Saturday, December 20, 2008

AT LAST DRAVID.....

സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ-ഒന്നാം ഇന്നിംഗ്‌സ്‌
ഗാംഭീര്‍-സി-കുക്ക്‌-ബി-സ്വാന്‍-179, സേവാഗ്‌-സി-പ്രയര്‍-ബി-ബ്രോഡ്‌-0, ദ്രാവിഡ്‌-സി-പനേസര്‍-ബി-സ്വാന്‍-136, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-സ്വാന്‍-11, ലക്ഷ്‌മണ്‍-എല്‍.ബി.ഡബ്ല്യ-ബി-ഫ്‌ളിന്റോഫ്‌-0, യുവരാജ്‌-സി-പ്രയര്‍-ബി-പനേസര്‍-27, ധോണി-സി-സബ്‌-ബി-ആന്‍ഡേഴ്‌സണ്‍-29, ഹര്‍ഭജന്‍-സി-സ്വാന്‍-ബി-പനേസര്‍-24, സഹീര്‍ഖാന്‍-ബി-ഫ്‌ളിന്റോഫ്‌-7, അമിത്‌ മിശ്ര-ബി-ഫ്‌ളിന്റോഫ്‌-23, ഇഷാന്ത്‌-നോട്ടൗട്ട്‌-1, എക്‌സ്‌ട്രാസ്‌ 16, ആകെ 158.2 ഓവറില്‍ 453.
വിക്കറ്റ്‌ പതനം: 1-6 (സേവാഗ്‌), 2-320 (ഗാംഭീര്‍), 3-329 (ദ്രാവിഡ്‌), 4-337 (സച്ചിന്‍), 5-339 (ലക്ഷ്‌മണ്‍), 6-379 (യുവരാജ്‌), 78-418 (ധോണി), 8-418 (ഹര്‍ഭജന്‍), 9-446 (സഹീര്‍), 10-453 (മിശ്ര). ബൗളിംഗ്‌: ആന്‍ഡേഴ്‌സണ്‍ 32-5-84-1, ബ്രോഡ്‌ 26-9-84-1, ഫ്‌ളിന്റോഫ്‌ 30.2-10-54-3, പനേസര്‍ 23-2-89-2, സ്വാന്‍ 45-11-122-3, കോളിംഗ്‌ വുഡ്‌ 2-0-10-0.

ദ്രാവിഡ്‌ കീ
മൊഹാലി: രണ്ടാം വിക്കറ്റില്‍ ഗൗതം ഗാംഭീര്‍-രാഹുല്‍ ദ്രാവിഡ്‌ സഖ്യം നേടിയ 314 റണ്‍സിന്റെ റെക്കോര്‍ഡ്‌ കൂട്ടുകെട്ടില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റിലും പിടിമുറുക്കി. ഒന്നാം വിക്കറ്റ്‌ സഖ്യം തകര്‍ത്ത ശേഷം ശക്തമായി മല്‍സരത്തിലേക്ക്‌ തിരിച്ചുവരാന്‍ ഇംഗ്ലണ്ടിനായെങ്കിലും മൂടല്‍മഞ്ഞില്‍ ഇന്നലെയും ഓവറുകള്‍ പൂര്‍ത്തിയാക്കാനാവാത്ത സാഹചര്യത്തില്‍ ഒരു വിജയം ഇംഗ്ലണ്ടുകാരുടെ സ്വപ്‌നം മാത്രമാവുകയാണ്‌. ഇന്ത്യന്‍ ഒന്നാം ഇന്നിംഗ്‌സ്‌ 453 റണ്‍സില്‍ അവസാനിപ്പിച്ച ശേഏഷം ഇംഗ്ലണ്ടിന്‌ ബാറ്റേന്താന്‍ ഒമ്പത്‌ ഓവറുകള്‍ ശേഷിച്ചിരുന്നു. എന്നാല്‍ വെളിച്ചക്കുറവ്‌ കാരണം കളി നിര്‍ത്തിവെക്കാന്‍ അമ്പയര്‍മാര്‍ നിര്‍ബന്ധിതരായി. ആദ്യ ദിവസത്തില്‍ പതിനൊന്ന്‌ ഓവറുകള്‍ മോശം കാലാവസ്ഥയില്‍ നഷ്ടമായിരുന്നു.
ഗാംഭീറിന്റെയും ദ്രാവിഡിന്റെയും ചെറുത്തുനില്‍പ്പില്‍ ഇന്നലെ ആദ്യ സെഷനില്‍ സമ്പൂര്‍ണ്ണ ഇന്ത്യന്‍ ആധിപത്യമായിരുന്നു. ആദ്യ ദിവസം രണ്ടാം ഓവറില്‍ വീരേന്ദര്‍ സേവാഗിന്റെ വിക്കറ്റ്‌ ലഭിച്ചതിന്‌ ശേഷം ഒരു ഇന്ത്യന്‍ വിക്കറ്റിനായി കാത്തിരിക്കേണ്ടി വന്ന ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ക്ക്‌ മുന്നില്‍ പ്രതിരോധ കോട്ട കെട്ടി ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ വെല്ലുവിളി ഉയര്‍ത്തി. പക്ഷേ രണ്ടാം സെഷന്‍ മുതല്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌, ഗ്രയീം സ്വാന്‍ എന്നിവരുടെ മികവില്‍ ഇംഗ്ലണ്ട്‌ തിരിച്ചെത്തി. സ്‌ക്കോര്‍ 320 ല്‍ ഗാംഭീര്‍ പുറത്തായതിന്‌ ശേഷം തുടങ്ങിയ വിക്കറ്റ്‌ പതനത്തില്‍ ചെന്നൈ ഹീറോ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ്‌ സിംഗ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നിവരെല്ലാം ഇരകളായി.
11 ഓവറിനിടെ ഇന്ത്യയുടെ വിലപ്പെട്ട നാല്‌ മധ്യനിര വിക്കറ്റുകള്‍ ലഭിച്ചതോടെ ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ടിന്റെ എല്ലാ ബൗളര്‍മാരും പന്തെറിഞ്ഞു. ദ്രാവിഡിന്റെ ഭദ്രമായ ഇന്നിംഗ്‌സായിരുന്നു രണ്ടാം ദിവസത്തെ സവിശേഷത. 19 ഇന്നിംഗ്‌സുകള്‍ക്കിടെ തന്റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്‌ ക്ഷമയെന്ന ആയുധം തന്നെയായിരുന്നു. ഒരിക്കല്‍പ്പോലും പതറാതെ, പന്തുകളെ ബഹുമാനിച്ചുളള ഇന്നിംഗ്‌സില്‍ 328 പന്തുകള്‍ ദ്രാവിഡ്‌ നേരിട്ടു. 19 അതിര്‍ത്തി ഷോട്ടുകള്‍ മാത്രമാണ്‌ ഒന്നര ദിവസം ദീര്‍ഘിച്ച ഇന്നിംഗ്‌സില്‍ അദ്ദേഹം പായിച്ചത്‌. ഗാംഭീര്‍ 348 പന്തുകളെ നേരിട്ട്‌ 179 റണ്‍സാണ്‌ വാരിക്കൂട്ടിയത്‌. 25 അതിര്‍ത്തി ഷോട്ടുകളും ഒരു സിക്‌സറും ആ ബാറ്റില്‍ നിന്നും പിറന്നു.
ഇന്നലെ രാവിലെ തന്നെ ഇംഗ്ലീഷ്‌ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ പുതിയ പന്തെടുത്തിരുന്നു. സീമര്‍മാരായ ആന്‍ഡേഴ്‌സണും ഫ്‌ളിന്റോഫും പന്തിന്റെ തിളക്കം ഉപയോഗപ്പടുത്തുന്നതില്‍ വിജയിക്കുകയും ചെയ്‌തു. പക്ഷേ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ ആക്രമിക്കാതെ, പ്രതിരോധത്തിന്റെ ശരിയായ മാര്‍ഗ്ഗം സ്വീകരിച്ചതിനാല്‍ വിക്കറ്റുകള്‍ ബൗളര്‍മാര്‍ക്ക്‌ ലഭിച്ചില്ല.
മോണ്ടി പനേസര്‍ രണ്ടാം ദിവസവും പരാജയമായി. സ്വാനാവട്ടെ പിച്ചിനെ ഉപയോഗപ്പെടുത്തി. സച്ചിന്‍ ടെണ്ടുല്‍ക്കറെ വിക്കറ്റിന്‌ മുന്നില്‍ തളച്ചാണ്‌ സ്വാന്‍ ആരംഭിച്ചത്‌. രണ്ടാം സെഷനില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞ സ്വാനിന്‌ ഫ്‌ളിന്റോഫ്‌ നല്ല പിന്തുണയും നല്‍കി. ഈ ഘട്ടമാണ്‌ ഇന്ത്യക്ക്‌ ആഘാതമായത്‌. 24 പന്തുകള്‍ നേരിട്ട്‌ വി.വി.എസ്‌ ലക്ഷ്‌മണ്‍ പൂജ്യനായതും ധോണി തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങിയതും ഈ ഘട്ടത്തിലായിരുന്നു.

തേര്‍ഡ്‌ ഐ
107.5 ഓവറുകള്‍ വിക്കറ്റ്‌ നഷ്ടമാവാതെ കളിച്ച രാഹുല്‍ ദ്രാവിഡും ഗൗതം ഗാംഭീറും ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ പരമ്പരാഗത ചിഹ്നങ്ങളായ ക്ഷമക്കും പക്വതക്കും പുതിയ പരിവേഷം നല്‍കി എന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല..... ഏകദിനങ്ങളുടെയും 20-20 ക്രിക്കറ്റിന്റെയും ആധിക്യത്തില്‍ ടെസ്റ്റ്‌ ക്രിക്കറ്റും ആക്രമണോത്സുകതയുടെ വഴിയില്‍ അകപ്പെട്ടിരുന്നു. ക്ഷമിച്ചും സഹിച്ചും കളിക്കാന്‍ താല്‍പ്പര്യമില്ലാത്തവരായി ബാറ്റ്‌സ്‌മാന്മാര്‍ മാറിയ കാഴ്‌്‌ചയാണ്‌ സമീപകാലത്ത്‌ കണ്ടത്‌. മൊഹാലിയില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ്‌ വീണത്‌ മല്‍സരത്തിന്റെ രണ്ടാം ഓവറില്‍ വീരേന്ദര്‍ സേവാഗിന്റെ രൂപത്തിലായിരുന്നു. അതിന്‌ ശേഷം തുടങ്ങിയ സഖ്യത്തിന്‌ അന്ത്യമായത്‌ ഇന്നലെ രണ്ടാം സെഷനിലാണ്‌. അതായത്‌ ഒന്നര ദിവസത്തോളം ഗാംഭീറും ദ്രാവിഡും ബാറ്റ്‌ ചെയ്‌തു.
ഇവരുടെ അതിജീവനം പ്രതികൂല സാഹചര്യങ്ങളിലാണ്‌. പഞ്ചാബിലെ ഡിസംബര്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. മൂടല്‍ മഞ്ഞും തണ്ണുപ്പുമായി സൂര്യനെ ആകാശത്ത്‌ കാണാന്‍ സമയമെടുക്കും. വൈകുന്നേരങ്ങളിലും പ്രശ്‌നങ്ങളുണ്ട്‌. മൂടികെട്ടി നില്‍ക്കുന്ന സാഹചര്യത്തെ ഉപയോഗപ്പെടുത്താന്‍ ബൗളര്‍മാര്‍ക്കാവും. ഇന്നലെ ആന്‍ഡേഴ്‌സണും ഫ്‌ളിന്റോഫും സാഹചര്യങ്ങളെ ഭംഗിയായി ഉപയോഗപ്പെടുത്തിയിട്ടും ഗാംഭീറും ദ്രാവിഡും കുലുങ്ങിയില്ല എന്നതാണ്‌ ഈ സഖ്യത്തിന്റെ സവിശേഷത.
ആദ്യ ദിവസം പതിനൊന്ന്‌ ഓവര്‍ നഷ്ടമായതിനാല്‍ ഇന്നലെ മല്‍സരം പതിവിലും അര മണിക്കൂര്‍ നേരത്തെ തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ മൂടല്‍ മഞ്ഞില്‍ മല്‍സരം വൈകി. സമ്മര്‍ദ്ദങ്ങളുടെ കയത്തില്‍ നിന്നും കരകയറാന്‍ ദ്രാവിഡിന്‌ കഴിഞ്ഞത്‌ രണ്ടാം ദിവസത്തിന്റെ മറ്റൊരു സവിശേഷതയാണ്‌. ടെസ്റ്റ്‌ ക്രിക്കറ്റിലെ ഒരു സെഞ്ച്വറിക്ക്‌ അതിന്റേതായ വിലയുണ്ട്‌. ഏതൊരു ബാറ്റ്‌സ്‌മാനും ആഗ്രഹിക്കുന്ന സെഞ്ച്വറിയിലേക്ക്‌ ദ്രാവിഡ്‌ നീങ്ങിയത്‌ പതര്‍ച്ചകളില്ലാതെയാണ്‌.
ഗാംഭീറും ദ്രാവിഡും പുറത്തായതിന്‌ ശേഷം 11 ഓവറിനിടെ നാല്‌ വിക്കറ്റ്‌ ഇന്ത്യക്ക്‌ നഷ്‌ടമായി. അതിവേഗ ബാറ്റിംഗ്‌ അസാധ്യമായ മൈതാനത്ത്‌ അതിനൊത്ത്‌ സഞ്ചരിക്കാന്‍ സച്ചിനോ ലക്ഷ്‌മണോ യുവരാജോ ശ്രമിച്ചില്ല. പ്രതിരോധ വഴിയിലേക്ക്‌ എല്ലാവരും മാറിയപ്പോള്‍ ഫ്‌ളിന്റോഫിലെ അനുഭവസമ്പന്നന്‍ പെട്ടെന്ന്‌ കാര്യങ്ങള്‍ ഗ്രഹിച്ചു. മോണ്ടി പനേസര്‍ ഗൃഹപാഠം ചെയ്യാത്ത സ്‌പിന്നറാണ്‌. ഗ്രയീം സ്വാന്‍ പ്രകടിപ്പിക്കുന്ന ആക്രമണവീര്യം പോലും പനേസറിനില്ല.
ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട്‌ പരമ്പരയില്‍ പിറകില്‍ നില്‍ക്കുന്ന ഇംഗ്ലണ്ടിന്‌ മൊഹാലിയില്‍ അല്‍ഭുതങ്ങള്‍ കാണിക്കാനുളള സമയമില്ല. രണ്ട്‌ ദിവസം ബാറ്റ്‌ ചെയ്‌താല്‍ മാത്രമാണ്‌ ഇന്ത്യന്‍ സ്‌ക്കോര്‍ പിന്നിടാന്‍ കഴിയുക. പിന്നെയൊരു വിജയം പീറ്റേഴ്‌സന്റെ സ്വപ്‌നത്തില്‍ പോലുമുണ്ടാവില്ല.

ഡെംപോ-ബഗാന്‍
കൊല്‍ക്കത്ത: സാള്‍ട്ട്‌ലെക്ക്‌ സ്‌റ്റേഡിയത്തില്‍ ഇന്ന്‌ ഇന്ത്യന്‍ ഫുട്‌ബോളിലെ കരുത്തരുടെ ബലാബലം. മുപ്പതാമത്‌ ഫെഡറേഷന്‍ കപ്പ്‌ സ്വന്തമാക്കാന്‍ ഐ ലീഗ്‌ ചാമ്പ്യന്മാരായ ഡെംപോ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഗോവ കൊല്‍ക്കത്താ അജയ്യരായ മോഹന്‍ബഗാനുമായി കളിക്കുന്നു. ഇന്ത്യന്‍ സമയം വൈകീട്ട്‌ അഞ്ചിനാണ്‌ കലാശപ്പോരാട്ടം. സി സ്‌പോര്‍ട്‌സ്‌, ടെന്‍ സ്‌പോര്‍ട്‌സ്‌ ചാനലുകളില്‍ തല്‍സമയം. ഏ.എഫ്‌.സി ചാമ്പ്യന്‍സ്‌ ലീഗില്‍ സെമി ഫൈനല്‍ വരെ കളിച്ചവരായ ഡെംപോക്കാണ്‌ മല്‍സരത്തില്‍ വ്യക്തമായ മുന്‍ത്തൂക്കം. പക്ഷേ സ്വന്തം മൈതാനത്ത്‌, സ്വന്തം കാണികളുടെ പിന്‍ബലത്തില്‍ കളിക്കാനാവുന്ന ആത്മവിശ്വാസം ബഗാനുണ്ട്‌.

ലോക ക്ലബ്‌ കിരീടത്തിന്‌ യൂറോപ്പും ലാറ്റിനമേരിക്കയും
ഒസാക്ക: ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്നത്തെ ഫൈനല്‍ അങ്കം രണ്ട്‌ വന്‍കരകള്‍ തമ്മില്‍. ഫുട്‌ബോളിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന ലാറ്റിനമേരിക്കക്കാരും ഫുട്‌ബോളെന്നാല്‍ എല്ലാ മറക്കുന്ന യൂറോപ്പുകാരുമാണ്‌ ഏഷ്യന്‍ മണ്ണില്‍ ആധിപത്യത്തിനായി മാറ്റുരക്കുന്നത്‌. ലാറ്റിനമേരിക്കയെ പ്രതിനിധീകരിക്കുന്നത്‌ കോപ്പ ലിബര്‍ട്ടഡോറസ്‌ ജേതാക്കളായ ഇക്വഡോറില്‍ നിന്നുളള ചാമ്പ്യന്‍ ക്ലബായ ലീഗ ഡി ക്വിറ്റോ. യൂറോപ്പിലെ ചാമ്പ്യന്മാര്‍ക്കുളള യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്‌ യൂറോപ്പിന്റെ പ്രതിനിധികള്‍. താരബലത്തില്‍ മാഞ്ചസ്റ്ററിനാണ്‌ മുന്‍ത്തൂക്കം. റൂണിയും കൃസ്റ്റിയാനോയും ഷോള്‍സും ഗിഗ്‌സുമെല്ലാം ഫെര്‍ഗൂസന്റെ സംഘത്തിലുണ്ട്‌.

സ്‌മിത്തിന്‌ സെഞ്ച്വറി
ഇന്ന്‌ ആവേശദിനം
പെര്‍ത്ത്‌: 90 ഓവറുകളും ഏഴ്‌ വിക്കറ്റും ബാക്കി-ഇന്ന്‌ വാക്കയില്‍ ദക്ഷിണാഫ്രിക്കക്ക്‌ ജയിക്കാന്‍ 187 റണ്‍സ്‌....
ലോക ക്രിക്കറ്റിലെ രണ്ട്‌ കരുത്തര്‍ തമ്മിലുളള ആദ്യ ടെസ്‌റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌ നീങ്ങുന്നു. വിജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 414 റണ്‍സ്‌ ആവശ്യമായ സന്ദര്‍ശകര്‍ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ക്യാപ്‌റ്റന്‍ ഗ്രയീം സ്‌മിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ മൂന്ന്‌ വിക്കറ്റിന്‌ 227 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ജാക്‌ കാലിസ്‌ ഉള്‍പ്പെടെ പ്രമുഖര്‍ കളിക്കാനിരിക്കെ ദക്ഷിണാഫ്രിക്കക്ക്‌ വ്യക്തമായ വിജയ സാധ്യതകളുണ്ട്‌. 13 ബൗണ്ടറികളുമായി 103 റണ്‍സ്‌ നേടിയ സ്‌മിത്ത്‌ ഇന്നലെ അവസാന സെഷനില്‍ പുറത്തായത്‌ മാത്രമാണ്‌ ദക്ഷിണാഫ്രിക്കക്ക്‌ തിരിച്ചടിയായത്‌. നേരത്തെ ഓസീസ്‌ രണ്ടാം ഇന്നിംഗ്‌സ്‌ 319 റണ്‍സില്‍ അവസാനിച്ചിരുന്നു. 94 റണ്‍സ്‌ നേടിയ വിക്കറ്റ്‌ കീപ്പര്‍ ബ്രാഡ്‌ ഹാദ്ദിന്‍ ടോപ്‌ സ്‌്‌ക്കോററായി. മുന്‍നിരയുടെയും മധ്യനിരയുടെയും തകര്‍ച്ചയില്‍ തളര്‍ന്ന ഓസീസിന്‌ വാലറ്റത്ത്‌ ഹാദ്ദിനും ക്രെസ്‌ജയുമാണ്‌ തുണയായത്‌. ഏഴ്‌ വിക്കറ്റിന്‌ 228 റണ്‍സ്‌ എന്ന നിലയില്‍ ടീം തളുമ്പോള്‍ ഒത്തുചേര്‍ന്ന ഇരുവരും 91 റണ്‍സാണ്‌ എട്ടാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്‌.
414 റണ്‍സെന്ന എന്ന ലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകര്‍ച്ചയിലായിരുന്നു. സ്‌ക്കോര്‍ ബോര്‍ഡില്‍ 19 റണ്‍സുളളപ്പോള്‍ നീല്‍ മക്കന്‍സി പുറത്തായി. പക്ഷേ ഹാംഷിം അംലക്കൊപ്പം സ്‌മിത്ത്‌ പ്രതിരോധ ക്രിക്കറ്റിന്റെ ശക്തമായ ആയുധമെടുത്തു. 112 പന്തില്‍ നിന്ന്‌ 53 റണ്‍സുമായി അംല പുറത്താവുമ്പോള്‍ സ്‌്‌ക്കോര്‍ 172 ല്‍ എത്തിയിരുന്നു. ദിവസത്തിന്റെ അവസാനത്തില്‍ സ്‌മിത്തിനെ നഷ്ടമായതാണ്‌ സന്ദര്‍ശകര്‍ക്ക്‌ വലിയ തിരിച്ചടിയായത്‌. ആദ്യ ഇന്നിംഗ്‌സിസില്‍ എട്ട്‌ വിക്കറ്റ്‌ നേടിയ മിച്ചല്‍ ജോണ്‍സണാണ്‌ ഇന്നലെ രണ്ട്‌ വിക്കറ്റ്‌ നേടിയത്‌. ക്രിസില്‍ 33 റണ്‍സുമായി കാലിസും 11 റണ്‍സുമായി ഡി വില്ലിയേഴ്‌സുമാണുളളത്‌. ഡുമിനി, വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍, മോണ്ടി മോര്‍ക്കല്‍ എന്നിവര്‍ വരാനുണ്ട്‌.

കിവീസ്‌ പൊരുതുന്നു
നേപ്പിയര്‍: വിന്‍ഡീസിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ബാറ്റ്‌സ്‌മാന്മാരുടെ കരുത്തില്‍ ന്യൂസിലാന്‍ഡ്‌്‌ പൊരുതുന്നു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ സന്ദര്‍ശകരുടെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌്‌ക്കോറായ 307 റണ്‍സിന്‌ മറുപടിയായി ആതിഥേയര്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 145 റണ്‍സ്‌ നേടിയിട്ടുണ്ട്‌. ശിവനാരായണ്‍ ചന്ദര്‍പോള്‍ പുറത്താവാതെ നേടിയ 126 റണ്‍സാണ്‌ വിന്‍ഡീസിനു കരുത്തായത്‌. 75 റണ്‍സിന്‌ ആറ്‌ വിക്കറ്റ്‌ നേടിയ ഇയാന്‍ ഒബ്രൈനാണ്‌ കിവി ബൗളിംഗ്‌ നിരയില്‍ അന്തകനായത്‌.

No comments: