Monday, December 22, 2008

DRAW LOOMS

സമനിലയിലേക്ക്‌
മൊഹാലി: രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ നാല്‌ മുന്‍നിര വിക്കറ്റുകള്‍ എളുപ്പം കരസ്ഥമാക്കിയിട്ടും മൊഹാലി ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‌ പ്രതീക്ഷയില്ല. വലിയ അല്‍ഭുതങ്ങള്‍ സംഭവിക്കാത്തപക്ഷം രണ്ടാം ടെസ്‌റ്റ്‌ സമനിലയില്‍ അവസാനിക്കും. ഒന്നാം ഇന്നിംഗ്‌സില്‍ ലീഡ്‌ സ്വന്തമാക്കിയ ഇന്ത്യ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ നാല്‌ വിക്കറ്റിന്‌ 134 റണ്‍സ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌. മൊത്തം 285 റണ്‍സിന്റെ ലീഡാണ്‌ ഇപ്പോള്‍ ടീമിനുള്ളത്‌. ഓപ്പണര്‍ ഗൗതം ഗാംഭീര്‍ (44), യുവരാജ്‌ സിംഗ്‌ (39) എന്നിവരാണ്‌ ക്രീസില്‍.
രാവിലെ ഇംഗ്ലീഷ്‌്‌ ഒന്നാം ഇന്നിംഗ്‌സ്‌ ഹര്‍ഭജന്‍സിംഗ്‌ 302 ല്‍ അവസാനിച്ചപ്പോള്‍ തന്നെ മല്‍സരത്തിന്റെ ഗതി വ്യക്തമായിരുന്നു. പക്ഷേ ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ അച്ചടക്കത്തോടെയുളള ബൗളിംഗില്‍ നാല്‌ വിക്കറ്റുകള്‍ കരസ്ഥമാക്കി അട്ടിമറി വിജയത്തിലേക്ക്‌ നോട്ടമിട്ട സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ യുവരാജിന്റെ മിന്നല്‍ ഇന്നിംഗ്‌സ്‌ വിലങ്ങുതടിയായി. നാല്‌ വിക്കറ്റിന്‌ 80 റണ്‍സ്‌ എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഗാംഭീറും യുവരാജും ടീമിനെ 134 ല്‍ എത്തിച്ചിട്ടുണ്ട്‌.
തുടര്‍ച്ചയായ നാലാം ദിവസവും മൂടല്‍മഞ്ഞ്‌ കാരണം മല്‍സരം വളരെ വൈകിയാണ്‌ ആരംഭിച്ചത്‌. രണ്ട്‌ മണിക്കര്‍ കഴിഞ്ഞാണ്‌ ബാറ്റ്‌സ്‌മാന്മാര്‍ ക്രീസിലെത്തിയത്‌. മൂന്നാം ദിവസം അവസാന സെഷനില്‍ ക്യാപ്‌റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്റെയും ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫിന്റെയും വിക്കറ്റ്‌ നഷ്ടമായതിനാല്‍ പ്രതിരോധാത്മകമായാണ്‌ ഇംഗ്ലണ്ട്‌ തുടങ്ങിയത്‌. പക്ഷേ നൈറ്റ്‌ വാച്ച്‌മാന്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണും വിക്കറ്റ്‌ കീപ്പര്‍ മാറ്റ്‌ പ്രയറിനും അതിജീവനം സാഹസികമായിരുന്നു. മൂന്നാം ഓവറില്‍ തന്നെ ഹര്‍ഭജന്റെ പന്തില്‍ പ്രയര്‍ പുറത്തായി. ക്രിസ്‌ ബ്രോഡിനെ അക്കൗണ്ട്‌ തുറക്കുന്നതിന്‌ മുമ്പ്‌ ബാജി തിരിച്ചയച്ചു. ഗ്രയീം സ്വാനിനെ തകര്‍പ്പന്‍ ഇന്‍സ്വിംഗറില്‍ സഹീര്‍ഖാന്‍ പുറത്താക്കിയപ്പോള്‍ മോണ്ടി പനേസറിനെ തിരിച്ചയച്ച്‌ ഹര്‍ഭജന്‍ ചടങ്ങി പൂര്‍ത്തിയാക്കി.
ലഞ്ചിന്‌ തൊട്ട്‌ മുമ്പായിരുന്നു ഇന്നിംഗ്‌സിന്‌ അന്ത്യമായത്‌. ഉച്ചഭക്ഷണത്തിന്‌ പിരിയും മുമ്പ്‌ വീരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും രണ്ട്‌ ഓവറുകള്‍ നേരിട്ടു. സേവാഗിന്റെ ഇന്നിംഗ്‌സിലായിരുന്നു എല്ലാ കണ്ണുകളും. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ച സേവാഗിന്‌ പക്ഷേ ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. പെട്ടെന്ന്‌ റണ്‍സ്‌ നേടാനുളള ശ്രമത്തില്‍ സേവാഗിന്‌ പിഴക്കുകയായിരുന്നു. ബ്രോഡിന്റെ പന്തില്‍ സിംഗിളിനായി ശ്രമിക്കവെ ബൗളറുടെ കൈകളില്‍ തട്ടിയെത്തിയ പന്ത്‌ ഷോര്‍ട്ട്‌ എക്‌സ്‌ട്രാ കവറില്‍ നിന്നും ഇയാന്‍ ബെല്‍ സ്റ്റംമ്പിലേക്ക്‌ എറിയുകയായിരുന്നു. സേവാഗിന്‌ പകരമെത്തിയ രാഹുല്‍ ദ്രാവിഡിന്‌ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയിട്ടും വേഗതയില്‍ സാഹചര്യങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞില്ല. 18 പന്തുകള്‍ തട്ടിമുട്ടി നേരിട്ട ദ്രാവിഡിന്‌ പത്തൊമ്പതാം പന്തില്‍ പവിലിയനിലേക്ക്‌ തിരിച്ചുനടക്കാനുളള പാസ്‌ കിട്ടി. ക്രിസ്‌ ബ്രോഡിന്റെ താഴ്‌ന്ന വന്ന പന്തില്‍ മുന്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രീസിലെത്തിയപ്പോള്‍ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കാനായിരുന്നു പീറ്റേഴ്‌സന്റെ തീരുമാനം. ബ്രോഡിന്റെ മനോഹരമയ ഒരു പന്തിനെ അതേ മനോഹാരിതയില്‍ അതിര്‍ത്തി കടത്തിയ സച്ചിന്‌ പക്ഷേ ദീര്‍ഘസമയം പിടിച്ചുനില്‍ക്കാനായില്ല. 22 പന്തില്‍ 5 റണ്‍ നേടിയ സച്ചിനെ ആന്‍ഡേഴ്‌സന്റെ പന്തില്‍ ഗള്ളിയില്‍ സ്വാന്‍ പിടികൂടി. ഇംഗ്ലണ്ട്‌ കത്തി നിന്ന സമയമായിരുന്നു ഇത്‌. മൂന്ന്‌ മുന്‍നിരക്കാരെ പുറത്താക്കിയ ആഹ്ലാദത്തില്‍ പീറ്റേഴ്‌സണ്‍ ആവേശത്തോടെ ഫീല്‍ഡര്‍മാരെയെല്ലാം ചുറ്റും നിരത്തി. 23 ഓവറില്‍ കേവലം 47 റണ്‍സിനായിരുന്നു ഈ മൂന്ന്‌ വിക്കറ്റുകള്‍. ചായക്ക്‌ പിരിയുമ്പോള്‍ കൂടുതല്‍ നഷ്ടമില്ലാതെ ഇന്ത്യ 56 ലായിരുന്നു.
ഒന്നാം ഇന്നിംഗ്‌സില്‍ പൂജ്യത്തിന്‌ പുറത്തായ ലക്ഷ്‌മണ്‍ വന്ന വേഗതയില്‍ തന്നെ റണ്ണൗട്ടായി.
ലക്ഷമണിന്‌്‌ പകരം വന്നത്‌ ഇംഗ്ലണ്ടുകാരുടെ ദു:ശകുനമായ യുവരാജായിരുന്നു. കാത്തുനില്‍ക്കാന്‍ പഞ്ചാബുകാരന്‌ സമയമില്ലായിരുന്നു. പനേസറിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട്‌ വട്ടം പന്തിനെ അതിര്‍ത്തി കടത്തിയ യുവി ദിവസത്തെ അവസാന ഓവറില്‍ ഒരു സിക്‌സറും സ്വന്തമാക്കി.
സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌ 453. ഇംഗ്ലണ്ട്‌-ഒന്നാം ഇന്നിംഗ്‌സ്‌: സ്‌ട്രോസ്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-0, കുക്ക്‌-എല്‍.ബി.ഡബ്ല്യൂ-ബി-സഹീര്‍-50, ബെല്‍-ബി-ഇഷാന്ത്‌-1, പീറ്റേഴ്‌സണ്‍ -എല്‍.ബി,.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍-144, കോളിംഗ്‌വുഡ്‌-സി-ധോണി-ബി-മിശ്ര-11, ഫ്‌ളിന്റോഫ്‌-സി-ഗാംഭീര്‍-ബി-മിശ്ര-62, ആന്‍ഡേഴ്‌സണ്‍ -നോട്ടൗട്ട്‌-8, പ്രയര്‍-സി-ധോണി-ബി-ഹര്‍ഭജന്‍-2, ബ്രോഡ്‌-ബി-ഹര്‍ഭജന്‍-1,സ്വാന്‍-ബി-സഹീര്‍-3, പനേസര്‍-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-5, എക്‌സ്‌ട്രാസ്‌ 15, ആകെ 83.5 ഓവറില്‍ 302.
വിക്കറ്റ്‌ പതനം: 1-0 (സ്‌ട്രോസ്‌), 2-1 (ബെല്‍), 3-104 (കുക്ക്‌), 4-131 (കോളിംഗ്‌വുഡ്‌), 5-280 (പീറ്റേഴ്‌സണ്‍), 6-282 (ഫ്‌ളിന്റോഫ്‌), 7-285 (പ്രയര്‍), 8-290 (ബ്രോഡ്‌), 9-293 (സ്വാന്‍), 10-302 (പനേസര്‍).
ബൗളിംഗ്‌: സഹീര്‍ 21-3-76-3, ഇഷാന്ത്‌ 12-0-55-1, യുവരാജ്‌ 6-1-20-0, ഹര്‍ഭജന്‍ 205-2-68-4, മിശ്ര 24-0-75-2.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-നോട്ടൗട്ട്‌-44, സേവാഗ്‌-റണ്ണൗട്ട്‌-17, ദ്രാവിഡ്‌ -ബി-ബ്രോഡ്‌-0, സച്ചിന്‍-സി-സ്വാന്‍-ബി-ആന്‍ഡേഴ്‌സണ്‍-5, ലക്ഷ്‌മണ്‍ -റണ്ണൗട്ട്‌-15, യുവരാജ്‌-നോട്ടൗട്ട്‌-39, എക്‌സ്‌ട്രാസ്‌-14, ആകെ 50 ഓവറില്‍ 134.
വിക്കറ്റ്‌ പതനം: 1-30 (സേവാഗ്‌), 2-36 (ദ്രാവിഡ്‌), 3-44 (സച്ചിന്‍), 4-80 (ലക്ഷ്‌മണ്‍). ബൗളിംഗ്‌: ആന്‍ഡേഴ്‌സണ്‍ 15-8-32-1, ബ്രോഡ്‌ 11-2-22-1, ഫ്‌ളിന്റോഫ്‌ 9-1-16-0, സ്വാന്‍ 8-2-20-0, പനേസര്‍ 7-0-37-0

തേര്‍ഡ്‌ ഐ
മൊഹാലിയിലെ മൂന്നാം ദിവസത്തെ അവസാന സെഷനെ ഓര്‍ത്തത്‌ തീര്‍ച്ചയായും ഇംഗ്ലീഷ്‌ ടീം മാനേജ്‌മെന്റ്‌്‌ ദു:ഖിക്കുന്നുണ്ടാവും. സെഞ്ച്വറി സ്വന്തമാക്കിയ കെവിന്‍ പീറ്റേഴ്‌സണും, അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കിയ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫും പുറത്തായത്‌ മൂന്നാം ദിനത്തിന്റെ അവസാനത്തിലായിരുന്നു. ഈ നിര്‍ണ്ണായക വിക്കറ്റുകള്‍ വീണതോടെ മല്‍സരത്തില്‍ സന്ദര്‍ശകരുടെ സാധ്യതകളും അവസാനിച്ചിരുന്നു. ഇന്നലെ വാലറ്റക്കാര്‍ പെട്ടെന്ന്‌ പുറത്തായി. 151 റണ്‍സിന്റെ ലീഡാണ്‌ ഇന്ത്യക്ക്‌ ലഭിച്ചത്‌. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ നാല്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ വീഴ്‌്‌ത്തിയ സന്ദര്‍ഭത്തില്‍ പീറ്റേഴ്‌സണ്‍ തീര്‍ച്ചയായും മൂന്നാം ദിവസത്തെ ഓര്‍ത്തിരിക്കും. ഒന്നാം ഇന്നിംഗ്‌സില്‍ ചെറിയ ലീഡെങ്കിലും ഇംഗ്ലണ്ടിന്‌ നേടാനായിരുന്നെങ്കില്‍ മല്‍സരത്തില്‍ അവര്‍ക്ക്‌ പിടിമുറുക്കാമായിരുന്നു.
ഇപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യന്‍ നിയന്ത്രണത്തില്‍ തന്നെയാണ്‌. ഇവിടെ ഇന്ത്യക്ക്‌ വിജയം ആവശ്യമില്ല. ചെന്നൈയിലെ വിജയത്തോടെ പരമ്പരയില്‍ ആതിഥേയര്‍ ലീഡിലാണ്‌. ഇവിടെ സമനില നേടിയാല്‍ പരമ്പര സ്വന്തമാക്കാം. ഇന്ന്‌ സമനില ലക്ഷ്യമാക്കിയായിരിക്കും ധോണി കരുനീക്കം നടത്തുക. 285 റണ്‍സിന്റെ ലീഡ്‌ ഇപ്പോള്‍ ഇന്ത്യക്കുണ്ട്‌. ഗാംഭീര്‍, യുവരാജ്‌ എന്നിവര്‍ ക്രീസിലും ധോണിയും ഹര്‍ഭജനുമെല്ലാം ബാറ്റ്‌ ചെയ്യാനായിരിക്കുന്നു. ഇന്ത്യന്‍ രണ്ടാം ഇന്നിംഗ്‌സ്‌ ഇന്ന്‌ പെട്ടെന്ന്‌ അവസാനിപ്പിക്കാന്‍ കഴിഞ്ഞാലും വിജയം ലക്ഷ്യമാക്കി അവസാന ദിവസത്തില്‍ കളിക്കാന്‍ ഇംഗ്ലണ്ടിനാവില്ല. മൂടല്‍മഞ്ഞ്‌ കാരണം മല്‍സരം മണിക്കൂറുകള്‍ വൈകിയാണ്‌ ആരംഭിക്കുന്നത്‌. 90 ഓവറുകള്‍ ഇത്‌ വരെ കളി സാധ്യമായിട്ടില്ല. സേവാഗിന്റെ സാന്നിദ്ധ്യം മൈതാനത്ത്‌ അല്‍പ്പസമയമുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക്‌ വിജയിക്കാന്‍ കളിക്കാമായിരുന്നു. ചെന്നൈയില്‍ സേവാഗ്‌ രണ്ടാം ഇന്നിംഗ്‌സില്‍ പ്രകടിപ്പിച്ച ആ ധൈര്യത്തിലാണ്‌ ഇന്ത്യ വിജയിച്ചത്‌. സേവാഗ്‌ ഇന്നലെ റണ്ണൗട്ടിലൂടെ നാടകീയമായാണ്‌ പുറത്തായത്‌. എന്തിനാണ്‌ അദ്ദേഹം സാഹസികമായ റണ്ണിന്‌ ശ്രമിച്ചത്‌ എന്നത്‌ മനസ്സിലാവുന്നില്ല. പന്ത്‌ പതുക്കെ മുന്നോട്ട്‌ തട്ടിയിട്ടുളള ഓട്ടത്തിന്റെ ആവശ്യകത ആ ഘട്ടത്തിലുണ്ടായിരുന്നില്ല. സേവാഗിന്റെ പതനം ചെലുത്തിയ സമ്മര്‍ദ്ദത്തില്‍ ദ്രാവിഡും സച്ചിനും ലക്ഷ്‌മണും പെട്ടെന്ന്‌ പുറത്തായി.
യുവരാജിന്റെ സമീപനം അവസരോചിതമായിരുന്നു. നാല്‌ വിക്കറ്റുകള്‍ നഷ്ടമായ സാഹചര്യത്തില്‍ സമ്മര്‍ദ്ദത്തില്‍ യുവരാജ്‌ പ്രതിരോധ മാര്‍ഗ്ഗം സ്വീകരിച്ചിരുന്നെങ്കില്‍ അപകടമാവുമായിരുന്നു. യുവി സ്വതസിദ്ധമായ ശൈലിയില്‍ പന്തിനെ ആക്രമിച്ചതാണ്‌ ഗാംഭീറിനും ആശ്വാസമേകിയത്‌. ഒന്നാം ഇന്നിംഗ്‌സില്‍ ദ്രാവിഡ്‌-ഗാംഭീര്‍ സഖ്യം നല്‍കിയ ഗംഭീര തുടക്കം ഉപയോഗപ്പെടുത്താന്‍ യുവരാജിനെ പോലുളളവര്‍ക്ക്‌ കഴിയാതിരുന്നതാണ്‌ ഇന്ത്യന്‍ സ്‌്‌ക്കോറിനെ ബാധിച്ചിരുന്നത്‌.
നായകന്‍ എന്ന നിലയില്‍ പീറ്റേഴ്‌സണ്‍ പരമ്പരയില്‍ ഇതാദ്യമായി ധോണിയെക്കാള്‍ മുന്നിലെത്തി. മല്‍സരത്തില്‍ തന്റെ ടീമിന്‌ എന്തെങ്കിലും സാധ്യത വേണമെങ്കില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ്‌ ചുരുക്കണമെന്ന ലക്ഷ്യത്തില്‍ സമ്മര്‍ദ്ദത്തിന്റെ ക്ലോസ്‌ ഫീല്‍ഡിംഗാണ്‌ ഇംഗ്ലീഷ്‌ നായകന്‍ ഒരുക്കിയത്‌. ഈ കെണിയിലാണ്‌ നാല്‌ ഇന്ത്യക്കാരും വീണതും. ഇതേ തന്ത്രം അദ്ദേഹം മല്‍സരത്തിന്റെ ആദ്യദിവസം സേവാഗ്‌ പുറത്തായി, ദ്രാവിഡ്‌ വന്ന ഘട്ടത്തില്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ നേട്ടമുണ്ടാവുമായിരുന്നു.
ഇന്ന്‌ മല്‍സരത്തിന്റെ അവസാന ദിവസമാണ്‌. 90 ഓവറുകള്‍ സാധ്യമായാല്‍ തന്നെയും ഒന്നും നടക്കാന്‍ പോവുന്നില്ല. ആദ്യ ടെസ്‌റ്റിലെ തകര്‍പ്പന്‍ വിജയത്തില്‍ ഇന്ത്യക്ക്‌ പരമ്പര ഉറപ്പാണ്‌.

ഗെയില്‍ ദി മാന്‍
നേപ്പിയര്‍:ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ പുറത്താവാതെ നേടിയ സെഞ്ച്വറിയില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റില്‍ വിന്‍ഡീസ്‌ പിടിമുറുക്കി. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ്‌ ഏഴ്‌ വിക്കറ്റിന്‌ 278 റണ്‍സ്‌ സ്വന്തമാക്കിയിട്ടുണ്ട്‌. ആതിഥേയര്‍ക്കെതിരെ 214 റണ്‍സിന്റെ വ്യക്തമായ ലീഡാണിപ്പോള്‍ സന്ദര്‍ശകര്‍ക്ക്‌. ആദ്യ ഇന്നിംഗ്‌സില്‍ വിന്‍ഡീസ്‌ 307 റണ്‍സ്‌ നേടിയപ്പോള്‍ കിവീസ്‌ 371 റണ്‍സിന്‌ പുറത്തായിരുന്നു. 2005 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 317 റണ്‍സിന്‌ ശേഷം ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഗെയിലിന്റെ ആദ്യ സെഞ്ച്വറിയാണിത്‌. 13 ബൗണ്ടറികളും ആറ്‌ സിക്‌സറുകളുമായി 146 റണ്‍സ്‌ നേടി നായകന്‍ ക്രീസിലുണ്ട്‌. നാല്‌ വിക്കറ്റിന്‌ 106 റണ്‍സ്‌ എന്ന നിലയില്‍ ടീം തളരുമ്പോള്‍ ഗെയിലിന്‌ മികച്ച പിന്തുണ നല്‍കിയത്‌ മധ്യനിരക്കാരന്‍ ബ്രെന്‍ഡന്‍ നാഷാണ്‌. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ ചന്ദര്‍പോള്‍ ജിതന്‍ പട്ടേലിന്റെ പന്തില്‍ പൂജ്യനായിരുന്നു.

ഓസീസ്‌ ടീമില്‍ മാറ്റം
പെര്‍ത്ത്‌: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ തകര്‍ന്നു തരിപ്പണമായ ഓസ്‌ട്രേലിയ രണ്ടാം ടെസ്‌റ്റിനുളള ടീമില്‍ മാറ്റം വരുത്തി. സ്‌പിന്നര്‍ ജാസോണ്‍ ക്രെസ്‌ജയാണ്‌ പെര്‍ത്തിലെ തോല്‍വിയില്‍ ബലിയാടായത്‌. ആദ്യ ഇന്നിംഗ്‌സില്‍ 102 റണ്‍സ്‌ വഴങ്ങി ഒരു വിക്കറ്റ്‌ മാത്രം നേടിയ ക്രെസ്‌ജ രണ്ടാം ഇന്നിംഗ്‌സിലും 102 റണ്‍സ്‌ വഴങ്ങി. ഒരു വിക്കറ്റും ലഭിച്ചതുമില്ല. ഓഫ്‌ സ്‌പിന്നര്‍ നതാന്‍ ഹൗറിറ്റ്‌സ്‌, സീമര്‍ ബെന്‍ ഹില്‍ഫന്‍ഹസ്‌ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികവ്‌ കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ക്രെസ്‌ജയെ ടീമിലെടുത്തത്‌. പെര്‍ത്ത്‌ തോല്‍വിയെ തുടര്‍ന്ന്‌ മാത്യൂ ഹെയ്‌ഡന്‍, ബ്രെട്ട്‌ ലീ എന്നിവരെല്ലാം സമ്മര്‍ദ്ദത്തിലാണ്‌. ഹെയഡന്‍ സമീപകാലത്തായി വന്‍ പരാജയമാണ്‌.

ലോകപ്പട്ടം തെറിക്കുമോ
പെര്‍ത്ത്‌: നാണക്കേടിന്റെ നടുകയത്തിന്‌ മുന്നിലാണ്‌ ഓസ്‌ട്രേലിയ.... ലോക ക്രിക്കറ്റിലെ മുടിചൂടാമന്നന്മാരായി വാണ റിക്കി പോണ്ടിംഗും സംഘവും ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരുടെ സ്ഥാനത്ത്‌ നിന്നും തെറിക്കാന്‍ പോവുകയാണ്‌. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ദയനീയ തോല്‍വി രുചിച്ചതോടെ സമ്മര്‍ദ്ദത്തിന്റെ മുള്‍മുനയിലാണ്‌ ഓസീ സംഘം. പരമ്പരയില്‍ ഇനി രണ്ട്‌ ടെസ്‌റ്റുകള്‍ അവശേഷിക്കുന്നുണ്ട്‌. ഈ രണ്ട്‌ മല്‍സരത്തിലും ദക്ഷിണാഫ്രിക്കയാണ്‌ ജയിക്കുന്നതെങ്കില്‍ റാങ്കിംഗിലെ ഒന്നാമന്മാര്‍ ഇനി ഗ്രയീം സ്‌മിത്തിന്റെ സംഘമായിരിക്കും.
സ്വന്തം മണ്ണില്‍ ഇത്ര ദയനീയ തോല്‍വി ഓസ്‌ട്രേലിയക്ക്‌ ഇതാദ്യമാണ്‌. നാലാം ഇന്നിംഗ്‌സില്‍ 414 റണ്‍സാണ്‌ ദക്ഷിണാഫ്രിക്ക ചേസ്‌ ചെയ്‌ത്‌ നേടിയത്‌. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തില്‍ തന്നെ ഇതിലുമധികം റണ്‍സ്‌ ചേസ്‌ ചെയ്‌ത്‌ നേടിയത്‌ ഒരു തവണ മാത്രമാണ്‌. ഗ്രയീം സ്‌മിത്ത്‌, മാന്‍ ഓഫ്‌ ദ മാച്ച്‌ എബി ഡിവില്ലിയേഴ്‌സ്‌്‌എന്നിവരുടെ സെഞ്ച്വറികളാണ്‌ സന്ദര്‍ശകര്‍ക്ക്‌ തുണയായത്‌.
ഇന്ത്യക്കെതിരായ പരമ്പരയിലെ നാണക്കേട്‌ മറക്കാന്‍ ഓസ്‌ട്രേലിയക്ക്‌ ദുര്‍ബരായ ന്യൂസിലാന്‍ഡിനെ ലഭിച്ചിരുന്നു. ഡാനിയല്‍ വെട്ടോരി നയിച്ച കിവി സംഘത്തില്‍ പ്രമുഖരാരും ഉണ്ടായിരുന്നില്ല. വളരെ അനായാസം ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയെ പോലെ കരുത്തരായ ദക്ഷിണാഫ്രിക്ക വന്നപ്പോള്‍ പോണ്ടിംഗും സംഘത്തിനും വിറച്ചു. ബാറ്റിംഗിനെയാണ്‌ പോണ്ടിംഗ്‌ പഴിക്കുന്നത്‌. പെര്‍ത്തിലെ ബാറ്റിംഗ്‌ പിച്ചില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട്‌ സ്‌ക്കോര്‍ സ്വന്തമാക്കാന്‍ തന്റെ ടീമിന്‌ കഴിഞ്ഞില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.
1992 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ മടങ്ങിയെത്തിയതിന്‌ ശേഷം ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക അവരുടെ നാട്ടില്‍ നേടുന്ന ആദ്യ ടെസ്റ്റ്‌്‌ വിജയം കൂടിയാണിത്‌. മാത്യൂ ഹെയ്‌ഡന്‍ റണ്‍സ്‌ നേടാന്‍ പ്രയാസപ്പെടുന്നതാണ്‌ ഓസ്‌ട്രേലിയക്ക്‌ കനത്ത പ്രഹരമാവുന്നത്‌. ഇന്ത്യക്കെതിരായ പരമ്പരയില്‍ റണ്‍സിനായി പാടുപ്പെട്ട ഹെയ്‌ഡന്‌ ഇവിടെയും പിഴക്കുകയാണ്‌. ടീമിന്‌ നല്ല തുടക്കം നല്‍കാന്‍ അദ്ദേഹത്തിന്‌ കഴിയുന്നില്ല. ഹെയ്‌ഡന്‍-ജസ്റ്റിന്‍ ലാംഗര്‍ സഖ്യം സ്വന്തമാക്കാറുളള വന്‍ സ്‌ക്കോറുകളിലായിരുന്നു ഇത്‌ വരെ ടീം മുന്നേറിയത്‌. ലാംഗര്‍ വിരമിച്ച ശേഷം സൈമണ്‍ കാറ്റിച്ചാണ്‌ ഹെയ്‌ഡന്റെ കൂട്ട്‌. കാറ്റിച്ച്‌ ശരാശരി നിലവാരം പുലര്‍ത്തുമ്പോള്‍ ഹെയ്‌ഡന്‍ പരാജയമാവുന്നു. പുതിയ പന്തെടുക്കുന്ന ബ്രെട്ട്‌ ലീക്കും നിര്‍ണ്ണായക ഘട്ടങ്ങളില്‍ ടീമിനെ തുണക്കാന്‍ കഴിയുന്നില്ല.
ദക്ഷിണാഫ്രിക്കയാവട്ടെ ബാറ്റിംഗ്‌ കരുത്താണ്‌ പ്രകടിപ്പിക്കുന്നത്‌. സ്‌മിത്തും ഡി വില്ലിയേഴ്‌സും ഹാഷിം അ ംലയുമെല്ലാം ഫോമിലാണ്‌. ബൗളര്‍മരായ എന്‍ടിനിയും സ്‌റ്റെനും ടീമിന്‌ നല്ല തുടക്കവും നല്‍കുന്നു.

No comments: