Monday, December 29, 2008

ഓസീസ്‌ കിതപ്പ്‌

ഓസീസ്‌ കിതപ്പ്‌
മെല്‍ബണ്‍: ലോകത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സികളായ റൂയിട്ടേഴ്‌സും, ഏജന്‍സ്‌ ഫ്രാന്‍സി പ്രസ്സീയും (ഏ.എഫ്‌.പി), അസോസിയേറ്റഡ്‌ പ്രസ്സും (ഏ.പി) ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുമായി സമരം പ്രഖ്യാപിച്ച്‌ ടെസ്റ്റ്‌ പരമ്പര റിപ്പോര്‍ട്ട്‌ ചെയ്യാത്തത്‌ റിക്കി പോണ്ടിംഗിന്റെയും സംഘത്തിന്റെയും ഭാഗ്യം. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും തോല്‍വി മുഖത്താണ്‌ കങ്കാരുക്കള്‍. മല്‍സര റിപ്പോര്‍ട്ടിംഗിന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ വലിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ്‌ പ്രമുഖ വാര്‍ത്താ ഏജന്‍സികള്‍ പരമ്പര ബഹിഷ്‌കരിക്കുന്നത്‌. 2008-09 ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന മുഴുവന്‍ മല്‍സരങ്ങളും ബഹിഷ്‌കരിക്കാനാണ്‌ ഇവരുടെ തീരുമാനം. ബഹിഷ്‌ക്കരണ തീരുമാനം മൂലം മല്‍സരത്തിന്റെ ചിത്രങ്ങള്‍ ലഭ്യമല്ല. ഓസീസ്‌ ക്രിക്കറ്റിന്റെ ദയനീയ ചിത്രങ്ങള്‍ അല്ലെങ്കില്‍ ലോകത്തിന്‌ കാണാമായിരുന്നു.
ബഹിഷ്‌ക്കരണ തീരുമാനത്തോടെ വിവാദമായ ടെസ്‌റ്റ്‌ പരമ്പരയിലെ രണ്ടാം മല്‍സരത്തിലും ഓസ്‌ട്രേലിയയെ രക്ഷിക്കാന്‍ തല്‍ക്കാലം ആര്‍ക്കും കഴിയാത്ത സാഹചര്യമാണ്‌. പെര്‍ത്തില്‍ നടന്ന ഒന്നാം ടെസ്‌റ്റില്‍ ഓസ്‌ട്രേലിയ നല്‍കിയ 414 റണ്‍സിന്റെ വിജലക്ഷ്യം പിന്നിടുന്നതില്‍ വിജയിച്ച ദക്ഷിണാഫ്രിക്കക്ക്‌്‌ ഇന്ന്‌ എം.സി.ജിയില്‍ മറ്റൊരു അവിസ്‌മരണീയ ജയത്തിന്‌ ആവശ്യമുളളത്‌ കേവലം 183 റണ്‍സാണ്‌. ഒരു ദിവസവും പത്ത്‌ വിക്കറ്റും കൈവശമുണ്ട്‌. നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 247 ല്‍ അവസാനിപ്പിച്ച സന്ദര്‍ശകര്‍ വിക്കറ്റ്‌്‌ നഷ്ടമില്ലാതെ 30 റണ്‍സ്‌ നേടിയിട്ടുണ്ട്‌.
ഒന്നാം ഇന്നിംഗ്‌സില്‍ നായകന്‍ പോണ്ടിംഗിന്റെ വ്യക്തിഗത മികവില്‍ ശരാശരി സ്‌ക്കോര്‍ സമ്പാദിച്ച ഓസ്‌ട്രേലിയക്ക്‌ മറുപടിയായി മധ്യനിരക്കാരന്‍ ഡുമിനിയുടെ വീരോചിത ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക ലീഡ്‌ നേടിയിരുന്നു. വിക്കറ്റ്‌ നഷ്ടമാവാതെ നാല്‌ റണ്‍സ്‌ എന്ന നിലയില്‍ ഇന്നലെ രാവിലെ രണ്ടാം ഇന്നിംഗ്‌സ്‌ പുനരാരംഭിച്ച ഓസ്‌ട്രേലിയ നാടകീയമായി തകര്‍ന്നടിയുകയായിരുന്നു. സെഞ്ച്വറിക്ക്‌ ഒരു റണ്‍ അരികെ പുറത്തായ പോണ്ടിംഗിന്റെ ഇന്നിംഗ്‌സ്‌ മാറ്റി നിര്‍ത്തിയാല്‍ ലോക ചാമ്പ്യന്മാര്‍ക്ക്‌ ഓര്‍മ്മിക്കാന്‍ രണ്ടാം ഇന്നിംഗ്‌സിലും ഒന്നുമുണ്ടായിരുന്നില്ല. 67 റണ്‍സ്‌ മാത്രം നല്‍കി അഞ്ച്‌ ഓസീ വിക്കറ്റുകള്‍ കൊയ്‌ത ഫാസ്‌റ്റ്‌ ബൗളര്‍ ഡാലെ സ്‌റ്റെനിന്‌ മുന്നില്‍ പോണ്ടിംഗ്‌ ഒഴികെ ആര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല. മനോഹരമായ ഇന്നിംഗ്‌സായിരുന്നു പോണ്ടിംഗിന്റേത്‌. ഒരു ടെസ്‌റ്റിലെ രണ്ട്‌ ഇന്നിംഗ്‌സിലും നാല്‌ തവണ സെഞ്ച്വറി നേടുന്ന ടെസ്‌റ്റ്‌ ക്രിക്കറ്റിലെ ആദ്യ ബാറ്റ്‌സ്‌മാന്‍ എന്ന ഖ്യാതിക്ക്‌ തൊട്ടരികില്‍ പോണ്ടിംഗ്‌ പുറത്തായതോടെ ചിത്രം പൂര്‍ണ്ണമാവുകയായിരുന്നു.
ഇന്ത്യക്കെതിരായ പരമ്പരയില്‍ തകര്‍ന്ന ഓസ്‌ട്രേലിയ ഈ പരമ്പരയിലും ലക്ഷ്യമില്ലാത്തവരെ പോലെയാണ്‌ കളിക്കുന്നത്‌. പെര്‍ത്തില്‍ വലിയ ടോട്ടല്‍ വിജയകരമായി ചേസ്‌ ചെയ്യാന്‍ ദക്ഷിണാഫ്രിക്കക്ക്‌ കഴിഞ്ഞത്‌ ഓസ്‌ട്രേലിയക്ക്‌ വ്യക്തമായ ഗെയിം പ്ലാന്‍ ഇല്ലാത്തത്‌ മൂലമായിരുന്നു. മെല്‍ബണിലെ ഒന്നാം ഇന്നിംഗ്‌സില്‍ വലിയ സ്‌ക്കോര്‍ നേടിയ ശേഷം ദക്ഷിണാഫ്രിക്കയുടെ ഏഴ്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നേടാനായിട്ടും അവരെ പിടിച്ചുകെട്ടാന്‍ പോണ്ടിംഗിന്‌ കഴിഞ്ഞില്ല. ഡുമിനി എന്ന പുതിയ താരം വലിയ ഇന്നിംഗ്‌സ്‌ കളിച്ചപ്പോള്‍ അദ്ദേഹത്തിന്‌ കൂട്ടായി ഒമ്പതാം വിക്കറ്റില്‍ റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌ ബാറ്റിംഗ്‌ വശമില്ലാത്ത സ്‌റ്റെനായിരുന്നു.
മാത്യൂ ഹെയ്‌ഡന്റെ ശനിദശ അകലുന്നില്ല. ഇന്നലെ തുടക്കത്തില്‍ തന്നെ അദ്ദേഹം സ്‌റ്റെനിന്റെ പന്തില്‍ രണ്ട്‌ ബൗണ്ടറികള്‍ പായിച്ചു. അതേ ഓവറില്‍ മറ്റൊരു ഡ്രൈവിന്‌ ശ്രമിച്ച്‌ ഷോര്‍ട്ട്‌ എക്‌സ്‌ട്രാ കവറില്‍ ക്യാച്ച്‌ നല്‍കി മടങ്ങി. അടുത്ത ഓവറില്‍ സ്‌റ്റെന്‍ വീണ്ടും കരുത്ത്‌ കാട്ടി. വൈഡ്‌ പന്തില്‍ ബാറ്റ്‌ വെച്ച കാറ്റിച്ച്‌ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍ക്ക്‌ പിടി നല്‍കി. തപ്പിതടയുന്ന മൈക്‌ ഹസ്സിയെ അമ്പയര്‍ അലീം ദര്‍ നിഷ്‌കരുണം പുറത്താക്കി. മോര്‍നെ മോര്‍ക്കലിന്റെ ലിഫ്‌ടിംഗ്‌ ഡെലിവറിയില്‍ നിന്നും രക്ഷപ്പെടാനുളള ശ്രമത്തില്‍ ഹസ്സിയുടെ ഹെല്‍മറ്റില്‍ പന്ത്‌ തട്ടി. വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍ പന്ത്‌ പിടികൂടിയ ഉടന്‍ അലീം ദര്‍ വിരലുയര്‍ത്തി. ഈ പരമ്പരയില്‍ ഇത്‌ വരെ കളിച്ച നാല്‌ ഇന്നിംഗ്‌സുകളില്‍ നിന്നായി കേവലം പത്ത്‌ റണ്‍സാണ്‌ ഹസിക്ക്‌ നേടാനായത്‌.
പോണ്ടിംഗിനൊപ്പം മൈക്കല്‍ ക്ലാര്‍ക്ക്‌ വന്നപ്പോഴാണ്‌ സ്‌ക്കോര്‍ബോര്‍ഡില്‍ ചലനമുണ്ടായത്‌. പോണ്ടിംഗ്‌ സമ്മര്‍ദ്ദമില്ലാതെയാണ്‌ കളിച്ചത്‌. പതിവ്‌ ശൈലിയിലുളള കട്ടുകള്‍, ഫ്‌ളിക്കുകള്‍, ഡ്രൈവുകള്‍. ക്ലാര്‍ക്കാവട്ടെ സാഹസത്തിന്‌ മുതിരാതെ നായകന്‌ പിന്തുണ നല്‍കി. 96 റണ്‍സിന്റെ ഈ സഖ്യത്തിന്‌ സ്‌റ്റെന്‍ അന്ത്യമിട്ടു. അതിവേഗതയുളള ഡെലിവറിക്ക്‌ മുന്നില്‍ ബാറ്റ്‌ വെച്ച വൈസ്‌ ക്യാപ്‌റ്റന്‍ കവറില്‍ പിടി നല്‍കി. അതേ ഓവറില്‍ ആന്‍ഡ്ര്യൂ സൈമണ്ട്‌സിനെയും സ്‌റ്റെന്‍ മടക്കി.
അഞ്ച്‌ വിക്കറ്റ്‌ മാത്രം ശേഷിക്കെ അപ്പോള്‍ കേവലം 80 റണ്‍സിന്റെ ലീഡ്‌ മാത്രമായിരുന്നു ഓസീസിന്‌ അപ്പോള്‍. സ്‌പിന്നര്‍ പോള്‍ ഹാരിസിനെ ക്രീസ്‌്‌ വിട്ട്‌ ശിക്ഷിച്ച്‌ സിക്‌സര്‍ പായിച്ച ബ്രാഡ്‌ ഹാദ്ദിന്‌ പക്ഷേ ആയുസ്സ്‌ കുറവായിരുന്നു. മക്കായ എന്‍ടിനിയുടെ പന്തില്‍ പുറത്താവുമ്പോള്‍ ഹാദ്ദിന്‍ നേടിയത്‌ പത്ത്‌ റണ്‍. ചായക്ക്‌ തൊട്ട്‌ മുമ്പുളള ഓവറില്‍ ജാക്‌ കാലിസ്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ തന്റെ 250-ാമത്‌ ഇരയായി ബ്രെട്ട്‌ ലീയെ പുറത്താക്കി.
സെഞ്ച്വറിയിലേക്കുളള യാത്രയില്‍ മിച്ചല്‍ ജോണ്‍സണെ കൂട്ടുപിടിച്ച്‌ പോണ്ടിംഗ്‌ പൊരുതിയ 90 കളില്‍ അദ്ദേഹം നാല്‍പ്പത്‌ പന്തുകള്‍ നേരിട്ടു. 99 നില്‍ക്കെ സ്ലിപ്പില്‍ ഒരാളെ മാത്രം നിര്‍ത്തി ഗ്രയീം സ്‌മിത്ത്‌ ഷോട്ട്‌ കവറിലേക്ക്‌ മാറി. അടുത്ത പന്ത്‌ പോണ്ടിംഗ്‌ സ്‌മിത്തിന്റെ കരങ്ങളിലേക്ക്‌ നല്‍കി. പോണ്ടിംഗ്‌ പുറത്താവുമ്പോള്‍ ടീമിന്റെ ലീഡ്‌ 147 റണ്‍സായിരുന്നു. മിച്ചല്‍ ജോണ്‍സണ്‍ ചില മിന്നല്‍ ഷോട്ടുകളിലൂടെ ലീഡ്‌ ഉയര്‍ത്തി. സ്‌റ്റെന്‍ തിരിച്ചുവന്നതോടെ ഓസ്‌ട്രേലിയയുടെ അവസാന ബാറ്റ്‌സ്‌മാന്‍ പീറ്റര്‍ സിഡില്‍ കൂടാരം കയറി. 29-ാമത്‌ ടെസ്റ്റ്‌ കളിക്കുന്ന സ്റ്റെന്റെ നൂറ്റിയമ്പതാമത്‌ ഇരയായിരുന്നു സിഡില്‍.
വലിയ സമ്മര്‍ദ്ദത്തില്‍ ഫീല്‍ഡിംഗിനിറങ്ങിയ ഓസീസ്‌ നായകന്‍ കാലിന്‌ പുരുക്കുണ്ടായിട്ടും പുതിയ പന്ത്‌ നല്‍കിയത്‌ ബ്രെട്ട്‌ ലീക്കായിരുന്നു. പക്ഷേ അതിവേഗക്കാരന്റെ ആദ്യ പന്ത്‌ തന്നെ ഗ്രയീം സ്‌മിത്ത്‌ അതിര്‍ത്തി കടത്തി. സിഡിലിന്റെ ആദ്യ ഓവറില്‍ രണ്ട്‌ തവണ സ്‌മിത്ത്‌ പന്തിനെ അതിര്‍ത്തി കടത്തി. ലീയുടെ അടുത്ത ഓവറില്‍ നീല്‍ മക്കന്‍സിയുടെ മിഡില്‍ സ്‌റ്റംമ്പ്‌ തെറിച്ചു. പക്ഷേ അമ്പയര്‍ ബില്ലി ഡോക്ടറോവിന്റെ തീരുമാനം ഓസ്‌ട്രേലിയക്ക്‌ ആഘാതമായി. ലീ എറിഞ്ഞത്‌ നോ ബോളായിരുന്നു.

ജയിക്കുമെന്ന്‌ റിക്കി
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയും വിജയവും പരമ്പര നേട്ടവും തമ്മില്‍ ഇനി 183 റണ്‍സിന്റെ അകലം മാത്രമാണുള്ളത്‌. പക്ഷേ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ റിക്കി പോണ്ടിംഗ്‌ ആത്മവിശ്വാസത്തിലാണ്‌. എം.സി.ജിയില്‍ ഇന്നത്തെ അവസാന ദിനത്തില്‍ തന്റെ ടീം വിജയിക്കുമെന്നാണ്‌ പോണ്ടിംഗ്‌ പറയുന്നത്‌. ദക്ഷിണാഫ്രിക്കയുടെ പത്ത്‌ വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ പ്രയാസമില്ലെന്നാണ്‌ പോണ്ടിംഗ്‌ പറഞ്ഞിരിക്കുന്നത്‌. അവര്‍ക്കെതിരെ വിക്കറ്റുകള്‍ നേടാന്‍ കഴിയുമ്പോള്‍ അത്‌ പെട്ടെന്ന്‌ തന്നെയാവാറുണ്ട്‌. അതിനാല്‍ ഭയമില്ല. ഇന്ന്‌്‌ അവസാന ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിക്കാനാവുമെന്നും അദ്ദേഹം കരുതുന്നു. ആദ്യ മൂന്നോ നാലോ വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നേടാനാവണം. പിന്നെ അല്‍പ്പം ഭാഗ്യവും വേണം. കാലിലെ വേദനയുണ്ടെങ്കിലും ബ്രെട്ട്‌ ലീ ഇന്നും പന്തെറിയുമെന്ന്‌ പോണ്ടിംഗ്‌ പറഞ്ഞു.

സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ 394. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്‌ 459. ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍-സി-ഡുമിനി-ബി-സ്‌റ്റെന്‍-23, കാറ്റിച്ച്‌-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-15, പോണ്ടിംഗ്‌-സി-സ്‌മിത്ത്‌-ബി-മോര്‍ക്കല്‍-99, ഹസ്സി-സി-അംല-ബി-മോര്‍ക്കല്‍-2, ക്ലാര്‍ക്ക്‌-സി-മക്കന്‍സി-ബി-സ്‌റ്റെന്‍-29, സൈമണ്ട്‌സ്‌-സി-കാലിസ്‌-ബി-സ്‌റ്റെന്‍-0, ഹാദ്ദിന്‍-സി-കാലിസ്‌-ബി-എന്‍ടിനി-10, ലീ-ബി-കാലിസ്‌-8, മിച്ചല്‍-നോട്ടൗട്ട്‌-43, ഹൗറിറ്റ്‌സ്‌-ബി-കാലിസ്‌-3, സിഡില്‍-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-6, എക്‌സ്‌ട്രാസ്‌-, ആകെ 84.2 ഓവറില്‍ 247. വിക്കറ്റ്‌ പതനം: 1-37 (ഹെയ്‌ഡന്‍), 2-40 (കാറ്റിച്ച്‌), 3-49 (ഹസി), 4-145 (ക്ലാര്‍ക്ക്‌), 5-145 (സൈമണ്ട്‌സ്‌), 6-165 (ഹാദ്ദിന്‍), 7-180 (ലീ), 8-212 (പോണ്ടിംഗ്‌), 9-231 (ഹൗറിറ്റ്‌സ്‌), 10-247 (സിഡില്‍). ബൗളിംഗ്‌: സ്‌റ്റെന്‍ 20.2-3-67-5, എന്‍ടിനി 14-1-26-1, മോര്‍ക്കല്‍ 15-2-46-2, ഹാരീസ്‌ 21-1-47-0, കാലിസ്‌ 14-1-57-2.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ്‌: സ്‌മിത്ത്‌-നോട്ടൗട്ട്‌-25, മക്കന്‍സി-നോട്ടൗട്ട്‌-3. ആകെ ആറ്‌ ഓവറില്‍ 30 റണ്‍സ്‌. ബൗളിംഗ്‌: ലീ 3-0-17-0, സിഡില്‍ 3-1-13-0.

ഡയറി
ലോക ഫുട്‌ബോള്‍ പതിവ്‌ പോലെ കുതിപ്പിന്റെ പാതയിലാണ്‌. യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനല്‍ റൗണ്ടിലും ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങളും ആവേശം വിതറിയ വര്‍ഷത്തില്‍ ലോക ഫിഫ സീഡിംഗിലും കാര്യമായ മാറ്റങ്ങള്‍ വന്നു. യൂറോപ്പില്‍ എല്ലാവരെയും മറിച്ചിട്ട്‌ കിരീടം സ്വന്തമാക്കിയ സ്‌പെയിനാണ്‌ ഇപ്പോള്‍ ഒന്നാമന്മാര്‍. ബ്രസീലും അര്‍ജന്റീനയും ലോക ചാമ്പ്യന്മാരായ ഇറ്റലിയും ഫ്രാന്‍സുമെല്ലാം സ്‌പെയിനിന്‌ പിറകില്‍ നില്‍ക്കുന്നു. 2008 ലെ സോക്കര്‍ ടീം ആരെന്ന ചോദ്യത്തിന്‌ കാളപ്പോരിന്റെ നാട്ടുകാരല്ലാതെ മറ്റൊരു ഉത്തരമില്ല. യുവതാരങ്ങളുടെ കരുത്തില്‍ എല്ലാ കണക്ക്‌ക്കൂട്ടലുകളും തെറ്റിച്ചാണ്‌ സ്‌പെയിന്‍ മുന്നേറിയത്‌. ഓസ്‌ട്രേലിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്‌ എന്നിവിടങ്ങളിലായി നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗല്‍, ജര്‍മനി തുടങ്ങിയ പ്രബലര്‍ക്കായിരുന്നു സാധ്യതകള്‍ കല്‍പ്പിച്ചിരുന്നത്‌. സ്‌പെയിന്‍ ആദ്യ മല്‍സരം മുതല്‍ അസാമാന്യ ടീം സ്‌പിരിറ്റ്‌ പ്രകടിപ്പിച്ചപ്പോള്‍ ഡേവിഡ്‌ വില്ലയും ഫാബ്രിഗസുമെല്ലാം കളം നിറഞ്ഞു. ലോക സോക്കറിന്റെ വിലാസമായ ബ്രസീലിന്‌ സ്വന്തം ഖ്യാതി നിലനിര്‍ത്താന്‍ പലപ്പോഴുമായില്ല. ഡുംഗെ എന്ന മുന്‍താരത്തിന്‌ കീഴില്‍ തോല്‍വികള്‍ മാത്രമായിരുന്നു ടീമിന്‌ കൂട്ട്‌. ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ റൗണ്ടില്‍ പോലും ടീമിന്‌ സ്ഥിരത പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല. അര്‍ജന്റീനയും തപ്പിതടയുകയാണ്‌. യോഗ്യതാ റൗണ്ടില്‍ അവര്‍ ബ്രസീലിനും പിറകില്‍ നില്‍ക്കുന്നു. പുതിയ കോച്ചായി ഡീഗോ മറഡോണയെ നിയമിച്ചത്‌ ഗുണം ചെയ്യുമോ എന്ന്‌ കണ്ടറിയണം. ഇറ്റലിക്ക്‌ ലോക ചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം നടത്താനായില്ല. ഫ്രാന്‍സാവട്ടെ തോല്‍വികള്‍ മാത്രമാണ്‌ സമ്പാദിച്ചത്‌.
യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ സോക്കറില്‍ മുത്തമിട്ട മാഞ്ചസ്‌റ്റര്‍ യുനൈറ്റഡായിരുന്നു 2008 ലെ ക്ലബ്‌. പ്രീമിയര്‍ ലീഗിലും അവര്‍ ഒന്നാമന്മാരായി. പോര്‍ച്ചുഗലുകാരന്‍ കൃസ്‌റ്റിയാനോ റൊണാള്‍ഡോയുടെ മികവിലായിരുന്നു നേട്ടങ്ങളെല്ലാം. വന്‍കരയിലെ മികച്ച താരമായി റൊണാള്‍ഡോ തെരഞ്ഞെടക്കപ്പെടുകയും ചെയ്‌തു. സ്‌പാനിഷ്‌ ലീഗില്‍ റയലും ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാനും ഒന്നാമന്മാരായി. പക്ഷേ പുതിയ സീസണില്‍ മാഞ്ചസ്‌റ്ററും റയലും ഇന്ററുമെല്ലാം തപ്പിതടയുകയാണ്‌.
ഏഷ്യയില്‍ ലോകകപ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍ അന്തിമഘട്ടത്തില്‍ നില്‍ക്കുന്നു. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരാണ്‌ 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കാന്‍ സാധ്യതയുളളത്‌. ഓഷ്യാന വിട്ട്‌ ഏഷ്യയിലേക്ക്‌ ചേക്കേറാന്‍ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്‌ ലോകകപ്പ്‌ സാധ്യത തന്നെയാണ്‌.
ഇന്ത്യന്‍ ഫുട്‌ബോളിന്‌ 2008 നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്‌. നെഹ്‌റു കപ്പില്‍ ഇന്ത്യ ആദ്യമായി കിരീടം നേടിയതിനൊപ്പം ഏ.എഫ്‌.സി ഫുട്‌ബോളില്‍ ഇതാദ്യമായി ഒരു ഇന്ത്യന്‍ ടീം സെമി ഫൈനല്‍ വരെ കളിച്ചു. ഡെംപോ ഗോവയാണ്‌ ഏഷ്യയിലെ പ്രധാന ക്ലബുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സെമി കളിച്ചത്‌. ഐ ലീഗും ഫെഡറേഷന്‍ കപ്പും സന്തോഷ്‌ ട്രോഫിയുമെല്ലാം മുറക്ക്‌ നടന്നെങ്കിലും ഇന്ത്യയില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന്‌ വ്യക്തമായത്‌ മറഡോണയുടെ കൊല്‍ക്കത്താ സന്ദര്‍ശനത്തിലായിരുന്നു. ആയിരങ്ങളാണ്‌ അര്‍ജന്റീനിയന്‍ ഇതിഹാസത്തെ കാണാന്‍ എത്തിയത്‌. കേരളാ ഫുട്‌ബോള്‍ പതിവ്‌ ശയനത്തില്‍ തന്നെ. സംസ്ഥാനത്ത്‌ അല്‍പ്പം ഉണര്‍വുണ്ടാവാറുള്ളത്‌ കോഴിക്കോട്‌ ജില്ലാ ഫുട്‌ബോളിനായിരുന്നു. ഇപ്പോള്‍ ഒളിംപ്യന്‍ റഹ്‌മാന്റെ നാട്ടിലും പന്തിന്‌ വിശ്രമമാണ്‌. റഹ്‌മാന്‍ക്കയുടെ സ്വന്തം ടീമായ യൂനിവേഴ്‌സല്‍ കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ ഫൂട്‌സാലില്‍ കിരീടം നേടിയത്‌ മാത്രമാണ്‌ ആശ്വാസ വാര്‍ത്ത.

സംസ്ഥാന ടെക്‌നിക്കല്‍ മീറ്റ്‌
കുറ്റിപ്പുറത്ത്‌
മലപ്പുറം: 26-ാമത്‌ സംസ്ഥാന ടെക്‌നിക്കല്‍ അത്‌ലറ്റിക്‌ മീറ്റ്‌ ജനുവരി 1,2,3 തിയ്യതികളില്‍ കുറ്റിപ്പുറം ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടക്കും. 39 ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളുകളും ഒമ്പത്‌ ഐ.എച്ച്‌. ആര്‍.ഡി സ്‌ക്കൂളുകളില്‍ നിന്നുമായി അഞ്ഞൂറിലധികം താരങ്ങള്‍ പങ്കെടുക്കും.

ജെറാര്‍ഡിനെ അറസ്റ്റ്‌ ചെയ്‌തു
ലണ്ടന്‍:ഇംഗ്ലീഷ്‌ മീഡ്‌ഫീല്‍ഡറും പ്രീമിയര്‍ ലീഗില്‍ മുന്നിട്ട്‌ നില്‍ക്കുന്ന ലിവര്‍പൂള്‍ ടീമിന്റെ നായകനുമായ സ്‌റ്റീവന്‍ ജെറാര്‍ഡിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഹോട്ടലില്‍ ബഹളം വെച്ചതിനാണ്‌ അറസ്‌റ്റ്‌. ജെറാര്‍ഡിനൊപ്പം മറ്റ്‌ ആറ്‌ പേരെയും പിടികൂടിയിട്ടുണ്ട്‌. ജെറാര്‍ഡിനെ വിട്ടയച്ചെങ്കിലും ആറ്‌ പേര്‍ ഇപ്പോഴും പോലീസ്‌ കസ്‌റ്റഡിയിലാണ്‌. ജെറാര്‍ഡ്‌ അടക്കമുളളവര്‍ ഹോട്ടലില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന്‌ ഹോട്ടലുട
മകള്‍ പോലീസിനെ വിളിക്കുകയായിരുന്നു. സംഭവത്തില്‍ മുപ്പത്തിനാലുകാരനായ ഒരാളെ മുഖത്ത്‌ പരുക്കേറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. ജെറാര്‍ഡിന്റെ പേരിലുളള കുറ്റം വ്യക്തമല്ല. ഇത്‌ സംബന്ധിച്ച്‌ എന്തെങ്കിലും വിശദീകരണം ലിവര്‍പൂള്‍ നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന പ്രീമിയര്‍ ലീഗ്‌ പോരാട്ടത്തില്‍ ലിവര്‍പൂള്‍ 5-1ന്‌ ന്യൂകാസില്‍ യുനൈറ്റഡിനെ തരിപ്പണമാക്കിയിരുന്നു. ഈ മല്‍സരത്തില്‍ രണ്ട്‌ ഗോളുകള്‍ ക്യാപ്‌റ്റന്റെ പേരിലായിരുന്നു.
തിരിച്ചുവരവ്‌
ലണ്ടന്‍: മൈക്കല്‍ വോന്‍ ഇംഗ്ലീഷ്‌ ടെസ്‌റ്റ്‌ ടീമിലേക്ക്‌ തിരിച്ചുവരുമെന്ന വാര്‍ത്തകള്‍ക്ക്‌ വിരാമം. അടുത്ത മാസം നടക്കുന്ന ഇംഗ്ലീഷ്‌ ടീമിന്റെ വിന്‍ഡീസ്‌ പര്യടന സംഘത്തില്‍ മുന്‍ നായകനുമുണ്ടാവുമെന്ന്‌ കരുതിയെങ്കിലും ഇന്നലെ പ്രഖ്യാപിച്ച 16 അംഗ സംഘത്തില്‍ അദ്ദേഹമില്ല. കഴിഞ്ഞ ഓഗസ്‌റ്റില്‍ ക്യാപ്‌റ്റന്‍സി വിട്ട ശേഷം മല്‍സര രംഗത്ത്‌ സജീവമല്ലാതിരുന്ന വോന്‌ ബാറ്റിംഗ്‌ ഓര്‍ഡറിലെ മൂന്നാം നമ്പര്‍ സ്ഥാനം നല്‍കാനായിരുന്നു ധാരണ. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഇംഗ്ലണ്ട്‌ തോല്‍വി രുചിച്ചത്‌ ബാറ്റിംഗില്‍ പറ്റിയ പാളിച്ചകളാലിയരുന്നു. നിര്‍ണ്ണായകമായ മൂന്നാം നമ്പര്‍ പൊസിഷനില്‍ വിശ്വസ്‌തരില്ലാത്തതാണ്‌ ടീമിനെ ബാധിച്ചത്‌. വിന്‍ഡീസിനെതിരെ വലിയ പരമ്പരയായതിനാല്‍ മൂന്നാം നമ്പറില്‍ വിശ്വസ്‌തനായ വോനെ കളിപ്പിക്കുമെന്നാണ്‌ കരുതപ്പെട്ടത്‌. പരുക്ക്‌ കാരണം ഇന്ത്യന്‍ പര്യടനത്തില്‍ കളിക്കാന്‍ കഴിയാതിരുന്ന സീമര്‍ റ്യാന്‍
സൈഡ്‌ ബോട്ടം ടീമിലുണ്ട്‌.

No comments: