ചിലെ ഈര്‍പ്പം ഉപയോഗപ്പെടുത്താന്‍ കഴിയുകയും ഒന്നോ രണ്ടോ വിക്കറ്റുകള്‍ നേടാനും കഴിഞ്ഞാല്‍ തീര്‍ച്ചയായും സ്‌പിന്നര്‍മാര്‍ അവരുടെ ദൗത്യം നിര്‍വഹിക്കും. ഇന്നലെ തന്നെ ഹെയ്‌ഡന്റെ വിക്കറ്റ്‌ മിശ്രക്ക്‌ ലഭിച്ചതാണ്‌. പക്ഷേ അമ്പയര്‍ അപ്പീല്‍ അംഗീകരിച്ചില്ല. മല്‍സരത്തിലേക്ക്‌ തിരിച്ചുവരുക എന്നത്‌ ഓസ്‌ട്രേലിയക്ക്‌ എളുപ്പമല്ല എന്ന സത്യമാണ്‌ ഇന്ന്‌ ഇന്ത്യന്‍ കരുത്ത്‌.


ആമിറിന്‌ കിരീടം
കോഴിക്കോട്‌: ഹൈദാരാബാദ്‌ കേന്ദ്രീയ വിദ്യാലയ അഖിലേന്ത്യാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച അണ്ടര്‍ 14 ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആമിര്‍ അസീം ചാമ്പ്യനായി. കോഴിക്കോട്‌ കേന്ദ്രീയ വിദ്യാലയത്തില്‍ ഏഴാം ക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌ ആമിര്‍. 72 പേര്‍ മല്‍സരിച്ച ചാമ്പ്യന്‍ഷിപ്പില്‍ ഏഴ്‌ പോയന്റാണ്‌ ആമിര്‍ സമ്പാദിച്ചത്‌. കെ.ആര്‍ മധുസൂധനാണ്‌ കോച്ച്‌്‌.

ഹളിനെ
ചെല്‍സിക്ക്‌ വീഴ്‌ത്തി
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ അട്ടിമറികളുമായി മുന്നേറിയ ഹള്‍ സിറ്റിക്കെതിരെ മൂന്ന്‌ ഗോളിന്റെ തകര്‍പ്പന്‍ ജയവുമായി ചെല്‍സി കരുത്ത്‌ കാട്ടി. മറ്റ്‌ മല്‍സരങ്ങളില്‍ ആസ്‌റ്റണ്‍വില്ല 3-2ന്‌ ബ്ലാക്‌ബേര്‍ണിനെയും എവര്‍ട്ടണ്‍ ഒരു ഗോളിന്‌ ബോള്‍ട്ടണെയും ഫുള്‍ഹാം രണ്ട്‌ ഗോളിന്‌ വിഗാനെയും ലിവര്‍പൂള്‍ ഒരു ഗോളിന്‌ പോര്‍ട്‌സ്‌മൗത്തിനെയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡ്‌ രണ്ട്‌ ഗോളിന്‌ വെസ്റ്റ്‌ഹാമിനെയും സ്‌റ്റോക്ക്‌ സിറ്റി ഒരു ഗോളിന്‌ സുതര്‍ലാന്‍ഡിനെയും പരാജയപ്പെടുത്തിയപ്പോള്‍ ആഴ്‌സനല്‍-ടോട്ടന്‍ഹാം 4-4ല്‍ അവസാനിച്ചു.

No comments: