Monday, December 1, 2008

ENGLAND IS COMING

മൊഹാലിയും ചെന്നൈയും ടെസ്‌റ്റ്‌ വേദികള്‍
മുംബൈ: ഇന്ത്യക്കെതിരായ ടെസ്‌റ്റ്‌ പരമ്പരയില്‍ പങ്കെടുക്കാന്‍ ഇംഗ്ലണ്ട്‌ ഉപാധികള്‍ വെക്കുന്നു. മുംബൈ സ്‌ഫോടനങ്ങളെ തുടര്‍ന്ന്‌ ഏകദിന പരമ്പര പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക്‌ മടങ്ങിയ ഇംഗ്ലണ്ട്‌്‌ രണ്ട്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരയില്‍ പങ്കെടുക്കാന്‍ അടുത്തയാഴ്‌ച്ച ഇവിടെയെത്തുമോയെന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കെ ടെസ്‌റ്റ്‌ വേദികളുടെ കാര്യത്തില്‍ പുനരാലോചന നടത്താന്‍ അവര്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനോട്‌ ആവശ്യപ്പെട്ടിരിക്കയാണ്‌. അഹമ്മദാബാദിലെ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ നിശ്ചയിച്ചിരിക്കുന്ന ടെസ്റ്റ്‌ പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിേയഷന്റെ മൊഹാലി മൈതാനത്ത്‌ നടത്തണമെന്ന ഉപാധിയാണ്‌ ഇംഗ്ലണ്ട്‌ മുന്‍വെച്ചിരിക്കുന്നത്‌. മുംബൈയില്‍ ഉദ്ദേശിച്ചിരുന്ന ടെസ്റ്റ്‌ ചെന്നൈയിലും നടത്തണം. വേദികളുടെ കാര്യത്തില്‍ ഇത്‌ വരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വെളിപ്പെടുത്തുന്നത്‌. പക്ഷേ സ്‌ഫോടനങ്ങളില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന മുംബൈയില്‍ തീര്‍ച്ചയായും മല്‍സരം നടക്കില്ല. മുംബൈക്ക്‌ പകരമാണ്‌ ചെന്നൈ വേദിയായി നിശ്ചയിച്ചിരിക്കുന്നത്‌. അഹമ്മദാബാദില്‍ ആദ്യ ടെസ്റ്റ്‌ നടത്താമെന്ന കാര്യത്തില്‍ ബി.സി.സി.ഐ.ക്ക്‌ സംശയങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ നേരത്തെ തീവ്രവാദി ആക്രമണമുണ്ടായ സ്ഥലമായതിനാല്‍ അഹമ്മദാബാദില്‍ കളിക്കുന്നതിനോട്‌ ഇന്നലെയാണ്‌ ഇംഗ്ലണ്ട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌. അഹമ്മദാബാദിന്‌ പകരം മൊഹാലിയിലോ കൊല്‍ക്കത്തയിലോ കളിക്കാനാണ്‌ ഇംഗ്ലണ്ടിന്‌ താല്‍പ്പര്യം. അഹമ്മദാബാദില്‍ നിന്നും രണ്ടാം ടെസ്‌റ്റ്‌ മൊഹാലിയിലേക്ക്‌ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി പഞ്ചാബ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സെക്രട്ടറിയും ബി.സി.സി.ഐ ട്രഷററുമായ എം.പി പാണ്ഡോവ്‌ വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും ഒന്നും അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നാണ്‌ അദ്ദേഹം വിശദീകരിച്ചത്‌. ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്റെ തട്ടകമായ കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സിന്റെ കാര്യത്തില്‍ ഇംഗ്ലണ്ടിന്‌ താല്‍പ്പര്യമുണ്ടെങ്കിലും ഇത്‌ സംബന്ധിച്ച്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ അധികാരികള്‍ ബന്ധപ്പെട്ടിട്ടില്ലെന്ന്‌ ബംഗാള്‍ ക്രിക്കറ്റ്‌ അസോസിയേഷന്‍ തലവന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ പറഞ്ഞു. ഡിസംബര്‍ 11 മുതല്‍ 15 വരെ അഹമ്മദാബാദിലാണ്‌ ആദ്യ ടെസ്റ്റ്‌ നിശ്ചയിച്ചിരുന്നത്‌. ഈ മല്‍സരത്തിന്‌ മുമ്പായി ബോര്‍ഡ്‌ പ്രസിഡണ്ട്‌സ്‌ ഇലവനുമായി ഇംഗ്ലണ്ട്‌ പരിശീലന മല്‍സരത്തിലും കളിക്കാന്‍ ഉദ്ദേശിച്ചിരുന്നു. രണ്ടാം ടെസ്റ്റ്‌ ഡിസംബര്‍ 19 മുതല്‍ 23 വരെയാണ്‌ ഉദ്ദേശിച്ചത്‌.
സാഹചര്യങ്ങള്‍ മാറിയതിനാല്‍ ഒന്നാം ടെസ്റ്റ്‌ മിക്കവാറും ചെന്നൈയില്‍ നടക്കാനാണ്‌ സാധ്യത. തമിഴ്‌നാടിന്റെ ആസ്ഥാന നഗരി താരതമ്യേന സുരക്ഷിതമാണെന്നാണ്‌ ഇംഗ്ലീഷ്‌ ബോര്‍ഡിന്റെ പക്ഷം. ഒന്നാം ടെസ്‌റ്റ്‌്‌ ചെപ്പോക്കിലാണ്‌ നടക്കുന്നതെങ്കില്‍ പരിശീലന മല്‍സരവും അവിടെ തന്നെയായിരിക്കും.

യൂണി.അത്‌ലറ്റിക്‌ മീറ്റ്‌ ഇന്ന്‌ മുതല്‍
മലപ്പുറം: കാലിക്കറ്റ്‌്‌ വാഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റിന്‌ ഇന്ന്‌ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ്‌ മൈതാനത്ത്‌ തുടക്കം. മൂന്ന്‌ ദിവസം ദീര്‍ഘിക്കുന്ന മീറ്റില്‍ മൂന്ന്‌ ഇന്റര്‍നാഷണല്‍ താരങ്ങള്‍ ഉള്‍പ്പെടെ അഞ്ച്‌ ജില്ലകളിലെ 125 ലധികം കോളജുകളില്‍ നിന്നായി 1500 ലധികം താരങ്ങള്‍ പങ്കെടുക്കമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ പ്രൊഫസര്‍.അന്‍വര്‍ ജഹാന്‍ സുബേരി വൈകീട്ട്‌ 3-30ന്‌ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിക്കു.ം ഒളിംപ്യന്മാരായ രാമചന്ദ്രന്‍, ലിജോ ഡേവിഡ്‌ തോട്ടാന്‍, പ്രീജാ ശ്രീധരന്‍ തുടങ്ങിയവരും സംബന്ധിക്കും. എട്ട്‌ വരിയോട്‌ കൂടിയ 400 മീറ്റര്‍ ട്രാക്കുള്ള ഇ.എം.ഇ.എ മൈതാനത്ത്‌ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രിന്‍സിപ്പാള്‍ ഡോ.കെ.അബ്ദുള്‍ ഹമീദ്‌, ഇ.എം.ഇ.എ ട്രെയിനിംഗ്‌ കോളജ്‌ പ്രിന്‍സിപ്പാള്‍ ഡോ.ടി.പി അഹമ്മദ്‌, യുനിവേഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ.കെ.പി മനോജ്‌, ഇ.എം.ഇ.എ കായിക വിഭാഗം തലവന്‍ ഡോ.വി.പി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ അറിയിച്ചു.

ഓസീസ്‌ ഈസ്‌ ബാക്‌
അഡലെയ്‌ഡ്‌: ഇന്ത്യക്കെതിരായ നാല്‌ ടെസ്‌റ്റുകളില്‍ കളിച്ചിട്ടും ബ്രെട്ട്‌ ലീക്ക്‌ ലഭിച്ചത്‌ രണ്ട്‌ വിക്കറ്റ്‌ മാത്രമായിരുന്നു. ഈ അതിവേഗക്കാരനെ എന്തിനാണ്‌ ടീമില്‍ നിലനിര്‍ത്തുന്നത്‌ എന്ന്‌ ചോദിച്ച്‌ ഓസീസ്‌ മാധ്യമങ്ങള്‍ രംഗത്തിറങ്ങിയപ്പോള്‍ അവരില്‍ നിന്നും ലീയെ രക്ഷിക്കാന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ പ്രയാസപ്പെട്ടിരുന്നു. പക്ഷേ ഇതാ പഴയ കരുത്തോടെ ലീ തിരിച്ചെത്തിയിരിക്കുന്നു. അഡലെയ്‌ഡ്‌ ഓവലില്‍ ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റില്‍ രണ്ട്‌ ഇന്നിംഗ്‌സിലുമായി ഒമ്പത്‌ വിക്കറ്റ്‌ സ്വന്തമാക്കി ലീ ടീമിനെ ഇന്നിംഗ്‌സ്‌ വിജയത്തിലേക്ക്‌ നയിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ 66 റണ്‍സ്‌ മാത്രം വഴങ്ങി നാല്‌ പേരെ പുറത്താക്കിയ ലീ രണ്ടാം ഇന്നിംഗ്‌സല്‍ 105 റണ്‍സ്‌ മാത്രം നല്‍കി അഞ്ച്‌ പേരെ പുറത്താക്കിയപ്പോള്‍ നാലാം ദിവസത്തില്‍ തന്നെ മല്‍സരം അവസാനിച്ചു. ആദ്യ ടെസ്‌റ്റിലും തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയ ലോക ചാമ്പ്യന്മാര്‍ക്ക്‌്‌ ഇന്ത്യക്കെതിരായ പരമ്പരയിലെ നാണക്കേടിന്‌ ഒരുവിധ പരിഹാരം കാണാനായിരിക്കയാണ്‌. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇനി ടീമിന്‌ പര്യടനമുണ്ട്‌.
ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത കിവീസ്‌ 270 റണ്‍സാണ്‌ സ്വായത്തമാക്കിയിരുന്നത്‌. മറുപടിയില്‍ ഓസ്‌ട്രേലിയ ബ്രാഡ്‌ ഹാദ്ദിന്റെയും മൈക്കല്‍ ക്ലാര്‍ക്കിന്റെയും സെഞ്ച്വറിയില്‍ 535 റണ്‍സ്‌ അടിച്ചെടുത്തു. വലിയ കട ബാധ്യതയില്‍ രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച സന്ദര്‍ശകര്‍ക്കായി 14 ബൗണ്ടറികളും രണ്ട്‌ സിക്‌സറുകളുമായി വിക്കറ്റ്‌ കീപ്പര്‍ ബ്രെന്‍ഡന്‍ മക്കുലം കളം നിറഞ്ഞെങ്കിലും പിന്തുണക്കാന്‍ ആരുമില്ലാതെ പോയി. 84 റണ്‍സ്‌ വിക്കറ്റ്‌്‌ കീപ്പര്‍ നേടിയപ്പോള്‍ ടീമിന്‌ ആകെ കരസ്ഥമാക്കാനായത്‌ 203 റണ്‍സാണ്‌. ഓസ്‌ട്രേലിയയെ രണ്ടാം തവണയും ബാറ്റ്‌ ചെയ്യിക്കാന്‍ അപ്പോഴും കിവീസിന്‌ 62 റണ്‍സ്‌ കൂടി വേണമായിരുന്നു.
തന്റെ കരുത്തില്‍ വിശ്വാസമുണ്ടായിരുന്നെന്നും ഇന്ത്യയില്‍ ചതിച്ചത്‌ വൈറസായിരുന്നെന്നും മല്‍സരത്തില്‍ മാന്‍ ഓഫ്‌ ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ലീ പറഞ്ഞു. ഓരോ മല്‍സരത്തിന്‌ ശേഷവും മെച്ചപ്പെട്ടുവരാന്‍ എനിക്ക്‌ കഴിയുന്നുണ്ട്‌. ഇനി ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനെയും നേരിടാനുണ്ട്‌്‌. ഈ പരമ്പരക്കായി താന്‍ റെഡിയാണെന്നും 32 കാരന്‍ വ്യക്തമാക്കി. വിക്കറ്റ്‌ പോവാതെ 35 റണ്‍സ്‌ എന്ന നിലയില്‍ ബാറ്റിംഗ്‌ ആരംഭിച്ച കിവീസിന്‌ ആദ്യ സെഷനില്‍ തന്നെ അഞ്ച്‌ വിക്കറ്റുകളാണ്‌ നഷ്ടമായത്‌. രണ്ടാം സെഷനില്‍ മൂന്ന്‌ വിക്കറ്റുകള്‍ കൂടി വീണപ്പോള്‍ ചിത്രം വ്യക്തമായി.

ചെല്‍സിക്ക്‌ ഷോക്ക്‌
ലണ്ടന്‍: യൂറോപ്യന്‍ ലീഗുകളില്‍ കരുത്തരായ ചെല്‍സിക്കും റയല്‍ മാഡ്രിഡിനും ആഘാതമേറ്റപ്പോള്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡും ബാര്‍സിലോണയും ബയേണ്‍ മ്യൂണിച്ചും കരുത്തുകാട്ടി.
പ്രീമിയര്‍ലീഗ്‌: റോബിന്‍ വാന്‍ പര്‍സി എന്ന യുവതാരത്തിന്റെ രണ്ട്‌ മിന്നല്‍ ഗോളുകളില്‍ ആഴ്‌സനല്‍ ചെല്‍സിയെ വീഴ്‌ത്തിയ കാഴ്‌ച്ച പ്രീമിയര്‍ ലീഗിലെ പ്രധാന വാര്‍ത്തയായി. തോല്‍വികളറിയാതെ മുന്നേറുകയായിരുന്ന ചെല്‍സിക്കും കോച്ച്‌ ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരിക്കും ഇരുട്ടടിയായി മാറിയ തോല്‍വിയുടെ നേട്ടം ആഘോഷമാക്കിയത്‌ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്‌. റോബിഞ്ഞോയുടെ നേതൃത്ത്വത്തില്‍ കളിച്ച മാഞ്ചസ്‌റ്റര്‍ സിറ്റിയെ വെയിന്‍ റൂണിയുടെ ഗോളില്‍ പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍ പോയന്റ്‌ ടേബിളില്‍ ചെല്‍സിയുമായുളള അകലം കുറച്ചു. 33 പോയന്റുകളുമായി ചെല്‍സിയും ലിവര്‍പൂളുമാണ്‌ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്‌. 28 പോയന്റുമായി മാഞ്ചസ്‌റ്റര്‍ രണ്ടാമതുണ്ട്‌.
സ്വന്തം മൈതാനമായ സ്‌റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ പരാജയമറിയാതെ മുന്നേറുകയായിരുന്ന ചെല്‍സി വന്‍ മാര്‍ജിനില്‍ ഗണ്ണേഴ്‌സിനെ പരാജയപ്പെടുത്താനാണ്‌ ഇറങ്ങിയത്‌. അസ്ഥിര പ്രകടനവുമായി തപ്പിതടയുന്ന ഗണ്ണേഴ്‌സിനെ തോല്‍പ്പിക്കുക ഭാരിച്ച ജോലിയല്ലെന്ന്‌ ചെല്‍സി കോച്ച്‌ സ്‌ക്കോളാരി പറയുകയും ചെയ്‌തിരുന്നു. മല്‍സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടില്‍ സെല്‍ഫ്‌ ഗോള്‍ വഴി ചെല്‍സി മുന്നിലെത്തി. പക്ഷേ രണ്ടാം പകുതിയില്‍ അവിശ്വസനീയമായി മാറിയ ആഴ്‌സനലിനായി വാന്‍ പര്‍സി മനോഹരമായ രണ്ട്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു.
ജര്‍മന്‍ ലീഗ്‌: ഇത്തവണ പ്രൊമോഷന്‍ സ്വന്തമാക്കിയ ഹോഫന്‍ഹൈം ജര്‍മന്‍ ബുണ്ടല്‍സ്‌ ലീഗില്‍ അവിശ്വസനീയമായ കുതിപ്പ്‌ തുടരുകയാണ്‌. ഇന്നലെ നടന്ന മല്‍സരത്തിലവര്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ അര്‍മീനിയ ബില്‍ഫെല്‍ഡിനെ തോല്‍പ്പിച്ചു. തുല്യ ശക്തികളായ ബയേണ്‍ മ്യൂണിച്ചും ബയര്‍ ലെവര്‍കൂസണും മുഖാമുഖം വന്നപ്പോള്‍ രണ്ട്‌ ഗോളിന്റെ തകര്‍പ്പന്‍ വിജയവുമായി ബയേണ്‍ കരുത്തുകാട്ടി. ലുക്കാ ടോണി, മിറോസ്ലാവ്‌ ക്ലോസ്‌ എന്നിവരായിരുന്നു ബയേണിന്റെ ഗോളുടമകള്‍. വെര്‍ഡര്‍ ബ്രെഹ്മന്‍ അഞ്ച്‌ ഗോളിന്‌ എന്‍ട്രാക്ടിനെ കീഴ്‌പ്പെടുത്തിയത്‌ ക്ലൗഡിയോ പിസാറോയുടെ ഹാട്രിക്കിലായിരുന്നു. 34 പോയന്റുമായി ഹോഫന്‍ഹൈം തന്നെയാണ്‌ ഇപ്പോഴും ഒന്നാം സ്ഥാനത്ത്‌. 31 പോയന്റുമായി ബയേണ്‍ രണ്ടാമത്‌ നില്‍ക്കുന്നു.
സ്‌പാനിഷ്‌ ലീഗ്‌: ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ 1-3ന്‌ മറിച്ചിട്ട ഗറ്റാഫെ സ്‌പാനിഷ്‌ ലീഗില്‍ മറ്റൊരു ശ്രദ്ധേയമായ വിജയം കൂടി കരസ്ഥമാക്കി. ലയണല്‍ മെസി (2), സാമുവല്‍ ഇറ്റോ (1) എന്നിവരുടെ ഗോളുകളില്‍ ബാര്‍സിലോണ കരുത്തരായ സെവിയയെ മറിച്ചിട്ട ദിനത്തില്‍ തന്നെയാണ്‌ റയലിന്‌ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ കാലിടറിയത്‌. 2002 ലെ ലോകകപ്പില്‍ സെനഗല്‍ ടീമിനെ പരിശീലിപ്പിച്ച്‌ ഖ്യാതി നേടിയ ബെര്‍ഡാണ്‌ ഷൂട്‌സര്‍ എന്ന പരിശീലകന്‌ കീഴില്‍ കളിക്കുന്ന ഗറ്റാഫെ ആദ്യ പകുതിയില്‍ തന്നെ രണ്ട്‌ ഗോളിന്റെ ലീഡ്‌ നേടിയിരുന്നു. പോയന്റ്‌ ടേബിളില്‍ ബാര്‍സ (32), വില്ലാ റയല്‍ (28), വലന്‍സിയ (27) എന്നിവരാണ്‌ ആദ്യ മൂന്ന്‌ സ്ഥാനങ്ങളില്‍.
ഇറ്റാലിയന്‍ ലീഗ്‌: ഇന്റര്‍ മിലാന്‍ ഒന്നാം സ്ഥാനവുമായി ഇറ്റലിയില്‍ കുതിപ്പ്‌ തുടരുകയാണ്‌. കരുത്തരായ നാപ്പോളിയെ 1-2ന്‌ പരാജയപ്പെടുത്തിയ ഇന്ററിന്‌ ഇപ്പോള്‍ ടേബിളില്‍ 33 പോയന്റായി. അതേ സമയം മിലാനിലെ മറ്റൊരു ടീമായ ഏ.സി മിലാന്‌ ആഘാതമേറ്റു. പലെര്‍മോ 3-1ന്‌ ഏ.സി മിലാനെ തരിപ്പണമാക്കി. റെജിനയെ നാല്‌ ഗോളിന്‌ പരാജയപ്പെടുത്തി യുവന്തസ്‌ രണ്ടാം സ്ഥാനത്ത്‌ തുടരുന്നു. ലീഗിന്റെ തുടക്കത്തില്‍ തന്നെ തളര്‍ന്നുപോയ ഏ.എസ്‌ റോമ ഫിയോറന്റീനയെ ഒരു ഗോളിന്‌ പരാജയപ്പെടുത്തി കരകയറി വരുന്നുണ്ട്‌.
ഫ്രഞ്ച്‌ ലീഗ്‌: കരുത്തരായ ലിയോണും മാര്‍സലിയും ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയ ദിനത്തില്‍ റെന്നീസ്‌ ഒരു ഗോളിന്‌ പാരീസ്‌ സെന്റ്‌്‌ ജര്‍മനെ കീഴ്‌പ്പെടുത്തി.

റഫറി മാപ്പ്‌ പറയണമെന്ന്‌ സ്‌ക്കോളാരി
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഞായറാഴ്‌ച്ച രാത്രി ആഴ്‌സനലിനെതിരെ നടന്ന മല്‍സരത്തില്‍ തന്റെ ടീമിനെ പരാജയപ്പെടുത്തിയത്‌ മല്‍സരം നിയന്ത്രിച്ച റഫറി മൈക്‌ ഡീനാണെന്ന്‌ ചെല്‍സി കോച്ച്‌ ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരി. ലീഗില്‍ ഒന്നാം സ്ഥാനത്തുളള ചെല്‍സിയെ 1-2ന്‌ ആഴ്‌സനല്‍ പരാജയപ്പെടുത്തിയിരുന്നു. ആഴ്‌സനലിനായി രണ്ട്‌ ഗോളുകളും സ്‌ക്കോര്‍ ചെയ്‌തത്‌ ഡച്ചുകാരനായ മുന്‍നിരക്കാരന്‍ വാന്‍ പര്‍സിയായിരുന്നു. വാന്‍ പര്‍സി കരസ്ഥമാക്കിയ ആദ്യ ഗോള്‍ ഓഫ്‌ സൈഡായിരുന്നുവെന്നാണ്‌ സ്‌്‌ക്കോളാരി വാദിക്കുന്നത്‌. മല്‍സരത്തിന്റെ ടെലിവിഷന്‍ റിപ്ലേകള്‍ കണ്ടാല്‍ ഈ കാര്യം വ്യക്തമാവും. ടെലിവിഷന്‍ റിപ്ലേകള്‍ ദര്‍ശിച്ച ശേഷമെങ്കിലും റഫറി മാപ്പ്‌ പറയണമെന്നാണ്‌ ബ്രസീലുകാരനായ കോച്ച്‌ ആവശ്യപ്പെടുന്നത്‌. സ്റ്റാഫോര്‍ഡ്‌ ബ്രിഡ്‌ജില്‍ തന്റെ ടീം തോറ്റത്‌ താരങ്ങള്‍ മോശമായി കളിച്ചത്‌ കൊണ്ടല്ല മറിച്ച്‌ മാച്ച്‌ ഒഫീഷ്യല്‍സിന്റെ തെറ്റുകളില്‍ നിന്നാണെന്ന്‌ അദ്ദേഹം കൂട്ടിചേര്‍ത്തു.

സംസ്ഥാന വോളിക്ക്‌ തുടക്കം
നാദാപുരം: മുപ്പത്തിയെട്ടാമത്‌ സംസ്ഥാന വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്‌ വര്‍ണ്ണശബളമായ തുടക്കം. അഡ്വ.പി സതീദേവി എം.പി മേള ഉദ്‌ഘാടനം ചെയ്‌തു. കാസര്‍ക്കോടും കണ്ണൂരും തമ്മിലുളള ആദ്യ മല്‍സരം ആസ്വദിക്കാന്‍ ഗ്യാലറി നിറയെ ആരാധകരായിരുന്നു. നെല്ലിയേരി ബാലന്‍, വയലോളി അബ്ദുള്ള, കെ. ചന്ദ്രശേഖരന്‍, പി.രാജീവന്‍, ബംഗ്ലത്ത്‌ മുഹമ്മദ്‌, ആവോലം രാധാകൃഷ്‌ണന്‍, ഇ.പി കുമാരന്‍, കെ.ജി ലത്തീഫ്‌, പി.ബി കുഞ്ഞബ്ദുല്ല ഹാജി, കെ.എം സമീര്‍ സംസാരിച്ചു. പോള്‍ പി ജോണ്‍, വിശ്വനാഥ കുറുപ്പ്‌ എന്നിവര്‍ പതാകകള്‍ ഉയര്‍ത്തി.

ടെസ്റ്റ്‌ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്ക രണ്ടാമത്‌
ദുബായ്‌: ഐ.സി.സി ടെസ്റ്റ്‌ റാങ്കിംഗില്‍ ഗ്രയീം സ്‌മിത്തിന്റെ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ നിന്നും രണ്ടാം സ്ഥാനം പിടിച്ചെടുത്തു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 2-0 ത്തിന്റെ വിജയം കരസ്ഥമാക്കിയത്‌ വഴി ഇന്ത്യ ദക്ഷിണാഫ്രിക്കയെ പിറകിലാക്കി ടെസ്‌റ്റ്‌ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്‌ വന്നിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ട്‌ ടെസ്റ്റിലും ഇന്നിംഗ്‌സ്‌ വിജയം കരസ്ഥമാക്കിയതോടെ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത്‌ തിരിച്ചെത്തുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ രണ്ട്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരയില്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയതോടെ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്‌. കിവീസ്‌ വിന്‍ഡീസിനും പിറകില്‍ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

No comments: