Thursday, October 23, 2008

HAYDEN -THE STUDENT

ന്യൂഡല്‍ഹി: മാത്യൂ ഹെയ്‌ഡന്‍ പുതിയ പാഠം പഠിക്കുകയാണ്‌... സഹീര്‍ഖാന്റെയും ഇഷാന്ത്‌ ശര്‍മ്മയുടെയും റിവേഴ്‌സ്‌ സ്വിംഗുകളെ ഫലപ്രദമായി എങ്ങനെ നേരിടാമെന്ന പാഠം ഓസ്‌ട്രേലിയന്‍ ഓപ്പണറെ പഠിപ്പിക്കുന്നത്‌ മറ്റാരുമല്ല-ടീമിന്റെ ടെക്‌നിക്കല്‍ അസിസ്‌റ്റന്‍ഡായ ഗ്രെഗ്‌ ചാപ്പല്‍. നാളെ ബോര്‍ഡര്‍-ഗവാസ്‌്‌കര്‍ ട്രോഫി ടെസ്‌റ്റ്‌ പരമ്പരയിലെ മൂന്നാം മല്‍സരം ഫിറോസ്‌ ഷാ കോട്‌ലയില്‍ അരങ്ങേറുമ്പോള്‍ പിടിച്ചുനില്‍്‌ക്കാന്‍ കഴിയാത്തപക്ഷം ടീമിലെ തന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന്‌ ഹെയ്‌ഡന്‍ മനസ്സിലാക്കിയിട്ടുണ്ട്‌. ബാംഗ്ലൂരിലും മൊഹാലിയിലും സഹീര്‍ഖാന്റെ റിവേഴ്‌സ്‌ സ്വിംഗുകള്‍ക്കും ഇന്‍സ്വിംഗറുകള്‍ക്കും മുന്നില്‍ പ്രതിരോധം നഷ്ടമായ ഓപ്പണര്‍ക്ക്‌ പരമ്പരയില്‍ സ്വന്തം സംഭാവന നല്‍കാന്‍ ഇത്‌ വരെ കഴിഞ്ഞിട്ടില്ല. മൊഹാലി ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 516 റണ്‍സെന്ന വലിയ വിജയ ലക്ഷ്യത്തിലേക്കുളള യാത്രയുടെ ആരംഭിച്ചതില്‍ നാല്‌ ബൗണ്ടറികള്‍ നേടാനായത്‌ മാത്രമാണ്‌ ആകെയുളള നേട്ടം. പരമ്പരയില്‍ ഓസ്‌ട്രേലിയ പിറകില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ഫോം കണ്ടെത്തുക മാത്രമല്ല ടീമിനെ രക്ഷിക്കാനുളള ബാധ്യതയും ടീമിലെ സീനിയര്‍ അംഗമായ ഹെയ്‌ഡനുണ്ട്‌. ഇന്ത്യക്കെതിരെ മികച്ച ട്രാക്‌ റെക്കോര്‍ഡുളള ഹെയ്‌ഡന്‌ ഇത്തവണ പിഴക്കുന്നത്‌ എന്താണെന്ന ചോദ്യത്തിന്‌ ചാപ്പലിന്‌ ഉത്തരമുണ്ട്‌-ബാറ്റിംഗ്‌ സാങ്കേതികതയില്‍ മാറ്റം വരുത്തിയിട്ടില്ല. സഹീര്‍ഖാന്‍ പുതിയ പന്ത്‌ കൈയ്യില്‍ ഒളിപ്പിച്ചുവരുമ്പോള്‍ പ്രതിരോധമോ, ആക്രമണമോ എന്ന ആശങ്കയിലാണ്‌ പലപ്പോഴും ഹെയ്‌ഡന്‌ പിഴക്കുന്നതെന്നാണ്‌ ചാപ്പലിന്റെ കണ്ടുപിടുത്തം.
2003 ലെ ലോകകപ്പ്‌ ഫൈനലില്‍ സഹീറിന്റെ പന്തുകളെ നിഷ്‌കരുണം അതിര്‍ത്തി കടത്തി സ്വന്തം ടീമിനെ ലോകത്തിന്റെ ഉയരത്തിലെത്തിച്ച ഹെയ്‌ഡന്‌ പക്ഷേ പതിവ്‌ പാദചലനങ്ങളും ആത്മവിശ്വാസവും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല.
ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഹെയ്‌ഡന്റെ റണ്‍ പ്രവാഹത്തിന്‌ സാക്ഷിയായ ഓപ്പണര്‍ ജസ്‌റ്റിന്‍ ലാംഗറായിരുന്നു. ലാംഗര്‍ വിരമിച്ച ശേഷം നല്ല കൂട്ടുകാരനെ ഹെയ്‌ഡന്‌ ലഭിച്ചിട്ടില്ല. സൈമണ്‍ കാറ്റിച്ചാണ്‌ ഇപ്പോഴത്തെ കൂട്ടുകാരന്‍. കാറ്റിച്ചിന്‌ ഈ രംഗത്ത്‌ ശോഭിക്കാന്‍ കഴിയാത്തതിനാല്‍ ടീമിന്റെ ബാറ്റിംഗ്‌ ഭാരം മാത്രമല്ല പുതിയ പന്തിലെ തിളക്കം അകറ്റാനുളള ബാധ്യതയും ഹെയ്‌ഡനിലാണ്‌.
ഇന്നലെ കോട്‌ലയിലെ നെറ്റ്‌സില്‍ മണിക്കൂറുകളോളമാണ്‌ ഹെയ്‌ഡന്‍ ബാറ്റിംഗ്‌ പ്രാക്ടീസ്‌്‌ നടത്തിയത്‌. മാനസികമായി ഇന്ത്യന്‍ ബൗളര്‍മാരായ സഹീര്‍ഖാനും ഹര്‍ഭജന്‍സിംഗും അദ്ദേഹത്തിനുമേല്‍ നേടിയിരിക്കുന്ന ആധിപത്യവും പ്രശ്‌നമാണ്‌. ഹെയ്‌ഡന്റെ രണ്ട്‌ പ്രധാന ഇന്ത്യന്‍ ശത്രുക്കളാണ്‌ സഹീറും ബാജിയും. ബാജിയും ഹെയ്‌ഡനും കളത്തിന്‌ പുറത്തും അകത്തും പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്‌. കഴിഞ്ഞ തവണ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയല്‍ പര്യടനം നടത്തിയപ്പോള്‍ ഹെയ്‌ഡനും ബാജിയും തമ്മിലുണ്ടായ വാക്കേറ്റം പലതവണ മാച്ച്‌ റഫറിയുടെ ഇടപെടലില്‍ കലാശിച്ചിരുന്നു. വിവാദമായ സിഡ്‌നി ടെസ്‌റ്റില്‍ ബാജിയും ആന്‍ഡ്ര്യൂ സൈമണ്ട്‌സും കൊമ്പ്‌ കോര്‍ത്തപ്പോള്‍ അതിന്‌ വേദിയൊരുക്കിയത്‌ ഹെയ്‌ഡനായിരുന്നു. ഹെയ്‌ഡനെതിരെ ഇത്തവണ ബാജിക്ക്‌ വലിയ വിജയം നേടാനായത്‌ മൊഹാലി ടെസ്‌റ്റിലെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു. സഹീറിനെയും ഇഷാന്തിനെയും ശിക്ഷിച്ച്‌ തുടങ്ങിയ ഹെയ്‌ഡന്‍ ബാജിയുടെ ആദ്യ ഓവറില്‍ തന്നെ പുറത്തായിരുന്നു. ഹെയ്‌ഡന്‍ പവിലിയനിലേക്ക്‌്‌ മടങ്ങവെ അദ്ദേഹത്തിന്റെ വഴി തടഞ്ഞ്‌ ആഹ്ലാദപ്രകടനം നടത്തിയതിന്‌ സഹീര്‍ പിടിക്കപ്പെടുകയും ചെയ്‌തിരുന്നു.
കോട്‌ലയില്‍ തുടക്കത്തില്‍ തന്നെ ബൗളര്‍മാരില്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ്‌ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ ഹെയ്‌ഡന്‌ നല്‍കുന്ന ഉപദേശം. ഇന്ത്യന്‍ ബൗളര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കരുത്‌. അനുവദിക്കുന്നപക്ഷം കളിയുടെ താളം തെറ്റും. കോട്‌ലയിലെ പിച്ച്‌ തുടക്കത്തില്‍ സീമര്‍മാരെയും പിന്നെ സ്‌പിന്നര്‍മാരെയും തുണക്കുന്നതിനാല്‍ മല്‍സരത്തിന്റെ തുടക്കത്തില്‍ ലഭിക്കുന്ന ആനുകൂല്യം ഉപയോഗപ്പെടുത്തി കളിക്കുകയാണ്‌ ഓസീസ്‌ ലക്ഷ്യം. മൂന്നാം ടെസ്‌റ്റില്‍ വിജയിച്ച്‌ പരമ്പരയില്‍ ഒപ്പമെത്തുക എന്ന ദൃഢനിശ്ചയത്തില്‍ പക്ഷേ ടീമിന്റെ സ്‌പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌ കാര്യമായ സംഭാവന നല്‍കാന്‍ കഴിയുമോ എന്ന വലിയ ചോദ്യം അവശേഷിക്കുന്നു. മുന്‍കാല ഇന്ത്യന്‍ സ്‌പിന്നര്‍ ബിഷന്‍സിംഗ്‌ ബേദിയുടെ സഹായത്തോടെ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ കൂട്ടിലടക്കാനുളള തന്ത്രങ്ങളാണ്‌ കാമറൂണ്‍ വൈറ്റും മൈക്കല്‍ ക്ലാര്‍ക്കുമെല്ലാം പഠിക്കുന്നത്‌.

പ്ലീസ്‌ സിനിയേഴ്‌സ്‌
ന്യൂഡല്‍ഹി: സ്വന്തം ടീമിലെ സീനിയര്‍ താരങ്ങളോട്‌ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിന്റെ അഭ്യര്‍ത്ഥന-പ്ലീസ്‌-ഒന്ന്‌ പൊരുതുക...... ഇന്ത്യക്കെതിരായ പരമ്പരയില്‍ പിന്നിട്ട്‌ നല്‍ക്കുന്ന ടീമിനെ കരകയറ്റാന്‍ സീനിയര്‍ താരങ്ങള്‍ക്ക്‌ മാത്രമേ കഴിയുവെന്നാണ്‌ പോണ്ടിംഗ്‌ കരുതുന്നത്‌. മാത്യൂ ഹെയ്‌ഡന്‍, വൈസ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക്‌, സീമര്‍ ബ്രെട്ട്‌ ലീ എന്നിവരാണ്‌ ടീമിലെ സീനിയേഴ്‌സ്‌. ഇവരുടെ കരുത്തിനെയാണ്‌ നായകന്‍ പ്രചോദിപ്പിക്കുന്നത്‌. നാല്‌ വര്‍ഷം മുമ്പ്‌ ഇന്ത്യക്കെതിരായ പരമ്പരയില്‍ അരങ്ങേറ്റം നടത്തിയ ക്ലാര്‍ക്കിന്‌ മൊഹാലി ടെസ്‌റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. സീനിയര്‍ താരങ്ങള്‍ സ്വന്തം ഉത്തരവാദിത്ത്വം നിറവേറ്റണമെന്ന്‌ റിക്കി പറഞ്ഞതായി ക്ലാര്‍ക്‌ വെളിപ്പെടുത്തി. ഇന്ത്യയില്‍ ആദ്യ പരമ്പര കളിക്കുന്ന താരങ്ങളില്‍ നിന്ന്‌ കൂടുതല്‍ ആവശ്യപ്പെടാന്‍ കഴിയില്ല. അതിനാല്‍ ക്യാപ്‌റ്റന്‍, വൈസ്‌ ക്യാപ്‌റ്റന്‍, സീനിയര്‍ താരങ്ങള്‍ എന്നിവരില്‍ കൂടുതല്‍ ഭാരമുണ്ട്‌. അത്‌ നിറവേറ്റപ്പെടണമെന്നാണ്‌ ക്യാപ്‌റ്റന്‍ സൂചിപ്പിച്ചതെന്നും വൈസ്‌ ക്യാപ്‌റ്റന്‍ വ്യക്തമാക്കി. ഡല്‍ഹി ടെസ്‌റ്റില്‍ വിജയിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമാണ്‌ പരമ്പരയില്‍ നിലനില്‍ക്കാന്‍ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട്‌ വര്‍ഷം ഓസീസ്‌ ക്രിക്കറ്റിന്‌ തിരക്ക്‌ മാത്രമാണ്‌. ആ തിരക്കിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ കഴിയണമെങ്കില്‍ ഇന്ത്യക്തെിരെ വിജയിക്കണം. ഇന്ത്യക്കെതിരായ പരമ്പരക്ക്‌ ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനമുണ്ട്‌. അതിന്‌ ശേഷം ആഷസ്‌-എല്ലാ മല്‍സരങ്ങളെയും കരുത്തോടെ നേരിടാന്‍ സീസണിലെ ആദ്യ പരമ്പര സ്വന്തമാക്കാന്‍ കഴിയണം-ഗില്‍ക്രൈസ്റ്റില്‍ നിന്ന്‌ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റന്‍ പട്ടം ഏറ്റെടുത്ത ക്ലാര്‍ക്‌ പറഞ്ഞു. കഴിഞ്ഞ വിന്‍ഡീസ്‌ പര്യടനത്തിലാണ്‌ ഗില്ലിയില്‍ നിന്ന്‌ ക്ലാര്‍ക്‌ നായകപ്പട്ടം ഏറ്റെടുത്തത്‌. അതിന്‌ ശേഷം നാല്‌ ടെസ്‌റ്റില്‍ നിന്നായി 277 റണ്‍സാണ്‌ നേടാനായത്‌. കരിബീയയില്‍ നേടാനായ 110 റണ്‍സാണ്‌ ഉയര്‍ന്ന സമ്പാദ്യം. വൈസ്‌ ക്യാപ്‌റ്റന്‍സി തന്റെ ബാറ്റിംഗിനെ ബാധിച്ചിട്ടില്ലെന്നാണ്‌ ക്ലാര്‍ക്‌ കരുതുന്നത്‌. ടീമിനെ പരാജയത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തുക എന്നതാണ്‌ തല്‍ക്കാലം തന്റെ ബാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

ലോകം
ബോണ്‍: ലോക ചെസ്‌ കിരീടം ഒരിക്കല്‍ കൂടി ഇന്ത്യന്‍ ബുദ്ധികേന്ദ്രം വിശ്വനാഥന്‍ ആനന്ദിന്റെ തലയില്‍. റഷ്യന്‍ ചാമ്പ്യന്‍ വ്‌ളാഡിമിര്‍ ക്രാംനിക്കിനെ പരാജയപ്പെടുത്തിയാണ്‌ ആനന്ദ്‌ ലോകപ്പട്ടം നിലനിര്‍ത്തിയത്‌. ഇന്നലെ പത്താം റൗണ്ട്‌ പോരാട്ടം നടക്കുമ്പോള്‍ ചാമ്പ്യന്‍പ്പട്ടം ആനന്ദില്‍ നിന്ന്‌ അര പോയന്റ്‌ മാത്രം അകലെയായിരുന്നു. ഇന്ത്യന്‍ കായികരംഗത്തിന്റെ ലോക മേല്‍വിലാസമായ ആനന്ദ്‌ ലോകപ്പട്ടം നിലനിര്‍ത്തുക എന്ന വ്യക്തമായ ലക്ഷ്യത്തിലാണ്‌ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കം മുതല്‍ കളിച്ചത്‌. എട്ടാം റൗണ്ട്‌ അവസാനിക്കുമ്പോള്‍ ലോകപ്പട്ടത്തിന്‌ ഒരു പോയന്റ്‌ മാത്രം അകലെയായിരുന്നു അദ്ദേഹം. ഒമ്പതാം റൗണ്ടില്‍ വിജയിച്ചാല്‍ കിരീടം ഉറപ്പായിരുന്നു. പക്ഷേ സമനിലയില്‍ അവസാനിച്ചു. ക്രാംനിക്കിന്‌ തിരിച്ചുവരാന്‍ കഴിയാത്ത രീതിയില്‍ പഴുതുകളടച്ചാണ്‌ അദ്ദേഹം ഇന്നലെ കളിച്ചത്‌.
ലോക ചെസിലും ഇന്ത്യന്‍ ചെസിലും സമാനതകളില്ലാത്ത താരമാണ്‌ ആനന്ദ്‌. പതിനാറാം വയസ്സില്‍ ദേശീയ ചാമ്പ്യനായി അദ്ദേഹം നടത്തിയ കുതിപ്പിന്‌ തടസ്സം നില്‍ക്കാന്‍ ഇന്ത്യന്‍ ചെസില്‍ ഇത്‌ വരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ലോക വേദികളില്‍ ക്രാംനിക്കായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വെല്ലുവിളി. കഴിഞ്ഞ രണ്ട്‌ തവണയായി ലോക ചാമ്പ്യന്‍ഷിപ്പില്‍ ക്രാംനിക്കിനെതിരെ അദ്ദേഹം ആധികാരികത പ്രകടിപ്പിക്കുന്നു. ലോക വേദിയില്‍ ആനന്ദിനെ പരാജയപ്പെടുത്താന്‍ ശക്തരായ പ്രതിയോഗികള്‍ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍.
ഇത്‌ മൂന്നാം തവണയാണ്‌ ലോക ചെസ്‌പട്ടം ആനന്ദ്‌ സ്വന്തമാക്കുന്നത്‌. രണ്ടായിരത്തില്‍ ഇന്ത്യയിലും ഇറാനിലുമായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അലക്‌സി ഷിറോവിനെ പരാജയപ്പെടുത്തിയാണ്‌ ആനന്ദ്‌ ആദ്യമായി ലോകത്തിലെ ഒന്നാമനായത്‌. 2007 ല്‍ മെക്‌സിക്കോ സിറ്റിയില്‍ വെച്ചായിരുന്നു രണ്ടാം കിരീടം. വാസലിന്‍ ടോപ്പലോവ്‌, അലക്‌സി ഷിറോവ്‌, വ്‌ളാഡിമിര്‍ ക്രാംനിക്‌ എന്നിവരാണ്‌ നിലവില്‍ ലോകതലത്തില്‍ ആനന്ദിന്‌ വെല്ലുവിളി. പക്ഷേ സമീപകാലത്തായി ഇവരെയെല്ലാം ആധികാരികമായി തന്നെ പരാജയപ്പെടുത്താന്‍ ആനന്ദിന്‌ കഴിഞ്ഞിട്ടുണ്ട്‌.
ഗാരി കാസ്‌പറോവും അനറ്റോലി കാര്‍പ്പോവും ലോക ചെസില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കാലത്താണ്‌ ആനന്ദ്‌ ലോക വേദിയിലേക്ക്‌ വരുന്നത്‌.
അതിവേഗ ചെസ്സിലാണ്‌ തുടക്കം മുതല്‍ ആനന്ദ്‌ കരുത്ത്‌ പ്രകടിപ്പിച്ചത്‌. കാസ്‌പറോവിനോ, കാര്‍പ്പോവിനോ റാപ്പിഡ്‌ മല്‍സര വിഭാഗത്തില്‍ ആനന്ദിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ലിനാറസ്‌, മെയിന്‍സ്‌ തുടങ്ങിയ പ്രമുഖ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടങ്ങള്‍ സ്വന്തമാക്കിയാണ്‌ ലോക തലത്തില്‍ ഒന്നാം സ്ഥാനം ആനന്ദ്‌ നേടിയത്‌.

16 ല്‍ തുടങ്ങിയ യാത്ര
കോഴിക്കോട്‌: പതിനാറാം വയസ്സില്‍ തുടങ്ങിയതാണ്‌ വിശ്വനാഥന്‍ ആനന്ദിന്റെ വിശ്വയാത്ര. 1984 ല്‍ ദേശീയ ചെസ്‌ കിരീടത്തില്‍ മുത്തമിട്ടതിന്‌ ശേഷം അദ്ദേഹത്തിന്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കിയ അദ്ദേഹം ലോക കായികവേദികളില്‍ ഇന്ത്യന്‍ മേല്‍വിലാസമായിരുന്നു. ആനന്ദിന്‌ പിന്‍ഗാമികളായ എത്രയോ താരങ്ങള്‍ ഇന്ത്യന്‍ ചെസില്‍ പിറന്നു. പക്ഷേ അവര്‍ക്കാര്‍ക്കും ലോകോത്തര വേദികളില്‍ ആനന്ദിനോളം ഉയരാന്‍ കഴിഞ്ഞില്ല എന്ന സത്യത്തിലാണ്‌ ആനന്ദിന്റെ പ്രഭാവം മാസ്‌മരികമാവുന്നത്‌.
ആനന്ദിന്‍െ പ്രഭാവത്തില്‍ ഇന്ത്യന്‍ ചെസ്‌ വേദിയില്‍ വന്നവരാണ്‌ ശശികിരണ്‍, ഹരികൃഷ്‌ണ,കൊണേരു ഹംപി തുടങ്ങിയവര്‍.


സെപ്‌റ്റിന്‌ രണ്ടാം ജയം
പനാജി: ഗോവയില്‍ പര്യടനം നടത്തുന്ന സെപ്‌റ്റ്‌ ഫുട്‌ബോള്‍ ടീമിന്‌ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും വിജയം. ഇന്നലെ നടന്ന പോരാട്ടത്തില്‍ ഹന്നാന്‍ ജാവേദ്‌ നയിച്ച ടീം 4-2ന്‌ ഗോവന്‍ സ്‌്‌റ്റേറ്റ്‌ സ്‌ക്കൂള്‍ ടീമിനെ പരാജയപ്പെടുത്തി. അരീക്കോട്‌ തെരട്ടമല്‍ സ്വദേശിയായ ക്യാപ്‌റ്റന്‍ ഹന്നാന്‍ രണ്ട്‌ തവണ നെറ്റ്‌ ചലിപ്പിച്ചപ്പോള്‍ മിഥുന്‍, ആസില്‍ എന്നിവരും ലക്ഷ്യം കണ്ടു. നോര്‍ത്ത ഗോവക്കെതിരായ ആദ്യ മല്‍സരത്തില്‍ സെപ്‌റ്റ്‌ മൂന്ന്‌ ഗോളിന്‌ വിജയിച്ചിരുന്നു, ആസില്‍ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തപ്പോള്‍ മൂന്നാം ഗോള്‍ ഹന്നാനാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. ഇന്ന്‌ നടക്കുന്ന മല്‍സരത്തില്‍ സെപ്‌റ്റ്‌ സാല്‍ഗോക്കര്‍ അക്കാദമിയെ നേരിടും. ദേശീയ സോക്കറില്‍ ചിരപ്രതിഷ്‌ഠ നേടിയ സാല്‍ഗോക്കര്‍ ടീമിന്റെ ജൂനിയര്‍ നിരയാണ്‌ അക്കാദമി നിരയില്‍ കളിക്കുന്നത്‌.
അടുത്ത മാസം നടക്കുന്ന മലേഷ്യന്‍ പര്യടനം മുന്‍നിര്‍ത്തിയാണ്‌ സെപ്‌റ്റ്‌ ടീം ഗോവയില്‍ പര്യടനം നടത്തുന്നത്‌. കോഴിക്കോട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ എജ്യൂക്കേഷന്‍ പ്രൊമോഷന്‍ ട്രസ്‌റ്റ്‌ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററുകളില്‍ നിന്ന്‌ തെരഞ്ഞെടുത്ത കുട്ടികളെയുമായാണ്‌ ഗോവയില്‍ എത്തിയിരിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം വിജയകരമായ സ്‌കാന്‍ഡിനേവിയന്‍ പര്യടനം പൂര്‍ത്തിയാക്കിയ സംഘത്തിന്റെ മുഖ്യപരിശീലകന്‍ കോഴിക്കോട്ടുകാരനായ മനോജാണ്‌. സെപ്‌റ്റ്‌ ചെയര്‍മാന്‍ അരുണ്‍ പി നാണുവാണ്‌ ടീമിന്റെ മാനേജര്‍.

യൂറോപ്യന്‍ ലീഗുകള്‍
അല്‍ഭുതങ്ങളില്ല
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകള്‍ ഒരാഴ്‌ച്ച കൂടി പിന്നിടുമ്പോള്‍ ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും ജര്‍മനിയിലും കാര്യമായ അല്‍ഭുതങ്ങളില്ല. വമ്പന്മാര്‍ സ്വന്തം സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ ചെല്‍സിക്കാര്‍ ലിവര്‍പൂളിന്‌ മുന്നില്‍ ഞായറാഴ്‌ച്ച പരാജയപ്പെട്ടത്‌ മാത്രമാണ്‌ വാര്‍ത്ത.
പ്രീമിയര്‍ ലീഗ്‌
സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജിലെ തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഒന്നാം സ്ഥാനത്തെത്തി. 23 പോയന്റാണ്‌ അവരുടെ സമ്പാദ്യം. മല്‍സരത്തിന്റെ പത്താം മിനുട്ടില്‍ സാബി അലോണ്‍സോ സ്‌ക്കോര്‍ ചെയ്‌ത ഗോളാണ്‌ റാഫേല്‍ ബെനിറ്റസിന്റെ സംഘത്തിന്‌ നേട്ടമായത്‌. കഴിഞ്ഞ നാലര വര്‍ഷമായി സ്വന്തം മൈതാനത്ത്‌ പരാജയമറിയാത്തവരാണ്‌ ചെല്‍സി. ആ റെക്കോര്‍ഡാണ്‌ ലിവര്‍പൂള്‍ തകര്‍ത്തത്‌. ചെല്‍സിക്കും ഹള്‍ സിറ്റിക്കും 20 പോയന്റ്‌്‌ വീതമുണ്ട്‌. ഇവരാണ്‌ ടേബിളില്‍ രണ്ടാമതും മൂന്നാമതും വരുന്നത്‌. കരുത്തരായ ആഴ്‌്‌സനല്‍ വെസ്‌റ്റ്‌ ഹാം യുനൈറ്റഡിനെ പരാജയപ്പെടുത്തിയപ്പോള്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിനെ എവര്‍ട്ടണ്‍ 1-1 ല്‍ തളച്ചിരുന്നു. ടോപ്‌ സ്‌ക്കോറര്‍ പട്ടികയില്‍ ആമിര്‍ സാകി (7) തന്നെ തുടരുന്നു. ആറ്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത റോബിഞ്ഞോ, ജെറമിന്‍ ഡഫോ എന്നിവരാണ്‌ രണ്ടാം സ്ഥാനങ്ങളില്‍.
ഇറ്റലി
ഇറ്റാലിയന്‍ സിരിയ എ യില്‍ ആരും പ്രതീക്ഷിക്കാത്ത ഉദിനസാണ്‌ മുന്നില്‍. 17 പോയന്റാണ്‌ അവരുടെ സമ്പാദ്യം. ഇന്റര്‍ മിലാന്‍, നാപ്പോളി എന്നിവര്‍ക്കും 17 പോയന്റ്‌ വീതമുണ്ട്‌. പക്ഷേ ഗോള്‍ ശരാശരയില്‍ ഉദിനസിനാണ്‌ മുന്‍ത്തൂക്കം. ഇന്നലെയവര്‍ മുന്‍ ചാമ്പ്യന്മാരായ ഏ.എസ്‌ റോമയെ 3-1നാണ്‌ വീഴ്‌ത്തിയത്‌. അതേസമയം ഇന്റര്‍മിലാനെ ജിനോവ 1-1 ല്‍ തളച്ചു. കക്കയുടെ ഗോളില്‍ ഏ.സി മിലാന്‍ അറ്റ്‌ലാന്റയെ പരാജയപ്പെടുത്തി. ടൂറിനിലെ സ്വന്തം മൈതാനത്ത്‌ ഇന്നലെ നടന്ന മല്‍സരത്തില്‍ ടോറിനോയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞതോടെ യുവന്തസിന്‌ ദീര്‍ഘനിശ്വാസം വിടാനായി. കഴിഞ്ഞ നാല്‌ മല്‍സരങ്ങളില്‍ ടീമിന്‌ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സ്‌പെയിന്‍
സ്‌പാനിഷ്‌ ലീഗില്‍ വലന്‍സിയ 20 പോയന്റുമായി ലീഡ്‌ തുടരുകയാണ്‌. 19 പോയന്റ്‌്‌ വീതമുളള ബാര്‍സിലോണയും ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും രണ്ടും മൂന്നൂം സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ശനിയാഴ്‌ച്ച നടന്ന മല്‍സരത്തില്‍ ബാര്‍സ അഞ്ച്‌ ഗോളിന്‌ അല്‍മേരിയയെ തകര്‍ത്തപ്പോള്‍ റയല്‍ മാഡ്രിഡ്‌ 3-2ന്‌ അത്‌ലറ്റികോ ബില്‍ബാവോയെ പരാജയപ്പെടുത്തി. പക്ഷേ ആവേശകരമായ പോരാട്ടം നടന്നത്‌ വില്ലാ റയലും അത്‌ലറ്റികോ മാഡ്രിഡും തമ്മില്‍ നടന്ന മല്‍സരത്തിലാണ്‌. എട്ട്‌ ഗോളുകള്‍ പിറന്ന മല്‍സരം 4-4 സമനിലയില്‍ അവസാനിച്ചു. ഒമ്പത്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത സാമുവല്‍ ഇറ്റോ, ഡേവിഡ്‌ വിയ എന്നിവരാണ്‌ ടോപ്‌ സ്‌ക്കോറര്‍പ്പട്ടികയില്‍.
ജര്‍മനി
ഹാംബര്‍ഗിനെ പിറകിലാക്കി ജര്‍മന്‍ ലീഗില്‍ ഹോഫന്‍ ഹീം എന്നാം സ്ഥാനത്തെത്തി. 19 പോയന്റാണ്‌ അവരുടെ സമ്പാദ്യം. ബയര്‍ ലെവര്‍കൂസണ്‍ (18), ഹാംബര്‍ഗ്‌ (17) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച്‌ 4-2ന്‌ വോള്‍സ്‌ബര്‍ഗിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ രണ്ട്‌
ഗോളിന്‌ പിറകിലായ ബയേണിനെ ഫ്രഞ്ച്‌ സൂപ്പര്‍ താരം ഫ്രാങ്ക്‌ റിബറിയാണ്‌ രക്ഷപ്പെടുത്തിയത്‌.
ഫ്രാന്‍സ്‌
ഫ്രാന്‍സില്‍ ചാമ്പ്യന്മാരായ ലിയോണ്‍ 21 പോയന്റുമായി ഒന്നാം സ്ഥാനത്ത്‌ തുടരുന്നു. മാര്‍സലി (19), ലിമാന്‍സ്‌ (18 എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍.

കെയിന്‍സിനും മോംഗിയക്കും വിലക്ക്‌
ചണ്ഡിഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ്‌ ലീഗില്‍ ചണ്ഡിഗര്‍ ലയണ്‍സിനായി കളിക്കുന്ന ന്യൂസിലാന്‍ഡ്‌ ഓള്‍റൗണ്ടര്‍ ക്രി്‌സ്‌ കെയിന്‍സ്‌, മുന്‍ ഇന്ത്യന്‍ താരം ദിനേശ്‌ മോംഗിയ എന്നിവര്‍ക്ക്‌ സസ്‌പെന്‍ഷന്‍. അച്ചടക്കനടപടിയുടെ ഭാഗമായാണ്‌ ഇവരെ താല്‍കാലികമായി പുറത്താക്കിയിരിക്കുന്നത്‌. കെയിന്‍സിന്‌ പകരം ആന്‍ഡ്ര്യൂ ഹാള്‍ ചണ്ഡിഗര്‍ ലയണ്‍സിനെ നയിക്കും.

മിയാന്‍ദാദ്‌ നിരസിച്ചു
ലാഹോര്‍: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്റെ കോച്ചാവാനുളള നിര്‍ദ്ദേശം ജാവേദ്‌ മിയാന്‍ദാദ്‌ നിരസിച്ചു. പുറത്താക്കപ്പെട്ട കോച്ച്‌ ജെഫ്‌ ലോസണ്‌ പകരം പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആദ്യം സമീപിച്ചത്‌ മിയാന്‍ദാനിനെയായിരുന്നുവെന്ന്‌ പി.സി.ബി തലവന്‍ ഇജാസ്‌ ഭട്ട്‌ വെളിപ്പെടുത്തി. എന്നാല്‍ മറ്റൊരിക്കല്‍ കൂടി പരിശീലകന്റെ കുപ്പായത്തില്‍ താല്‍പ്പര്യമില്ലെന്നാണ്‌ മിയാന്‍ദാദ്‌ മറുപടി നല്‍കിയത്‌. ഇതേ തുടര്‍ന്നാണ്‌ ഇന്‍ത്തികാബ്‌ ആലത്തെ സമീപിച്ചതെന്നും ഭട്ട്‌ പറഞ്ഞു. മൂന്ന്‌ തവണ പാക്കിസ്‌താന്‍ ടീമിന്റെ കോച്ചായിരുന്നു മിയാന്‍ദാദ്‌.

No comments: