Friday, October 17, 2008

GREAT SACHIN


2008 ഒക്ടോബര്‍ 17. ക്ലോക്കില്‍ ഉച്ചതിരിഞ്ഞ്‌ 2.31.. മൊഹാലിയിലെ പി.സി.എ സ്‌റ്റേഡിയത്തില്‍ പവിലിയന്‍ എന്‍ഡില്‍ നിന്നും പീറ്റര്‍ സിഡില്‍ എന്ന ഓസട്രേലിയന്‍ ബൗളറുടെ ഇന്‍സ്വിംഗര്‍. ക്രിസില്‍ അചഞ്ചലനായി നില്‍ക്കുകയായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പന്ത്‌ തേര്‍ഡ്‌മാനിലേക്ക്‌ സ്റ്റിയര്‍ ചെയ്‌ത്‌ മൂന്ന്‌ റണ്‍സ്‌ സ്വന്തമാക്കുന്നു.......
ലോക ക്രിക്കറ്റ്‌ ചരിത്രത്തിലേക്കായിരുന്നു ആ റണ്‍സ്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്‌ സ്വന്തമാക്കുന്ന ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതി ഇന്ത്യയുടെ ഒരേ ഒരു സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ സ്വന്തം. ബ്രയന്‍ ചാള്‍സ്‌്‌ ലാറ എന്ന വിന്‍ഡീസ്‌്‌ രാജകുമാരന്‍ രണ്ട്‌ വര്‍ഷം മുമ്പ്‌ ടെസ്റ്റ്‌ ക്രിക്കറ്റിനോട്‌ വിടപറഞ്ഞത്‌ മുതല്‍ ഈ നേട്ടത്തിലേക്ക്‌ സച്ചിനെത്തുമെന്ന്‌്‌ ഉറപ്പായിരുന്നു. അല്‍പ്പം വൈകിയാണെങ്കില്‍ പോലും ചാരുതയാര്‍ന്ന പ്രകടനത്തിലാണ്‌ മുംബൈ ഇതിഹാസം റെക്കോര്‍ഡിലേക്ക്‌ നടന്നെത്തിയത്‌. ടെസ്റ്റ്‌ കരിയറിലെ അമ്പതാമത്‌ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ സച്ചിന്റെ ആകെ റണ്‍സ്‌ സമ്പാദ്യം 12,000 വും പിന്നിട്ടു. ലോക ക്രിക്കറ്റില്‍ ഇതാദ്യമായാണ്‌ ഒരു ബാറ്റ്‌സ്‌്‌മാന്‍ 12,000 റണ്‍സ്‌ പിന്നിടുന്നത്‌.
സച്ചിന്റെ ഇതിഹാസ പ്രകടനം കാണാന്‍ ഇന്നലെ പി.സി.എ സ്‌റ്റേഡിയത്തില്‍ ആളുകള്‍ കുറവായിരുന്നു. സൗജന്യമായി ടിക്കറ്റ്‌ നല്‍കിയതിനാല്‍ എത്തിയ സ്‌ക്കൂള്‍ കുട്ടികള്‍ക്കായിരുന്നു സച്ചിന്റെ റെക്കോര്‍ഡ്‌ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായത്‌. റെക്കോര്‍ഡ്‌ സ്വന്തമാക്കിയതും സച്ചിന്‍ പതിവ്‌ പോലെ ഹെല്‍മറ്റ്‌ എടുത്തുമാറ്റി ആകാശത്തേക്ക്‌ നോക്കി പിതാവിന്‌ നന്ദി പറഞ്ഞു. പിന്നെ പവിലിയനിലേക്ക്‌ ബാറ്റ്‌ ചൂണ്ടി സഹതാരങ്ങളുമായി ആഹ്ലാദം പങ്കിട്ടു. ഉടന്‍ തന്നെ ഓസ്‌ട്രേലിയന്‍ താരങ്ങളെല്ലാം ഓടി സച്ചിന്റെ അരികിലെത്തി. എല്ലാവരും സൂപ്പര്‍ ബാറ്റ്‌്‌സ്‌മാനെ അഭിനന്ദിച്ചു. സച്ചിന്റെ റെക്കോര്‍ഡിന്‌ ഭീഷണിയായുളള ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്‌ ആദ്യം ഇന്ത്യന്‍ താരത്തിന്റെ കരം ഗ്രഹിച്ചത്‌. റെക്കോര്‍ഡിലേക്കുളള സച്ചിന്റെ മന്ദഗതിയിലുളള യാത്ര വിമര്‍ശനവിധേയമായിരുന്നു. ലാറ ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ വിട്ടയുടന്‍ റെക്കോര്‍ഡ്‌ സച്ചിന്‍ സ്വന്തമാക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. ശ്രീലങ്കയില്‍ മൂന്ന്‌ ടെസ്റ്റ്‌ പരമ്പരക്കായി പുറപ്പെടുമ്പോള്‍ സച്ചിനും റെക്കോര്‍ഡും തമ്മില്‍ 177 റണ്‍സിന്റെ അകലമുണ്ടായിരുന്നു. പക്ഷേ മരതക ദ്വീപില്‍ മൂന്ന്‌ ടെസ്റ്റിലുമായി സച്ചിന്‌ 95 റണ്‍സ്‌ മാത്രമാണ്‌ നേടാനായത്‌. ഓസ്‌ടല്രേിയക്കെതിരെ ബാംഗ്ലൂരില്‍ നടന്ന ഒന്നാം ടെസ്റ്റിലും സച്ചിന്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിംഗ്‌സില്‍ 13 റണ്‍സിന്‌ പുറത്തായ സൂപ്പര്‌താരം രണ്ടാം ഇന്നിംഗ്‌സില്‍ 49 റണ്‍സ്‌ നേടിയാണ്‌ പുറത്തായത്‌. മൊഹാലിയിലേക്ക്‌ വരുമ്പോേള്‍ റെക്കോര്‍ഡ്‌ ഉറപ്പായിരുന്നു.
അലന്‍ ബോര്‍ഡറുടെ പേരിലുണ്ടായിരുന്നു ടെസ്‌റ്റ്‌ റണ്‍ റെക്കോര്‍ഡ്‌ ബ്രയന്‍ ലാറ സ്വന്തമാക്കിയത്‌ 2005 ല്‍ അഡലെയ്‌ഡില്‍ നടന്ന ടെസ്‌റ്റിലായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയാണ്‌ ലാറ ഒന്നാമത്‌ വന്നത്‌. അതേ ഓസ്‌ട്രേലിയക്കെതിരെ മികവ്‌ പ്രകടിപ്പിച്ചാണ്‌ ഇപ്പോള്‍ സച്ചിന്‍ ലാറയുടെ റെക്കോര്‍ഡ്‌ തകര്‍ത്തിരിക്കുന്നത്‌.

രാജരാജാവ്‌
മൊഹാലി: സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ക്ക്‌ തുല്യം സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ മാത്രം.... ലോക ക്രിക്കറ്റില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന ഇതിഹാസ താരത്തിന്റെ റെക്കോര്‍ഡ്‌ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവലാണ്‌ ഇന്നലെ പി.സി.എ സ്‌റ്റേഡിയത്തില്‍ പിറന്നത്‌. 88 റണ്‍സുമായി രണ്ടാം ടെസ്‌റ്റിന്റെ അവസാന നിമിഷങ്ങളില്‍ പുറത്താവുമ്പോള്‍ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ഉയര്‍ന്ന റണ്‍സ്‌ വേട്ടക്കാരന്‍ എന്ന വലിയ റെക്കോര്‍ഡും, ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ 12,000 റണ്‍സ്‌ പിന്നിടുന്ന ആദ്യ ബാറ്റ്‌സ്‌മാന്‍ എന്ന അസുലഭ റെക്കോര്‍ഡുമാണ്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയത്‌.
റെക്കോര്‍ഡുകളുടെ കളിത്തോഴനായ ഈ കൊച്ചുതാരം ലോക ക്രിക്കറ്റിലെ രാജരാജാവാണ്‌... സമാനതകളില്ലാത്ത താരം. ഡോണ്‍ ബ്രാഡ്‌മാനില്‍ തുടങ്ങിയാല്‍ ക്രിക്കറ്റ്‌ ചരിത്രങ്ങളില്‍ നിരവധി സൂപ്പര്‍ താരങ്ങളുണ്ട്‌്‌. ബ്രാഡ്‌്‌മാന്റെ ബാറ്റിംഗ്‌ ശരാശരിക്ക്‌ അരികിലെത്താന്‍ ഇനിയാര്‍ക്കുമാവില്ല. പക്ഷേ ബ്രാഡ്‌മാനോളം ഉയരത്തില്‍ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ ബാലികേറാമലയായി നില്‍ക്കുന്ന പര്‍വതമായി സച്ചിന്‍ പതിനാറാം വയസ്സില്‍ തുടങ്ങിയ പോരാട്ടം ഇന്നും തുടരുകയാണ്‌. എത്രയെത്ര എതിരാളികള്‍, എത്രയെത്ര മല്‍സരങ്ങള്‍- രാജ്യത്തിന്‌ വേണ്ടി അര്‍പ്പണ മനോഭാവത്തോടെ കളിക്കുമ്പോള്‍ സച്ചിന്‍ മല്‍സരങ്ങളെയോ പ്രതിയോഗികളെയോ കാര്യമായി എടുക്കാറില്ല.
152 ടെസ്‌റ്റില്‍ നിന്നായി 39 സെഞ്ച്വറികള്‍, 12,000 ത്തിലധികം റണ്‍സ്‌-ഇരുപത്‌ വര്‍ഷത്തോളം നിറഞ്ഞ കരിയറിലെ ഈ റെക്കോര്‍ഡ്‌ മാത്രം മതി ഈ രാജരാജാവിനെ വിലയിരുത്താന്‍. 1989 ല്‍ കറാച്ചിയില്‍ വെച്ച്‌ പാക്കിസ്‌താനെതിരെ തുടങ്ങിയ അശ്വമേഥത്തില്‍ ഒരിക്കല്‍ പോലും സച്ചിന്‍ കുലുങ്ങിയിട്ടില്ല. അക്രമിന്റെ ബൗണ്‍സറും ലിയുടെ ബൗണ്‍സറും നേരിടുമ്പോള്‍ പ്രകടിപ്പിച്ചിട്ടുളള ധൈര്യമാണ്‌ സച്ചിനെ സച്ചിനാക്കി മാറ്റിയത്‌. തൊണ്ണൂറുകളിലാണ്‌ സച്ചിന്‍ സ്വന്തം കരിയറിലെ ഏറ്റവും മികച്ച ഫോമിലെത്തിയത്‌. തൊട്ടതെല്ലാംപൊന്നാക്കിയ കാലം. റെക്കോര്‍ഡുകളെല്ലാം അദ്ദേഹത്തെ മാടിവിളിച്ച സമയം. വിദേശ പിച്ചുകളില്‍ ഇന്ത്യക്ക്‌ ഉയര്‍ത്തിക്കാട്ടാന്‍ ഒരു താരം മാത്രം. മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ എന്ന നായകന്‌ കീഴില്‍ സച്ചിന്‍ പുഷ്‌്‌പിക്കുമ്പോള്‍ ഇന്ത്യയെന്നാല്‍ സച്ചിനായിരുന്നു. രാഹുല്‍ ദ്രാവിഡും സൗരവ്‌്‌ ഗാംഗുലിയും വി.വി.എസ്‌ ലക്ഷണുമെല്ലാം വന്നപ്പോള്‍ സച്ചിനിലെ സമ്മര്‍ദ്ദം കുറഞ്ഞു. പക്ഷേ എതിരാളികള്‍ക്ക്‌ സച്ചിന്റെ വിക്കറ്റായിരുന്നു എന്നും പ്രധാനം. ഒരു പരമ്പര ആരംഭിക്കുമ്പോള്‍ ആദ്യം എതിര്‍ ക്യാപ്‌റ്റന്മാര്‍ സച്ചിനെ ഉന്നം വെച്ചാണ്‌ സംസാരിക്കുക. സച്ചിനെന്നാല്‍ ഇന്ത്യയെന്നും സച്ചിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയെ പരാജയപ്പെടുത്തിയെന്നുമാണ്‌ റിക്കി പോണ്ടിംഗ്‌ ഉള്‍പ്പെടെയുളളവരുടെ നിര്‍വചനം.
ഏറ്റവും മികച്ച പ്രതിയോഗിക്കെതിരെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നയാളാണ്‌ ഏറ്റവും മികച്ച താരമെങ്കില്‍ സച്ചിന്‍ തന്നെയാണ്‌ ലോകത്തിലെ ഒന്നാമന്‍. ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെ 25 ടെസ്‌റ്റുകള്‍. ബാറ്റിംഗ്‌ ശരാശരി 56. ഒമ്പത്‌ സെഞ്ച്വറികള്‍.
ലോക ക്രിക്കറ്റില്‍ ഉയര്‍ന്ന ടെസ്‌റ്റ്‌ റണ്‍സ്‌ സ്വന്തമാക്കിയവരുടെ പട്ടിക പരിശോധിച്ചാല്‍ ഇന്ത്യക്കാരാണ്‌ കൂടുതല്‍. സുനില്‍ ഗവാസ്‌്‌കറില്‍ തുടങ്ങി അസ്‌ഹറിലൂടെ സച്ചിന്‍, ദ്രാവിഡ്‌, ഗാംഗുലി, ലക്ഷ്‌മണ്‍ തുടങ്ങിയവര്‍. ബ്രയന്‍ ലാറ 11,912 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. ആ റെക്കോര്‍ഡാണ്‌ സച്ചിന്‍ മറികടന്നത്‌. ഗവാസ്‌ക്കര്‍ 10,122 റണ്‍സ്‌ സ്വന്തമാക്കിയിരുന്നു. രാഹുലും പതിനായിരം പിന്നിട്ടു. 11,174 റണ്‍സ്‌ നേടി ലോകത്തെ ഒന്നാമനായി നിലനിന്ന ഓസ്‌ട്രേലിയക്കാരന്‍ അലന്‍ ബോര്‍ഡറെ പിറകിലാക്കിയാണ്‌ ലാറ ദീര്‍ഘകാലം ഒന്നാമനായത്‌. സ്റ്റീവ്‌ വോ, പോണ്ടിംഗ്‌ എന്നിവരാണ്‌ പതിനായിരം പിന്നിട്ട മറ്റ്‌ ഓസ്‌ട്രേലിയക്കാര്‍.
സച്ചിന്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്‌ തുടങ്ങുന്നത്‌ ബാറ്റിംഗ്‌ ഓര്‍ഡറില്‍ ആറാമനായാണ്‌. 22 ഇന്നിംഗ്‌സുകളില്‍ അദ്ദേഹം ഈ സ്ഥാനത്ത്‌ തുടര്‍ന്നു. 1991-92 ലെ അഡലെയ്‌ഡ്‌ ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ്‌ ഓര്‍ഡറില്‍ പ്രൊമോഷനുമായി സച്ചിന്‍ നാലാം നമ്പറിലെത്തി. 372 റണ്‍സ്‌ എന്ന വിജയലക്ഷ്യവുമായി അസ്‌ഹറിന്റെ ഇന്ത്യ കളിക്കുമ്പോഴാണ്‌ സച്ചിന്‌ പ്രൊമോഷന്‍ നല്‍കിയത്‌. പക്ഷേ 17 റണ്‍സാണ്‌ അദ്ദേഹത്തിന്‌ നേടാനായത്‌്‌. പക്ഷേ ബാറ്റ്‌സ്‌മാന്മാരുടെ ശവപറമ്പായ പെര്‍ത്തിലെ വാക്കയില്‍ നടന്ന അടുത്ത മല്‍സരത്തില്‍ നാലാം നമ്പറില്‍ 114 റണ്‍സാണ്‌ അദ്ദേഹം സ്വന്തമാക്കിയത്‌. പെര്‍ത്തിലെ തകര്‍പ്പന്‍ സെഞ്ച്വറിക്ക്‌ ശേഷം ദീര്‍ഘകാലം ആ സ്ഥാനത്ത്‌ തന്നെയായിരുന്നു സച്ചിന്‍. ഈ സ്ഥാനത്ത്‌ മൊഹാലി ടെസ്‌റ്റില്‍ ഉള്‍പ്പെടെ 10,041 റണ്‍സാണ്‌ സച്ചിന്‍ നേടിയത്‌. ഒരേ സ്ഥാനത്ത്‌ ബാറ്റേന്തി ഇത്രയും റണ്‍സ്‌ സ്വന്തമാക്കിയ മറ്റൊരു ബാറ്റ്‌സ്‌മാനില്ല.
മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിന്റെ സാന്നിദ്ധ്യമാണ്‌ സച്ചിന്‌ പലപ്പോഴും സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അവസരം നല്‍കിയത്‌. ഇന്ത്യക്ക്‌ ഓപ്പണിംഗിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കാരണം പലപ്പോഴും സച്ചിന്‌ തുടക്കത്തില്‍ തന്നെ കളിക്കേണ്ടി വന്നിട്ടുണ്ട്‌. പന്തിലെ തിളക്കം പോവാത്ത സമയത്ത്‌, ബൗളര്‍മാര്‍ ആവേശത്തടെ പന്തെറിയുമ്പോള്‍ ക്രിസിലെത്തുന്ന സച്ചിനാണ്‌ പലപ്പോഴും ടീമിനെ രക്ഷപ്പെടുത്താറുള്ളത്‌. 200 തവണയാണ്‌ അദ്ദേഹം നാലാം നമ്പറില്‍ വന്നത്‌. ഇതില്‍ 78 തവണയും സച്ചിന്‍ അമ്പതിലേറെ റണ്‍സ്‌ സ്വന്തമാക്കയിട്ടുണ്ട്‌. 34 തവണയാണ്‌ അദ്ദേഹം 20 ല്‍ താഴെ റണ്‍സിന്‌ പുറത്തായത്‌.
അവിസ്‌മരണീയമായ പല ടെസ്‌റ്റ്‌ ഇന്നിംഗ്‌സുകളും സച്ചിന്‍ കളിച്ചിട്ടുണ്ട്‌. ഇതില്‍ ഒന്നാം സ്ഥാനത്ത്‌ ചെന്നൈയില്‍ പാക്കിസ്‌താനെതിരെ നടത്തിയ പ്രകടനമായിരുന്നു. 1999 ല്‍ വസീം അക്രം നയിച്ച പാക്കിസ്‌താന്‍ ഇന്ത്യക്ക്‌ 271 റണ്‍സിന്റെ വിജയലക്ഷ്യം സമ്മാനിച്ചപ്പോള്‍ പ്രതീക്ഷകളെല്ലാം സച്ചിനിലായിരുന്നു. കഠിനമായ വെയിലത്ത്‌്‌ ഇന്ത്യ രണ്ട്‌ വിക്കറ്റിന്‌ 6 റണ്‍സ്‌ എന്ന നിലയില്‍ പതറുമ്പോള്‍ ക്രിസിലെത്തിയ സച്ചിന്‍ 136 വിലപ്പെട്ട റണ്‍സാണ്‌ നേടിയത്‌. മല്‍സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും സച്ചിന്റെ പ്രകടനം ആരും മറക്കില്ല. 2000 ത്തിലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റില്‍ ഇന്ത്യ രണ്ട്‌ വിക്കറ്റിന്‌ 11 റണ്‍സ്‌ എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസിലെത്തിയ സച്ചിന്‍ 116 റണ്‍സാണ്‌ നേടിയത്‌. 1996 ലെ ഇംഗ്ലണ്ട്‌ പര്യടനത്തിലെ എജ്‌ബാസ്‌റ്റണ്‍ ടെസ്‌റ്റില്‍ ഇന്ത്യ രണ്ട്‌ വിക്കറ്റിന്‌ 17 റണ്‍സ്‌ എന്ന നിലയില്‍ തകരുമ്പോള്‍ സച്ചിന്‍ ക്രീസിലെത്തി നേടിത്‌ 122 റണ്‍സായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ സച്ചിന്‌ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ കഴിയാറില്ല. സമ്മര്‍ദ്ദത്തിനൊപ്പം പതറി പുറത്തായിട്ടുണ്ട്‌. നല്ല തുടക്കം ലഭിച്ചാല്‍ അത്‌ പ്രയോജനപ്പെടുത്താന്‍ സച്ചിന്‌ കഴിയാറുണ്ട്‌.

അഭിനന്ദന പ്രവാഹം
ന്യൂഡല്‍ഹി: ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ സമ്പാദ്യമായ 11, 953 റണ്‍സിനെ മറികടന്ന്‌ പുതിയ ഇതിഹാസം രചിച്ച സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക്‌്‌ അഭിനന്ദന പ്രവാഹം. രാഷ്ട്രപതി പ്രതിഭാ പാട്ടില്‍, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്‌ തുടങ്ങിയ ഭരണാധികാരികളും ക്രിക്കറ്റ്‌ വിദഗ്‌ദ്ധരും സച്ചിനെ അഭിനന്ദിച്ചു. ഇന്ത്യന്‍ കായികരംഗത്തിന്റെ അഭിമാന താരമാണ്‌ സച്ചിനെന്ന്‌ പ്രതിഭാ പാട്ടില്‍ പറഞ്ഞു. സച്ചിനോളം മികച്ച അംബാസിഡര്‍ ഇന്ത്യക്കില്ലെന്നാണ്‌ മന്‍മോഹന്‍സിംഗ്‌ പ്രതികരിച്ചത്‌.
സച്ചിന്‌്‌ വിരമിക്കാന്‍ സമയമായിട്ടില്ലെന്നും അദ്ദേഹത്തില്‍ ഇനിയും ക്രിക്കറ്റുണ്ടെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ പറഞ്ഞു. മുമ്പ്‌ സുനില്‍ ഗവാസ്‌ക്കറിലൂടെയാണ്‌്‌ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യ ലോകത്തിന്‌ മുന്നില്‍ ഉയര്‍ന്നുനിന്നത്‌. ഇപ്പോള്‍ സച്ചിനിലൂടെയും. സച്ചിന്‌ കളിയോടുളള പ്രതിബദ്ധതയും സ്‌നേഹവും അവസാനിച്ചിട്ടില്ലെന്നും അദ്ദേഹത്തോളം ഉയരത്തിലെത്താന്‍ ആര്‍ക്കുമാവില്ലെന്നും ശ്രീകാന്ത്‌ പറഞ്ഞു. രണ്ട്‌ വര്‍ഷം കൂടി തീര്‍ച്ചയായും സച്ചിന്‌ കളിക്കാന്‍ കഴിയുമെന്ന്‌ സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ ദിലീപ്‌ വെംഗ്‌സാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. മഹാനായ താരമാണ്‌ സച്ചിന്‍. അദ്ദേഹത്തിന്‌ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍-കേണല്‍ പറഞ്ഞു.

തേര്‍ഡ്‌ ഐ
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന സമ്പൂര്‍ണ്ണ ക്രിക്കറ്റര്‍ക്ക്‌്‌ അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ മഹാനായ അംബാസിഡറായ സച്ചിന്‍ ടീമിനോടും ക്രിക്കറ്റിനോടും പ്രകടിപ്പിക്കുന്ന അര്‍പ്പണത്തിലാണ്‌ വ്യത്യസ്‌തനാവുന്നത്‌. പതിനാറാം വയസ്സില്‍ തുടങ്ങിയ യാത്രയില്‍ സച്ചിന്‍ പത്തൊമ്പത്‌ വര്‍ഷമാണ്‌ പിന്നിട്ടിരിക്കുന്നത്‌. ഒരു പുരുഷായുസ്സിന്റെ പകുതിയും അദ്ദേഹം മൈതാനത്തായിരുന്നു. വിശ്രമമില്ലാത്ത യാത്രയിലും കളിയിലും അദ്ദേഹം ലോകത്തോളം ഉയര്‍ന്നു. രണ്ട്‌ തവണ അദ്ദേഹവുമായി ഞാന്‍ അഭിമുഖസംഭാഷണം നടത്തിയിരുന്നു. അത്യുന്നതിയിലും ഇത്ര കൂലീനമായി സംസാരിക്കാനും അഭിപ്രായങ്ങള്‍ പറയാനും കഴിയുന്ന സച്ചിന്‍ ഒരിക്കല്‍ പോലും സ്വന്തം സഹപ്രവര്‍ത്തകര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മുഹമ്മദ്‌്‌ അസ്‌ഹറുദ്ദീന്‍ പന്തയ വിവാദത്തില്‍ പ്രതിയായപ്പോഴും, സൗരവ്‌ ഗാംഗുലി കോച്ച്‌ ചാപ്പലുമായി പിണങ്ങിയപ്പോഴും, താല്‍കാലിക നായകനായിരുന്ന രാഹുല്‍ ദ്രാവിഡ്‌ മുള്‍ത്താനില്‍ വെച്ച്‌ തനിക്ക ഡബിള്‍ സെഞ്ച്വറി നിഷേധിച്ചപ്പോഴുമെല്ലാം സച്ചിന്‌ പ്രതികരിക്കാമായിരുന്നു. പക്ഷേ ആരോടും ഒന്നും പറയാതെ ബാറ്റിംഗില്‍ തന്റെ മറുപടി നിറച്ച സച്ചിനോളം ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആര്‍ക്കുമായിട്ടില്ല എന്നത്‌ സത്യമാണ്‌.
സുനില്‍ ഗവാസ്‌ക്കര്‍ മഹാനായ താരമായിരുന്നു. പക്ഷേ പ്രതിഭയോട്‌ നീതി പുലര്‍ത്തുന്ന സ്വഭാവമായിരുന്നില്ല ലിറ്റില്‍ മാസ്റ്ററുടേത്‌. സച്ചിന്‍ മൈതാനത്തെ ആക്രമണാത്മകത ഒരിക്കലും മൈതാനത്തിന്‌ പുറത്ത്‌ കാണിച്ചിരുന്നില്ല. രാജ്യത്തിന്‌ മല്‍സരങ്ങള്ളുള്ളപ്പോള്‍ മറ്റൊന്നിലും ചിന്തിക്കാത്ത ബാറ്റ്‌സ്‌മാന്‍. മല്‍സരങ്ങളില്ലാത്തപ്പോള്‍ ഭാര്യ.ഡോ.അഞ്‌ജലിക്കൊപ്പവും കുട്ടികള്‍ക്കൊപ്പവും ഒതുങ്ങികൂടൂന്ന സാധാരണക്കാരന്‍. ലോക ക്രിക്കറ്റിലെ ഏതാണ്ട്‌ എല്ലാ റെക്കോര്‍ഡുകളും ഇപ്പോള്‍ സച്ചിന്‌ സ്വന്തമാണ്‌. കുറഞ്ഞത്‌ രണ്ട്‌ വര്‍ഷമെങ്കിലും അദ്ദേഹത്തിന്‌ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ തുടാരാനാവും. കൂടുതല്‍ നേട്ടങ്ങളും അത്‌ വഴി സ്വന്തമാവും.
മൊഹാലി ടെസ്‌റ്റില്‍ സച്ചിനും സൗരവും നല്‍കിയ മുന്‍ത്തൂക്കത്തില്‍ ഇന്ത്യക്ക്‌ നല്ല സാധ്യതയാണ്‌ കൈവന്നിരിക്കുന്നത്‌. ടോസ്‌ നേടിയത്‌ തന്നെ വലിയ ഭഗ്യം. സേവാഗും ഗംഭീറും നല്ല തുടക്കം നല്‍കി. ഇടക്ക്‌ മൂന്ന്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ പോയെങ്കിലും സച്ചിന്‍-സൗരവ്‌ സഖ്യം പ്രകടിപ്പിച്ച ധൈര്യത്തില്‍ എളുപ്പം റണ്‍സ്‌്‌ പിറന്നു. ഇന്ന്‌ സൗരവിനൊപ്പം ധോണിയും കളിക്കാനുണ്ട്‌. 400 പ്ലസ്‌ റണ്‍സ്‌ നേടാനായല്‍ ഇന്ത്യക്ക്‌ തീര്‍ച്ചയായും വിലപേശാനാവും. സഹീറും ഇശാന്തും ഫോമിലാണ്‌. അമിത്‌ മിശ്രയെന്ന ഹരിയാനക്കാരനായ സ്‌പിന്നര്‍ ഹര്‍ഭജനൊപ്പമുണ്ട്‌. ആദ്യ ദിവസത്തെ മുന്‍കൈ നിലനിര്‍ത്തിയാല്‍ മൊഹാലിയില്‍ ഫലം ഉറപ്പാണ്‌.





സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗൗതം ഗാംഭീര്‍-സി-ഹാദ്ദിന്‍-ബി-ജോണ്‍സണ്‍-67, വിരേന്ദര്‍ സേവാഗ്‌-സി-ഹാദ്ദീന്‍-ബി-ജോണ്‍സണ്‍-35, രാഹുല്‍ ദ്രാവിഡ്‌-ബി-ലീ-39, സച്ചിന്‍ ടെണ്ടുല്‍ക്കര്‍-സി-ഹെയ്‌ഡന്‍-ബി-സിഡില്‍-88, വി.വി.എസ്‌ ലക്ഷ്‌മണ്‍-സി-ഹാദ്ദീന്‍-ബി-ജോണ്‍സണ്‍-12, സൗരവ്‌ ഗാംഗുലി-നോട്ടൗട്ട്‌-54, ഇഷാന്ത്‌ ശര്‍മ-നോട്ടൗട്ട്‌-2, എക്‌സ്‌ട്രാസ്‌ 14, ആകെ 85 ഓവറില്‍ അഞ്ച്‌ വിക്കറ്റിന്‌ 311. വിക്കറ്റ്‌ വീഴ്‌ച്ച: 1-70 (സേവാഗ്‌), 2-146 (ദ്രാവിഡ്‌), 3-146 (ഗാംഭീര്‍), 4-163 (ലക്ഷ്‌മണ്‍), 5-305 (സച്ചിന്‍). ബൗളിംഗ്‌: ബ്രെട്ട്‌ ലീ 18-5-56-1, സിഡില്‍ 18-2-80-1, ജോണ്‍സണ്‍ 20-3-68-3, വാട്ട്‌സണ്‍ 14-3-47-0, മൈക്കല്‍ ക്ലാര്‍ക്ക്‌ 7-0-28-0, ക്രെയിഗ്‌ വൈറ്റ്‌ 8-0-26-0

ഇന്ത്യ ഡ്രൈവര്‍
മൊഹാലി: സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കറും സൗരവ്‌ ഗാംഗുലിയും നാലാം വിക്കറ്റില്‍ സ്വന്തമാക്കിയ 142 റണ്‍സ്‌ സഖ്യത്തിന്റെ മികവില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ഡ്രൈവിംഗ്‌ സീറ്റില്‍. അഞ്ച്‌ വിക്കറ്റിന്‌ 311 റണ്‍സാണ്‌ ടീം സമ്പാദിച്ചിരിക്കുന്നത്‌. 54 റണ്‍സുമായി സൗരവും രണ്ട്‌ റണ്ണുമായി നൈറ്റ്‌വാച്ച്‌മാന്‍ ഇഷാന്ത്‌ ശര്‍മ്മയുമാണ്‌ ക്രീസില്‍. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡും, ടെസ്‌റ്റില്‍ 12,000 റണ്‍സ്‌ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന ബഹുമതിയും സ്വന്തമാക്കിയ സച്ചിന്‍ 88 റണ്‍സുമായി കളിയുടെ അന്ത്യസമയത്ത്‌ സെഞ്ച്വറി കാണാതെ പുറത്തായത്‌ മാത്രമാണ്‌ ഇന്ത്യക്ക്‌ തിരിച്ചടിയായത്‌.
പരുക്ക്‌ കാരണം ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ സ്വയം പിന്മാറിയപ്പോള്‍ ടോസിനിറങ്ങിയ മഹേന്ദ്രസിംഗ്‌ ധോണിക്കൊപ്പം വീണ നാണയത്തിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയ വിരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും നല്ല തുടക്കമാണ്‌ ടീമിന്‌ നല്‍കിയത്‌. പി.സി.എ സ്‌റ്റേഡിയത്തിലെ ഗ്രീന്‍ ട്രാാക്കില്‍ ഓസ്‌ട്രേലിയന്‍സീമര്‍മാര്‍ ഇന്ത്യയെ വെല്ലുവിളിക്കുമെന്ന്‌ കരുതിയെങ്കിലും മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കിയ മിച്ചല്‍ ജോണ്‍സണ്‍ ഒഴികെ ആര്‍ക്കും അപകടകാരികളാവാന്‍ കഴിഞ്ഞില്ല. പന്ത്‌ കൃത്യമായി ബാറ്റിലേക്ക്‌ വന്നപ്പോള്‍ സേവാഗിന്‌ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനായി. 70 റണ്‍സാണ്‌ ആദ്യ വിക്കറ്റില്‍ ഇന്ത്യ നേടിയത്‌. ജോണ്‍സന്റെ ലെഗ്‌ സൈഡ്‌ ഡെലിവറിക്ക്‌ ബാറ്റ്‌ വെച്ച്‌ സേവാഗ്‌ പുറത്തായ ശേഷം ഗാംഭീറും ദ്രാവിഡും ചേര്‍ന്ന്‌ ടീമിനെ മുന്നോട്ട്‌ നയിച്ചു. 146 ല്‍ ദ്രാവിഡ്‌ പുറത്തായത്‌ പക്ഷേ തിരിച്ചടിയായി. തൊട്ടുപിറകെ ഗാംഭീറും ലക്ഷ്‌മണും പുറത്തായപ്പോള്‍ ഇന്ത്യക്ക്‌ 17 റണ്‍സ്‌ സമ്പാദിക്കുന്നതിനിടെ മൂന്ന്‌ പേരെയാണ്‌ നഷ്‌ടമായത്‌.
മല്‍സരത്തിലേക്ക്‌ ഓസ്‌ട്രേലിയ തിരിച്ചുവരവെയാണ്‌ സച്ചിനും സൗരവും നിലയുറപ്പിച്ചത്‌. പിന്നെ ഇന്ത്യയുടെ ദിനമായിരുന്നു. ചായക്ക്‌ ശേഷം പീറ്റര്‍ സിഡില്‍ എന്ന കന്നിക്കാരന്‍ എറിഞ്ഞ ആദ്യ പന്ത്‌്‌ തന്നെ തേര്‍ഡ്‌മാനിലേക്ക്‌ തട്ടി സച്ചിന്‍ ലാറയുടെ റെക്കോര്‍ഡ്‌്‌ മറികടന്നു. അര്‍ദ്ധ സെഞ്ച്വറിയായപ്പോള്‍ 12,000 ക്ലബിലെ ആദ്യ അംഗവും സച്ചിനായി. പിറകെ സൗരവും അര്‍ദ്ധശതകം പിന്നിട്ടു. ഓസീ നിരയിലെ എല്ലാ ബൗളര്‍മാരും തല്ല്‌ വാങ്ങിയ സന്ദര്‍ഭത്തിലാണ്‌ സച്ചിന്‍ മറ്റൊരിക്കല്‍കൂടി 100 നരികെ പുറത്തായത്‌. പോണ്ടിംഗ്‌ പുതിയ പന്തെടുത്തപ്പോള്‍ സിഡിലിന്റെ ആദ്യ രണ്ട്‌ ഡെലിവറികളും അതിര്‍ത്തി കടത്തിയ സച്ചിന്‌ മൂന്നാം പന്തില്‍ പിഴച്ചു. മാത്യൂ ഹെയ്‌ഡന്‌ ക്യാച്ച്‌.
തന്റെ അവസാന ടെസ്റ്റ്‌ പരമ്പര കളിക്കുന്ന സൗരവ്‌്‌ ക്രീസിലുണ്ട്‌. ക്യാപ്‌റ്റന്‍ ധോണി വരാനുണ്ട്‌. ബാംഗ്ലൂരില്‍ മിന്നിയ വാലറ്റക്കാരായ സഹീറും ഹര്‍ഭജനും കന്നിക്കാരനായ അമിത്‌ മിശ്രയും കളിക്കാനുളളപ്പോള്‍ 400 റണ്‍സ്‌ പിന്നിടാന്‍ ഇന്ത്യക്കാവുമെന്നാണ്‌ കരുതപ്പെടുന്നത്‌.

ഇന്ത്യക്ക്‌ കിരീടം
പൂനെ: ആതിഥേയരായ ഇന്ത്യയുടെ കിരീടധാരണത്തോടെ മൂന്നാമത്‌ കോമണ്‍വെല്‍ത്ത്‌ യൂത്ത്‌ ഗെയിംസിന്‌ ഇന്ന്‌ അവസാനമാവും. 332 സ്വര്‍ണ്ണമുള്‍പ്പെടെ മൊത്തം 74 മെഡലുകളാണ്‌ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്‌. 24 സ്വര്‍്‌ണ്ണമുള്‍പ്പെടെ 64 മെഡലുകള്‍ നേടിയ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ര്‌ണ്ടാം സ്ഥാനത്താണ്‌.

No comments: